പുലരാതെ ഇന്നും `എനിയ്‌ക്കൊരു സ്വപ്‌നമുണ്ട് '
1963 ആഗസ്‌ത് 28-നായിരുന്നു, ചരിത്രപ്രസിദ്ധമായ ആ പ്രസംഗം. `എനിയ്‌ക്കൊരു സ്വപ്‌നമുണ്ട്' എന്ന ശീര്‍ഷകത്തില്‍ വിഖ്യാതമായ ആ പ്രസംഗം ചെയ്‌തത് ആഫ്രോ അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകനായ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ആയിരുന്നു. കറുത്തവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വാഷിങ്‌ടണിലേക്കു നടത്തിയ വന്‍ ജനമുന്നേറ്റത്തെ അഭിസംബോധന ചെയ്‌ത് നടത്തപ്പെട്ട ആ പ്രസംഗത്തിന്റെ അന്‍പതാം വാര്‍ഷികദിനത്തില്‍, അമേരിക്കന്‍ തലസ്ഥാന നഗരിയില്‍ ആ പ്രഭാഷണം ആഘോഷപൂര്‍വം അനുസ്‌മരിക്കപ്പെട്ടു. കറുത്ത വര്‍ഗക്കാരില്‍ നിന്നുള്ള ആദ്യ അമേരിക്കന്‍ പ്രസിഡന്റായ ബറാക് ഒബാമ അധികാരത്തിലിരിക്കുമ്പോഴാണ് ഈ അന്‍പതാണ്ടാഘോഷമെന്ന പ്രത്യേകതയുമുണ്ട്.
അമേരിക്ക ഇന്ന് അനുഭവിക്കുന്ന സാമൂഹിക സമത്വത്തിനു വേണ്ടി പടപൊരുതിയ ലക്ഷക്കണക്കിന്നാളുകളെ പ്രചോദിപ്പിച്ചത് മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ ആ പ്രസംഗമാണെന്ന് ഒബാമ അനുസ്‌മരിച്ചു. ലൂഥര്‍ കിങിന്റെ പടമുള്ള ടീ ഷര്‍ട്ടുകള്‍ ധരിച്ചും `വീ ഷാള്‍ ഓവര്‍കം' എന്ന ഗാനമാലപിച്ചും കാപിറ്റല്‍ ഹില്ലില്‍ തിങ്ങിനിറഞ്ഞ അമേരിക്കന്‍ ജനത, പക്ഷേ, ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യമുണ്ട്. ലൂഥര്‍ കിങ് കണ്ട ആ സ്വപ്‌നം സഫലീകരിക്കാന്‍ അമേരിക്കക്കു സാധിച്ചിട്ടുണ്ടോ?
മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ പ്രഭാഷണം, കേവലം ഒരു നിയമനിര്‍മാണം ആവശ്യപ്പെട്ടായിരുന്നില്ല. ആഭ്യന്തര യുദ്ധത്തിനു ശേഷം 1863-ല്‍ തന്നെ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതിയിലൂടെ അമരിക്ക അടിമത്തം അവസാനിപ്പിക്കുകയും ആഫ്രിക്കന്‍ വംശജര്‍ക്ക് വോട്ടവകാശം ഉറപ്പുവരുത്തുകയും ചെയ്‌തിരുന്നു. പക്ഷേ, നൂറു വര്‍ഷം പിന്നിട്ടിട്ടും പ്രയോഗതലത്തില്‍ ആഫ്രിക്കന്‍ വംശജര്‍ക്കു നേരെയുള്ള കടുത്ത വിവേചനം നിലനിന്ന സാഹചര്യത്തിലാണ് ലൂഥര്‍ കിങ് ആ മാര്‍ച്ചും പ്രസംഗവും നടത്തിയത്. ഭരണഘടന നല്‍കുന്ന അവകാശം ഒരു `വണ്ടിച്ചെക്ക്' മാത്രമാണെന്നും അതുപയോഗിച്ച് `പണം' നേടിയെടുക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ആ പ്രസംഗത്തില്‍ പറഞ്ഞു. ``കറുത്തവരുടെ ആണ്‍മക്കളും പെണ്‍മക്കളും വെളുത്തവരുടെ ആണ്‍മക്കളും പെണ്‍മക്കളും സഹോദരങ്ങളെ പോലെ കൈകോര്‍ത്തു നടക്കുന്ന ഒരു നാളിനെപ്പറ്റി എനിക്കൊരു സ്വപ്‌നമുണ്ട്'' -വികാരാവേശിതവും മധുരമനോഹരവുമായ വാക്കുകള്‍ ഇന്നും ചരിത്രത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടയില്‍ ലോകം ഒട്ടേറെ മാറിയിട്ടുണ്ട്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ വളരെ പുരോഗമിച്ചിട്ടുണ്ട്. അമേരിക്കയിലും കറുത്തവരോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ട്. എങ്കിലും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് സ്വപ്‌നം കണ്ട കറുത്തവരുടെ പൗരാവകാശങ്ങളുടെ സംസ്ഥാപനം ഇനിയും ബഹുദൂരം അകലെ തന്നെയാണെന്ന് നിലവിലെ അമേരിക്കയുടെ സാമൂഹ്യസ്ഥിതി വിശകലനം ചെയ്‌താല്‍ ബോധ്യമാകും.
വിദ്യാഭ്യാസത്തിന്റെ കാര്യം തന്നെയെടുക്കാം. സ്‌കൂള്‍, കോളെജ് വിദ്യാഭ്യാസം ലഭിച്ചവരുടെ സ്ഥിതി വിവരത്തില്‍ വെളുത്തവരും കറുത്തവരും തമ്മില്‍ ഗുരുതരമായ അന്തരം ഇപ്പോഴും തുടരുന്നു. പൊതു വിദ്യാഭ്യാസ സൗകര്യങ്ങള്‍ വികസിച്ചിട്ടും, കറുത്ത വര്‍ഗക്കാരായ കുട്ടികളില്‍ 15 ശതമാനത്തിന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഇന്നും കിട്ടാക്കനിയാണ്. 1963-ല്‍ കറുത്ത വര്‍ഗത്തില്‍ നാലിലൊന്ന് പേര്‍ക്കു മാത്രമേ ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുണ്ടായിരുന്നുള്ളൂ. അമേരിക്കയുടെ മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ 36 ശതമാനത്തിന് കോളെജ് വിദ്യാഭ്യാസം ലഭിക്കുമ്പോള്‍ ആഫ്രോ അമേരിക്കന്‍ വംശജര്‍ക്ക് 20 ശതമാനം മാത്രമാണത് ലഭിക്കുന്നത്. ഹിസ്‌പാനിക്‌സിന് 14 ശതമാനവും. ദേശീയ തലത്തില്‍ കോളെജ് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലുള്ള വംശീയ അന്തരം 1963-ലെ 6 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 10 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.
അന്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ് തൊഴിലില്ലായ്‌മാ നിരക്ക് വെള്ളക്കാര്‍ക്കിടയില്‍ 5 ശതമാനവും കറുത്തവരില്‍ 10.9 ശതമാനവുമായിരുന്നു. എന്നാല്‍ ഇന്നത് യഥാക്രമം 6.6-ഉം 12.6-മായി വര്‍ധിച്ചിരിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടും കറുത്തവരുടെ തൊഴിലില്ലായ്‌മ കുത്തനെ ഉയരുകയാണെന്നര്‍ഥം. വരുമാനത്തിന്റെ കാര്യത്തില്‍ കറുത്തവരും വെളുത്തവരും തമ്മില്‍ ആറു ശതമാനത്തിന്റെ അന്തരമാണ് ഇന്നു നിലനില്‍ക്കുന്നത്. ഒരു വെള്ളക്കാരന്റെ കുടുംബത്തിന്റെ സമ്പത്ത്, ആഫ്രോ അമേരിക്കനെക്കാള്‍ 20 മടങ്ങും ഹിസ്‌പാനിക്കിനെക്കാള്‍ 18 മടങ്ങും അധികമാണ്!
1963-ല്‍ 2,20,000 തടവുപുള്ളികളാണ് അമേരിക്കയിലുണ്ടായിരുന്നത്. ഇന്നത് 2.3 ദശലക്ഷമായി ഉയര്‍ന്നിരിക്കുന്നു; ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തടവുപുള്ളികള്‍ അമേരിക്കയിലാണ്. ഇക്കാര്യത്തില്‍ വംശീയത വളരെ പ്രകടമാണ്. അമേരിക്കയിലെ സ്റ്റേറ്റ്, ഫെഡറല്‍ ജയിലുകളില്‍ അടയ്‌ക്കപ്പെട്ടവരില്‍ 38 ശതമാനവും കറുത്ത വര്‍ഗക്കാരാണ്. അതായത് 1963-ലെ മൊത്തം തടവുപുള്ളികളുടെ മൂന്ന് മടങ്ങ് വരുമിത്. അതേസമയം, ജനസംഖ്യയുടെ 14 ശതമാനം മാത്രമാണ് ആഫ്രോ അമേരിക്കന്‍ വംശജര്‍. ഇക്കണക്കിനു പോയാല്‍ കറുത്ത വര്‍ഗക്കാരില്‍ മൂന്നു പേരില്‍ ഒരാള്‍ എന്ന തോതില്‍ ജയിലിലടക്കപ്പെടുന്ന ഗതിയാകും.
രാജ്യത്തെ 44 മില്യന്‍ വരുന്ന കറുത്ത വര്‍ഗക്കാരില്‍ നാലിലൊന്ന് ഇന്ന് ദരിദ്രരാണ്. മൂന്നില്‍ ഒരാള്‍ എന്ന തോതില്‍ കറുത്ത വര്‍ഗക്കാരായ കുട്ടികള്‍ ദാരിദ്ര്യരേഖക്കു താഴെ ജീവിക്കുന്നു. 2010-ലെ കണക്കു പ്രകാരം 26.6 ശതമാനം ഹിസ്‌പാനിക്കുകളും ദരിദ്രരാണ്. കറുത്ത വര്‍ഗക്കാരുടെ ജനസംഖ്യയുടെ ഭൂരിപക്ഷവും 18 വയസ്സില്‍ താഴെയുള്ളവരാണെന്ന് 2008-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കില്‍, കറുത്ത വംശജരുടെ പുതു തലമുറയുടെ മഹാഭൂരിപക്ഷവും ദരിദ്രരും തൊഴില്‍രഹിതരും അസ്വതന്ത്രരുമാണെന്ന് പറയേണ്ടിവരും.
ഈ പൊള്ളുന്ന സത്യങ്ങള്‍ക്കൊപ്പം കറുത്തവരില്‍ പെടുന്ന ഒരു വിഭാഗം മാല്‍കം എക്‌സിന്റെ പിന്‍മുറക്കാരായ മുസ്‌ലിംകളാണെന്ന വസ്‌തുത കൂടി പരിഗണിക്കണം. സപ്‌തംബര്‍ 11-നു ശേഷം സംശയത്തിന്റെ നിഴലില്‍ ജീവിക്കുകയും ദേശദ്രോഹമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നവര്‍ കറുത്ത വര്‍ഗക്കാരായ മുസ്‌ലിംകളാണ്. ഇനി പറയൂ, മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ സ്വപ്‌നം അമേരിക്കയില്‍ എത്ര അളവ് പുലര്‍ന്നിട്ടുണ്ട്?
0 comments: