മുസഫര്‍ നഗര്‍ രാഷ്‌ട്രീയക്കൊയ്‌ത്തിന് കലാപം വിതക്കുന്നവര്‍
എ പി അന്‍ഷിദ്
സാമുദായിക സംഘര്‍ഷം തകര്‍ത്തെറിഞ്ഞ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നിന്നുള്ള ഒരു ചിത്രമുണ്ടായിരുന്നു ഇക്കഴിഞ്ഞ സപ്‌തംബര്‍ 13-ന് പുറത്തിറങ്ങിയ പ്രമുഖ പത്രത്തില്‍. വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളിയ കലാപത്തില്‍ മകനെയും മരുമകളെയും നഷ്‌ടപ്പെട്ട മുഹമ്മദ് ഖാദിര്‍ എന്ന വയോവൃദ്ധന്‍, ചെറു ബാല്യത്തിലേ അനാഥരായിപ്പോയ രണ്ട് പേരക്കുട്ടികളെയും ചുറ്റിപ്പിടിച്ച് ബസേയ് വില്ലേജിലെ ദുരിതാശ്വാസ ക്യാമ്പിനു മുന്നിലിരുന്നു കരയുന്ന ആ ചിത്രം ഒറ്റ നോട്ടത്തില്‍ തന്നെ ഒരുപാട് കഥകള്‍ പറഞ്ഞുതരുന്നുണ്ട്. കലാപത്തീ കെട്ടടങ്ങിയെങ്കിലും ദൈന്യതയും നിസ്സഹായതയും നിറഞ്ഞ ആ മൂന്ന് മുഖങ്ങള്‍ മനസില്‍ നിന്ന് എത്ര മായ്‌ച്ചിട്ടും മായുന്നില്ല. മുസഫര്‍ നഗര്‍ മാത്രമല്ല, ഓരോ കലാപങ്ങളും ബാക്കിവെക്കുന്നത് ഇതുപോലുള്ള ദുരന്തക്കാഴ്‌ചകള്‍ തന്നെയാണ്.
ഖുതുബുദ്ദീന്‍ അന്‍സാരിയെ ഓര്‍മയില്ലേ, ഉറഞ്ഞുതുള്ളുന്ന വര്‍ഗീയ കോമരങ്ങള്‍ക്കു മുന്നില്‍ കൈകൂപ്പി കരഞ്ഞുകൊണ്ട് ജീവനു വേണ്ടി യാചിക്കുന്ന ആ ഒരൊറ്റ ചിത്രം മതിയായിരുന്നു, ഗുജറാത്ത് കലാപത്തിന്റെ ഭീകരതയും വേട്ടയാടപ്പെടുന്നവന്റെ വേദനയുമെല്ലാം പുറംലോകത്തെ ബോധ്യപ്പെടുത്താന്‍. സംഘടനാ വളര്‍ച്ചക്കും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി സംഘര്‍ഷത്തിന്റെ അഗ്നി ഊതിക്കാച്ചുന്നവര്‍ പക്ഷേ സര്‍വവും നഷ്ടപ്പെടുന്നവന്റെ ഈ വ്യഥകളൊന്നും കാണാറില്ല. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുണ്ടായ വര്‍ഗീയ സംഘര്‍ഷവും ഗുജറാത്ത് കലാപവും ചേര്‍ത്തുവായിക്കപ്പെടേണ്ടതാണ്. കാരണം രണ്ടിനു പിന്നിലും പ്രവര്‍ത്തിച്ചത് ഒരേ കരങ്ങളും ഒരേ ലക്ഷ്യങ്ങളുമാണ്.
മുസഫര്‍നഗര്‍ കലാപത്തില്‍ 48 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 40,000-ത്തില്‍ അധികം പേര്‍ ഭവനരഹിതരാക്കപ്പെട്ടു. ആഗസ്‌ത് 27-നാണ് സംഘര്‍ഷത്തിന്റെ ആദ്യ തീപ്പൊരി ചിതറിയത്. യുവതിയെ ശല്യം ചെയ്‌തുവെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ജാട്ട് സമുദായക്കാരായ രണ്ടു യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതായിരുന്നു ഹേതു. ഇതേക്കുറിച്ച് ചോദിക്കാന്‍ ചെന്നവരെയും അക്രമി സംഘം കൊലപ്പെടുത്തിയതോടെ സാമുദായിക സംഘര്‍ഷത്തിന്റെ രൂപത്തിലേക്ക് കാര്യങ്ങള്‍ മാറി. തീര്‍ത്തും പ്രാദേശികമായ വിഷയം രണ്ടു ജില്ലകളിലേക്ക് വ്യാപിച്ച കലാപമായി പരിണമിച്ചത് അതിവേഗമായിരുന്നു. അഥവാ അതിനെ കലാപമാക്കി മാറ്റാന്‍ തക്ക രൂപത്തിലുള്ള എല്ലാ സജ്ജീകരണങ്ങളും ബി ജെ പി- സംഘ്‌പരിവാര്‍ ശക്തികള്‍ നേരത്തെതന്നെ ഒരുക്കിയിരുന്നുവെന്നര്‍ത്ഥം.
സപ്‌തംബര്‍ ഏഴ്, എട്ട്, ഒമ്പത് തിയതികളിലാണ് സംഘര്‍ഷം അതിന്റെ ഉഗ്രരൂപം പ്രാപിച്ചത്. ആയുധങ്ങളുമായി തെരുവിലിറങ്ങിയ ഛിദ്രശക്തികള്‍ കണ്ണില്‍ കണ്ടവരെയെല്ലാം കൊന്നൊടുക്കിയും വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും തീവെച്ചും കൊള്ളയടിച്ചും തെരുവില്‍ അഴിഞ്ഞാടി. അതുവരെ വിരലില്‍ എണ്ണാവുന്ന അക്കത്തില്‍ ഒതുങ്ങിനിന്നിരുന്ന മരണസംഖ്യ ഒറ്റ ദിവസം കൊണ്ട് 26-ലെത്തി. അടുത്ത ദിവസം 31 ആയും തൊട്ടടുത്ത ദിവസം 40-ലേക്കും അത് ഉയര്‍ന്നുകൊണ്ടിരുന്നു. മുസഫര്‍നഗറില്‍ നിന്ന് സമീപ ജില്ലകളിലേക്കും കലാപം വ്യാപിച്ചു. ഷംലി ജില്ലയിലാണ് മുസഫര്‍നഗറിന് പുറത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതും അഭയാര്‍ത്ഥി പ്രവാഹമുണ്ടായതും.
മുസഫര്‍ നഗറില്‍ 41 അഭയാര്‍ത്ഥി ക്യാമ്പുകളിലായി 27,198 പേര്‍ കഴിയുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്ക്. ഷംലി ജില്ലയില്‍ 17 ക്യാമ്പുകളിലായി 16,505 പേരും. താവ്‌ലി, മദ്രസാ റാഷിദിയ്യ, കാണ്ഡ്‌ല ക്യാമ്പുകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കഴിയുന്നത്. മരണവും അഭയാര്‍ത്ഥി പ്രവാഹവും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് യഥാര്‍ത്ഥ സംഖ്യയേക്കാള്‍ എത്രയോ താഴെയാണെന്നാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ മാത്രമാണ് സര്‍ക്കാറിന്റെ ലിസ്റ്റിലുള്ളത്. ബന്ധുവീടുകളിലും മറ്റും അഭയം തേടിയവര്‍ ധാരാളം പേരുണ്ട്. സര്‍വ സമ്പാദ്യങ്ങളും ഉപേക്ഷിച്ച് ജില്ല തന്നെ വിട്ട് ജീവനും കൊണ്ട് ഓടിപ്പോയവരും ഈ പട്ടികക്കു പുറത്താണ്.
കലാപത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ട സംഭവം തന്നെ ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏതുവിധേനയും കലാപത്തിന് വഴിയൊരുക്കുക എന്നൊരു ലക്ഷ്യം ഇതുമായി ബന്ധപ്പെട്ടു നടന്ന അണിയറ നീക്കങ്ങള്‍ക്കുണ്ടായിരുന്നുവെന്ന് സ്വാഭാവികമായും അനുമാനിക്കാവുന്നതാണ്. സ്വതവേ വൈകാരിക മനോഭാവം ശക്തമായ, സംയമനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പര്യാപ്‌തമായ പക്വമായ നേതൃത്വം ഇല്ലാത്ത ഉത്തരേന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെയും മുസഫര്‍നഗറിലെയും മുസ്‌്‌ലിംകള്‍ക്ക് ഈ അപകടക്കെണി തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് വേണം കരുതാന്‍. ബി ജെ പിയും സംഘ് പരിവാര്‍ ശക്തികളും നടത്തിയ ചരടുവലിയാണ് കലാപത്തിനു പിന്നിലെന്ന് ബി ജെ പി എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസുകളും കോടതി പുറപ്പെടുവിച്ച അറസ്റ്റു വാറണ്ടുകളും വ്യക്തമാക്കുന്നുണ്ട്. എം എല്‍ എമാര്‍, എം പിമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുള്‍പ്പെടെ 18 പേര്‍ക്കെതിരെയാണ് കോടതി അറസ്‌റ്റു വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതില്‍ നാലുപേരെ അറസ്റ്റു ചെയ്‌തിട്ടുണ്ട്. ഇവരെല്ലാം സംഘ് അനുകൂല ചേരിയില്‍നിന്നുള്ളവരാണ് എന്ന വസ്‌തുത കലാപത്തിനു പിന്നിലെ താല്‍പര്യങ്ങള്‍ എന്തൊക്കെയെന്നും സൂത്രധാരര്‍ ആരൊക്കെയെന്നും വ്യക്തമാക്കുന്നുണ്ട്.
രാജ്യമെമ്പാടും വര്‍ഗീയ കലാപങ്ങളും സാമുദായിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുകയാണ് അധികാരത്തിലെത്താനുള്ള കുറുക്കുവഴിയെന്ന് ബി ജെ പി നേരത്തെതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ ആദ്യ പരീക്ഷണമായിരുന്നല്ലോ ബാബരി മസ്‌ജിദ് ധ്വംസനം. അതുതന്നെയാണ് ഇപ്പോള്‍ മുസഫര്‍നഗറിലും സംഘ് ശക്തികള്‍ പരീക്ഷിച്ചിരിക്കുന്നത്. 1990-ല്‍ ഗുജറാത്തിലെ സോമനാഥ ക്ഷേത്ര പരിസരത്തു നിന്ന് എല്‍ കെ അദ്വാനിയുടെയും അന്തരിച്ച ബി ജെ പി നേതാവ് പ്രമോദ് മഹാജന്റെയും നേതൃത്വത്തില്‍ രഥയാത്ര ആരംഭിക്കുമ്പോള്‍ ലക്ഷ്യമായി പറഞ്ഞിരുന്നത് `അയോധ്യ പ്രസ്ഥാന'ത്തെക്കുറിച്ച് ജനങ്ങളെ ബോധവത്‌കരിക്കുക എന്നതു മാത്രമായിരുന്നു. എന്നാല്‍ വര്‍ഗീയാഗ്നി നിറച്ച രഥം 1992 ഡിസംബര്‍ 6-ന് ഉരുണ്ടുകയറിയതും മുറിവേല്‍പ്പിച്ചതും ഇന്ത്യന്‍ മതേതരത്വത്തിന്റെ മസ്‌തകത്തിലായിരുന്നു. രണ്ട് പാര്‍ലമെന്റംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബി ജെ പിയെ കൂട്ടുകക്ഷി ബലത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും ഇന്ത്യ ഭരിക്കാന്‍ പര്യാപ്‌തമായൊരു പ്രസ്ഥാനമായി വളര്‍ത്തിയത് ബാബരി മസ്‌ജിദ് ധ്വംസനവും ഇതേ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വര്‍ഗീയ കലാപങ്ങളുമായിരുന്നുവല്ലോ.
കൃത്യം ഒരു പതിറ്റാണ്ടിനു ശേഷം അതിന്റെ മറ്റൊരു രൂപം സംഘ് ശക്തികള്‍ വീണ്ടും രാജ്യത്ത് പരീക്ഷിച്ചു. അതായിരുന്നു ഗുജറാത്ത് കലാപത്തിലൂടെ കണ്ടത്. ഗോധ്ര തീവെപ്പ് സംഭവം ആയുധമാക്കി അഹമദാബാദിലും പ്രാന്ത പ്രദേശങ്ങളിലും അഴിച്ചുവിട്ട വര്‍ഗീയ കലാപത്തില്‍ ആയിരത്തിലധികം മുസ്‌്‌ലിംകളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. ലക്ഷക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളായി. നിരവധി ആരാധനാലയങ്ങളും മതധര്‍മ്മ സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. ജീവിതവും ജീവിതോപാധികളും നഷ്ടമായി തെരുവിലിറങ്ങേണ്ടി വന്നു പലര്‍ക്കും. അതുവരെയുള്ള സര്‍വ സമ്പാദ്യങ്ങളും ഉപേക്ഷിച്ച് ജീവന്‍ മാത്രം കൈയില്‍ പിടിച്ച് അന്യനാടുകളിലേക്ക് പലായനം ചെയ്‌തു അനേകം പേര്‍. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ തീരാകളങ്കമായി മാറിയ സംഭവങ്ങളായിരുന്നു 1984-ലെ സിഖ് വിരുദ്ധ കലാപവും 1992-ലെ ബാബരി മസ്‌ജിദ് ധ്വംസനവും 2002-ലെ ഗുജറാത്ത് കലാപവും. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഈ മൂന്ന് സംഭവങ്ങളിലും നീതി നിഷേധിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നത് ബി ജെ പിയെ മാത്രമല്ല, മതേതര ദേശീയ പ്രസ്ഥാനമെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും പ്രതിക്കൂട്ടില്‍ കയറ്റുന്നുണ്ട്. സിഖ് കലാപം മാത്രമല്ല, ഗുജറാത്ത് കലാപം പോലുള്ള ഭീതിദമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടും അധര വ്യായാമങ്ങള്‍ക്കപ്പുറം ഇരകളുടെ സംരക്ഷണത്തിന് ചെറുവിരല്‍ പോലും അനക്കിയില്ല എന്നതാണ് ആ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ഇപ്പോഴും അധികാരത്തിന്റെ പടിക്കു പുറത്തു നിര്‍ത്തിയിരിക്കുന്നത്.
ഗുജറാത്ത് കലാപത്തിലെ അതേ മാതൃകയായിരുന്നു മുസഫര്‍ നഗറിലും സംഘ് പരിവാര്‍ ശക്തികള്‍ പയറ്റിയത്. ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ച ശേഷം അവരെ ഉന്മൂലനം ചെയ്യുകയെന്ന രീതി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി തലവനായി നിയോഗിച്ചുകൊണ്ട് 2013 ജൂണ്‍ 10-ന് ബി ജെ പി കൈക്കൊണ്ട തീരുമാനം മുതല്‍ തുടങ്ങുന്നതാണ് ഉത്തര്‍പ്രദേശിലെ സംഘര്‍ഷത്തിന്റെ ചരടുവലികള്‍. തെരഞ്ഞെടുപ്പ് കമ്മിറ്റി തലവനായി നിയമിതനായ മോഡി ആദ്യം ചെയ്‌തത് തന്റെ വിശ്വസ്‌തനും സൊഹറാബുദ്ദീന്‍, ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയുമായ അമിത് അനില്‍ ചന്ദ്ര ഷാ എന്ന അമിത് ഷായെ ഉത്തര്‍പ്രദേശിലേക്ക് അയക്കുകയായിരുന്നു. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരിക്കെ, ഡസന്‍ കണക്കിന് വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ക്ക് ചരടുവലിച്ച അമിത് ഷാ ഉത്തര്‍പ്രദേശിലെ തന്റെ പുതിയ ദൗത്യം തുടങ്ങിയത് അയോധ്യയില്‍ നിന്നാണ്. ഏതു വിധേനയും രാമക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. ബാബരി മസ്‌ജിദ് നിലകൊള്ളുന്ന പ്രദേശം തന്നെ പ്രചാരണം തുടങ്ങാനായി ബി ജെ പിയും അമിത് ഷായും തെരഞ്ഞെടുത്തതും വ്യക്തമായ ചില ലക്ഷ്യങ്ങളോടെയായിരുന്നുവെന്നത് പകല്‍പോലെ വ്യക്തമാണ്.
അയോധ്യയെ വീണ്ടും സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവാക്കാന്‍ ലക്ഷ്യമിട്ട്‌് കച്ചകെട്ടിയിറങ്ങിയ വിശ്വഹിന്ദു പരിഷത്തിന്റെ ചൗരാസി കോസ് `പരിക്രമ നാടകം' അമിത് ഷായുടെ ചരടുവലിയുടെ ആദ്യ ചലനങ്ങളായിരുന്നു. 1992 ആവര്‍ത്തിക്കാതിരിക്കാന്‍ ഭദ്രവും ശക്തവുമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇത് മുളയിലേ നുള്ളിയെങ്കിലും തൊട്ടു പിന്നാലെ മുസഫര്‍ നഗറില്‍ സംഘര്‍ഷം സൃഷ്ടിച്ച് സംഘ് ശക്തികള്‍ ലക്ഷ്യം കണ്ടു.
പരിക്രമ യാത്രയുമായി വി എച്ച് പി രംഗത്തെത്തിയപ്പോള്‍ തന്നെ അതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളും തുറന്നുകാണിക്കപ്പെട്ടിരുന്നു. ഹൈന്ദവ ആത്മീയ നേതാക്കളില്‍നിന്നും വി എച്ച് പിക്കുള്ളില്‍ നിന്നു തന്നെയും യാത്രക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ ഇതിനു തെളിവാണ്. അയോധ്യക്കു ചുറ്റും 84 കിലോമീറ്റര്‍ കാല്‍നടയായി വലംവെക്കുന്ന, പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ചൗരാസി ക്രോസ് പരിക്രമയാത്ര പൊടിതട്ടിയെടുത്ത് സന്യാസിമാരെ തെരുവിലിറക്കി അയോധ്യയുടെ മണ്ണില്‍ വര്‍ഗീയതയുടെ വിഷവിത്തുപാകാനായിരുന്നു വി എച്ച് പിയും ബി ജെ പിയും പദ്ധതിയിട്ടത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുബാങ്ക് അനുകൂലമാക്കി മാറ്റുക എന്ന ബി ജെ പിയുടെ രാഷ്ട്രീയ തന്ത്രമായിരുന്നു ഇതിനു പിന്നില്‍. സൈന്യത്തെ വിന്യസിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും സംസ്ഥാനത്തിനു പുറത്തുനിന്നുള്ള രാഷ്ട്രീയ നേതാക്കളെ അയോധ്യയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ലക്‌നോ വിമാനത്താവളത്തില്‍ വച്ചുതന്നെ അറസ്‌റ്റു ചെയ്‌തുമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘ് നീക്കം പൊളിച്ചത്.
മതപരമായ ലക്ഷ്യം മാത്രമുള്ള യാത്രയെ തടയുക വഴി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അതിന്റെ തനി നിറം തുറന്നു കാട്ടിയെന്നാണ് ഇതിനോട് ബി ജെ പി നേതാവ് രാജ്‌നാഥ് സിങ് അന്ന് പ്രതികരിച്ചത്. ഉത്തര്‍പ്രദേശില്‍ ഇപ്പോഴും മുഗള്‍ ഭരണമാണ് നിലനില്‍ക്കുന്നതെന്ന ആക്ഷേപമായിരുന്നു വി എച്ച് പി നേതാവ് അശോക് സിംഗാളിന്. ബാബരി മസ്‌ജിദ് ധ്വംസനത്തില്‍ കലാശിച്ച, എല്‍ കെ അദ്വാനി നയിച്ച രഥയാത്രയുടെ ലക്ഷ്യമായി പറഞ്ഞിരുന്നതും മതപരമെന്നത് മാത്രമായിരുന്നുവെന്ന് ഓര്‍ക്കണം. സമാധാനപരമായിരിക്കുമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മുമ്പാകെയും സുപ്രീംകോടതിയിലും നല്‍കിയ ഉറപ്പുകളാണ് ബാബരി മസ്‌ജിദിന്റെ താഴികക്കുടങ്ങളില്‍ തീവ്ര വര്‍ഗീയതയുടെ കോടാലി വീണപ്പോള്‍ കാറ്റില്‍ പറത്തപ്പെട്ടത്. ഹിന്ദു സന്യാസിമാരില്‍ നിന്ന് തന്നെ, പ്രത്യേകിച്ച് ബാബരി മസ്‌ജിദ് തകര്‍ത്ത സ്ഥലത്ത് സ്ഥാപിച്ച താല്‍ക്കാലിക ക്ഷേത്രത്തിലെ പുരോഹിതന്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ഉയര്‍ന്ന എതിര്‍പ്പ് പരിക്രമ നാടകത്തിനു പിന്നിലെ ബി ജെ പിയുടെയും സംഘ് പരിവാര്‍ ശക്തികളുടെയും കാപട്യവും ഗൂഢാലോചനയും പുറത്തുകൊണ്ടു വരുന്നതായിരുന്നു.
ഇതേതുടര്‍ന്നുണ്ടായ ജാള്യത മറക്കാന്‍ കൂടിയായിരുന്നു മുസഫര്‍ നഗറില്‍ സംഘര്‍ഷത്തിന്റെ തീപ്പൊരി വിതറിയതെന്ന സംശയം ന്യായമാണ്. ന്യൂനപക്ഷ സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ മുഖംമൂടിയും മുസഫര്‍ നഗറിലേക്കെത്തുമ്പോള്‍ അഴിഞ്ഞുവീഴുന്നുണ്ട്. കലാപസാധ്യത സംബന്ധിച്ച് ദിവസങ്ങള്‍ക്കു മുമ്പേ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടുണ്ടായിട്ടും അതു തടയുന്നതിന് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന ആരോപണം ആര്‍ക്കൊക്കെയോ വേണ്ടി ഭരണ സിരാകേന്ദ്രങ്ങളില്‍നിന്ന് ചരടുവലികള്‍ നടന്നുവെന്നതിന് തെളിവാണ്. യുദ്ധസമാനമായ സാഹചര്യമൊരുക്കി നേരിടുക വഴി, വി എച്ച് പിയുടെ ചൗരാസി പരിക്രമ യാത്രക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനാവശ്യ പ്രചാരം നല്‍കുകയായിരുന്നുവെന്ന ആരോപണത്തിലും അല്‍പം കഴമ്പില്ലേ എന്ന സംശയം ഇതോടെ ഉയരുന്നുണ്ട്.
വര്‍ഷത്തിലൊരിക്കല്‍(നോമ്പുകാലത്ത്) തൊപ്പിയും ഉറുമാലും വെച്ചുകെട്ടി ഇഫ്‌താര്‍ വിരുന്ന് നടത്തിയാല്‍, ശേഷിക്കുന്ന 11 മാസവും ന്യൂനപക്ഷ സംരക്ഷക വേഷം ഭദ്രമായി കൊണ്ടുനടക്കാമെന്ന വിശ്വാസം ദീര്‍ഘകാലമായി ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തിപ്പെട്ടു വന്നിട്ടുണ്ട്. മുലായം സിങിന്റെ സമാജ്‌വാദി പാര്‍ട്ടിയും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും പരീക്ഷിക്കുന്ന ഈ രീതി ഇപ്പോള്‍ ബി ജെ പിയും നരേന്ദ്രമോഡി പോലും അനുകരിച്ചു തുടങ്ങിയിരിക്കുന്നു. മതേതരത്വത്തിനുള്ളില്‍ ഒളിപ്പിച്ച വര്‍ഗീയത കൂടെ കൊണ്ടുനടക്കുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ഉത്തരേന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഒട്ടും വിശ്വാസമില്ലാതായതോടെ, തനിനിറം തിരിച്ചറിഞ്ഞോ അല്ലാതെയോ എസ് പി ഉള്‍പ്പെടെയുള്ള കപടവേഷക്കാരെ പിന്തുണക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരൂന്നു.
വിഭജനാനന്തര ഇന്ത്യയില്‍ ദേശീയ തലത്തില്‍ സ്വന്തമായ ഒരു രാഷ്ട്രീയ അസ്‌തിത്വം കണ്ടെത്താന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇതുവരെയും കഴിഞ്ഞില്ല എന്നതാണ് അവരെ വീണ്ടും വീണ്ടും ഇരകളാക്കി മാറ്റുന്നത്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ഒന്നര വര്‍ഷത്തിനിടെ മാത്രം ഉത്തര്‍പ്രദേശില്‍ നൂറിലധികം വര്‍ഗീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മധുര, ഫൈസാബാദ്, ബറേലി, മീററ്റ്, ഗാസിയാബാദ് എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളായിരുന്നു. എല്ലാ സംഭവങ്ങളിലും ഇരകളാക്കപ്പെട്ടത് ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ മാത്രമാണെന്നത് ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നുണ്ട്. ഏറ്റവുമൊടുവില്‍ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ അഅ്‌സം ഖാന്‍ തന്നെ സ്വന്തം പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തുന്ന സാഹചര്യവുമുണ്ടായി.
രാഷ്ട്രീയമായി സംഘടിക്കുകയും പക്വമായ നേതൃത്വം ഉയര്‍ന്നു വരികയും ചെയ്‌തിട്ടില്ലെങ്കില്‍ ഉത്തരേന്ത്യന്‍ മുസ്‌്‌ലിംകളുടെ നില ഇതില്‍നിന്ന് മെച്ചപ്പെടുക എളുപ്പമല്ലെന്ന് നിസ്സംശയം പറയാം. വര്‍ഗീയ സംഘര്‍ഷത്തിന്റെ പരീക്ഷണ ശാലയാക്കി ഇന്ത്യയെ മാറ്റാന്‍ സംഘ് ശക്തികള്‍ ശ്രമം തുടരുന്നിടത്തോളം കാലം ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌്‌ലിംകള്‍ ഇരകളാക്കപ്പെട്ടുകൊണ്ടേയിരിക്കുക തന്നെ ചെയ്യും. മിക്ക സംസ്ഥാനങ്ങളിലും പ്രാദേശികമായി മുസ്‌്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അസദുദ്ദീന്‍ ഉവൈസിയെപ്പോലുള്ളവര്‍ നേതൃത്വം നല്‍കുന്ന ഹൈദരാബാദിലെ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എം ഐ എം) പോലുള്ള പ്രസ്ഥാനങ്ങള്‍ ഉദാഹരണം. പൊതു നന്മക്കുവേണ്ടി യോജിപ്പിന്റെ വഴികള്‍ തുറന്നിടാനുള്ള ആലോചന ഈ പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ നിന്ന് മുളപൊട്ടേണ്ടിയിരിക്കുന്നു. അതിന് നേതൃത്വം നല്‍കേണ്ട, കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായ മുസ്‌ലിംലീഗ് പോലുള്ള പ്രസ്ഥാനങ്ങള്‍ എന്തുകൊണ്ട് മുന്നോട്ടു വരുന്നില്ല എന്നതാണ് വീണ്ടും ഉയരുന്ന ചോദ്യം.
0 comments: