ശബാബ് കത്തുകള്‍ 2013_sept_13

  • Posted by Sanveer Ittoli
  • at 8:38 PM -
  • 0 comments

ശബാബ് കത്തുകള്‍ 2013_sept_13

കത്തുകള്‍

സിറിയ നമ്മെ അസ്വസ്ഥപ്പെടുത്തണം

സിറിയയിലെ ഒരോ നിലവിളിയും അസ്വസ്ഥപ്പെടുത്തുന്നത്‌ ലോക മനസ്സാക്ഷിയെയാണ്‌. ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരെന്ന്‌ സ്വയം അവകാശപ്പെടുന്ന അമേരിക്ക, ഈജിപ്‌തിലും സിറിയയിലും സ്വീകരിക്കുന്ന നിലപാട്‌ ഇരട്ടത്താപ്പാണ്‌. സുന്നി-ശീഅ വൈജാത്യങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടി സമര്‍ഥമായി ഉപയോഗിക്കുകയാണ്‌ അമേരിക്ക. സിറിയയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടണമെന്ന കാര്യത്തില്‍ അന്താരാഷ്‌ട്ര സമൂഹത്തിന്‌ രണ്ടഭിപ്രായമില്ല. എന്നാല്‍ സൈനിക ഇടപെടല്‍ തീര്‍ത്തും ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ രഹിതവുമാണ്‌. അമേരിക്കയുടെ ഇടപെടല്‍ ഭയന്ന്‌ ജനങ്ങള്‍ ബശ്ശാറുല്‍ അസദിനെ തന്നെ പിന്തുണക്കുമോ എന്ന ആശങ്ക പോലും ഉയര്‍ന്നിരിക്കുന്നു. ആരുടെ പിന്തുണ ഉണ്ടായാലും ഇല്ലാതിരുന്നാലും സമ്പൂര്‍ണമായ ജനാധിപത്യത്തിന്റെ സ്ഥാപനത്തിലൂടെ മാത്രമേ തങ്ങള്‍ അടങ്ങി നില്‍ക്കൂവെന്ന സിറിയന്‍ ജനതക്ക്‌ തെളിയിക്കാന്‍ സാധിക്കട്ടെ.
പി ഷാജഹാന്‍ മലപ്പുറം


ആനുകാലികങ്ങളിലെ ഇസ്‌ലാം പഠനവിധേയമാക്കണം

ശബാബ്‌ ലക്കം 5-ലെ എഡിറ്റോറിയലും വി എസ്‌ എം കബീറിന്റെ കവര്‍‌സ്റ്റോറിയും ചെറിയമുണ്ടം അബ്‌ദുര്‍റസാഖിന്റെ `വായനാനുഭവവും' ശ്രദ്ധേയമായി. മാതൃഭാഷയില്‍ പോലും എഴുതാനോ വായിക്കാനോ കഴിയാതിരുന്ന മുസ്‌ലിം സമൂഹത്തില്‍ വിജ്ഞാനവെളിച്ചത്തിന്‌ തിരി കൊളുത്തിയത്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനമാണെന്നത്‌ തര്‍ക്കമില്ലാത്ത കാര്യമാണ്‌. അറബി മലയാളത്തില്‍ തുടക്കം കുറിച്ച ആനുകാലികങ്ങളായ അല്‍മുര്‍ശിദ്‌, അല്‍മനാര്‍, അല്‍ ഇസ്വ്‌ലാഹ്‌ തുടങ്ങിയവ പ്രൗഢമായ ലേഖനങ്ങള്‍ കൊണ്ട്‌ സമ്പുഷ്‌ടമായിരുന്നു.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ അഗ്രിമ സ്ഥാനത്തു നില്‌ക്കുന്ന വക്കം മൗലവിയെപ്പോലെ സ്വാതന്ത്ര്യബോധവും മാനവികബോധവും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ച മറ്റൊരു പത്ര ഉടമ ഉണ്ടായിട്ടില്ലെന്നാണ്‌ പ്രശസ്‌ത പത്രപ്രവര്‍ത്തകനായ വേണുഗോപാല്‍ മാതൃഭൂമിയില്‍ എഴുതിയത്‌. മാതൃഭൂമി ദിനപത്രം സാമ്പത്തികമായി പ്രയാസം നേരിട്ടപ്പോള്‍ ഉപ്പി സാഹിബിനോടൊപ്പം കെ എം മൗലവിയും പിരിവിനിറങ്ങിയിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ മാസികയായ `നിസാഉല്‍ ഇസ്‌ലാം' ന്റെ പ്രസിദ്ധീകരണത്തിലൂടെ വൈജ്ഞാനിക രംഗത്ത്‌ വിപ്ലവം സൃഷ്‌ടിച്ചതും ഇസ്വ്‌ലാഹീ പ്രസ്ഥാനമായിരുന്നു.
മലയാളത്തിലെ ആനുകാലികങ്ങളില്‍ ഇസ്‌ലാമിന്‌ അനുകൂലമായും പ്രതികൂലമായും വരുന്ന ലേഖനങ്ങളെയും രചനകളെയും വിലയിരുത്താന്‍ ശബാബില്‍ ഒരു പംക്തി ഉണ്ടായെങ്കില്‍ നന്നായേനെ.
എം എ സത്താര്‍ പന്നൂര്‌


വര്‍ഗീയതക്കു മുന്നില്‍  മുട്ടുമടക്കാത്ത അഖിലേഷ്‌ സിംഗ്‌

സംഘ്‌പരിവാറിന്റെ ആസൂത്രിത നീക്കത്തെ തുടര്‍ച്ചയായ രാഷ്‌ട്രീയ നീക്കങ്ങളിലൂടെയും ഭരണകൂട നടപടികളിലൂടെയും തടയിട്ട ഉത്തര്‍പ്രദേശിലെ അഖിലേഷ്‌ സിംഗ്‌ യാദവിന്റെ സമാജ്‌ വാദി പാര്‍ട്ടി സര്‍ക്കാറിനെ അഭിനന്ദിച്ചേ തീരൂ. ബാബ്‌റി മസ്‌ജിദ്‌ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന്‌ പിന്തുണ നേടാന്‍ വിശ്വഹിന്ദു പരിഷത്ത്‌ പ്രഖ്യാപിച്ച വിവാദ യാത്രക്ക്‌ നേതൃത്വം നല്‌കിയ അശോക്‌ സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ തുടങ്ങിയ വി എച്ച്‌ പി, ബി ജെ പി നേതാക്കളെയും പ്രവര്‍ത്തകരെയും ഒന്നടങ്കം അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചാണ്‌ വര്‍ഗീയത സൃഷ്‌ടിക്കാനുള്ള സംഘ്‌പരിവാര്‍ ശ്രമം യു പി സര്‍ക്കാര്‍ പരാജയപ്പെടുത്തിയത്‌. വര്‍ഗീയ വൈതാളികള്‍ക്കു മുന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ നട്ടെല്ലു നിവര്‍ത്താനാവാതെ പോയതാണല്ലോ ബാബ്‌റി മസ്‌ജിദില്‍ വിഗ്രഹങ്ങള്‍ കൊണ്ടിട്ടതു മുതല്‍ അതിന്റെ ധ്വംസനം വരെയെത്തിയ ദുരന്തത്തിന്റെ നാള്‍വഴികള്‍. എന്നാല്‍ വര്‍ഗീയതയെ ഭരണകൂടം നേരിടാന്‍ തീരുമാനിച്ചാല്‍ തീര്‍ക്കാനാവാത്ത പ്രതിസന്ധിയില്ലെന്ന്‌ അഖിലേഷിന്റെ അയോധ്യ ഓപ്പറേഷന്‍ തെളിയിച്ചിരിക്കുന്നു.
സി കെ മുജീബുര്‍റഹ്‌മാന്‍ വാഴക്കാട്‌

- വായനാനുഭവം -


സമകാലിക വിഷയങ്ങളില്‍ മാര്‍ഗദര്‍ശി ഇസ്‌ലാമിക കമര്‍മശാസ്‌ത്രത്തില്‍ അവലംബം

കെ ഇ ഷാഹുല്‍ ഹമീദ്‌ പെരുമണ്ണ
ഏതാണ്ട്‌ 13 വര്‍ഷത്തോളമായി ഞാന്‍ ശബാബിന്റെ സ്ഥിരം വായനക്കാരനാണ്‌. അതിനുമുമ്പും ശബാബ്‌ വായിക്കാറുണ്ട്‌. എന്റെ അനുഭവത്തില്‍ മറ്റു ഇതര ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌ ശബാബിന്റെ അവതരണ ശൈലി. മറ്റു പല പ്രസിദ്ധീകരണങ്ങളും പരിമിതമായ അജണ്ടയിലൊതുക്കാന്‍ ശ്രമിക്കുന്നു. ലോകാടിസ്ഥാനത്തില്‍ തന്നെ ഇസ്‌ലാമിക വിശ്വാസ ആദര്‍ശ സംസ്‌കാരങ്ങള്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു മുസ്‌ലിം ഈ വിഷയത്തില്‍ എന്ത്‌ നിലപാട്‌ സ്വീകരിക്കണമെന്ന്‌ കൃത്യമായ അവബോധം സൃഷ്‌ടിക്കാന്‍ ശബാബിന്റെ താളുകള്‍ക്ക്‌ സാധിക്കുന്നുണ്ട്‌. ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും പ്രചാരമുള്ള പ്രസിദ്ധീകരണമാണ്‌ ശബാബ്‌ എന്നത്‌ അവകാശവാദമല്ല, അനുഭവ യാഥാര്‍ഥ്യമാണ്‌. ഓരോ ആഴ്‌ചയും ശബാബ്‌ കൈകളിലെത്തുമ്പോള്‍ ഉള്ള നിര്‍വൃതി അതാണ്‌ വിളിച്ചോതുന്നത്‌.


ടി എം അബ്‌ദുല്‍ കരീം തൊടുപുഴ

1993 ഏപ്രില്‍ 30 മുതലുള്ള ലക്കങ്ങളില്‍ `തബ്‌ലീഗ്‌ ജമാഅത്തും മുജാഹിദ്‌ പ്രസ്ഥാനവും' എന്ന ശീര്‍ഷകത്തില്‍ എന്റെ ഒരു തുടര്‍ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. അന്നത്തെ ശബാബ്‌ എഡിറ്ററായിരുന്ന അബൂബക്കര്‍ കാരക്കുന്ന്‌ ഈ കുറിപ്പുകാരന്റെ വീട്ടില്‍ വന്നു `ചെറിയ ഒരു റമ്യൂണറേഷന്‍' തരികയും ഞാനതു വാങ്ങുകയും ചെയ്‌തു. ലേഖനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ഇനിയും എഴുതണമെന്നാവശ്യപ്പെടുകയും ചെയ്‌തു. 1999 ആഗസ്‌ത്‌ 20 ന്‌ `ഏര്‍വാടി: ശിര്‍ക്കിന്റെ മൊത്ത വ്യാപാര കേന്ദ്രം' എന്നൊരു ലേഖനവും എഴുതി. പിന്നീട്‌ ധാരാളം ലേഖനങ്ങളും കുറിപ്പുകളും ശബാബിലും മറ്റും എഴുതിയിട്ടുണ്ട്‌. ഇതിന്‌ പ്രചോദനമായത്‌ ശബാബും അബൂബക്കര്‍ കാരക്കുന്നുമാണ്‌.
ഇപ്പോള്‍ സമസ്‌ത മേഖകളെയും തൊട്ടുണര്‍ത്തി പ്രയാണം ചെയ്യുന്ന ശബാബിനും കുടുംബാംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.


കെ പി ലത്തീഫ്‌ മാമാങ്കര

വായനയുടെ മാസ്‌മരിക ലോകത്തേക്കാണ്‌ ശബാബ്‌ എന്നെ വഴിതെളിച്ചത്‌. കഴിഞ്ഞ നാല്‌ പതിറ്റാണ്ടുകള്‍ക്കിടയില്‍ ശബാബ്‌ കേരള മണ്ണില്‍ മാറ്റങ്ങള്‍ സൃഷ്‌ടിച്ചു എന്ന്‌ പറയാതിരിക്കാന്‍ വയ്യ. നാം അറിയാത്ത നമ്മെ അറിയാത്ത പല അമുസ്‌ലിംകളും ശബാബിനെക്കുറിച്ച്‌ പഠിക്കുന്നുണ്ട്‌ എന്നത്‌ ഒരു യാഥാര്‍ഥ്യമാണ്‌. കേരളക്കരയില്‍ ധാരാളം മാസികകളും വാരികകളുമുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വിഭിന്നമായി സമകാലിക വിഷയങ്ങളെ ആസ്‌പദമാക്കി ഇസ്‌ലാമിക കാഴ്‌ചപ്പാടില്‍ വ്യത്യസ്‌ത വിഷയങ്ങള്‍ സമൂഹത്തിന്റെ മുന്നിലേക്ക്‌ പ്രദര്‍ശിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ കുറവാണ്‌. ഇവിടെയാണ്‌ ശബാബ്‌ പ്രസക്തമാകുന്നത്‌. അതിലെ എഡിറ്റോറിയല്‍ വിശ്വാസിയുടെ ധാര്‍മിക മൂല്യങ്ങള്‍ക്ക്‌ കാവല്‍ നില്‌ക്കാന്‍ ഏറെ പ്രയോജനപ്പെടുന്നു.


കെ പി മുഹമ്മദ്‌ അശ്‌റഫ്‌ കണ്ണൂര്‍

ദൈ്വവാരിക മുതല്‍ക്കു തന്നെ കൈയില്‍ കിട്ടിയിരുന്ന ശബാബ്‌ 1977-ല്‍ വാരികയായതിന്‌ ശേഷവും ടാബ്ലോയിഡില്‍നിന്ന്‌ ഇപ്പോള്‍ മാഗസിന്‍ മാതൃകയില്‍ (3-10-2008 മുതല്‍) പ്രസിദ്ധീകരണം തുടരുന്ന ശബാബ്‌ യഥാര്‍ഥത്തില്‍ എന്നെ സംബന്ധിച്ചേടത്തോളം ഗുരുവും ചങ്ങാതിയും തന്നെയാണ്‌. ഇപ്പോള്‍ ഞാന്‍ 2008 കാമ്പയിന്‍ പതിപ്പ്‌ അടക്കം ബൈന്റ്‌ ചെയ്‌ത്‌ സൂക്ഷിക്കാന്‍ ആരംഭിച്ചിട്ടുണ്ട്‌. കാലികമായി വരുന്ന ചില വിഷയങ്ങളില്‍ (ഉദാ: മുല്ലപ്പൂ വിപ്ലവം...) ആരെങ്കിലും അഭിപ്രായം ചോദിച്ചാല്‍ ശബാബില്‍ അതിനെക്കുറിച്ച്‌ എന്ത്‌ പറയുന്നു എന്ന്‌ പരിശോധിച്ച്‌ വിലയിരുത്തി ആലോചിച്ചതിനുശേഷമേ മറുപടി പറയാറുള്ളൂ.
ചിലര്‍ നമസ്‌ക്കാരത്തില്‍ വിരല്‍ ചലിപ്പിച്ചും, പ്രാര്‍ഥനയ്‌ക്ക്‌ താഴ്‌മയുടെ ഭാഗമായി കൈ ഉയര്‍ത്തുന്നതിനെ ഒഴിവാക്കിയും പുതു നടപടിക്കു ശ്രമിച്ചപ്പോള്‍ ശബാബിന്റെ ലേഖനങ്ങള്‍ പരിശോധിച്ച്‌ (ഉദാ: 18-4-08 ലെ വിരലനക്കല്‍ രേഖകള്‍ ദുര്‍ബലം എന്ന ലേഖനം) ഹദീസിന്റെ `സിഹ്‌ഹത്തി'ലൂടെ തന്നെ ആധികാരികമായി മറുപടി പറയുവാനും സാധിച്ചിട്ടുണ്ട്‌.
എന്റെ പ്രദേശത്ത്‌ സ്ഥിരമായി ശബാബ്‌ ലഭിക്കാറില്ല. ഞാന്‍ തപാല്‍ വഴി വരുത്തിച്ചിരുന്നപ്പോള്‍ ചില ലക്കങ്ങള്‍ ലഭിക്കാതെയും മറ്റു ചിലപ്പോള്‍ വളരെ താമസിച്ചും നിരാശപ്പെടേണ്ടി വന്നിട്ടുണ്ട്‌. ഇപ്പോള്‍ നേരിട്ട്‌ വാങ്ങാറാണ്‌ പതിവ്‌. അതുകൊണ്ടായിരിക്കുമെന്ന്‌ വിചാരിക്കുന്നു, എന്റെ ഒരു സുഹൃത്ത്‌ എന്നോട്‌ പറഞ്ഞു. നിങ്ങള്‍ വായിച്ചതിനുശേഷം എനിക്കും (സ്ഥിരമായി) ശബാബ്‌ തരണം. ഞാന്‍ പറഞ്ഞു. തരാം പക്ഷേ, സ്ഥിരമായി തരാന്‍ പറ്റില്ല, കാരണം നിങ്ങളും വരുമാനക്കാരാണ്‌ (രണ്ടാളും അധ്യാപകര്‍).
പുരോഗതിയുടെ ലോകത്ത്‌ ശബാബിന്‌ പിന്നോട്ട്‌ പോകാന്‍ പറ്റില്ല. വളരെയധികം ഇസ്‌ലാമിക സാഹിത്യങ്ങള്‍ നിറഞ്ഞുനില്‌ക്കുന്നതും ഇതര സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളുടെ സംസാരഭാഷയുമായ ഉര്‍ദുവില്‍ കൂടി ശബാബ്‌ പ്രസിദ്ധീകരിക്കണം.


ശബാബും ഞാനും: വായനക്കാര്‍ക്ക്‌ എഴുതാം

സപ്‌തംബര്‍ 1 മുതല്‍ ശബാബ്‌ കാമ്പയ്‌ന്‍ കാലമാണ്‌. ഇസ്‌ലാമിക വായനയുടെ യുവസാക്ഷ്യമായ ശബാബ്‌ കേരളത്തിലെ ഇസ്‌ലാമിക ആനുകാലികങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു.
ശബാബിന്റെ ഒന്നാംലക്കം മുതല്‍ മുടങ്ങാതെ വായിച്ചുപോരുന്ന ആയിരക്കണക്കിനാളുകള്‍ വായനക്കാരിലുണ്ട്‌. സമീപകാലത്ത്‌ പരിചയപ്പെട്ടതുമുതല്‍ സ്ഥിരവായനക്കാരായവുണ്ട്‌. ശബാബ്‌ ഗുരുവും വഴികാട്ടിയുമാണ്‌ ചിലര്‍ക്ക്‌. മറ്റു ചിലര്‍ക്ക്‌ വിശ്വസ്‌തനായ ചങ്ങാതിയും.
വായനക്കാരുടെ ഓര്‍മകളും അനുഭവങ്ങളും പങ്കിടാന്‍ ശബാബ്‌ ആഗ്രഹിക്കുന്നു. അനുഭവക്കുറിപ്പുകള്‍ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ എഴുതി അയക്കുക. ഇ-മെയിലായും അയക്കാം.
എഡിറ്റര്‍

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: