ജീവിതത്തില്‍ ഉണര്‍ന്നിരിക്കാന്‍ മരണത്തിന്റെ ഓര്‍മകള്‍
- തസ്‌കിയ -
അബ്‌ദുല്‍അലി മദനി
ആര്‍ക്കും തോല്‌പിക്കാനോ ഇടപെടാനോ കഴിയാത്ത രണ്ടു പ്രതിഭാസങ്ങളാണ് ജനനവും മരണവും. ഇവ രണ്ടും അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പക്ഷെ, എല്ലാവരും ജനനത്തെക്കാള്‍ മരണത്തെ അനിഷ്‌ടകരമായി കാണുന്നു. ജനനവീടും മരണവീടും രണ്ടുതരം അനുഭവങ്ങളാണ് പങ്കിടുന്നത്. `ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുകയെന്നത് ദൈവികനിശ്ചയങ്ങളില്‍ പെട്ടതാണെ'ന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. (വി.ഖു 53:43)
കവികളും ദാര്‍ശനികന്മാരും ഈ രണ്ടു പ്രതിഭാസങ്ങളെപ്പറ്റിയും വാചാലരായിട്ടുണ്ട്. ``നീ പിറവിയെടുക്കുമ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ നിന്റെ ചുറ്റും നില്‌ക്കുന്നവര്‍ ആഹ്ലാദം കൊണ്ടിരുന്നു. നിനക്ക് മരണം സംഭവിക്കുമ്പോള്‍ നിന്റെ ചുറ്റും കൂടി നില്‌ക്കുന്നവരെല്ലാം അട്ടഹസിച്ച് വിലപിക്കുമ്പോള്‍ സന്തുഷ്‌ടനായി മരണം വരിക്കാന്‍ വേണ്ടത് നീ കരുതിവെക്കണം'' -മഹാന്മാരെല്ലാം ഓര്‍മപ്പെടുത്തി.
ഇവിടെ വന്നതുപോലെ തന്നെ മടങ്ങിപ്പോകേണ്ടവരാണ് നാം. നമ്മുടെ അനുമതിയൊന്നും തേടാതെ ഒരു കുഞ്ഞായി ജന്മം കൊണ്ടപ്പോള്‍ സ്വയം കുളിക്കാന്‍, വസ്‌ത്രം ധരിക്കാന്‍, ഭക്ഷണം കഴിക്കാന്‍, അനായാസേന ഒന്നു ചലിക്കാന്‍ കഴിവില്ലാത്തവരായിരുന്നു നാം. മരണപ്പെട്ടാലും ഇതു തന്നെയാണവസ്ഥ. നമ്മെ മറ്റു പലരുമാണ് കുളിപ്പിക്കുക. അവര്‍ എളുപ്പം ചെയ്യാവുന്ന ഒരു ചുറ്റിപ്പുതക്കല്‍ നടത്തുന്നു. ജീവനുണ്ടായിരുന്നപ്പോള്‍ ഈ വിധം വരിഞ്ഞുമുറുക്കുന്ന പുതപ്പിക്കലുകളൊന്നും നമുക്കിഷ്‌ടമായിരുന്നില്ല. പിന്നീടവര്‍ ശവമഞ്ചത്തില്‍ ജഡം കിടത്തി മഖ്‌ബറയിലേക്ക് നീങ്ങുന്നു. സാധാരണ ശയനമുറികളില്‍ ഒരുക്കിവെക്കുന്ന മനോഹരമായ കട്ടിലുകളില്‍ പെട്ടതല്ലാത്തതിനാല്‍ ഇതിന് `നഅ്‌ശ്' (മയ്യിത്തുകട്ടില്‍) എന്നാണ് അറബിയില്‍ പറയുക.
ഒട്ടനേകം പേര്‍ ഇതെല്ലാം അനുഭവിച്ചു. ഈ ഭൂമി അതിനെല്ലാം സാക്ഷിയായി. മരിച്ചവരെയും ജീവിക്കുന്നവരെയും ഭൂമി ഉള്‍ക്കൊള്ളുന്നു. മറമാടപ്പെട്ട ജഡങ്ങളെയെല്ലാം ദ്രവിപ്പിക്കുന്നു. ``ഭൂമിയെ നാം മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും ഉള്‍ക്കൊള്ളുന്നതാക്കിയിട്ടില്ലേ?'' എന്ന് ഖുര്‍ആന്‍ (77:25,26) ചോദിക്കുന്നുണ്ട്. മരണം നിശ്ചയിച്ചവനാരാണോ അവനെ ഒരാള്‍ക്കും പരാജയപ്പെടുത്താനാവില്ലെന്നു തന്നെയാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
ഇഹലോക ജീവിതത്തെക്കാള്‍ മരണത്തിനും അനന്തരജീവിതത്തിനും മുന്‍ഗണന നല്‌കണമെന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ഖുര്‍ആന്‍ 67:2-ല്‍ ആദ്യം മരണത്തെയും പിന്നീട് ജീവിതത്തെയും പരാമര്‍ശിച്ചത് ശ്രദ്ധേയമാണ്. നമ്മുടെ കണ്‍മുന്നില്‍ വെച്ച് എത്രയെത്ര ശക്തരും പ്രതാപികളും മഹാന്മാരുമാണ് മരണത്തിനു കീഴൊതുങ്ങിയത്? സദ്‌വൃത്തരും സച്ചരിതരുമായി ജീവിച്ച ദൈവദൂതന്മാര്‍ പോലും അതില്‍ നിന്നൊഴിവായിട്ടില്ലല്ലോ. നാല് വീടുകളിലായി താമസിക്കാന്‍ വിധിക്കപ്പെട്ടവനാണ് മനുഷ്യന്‍ എന്നാണ് ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന്. ഒന്ന്) മാതാവിന്റെ ഗര്‍ഭാശയം. രണ്ട്) ദുനിയാവ്. 3) `ബര്‍സഖ്' അഥവാ ഉയിര്‍ത്തെഴുന്നേല്‌പുവരെ കഴിച്ചുകൂട്ടുന്ന ആത്മാവുകളുടെ ലോകം. നാല്) അനന്തവും ശാശ്വതവുമായ പാരത്രികലോകം.
മാതാവിന്റെ ഗര്‍ഭാശയത്തില്‍ നിന്ന് ഭൂമിലോകത്തേക്ക് വരുന്നതും കാത്ത് കഴിയുന്ന ഗര്‍ഭസ്ഥശിശുവിന് ഭൂമിയില്‍ അഭിമുഖീകരിക്കാനിരിക്കുന്ന സത്യങ്ങളെക്കുറിച്ച് എന്താണ് ഉള്‍ക്കൊള്ളാന്‍ കഴിയുക? ഭൂമിയില്‍ നടന്നതോ നടക്കാനിരിക്കുന്നതോ ആയ യുദ്ധങ്ങളും സംഹാരങ്ങളും അവന്‍ കണ്ടിട്ടില്ല. കൊലപാതകങ്ങള്‍, തട്ടിപ്പറി, അക്രമ പ്രവര്‍ത്തികള്‍, അനീതിയുടെ തേര്‍വാഴ്‌ച ഒന്നും അവന്‍ അറിഞ്ഞിട്ടില്ല. ഇവിടെയുള്ള കാടും നാടും സമുദ്രങ്ങളും വന്യമൃഗങ്ങളും മഹാനഗരങ്ങളും അവന്‍ കണ്ടനുഭവിച്ചിട്ടില്ല.
ഒരുപക്ഷെ, ഇതൊന്നും ഇല്ലെന്ന് അവന്‍ മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ച് ധരിച്ചിരിക്കാം. എന്നാല്‍ സത്യം അതല്ലല്ലോ. ഇവിടെ വന്നപ്പോള്‍ അവന്‍ അതെല്ലാം കണ്ടും കേട്ടും അറിഞ്ഞില്ലേ? അതുതന്നെയാണ് മരണവും മരണാനന്തരവും അനുഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് മനുഷ്യന്‍ ഓര്‍ക്കേണ്ടത്. മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ച് അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ലോകങ്ങളിലൂടെയുള്ള യാത്രയെക്കാള്‍ ഏറെ ദുര്‍ഘടമായിരിക്കുമത്.
ഒരാള്‍ മരണപ്പെടുന്നതോടെ ബന്ധുക്കള്‍ വാവിട്ടുകരയാന്‍ തുടങ്ങും. അയാളുടെ ഭാര്യക്കും മക്കള്‍ക്കും ഇനിയാരുണ്ട് തുണയെന്ന് വിലപിക്കും. എന്നാല്‍ ശവമഞ്ചത്തില്‍ ശ്‌മശാനത്തിലേക്ക് ചുമന്നുകൊണ്ട് കൊണ്ടുപോകുന്നവന് ആരാണ് തുണയാവുകയെന്ന് ചിന്തിക്കാറുണ്ടോ? മറമാടപ്പെട്ട ശേഷം എല്ലാവരും തിരിച്ചുപോരുന്നു. ജഡം ദ്രവിച്ചു മണ്ണായിത്തീരുന്നു. ഭൂമിയില്‍ അവശേഷിക്കുന്നവര്‍ കുറച്ചുകാലം കഴിയുമ്പോള്‍ മരണപ്പെട്ടവരെ മറക്കുന്നു. അയാള്‍ സമ്പാദിച്ച സ്വത്തുക്കളെല്ലാം പങ്കുവെക്കുന്നു. മരണപ്പെട്ട ഒരാളുടെ മാനസികാവസ്ഥ കവി ഭാവനയില്‍ പുനരാവിഷ്‌കരിക്കുന്നത് കാണുക: ``എന്റെ അടുത്ത ബന്ധുക്കളതാ എന്റെ ഖബറിന്നരികിലൂടെ നടന്നുപോകുന്നു. അവര്‍ക്കാര്‍ക്കും ഇപ്പോള്‍ എന്നെയറിയാത്തതുപോലെയുണ്ട്. അവകാശികള്‍ എന്റെ ധനങ്ങളെല്ലാം ഓഹരിവെച്ചെടുക്കുന്നു. അവര്‍ എന്റെ കടങ്ങളും ഉത്തരവാദിത്വവും വിസ്‌മരിക്കുകയും ചെയ്യുന്നു.''
അതിനാല്‍ തന്റെ ധനം തന്റേതു തന്നെയാക്കി മാറ്റാന്‍ പരിശ്രമിക്കുകയെന്നതാണ് ബുദ്ധി. അതെങ്ങനെയെന്ന് ചിന്തിച്ചേക്കാം. മാര്‍ഗമിതാണ്. താന്‍ എന്തൊക്കെ സമ്പാദിച്ചുവോ അതില്‍ നിന്ന് ഏറ്റവും വിശിഷ്‌ടമായത് ധര്‍മം നല്‌കിയും ദൈവപ്രീതിക്കായി നീക്കിവെച്ചും തന്റേതു തന്നെയാക്കുക. കഷ്‌ടപ്പെട്ടു നേടിയതും പിശുക്കി സമ്പാദിച്ചതും ധര്‍മം കൊടുത്ത് സ്വര്‍ഗം നേടാന്‍ ഉതകുന്നതാക്കുകയെന്നര്‍ഥം. അങ്ങനെയായാല്‍ വിലപിക്കേണ്ടിവരില്ല.
മരണത്തിന് രണ്ടു മുഖങ്ങളുണ്ട്. ഒന്ന് ക്രൂരമായതാണ്. ഇവിടെ അതിക്രമിയായി ജീവിച്ച മനുഷ്യനെ ഭീകരവും ഭയാനകവുമായ നിലയില്‍ മാലാഖമാര്‍ നേരിടുന്നു. അവരുടെ ആത്മാവിനെ അതികഠിനമായ വേദനയോടെ വലിച്ചൂരിയെടുക്കുന്നു. ``(അവിശ്വാസികളിലേക്ക്) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ് സത്യം.''(വി.ഖു 79:1)
രണ്ടാമത്തേത് സൗമ്യവും മൃദുലവുമായ രൂപം. ഇവിടെ സന്തോഷത്തോടെ, ആശ്വാസത്തോടെ, സാന്ത്വന വചനങ്ങള്‍ കേള്‍പ്പിച്ചുകൊണ്ടാണ് മാലാഖമാര്‍ ആത്മാവുകളെ സ്വീകരിക്കുക. ``(സത്യവിശ്വാസികളുടെ ആത്മാവുകളെ) സൗമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ് സത്യം.'' (വി.ഖു 79:2)
ഞങ്ങളുടെ റബ്ബ് അല്ലാഹുവാണെന്ന് പ്രഖ്യാപിച്ച് നേരായ മാര്‍ഗത്തില്‍ നിലകൊണ്ടവരാണവര്‍. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. പക്ഷെ, ഇതെങ്ങനെയാണ് വേര്‍തിരിക്കാന്‍ കഴിയുകയെന്നതാണ് പ്രശ്‌നം. മരണങ്ങളുടെ പ്രത്യക്ഷ രൂപം നോക്കിയല്ല. മറിച്ച് അതിന്റെ ആത്മീയവും ആന്തരികവുമായ അവസ്ഥകളാണ് ക്രൂരമരണവും സൗമ്യമരണവും വേര്‍തിരിക്കുന്നത്. ഉദാഹരണമായി ഒരാള്‍ രണാങ്കണത്തില്‍ പ്രതിയോഗിയോട് പടവെട്ടി ഇഞ്ചിഞ്ചായി വീരമൃത്യു വരിക്കുന്നു. സത്യത്തിനും നീതിക്കും ധര്‍മത്തിനും വേണ്ടിയായിരുന്നു അദ്ദേഹം നിലകൊണ്ടിരുന്നത്. എന്നാല്‍, നമ്മുടെ മുന്നില്‍ അയാള്‍ക്ക് നാം നേരത്തെ സൂചിപ്പിച്ച തരത്തിലുള്ള രണ്ടാമത്തെയിനം മരണമല്ല സംഭവിച്ചത്. എങ്കിലും അയാളുടെ മരണം ആത്മീയവും ആന്തരികവുമായ രണ്ടാമത്തെ മരണം തന്നെയാണ്. അതുകൊണ്ടാണല്ലോ അത്തരക്കാര്‍ രക്തസാക്ഷികളും ധീരയോദ്ധാക്കളുമായത്. അവര്‍ അല്ലാഹു ഒരുക്കിവെച്ച സ്വര്‍ഗീയ അനുഭവങ്ങള്‍ ആസ്വദിച്ച് കഴിച്ചുകൂട്ടുന്നു.
എന്നാല്‍, ധിക്കാരിയും ദൈവനിഷേധിയും ക്രൂരനുമായൊരു സമ്പന്നന്‍ എല്ലാ സുഖാഡംബരങ്ങളും അനുഭവിച്ച് വേണ്ടവിധം പരിചരണങ്ങള്‍ കിട്ടി പ്രയാസങ്ങളൊന്നും അനുഭവിക്കാതെ മരിക്കുന്നു. ബാഹ്യമായി അയാളുടെ മരണം രണ്ടാമത്തെയിനമാണെന്ന് തോന്നിയേക്കാം. എന്നാല്‍ ആത്മീയവും ആന്തരികവുമായി അയാള്‍ക്ക് ഒന്നാമത്തെയിനം മരണമാണ് സംഭവിച്ചിട്ടുള്ളത്. പക്ഷെ, പുറമെ നിന്ന് വീക്ഷിക്കുന്നവര്‍ അതറിയുകയില്ലെന്ന് മാത്രം. ആയതിനാല്‍ മരണത്തിന്റെ ക്രൂരതയും സൗമ്യഭാവവും മരണപ്പെടുന്ന വ്യക്തിയില്‍ മാത്രം ഒതുങ്ങിനില്‌ക്കുന്നതാണെന്ന് സാരം. ഖുര്‍ആന്‍ ഈ സത്യം സൂചിപ്പിക്കുന്നുണ്ട്.
സൂറതു യാസീനില്‍ നല്ലൊരു മനുഷ്യന്റെ അനുഭവം അല്ലാഹു പറഞ്ഞുതരുന്നത് വിശ്വാസിക്ക് പാഠമാണ്: ``സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക എന്ന് പറയപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തുകയും ചെയ്‌തതിനെപ്പറ്റി എന്റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.'' (വി.ഖു 36:20 മുതല്‍ 27 വരെ വചനങ്ങള്‍ നോക്കുക.)
യഥാര്‍ഥത്തില്‍, സത്യവിശ്വാസിയായ അദ്ദേഹത്തെ നാട്ടുകാര്‍ വധിക്കുകയാണുണ്ടായത്. രക്തസാക്ഷിത്വത്തെ തുടര്‍ന്ന് അദ്ദേഹത്തിന് അല്ലാഹു സ്വര്‍ഗത്തെ പറ്റി സന്തോഷവാര്‍ത്ത നല്‌കിയ കാര്യമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ആ സന്ദര്‍ഭത്തില്‍ പോലും അദ്ദേഹത്തിന്റെ മനസ്സില്‍ നിറഞ്ഞുനില്‌ക്കുന്നത് തന്റെ നാട്ടുകാര്‍ സത്യത്തെപ്പറ്റി ബോധവാന്മാരായി കാണാനുള്ള ആഗ്രഹമാണ്. ഈ അനുഭവം ബാഹ്യമായിട്ടല്ല, ആന്തരികവും ആത്മീയവുമായിട്ടാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. പക്ഷെ, പുറമെ നില്‌ക്കുന്നവരെ അതറിയിക്കാന്‍ വഴികളൊന്നും തന്നെയില്ലല്ലോ.
പുണ്യവാന്മാരുടെ നിലപാടും മനോഗതിയും ഇതാണ്: ``ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നീ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക് സഹായികളായി ആരുമില്ല'' (വി.ഖു 3:192). ഇതിന്റെ തുടര്‍വചനങ്ങളും ശ്രദ്ധിക്കുക: ``പുണ്യവാന്മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.''(വി.ഖു 3:193)
അല്ലാഹു നമ്മെ പരീക്ഷിക്കാന്‍ വേണ്ടിയാണ് മരണവും ജീവിതവും നിശ്ചയിച്ചിട്ടുള്ളത്. ജീവിതത്തെ പരീക്ഷയായും മരണത്തെ തന്റെ വിജയപരാജയങ്ങള്‍ അനുഷ്‌ഠിക്കാനുള്ള യാത്രയായും കാണണം. ആരാണ് ഏറ്റവും കൂടുതല്‍ നല്ലത് ചെയ്‌തു മുന്നേറുന്നതെന്നാണ് അല്ലാഹു നോക്കുന്നത് (വി.ഖു 67:2). സാധാരണ പരീക്ഷകളില്‍ പോലും എഴുതാന്‍ ഉപയോഗിച്ച കടലാസിന്റെയോ പേനയുടെയോ മികവ് നോക്കിയല്ലല്ലോ മാര്‍ക്ക് ലഭിക്കുക. മറിച്ച്, എഴുതിയിരിക്കുന്നത് ശരിയുത്തരമാണോ തന്നെ അതെത്ര മാത്രം മികവോടെ എഴുതി ഫലിപ്പിച്ചിരിക്കുന്നു എന്ന് നോക്കിയാണ്. ആയതിനാല്‍ ജീവിതമാകുന്ന പരീക്ഷയുടെ ഉത്തരക്കടലാസില്‍ വീണ്ടും വീണ്ടും പരിശോധന നടത്തുക.
``ഏതൊരാളുടെ നന്മയുടെ തുലാസ് ഘനംതൂങ്ങിയോ അവന്‍ സംതൃപ്‌തമായ ജീവിതത്തിലായിരിക്കും. എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞുവോ അവന്റെ സങ്കേതം `ഹാവിയ'യായിരിക്കം'' (വി.ഖു 101:6-9). `ഹാവിയ' എന്നാല്‍ ചൂടേറിയ നരകമെന്നാണര്‍ഥം. നന്മയുടെ തുലാസ് ഘനം കൂടിയാല്‍ അയാള്‍ക്ക് മരണത്തെ ഒരു വിശ്രമമായി ആസ്വദിക്കാനാകും. മരണമാകുന്ന കവാടം കടക്കാത്തവരായി ആരുമില്ല. മരണാനന്തരം എവിടെയായിരിക്കണമെന്നതാകട്ടെ മുഖ്യമായ ചിന്ത.
``ഹേ! സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്‌തിപ്പെട്ടുകൊണ്ടും തൃപ്‌തി ലഭിച്ചുകൊണ്ടും മടങ്ങിക്കൊള്ളുക. എന്റെ അടിയന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക'' (വി.ഖു 89:27-30). ഇതു തന്നെയാണ് സംതൃപ്‌തി. ഇവിടെയാണ് ആഹ്ലാദം സമാധാനഗേഹമായ സ്വര്‍ഗപ്രവേശം! അതത്രെ വിശ്വാസിക്ക് കണ്‍കുളിര്‍മ നല്‌കുന്നത്.
0 comments: