അയ്യൂബ്‌ നബി(അ)യുടെ രോഗവും പിശാചും

  • Posted by Sanveer Ittoli
  • at 8:28 PM -
  • 0 comments

അയ്യൂബ്‌ നബി(അ)യുടെ രോഗവും പിശാചും





- നെല്ലുംപതിരും -

എ അബ്‌ദുസ്സലാം സുല്ലമി



ജിന്നുവാദികളുടെ നേതാവായ കെ കെ സകരിയ്യാ സ്വലാഹി പുതിയതായി എഴുതിയ `ജിന്ന്‌, സിഹ്‌ര്‍, കണ്ണേറ്‌, റുഖ്‌യ: ശറഇയ്യ ഒരു പ്രാമാണിക പഠനം' എന്ന പുസ്‌തകത്തില്‍ അയ്യൂബ്‌ നബി(അ)യുടെ രോഗവും പിശാചും എന്നൊരധ്യായം തന്നെ നല്‌കിയിരിക്കുന്നു. ഇയാള്‍ എഴുതുന്നത്‌ കാണുക: ``അയ്യൂബ്‌ നബി(അ)ക്ക്‌ ബാധിച്ച രോഗത്തിലും പിശാചിന്‌ പങ്കുണ്ടെന്ന്‌ ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുണ്ട്‌. സൂറതു സ്വാദില്‍ അല്ലാഹു പറയുന്നു: `നമ്മുടെ അടിമ അയ്യൂബിനെയും സ്‌മരിക്കുക. അദ്ദേഹം തന്റെ റബ്ബിനെ വിളിച്ചുതേടിയ സന്ദര്‍ഭം. അതായത്‌ പിശാച്‌ എനിക്ക്‌ അവശതയും പീഡനവും ഏല്‌പിച്ചിരിക്കുന്നു എന്ന്‌.
(സ്വാദ്‌ 41) സൂറത്തു അന്‍ബിയാഇല്‍ `എനിക്ക്‌ കഷ്‌ടത ബാധിച്ചിരിക്കുന്നു. നീ കരുണ ചെയ്യുന്നവരില്‍ അതികാരുണ്യവാനാണല്ലോ' എന്നു പറഞ്ഞതും ഈ രോഗത്തെക്കുറിച്ചു തന്നെയാണ്‌. `മസ്സനിയളുറു' എന്ന്‌ ഇവിടെ പറഞ്ഞത്‌ `മസ്സനിയ ശൈത്വാനു' എന്ന അര്‍ഥത്തിലാണെന്ന്‌ മനസ്സിലാക്കാന്‍ കഴിയും. തന്റെ രോഗത്തില്‍ പിശാചിന്‌ പങ്കുണ്ടെന്ന അയ്യൂബി(അ)യുടെ വാക്കിനെ അല്ലാഹു നിഷേധിച്ചിട്ടില്ല.'' (പേജ്‌ 53)
ഗ്രന്ഥകര്‍ത്താവ്‌ സത്യത്തെ തലതിരിഞ്ഞ നിലക്കാണ്‌ ഇവിടെ അവതരിപ്പിക്കുന്നത്‌. എനിക്ക്‌ കഷ്‌ടത ബാധിച്ചിരിക്കുന്നു എന്ന്‌ സൂറതു അന്‍ബിയാഇല്‍ പറഞ്ഞതിനെ സൂറതു സ്വാദില്‍ എനിക്ക്‌ പിശാച്‌ ബാധിച്ചിരിക്കുന്നു എന്നു പറഞ്ഞതുകൊണ്ട്‌ വ്യാഖ്യാനിക്കണമെന്നും കഷ്‌ടത എന്നതിന്റെ ഉദ്ദേശ്യം പിശാച്‌ ബാധിച്ച അദ്ദേഹത്തിന്റെ ശരീരത്തിലും സമ്പത്തിലും സന്താനങ്ങളിലും പിശാച്‌ വലിയ ഉപദ്രവം ചെയ്യുന്നതാണെന്നാണെന്നും അതിനാല്‍ ഞങ്ങളുടെ ധനത്തില്‍ വലിയ നഷ്‌ടം ഉണ്ടാക്കാനും ആ രോഗവും സന്താനങ്ങളെയും നശിപ്പിക്കാനും പിശാചിന്‌ സാധിക്കുമെന്നും ലേഖകന്‍ ആയത്തില്‍ നിന്ന്‌ സിദ്ധാന്തിക്കുന്നു.
എന്നാല്‍ മുജാഹിദ്‌ പ്രസ്ഥാനം ഇപ്രകാരമല്ല മുസ്‌ലിംകളെ പഠിപ്പിച്ചത്‌. എന്നെ പിശാച്‌ ബാധിച്ചു എന്നതിന്റെ ഉദ്ദേശ്യം സൂറതു അന്‍ബിയാഇല്‍ പറഞ്ഞതുപോലെ കഷ്‌ടതയും പീഡനവുമാണ്‌. രോഗം പിശാചിന്‌ തൃപ്‌തിയുള്ളതായതിനാല്‍ പിശാചിലേക്ക്‌ ചേര്‍ത്തി പറഞ്ഞതാണ്‌. പിശാചിന്‌ തൃപ്‌തിയുള്ളതെല്ലാം പിശാചിലേക്ക്‌ ചേര്‍ത്തിപ്പറയുന്നതാണ്‌. മറവി, ധൃതി, കോട്ടുവായിടല്‍, കള്ളുകുടി, ചൂതാട്ടം, വിഗ്രഹങ്ങള്‍ ഇവയെല്ലാം പിശാചിലേക്ക്‌ ചേര്‍ത്തിപ്പറഞ്ഞതുപോലെ. മനുഷ്യനില്‍ മറവിയും ധൃതിയും കോട്ടുവായ ഇടലും സൃഷ്‌ടിച്ചത്‌ പിശാചാണെന്ന്‌ ആയത്തും ഹദീസും തെളിവാക്കികൊണ്ട്‌ വല്ലവരും ജല്‌പിച്ചാല്‍ അവന്‍ മുശ്‌രിക്കാണ്‌. അല്ലാഹുവിന്റെ സൃഷ്‌ടിപ്പില്‍ പോലും പിശാചിനെ പങ്കുചേര്‍ത്തവനാണ്‌.
കെ എന്‍ എം പ്രസിദ്ധീകരിച്ച മുഹമ്മദ്‌ അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയില്‍ ആയത്തിനെ വ്യാഖ്യാനിക്കുന്നതിന്റെ പൂര്‍ണരൂപം താഴെ വിവരിക്കുന്നത്‌ ശ്രദ്ധിക്കുക. ``അയ്യൂബ്‌ നബി(അ) തന്റെ രോഗമെന്തായിരുന്നുവെന്ന്‌ ഈ രിവായത്തിലും പറയുന്നില്ല. ഏതായാലും അദ്ദേഹത്തിന്റെ ശരീരത്തിലും സ്വത്തിലും വളരെ കഷ്‌ടനഷ്‌ടങ്ങള്‍ ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ സ്വന്തക്കാര്‍ പോലും അദ്ദേഹത്തെ ഉപേക്ഷിക്കുകയുണ്ടായെന്നും രിവായത്തുകളില്‍ നിന്ന്‌ മാത്രമല്ല, ഖുര്‍ആനിന്റെ പ്രസ്‌താവനകളില്‍ നിന്നും നല്ലപോലെ മനസ്സിലാക്കാന്‍ കഴിയും. ആപത്തിന്റെ കാഠിന്യം നിമിത്തം തന്റെ നിലപാടിനു യോജിച്ചതല്ലാത്ത മനോവികാരവും തന്നില്‍ ഉണ്ടായതിനെ സൂചിപ്പിച്ചുകൊണ്ടോ, ചീത്ത കാര്യങ്ങളെ പിശാചുമായി ബന്ധപ്പെടുത്തിക്കൊണ്ട്‌ പറയാറുള്ള പതിവനുസരിച്ചോ ആയിരിക്കാം എന്നെ പിശാച്‌ സ്‌പര്‍ശിച്ചു എന്ന്‌ അദ്ദേഹം പറഞ്ഞത്‌. സൂറതു അന്‍ബിയാഇല്‍ ഈ സ്ഥാനത്ത്‌ എനിക്ക്‌ കഷ്‌ടത എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌.'' (വിശുദ്ധ ഖുര്‍ആന്‍ വിവരണം വാള്യം നാല്‌, പേജ്‌ 2807).
ചെറിയമുണ്ടം അബ്‌ദുല്‍ഹമീദും കുഞ്ഞിമുഹമ്മദ്‌ പറപ്പൂരും എഴുതിയ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷയില്‍ വിശദീകരിക്കുന്നതു കാണുക: ``അയ്യൂബ്‌ നബി(അ) രോഗങ്ങളും കഷ്‌ടപ്പാടുകളും മൂലം പരീക്ഷിക്കപ്പെട്ടു. അദ്ദേഹം എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്‌തു. പിശാച്‌ ഈ അവസരം ശരിക്കും ഉപയോഗപ്പെടുത്തി. ഒരു പ്രവാചകന്‌ ഒരിക്കലും രോഗമോ കഷ്‌ടപ്പാടുകളോ ഉണ്ടാകാന്‍ പാടില്ലെന്നും അതിനാല്‍ അയ്യൂബ്‌ വ്യാജവാദിയാണെന്നും അവന്‍ ദുര്‍ബോധനം നടത്തി. ബന്ധുമിത്രാദികള്‍ അദ്ദേഹത്തിന്നെതിരെ തിരിഞ്ഞു. ഇതിനെപ്പറ്റിയാണ്‌ അദ്ദേഹം അല്ലാഹുവോട്‌ സങ്കടമുണര്‍ത്തുന്നത്‌.'' (പേജ്‌ 665)
ലേഖകന്‍ തന്നെ എഴുതിയ ജിന്നും സിഹ്‌റും മടവൂരികളുടെ ദുഷ്‌പ്രചാരണവും എന്ന പേരില്‍ ഇറക്കിയ ആദ്യ പതിപ്പുകളില്‍ അയ്യൂബ്‌ നബി(അ)ക്ക്‌ ആരോ സിഹ്‌റ്‌ ചെയ്‌തു പിശാചിനെ വിട്ടു ഉപദ്രവിച്ചതാണെന്ന്‌ എഴുതുന്നു (പേജ്‌ 22). പിന്നീട്‌ ഇതേ പേരില്‍ പ്രസിദ്ധീകരിച്ച പുസ്‌തകത്തില്‍ സിഹ്‌ര്‍ ബാധ എന്നത്‌ വിട്ടിരിക്കുന്നു. അയ്യൂബ്‌ നബി(അ)ക്ക്‌ ബാധിച്ച രോഗത്തില്‍ എന്നാക്കിയിട്ടുണ്ട്‌ (പേജ്‌ 22). ജിന്നുവാദികളുടെ ഈ വാദങ്ങള്‍ മുന്നില്‍ വച്ചുകൊണ്ട്‌, ചിന്തിക്കുന്നവര്‍ക്കു വേണ്ടി ചില പ്രശ്‌നങ്ങള്‍ നമുക്ക്‌ ഉന്നയിക്കാനുണ്ട്‌.
1. പിശാചിന്റെ കഴിവില്‍ പെട്ടതു ചോദിക്കല്‍ ശിര്‍ക്കല്ല എന്ന്‌ പറയുന്നു. വലിയ രോഗത്തിനും സാമ്പത്തിക നഷ്‌ടത്തിനും സന്താനങ്ങളുടെ നഷ്‌ടത്തിനും വിധേയനായ ഒരു മനുഷ്യന്‍ ഇവയില്‍ നിന്നുള്ള മോചനത്തിനുവേണ്ടി പിശാചിനെ വിളിച്ച്‌ സഹായം ചോദിച്ചാല്‍ ഈ സഹായം ചോദിക്കല്‍ ശിര്‍ക്കാണോ? എതിരാണോ?
2. പിശാചിന്‌ ഇത്തരം നഷ്‌ടങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമാണോ സാധിക്കുക? അതില്‍ നിന്ന്‌ മോചനം നല്‌കാന്‍ സാധിക്കുകയില്ലേ? ഉണ്ടാക്കിയത്‌ പിന്‍വലിക്കുവാന്‍ സാധിക്കുമോ?
3. ഇത്തരം നഷ്‌ടങ്ങള്‍ ഉണ്ടാകുമ്പോള്‍ പിശാചിന്റെ പങ്കിനെ എങ്ങനെയാണ്‌ വേര്‍തിരിച്ച്‌ മനസ്സിലാക്കുക? അയ്യൂബ്‌ നബി(അ)ക്ക്‌ മനനസ്സിലായ പോലെ നമുക്കും മനസ്സിലാകുമോ?
4. ഏതെല്ലാം രോഗത്തിലാണ്‌ പിശാചിന്‌ പങ്കുള്ളത്‌? എല്ലാ രോഗങ്ങളിലും പങ്കുണ്ടോ?
5. ഒരു മനുഷ്യന്‌ ഏതു ജോലിയില്‍ പ്രവേശിച്ചാലും സാമ്പത്തിക നഷ്‌ടം ഉണ്ടാവുകയാണ്‌. അല്ലെങ്കില്‍ കച്ചവടത്തില്‍ നഷ്‌ടം ഉണ്ടാവുകയാണ്‌. കൃഷിയില്‍ നഷ്‌ടം ഉണ്ടാവുകയാണ്‌. അയ്യൂബ്‌ നബി(അ)ക്ക്‌ പിശാച്‌ സാമ്പത്തികമായി വലിയ നഷ്‌ടം ഉണ്ടാക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഈമാന്‍ ഇല്ലാത്ത എനിക്ക്‌ പിശാച്‌ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുക തന്നെ ചെയ്യും. എനിക്കു ഉണ്ടായ സാമ്പത്തിക നഷ്‌ടത്തിന്റെ കാരണം പിശാചാണെന്ന്‌ വല്ലവനും വിശ്വസിച്ചാല്‍ അവന്‍ ഏകദൈവ വിശ്വാസിയാണോ? അവന്റെ തൗഹീദ്‌ ശരിയാണോ?
6. പിശാചിന്‌ അവന്‍ ഉണ്ടാക്കിയ സാമ്പത്തിക നഷ്‌ടം ഇല്ലാതാക്കി സമ്പന്നന്‍ ആക്കാന്‍ സാധിക്കുമോ?
7. തനിക്ക്‌ ദാരിദ്ര്യം ഉണ്ടാക്കിയത്‌ പിശാചാണെന്ന്‌ മുസ്‌ലിമിന്‌ വിശ്വസിക്കാമോ? ദാരിദ്ര്യത്തില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍ പിശാചിനോട്‌ ചോദിച്ചാല്‍ ഇത്‌ ശിര്‍ക്കാണോ? ഏതെല്ലാം രോഗം ബാധിക്കുമ്പോഴാണ്‌ തനിക്ക്‌ പിശാച്‌ ഉണ്ടാക്കിയതാണ്‌ ഈ രോഗം എന്ന്‌, അയ്യൂബ്‌ നബി(അ) പറഞ്ഞതുപോലെ, ഒരു മുജാഹിദ്‌ അല്ലാഹുവിനോടു പറഞ്ഞു രക്ഷ തേടേണ്ടത്‌?
8. കുട്ടികള്‍ ജനിച്ചാല്‍ ഉടനെ മരിക്കുന്ന ഒരു മനുഷ്യന്‍ അയ്യൂബ്‌ നബി(അ)ക്ക്‌ പോലും കുട്ടികളില്‍ നഷ്‌ടം പിശാച്‌ ഉണ്ടാക്കിയെങ്കില്‍ എനിക്കും ഉണ്ടാക്കും. അതിനാല്‍ എന്റെ കുട്ടികള്‍ മരിക്കുവാനുള്ള കാരണം പിശാചാണെന്നു വിശ്വസിക്കാമോ? ഈ വിശ്വാസം തൗഹീദാണോ? കുട്ടികള്‍ മരിക്കാതിരിക്കാന്‍ പിശാചിനോടു സഹായം ചോദിച്ചാല്‍ ഈ സഹായം ചോദിക്കല്‍ ശിര്‍ക്കാണോ? പകര്‍ച്ചവ്യാധികള്‍ ഉണ്ടായി കുട്ടികള്‍ മരിക്കുമ്പോള്‍ ഒരു പിതാവ്‌ പകര്‍ച്ചവ്യാധികള്‍ തടയുവാന്‍ ഒരു ഡോക്‌ടറോടു സഹായം ചോദിക്കുന്നതു പോലെതന്നെയാണോ ഈ സഹായം ചോദിക്കലും?
9. വിശ്വാസികളുടെ മേല്‍ യാതൊരു കഴിവും പിശാചിനില്ലെന്നു വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ പറയുന്നു? അയ്യൂബ്‌ നബി(സ) വിശ്വസിയായിരുന്നില്ലേ?
10. ആത്മാര്‍ഥതയുള്ളവരെ യാതൊന്നും ചെയ്യുവാന്‍ സാധ്യമല്ലെന്ന്‌ വിശാച്‌ തന്നെ സമ്മതിക്കുന്നു. അയ്യൂബ്‌ നബി(സ) ആത്മാര്‍ഥതയുള്ള അല്ലാഹുവിന്റെ അടിമയായിരുന്നില്ലേ?
ഇസ്വ്‌ലാഹീ പ്രസ്ഥാനം നാളിതുവരെ വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളോട്‌ പ്രബോധനം ചെയ്‌ത വിശ്വാസത്തിന്‌ കടകവിരുദ്ധവും യാഥാസ്ഥിതികര്‍ പറഞ്ഞുനടന്ന വിശ്വാസവികലതക്ക്‌ സഹായകവുമാണ്‌ ഡോക്‌ടര്‍ സകരിയ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വാദകോലാഹലങ്ങള്‍.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: