ഇന്ത്യയുടെ വികസനലക്ഷ്യങ്ങള്‍ മുസ്‌ലിംകള്‍ ഇപ്പോഴും ബഹുദൂരം പുറകില്‍

  • Posted by Sanveer Ittoli
  • at 9:09 AM -
  • 0 comments

ഇന്ത്യയുടെ വികസനലക്ഷ്യങ്ങള്‍ മുസ്‌ലിംകള്‍ ഇപ്പോഴും ബഹുദൂരം പുറകില്‍

- പഠനം -

അജ്‌മല്‍ഖാന്‍ അഞ്ചച്ചവിടി


2015-ഓടെ യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിട്ട്‌ രാജ്യം സ്വീകരിച്ച വികസന ലക്ഷ്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ഇന്ത്യന്‍ മുസ്‌ലിംകള്‍ ബഹുദൂരം പുറകിലാണെന്ന്‌  കണക്കുകള്‍ സമര്‍ഥിക്കുന്നു
മില്ലേനിയം വികസന ലക്ഷ്യങ്ങള്‍ അഥവാ മില്ലേനിയം ഡെവലപ്‌മെന്റ്‌ ഗോളുകളെ ചുറ്റിപ്പറ്റിയാണ്‌ ഇന്ന്‌ ആഗോള സാമൂഹിക വികസന സംവാദങ്ങളും ചര്‍ച്ചകളും നടന്നുകൊണ്ടിരികുന്നത്‌. 2000-ല്‍ നടന്ന ഐക്യ രാഷ്‌ട്രസഭയുടെ മില്ലേനിയം വികസന ഉച്ചകോടിയിലെ തീരുമാനങ്ങള്‍ അംഗരാജ്യങ്ങള്‍ അംഗീകരിച്ചു. 2015 നുള്ളില്‍ നേടിയെടുക്കേണ്ടതായുള്ള ഏഴു വികസന ലക്ഷ്യങ്ങളും 18 ചെറു ലക്ഷ്യങ്ങളും 48 വികസന സൂചികകളും അടങ്ങുന്നതാണ്‌ മില്ലേനിയം വികസന ലക്ഷ്യങ്ങള്‍. കടുത്ത ദാരിദ്ര്യവും വിശപ്പും ഇല്ലാതാക്കുക, പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുക, ലിംഗനീതിയും സ്‌ത്രീ ശാക്തീകരണവും ഉറപ്പാക്കുക, ശിശുമരണ നിരക്ക്‌ കുറക്കുക, മാതൃ-ശിശു ആരോഗ്യം മെച്ചപ്പെടുത്തുക, എച്ച്‌ ഐ വി എയ്‌ഡ്‌സ്‌, മലേറിയ തുടങ്ങിയ സാംക്രമിക രോഗങ്ങളെ തടയുക, പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും നടപ്പിലാക്കുക, വികസന ലക്ഷ്യങ്ങള്‍ നേടാനായി രാജ്യങ്ങളുടെ അന്താരാഷ്‌ട്ര സഹകരണവും കൂട്ടായ്‌മയും കെട്ടിപ്പടുക്കുക എന്നിവയാണ്‌ പ്രധാനമായും മില്ലേനിയം വികസന ലക്ഷ്യങ്ങളില്‍ മുന്നോട്ടുവെക്കുന്നത്‌.
ഇന്ത്യ പോലുള്ള രാജ്യത്ത്‌, പ്രത്യേകിച്ചും സാമ്പത്തികവും സാമൂഹികവും മറ്റു പല തലങ്ങളിലുമുള്ള അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക്‌ ഇവ കീറാമുട്ടിയാവുന്ന വികസന ലക്ഷ്യങ്ങളാണ്‌. അവ എത്രമാത്രം ലക്ഷ്യം കൈവരിച്ചു എന്ന്‌ നോക്കിയാണ്‌, മിക്ക രാജ്യങ്ങളും തങ്ങള്‍ എത്രമാത്രം വികസനത്തിന്റെ പാതയിലാണ്‌ എന്ന്‌ നിര്‍ണയിക്കുന്നത്‌.
ഇന്ത്യന്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ, വികസനം തുടങ്ങിയവ മുഖ്യധാരയില്‍ ചര്‍ച്ചക്കു വരാന്‍ തുടങ്ങിയിട്ട്‌ അധിക കാലമായിട്ടില്ല. സച്ചാര്‍ കമ്മീഷനും രംഗനാഥ മിശ്ര കമ്മീഷനും മറ്റും വന്നതില്‍ പിന്നെ മുസ്‌ലിം ന്യൂനപക്ഷ വികസന പാക്കേജുകള്‍ക്കും മുസ്‌ലിം ന്യൂനപക്ഷ സംവരണ വാഗ്‌ദാനങ്ങള്‍ക്കും വില പേശലുകള്‍ക്കും കുറവുണ്ടായിട്ടില്ല. എന്നാല്‍, സച്ചാര്‍ കമ്മിറ്റി പറഞ്ഞുവെച്ച പോലെ തന്നെ ഇന്ത്യയിലെ ആദിവാസികളെക്കാളും ദളിതരെക്കാളും മുസ്‌ലിംകള്‍ പല സാമൂഹിക വികസന സൂചികകളിലും പിന്നിലാണ്‌ എന്ന സത്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മാറിമാറി പദ്ധതികള്‍ പ്രഖ്യാപിച്ചതൊഴിച്ചാല്‍ ഇപ്പോഴും മാറ്റമില്ലാതെ തന്നെ തുടരുന്നു. എന്നാല്‍ മുസ്‌ലിംകളെ പോലുള്ള ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍, ഘടനാപരമായ വിവേചനങ്ങള്‍, സാമൂഹിക അന്യപാര്‍ശ്വവത്‌കരണങ്ങള്‍ തുടങ്ങിയവ മില്ലേനിയം വികസന അജണ്ടകളില്‍ കൈകാര്യം ചെയ്യുന്നില്ല എന്നത്‌ മില്ലേനിയം വികസനലക്ഷ്യങ്ങളുടെ പോരായ്‌മയാണ്‌. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഇടയില്‍ ഇന്നും ദരിദ്രരുടെ ശതമാനം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്‌. അത്‌ ഗ്രാമങ്ങളില്‍ ആറു ശതമാനവും നഗരങ്ങളില്‍ രണ്ടു ശതമാനവും ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വരും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യം സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന്റെ വക്കിലെത്തി നില്‍ക്കുമ്പോള്‍ 35 ശതമാനം മുസ്‌ലിം പുരുഷന്മാരും 47 ശതമാനം മുസ്‌ലിം സ്‌ത്രീകളും നിരക്ഷരരാണ്‌. 19 ശതമാനം മുസ്‌ലിം ആണ്‍കുട്ടികളും 23 ശതമാനം മുസ്‌ലിം പെണ്‍കുട്ടികളും സ്‌കൂളിനു പുറത്താണ്‌. ശിശുമരണ നിരക്ക്‌, അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക്‌, എച്ച്‌ ഐ വി എയ്‌ഡ്‌സ്‌ എന്നിവയില്‍ ദേശീയ ശരാശരിക്കു അല്‌പം താഴെയാണെങ്കിലും ശുചീകരണ സൗകര്യങ്ങള്‍, ശുദ്ധജല ലഭ്യത തുടങ്ങിയവയില്‍ ദേശീയ ശരാശരിയേക്കാള്‍ വളരെ പിന്നിലാണ്‌ ഇന്ത്യയിലെ മുസ്‌ലിംസമൂഹം.
മില്ലേനിയം വികസന ലക്ഷ്യങ്ങള്‍ പുരോഗമിക്കുമ്പോഴും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംസമൂഹം ഈ വികസന ലക്ഷ്യങ്ങള്‍ നേടുന്നതില്‍ എത്രമാത്രം പിന്നിലാണ്‌ എന്നത്‌ ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌. വികസന ലക്ഷ്യങ്ങളില്‍ പ്രഥമ സ്ഥാനത്തുള്ളത്‌ കഠിന ദാരിദ്ര്യവും വിശപ്പും നിര്‍മാര്‍ജനം ചെയ്യുക എന്നതാണ്‌. അതില്‍ ഇന്ത്യയുടെ ലക്ഷ്യം ദാരിദ്ര്യവും വിശപ്പും 2015- ഓടെ പകുതിയായി കുറക്കുക എന്നും കൂടെ ദേശീയ ദാരിദ്ര്യ നിലവാരത്തെ കുറച്ചു കൊണ്ടുവരിക എന്നുമാണ്‌. ദാരിദ്ര്യം ഏതു രീതിയില്‍ നിര്‍ണയിക്കണം, ഏതെല്ലാം മാനദണ്ഡങ്ങള്‍ പരിഗണിക്കണം, എങ്ങനെയെല്ലാം ദാരിദ്ര്യത്തെ തിട്ടപ്പെടുത്താം എന്നതു സംബന്ധിച്ച്‌ ചര്‍ച്ചകളും സംവാദങ്ങളും കുറച്ചൊന്നുമല്ല കഴിഞ്ഞ കാലങ്ങളില്‍ കോലാഹലം സൃഷ്‌ടിച്ചത്‌. സുരേഷ്‌ തെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം പ്ലാനിംഗ്‌ കമ്മീഷന്‍ ഇന്ത്യയിലെ ദരിദ്രരുടെ ശതമാനം ഗണ്യമായി കുറച്ചു കാണിച്ചുകൊണ്ട്‌ 2009-10 വര്‍ഷത്തില്‍ അത്‌ 29.8 ശതമാനമാണെന്ന്‌ `കണ്ടുപിടിച്ചു.' ഇത്‌ 2004-05 കാലയളവില്‍ നിന്നും ഏഴു ശതമാനം കുറവാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇതില്‍ പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളുടെ ഇടയില്‍ കൂടുതല്‍ പേര്‍ ദരിദ്രരായിട്ടുള്ളത്‌ ആദിവാസികളും (47.4%) ദളിതരും (34.1%) ആണ്‌. മുസ്‌ലിംകളുടെ ഇടയില്‍ നഗരങ്ങളില്‍ 33.9 ശതമാനവും ഗ്രാമങ്ങളില്‍ 36.2 ശതമാനവുമാണ്‌. ഇതില്‍ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളത്‌ മുസ്‌ലിംകളുടെ ഇടയില്‍ തന്നെ.
അസം, ഉത്തര്‍പ്രദേശ്‌, ബംഗാള്‍, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളുടെ ഇടയിലെ ദരിദ്രരുടെ ശതമാനം വളരെ കൂടുതലാണ്‌. അസമില്‍ 53.6 ശതമാനവും, ഉത്തര്‍പ്രദേശില്‍ 44.4 ശതമാനവും ബംഗാളില്‍ 34.4 ശതമാനവും ഗുജറാത്തില്‍ 31.4 ശതമാനവുമാണ്‌. 2006-ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ പ്രകാരം 2004-05 ല്‍ മുസ്‌ലിം ദരിദ്രരുടെ ശതമാനം 31 ആണ്‌. ഇതുപ്രകാരം നഗരങ്ങളിലെ ദരിദ്രരുടെ ശതമാനം മുസ്‌ലിംകളുടെ നഗരങ്ങളിലെ തന്നെ മൊത്തം ജനസംഖ്യയുടെ പകുതിയോളം വരും. ഇത്‌ 29 ശതമാനം എന്ന ദേശീയ ശരാശരിയെക്കാളും ബഹുദൂരം പിന്നിലാണ്‌. ഗ്രാമങ്ങളിലും മുസ്‌ലിംകളുടെ ദരിദ്രശതമാനം ഗ്രാമങ്ങളിലെ ദരിദ്രശതമാനത്തിന്റെ ദേശീയ ശരാശരിയില്‍ നിന്നും വളരെ പിന്നില്‍ തന്നെ. 
എന്നാല്‍ ഇവിടെ പരിശോധിക്കാനുള്ളത്‌ 2015-ഓടെ ആദ്യ മില്ലേനിയം വികസന ലക്ഷ്യമായ കഠിനദാരിദ്ര്യവും വിശപ്പും പകുതിയായി കുറക്കുക എന്ന ലക്ഷ്യം മുസ്‌ലിംകളുടെ കാര്യത്തില്‍ സാധ്യമാണോ എന്നാണ്‌. സാധ്യമല്ല എന്നു തന്നെയാണ്‌ ഉത്തരം. കാരണം നഗരങ്ങളില്‍ മുസ്‌ലിംകളുടെ ഇടയിലെ ദരിദ്രശതമാനം 1993-94 വര്‍ഷത്തെ അടിസ്ഥാനമാക്കി 47 ശതമാനം എന്നത്‌ 23.5 ശതമാനമയി 2015-ഓടെ കുറയേണ്ടതുണ്ട്‌. ഇതിനായി 12 ശതമാനത്തിന്റെ കുറവ്‌ ഉണ്ടാകണം. എന്നാല്‍ നഗരങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയിലെ ദരിദ്രശതമാനം 1993-94 മുതല്‍ 2004-05 വര്‍ഷങ്ങളില്‍ മൂന്ന്‌ ശതമാനത്തിന്റെ മാത്രം കുറവാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. എന്നാല്‍ ഗ്രാമങ്ങളില്‍ ദരിദ്രശതമാനം താരതമ്യേന കുറയുന്ന ദേശീയ പ്രവണത തന്നെയാണ്‌ ഗ്രമങ്ങളിലെ മുസ്‌ലിംകളിലും കാണുന്നത്‌. എന്നിരുന്നാലും 2009-10 ഓടെ മുസ്‌ലിംകളെയും മറ്റു പാര്‍ശ്വവത്‌കരിക്കപ്പെട്ട വിഭാഗങ്ങളെ പോലെ തന്നെ പരമ ദരിദ്രരുടെ പട്ടികയില്‍ തന്നെയാണ്‌ ഉള്‍പ്പെടുത്തിയിട്ടുളത്‌. ഇന്ന്‌ ദരിദ്രരുടെ ശതമാനം യഥാക്രമം 25.1% മുസ്‌ലിംകളിലും 30.3% ദളിതരിലും 32.5% ശതമാനം ആദിവസികളിലുമാണ്‌. ഇതെല്ലാം കാണിക്കുന്നത്‌ ഇന്ത്യയുടെ ആദ്യ മില്ലേനിയം വികസന ലക്ഷ്യമായ ദരിദ്രശതമാനം പകുതിയെങ്കിലും കുറക്കുക എന്നത്‌ സാധ്യമല്ല എന്നും അത്‌ സാധ്യമാകണമെങ്കില്‍ ഇന്ത്യയിലെ പരമദരിദ്രരായ ആദിവാസികളെയും ദളിതരെയും ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളെയും കൊടിയ ദാരിദ്ര്യത്തില്‍ നിന്ന്‌ കൈപ്പിടിച്ചുയര്‍ത്തേണ്ടതുണ്ട്‌ എന്നുമാണ്‌.

സാര്‍വത്രിക വിദ്യാഭ്യാസം 

രണ്ടാമത്തെ മില്ലേനിയം വികസന ലക്ഷ്യമായ പ്രാഥമിക വിദ്യാഭ്യാസം സര്‍വത്രികമക്കുക എന്നതിന്റെ അര്‍ഥം, 2015-ഓടെ ലിംഗവ്യത്യാസമില്ലാതെ എല്ലാവരും പതിനാല്‌ വയസ്സു വരെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക എന്നതാണ്‌. സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യാസം അളക്കാന്‍ ആധാരമാക്കുന്നത്‌ 15 മുതല്‍ 24 വയസ്സു വരെ ഉള്ളവരുടെ ഇടയിലെ സാക്ഷരതാ നിരക്ക്‌, ഒന്നാംക്ലാസ്സ്‌ മുതലുള്ള വിദ്യാര്‍ഥികളുടെ പ്രവേശനനിരക്ക്‌, അതിലെ ലിംഗനീതി, അതിനിടയിലെ കൊഴിഞ്ഞുപോക്കിന്റെ ശതമാനം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ്‌. 2001-ലെ സെന്‍സസ്‌ പ്രകാരം സാക്ഷരതയില്‍ മുസ്‌ലിംകള്‍ മറ്റു വിഭാഗങ്ങളെക്കാള്‍ വളരെ പിന്നിലാണ്‌. മുസ്‌ലിംസ്‌ത്രീകളുടെ ഇടയില്‍ 47.3 ശതമാനവും നിരക്ഷരരാണ്‌. മറ്റു വിദ്യാഭ്യാസ നേട്ടത്തിന്റെ കാര്യത്തിലും മുസ്‌ലിംകള്‍ വളരെ പിന്നില്‍ തന്നെ. 
ദേശീയ സ്ഥിതിവിവര കണക്ക്‌ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 2007-08 വരെ നാലില്‍ ഒരു ശതമാനം മുസ്‌ലിം പുരുഷന്മാരും അഞ്ചില്‍ ഒരു ശതമാനം സ്‌ത്രീകളും മാത്രമാണ്‌ സാക്ഷരര്‍. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരുടെ ശതമാനം പുരുഷന്മാരില്‍ 18-ഉം സ്‌ത്രീകളില്‍ 15-ഉം മാത്രമാണ്‌. അതിനു മുകളിലോട്ടുള്ള ഉന്നത വിദ്യാഭ്യാസ നേട്ടങ്ങളില്‍ മുസ്‌ലിംകള്‍ ഇന്ത്യയിലെ ആദിവാസികളെക്കാളും ദളിതരെക്കാളും പിന്നിലാണ്‌. 5 മുതല്‍ 29 വയസ്സ്‌ വരെ പ്രായമുള്ളവരുടെ ഇടയില്‍ 16.5 പുരുഷന്മാരും 24.7 സ്‌ത്രീകളും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പടി പോലും ചവിട്ടിയിട്ടില്ല. ആറും പതിനാലും വയസ്സിനിടയില്‍ സ്‌കൂളില്‍ പോകേണ്ടവരുടെ കൂട്ടത്തില്‍ 20 ശതമാനം മുസ്‌ലിംകളും സ്‌കൂളിന്‌ പുറത്താണ്‌. പല കാരണങ്ങള്‍ കൊണ്ട്‌ അവര്‍ സ്‌കൂളില്‍ പോകുന്നില്ല. ഇത്തരത്തില്‍ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിംകളുടെ ഇടയില്‍ സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യാസം പോലും 2015-ഓടു കൂടി നേടാന്‍ കഴിയില്ല എന്നത്‌ തീര്‍ത്തും വ്യക്തമാണ്‌.

സ്‌ത്രീ ശാക്തീകരണം

മൂന്നാമത്തെ മില്ലേനിയം വികസനലക്ഷ്യമായ ലിംഗനീതിയും സ്‌ത്രീശാക്തീകരണവും ഉറപ്പുവരുത്തുക എന്നത്‌ മുഖ്യമായി പരിഗണിക്കുന്നത്‌ സാക്ഷരതാ നിരക്ക്‌, പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള പെണ്‍കുട്ടികളുടെ നിരക്ക്‌, തൊഴില്‍, മറ്റു പ്രതിനിധി സഭകളിലെ സ്‌ത്രീ പ്രാതിനിധ്യം എന്നിവയാണ്‌. 2011-ലെ സെന്‍സസ്‌ പ്രകാരം രാജ്യത്ത്‌ അക്ഷരാഭ്യാസമുള്ളവരില്‍ 82.1 ശതമാനം പുരുഷന്മാരും 65.5 ശതമാനം സ്‌ത്രീകളുമാണ്‌. ഇവിടെ സ്‌ത്രീ-പുരുഷ അനുപാതത്തില്‍ ഏകദേശം 17 ശതമാനത്തിന്റെ കുറവാണ്‌ രേഖപ്പെടുത്തിയിട്ടുളത്‌. ഇതില്‍ മുസ്‌ലിംസ്‌ത്രീകളും പുരുഷന്മാരും തമ്മിലുള്ള അന്തരം 17.5 ശതമാനമാണ്‌. വിദ്യാര്‍ഥികള്‍ക്കിടയിലെ കൊഴിഞ്ഞുപോക്കിന്റെ ശതമാനം മുസ്‌ലിം പെണ്‍കുട്ടികളുടെ ഇടയില്‍ 4 ശതമാനമാണ്‌. സ്‌കൂളില്‍ ഒരിക്കലും പോയിട്ടില്ലാത്ത വിദ്യാര്‍ഥികളുടെ നിരക്ക്‌ ദളിത്‌ ആദിവാസി വിദ്യാര്‍ഥികളെക്കാള്‍ കൂടുതല്‍ മുസ്‌ലിം ആണ്‍-പെണ്‍ കുട്ടികളുടെ ഇടയിലാണ്‌. ഇങ്ങനെ പരിശോധിക്കുമ്പോള്‍ ലിംഗനീതി ഈ പറഞ്ഞ മേഖലകളിലെങ്കിലും നേടിയെടുക്കുക എന്നത്‌ വിദൂര സാധ്യതയാണ്‌. 

ശൈശവ മരണനിരക്ക്‌ കുറക്കല്‍

നാലാമത്തെ വികസന ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടിയത്‌ അഞ്ചു വയസിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക്‌ 1990-നും 2015-നും ഇടയില്‍ മൂന്നില്‍ രണ്ടായി കുറക്കുക എന്നതായിരുന്നു. സച്ചാര്‍ കമ്മിറ്റിയുടെ കണക്കുപ്രകാരം അഞ്ചു വയസിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്കില്‍ മുസ്‌ലിംകള്‍ ദേശീയ ശരാശരിക്ക്‌ താഴെ തന്നെയാണ്‌. ഒന്നും രണ്ടും ദേശീയ കുടുബ ആരോഗ്യ സര്‍വേ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളതും സമാന പ്രവണത തന്നെയാണ്‌. എന്നാല്‍ വികസന ലക്ഷ്യങ്ങള്‍ ശിശുമരണ നിരക്ക്‌ മൂന്നില്‍ രണ്ടായി കുറക്കേണ്ടതുണ്ട്‌. 2005-06 ആധാരമാക്കി, ശിശുമരണ നിരക്ക്‌ 57 ശതമാനവും അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക്‌ 74.3 ശതമാനവുമാണ്‌ എന്നതിനാല്‍ 12 വര്‍ഷത്തെ ഇടവേളയില്‍ ശിശുമരണ നിരക്ക്‌ 33.7 ശതമാനവും അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക്‌ 37.8 ശതമാനവുമായി കുറഞ്ഞു. അതേസമയം മുസ്‌ലിംകളുടെ ഇടയില്‍ ശിശുമരണ നിരക്കും അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്കും യഥാക്രമം 31.9-ഉം 33.9-ഉം ശതമാനമാണ്‌. ഇവയില്‍ നിലവിലുള്ള കുറയല്‍ നിരക്ക്‌ തുടര്‍ന്നാല്‍ പോലും 2015-ഓടെ ശിശുമരണ നിരക്കും അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്കും മൂന്നില്‍ രണ്ടായി കുറയ്‌ക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ സാധ്യമല്ല.

മാതൃശിശു ആരോഗ്യം

അഞ്ചാമത്തെ ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടിയത്‌ മാതൃശിശു ആരോഗ്യം മെച്ചപ്പെടുത്തുക എന്നതായിരുന്നു. അതില്‍ ലക്ഷ്യം വെച്ചിരുന്നത്‌ 1990-നും 2015-നും ഇടയില്‍ മാതൃമരണ നിരക്ക്‌ മൂന്നില്‍ ഒന്നായി കുറക്കുക എന്നതായിരുന്നു. ഒരു ലക്ഷം വിജയകരമായ പ്രസവങ്ങളില്‍ ഉണ്ടാകുന്ന മാതൃ മരണ നിരക്കിന്റെ എണ്ണം അടിസ്ഥാനമാക്കിയാണ്‌ മാതൃ മരണ നിരക്ക്‌ തിട്ടപ്പെടുത്തുന്നത്‌. 1997-98 കാലയളവില്‍ ഇത്‌ 398 ആയിരുന്നു. 2000 ആയപ്പോള്‍ അത്‌ 301 ആയി കുറഞ്ഞു. മാതൃമരണ നിരക്ക്‌ കുറയുന്ന പ്രവണതകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ലക്ഷ്യത്തിലെത്താന്‍ മാതൃമരണ നിരക്ക്‌ ഒരു ലക്ഷം പ്രസവങ്ങള്‍ക്ക്‌ 109 ആയി കുറക്കേണ്ടതുണ്ട്‌. അതുകൊണ്ട്‌ തന്നെ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കല്‍ അസാധ്യം തന്നെ. ഇവിടെ മുസ്‌ലിംകളുടെ മാത്രം തരംതിരിച്ചുള്ള സ്ഥിതി വിവര കണക്കുകള്‍ ലഭ്യമല്ലെങ്കിലും പ്രസവാനന്തര ശുശ്രൂഷ ലഭിക്കുന്ന സ്‌ത്രീകളുടെ എണ്ണം, ആശുപത്രികള്‍ മറ്റു ആരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം തുടങ്ങിയവയില്‍ മുസ്‌ലിംകളുടെ ശതമാനം മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച്‌ വളരെ കുറവാണു എന്നത്‌ പരാമര്‍ശമര്‍ഹിക്കുന്നു.
ആറാമത്തെ വികസന ലക്ഷ്യമായി പരിഗണിച്ചിട്ടുള്ളത്‌ എച്ച്‌ ഐ വി എയിഡ്‌സ്‌, മലേറിയ തുടങ്ങിയ സാംക്രമിക രോഗങ്ങളെ തടയുക എന്നായിരുന്നു. ഇതിലൂടെ ലക്ഷ്യം വെച്ചിരിക്കുന്നത്‌ ഗര്‍ഭിണികളായ യുവതികളിലെ എച്‌ ഐ വി എയിഡ്‌സ്‌ ബാധിതരുടെ എണ്ണം കുറച്ചു കൊണ്ടുവരിക, മലേറിയ, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ കാരണമായുള്ള മരണങ്ങള്‍ കുറച്ചു കൊണ്ടുവരിക എന്നിവയാണ്‌. ദേശീയ കുടുംബ ആരോഗ്യ സര്‍വേ (NFHS1,2) ഒന്നും രണ്ടും പ്രകാരം താരതമ്യേന എല്ലാ ജനവിഭാഗങ്ങളുടെ ഇടയിലും എച്ച്‌ ഐ വി എയിഡ്‌സിനെ കുറിച്ചുള്ള അറിവും ധാരണയും കൂടിവരുന്ന പ്രവണതയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. എന്നാല്‍ ഇത്‌ ഏറ്റവും കുറവായി രേഖപ്പെടുത്തിയിട്ടുള്ളത്‌ ആദിവാസികളുടെയും ദളിതരുടെയും മുസ്‌ലിംകളുടെയും ഇടയിലാണ്‌. പുരുഷന്മാരെ അപേക്ഷിച്ച്‌ മുസ്‌ലിം സ്‌ത്രീകളില്‍ അത്‌ വളരെ കുറവാണ്‌. മലേറിയ, ക്ഷയം തുടങ്ങിയവയെ തടയാനുള്ള മരുന്നുകളുടെ ഉപയോഗത്തിലും മുസ്‌ലിംകള്‍ പിന്നിലാണ്‌ എന്നത്‌ ഈ ലക്ഷ്യവും പൂര്‍ത്തീകരിക്കാനാവില്ല എന്നുതന്നെയാണ്‌ സൂചിപ്പിക്കുന്നത്‌.
മില്ലേനിയം വികസന ലക്ഷ്യങ്ങള്‍ സഫലമാകാതെ പോകുന്നതിന്‌ പിന്നില്‍ കുറെ സാമൂഹിക യാഥാര്‍ഥ്യങ്ങളുണ്ട്‌. ജാതി അടിസ്ഥാനമാക്കിയുള്ള അതിക്രമങ്ങള്‍, ലോകത്ത്‌ മറ്റിടങ്ങളില്‍ കാണാത്ത സാമൂഹിക സാമ്പ്രദായിക ചൂഷണങ്ങളും അസമത്വങ്ങളും, ആദിവാസികള്‍ അവരുടേതു മാത്രമായി കാണേണ്ട പ്രശ്‌നങ്ങള്‍, മറ്റു ന്യൂനപക്ഷങ്ങള്‍ അവരെ ബാധിക്കുന്ന പ്രത്യേക പ്രശ്‌നങ്ങള്‍, ഇന്ത്യയിലെ മുസ്‌ലിംകളെ സംബന്ധിച്ചു പ്രത്യേകമായി പരിഗണിക്കേണ്ടിയിരുന്ന പലകാര്യങ്ങള്‍ എന്നിവയെല്ലാം അവഗണിച്ചു എന്നതാണ്‌ മില്ലേനിയം വികസന ലക്ഷ്യങ്ങളുടെ ഏറ്റവും വലിയ പോരായ്‌മ. അതുകൊണ്ട്‌ തന്നെ മില്ലേനിയം വികസന ലക്ഷ്യങ്ങള്‍ 2015 കഴിഞ്ഞു പതിറ്റാണ്ടുകള്‍ പിന്നിട്ടാലും പൂര്‍ത്തീകരിക്കാനാവാതെ ബാക്കിയാവുക തന്നെ ചെയ്യും. ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക വികസനത്തിന്റെ തോത്‌ നല്‍കുന്ന ചിത്രം അത്ര ആശാവഹമൊന്നുമല്ല. നമ്മുടെ രാജ്യത്തു ദരിദ്രനിര്‍മാര്‍ജനം, സാക്ഷരത, ലിംഗനീതി, ശിശു മരണ നിരക്കു കുറയ്‌ക്കല്‍ എന്നീ മേഖലകളില്‍ മുസ്‌ലിംകള്‍ ഏറ്റവും പിന്നില്‍ തന്നെ. ഇന്ത്യയിലെ അന്യവല്‍കരിക്കപ്പെട്ടവര്‍, ആദിവാസികള്‍, ദളിതര്‍ മുസ്‌ലിംകള്‍ എന്നിവരുടെ ക്ഷേമവും വികസനവും ഉറപ്പുവരുത്താതെ യാതൊരു വികസന ലക്ഷ്യവും പൂര്‍ത്തീകരിക്കല്‍ സാധ്യമല്ല. അവരെ ഉള്‍ക്കൊള്ളിക്കാതെയും പ്രതീകമായി പരിഗണിക്കാതെയും ഇനിയും മുന്നോട്ടുപോയാല്‍ അവരും മറ്റുള്ളവരും തമ്മിലുള്ള സാമൂഹികവും സാമ്പത്തികവും മറ്റു തലങ്ങളിലും ഉള്ള വിടവ്‌ വളരെ അപകടകരമാം വിധത്തില്‍ നില നില്‍ക്കും എന്നത്‌ ലോകത്തിലെ കൊട്ടിഘോഷിക്കുന്ന വലിയ ജനാധിപത്യത്തിനു തീരാ കളങ്കമാകും.
(മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്‌ ലേഖകന്‍)

അവലംബം

1). Dr. Thanveer Fazal: Millennium development goals and Muslims in India, Oxfarm India 2013,  Oxfarm India working paper series.
2). S. Sachar, et al. (2006), �Social, Economic and Educational Status of the Muslim Community of India�, Delhi: Government of India, available at: http://www.minorityaffairs.gov.in/sachar.
3). Government of India (2011), �India Human Development Report, 2011�, Institute of Applied Manpower Research, Planning Commission, Delhi: Oxford University Press.
4). United Nations International Children's Emergency Fund and World Health Organization, (2012), �Progress of Drinking Water and Sanitation�, New York: UNICEF, WHO, available at: http://www.unicef.org/media/files/JMPreport2012.pdf.
5). International Institute for Population Sciences (2007), �Key Findings, National Family Health Survey-3, 2005-06�, Mumbai: IIPS. Available at: http://www.measuredhs.com/pubs/pdf/SR128/SR128.pdf.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: