പറങ്കികള്‍ക്കെതിരിലുള്ള മാപ്പിളപ്പോരാട്ടം ദുരന്തനായികയായ ആയിശ

  • Posted by Sanveer Ittoli
  • at 9:42 AM -
  • 0 comments
പറങ്കികള്‍ക്കെതിരിലുള്ള മാപ്പിളപ്പോരാട്ടം ദുരന്തനായികയായ ആയിശ

സി മുഹമ്മദ്‌ കടവത്തൂര്‍

വിദേശ രാഷ്‌ട്രങ്ങള്‍ക്ക്‌ കേരളവുമായുള്ള കച്ചവട ബന്ധത്തിന്‌ മൂവായിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. ചൈന, അറേബ്യ, പേര്‍ഷ്യ, ആഫ്രിക്ക തുടങ്ങിയ രാജ്യക്കാര്‍ വളരെ നേരത്തെ തന്നെ ഇവിടത്തെ സുഗന്ധ ദ്രവ്യങ്ങള്‍, മലഞ്ചരക്കുകള്‍, രത്‌നങ്ങള്‍ തുടങ്ങിയവയില്‍ ആകൃഷ്‌ടരായി, നമ്മുടെ നാട്ടിലെത്തിച്ചേര്‍ന്നിട്ടുണ്ട്‌. 1498-ല്‍ കൊയിലാണ്ടിക്കടുത്ത പന്തലായനിയില്‍ വാസ്‌കോഡ ഗാമ കപ്പലിറങ്ങിയത്‌, കേവലം കച്ചവടതാല്‌പര്യം ലക്ഷ്യം വെച്ചായിരുന്നില്ല.
കോഴിക്കോട്‌ കേന്ദ്രമായുള്ള അറബ്‌-മുസ്‌ലിം വ്യാപാര കുത്തക തകര്‍ത്ത്‌, അതുവഴി ഇന്ത്യയിലേക്കുള്ള പോര്‍ച്ചുഗീസ്‌ കോളനിവത്‌കരണത്തിന്റെ ആരംഭം കുറിക്കാന്‍ കൂടിയായിരുന്നു. മുസ്‌ലിംകള്‍ക്കെതിരെ കുരിശുയുദ്ധത്തിന്റെ തീരാപ്പകയുമായി, ലോകം മുഴുവന്‍ കീഴൊതുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട യൂറോപ്യന്‍ ശക്തികള്‍ക്ക്‌, ഏറ്റവും വലിയ ചെറുത്തുനില്‌പ്‌ നേരിടേണ്ടി വന്നതും മുസ്‌ലിംകളില്‍ നിന്ന്‌ തന്നെയായിരുന്നു. ലോകത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലുമെന്ന പോലെ കേരളത്തിലും കോളനിവിരുദ്ധ പോരാട്ടങ്ങളുടെ നായകത്വം മുസ്‌ലിംകള്‍ക്കായിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ -അഞ്ഞൂറ്‌ വര്‍ഷത്തോളം- വൈദേശിക, കൊളോണിയല്‍ അധിനിവേശ ശക്തികള്‍ക്കെതിരെ, കേരള മുസ്‌ലിംകള്‍ നടത്തിയ ഐതിഹാസിക പോരാട്ടങ്ങള്‍ക്ക്‌, അവര്‍ കൊടുക്കേണ്ടിവന്ന വിലയും സഹിക്കേണ്ടിവന്ന ത്യാഗങ്ങളും കഷ്‌ടപ്പാടുകളും ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്‌.
വാസ്‌കോഡ ഗാമ തിരിച്ചുപോയ ശേഷം, 1500-ല്‍ കബ്രാളിന്റെ നേതൃത്വത്തില്‍ വീണ്ടും കോഴിക്കോട്ടെത്തിയ പോര്‍ച്ചുഗീസുകാര്‍, സാമൂതിരിയെ സമീപിച്ച്‌ വന്‍ വാഗ്‌ദാനങ്ങള്‍ നല്‌കി. അവരുടെ കുടിലതന്ത്രങ്ങള്‍ക്ക്‌ സാമൂതിരി വശംവദനായില്ല. തങ്ങളുടെ ചരക്കുകള്‍ വിറ്റഴിക്കാനും സാമൂതിരിയുമായി വ്യാപാരബന്ധം സ്ഥാപിക്കാനും കഴിയാതിരുന്നതിനു പിന്നില്‍ കോഴിക്കോട്ടെ അറബ്‌ വ്യാപാരികളാണെന്ന ധാരണയില്‍ പോര്‍ച്ചുഗീസ്‌ സൈന്യം അവരെ ആക്രമിച്ച്‌ കൊള്ളയടിച്ചു. രോഷാകുലരായ സാമൂതിരി എഴുപതോളം അക്രമികളെ തെരഞ്ഞുപിടിച്ച്‌ വധിച്ചു. സാമൂതിരിയുടെ മുമ്പില്‍ തങ്ങളുടെ തന്ത്രങ്ങള്‍ വിലപ്പോവില്ലെന്ന്‌ കണ്ട പറങ്കിസേന, കൊച്ചിരാജാവിനെയും കണ്ണൂരിലെ കോലത്തിരിയെയും സമീപിച്ച്‌, കണ്ണൂരിലും കൊച്ചിയിലും ഓരോ കോട്ടകള്‍ പണിതു. അങ്ങനെ ഇന്ത്യയില്‍ പോര്‍ച്ചുഗീസ്‌ അധിനിവേശത്തിന്റെ അസ്‌തിവാരമിട്ടു. അതോടൊപ്പം തന്നെ അവര്‍ക്കെതിരായ ചെറുത്തുനില്‌പുകള്‍ക്കും തുടക്കംകുറിച്ചു.
മുസ്‌ലിംകള്‍ക്കെതിരായ പ്രതികാര ദാഹവുമായി 1502-ല്‍ തിരിച്ചുവന്ന വാസ്‌കോഡ ഗാമ, കണ്ണൂരിനടുത്ത മാടായിയില്‍ ഹജ്ജ്‌യാത്ര കഴിഞ്ഞ്‌ തിരിച്ചുവരികയായിരുന്ന, സ്‌ത്രീകളും കുട്ടികളുമടക്കം 240 യാത്രക്കാരെ -ജീവനുവേണ്ടി സ്വര്‍ണാഭരണങ്ങളടക്കം, കയ്യിലുള്ളതെല്ലാം നല്‌കാന്‍ തയ്യാറായിട്ടും, അത്‌ സ്വീകരിക്കാതെ- ചങ്ങലക്കിട്ട്‌ കപ്പലിന്‌ തീ കൊടുത്തു. ``തന്റെ കപ്പല്‍ മുറിയുടെ സൂത്രദ്വാരത്തില്‍ കൂടി നോക്കുന്ന ഗാമക്ക്‌, സ്‌ത്രീകള്‍ കുട്ടികളെയും ഏറ്റിക്കൊണ്ട്‌ ആഭരണങ്ങളും രക്തങ്ങളും കാഴ്‌ചവെച്ച്‌ കരയുന്നത്‌ കാണാമായിരുന്നു.''(1)
തുടര്‍ന്നങ്ങോട്ട്‌ പറങ്കിസേന മുസ്‌ലിംകളോട്‌ കാണിച്ച പൈശാചിക ക്രൂരതകള്‍, ശൈഖ്‌ സൈനുദ്ദീന്‍ മഖ്‌ദൂമിന്റെയും ഖാദീ മുഹമ്മദിന്റെയും ഹൃദയ സ്‌പര്‍ശിയായ വരികളിലൂടെ വായിക്കാം: ``കുലീനകളായ എത്രയേറെ മുസ്‌ലിം സ്‌ത്രീകളെയാണ്‌ അവര്‍ തടഞ്ഞുപിടിച്ച്‌ ബന്ധനസ്ഥരാക്കി ബലാല്‍സംഗം ചെയ്‌ത്‌, മുസ്‌ലിംകളുടെ ശത്രുക്കളായി മാറുന്ന ക്രിസ്‌തീയ സന്തതികള്‍ക്ക്‌ ജന്മം നല്‌കിയിട്ടുള്ളത്‌. എത്രയെത്ര തങ്ങന്‍മാരെയും പണ്ഡിതന്മാരെയും മഹത്തുക്കളെയുമാണ്‌ അവര്‍ തടവില്‍ പാര്‍പ്പിക്കുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്‌തിട്ടുള്ളത്‌! എത്രയെത്ര മുസ്‌ലിം സ്‌ത്രീപുരുഷന്മാരെയാണ്‌ അവര്‍ നിര്‍ബന്ധിച്ച്‌ ക്രിസ്‌ത്യാനിയാക്കിയിട്ടുള്ളത്‌!''(2)
``മാലിന്യങ്ങള്‍ ചുമക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നു. മാലിന്യങ്ങളില്‍ അവരെ തളച്ചിടുകയും ചെയ്യുന്നു. ഈര്‍ച്ചവാള്‍ കൊണ്ട്‌ മുസ്‌ലിമിനെ അവര്‍ കൊല്ലുന്നു. ചിലപ്പോള്‍ തോക്കുകൊണ്ടും തീ കൊണ്ടും. പലപ്പോഴും കുമ്മായത്തില്‍ നീറ്റിയും പുകകൊണ്ട്‌ ശ്വാസംമുട്ടിച്ചും കൊല നടത്താറുണ്ട്‌. സ്വശരീരത്തിലെ മാംസം തിന്നാനും സ്വശരീരത്തിലേക്ക്‌ അമ്പെയ്യാനും അവര്‍ ഹേമിക്കപ്പെടുന്നു.''(3)
പൈശാചികവും ക്രൂരവുമായ കൊള്ളയും നരഹത്യയും പീഡനങ്ങളും പോര്‍ച്ചുഗീസുകാരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതായിരുന്നു എന്നാണ്‌ അവരുടെ ചരിത്രം നമുക്ക്‌ വ്യക്തമാക്കിത്തരുന്നത്‌. പോര്‍ച്ചുഗീസ്‌ ചരിത്രമെഴുതിയ എഫ്‌ സി ഡാന്‍വേഴ്‌സ്‌ വിവരിക്കുന്ന, ശ്രീലങ്കയിലെ ഗലാലെയില്‍ നടന്ന ഒരു സംഭവം മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്‌. കുട്ടികളെ ആട്ടുകല്ലും അമ്മിക്കല്ലും ഉപയോഗിച്ച്‌ ചതച്ചുകൊല്ലാന്‍ അസ്‌വാഡോ അമ്മമാരെ നിര്‍ബന്ധിച്ചു. കുന്തമുനയില്‍ കുട്ടികളെ കുത്തിയെടുത്ത്‌, അവരുടെ ദയനീയ കരച്ചില്‍ കേട്ട്‌ സന്തോഷിച്ചു (കുട്ടികളുടെ കരച്ചില്‍, പോര്‍ച്ചുഗലിലെ ഒരു പക്ഷിയുടെ കരച്ചില്‍ പോലെ ആയതിനാല്‍ അത്‌ ആസ്വദിക്കാനാണത്രെ ഈ കൊടുംക്രൂരത ചെയ്‌തത്‌!). ശ്രീലങ്കയിലെ മല്‍വാനാ പാലത്തില്‍ നിന്ന്‌ ആളുകളെ വെള്ളത്തില്‍ തള്ളിയിട്ട്‌ അവരെ മുതലകള്‍ കടിച്ചുകീറുന്നത്‌ കണ്ടു ആസ്വദിച്ചു!''(4)
കോഴിക്കോട്‌, കാപ്പാട്‌, പന്തലായിനി, കോട്ടക്കല്‍, തിക്കോടി, കക്കാട്‌, ചാലിയം, പരപ്പനങ്ങാടി, തിരൂരങ്ങാടി, പൊന്നാനി, താനൂര്‍, പറവണ്ണ, വെളിയങ്കോട്‌, കണ്ണൂര്‍, ധര്‍മടം, എടക്കാട്‌ തുടങ്ങിയ മുസ്‌ലിം കേന്ദ്രങ്ങളിലെല്ലാം പോര്‍ച്ചുഗീസ്‌ വിരുദ്ധ പോരാട്ടങ്ങള്‍ ശക്തിപ്രാപിച്ചതോടെ മുസ്‌ലിംപള്ളികളും പാണ്ടികശാലകളും വീടുകളും ചുട്ടെരിച്ചും കപ്പലുകള്‍ കൊള്ളയടിച്ചും ആയിരങ്ങളെ നിഷ്‌ഠൂരമായി അറുകൊല ചെയ്‌തും സമരപോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ പറങ്കിപ്പട തയ്യാറായി. അല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടെത്തിയ സംഘം പുരാതനമായ പള്ളി തകര്‍ക്കുകയും സാമൂതിരി സ്ഥലത്തില്ലാത്ത സന്ദര്‍ഭം അദ്ദേഹത്തിന്റെ രാജധാനി ആക്രമിച്ച്‌ കീഴടക്കിയതായി പ്രഖ്യാപിക്കുകയും ചെയ്‌തു. വിവരമറിഞ്ഞെത്തിയ നായര്‍-മുസ്‌ലിം പടയാളികളുടെ ചെറുത്തുനില്‌പിന്‌ മുമ്പില്‍ പറങ്കിപ്പടക്ക്‌ പിന്തിരിയേണ്ടി വന്നു.
മുസ്‌ലിംകളുമായി സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞിരുന്ന സാമൂതിരിയെ, അദ്ദേഹത്തിന്റെ അനന്തരാവകാശിയെ സ്വാധീനിച്ച്‌ വിഷം കൊടുത്ത്‌ കൊന്നശേഷം അധികാരത്തില്‍ വന്ന സാമൂതിരിയുമായി സന്ധി ചെയ്‌ത്‌ 1513-ല്‍ കോഴിക്കോട്ട്‌ ഒരു കോട്ട പണിയുകയും മുസ്‌ലിംകളുടെ വ്യാപാരം നിരോധിക്കുകയും ചെയ്‌തു. ചാലിയത്ത്‌ മാലിക്ക്‌ബിന്‍ ദീനാര്‍ പണിത പുരാതന പള്ളി ഇടിച്ചുപൊളിച്ച്‌, അതിന്റെ കല്ലും മരവും ഉപയോഗിച്ച്‌ ഒരു കോട്ടയും ക്രിസ്‌ത്യന്‍ പള്ളിയും പണിതു. പോര്‍ച്ചുഗീസുകാരുമായി സന്ധിയിലായിരുന്ന സാമൂതിരിയുടെ മരണശേഷം പിന്‍ഗാമിയായി വന്ന സാമൂതിരി നേരത്തെ ഉണ്ടാക്കിയ സന്ധി റദ്ദുചെയ്‌ത്‌ അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. സാമൂതിരിയുടെ നേതൃത്വത്തില്‍ ചാലിയം കോട്ട പിടിച്ചെടുക്കാന്‍, നായര്‍-മുസ്‌ലിം യോദ്ധാക്കള്‍ നടത്തിയ ഐതിഹാസിക പോരാട്ടം, പോര്‍ച്ചുഗീസ്‌ വിരുദ്ധ സമരചരിത്രത്തിലെ പ്രൗഢോജ്വലമായ ഒരേടാണ്‌. 1565-ല്‍ ചാലിയം കോട്ട പിടിച്ചെടുത്ത്‌ പൊളിക്കുകയും തകര്‍ത്ത പള്ളി പുനര്‍നിര്‍മിക്കുകയും ചെയ്‌തു.

കുഞ്ഞാലിമാര്‍ വീര യോദ്ധാക്കള്‍

പോര്‍ച്ചുഗീസ്‌ അധിനിവേശത്തിനെതിരെ ഒരു നൂറ്റാണ്ട്‌ കാലം കേരള ജനത നടത്തിയ സമരപോരാട്ടങ്ങളുടെ ധീരരായ അമരക്കാരാണ്‌ കുഞ്ഞാലി മരക്കാര്‍മാര്‍. കുട്ടിഅലി, കുട്ടിപ്പോക്കര്‍, പട്ടുമരക്കാര്‍, മുഹമ്മദലി എന്നിവരാണ്‌ പില്‍ക്കാലത്ത്‌ നാല്‌ കുഞ്ഞാലിമാരായി അറിയപ്പെട്ടത്‌. അവരുടെ നാവിക വൈദഗ്‌ധ്യം മനസ്സിലാക്കിയ സാമൂതിരിമാര്‍ തങ്ങളുടെ നാവികസേനയുടെ നേതൃത്വം കുഞ്ഞാലിമാരെ ഏല്‌പിച്ചു. അശക്തരായ ചില സാമൂതിരിമാര്‍ പോര്‍ച്ചുഗീസുകാരുമായി സന്ധി ചെയ്‌തപ്പോഴും, അവര്‍ക്ക്‌ കീഴടങ്ങാതെ 1600-വരെ തളരാതെ പൊരുതിയ കുഞ്ഞാലിമാരാണ്‌ പറങ്കിപ്പടയുടെ അധിനിവേശത്തില്‍ നിന്ന്‌ കേരളക്കരയെ സംരക്ഷിച്ച്‌ നിര്‍ത്തിയത്‌. വടക്കന്‍ പാട്ടുകളില്‍ പോലും ഇതിഹാസതുല്യം വാഴ്‌ത്തിപ്പാടി, ജാതിമത ഭേദമെന്യേ കേരളജനത സ്‌നേഹാദരങ്ങള്‍ നല്‌കി ആദരിച്ച കുഞ്ഞാലിമാരുടെ പര്യവസാനം, കേരള ചരിത്രത്തിലെ വികാരഭരിതമായ ദുരന്തകഥകളിലൊന്നാണ്‌.
കൊട്ടാരത്തിലെ ഉപജാപക സംഘത്തിന്റെയും, പോര്‍ച്ചുഗീസ്‌ സേനാ തലവന്മാരുടെയും കുടില തന്ത്രങ്ങളില്‍ വശംവദനായ സാമൂതിരി തന്റെ ആജന്മ ശത്രുക്കളുമായി സഖ്യമുണ്ടാക്കി, കുഞ്ഞാലി നാലാമനെതിരെ പട നയിച്ചു. നിസ്സഹായനായ ആ ധീരയോദ്ധാവ്‌, മാപ്പ്‌ നല്‌കാമെന്ന്‌ സാമൂതിരിയുടെ വാഗ്‌ദാനം വിശ്വസിച്ച്‌ കീഴടങ്ങി. എന്നാല്‍ തന്റെ വംശത്തിന്‌ തന്നെ തീരാകളങ്കം ചാര്‍ത്തി, നേരത്തെ നല്‌കിയ വാഗ്‌ദാനം കാറ്റില്‍ പറത്തി, കുഞ്ഞാലിയെ സാമൂതിരി പറങ്കിപ്പടക്ക്‌ ഏല്‌പിച്ചുകൊടുത്തു. പോര്‍ച്ചുഗീസുകാര്‍ വിജയോന്മത്തരായി അദ്ദേഹത്തെയും അനുയായികളെയും ഗോവയില്‍ കൊണ്ടുപോയി, കൊത്തിനുറുക്കി കടലില്‍ എറിഞ്ഞു. കുഞ്ഞാലി മരക്കാരുടെ തല വെട്ടിയെടുത്ത്‌ ഉപ്പിലിട്ട്‌, കുന്തത്തില്‍ കുത്തി കണ്ണൂരില്‍ കൊണ്ടുവന്ന്‌ പ്രദര്‍ശിപ്പിച്ചു. കുഞ്ഞാലിയുടെ മരണത്തോടെ ഇന്ത്യയുടെ നാവിക മഹിമയുടെ അന്ത്യം കുറിച്ചു. അതോടെ പോര്‍ച്ചുഗീസുകാര്‍ക്കെതിരായ സംഘടിത പോരാട്ടങ്ങളും അവസാനിച്ചു.

ആയിശ-ദുരന്ത നായിക

നരാധമന്മാരായ പറങ്കിപ്പടയാളികള്‍ ചവച്ചുതുപ്പിയ നൂറു കണക്കിന്‌ ദു:ഖപുത്രിമാരുടെ പ്രതീകമാണ്‌ ആയിശ! തന്റെ പ്രിയതമന്റെ വരവും കാത്ത്‌, ഒറ്റപ്പെട്ട കുടിലില്‍ ഏകാന്തയായി കഴിഞ്ഞിരുന്ന ആയിശയെ, മദോന്മത്തരായ പറങ്കിപ്പടയാളി ബലാല്‍ക്കാരമായി, കരയില്‍ നിന്ന്‌ അകലെയല്ലാത്ത വെള്ളിയാങ്കല്ല്‌ തുരുത്തിലെത്തിച്ചു. നേരം പുലരുവോളം തങ്ങളുടെ പേക്കൂത്തുകള്‍ക്ക്‌ ഇരയാക്കിയ ശേഷം വെട്ടിനുറുക്കി കടലിലെറിഞ്ഞു. ഈ കൊടുംക്രൂരതക്കെതിരെ പ്രതികരിച്ച അവരുടെ കൂട്ടത്തിലെ തന്നെ കൂട്ടുകാരനെ, രാജ്യദ്രോഹക്കുറ്റം ചുമത്തി ലിസ്‌ബണിലേക്ക്‌ അയച്ച്‌ ജീവപര്യന്തം തടവിലിട്ടു. കാരാഗൃഹത്തില്‍ വെച്ച്‌, ആയിശയുടെ ദീനരോദനവും, വെള്ളിയാങ്കല്ലിലെ കാളരാത്രിയും ഹൃദയസ്‌പര്‍ശിയായ ഒരു ദു:ഖകാവ്യവുമായി പുനര്‍ജനിച്ചു. `കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്ര'മെഴുതിയ പരപ്പില്‍ മമ്മദ്‌കോയ തന്റെ ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നത്‌ ആയിശക്കാണ്‌. അദ്ദേഹം എഴുതുന്നു:
``പോര്‍ച്ചുഗലിലെ ലിസ്‌ബന്‍ സര്‍വകലാശാലയില്‍ ആഫ്രോ- ഏഷ്യന്‍ വിഭാഗത്തില്‍ ചരിത്ര വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റീന 1986-ല്‍ ഒരു പഠനപര്യടനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. മലബാറുകാരനായ ഒരു വിനോദ സഞ്ചാരിയോട്‌ കശ്‌മീര്‍ യാത്രാമധ്യേ ക്രിസ്റ്റീന ചോദിച്ചു: ``ആയിശയെ അറിയുമോ?'' സത്യത്തില്‍ ആ ചോദ്യം നമ്മോട്‌, മലബാറിലെ മുസ്‌ലിംകളോടുള്ള ചോദ്യമായിരുന്നു. നമുക്കറിയാത്ത, നാം കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ലാത്ത, ആ ആശയം പോര്‍ച്ചുഗീസുകാരുടെ മനസ്സില്‍ എന്നും പച്ചപിടിച്ചു നില്‌ക്കുന്ന ഒരു ദു:ഖസ്‌മൃതിയാണ്‌. ക്രിസ്റ്റീനയുടെ വാക്കുകള്‍ ഇതായിരുന്നു: ``തലമുറകളായി ആ ദു:ഖഗാഥ ഞങ്ങള്‍ പാടിക്കൊണ്ടിരിക്കും. പോര്‍ച്ചുഗല്‍ സാഹിത്യത്തെ ധന്യമാക്കിയ നിങ്ങളുടെ ആയിശയുടെ ദുരന്തഗീതം കേള്‍ക്കാന്‍ നിങ്ങള്‍ക്ക്‌ ഇതുവരെ ഭാഗ്യമുണ്ടായിട്ടില്ലേ?''
കൊളോണിയല്‍ അധിനിവേശത്തിനെതിരെ പൊരുതി ധീരരക്തസാക്ഷികളായ കുഞ്ഞാലിമാര്‍, കുട്ട്യാലി സഹോദരന്മാര്‍, ബാബാഹസന്‍, അലിഹാജി, കുട്ടിപ്പോക്കര്‍, കുട്ടിമൂസാ തുടങ്ങിയ ധീരയോദ്ധാക്കളുടെയും അറബിക്കടലില്‍ അരിഞ്ഞെറിയപ്പെട്ട ആയിരക്കണക്കായ, അറിയപ്പെടാത്ത `ആയിശ'മാരുടെയും ചോരയും കണ്ണീരുമാണ്‌ ഒരു നൂറ്റാണ്ടുകാലം പോര്‍ത്തുഗീസ്‌ അധിനിവേശത്തെ കേരളക്കരയില്‍ തടഞ്ഞുനിര്‍ത്തിയത്‌.

കുറിപ്പുകള്‍

1. വേലായുധന്‍ പണിക്കശ്ശേരി - കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ (പേജ്‌ 86)
2. ശൈഖ്‌ സൈനുദ്ദീന്‍ മഖ്‌ദൂം `തുഹ്‌ഫത്തുല്‍ മുജാഹിദീന്‍' സി ഹംസയുടെ പരിഭാഷ (പേജ്‌ 81)
3. ഖാളീ മുഹമ്മദ്‌ `ഫത്‌ഹുല്‍ മുബീന്‍' പ്രൊഫ. മങ്കട അബ്‌ദുല്‍ അസീസ്‌ മൗലവിയുടെ പരിഭാഷ, പേജ്‌ 52
4. FC Danvers. Portuguese in India ഉദ്ധരണം: പ്രൊഫ. കെ എം ബഹാവുദ്ദീന്‍: ``കേരള മുസ്‌ലിംകള്‍: ചെറുത്തുനില്‌പിന്റെ ചരിത്രം''

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: