ശബാബ് കത്തുകള്‍ 2013_sept_6
വരള്‍ച്ചയും അതിവര്‍ഷവും നമ്മെ ബോധ്യപ്പെടുത്തുന്നത്
ഈ കാലവര്‍ഷത്തില്‍ പൊതുവെ മഴ പെയ്യാത്ത ഒരു ദിവസവും ഉണ്ടായിട്ടില്ലെന്നു പറയാം. ഒരു മഴയ്‌ക്കുവേണ്ടി കൊതിച്ചവര്‍ ഇപ്പോള്‍ വെയില്‍ കിട്ടാന്‍ പ്രാര്‍ഥിക്കുന്നു. മഴ ആരംഭിക്കുന്നതിന് മുമ്പ് നാടും നഗരവും മഴയ്‌ക്കുവേണ്ടി പ്രാര്‍ഥനകളും നമസ്‌കാരങ്ങളും നടത്തി. കൊടും വരള്‍ച്ചയും കൊടും വര്‍ഷവും ഈ അടുത്ത കാലത്തുണ്ടായ ഒരു അത്ഭുത പ്രതിഭാസമാണെന്ന മട്ടിലാണ് പലരുടെയും പ്രതികരണങ്ങള്‍. വരള്‍ച്ചയും ചൂടും അനുഭവപ്പെടുമ്പോഴും അതിവര്‍ഷം വരുമ്പോഴും അതിനു ശാസ്‌ത്രജ്ഞര്‍ പല ന്യായങ്ങളും നിരത്തും. പക്ഷേ, ആഴിയുടെ അടിത്തട്ടും ആകാശത്തിന്റെ മുകള്‍ത്തട്ടും തങ്ങളുടെ ഉള്ളം കൈയിലാണെന്ന് അഹങ്കരിക്കുന്ന മനുഷ്യന്‍ എത്ര ദുര്‍ബലനും നിസ്സാരനും നിസ്സഹായരുമാണെന്നാണ് വരള്‍ച്ചയും വെള്ളപ്പൊക്കവുമൊക്കെ നമ്മെ ബോധ്യപ്പെടുത്തുന്നത്.
എം അശ്‌റഫ് ഫൈസി കാവനൂര്‍
ഖുര്‍ആന്‍ വഴികാണിക്കുന്ന രാജപാത
ആഗസ്‌ത് 23-ലെ സയ്യിദ് അബ്‌ദുറഹ്‌മാന്‍ എഴുതിയ വിശുദ്ധ ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന മാനവ വിമോചന ശാസ്‌ത്രം വായിച്ചു. സ്രഷ്‌ടാവിലേക്കു സഞ്ചരിക്കാനുള്ള രാജപാതയാണു ഖുര്‍ആന്‍. ഉന്നതനായ ആ കാരുണ്യവാനെ അറിയാനും അവനോട് അടുക്കാനുമുള്ള വഴിയാണത്. അസത്യങ്ങള്‍ കലരാതെ സത്യത്തെ തിരിച്ചറിയുന്ന അനിതരമായ സൂക്തങ്ങളുടെ ശേഖരമാണ് ഖുര്‍ആന്‍. കാലം കണ്ട സുന്ദരമായ ജീവിതദര്‍ശനത്തിലേക്കു കൈ പിടിക്കുന്ന ആയത്തുകളിലൂടെ അമൂല്യനിധികളുടെ സമാഹാരവും അക്ഷരങ്ങളുടെ പിറകിലൊളിപ്പിച്ച ആശയക്കടലുമാണു ഖുര്‍ആന്‍. പാരായണത്തിന്റെ പുറം വാതിലിലൂടെ കടന്നുപോവുന്നര്‍ക്ക് അവ ശേഖരിക്കാനാവില്ല. അതി തീവ്രമായ ആര്‍ത്തിയോടെ അന്വേഷിച്ചെത്തുന്നവര്‍ക്കു ഖുര്‍ആന്‍ വാതിലുകള്‍ തുറന്നിടും.
റഹീം കെ
പറവന്നൂര്‍
ചന്ദ്രമാസപ്പിറവി ഏകീകരിക്കുമ്പോള്‍
ഹിജ്‌റ ഹിലാല്‍ കമ്മിറ്റിക്കാര്‍ സാധാരണ പറഞ്ഞുവരുന്ന ഒരു കാര്യമാണ് ലോകത്ത് എവിടെയെങ്കിലും ആദ്യമായി ഉണ്ടാകുന്ന ചന്ദ്രപ്പിറവി ആസ്‌പദമാക്കി നോമ്പും പെരുന്നാളും കേരളത്തിലും നടത്തണം എന്നത്. അങ്ങനെയെങ്കില്‍ ലോകത്ത് ആദ്യമായി സൂര്യന്‍ അസ്‌തമിച്ചാല്‍ കേരളത്തില്‍ മഗ്‌രിബ് ബാങ്ക് കൊടുക്കാന്‍ സാധിക്കില്ല. ദിവസം സമയവുമായി ബന്ധപ്പെട്ടതാണ്. പല രാജ്യങ്ങളിലും പല സമയത്താണ് ദിവസമുള്ളത്. കേരളത്തില്‍ ചന്ദ്രപ്പിറവിയുടെ പിന്നാലെ പോകേണ്ട ആവശ്യമില്ല. ഓരോ രാജ്യത്തും സൂര്യന്‍ അസ്‌തമിക്കുമ്പോള്‍ മഗ്‌രിബ് ആകുന്നതുപോലെ ഓരോ രാജ്യത്തും ചന്ദ്രപ്പിറവി ഉള്ളപ്പോള്‍ നോമ്പും പെരുന്നാളും ആഘോഷിക്കട്ടെ. അതാണ് യുക്തിക്കും ബുദ്ധിക്കും ചേര്‍ന്നത്. ഇതിന്റെ പേരില്‍ പണ്ഡിതന്മാരും നേതാക്കളും കലഹമുണ്ടാക്കുന്നത് ശരിയല്ല. ക്ഷമയും വിട്ടുവീഴ്‌ചയും പഠിപ്പിക്കുന്ന പ്രമാണമാണ് ഖുര്‍ആനും സുന്നത്തും.
സ് അബ്‌ദുല്‍വാഹിദ്
കുണ്ടുങ്ങല്‍
ശബാബും ഞാനും: വായനക്കാര്‍ക്ക് എഴുതാം
സപ്‌തംബര്‍ 1 മുതല്‍ ശബാബ് കാമ്പയ്‌ന്‍ കാലമാണ്. ഇസ്‌ലാമിക വായനയുടെ യുവസാക്ഷ്യമായ ശബാബ് കേരളത്തിലെ ഇസ്‌ലാമിക ആനുകാലികങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു. ശബാബിന്റെ ഒന്നാംലക്കം മുതല്‍ മുടങ്ങാതെ വായിച്ചുപോരുന്ന ആയിരക്കണക്കിനാളുകള്‍ വായനക്കാരിലുണ്ട്. സമീപകാലത്ത് പരിചയപ്പെട്ടതുമുതല്‍ സ്ഥിരവായനക്കാരായവുണ്ട്. ശബാബ് ഗുരുവും വഴികാട്ടിയുമാണ് ചിലര്‍ക്ക്. മറ്റു ചിലര്‍ക്ക് വിശ്വസ്‌തനായ ചങ്ങാതിയും.
വായനക്കാരുടെ ഓര്‍മകളും അനുഭവങ്ങളും പങ്കിടാന്‍ ശബാബ് ആഗ്രഹിക്കുന്നു. അനുഭവക്കുറിപ്പുകള്‍ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ എഴുതി അയക്കുക. ഇ-മെയിലായും അയക്കാം.
എഡിറ്റര്‍
ശബാബ് വഴികാട്ടിയും ആത്മസുഹൃത്തുമാണ്
അബ്‌ദുര്‍റഹ്‌മാന്‍
പാലക്കാട്
ശബാബ് എന്നും എനിക്ക് ആവേശമാണ്. പ്രബോധന വീഥിയില്‍ ആലസ്യമില്ലാതെ മുന്നേറാന്‍ ആഴ്‌ചതോറും കൈകളിലെത്തുന്ന ശബാബ് തുണയാകുന്നു. ലോകത്ത് ഇസ്‌ലാം ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ജോലി സ്ഥലത്തും സഹപ്രവര്‍ത്തകര്‍ക്കിടയിലും ഇസ്‌ലാമും മുസ്‌ലിം സംഘടനകളും വിഷയമാകുമ്പോഴും കൃത്യമായ നിലപാടറിയിക്കാന്‍ സഹായകമാകുന്നത് ശബാബുള്ളതു കൊണ്ടാണ്. ലോകത്ത് നടക്കുന്ന ഇസ്‌ലാമിക ചലനങ്ങളെ പല പത്രങ്ങളും വ്യത്യസ്‌ത രൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍ യാഥാര്‍ഥ്യമെന്തെന്നറിയാന്‍ പ്രയാസപ്പെടാറുണ്ട്. ശബാബ് ഒരു പരിധി വരെ അതിന് സഹായകമാകുന്നു. മുമ്പ് സി പി ഉമര്‍ സുല്ലമിയുടെയും ഇപ്പോള്‍ എ അബ്‌ദുല്‍ഹമീദ് മദീനിയുടെയും പഠനാര്‍ഹമായ ലേഖനങ്ങള്‍ വളരെ ഉപകാരപ്പെടുന്നുണ്ട്. ആനുകാലിക സംഭവവികാസങ്ങളില്‍ നിലപാട് രൂപപ്പെടുത്തുന്നതോടൊപ്പം ഇസ്‌ലാമിന്റെ മൗലികമായ ആദര്‍ശങ്ങളും മനസ്സിലാക്കാന്‍ ഇവ സഹായകമാകുന്നു. ആത്മസംസ്‌കരണത്തിന് ഏറെ ഉപയുക്തമായിരുന്ന തര്‍ബിയ ഇപ്പോള്‍ കാണാത്തതില്‍ പരിഭവമുണ്ട്.
മുഹമ്മദ് മനാഫ്
കൊച്ചി
വായന ഇഷ്‌ടപ്പെടുന്നവര്‍ക്ക് ഏറെ പുതുമയുള്ള വിഭവങ്ങളുമായാണ് ഓരോ ലക്കം ശബാബും ഇറങ്ങുന്നതെന്നതില്‍, ശബാബ് പ്രതിനിധീകരിക്കുന്ന പ്രസ്ഥാന പ്രവര്‍ത്തകനെന്ന നിലയില്‍ അഭിമാനമുണ്ട്. പുസ്‌തക പരിചയങ്ങളും വായനാനുഭവങ്ങളും പങ്കുവെക്കാന്‍ ശ്രമിക്കുന്നത് ഏറെ നല്ലതാണ്. ശബാബിലൂടെ പരിചയപ്പെടുത്തിയ പല പുസ്‌തകങ്ങളും വായിക്കാന്‍ കരുതുന്നുണ്ടെങ്കിലും സാധിക്കാറില്ല. വായനാ ദിനത്തോടനുബന്ധിച്ച് പത്ത് പുസ്‌തകങ്ങള്‍ തെരഞ്ഞെടുത്ത് അവതരിപ്പിച്ചത് ശ്രദ്ധേയമായി. ഇസ്‌ലാമിക ലോകത്തെ കൂടുതല്‍ തിരിച്ചറിയാനും പുതിയ കാലത്തെ മുസ്‌ലിം വായനകള്‍ മനസ്സിലാക്കാനും അതുപോലുള്ള കവര്‍സ്റ്റോറികള്‍ സഹായകമാകുന്നു. അതുകൊണ്ടു തന്നെ ശബാബ് കിട്ടിയാല്‍ ആദ്യം മറിച്ചുനോക്കുന്നത്, പുതിയ പുസ്‌തകങ്ങളെ പരിചയപ്പെടുത്തിയിട്ടുണ്ടോ എന്നാണ്. മികച്ച വായനാനുഭവമൊരുക്കാന്‍ ശബാബിന് സാധിക്കട്ടെ.
മുഹമ്മദ് റഫീഖ്
ഒമാന്‍
എം എസ് എമ്മിലൂടെ സംഘടനാ സംവിധാനത്തിലേക്കു വന്നതു മുതല്‍ ശബാബ് ഇന്നും ഒരാവേശമായിത്തുടരുന്നു. പിന്നീട് ശാഖാ, മേഖലാ ഐ എസ് എമ്മില്‍ വന്നപ്പോള്‍ ശാഖയിലെയും മഞ്ചേരിയിലെ രണ്ടു ബസ്‌സ്റ്റാന്റിലുമുള്ള കടകളിലെ വിതരണവും എല്ലാ ബുധനാഴ്‌ചകളിലും ഇസ്‌ലാഹി കാമ്പസില്‍ പോയി ഓഫീസ് സെക്രട്ടറി സൈനുദ്ദീന്‍ വശം കൊടൂത്തേല്‍പ്പിക്കുന്നതും ഇന്നും മധുരമുള്ള ഓര്‍മ്മകളായി മനസ്സില്‍ സൂക്ഷിക്കുന്നു. ആദ്യം വാര്‍ത്തകളിലൂടെ വായിച്ച്, തര്‍ബിയ, എഡിറ്റോറിയല്‍, മുഖാമുഖം എല്ലാം സുഖം നല്‍കുന്ന അനുഭവങ്ങള്‍. ഇപ്പോള്‍ പ്രവാസിയായതിനു ശേഷം ഓണ്‍ലൈന്‍ എഡിഷനാണു കൂട്ട്.
അന്‍സാര്‍
ഒതായി
ചെറുപ്പം മുതല്‍ വീട്ടില്‍ ശബാബ് കണ്ടുകൊണ്ടാണ് വളര്‍ന്നത്. വായനയുടെ തുടക്കത്തിലും ശബാബിലെ അക്ഷരങ്ങള്‍ കൂട്ടിനുണ്ടായി. പിന്നീടെപ്പോഴാണ് ശബാബ് പിരിഞ്ഞിരിക്കാന്‍ പറ്റാത്ത സുഹൃത്തായതെന്നറിയില്ല. ഇപ്പോള്‍ ഒരാഴ്‌ച ശബാബ് കിട്ടാതിരുന്നാല്‍ എന്തോ മറന്നുപോയതുപോലെ അനുഭവപ്പെടും. ഒരേ സമയം ശബാബ് വഴികാട്ടിയും സംശയങ്ങള്‍ക്കുള്ള മറുപടിയുമായി സഹായിച്ചിട്ടുണ്ട്. ആനുകാലിക സംഭവങ്ങളുടെ യഥാര്‍ഥവശം മനസ്സിലാക്കാന്‍ പലപ്പോഴും സാധിക്കുന്നത് ശബാബിലൂടെയാണ്. ദഅ്‌വാരംഗത്തെ ഒരു എളിയ പ്രവര്‍ത്തകനെന്ന നിലയില്‍ പലപ്പോഴും ചിലര്‍ക്കെങ്കിലും സംശയ നിവാരണം നടത്തുമ്പോള്‍ പ്രയാസപ്പെട്ട പല സംശയങ്ങളും ദൂരീകരിച്ചുതന്നത് ശബാബായിരുന്നു. ചിലപ്പോള്‍ സുഹൃത്തുക്കളുമായുള്ള സംസാര മധ്യേ വരുന്ന ചില സംശയങ്ങള്‍ക്കും യഥാര്‍ഥ ഉത്തരം തേടിയത് ശബാബിലൂടെ തന്നെ. ഇത് ഇന്നും തുടരുന്നുണ്ട്. ശബാബിന്റെ വായന മറ്റു ആനുകാലികങ്ങളുടെ വായന പോലെയല്ല. യഥാര്‍ഥ ഇസ്‌ലാമിന്റെ ശബ്‌ദമാണെന്നതിനാല്‍ ആധികാരിതയുണ്ടതിന്. ശബാബ് നിലനില്‌ക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ഇസ്‌ലാമിന്റെ യഥാര്‍ഥ വശങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ബാധ്യതയാണ്.
എന്‍ കെ ഫസീഹ്
ഫറോക്ക്
ശബാബിലേക്ക് വായനക്കാര്‍ക്ക് അനുഭവമെഴുതാം എന്ന കുറിപ്പ് കണ്ടപ്പോള്‍ എനിക്ക് ശബാബ് എന്താണെന്ന് ഒരിക്കല്‍ കൂടി ആലോചിച്ചു. മുഴുവനായി വായിക്കാന്‍ സാധിക്കുന്നില്ലെങ്കിലും ഓരോ യാത്രയിലും ശബാബ് ഒപ്പം കരുതാന്‍ ശ്രദ്ധിക്കാറുണ്ട്. അത് കൂടെയുള്ളതു തന്നെ ആശ്വാസമാണ്. സംശയനിവാരണത്തിനും ഇസ്‌ലാമികമായ നിലപാടുകളും മറ്റും അറിയുന്നതിനാണ് ഞാന്‍ ശബാബിനെ കൂടുതല്‍ ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ എഡിറ്റോറിയലും മുസ്‌ലിം പംക്തിയും ഏത് തിരക്കിനിടയിലും വായിക്കാന്‍ സമയം കണ്ടെത്തും.
0 comments: