വഴിമാറുന്ന പ്രബുദ്ധത വഴിയില്‍ പൊലിയുന്ന ജീവന്‍

  • Posted by Sanveer Ittoli
  • at 9:13 AM -
  • 0 comments

വഴിമാറുന്ന പ്രബുദ്ധത വഴിയില്‍ പൊലിയുന്ന ജീവന്‍




ഇന്ത്യയില്‍ ആദ്യമായി നൂറുശതമാനം (പേരിനെങ്കിലും) സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമാണ്‌ കേരളം. കേവല സാക്ഷരതയല്ല, വിദ്യാഭ്യാസ വ്യാപനവും ബൗദ്ധിക കയറ്റുമതിപോലും നാം നടത്തുന്നു. ആരോഗ്യരംഗത്തും വലിയ നേട്ടങ്ങള്‍ കൈവരിച്ച ഈ കൊച്ചു സംസ്ഥാനം ഇതര സംസ്ഥാനങ്ങളില്‍ നിന്ന്‌ വേറിട്ടുനില്‌ക്കുന്നു.
ഇതെല്ലാം കൂടി ഒറ്റവാക്കില്‍ ഒതുക്കി പ്രബുദ്ധ കേരളം എന്ന്‌ നാം വ്യവഹരിക്കുന്നു. മലയാളികളില്ലാത്ത ഒരു കോണും ലോകത്തിലില്ല എന്നതും നേരാണ്‌. എന്നാല്‍ ആത്മവിശ്വാസത്തിലും സ്വത്വബോധത്തിലും സ്വയം മനസ്സിലാക്കുന്ന കാര്യത്തിലും സക്രിയമായ സാമൂഹികബോധത്തിലും നമ്മുടെ പ്രബുദ്ധത വഴിമാറി നീങ്ങുന്നുവോ എന്ന്‌ സംശയിക്കാവുന്ന പല കാര്യങ്ങളും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഉത്തരേന്ത്യയില്‍ പലപ്പോഴും കേട്ടുവരാറുള്ള `വോട്ടു ജന്മിത്തം' കേരള രഷ്‌ട്രീയത്തിലില്ലാത്തതിനാല്‍ ഭരണം മാറിമാറി വരുന്നു. എന്നാല്‍ അതിന്റെ മറുവശമായ ജനാധിപത്യ ഉദാരീകരണത്തിന്റെ കെടുതികള്‍ ഏറെ അനുഭവിക്കുന്നതും കേരളീയര്‍ തന്നെയാണെന്നു തോന്നുന്നു. ഉത്‌പാദന മേഖല തറനിലവാരത്തില്‍ നിന്നുയരാത്ത, ഉപഭോക്തൃ സംസ്ഥാനമായ, കേരളത്തിന്റെ പ്ലസ്‌പോയന്റ്‌ വിദേശത്തൊഴിലാളി വരുമാനമാണെങ്കില്‍ നമ്മുടെ മൈനസും ചിലപ്പോഴെങ്കിലും അതുതന്നെയാണെന്നു പറയേണ്ടിവരുന്ന അവസ്ഥയാണുള്ളത്‌.
മലപ്പുറം മരവിച്ച, കേരളം നടുങ്ങിയ, റോഡപകടവാര്‍ത്തകള്‍ തുടര്‍ച്ചയായി വന്ന പശ്ചാത്തലത്തിലാണ്‌ മേല്‍ സൂചിപ്പിച്ച സാമൂഹികചിന്ത ഉണര്‍ത്തുന്നത്‌. പത്തുദിവസംകൊണ്ട്‌ ഒരു ജില്ലയില്‍ മാത്രം ഇരുപത്തി ഏഴ്‌ ജീവനാണ്‌ നടുറോട്ടില്‍ പിടഞ്ഞുവീണത്‌. അതിനെക്കാള്‍ ദൂരവ്യാപക ദുരന്തംപേറി പരുക്കുപറ്റിയ നൂറുകണക്കിനാളുകളും അവരുടെ ബന്ധുക്കളും ആതുരാലയങ്ങളില്‍ കഴിഞ്ഞുകൂടുന്നു. വാഹനാപകടങ്ങള്‍ സംഭവിക്കുക സാധാരണമാണ്‌, അതിലിത്ര കാര്യമെന്തിരിക്കുന്നു എന്ന ഒരുതരം നിസ്സംഗത സമൂഹത്തെ പിടികൂടിയോ എന്ന്‌ ചിലപ്പോള്‍ തോന്നിപ്പോകാറുണ്ട്‌. എന്നാല്‍ മലപ്പുറം ജില്ലയിലെ താനൂരില്‍ ഒരു കുടുംബത്തിലെ ഏഴുപേരെ ബസ്സിടിച്ചു കൊന്നപ്പോള്‍ ഇളകിയ ജനരോഷവും അത്‌ തണുപ്പിച്ച ഉത്തരവാദപ്പെട്ടവരുടെ നീക്കവും ശ്രദ്ധേയമായിരുന്നു. അതിന്റെ നടുക്കത്തില്‍നിന്ന്‌ രക്ഷപ്പെടുന്നതിനു മുന്‍പായി പെരിന്തല്‍മണ്ണക്കടുത്ത മേല്‍ക്കുളങ്ങരയിലും അപകടം നടന്നപ്പോള്‍ മനസ്സാക്ഷിയുള്ളവരെല്ലാം ആലോചിച്ചു; ഇതിനൊരറുതിയില്ലേ? ഇത്തരം ദുരന്തങ്ങള്‍ യാദൃച്ഛികമാണോ? ഇതിലാര്‍ക്കെങ്കിലും ഉത്തരവാദിത്തമുണ്ടോ? ഇതു നിയന്ത്രിക്കാന്‍ ഒരു മാര്‍ഗവുമില്ലേ?
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ജനനിബിഡവും ജനസാന്ദ്രവുമാണ്‌ കേരളം. കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച്‌ ജനവാസമില്ലാത്ത ഒഴിഞ്ഞ ഭൂമി ഇല്ല എന്നുതന്നെ പറയാം. വേണമെന്ന്‌ തോന്നുന്നിടത്തൊക്കെ റോഡുണ്ടാക്കാന്‍ സാധിക്കില്ല എന്നര്‍ഥം. ഭൂമി ഒരിഞ്ചുപോലും വര്‍ധിക്കാതെ, നിരത്തുകളുടെ സൗകര്യം ഒട്ടും വര്‍ധിക്കാതെ ദിനേന നൂറുകണക്കിന്‌ വാഹനങ്ങള്‍ നിരത്തിലിറങ്ങിക്കൊണ്ടിരിക്കുന്നു. ഇതൊരു സത്യമാണ്‌. കാലത്തിനനുസരിച്ച്‌ ഒഴിവാക്കാനാവാത്ത സംഗതികൂടിയാണ്‌. ഈ രണ്ട്‌ യാഥാര്‍ഥ്യങ്ങളും യോജിപ്പിച്ചുകൊണ്ടുപോവുക എന്നതാണല്ലോ വിവേകം. അതിനു വേണ്ടിയാണല്ലോ ആസൂത്രണം. അതിനുവേണ്ടിതന്നെയാണ്‌ നിയമങ്ങളും നിയന്ത്രണങ്ങളും. നമ്മുടെ സമൂഹത്തിന്റെ സുരക്ഷയ്‌ക്കു വേണ്ടി നാം തന്നെ നിര്‍മിച്ച നിയമങ്ങളും ചട്ടങ്ങളും നാം തന്നെ പാലിക്കാതിരിക്കുന്നു എന്നതുമാത്രമാണ്‌ ഇന്ന്‌ നമ്മുടെ ദുര്യോഗം.
ദുരന്തമുണ്ടാകുമ്പോള്‍ കണ്ണുമിഴിക്കുകയും അല്‌പംകഴിഞ്ഞ്‌ വീണ്ടും ഉറക്കത്തിലേക്ക്‌ നീങ്ങുകയും ചെയ്യുന്ന പ്രകൃതമുള്ളവരാണ്‌ ഭരണം നിയന്ത്രിക്കുന്നത്‌. ഭരണം നടത്തുന്നവരാകട്ടെ പണത്തിനു മുന്നില്‍ നിയമം കാണാന്‍ കഴിയാത്തവരാണ്‌. വാഹനഉടമകളും തൊഴിലാളികളും പണമുണ്ടാക്കണം എന്നതിലപ്പുറം ആരോടും ഒരു പ്രതിബദ്ധതയുമില്ലാത്തവരുമാണ്‌. ഇതിനിടയില്‍ കഷ്‌ടപ്പെടുന്നത്‌ സാധാരണക്കാരായ പ്രജകളും. റോഡ്‌ നിയമങ്ങളും വാഹന നിയന്ത്രണ നിയമങ്ങളും നമ്മുടെ നാട്ടില്‍ എമ്പാടുമുണ്ട്‌. ആവശ്യം വരുമ്പോള്‍ പ്രത്യേക നിയമങ്ങളും ഉണ്ടാക്കാറുണ്ട്‌. വാഹനാപകടങ്ങള്‍ തടയുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച റോഡ്‌ സേഫ്‌റ്റി അതോറിറ്റി ഇതിനുദാഹരണമാണ്‌. റോഡ്‌ സുരക്ഷയ്‌ക്കായി വാഹനങ്ങളില്‍ നിന്ന്‌ കോടിക്കണക്കിന്‌ രൂപ സമാഹരിക്കുന്നുമുണ്ട്‌. പക്ഷേ, ഈ രംഗത്ത്‌ നടപടി പോയിട്ട്‌, ഒരു മുഴുസമയ ചെയര്‍മാനെ നിശ്ചയിച്ച്‌ അതോറിറ്റി പ്രവര്‍ത്തനംപോലും ഇതുവരെ നടത്തിയിട്ടില്ല.
ഒരു ദുരന്തം നടന്ന്‌ നാട്‌ വിറങ്ങലിച്ച്‌ നില്‌ക്കുമ്പോള്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും അവിടെ പാഞ്ഞെത്തുന്നു. കുറെ പ്രഖ്യാപനങ്ങള്‍ നടത്തി പിരിഞ്ഞുപോകുന്നു. മരിച്ചവരുടെ കുടുംബത്തിന്‌ ധനസഹായം, പരിക്കേറ്റവര്‍ക്ക്‌ സൗജന്യ ചികിത്സ, സംഭവത്തെപ്പറ്റി അന്വേഷണം, കുറ്റക്കാര്‍ക്ക്‌ ശിക്ഷ, സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ചില നടപടിക്ക്‌ ശിപാര്‍ശ... പക്ഷേ അവ കര്‍മപഥത്തില്‍ വന്നുവോ എന്ന്‌ ആരും നോക്കാറില്ല. ഉദാഹരണത്തിന്‌ അടിയന്തിരാവശ്യം വരുമ്പോള്‍ തുറക്കാവുന്ന പ്രത്യേകവാതില്‍ ഓരോ ബസിലും വേണമെന്ന്‌ 1988-ല്‍ നിയമമുണ്ടാക്കി. ഫസ്റ്റ്‌ എയ്‌ഡ്‌ ബോക്‌സ്‌ പോലെ എമര്‍ജന്‍സി എക്‌സിറ്റ്‌ എന്ന്‌ എഴുതിയ സ്റ്റിക്കറല്ലാതെ, തുറക്കാവുന്ന ഒരു ജനല്‍ പോലും തല്‍സ്ഥാനത്ത്‌ ബസുകളില്‍ കാണാറില്ല. ആര്‍ക്കുവേണ്ടിയാണ്‌ നിയമം? നിയമം പാലിക്കപ്പെട്ടില്ലെങ്കില്‍ ആരുനോക്കാന്‍? ഈ അവസ്ഥയാണ്‌ ഇന്നാട്ടിലെ ഏറ്റവും വലിയ സാമൂഹ്യദുര്യോഗം. വാഹനം റോഡിലിറക്കുന്നത്‌ ഓട്ടമത്സരത്തിനാണെന്നു തോന്നും, പ്രത്യേകിച്ച്‌ ബസ്സുകള്‍. ലക്കും ലഗാനുമില്ലാത്ത ഈ ഓട്ടമത്സരമാണ്‌ വലിയതോതില്‍ റോഡപകടങ്ങള്‍ക്ക്‌ കാരണമാകുന്നത്‌. കലക്‌ഷന്‍ കൂടിയാല്‍ ബത്ത കൂടുതല്‍ കിട്ടും. അതിന്‌ മറ്റുള്ളവയെ അതിവേഗം മറികടക്കണം. കാരണം ബസുകള്‍ തമ്മിലുള്ള സമയവ്യത്യാസം വളരെ നേര്‍ത്തതാണ്‌. ഇതാണ്‌ ഓട്ടമത്സരത്തിന്റെ കാരണം. ഇവിടെ ബസ്സുടമകളും ട്രാന്‍സ്‌പോര്‍ട്ട്‌ അധികൃതരും ഒരുപോലെ കുറ്റക്കാരാണ്‌. വാഹനപ്പെരുപ്പം മൂലം വഴി തടസ്സപ്പെടുക സ്വാഭാവികം. അതനുസരിച്ച്‌ ഓരോ റൂട്ടിലും ഓടിയെത്തേണ്ട സമയക്രമത്തിലും മാറ്റം വരുത്തേണ്ടിവരും. ഇതൊന്നും ശ്രദ്ധിക്കാതെ പണവും സൗകര്യവുമുള്ളവര്‍ക്ക്‌ ഇഷ്‌ടംപോലെ പെര്‍മിറ്റ്‌ കൊടുക്കുന്ന രീതി റോഡപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു.
ബസ്സുകളുടെ മത്സരയോട്ടവും അതിനായി സ്വീകരിക്കുന്ന അമിതവേഗവും നിയന്ത്രിക്കാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ്‌ വേഗനിയന്ത്രണ യന്ത്രവും ഘടിപ്പിച്ച്‌ അമിതവേഗം തടയിടുക എന്നത്‌. അത്‌ കേരളത്തില്‍ നടപ്പാക്കിയിട്ട്‌ വര്‍ഷങ്ങളായി. മറ്റെല്ലാ നിയമങ്ങളുമെന്നപോലെ സ്‌പീഡ്‌ ഗവര്‍ണര്‍ സ്ഥാപിക്കണമെന്ന നിയമവും കാറ്റില്‍ പറന്നു. പലരും യന്ത്രം കേടാക്കി. ചിലര്‍ എടുത്തുമാറ്റി. അനിയന്ത്രിതമായി ഓട്ടമത്സരം തുടങ്ങി. മലപ്പുറം ജില്ലയില്‍ അടുത്തടുത്ത ദിവസങ്ങളിലുണ്ടായ ദാരുണമായ റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനം ഒന്നുകൂടി മിഴി തുറന്നു. വാഹനപ്പരിശോധന തുടങ്ങി. ഫിറ്റ്‌ അല്ലാത്തവയുടെ പെര്‍മിറ്റ്‌ റദ്ദാക്കാന്‍ തുടങ്ങി. സ്വാഭാവികമായ പ്രതികരണം.
കേരളീയരുടെ അവകാശമായ സമരഖണ്ഡം പുറത്തെടുത്ത്‌ ബസ്സുടമകള്‍ രംഗത്ത്‌. നിയമം പാലിക്കണമെന്ന്‌ സര്‍ക്കാര്‍ പറഞ്ഞാല്‍ തങ്ങള്‍ ബസ്സുകള്‍ റോഡിലിറക്കില്ലെന്ന്‌ പ്രഖ്യാപിച്ചും അനിശ്ചിതകാലസമരം! എന്തൊരു ധാര്‍ഷ്‌ട്യം! ധിക്കാരം! നടുറോഡില്‍ കിടക്കുന്ന ചേതനയറ്റ, രക്തം പുരണ്ട, മയ്യിത്തുകളോടുള്ള മാനുഷികമായ ആദരവുപോലും പ്രകടിപ്പിക്കാത്ത മുതലാളിമാരുടെ താന്തോന്നിത്തം പക്ഷേ ജനം അംഗീകരിച്ചില്ല. സ്ഥലകാലബോധം വന്ന മുതലാളിമാരുടെ അനിശ്ചിതകാലം കാല്‍ദിവസത്തിലൊതുങ്ങി. സമരമെന്ന ആയുധം പ്രയോഗിക്കാവുന്നതെപ്പോള്‍ എന്നുള്ള സാമാന്യബോധം പോലുമില്ലാതെ രംഗത്തിറങ്ങാന്‍ ഇവരെ പ്രേരിപ്പിക്കുന്ന ചേതോവികാരമാണ്‌ നാം ശ്രദ്ധിക്കേണ്ടത്‌. പണംകൊടുത്ത്‌ എല്ലാവരെയും വരുതിക്ക്‌ നിര്‍ത്തിയിരിക്കുന്നവര്‍ക്ക്‌ എന്തും ആവാമെന്ന തോന്നല്‍. അതാണ്‌ വസ്‌തുത. ഇത്തരം രംഗങ്ങളിലാണ്‌ യഥാര്‍ഥത്തില്‍ ഒരു സമൂഹത്തിന്റെ പ്രബുദ്ധത കാണേണ്ടത്‌.
എല്ലാവരും ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്‌. ഒരാള്‍ ബസ്സ്‌ വാങ്ങി റോട്ടിലിറക്കുന്നത്‌ അയാള്‍ക്ക്‌ പണമുണ്ടാക്കാന്‍ വേണ്ടിയാണ്‌. സംശയമില്ല. പക്ഷേ, വാഹനം ഒരു സ്ഥാപനമാണ്‌. പൊതുജനത്തിനുള്ള സേവനം കൂടിയാണ്‌ തന്റെ വാഹനം. ബസ്സില്‍ പണിയെടുക്കുന്ന തൊഴിലാളി ജോലി ചെയ്യുന്നത്‌ തന്റെ കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ്‌, തീര്‍ച്ച. അതോടൊപ്പം താന്‍ സമൂഹസേവനമാണ്‌ ചെയ്യുന്നത്‌ എന്ന ബോധം കൂടി അയാള്‍ക്കുണ്ടാവണം. പണക്കാരും പണിക്കാരും ജനങ്ങളും എല്ലാവരും കാണിക്കുന്ന സഹകരണവും പാരസ്‌പര്യവുമാണ്‌ സാമൂഹിക ബോധമെന്നു പറയുന്നത്‌.
സാമൂഹികബോധം സാമൂഹിക പ്രബുദ്ധതയും ധാര്‍മികതയും ഒത്തുചേരുന്നിടത്ത്‌ ജീര്‍ണത ഇല്ലാതായിത്തീരുന്നു. സ്വാര്‍ഥതയ്‌ക്കും പണക്കൊതിക്കും വഴിമാറുമ്പോള്‍ സമൂഹം ദുഷിക്കുന്നു. മാനവികതയ്‌ക്ക്‌ ഏറെ വിലകല്‌പിക്കുന്ന മതങ്ങള്‍ പഠിപ്പിക്കുന്ന മൂല്യങ്ങള്‍ ശ്രദ്ധേയമാവുന്നതും ഇവിടെയാണ്‌. കേവലം പൂജാകര്‍മങ്ങളോ ചില അനുഷ്‌ഠാനങ്ങളോ അല്ല. സാമൂഹിക പ്രതിബദ്ധതയ്‌ക്ക്‌ ഏറെ വില കല്‌പിച്ച മുഹമ്മദ്‌ നബി(സ)യുടെ ഒരു ഉപദേശം സാന്ദര്‍ഭികമായി ഓര്‍മപ്പെടുത്തട്ടെ. 
സത്യസന്ധനും വിശ്വസ്‌തനുമായ ഒരു കച്ചവടക്കാരന്‍ ദൈവമാര്‍ഗത്തില്‍ കഠിനാധ്വാനം ചെയ്യുന്ന ധീര മുജാഹിദിനെപ്പോലെയാണ്‌. പൊതുവാഹനങ്ങളും ഇത്തരം ഒരു ഘടകംതന്നെയാണെന്നോര്‍ക്കുക. മാത്രമല്ല, തന്റെ അശ്രദ്ധമൂലം ഒരു ജീവന്‍ നഷ്‌ടപ്പെടേണ്ടിവന്നാല്‍ ജീവിതമാസകലം തീരാ ദു:ഖമായി ആ കളങ്കം അവശേഷിക്കുന്നു, മനസ്സാക്ഷിയുണ്ടെങ്കില്‍.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: