വയനാടിന്‌ തൗഹീദിന്റെ വെളിച്ചം പകര്‍ന്ന വയോധിക പണ്ഡിതന്‍

  • Posted by Sanveer Ittoli
  • at 9:21 AM -
  • 0 comments

വയനാടിന്‌ തൗഹീദിന്റെ വെളിച്ചം പകര്‍ന്ന വയോധിക പണ്ഡിതന്‍

ഡോ. മുസ്‌തഫ ഫാറൂഖി


ത്യാഗനിര്‍ഭരമായ ഓര്‍മകള്‍ ബാക്കിവെച്ച്‌ പ്രമുഖ പണ്ഡിതന്‍ കെ ഹൈദര്‍ മൗലവി അല്ലാഹുവിലേക്ക്‌ യാത്രയായി. 2013 സെപ്‌തംബര്‍ 10-ന്‌, തൊണ്ണൂറ്റി രണ്ടാം വയസ്സിലാണ്‌ അന്ത്യം. താനാളൂര്‍ സ്വദേശിയായ മൗലവി കോട്ടുമ്മല്‍ പരീദിന്റെയും ആയിശയുടെയും മകനാണ്‌. പൊന്മുണ്ടം പള്ളിദര്‍സില്‍ പഠനം. കെ എന്‍ എം ജനറല്‍ സെക്രട്ടറിയായിരുന്ന കെ പി മുഹമ്മദ്‌ മൗലവിയുടെ സഹപാഠിയായിരുന്നു.
1940-കളില്‍ സന്ദര്‍ശനാര്‍ത്ഥം വയനാട്ടിലെത്തിയ ഹൈദര്‍ മൗലവി പില്‍ക്കാലത്ത്‌ ഒരു നാടിന്റെ സര്‍വതോമുഖമായ മാറ്റത്തിനും ഉണര്‍വിനും നിമിത്തമാകുകയായിരുന്നു. മുട്ടില്‍ ജുമാമസ്‌ജിദില്‍ ഇമാമായി സേവനം ആരംഭിച്ചു. അതിശൈത്യവും കോടമഞ്ഞും നിറഞ്ഞ അന്നത്തെ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച്‌ നീണ്ട ഏഴുപതിറ്റാണ്ടുകാലം മതപ്രബോധന വീഥിയില്‍ മൗലവി നേതൃപരമായ പങ്കുവഹിച്ചു. നിര്‍ധനരും നിരക്ഷരരുമായ അന്നത്തെ ഗ്രാമീണ ജനതയെ പടിപടിയായി വളര്‍ത്തിക്കൊണ്ടുവരുന്നതിന്‌ മൗലവി സഹിച്ച ത്യാഗാനുഭവങ്ങള്‍ അനിതരമാണ്‌. ദീര്‍ഘ വീക്ഷണത്തോടെയുള്ള സമീപനത്തിലൂടെ മൂന്ന്‌ തലമുറക്ക്‌ ഗുരുവായി അദ്ദേഹം.
അക്കാലത്ത്‌ പള്ളിയില്‍ നടന്നിരുന്ന കുത്തുറാത്തീബ്‌, വെള്ളിയാഴ്‌ച രാവില്‍ നടക്കുന്ന സ്വലാത്ത്‌ ഹല്‍ഖ തുടങ്ങിയ അനാചാരങ്ങള്‍ തന്ത്രപരമായ ഇടപെടലിലൂടെ മൗലവി അവസാനിപ്പിച്ചു. നബിതിരുമേനി സ്വഹാബികള്‍ക്ക്‌ പഠിപ്പിച്ച സ്വലാത്തിന്റെ പദങ്ങള്‍ കുട്ടികളെ പരിശീലിപ്പിച്ചാണ്‌ ഇത്‌ ചെയ്‌തത്‌. ജുമുഅഃ ഖുത്വുബ അറബിയും മലയാളവും ഇടകലര്‍ത്തി നിര്‍വ്വഹിക്കുകയായിരുന്നു മൗലവിയുടെ ആദ്യകാലരീതി.
ഈ പരിഷ്‌കരണത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ്‌ പ്രദേശത്തെ പൗരപ്രധാനിയായ നീലിക്കണ്ടി കുഞ്ഞിപ്പോക്കര്‍ഹാജി മൗലവിയെ അടുത്തറിയുന്നത്‌. തൗഹീദിന്റെ അമരവെളിച്ചം ഉള്ളിലൊതുക്കി കഴിയുന്ന അദ്ദേഹത്തിന്‌ മൗലവിയുടെ ആഗമനം വലിയൊരു തുണയായി. അതോടെ തൊട്ടടുത്ത പ്രദേശമായ കുട്ടമംഗലത്ത്‌ മുജാഹിദ്‌ മഹല്ല്‌ രൂപപ്പെടുകയായിരുന്നു. കുട്ടമംഗലം ഗ്രാമത്തിന്റെ ശില്‍പി കുഞ്ഞിപ്പോക്കര്‍ ഹാജിയും അവിടത്തെ മുജദ്ദിദ്‌ ഹൈദര്‍ മൗലവിയുമാണ്‌. വയനാട്ടില്‍ ഏറ്റവുമധികം സര്‍ക്കാര്‍ ജോലിക്കാരുള്ള മഹല്ല്‌ കുട്ടമംഗലം ആയതിന്റെ പിന്നില്‍ ഇരുവരുടെയും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ട്‌. പോക്കര്‍ ഫാറൂഖിയുടെയും അലി മാസ്റ്ററുടെയും സഹകരണവും കാര്യങ്ങള്‍ ലക്ഷ്യപ്രാപ്‌തിയിലെത്തിച്ചു.
ഓലമേഞ്ഞ കുടിലുകളില്‍ ഖുര്‍ആന്‍ ക്ലാസ്‌ നടത്തുന്നതിന്‌ മങ്ങിയ റാന്തല്‍ വിളക്കുമായി എത്തുന്ന ഉസ്‌താദും സഹപ്രവര്‍ത്തകരും എന്റെ ബാല്യകാലത്തെ തെളിച്ചമുള്ള ഓര്‍മയാണ്‌. ഫക്കീര്‍ മുഹമ്മദ്‌ ഹാജി, മൂക്കോത്ത്‌ അബ്‌ദുറഹിമാന്‍ കുട്ടി, കെ വി. ഇബ്രാഹിം, ടി.പി. മൊയ്‌തീന്‍, അത്ത അബ്‌ദുറഹിമാന്‍ തുടങ്ങിയവരെല്ലാം ആ സംഘത്തിലുണ്ടായിരുന്നു.
വിദ്യാഭ്യാസ രംഗത്തെ മൗലവിയുടെ കാഴച്‌പ്പാടിന്റെ തെളിവാണ്‌ പ്രദേശത്തെ സമര്‍ഥരും നിര്‍ധനരുമായ വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിന്‌ അയക്കാന്‍ കാണിച്ച ഔത്സുക്യം. 1965-ല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തീരെ അപര്യാപ്‌തമായ കാലത്ത്‌ അഞ്ചു വിദ്യാര്‍ത്ഥികളെ അക്കാലത്തെ പ്രധാന മുജാഹിദ്‌ സ്ഥാപനമായ തിരൂരങ്ങാടി യതീംഖാനയിലേക്ക്‌ മൗലവി സ്വന്തം ചെലവില്‍ അയച്ചു.
രാവിലെ പാല്‍കറന്ന്‌ അങ്ങാടിയില്‍ എത്തിക്കുകയും തുടര്‍ന്ന്‌ മദ്രസ്സയിലേക്ക്‌ ഒന്നര കിലോമീറ്റര്‍ നടന്ന്‌ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും ളുഹ്‌ര്‍ ജമാഅത്തിന്‌ വീണ്ടും നടന്ന്‌ പള്ളിയിലെത്തുകയും ചെയ്യുന്ന മൗലവി പഴമക്കാര്‍ക്ക്‌ ദീപ്‌തമായ ഓര്‍മയാണ്‌. അതിനിടെ വഴിയോരത്ത്‌ കാണുന്ന എല്ലാവരും മൗലവിക്ക്‌ സ്വന്തക്കാര്‍ തന്നെ.
ലളിതജീവിതം മരണം വരെയും അദ്ദേഹം തുടര്‍ന്നു. അന്യായമായി ഒന്നും അനുഭവിക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പൊതുമുതല്‍ ചൂഷണം ചെയ്യരുതെന്ന്‌ അദ്ദേഹം താക്കീത്‌ ചെയ്‌തു. വീട്ടില്‍ വൈദ്യുതി എത്തിയകാലം. മീറ്റര്‍റീഡിംഗ്‌ കാണിക്കാതെ വീട്ടില്‍ ബള്‍ബുകള്‍ കത്തുന്നത്‌ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ഈ സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം പാടില്ലെന്നതിനാല്‍ മെയിന്‍സ്വിച്ച്‌ ഓഫാക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. കുട്ടികള്‍ക്ക്‌ പരീക്ഷാകാലമായിട്ടും അനര്‍ഹമായത്‌ ഉപയോഗിക്കാന്‍അദ്ദേഹത്തിന്റെ ഈമാന്‍ അനുവദിച്ചില്ല.
നല്ലൊരു കര്‍ഷകനായിരുന്നു മൗലവി. തന്റെ കൃഷിയിടത്തില്‍ അദ്ദേഹം തന്നെയായിരുന്നു അധ്വാനിക്കാറ്‌. പുരയിടത്തിലെ തിങ്ങിനിറഞ്ഞ ഫലവൃക്ഷങ്ങള്‍ ചൂണ്ടിക്കാട്ടി ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: ``ഇതെല്ലാം നട്ടുവളര്‍ത്തിയത്‌ ഞാന്‍ തന്നെയാണ്‌. ഈ വാര്‍ധക്യത്തില്‍ ഇതനുഭവിക്കാന്‍ കഴിയുമ്പോള്‍ തികഞ്ഞ സന്തോഷം തോന്നുന്നു.'' നെല്‍കൃഷിക്ക്‌ രാസവളം സൗജന്യമായി കിട്ടിയ സന്ദര്‍ഭം. വളമെത്തുമ്പോഴേക്കും നെല്ല്‌ പാകമായിരുന്നു. വളം മറ്റു കൃഷിക്ക്‌ ഉപയോഗിക്കാമെന്നായി നാട്ടുകാര്‍. എന്നാല്‍, സര്‍ക്കാര്‍ നെല്ലിനാണ്‌ വളം നല്‍കിയത്‌ എന്നും മറ്റു കൃഷികള്‍ക്കല്ലെന്നും മൗലവി. ഒടുവില്‍ വളം കൃഷി ഓഫീസില്‍ എത്തിച്ചിട്ടേ മൗലവി അടങ്ങിയിരുന്നുള്ളൂ.
വയനാട്ടിലെ ഇസ്‌ലാഹീപ്രസ്ഥാനം മൗലവിയോട്‌ കടപ്പെട്ടിരിക്കുന്നു. ജില്ലയിലെ പള്ളികളും അനുബന്ധ സ്ഥാപനങ്ങളും മൗലവിയുടെ പ്രചോദനത്തിന്റെയും സ്വാധീനത്തിന്റെയും അടയാളങ്ങളാണ്‌. താന്‍ പാലൂട്ടി വളര്‍ത്തിയ മുജാഹിദ്‌പ്രസ്ഥാനത്തിലെ പിളര്‍പ്പ്‌ അദ്ദേഹത്തെ കരയിച്ചു. പിളര്‍പ്പിന്‌ നേതൃത്വം നല്‍കിയവരെ അദ്ദേഹം ടെലഫോണില്‍ വിളിച്ചു അമര്‍ഷം അറിയിക്കുകയും ഇത്‌ മൂലമുണ്ടാകുന്ന ഗുരുതരമായ ഭവിഷ്യത്തുകളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തു.
ജാതിഭേദമന്യേ എല്ലാവര്‍ക്കും മൗലവി വഴികാട്ടിയായി. എല്ലാവരുടെയും ഉസ്‌താദ്‌ ആയിരുന്നു അദ്ദേഹം. പുത്രസമാനമായ വാത്സല്യമായിരുന്നു എന്നോട്‌ പ്രകടിപ്പിച്ചത്‌. കൂടുതല്‍ ദിവസം കാണാതായാല്‍ പരിതപിക്കുമായിരുന്നു. മൗലവിയോട്‌ ആര്‍ക്കും പരാതിയുണ്ടായില്ല. ആരും അദ്ദേഹത്തെ വെറുത്തില്ല. സ്‌ഫടിക സമാനമായ വ്യക്തിത്വമാണ്‌ അദ്ദേഹം കാത്തു സൂക്ഷിച്ചത്‌.
മൗലവിയെപോലുള്ള പ്രകാശഗോപുരങ്ങളാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ കേരളത്തില്‍ സ്വാധീനമുണ്ടാക്കിയത്‌. തിരൂരങ്ങാടിയില്‍ കെ.എം. മൗലവിയും അരീക്കോട്ട്‌ അബ്‌ദുസ്സലാം മൗലവിയും എടവണ്ണയില്‍ അലവി മൗലവിയും കടവത്തൂരില്‍ എടപ്പാറ കുഞ്ഞഹമ്മദ്‌ മൗലവിയും വാഴക്കാട്ട്‌ എം.ടി.അബ്‌ദുറഹിമാന്‍ മൗലവിയും മലപ്പുറത്ത്‌ ഇസ്‌ഹാഖ്‌ മൗലവിയും ചെയ്‌തതുപോലുള്ള നിഷ്‌കളങ്കമായ പ്രവര്‍ത്തനങ്ങളാണ്‌ വയനാട്ടില്‍ ഹൈദര്‍ മൗലവി നിര്‍വഹിച്ചത്‌. 
ഉസ്‌താദിന്റെ ഏറ്റവും വലിയ സൗഭാഗ്യം അദ്ദേഹം വളര്‍ത്തിയെടുത്ത സംസ്‌കാരസമ്പന്നരായ മക്കള്‍ ആണ്‌. പത്തുപേര്‍. എല്ലാവരും അഫ്‌ദലുല്‍ ഉലമാ ബിരുദം നേടിയവര്‍. എല്ലാവരും അധ്യാപകരും സംഘടനാ പ്രവര്‍ത്തകരും. ഭാര്യ പരേതയായ സൈനബ. മക്കള്‍: മൈമൂന, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി (കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി), ജമീല, അബ്‌ദുല്‍ ബാരി, ബുഷ്‌റ, ഖലീലുറഹ്‌മാന്‍, സ്വാലിഹ്‌, സനിയ്യ, അബ്‌ദുസ്സലാം (ഐ എസ്‌ എം സംസ്ഥാന ട്രഷറര്‍), നിഅ്‌മത്തുല്ല സഹ്‌ല്‍. 
നാഥാ ഞങ്ങളുടെ വന്ദ്യഗുരുനാഥന്‌ നീ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കേണമേ. 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: