കൊടുംക്രൂരതയ്‌ക്ക് അര്‍ഹമായ ശിക്ഷ
ഇന്ത്യയുടെ മനസ്സാക്ഷി ആഗ്രഹിക്കുകയും ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്‌ത സുപ്രധാനമായ ഒരു ശിക്ഷാവിധിയാണ്, സപ്‌തംബര്‍ 13-ന് ഡല്‍ഹി സാകേതിലെ പ്രത്യേക കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി യോഗേഷ് ഖന്ന പ്രഖ്യാപിച്ചത്.
2012 ഡിസംബര്‍ 16-ന് ഡല്‍ഹിയില്‍ നടന്ന അതിക്രൂരമായ ബലാത്സംഗവും കൊലപാതകവും ഉള്‍പ്പെട്ട കേസിലെ നാലു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ടാണ് ആ പ്രഖ്യാപനം വന്നത്. നൂറുക്കണക്കിന് കോടതികളില്‍ നിന്ന് നിത്യവും പുറത്തുവരുന്ന നിരവധി വിധികളില്‍ നിന്ന് പലതുകൊണ്ടും വ്യതിരിക്തമാണിത്. പ്രഥമവും പ്രധാനവുമായ സംഗതി കൊടുംക്രൂരതയ്‌ക്ക് അര്‍ഹമായ ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ ജുഡീഷ്യറി തയ്യാറായി എന്നതുതന്നെയാണ്. കുറ്റകൃത്യം നടന്ന് ഒന്‍പത് മാസംകൊണ്ട് 132 വാദം കേള്‍ക്കലിലൂടെ സുദീര്‍ഘമായ വിചാരണപ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. രണ്ട് പതിറ്റാണ്ടിലേറെക്കാലം വിചാരണ നീണ്ടുപോയ എത്രയോ കേസുകള്‍ കെട്ടിക്കിടക്കുന്ന ഇക്കാലത്ത് ഈ വേഗം ഏറെ ശ്രദ്ധേയമാണ്. നീതി വൈകുന്നത് നീതിനിഷേധത്തിനു തുല്യമാണല്ലോ.
ഇന്ത്യയ്‌ക്കകത്തു മാത്രമല്ല, ലോകം ശ്രദ്ധിച്ച ഒരു കേസും അതിന്റെ വിധിയും ആണിത്. സാകേത് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാകിസ്‌താനിലെ ലാഹോറില്‍ നടന്ന ഒരു ക്രൂര ബാലികാപീഡനക്കേസ് വലിയ ചര്‍ച്ചയായതായി വാര്‍ത്ത വന്നിരിക്കുന്നു. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുന്നതിലൂടെ മാത്രമേ സമൂഹത്തിന് നീതി ലഭിക്കൂ. കുറ്റവാളികള്‍ എത്ര വലിയവരാണെങ്കിലും നീതിക്കു മുന്നില്‍ അത് പ്രസക്തമല്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ യശസ്സിന് കളങ്കം ചാര്‍ത്തിക്കൊണ്ട് വാതുവയ്‌പുകാര്‍ക്കുവേണ്ടി തോറ്റുകളിച്ച ക്രിക്കറ്റര്‍ ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ വിധി വന്നതും ഇതേ ദിവസമാണ്. ഇവ തമ്മില്‍ ബന്ധമില്ലെങ്കിലും ഈ വിധികള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം സമൂഹത്തില്‍ അനുകൂല പ്രതികരണമുണ്ടാക്കും; തീര്‍ച്ച.
മേല്‍പറഞ്ഞ കാര്യങ്ങള്‍ പ്രശ്‌നത്തിന്റെ ഒരു വശം മാത്രം. കടുത്ത ശിക്ഷകള്‍ മാത്രം സമൂഹത്തില്‍ നിന്ന് കുറ്റവാസന ഇല്ലാതാക്കാനോ സ്ഥായിയായ ശാന്തി കൈവരുത്താനോ പര്യാപ്‌തമാണെന്നു കരുതിക്കൂടാ. ഇത്തരം ക്രിമിനലുകള്‍ എങ്ങനെ ഉണ്ടാകുന്നുവെന്നും ക്രിമിനില്‍ സ്വഭാവം പുറത്തെടുക്കാന്‍ നിര്‍ബാധം, നിര്‍ഭയം ഒരുമ്പെടാന്‍ കാരണമെന്ത് എന്നും വിശകലനം ചെയ്യേണ്ടതുണ്ട്. സമാനമായ നിരവധി കേസുകളില്‍ ഒരെണ്ണം മാത്രം ഉയര്‍ന്നുവന്നതിന്റെ സാഹചര്യവും മറ്റുള്ളവ ഒതുങ്ങിപ്പോകാനിടയാക്കുന്ന ഘടകങ്ങളും പരിശോധിക്കപ്പെടണം. ഇതൊന്നും ചെയ്യാതെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒറ്റ വിധികൊണ്ട് ദൂരവ്യാപകമായ ഗുണഫലം ലഭിച്ചുകൊള്ളണമെന്നില്ല.
കൊലക്കയര്‍ വിധിക്കപ്പെട്ട മുകേഷ്‌സിംഗ്, വിനയ്‌ശര്‍മ, അക്ഷയഠാക്കൂര്‍, പവന്‍ഗുപ്‌ത എന്നിവരും വിചാരണ നടക്കവേ ജയിലില്‍വെച്ച് സ്വയം കൊലക്കയര്‍ ഏറ്റുവാങ്ങിയ രാംസിങ്ങും മീഡിയ പേരുപോലും പുറത്തുവിടാത്ത കൊടുംക്രൂരത ചെയ്‌ത കൗമാരക്കാരനും മദ്യലഹരിയില്‍ ബസ്സുമായി റോഡിലിറങ്ങി സ്‌ത്രീകളെ ഉപദ്രവിക്കുക എന്ന ലക്ഷ്യവുമായി സഞ്ചരിക്കുകയായിരുന്നു എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചത്, നിര്‍ഭാഗ്യവശാല്‍ എവിടെയും ചര്‍ച്ചയാകുന്നില്ല. മദ്യം ഒഴുകുന്ന, മദ്യക്കുറ്റങ്ങള്‍ക്ക് ശിക്ഷയില്ലാത്ത, അധികൃതരും മദ്യലോബിയും ഒത്തുകളിക്കുന്ന, മദ്യപാനം സ്റ്റാറ്റസിന്റെ അടയാളമായി കാണുന്ന സാമൂഹിക പശ്ചാത്തലത്തില്‍ കൊടും കുറ്റവാളികള്‍ നാട്ടില്‍ വിരാജിക്കുക സ്വാഭാവികം. മദ്യം ഹറാമാക്കിയിട്ടില്ലെങ്കിലും മദ്യപിച്ച് സമൂഹദ്രോഹം ചെയ്യാന്‍ ഇന്ത്യന്‍ നിയമത്തില്‍ സ്വാതന്ത്ര്യമില്ല. മദ്യക്കുറ്റവാളികളെ രാജ്യം അറിയുന്നതരത്തില്‍ ശിക്ഷയ്‌ക്കു വിധേയമാക്കുന്ന വിധികളും പുറത്തുവരേണ്ടതുണ്ട്. ക്രിമിനലുകളുടെ ഈ ചാലകശക്തി ചാനലുകള്‍ ചര്‍ച്ച ചെയ്യുന്നില്ല. ലഹരി ഉപയോഗത്തിന്റെ ശരാശരി പ്രായം പന്ത്രണ്ടായിത്തീര്‍ന്നിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ലോകാരോഗ്യസംഘടന പുറത്തുവിട്ടതും ഈ ആഴ്‌ചയില്‍ തന്നെ എന്നത് യാദൃച്ഛികമെങ്കിലും ചിന്താര്‍ഹമാണ്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കഴിഞ്ഞ ദിവസം പുറത്തുവിട്ട മറ്റൊരു വാര്‍ത്തയും ഡല്‍ഹി സംഭവത്തോടു ചേര്‍ത്തു വായിക്കാവുന്നതാണ്. രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങള്‍ക്കു പിന്നിലെ പ്രേരകഘടകങ്ങളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ലൈംഗികതയും പ്രണയവുമാണത്രേ! കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 13,448 കൊലപാതകങ്ങളില്‍ 2,459 എണ്ണത്തിന്റെയും പ്രേരകഘടകം ലൈംഗികതയായിരുന്നുപോല്‍! കുത്തഴിഞ്ഞ ലൈംഗികതയും വഴിവിട്ട നഗ്നതാപ്രദര്‍ശനവും മീഡിയ ജനകീയമാക്കി മാറ്റിയ പ്രണയകേളികളും നാടിന്റെ മുഖമുദ്രയായിത്തീരുമ്പോള്‍ അതിന് കടിഞ്ഞാണിടേണ്ടത് ആരാണ്? കൗമാരക്കാരും യുവതീ യുവാക്കളും പൊതുജീവിതത്തിലേക്കിറങ്ങുന്നത് ഇത്തരം ആഭാസത്തരങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചുമാണ്. അതിലേക്ക് ലഹരിയുടെ ചേരുവയും കൂടിയാകുമ്പോള്‍ എന്തും ചെയ്യാന്‍ `ധൈര്യം' ലഭിക്കുന്നു.
കലാലോകത്തിന്റെ, രാഷ്‌ട്രീയക്കാരുടെ, സാഹിത്യലോകത്തിന്റെ, അധികാരികളുടെ എല്ലാം പരോക്ഷ പിന്തുണ ലഹരിക്കും ലൈംഗികതക്കും ലഭിക്കുന്നതാണ് ക്രിമിനലുകള്‍ അഴിഞ്ഞാടുന്നതിന്റെ ഒരു കാരണം. ഡല്‍ഹി കേസിലെ പ്രതികള്‍ക്കു വേണ്ടി വാദിച്ച വക്കീല്‍ ചൂണ്ടിക്കാണിച്ചത്, കുറ്റം തെളിയിക്കപ്പെട്ട പ്രതികളുടെ പ്രായവും ജീവിതസാഹചര്യങ്ങളും കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്നാണ്. നഗരപ്രാന്തത്തിന്റെ ചേരിയില്‍ പാര്‍ക്കുന്ന ചെറുപ്രായക്കാര്‍ മദ്യത്തിന്നടിമകളായിത്തീരുമ്പോള്‍ ഉണ്ടാകാവുന്ന സ്വാഭാവിക പരിണതിയാണിത്. പക്ഷേ ഇത് ലാഘവത്തോടെ കാണുകയല്ല വേണ്ടത്. ആ സാഹചര്യം ഇല്ലാതാക്കാന്‍ അഥവാ ലഹരിയുടെയും ലൈംഗിക അരാജകത്വത്തിന്റെയും വ്യാപനം ഇല്ലാതാക്കാന്‍ എന്തു ചെയ്യാനാവും? അധികാരികള്‍, സമൂഹനേതൃത്വം, മതപ്രവര്‍ത്തകര്‍, സന്നദ്ധ സംഘങ്ങള്‍, മീഡിയ എല്ലാവരും ഒത്തൊരുമിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് സക്രിയമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഫലം കാണൂ. എന്നിട്ടും അതിരുകവിയുന്നവരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്‌താല്‍ അത് കുറ്റവാസന കുറയാന്‍ കാരണമായിത്തീരും.
ഇതിനു പുറമെ സമൂഹത്തിന്റെ മനോഭാവം തന്നെ മാറേണ്ടതുണ്ട്. വളരുന്ന തലമുറയ്‌ക്ക് നാം ഫീഡ് ചെയ്യുന്നതെന്താണ്? സെക്‌സും സ്റ്റണ്ടും തിമിര്‍ത്താടുന്ന സിനിമകള്‍ കുറ്റവാസന വര്‍ധിപ്പിക്കുന്നു. വെടിയും തോക്കും ചോരയും വസ്‌ത്രമുരിയലും പെണ്ണ് പിടുത്തവും ആര്‍ത്തനാദങ്ങളും.... ഇതല്ലേ ഓടുന്ന ബസ്സില്‍ പോലും നിത്യക്കാഴ്‌ചയായി വരുന്ന സിനിമകള്‍! ആദ്യം അത്ഭുതവും പിന്നെ ആവേശവും ഒടുവില്‍ ടെയ്‌സ്റ്റും ആയി മാറുന്ന ഈ സാമൂഹ്യ സാഹചര്യങ്ങള്‍ക്കു പിന്നില്‍ പണവും താരപ്രഭയും മോഡല്‍ഭ്രമവും ഒക്കെത്തന്നെയല്ലേ? നമ്മള്‍ ആരെ പഴി പറയും; നമ്മെത്തന്നെയല്ലാതെ!
ധാര്‍മികതയിലൂന്നിയ സദാചാര നിഷ്‌ഠയിലൂടെ മാത്രമേ ജീര്‍ണതാമുക്ത ജീവിതം സാധ്യമാകൂ. വ്യക്തിജീവിതം വിശുദ്ധമാക്കുക എന്നതുതന്നെയാണ് മതവിശ്വാസത്തിന്റെ കാതല്‍. മതവും ധര്‍മവും പഴഞ്ചനായി കാണുകയും പാശ്ചാത്യകൗതുകത്തില്‍ ആകൃഷ്‌ടമാവുകയും ചെയ്യുന്ന ആധുനികത ജീര്‍ണതയ്‌ക്ക് വളം വയ്‌ക്കുന്നു. അതേസമയം മതനേതാക്കള്‍ തന്നെ വിശുദ്ധിയില്ലാത്തവരായിത്തീരുകയും മതത്തിന്റെ പേരില്‍ തട്ടിപ്പും ചൂഷണങ്ങളും പെരുകുകയും ചെയ്യുമ്പോള്‍ മതനിരാകരണത്തിലേക്ക് ന്യൂനപക്ഷമെങ്കിലും നീങ്ങിയേക്കാന്‍ സാധ്യതയുമുണ്ട്.
നിയമത്തിന്റെ പോരായ്‌മകളും പഴുതുകള്‍ പരതി ചൂഷണം നടത്തുന്ന പ്രവണതയും സാമൂഹിക ജീര്‍ണതയ്‌ക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. വിവാഹപ്രായം പതിനെട്ടും ഇരുപത്തി ഒന്നും ആയി നിയമമുണ്ടാക്കി. ഈ പ്രായപരിധിക്കു മുന്‍പ് നടത്തപ്പെടുന്ന വിവാഹങ്ങള്‍ ക്രിമിനല്‍കുറ്റമായി കാണുന്നു. എന്നാല്‍ പതിനാറുവയസ്സായവര്‍ക്കും വിവാഹേതര ബന്ധമാവാം, അഥവാ വ്യഭിചരിക്കാം. അത് നിയമവിധേയമാണെന്ന് സുപ്രീംകോടതി വിധിയുമുണ്ട്. വ്യഭിചാരം ഇന്ത്യന്‍ നിയമത്തില്‍ കുറ്റമല്ല. എന്നാല്‍ ബലാല്‍ക്കാരം കുറ്റമാണ്. പക്ഷേ കുറ്റവാളി ശിക്ഷിക്കപ്പെടണമെങ്കില്‍ പതിനെട്ടു വയസ്സാകണം. ചര്‍ച്ച ചെയ്‌തുകൊണ്ടിരിക്കുന്ന ഡല്‍ഹി പീഡനക്കേസില്‍ പേരുപോലും പറയാതെ കൗമാരക്കാരന്‍ എന്ന് മീഡിയ വിശേഷിപ്പിക്കുന്ന പ്രതിയുണ്ടല്ലോ. അവനാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. അവന്ന് ജുവനൈല്‍ കോര്‍ട്ട് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു. പത്തൊന്‍പതുകാരന്‍ പവന്‍ഗുപ്‌തയ്‌ക്ക് തൂക്കുമരം. പതിനേഴര കഴിഞ്ഞവന് ജുവനൈല്‍ ഹോമില്‍ സുഖജീവിതം! അതെ സാങ്കേതികമായി അതു മാത്രമേ നിയമത്തിന് ചെയ്യാന്‍ കഴിയൂ.
എന്നാല്‍ ഭീകരമായ മറുവശം, ഗുവാഹട്ടിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു (18.9.13). പന്ത്രണ്ടുകാരി പെണ്‍കുട്ടിയെ പതിനഞ്ചു-പതിനാറുകാരായ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തു. പോലീസ് പിടികൂടിയപ്പോള്‍, തങ്ങള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നായിരുന്നു പ്രതികളുടെ നിസ്സങ്കോചമുള്ള പ്രതികരണമത്രേ! എത്ര ഭീതിദമാണീ സാഹചര്യം! ഈ കൗമാരക്കാര്‍ക്ക് ആരെ പേടിക്കാന്‍! അശ്ലീലം കണ്ടുമടുത്ത് മനസ്സ് മരവിച്ച കൗമാരത്തിന് എന്തും ചെയ്യാന്‍ കയ്യറപ്പ് തീര്‍ന്ന ദുരവസ്ഥ! പ്രായപൂര്‍ത്തിയുടെ പ്രായപരിധി പുനപരിശോധിക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കൗമാരക്കാരെ രക്ഷിതാക്കള്‍ക്ക് നോക്കാന്‍ കഴിയുന്നില്ല; നിയമത്തിന് പിടിക്കാന്‍ പാടില്ലതാനും. ഇതല്ലേ അരക്ഷിതാവസ്ഥ! ദുര്‍ഗുണപരിഹാരപാഠശാല ഇതിന് പര്യാപ്‌തമാണോ?
ഇവിടെയാണ് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കേണ്ടത്. തങ്ങളുടെ സമൂഹത്തിലെ ബാലകൗമാരകൗതുകങ്ങളെ ശരിയായ ദിശാബോധം നല്‍കി വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുക. കാച്ച് ദം യങ്. ഇതായിരുന്നു പ്രവാചകന്റെ പാഠശാലയിലെ ധര്‍മപാഠങ്ങള്‍.
0 comments: