ആമിന്‍ മൗലൂഫും ഗ്വാണ്ടനാമോ കവിതകളും
- കാണാപ്പുറം -
കെ അശ്‌റഫ്
2001 സപ്‌തംബര്‍ 11-നു ശേഷമുള്ള ലോക രാഷ്‌ട്രീയത്തെക്കുറിച്ച് എഴുതപ്പെട്ട പുസ്‌തകങ്ങളില ഏറെ ശ്രദ്ധേയം എന്ന് തോന്നിയ രണ്ടു എഴുത്തുകാരെ കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്. ആഗോള ഇടതുപക്ഷ രാഷ്‌ട്രീയം, സാമ്രാജ്യത്വ വിരുദ്ധ രാഷ്‌ട്രീയം തുടങ്ങിയവയുടെ ഭാഗമായി കാണുന്ന എഴുത്തിനോട് ഐക്യപ്പെടുന്ന ഇവര്‍ വളരെ വ്യത്യസ്‌തമായ ഭാഷയുടെയും വിശകലന ശൈലികളുടെയും ഉടമകളാണ്. അതോടോപ്പം പുതിയ കാലത്തെ ജൂത, െ്രെകസ്‌തവ ചിന്തയുടെ തന്നെ പുതിയ വികാസവുമായി ഏറെ ബന്ധമുള്ള എഴുത്തുകാരണിവര്‍
ആമിന്‍ മൗലൂഫ് കാണുന്ന പുതിയ ലോകക്രമം
പല കാലങ്ങളിലും ലോകങ്ങളിലും ജീവിക്കുന്ന എഴുത്തുകാരനാണ് ആമിന്‍ മൗലൂഫ്. ലബനാനില്‍ ഒരു ക്രിസ്‌തീയ ന്യൂനപക്ഷ കുടുബത്തിലാണ് അദ്ദേഹം ജനിച്ചുവളര്‍ന്നത്. ജോലിയും കൂലിയും തേടി എത്തിയ ഫ്രഞ്ച് പാശ്ചാത്യ ലോകത്തെ ഭൗതിക തലസ്ഥാനമായ പാരീസില്‍ ഒരു അറബിയായി മൗലൂഫിനെ ലോകവും കാലവും സ്ഥാനപ്പെടുത്തി. തന്റെ സ്വത്വസ്ഥാനം രൂപപ്പെടുത്തിയ ക്രിയാത്മകമായ ഈ അനിശ്ചിതാവസ്ഥ തന്നെയാണ് ആമിന്‍ മൗലൂഫിന്റെ ചിന്തകളെ വ്യതിരിക്തമാക്കുന്നത്. അദ്ദേഹത്തിന്റെ നോവലുകളോടൊപ്പം തന്നെ നോണ്‍ഫിക്‌ഷനും വലിയൊരു വിഭാഗം വായനക്കാര്‍ വായിച്ചു കൊണ്ടിരിക്കുന്നതിന്റെ കാരണവും ഇത് തന്നെയായിരിക്കാം. വിശകലന ഉപകരണങ്ങളെ ആശ്രയിക്കാതെ സംഭവങ്ങളിലൂടെയും കഥകളിലൂടെയും കാര്യങ്ങള്‍ വിശദീകരിക്കുന്നതിനാല്‍ സാമാന്യ വായനകാര്‍ക്ക് മൗലൂഫിന്റെ പുസ്‌തകങ്ങള്‍ എളുപ്പം വഴങ്ങും.
ആദ്യത്തെ നോണ്‍ഫിക്‌ഷന്‍ പുസ്‌തകമായ The Crusade through Arab Eyes വായിക്കുന്നതും അംഗീകാരം നല്‌കുന്നതും കുരിശുയുദ്ധത്തെ കുറിച്ചുള്ള ചര്‍ച്ചയുടെ എല്ലാ വശത്തും ഉള്ളവരായിരുന്നു. നിഷ്‌പക്ഷത മാത്രമല്ല വിശകലന സാമര്‍ഥ്യവും ഒത്തിണങ്ങിയ പുസ്‌തകം ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും വായനക്കാരെ ആകര്‍ഷിക്കുന്നു. ആദ്യത്തെ പുസ്‌തകത്തിനു ശേഷം പുറത്തിറങ്ങിയ, സ്വത്വരാഷ്‌ട്രീയവും അതിന്റെ ഭാഗമായ ഹിംസകളും ചര്‍ച്ചചെയ്യുന്ന On Identity തുടങ്ങിയ പുസ്‌തകങ്ങളും ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ഈ സീരിസില്‍ തന്നെയുള്ള പുതിയ പുസ്‌തകമാണ് Disordered World: A Vision for the Post - 9/11 World. 2009-ല്‍ ഫ്രഞ്ചില്‍ പുറത്തിറങ്ങിയ പുസ്‌തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ പേപ്പര്‍ ബാക്ക് എഡിഷന്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി.
പ്രത്യേക രീതിയിലുള്ള ചരിത്രപരമായ ഡയലെക്‌റ്റിക് ആണ് മൗലൂഫ് പിന്തുടരുന്നത്. അറബ് ഉയിര്‍ത്തെഴുന്നേല്‍പിന് സാക്ഷ്യംവഹിച്ച 2011-ലാണ് 2001-ലെ ഇരട്ടഗോപുര ആക്രമണത്തിനു പത്തുവര്‍ഷം തികയുന്നത്. 2011 മെയ് മാസത്തിലാണ് ഇരട്ട ഗോപുരം ആക്രമിച്ചുവെന്ന് അമേരിക്ക പറയുന്ന ഒസാമ ബിന്‍ലാദിനെ പാസ്‌കിതാനിലെ അബത്താബാദില്‍ വെച്ച് അമേരിക്കന്‍ അധിനിവേശ സേന പിടികൂടി വധിക്കുന്നത്. `സപ്‌തംബര്‍ 11' എന്ന പേരില്‍ അറിയപ്പെടുന്ന രാഷ്‌ട്രാന്തരീയ പ്രശ്‌നങ്ങളുടെ പരിസമാപ്‌തി ലാദനോടു കൂടെ അവസാനിച്ചെങ്കില്‍ അത് അറബ് ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന മറ്റൊരു ലോകരാഷ്‌ട്രീയ മാറ്റത്തിന് വഴിമാറി കൊടുത്തുവെന്നു മൗലൂഫ് പുസ്‌തകത്തിന്റെ ഇംഗ്ലിഷ് പതിപ്പില്‍ പുതിയതായി എഴുതിയ ആമുഖത്തില്‍ പറയുന്നു.
ഇരട്ട ഗോപുരം ആക്രമിച്ചതായി പറയുന്ന കൂട്ടത്തില്‍ ഉള്‍പ്പെടുന്ന മുഹമ്മദ് അത്ത എന്ന മൊറോക്കന്‍ ചെറുപ്പക്കാരന്‍ നടത്തിയതു ആത്മഹത്യാപരമായ ആക്രമണമാണെങ്കില്‍ അതുപോലെ തന്നെ മറ്റൊരു ആത്മഹത്യ ആയിരുന്നു തുനീഷ്യയിലെ ചെറുപ്പക്കാരനായ മുഹമ്മദ് ബൂ അസീസി നടത്തിയത്. പൊതുവെ അഹിംസാരീതി പിന്തുടര്‍ന്ന അറബ് ഉയിര്‍ത്തെഴുന്നേല്‍പിന്റെ തുടക്കം ഒരു വയലന്‍സിലൂടെയായിരുന്നു. യാദൃച്ഛികമെന്നു പറയട്ടെ, സാക്ഷാല്‍ ബിന്‍ ലാദിന്‍ അവസാനമായി കൊടുത്ത ഒരു പത്രപ്രസ്‌താവന ഒരു പരിധിവരെ സായുധ പോരാട്ടത്തിന്റെ സാധുതയെ ചോദ്യംചെയ്യുന്നതായിരുന്നു. അറബ്‌സമൂഹം എല്ലാതരം ഭയങ്ങളെയും മാറ്റി വെക്കുന്ന ഒരു കാലത്തേക്ക് പ്രവേശിച്ചിരിക്കുന്നു. യുറോ അമേരിക്കന്‍ പിന്തുണയുള്ള മിലിട്ടറി ഭരണകൂടങ്ങളുടെ കാലത്ത് സായുധ പോരാളികളെ കുറിച്ച് മാലൂഫ് ഉപയോഗിക്കുന്ന മെറ്റഫര്‍ അവര്‍ വെള്ളത്തിലെ മത്സ്യങ്ങളെ പോലെയാണെന്നാണ്. അവര്‍ മറികടന്നത് മിലിറ്റന്‍സിയുടെ ഭയം മാത്രമല്ല; എണ്ണയൂറ്റുന്ന യുറോ അമേരിക്കന്‍ രാഷ്‌ട്രീയം മുതല്‍ എല്ലാത്തരം അക്രമണങ്ങള്‍ക്കും മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ശൈഖുമാരെയും ആ ജനത ഭയലേശമന്യേ ചോദ്യംചെയ്‌തു തുടങ്ങിയിരിക്കുന്നു. എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും അറബ് ഉയിര്‍ത്തെഴുന്നേല്‍പ് മേഖലയിലെ ജീവിതത്തെ മാറ്റിമറിക്കുന്ന പുതിയ വിപ്ലവപ്രക്രിയയുടെ ഭാഗമാണത്. ഇങ്ങനെ തുടരുന്ന മൗലൂഫിന്റെ എഴുത്ത് എലാതരത്തിലുള്ള എസെന്‍ഷ്യലിസത്തിനും പുറത്തുള്ള രാഷ്‌ട്രീയ ഭാവനയുടെ ഭാഗമാണ്.
ജൂഡിത്ത് ബട്‌ലറും ഗ്വാണ്ടാനാമോയിലെ കവിതകളും
ആമിന്‍ മൗലൂഫില്‍ നിന്ന് വ്യത്യസ്‌തമായ കരിയറുള്ള എഴുത്താണ് ജൂഡിത്ത് ബട്‌ലര്‍ കാഴ്‌ച വെക്കുന്നത്. സപ്‌തംബര്‍ 11-നു ശേഷമുള്ള ലോകസാഹചര്യത്തെ വിലയിരുത്തുന്ന, അതിന്റെ ശേഷമുള്ള മേല്‍ക്കോയ്‌മാ രാഷ്‌ട്രീയത്തെ ചെറുക്കുന്ന രാഷ്‌ട്രീയത്തിന്റെയും എഴുത്തിന്റെയും ഭാഗമാണ് ജൂഡിത്ത് ബട്‌ലര്‍. ആ സീരീസില്‍ ഒടുവിലായി പുറത്തിറങ്ങിയ പുസ്‌തകമാണ് Parting Ways: Jewishness and the Critique of Zionism. ഇതില്‍ ആദ്യം പുറത്തിറങ്ങിയ പുസ്‌തകം 2004-ല്‍ Precarious Life: Powers of Life and Mourning ആയിരുന്നു. അതിനു ശേഷം 2009-ല്‍ അതിന്റെ തുടര്‍ച്ചയായി ഇറങ്ങിയ പുസ്‌തകമാണ് Frames of War: When is Life Grievable?. ഇപ്പോള്‍ കേരളത്തില്‍ ഏറെ വിവാദമായിത്തീര്‍ന്ന മാര്‍ക്ക് ഫാല്‍കൊഫ് എഡിറ്റ് ചെയ്‌ത ഗ്വാണ്ടനാമോ കവിതകളെക്കുറിച്ചുള്ള ബട്‌ലറിന്റെ പഠനം ഉള്‍പ്പെട്ട ഈ സമാഹാരം ഈ അര്‍ഥത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നു.
ജൂഡിത്ത് ബട്‌ലര്‍ ഈ കവിത ഔദ്യോഗിക രാഷ്‌ട്രീയത്തിന്റെ ആകാംക്ഷകള്‍ക്കപ്പുറത്താണ് സ്ഥാപിക്കുന്നത്. ലോകത്ത് നിയമപരമായ പൗരാവകാശത്തിനു പുറത്ത് ജീവിക്കുന്ന അനേകം ജനവിഭാഗങ്ങളുടെ പ്രതിനിധിയാണ് റുബായിഷ്. അദ്ദേഹത്തെ നമുക്ക് നോണ്‍ സിറ്റിസന്‍ (non citizen) എന്ന രീതിയീല്‍ കാണാം. ബട്‌ലര്‍ തന്റെ പഠനത്തില്‍ പറയുന്നപോലെ അമേരിക്കയില്‍ ഇരട്ടഗോപുരം തകര്‍ന്ന ഉടനെ ആരംഭിച്ച മുസ്‌ലിംവേട്ടയുടെ ഭാഗമായി, ലോകത്ത് ലിബറല്‍ അധികാരത്തിനുള്ളില്‍ നിര്‍മിക്കപ്പെട്ട നിയമം, അവകാശം തുടങ്ങിയ ചട്ടക്കൂടുകള്‍ക്ക് പുറത്തുള്ള അനേകം മനുഷ്യരുടെ പ്രതിനിധിയാണ് റുബായിഷ്.
യൂറോ അമേരിക്കന്‍ മതേതരത്വം നിര്‍മിക്കുന്ന മനുഷ്യ മാതൃകക്ക് പുറത്തുള്ള ഒരു രാഷ്‌ട്രീയ ജീവിതമായി മുസ്‌ലിം പ്രശ്‌നത്തെ ബട്‌ലര്‍ ഗ്വാണ്ടനാമോ കവിതയുടെ പശ്ചാത്തലത്തില്‍ നിരീക്ഷിക്കുന്നുണ്ട്. അതിലേറെ പ്രധാനമായി അവര്‍ പറയുന്നത് ഗ്വാണ്ടനാമോയില്‍ എഴുതപ്പെട്ടത് ഇരുപത്തയ്യായിരത്തോളം വരികള്‍ ഉള്ള കവിതകളാണ്. അവിടെ തന്നെ ജയിലില്‍ അടക്കപ്പെട്ട മറ്റൊരു കവിയായ ശൈഖ് അബ്‌ദുര്‍റഹീം മുസ്‌ലിം ദോസ്‌ത് എഴുതിയത് പ്ലാസ്റ്റിക്കും ഗ്ലാസ്സുമൊക്കെ ഉപയോഗിച്ചാണ്. ഈ കവിതയില്‍ ബഹുഭൂരിപക്ഷവും മിലിട്ടറി ജയിലില്‍ തന്നെ നശിപ്പിച്ചുകളഞ്ഞത്രേ. പെന്റഗണ്‍ അതിനെ നശിപ്പിച്ചപ്പോള്‍ കാരണമായി പറഞ്ഞത് ഈ കവിതകള്‍ (അതിന്റെ ഉള്ളടക്കവും രൂപവും) ദേശസുരക്ഷയ്‌ക്ക് ഏല്‍പിക്കുന്ന `സ്‌പെഷ്യല്‍ റിസ്‌ക്' ആണ്. പെന്റഗണ്‍ പറയുന്ന ന്യായം നോക്കൂ: ഇവിടെ പ്രശ്‌നം ജയില്‍ അല്ല. ജയിലിനു പുറത്തെ രാഷ്‌ട്രീയമാണ്. ജയിലിനു പുറത്തെ ജീവിതം ഉണ്ടാക്കുന്ന ചട്ടക്കൂട് ആണ് ജയില്‍ എന്ന ചട്ടക്കൂടിനെക്കാളും ഈ കവിതയെ നിയന്ത്രിച്ചതും അതിന്റെ വായനക്ക് തടസ്സം നിന്നതും. അതായത് Poems from Guantanamo രക്ഷപ്പെട്ടുവരുന്നത് ജയിലിന്റെ മതിലുകള്‍ മാത്രമല്ല, ദേശസുരക്ഷ പോലുള്ള സാമൂഹിക രാഷ്‌ട്രീയഭാവനയുടെ മതിലുകള്‍ കൂടി ചാടിയാണ് എന്ന് ബട്‌ലര്‍ പറയുന്നു.
ഫലസ്‌തീനും ജൂതരും: ചില നിരീക്ഷണങ്ങള്‍
ബട്‌ലറിന്റെ ഏറ്റവും പുതിയ പുസ്‌തകം Parting Ways: Jewishness and the Critique of Zionism വളരെ വിപുലമായ ഒരു വിമര്‍ശന ഗ്രന്ഥമാണ്. ഒരു പരിധി വരെ സെക്യുലര്‍ ജൂതചിന്തകരുമായും മഹ്‌മൂദ് ദര്‍വീശ്, എഡ്വാര്‍ഡ് സെയ്‌ദ് തുടങ്ങിയ ഫലസ്‌തീനികളുമായും ബട്‌ലര്‍ നടത്തുന്ന സംഭാഷണമായാണ് പുസ്‌തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന് സെയ്‌ദിന്റെ അവസാന പുസ്‌തകങ്ങളിലോന്നായ Moses and the Non European ബട്‌ലര്‍ വായിക്കുന്നു. മോസസ് ആണ് ജൂതായിസത്തിന്റെ സ്ഥാപകന്‍ എങ്കില്‍ ജൂതായിസം അറബ് ഈജിപ്‌ഷ്യന്‍ പാരമ്പര്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. അതായത് ഇസ്‌റാഈല്‍ നിലനില്‍ക്കണമെങ്കില്‍ അറബ് ചരിത്രവും പാരമ്പര്യവും നാഗരികതകളും ഒക്കെ എല്ലാ കാലത്തും നിര്‍ണായകമാണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ജൂതര്‍ നിലനില്‍ക്കുന്നത് തന്നെ ജൂതര്‍ അല്ലാത്തവരിലൂടെയാണ്. അറബികള്‍, ജൂതരല്ലാത്തവര്‍ ഇവരിലൂടെ തന്നെയാണ് ജൂതായിസം എന്ന സങ്കല്‌പം തന്നെ നിലവില്‍ വരുന്നത്.
ഈയൊരു കാഴ്‌ചപ്പാടില്‍ നിന്ന് നോക്കിയാല്‍ ഇന്നത്തെ ഇസ്‌റാഈല്‍ രാഷ്‌ട്രം എന്ത് തരം ജൂതായിസത്തെയാണ് പ്രതിനിധീകരിക്കുന്നത്? ഇസ്‌റാഈല്‍ എന്ന രാഷ്‌ട്രം തന്നെ നിലവില്‍വരുന്നത് ഫലസ്‌തീനെ ഇല്ലായ്‌മ ചെയ്‌താണ്. അത് ജൂതായിസത്തിന്റെ തന്നെ അടിസ്ഥാനങ്ങള്‍ക്ക് എതിരാണ് എന്ന് ബട്‌ലര്‍ പറയുന്നു. ഫലസ്‌തീനികളെയും അറബികളെയും ഇല്ലായ്‌മ ചെയ്‌ത ഇസ്‌റാഈല്‍ ജൂതരാഷ്‌ട്രമൊന്നുമല്ല. കാരണം ഫലസ്‌തീനികള്‍ക്ക് സ്ഥാനഭ്രംശം സംഭവിച്ചപ്പോള്‍ സ്ഥാനഭ്രംശം സംഭവിച്ചത് നേരത്തെ സെയ്‌ദ് സൂചിപ്പിച്ച ജൂതായിസത്തിന്റെ അടിസ്ഥാനങ്ങള്‍ക്ക് തന്നെയാണ്. അങ്ങനെ ഇപ്പോള്‍ ഫലസ്‌തീനികളോടൊപ്പം മോസസിന്റെ ജൂതായിസവും നാടുകടത്തപ്പെട്ടിരിക്കുന്നു എന്ന് ബട്‌ലര്‍ പറയുന്നു.
0 comments: