അത്തും പിത്തുമായോ കൃഷ്‌ണയ്യര്‍ക്ക്? ഫീഡ് ബാക്ക് എമ്മാര്‍
കര്‍ണാടകയിലെ സംഘപരിവാരം ഇപ്പോള്‍ പിരിവെടുക്കുന്ന തിരക്കിലാണ്. പ്രശസ്‌ത കന്നട സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തിയ്‌ക്ക് നാട് വിടാനുള്ള പണമാണ് പരിവാരം പിരിക്കുന്നത്. നരേന്ദ്രമോഡി പ്രധാനമന്ത്രി ആയാല്‍ താന്‍ രാജ്യം വിടുമെന്ന അനന്തമൂര്‍ത്തിയുടെ പ്രസ്‌താവനയില്‍ രോഷം പൂണ്ടാണ് അദ്ദേഹത്തെ പരിഹസിക്കാന്‍ സംഘികള്‍ രംഗത്തിറങ്ങിയത്. മോഡി ഭരിക്കുന്ന ഇന്ത്യയില്‍ ജീവിക്കാന്‍ താല്‌പര്യമില്ലെങ്കില്‍ മൂര്‍ത്തിക്ക് നല്ലത് രാജ്യം വിടുന്നതാണെന്ന് ബി ജെ പി ക്കാര്‍ പറയുന്നു.
നീണ്ട നാടകങ്ങള്‍ക്കൊടുവില്‍ അദ്വാനിയുടെ എതിര്‍പ്പിനെ വകവെക്കാതെയാണ് ബി ജെ പി ദേശീയ നേതൃത്വം മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി അവരോധിച്ചിട്ടുള്ളത്. ഇതുവഴി ആര്‍ എസ് എസ് ഉയര്‍ത്തുന്ന കടുത്ത ഹിന്ദുത്വ ലൈന്‍ ആയിരിക്കും ബി ജെ പി തെരഞ്ഞെടുപ്പ് നയമായി സ്വീകരിക്കുന്നത് എന്ന് വ്യക്തമായിരിക്കുന്നു. 2002 ല്‍ ഗുജറാത്തില്‍ ന്യൂനപക്ഷ ഹത്യക്ക് നേതൃത്വം നല്‍കിയ, ഏറ്റവും നീചവും മനുഷ്യത്വ രഹിതവുമായ രാഷ്ട്രീയത്തിന്റെ പ്രതീകമായ മോഡിയെ തങ്ങളുടെ നേതാവായി ഉയര്‍ത്തിക്കാട്ടാന്‍ ബി ജെ പി ക്ക് ധൈര്യം വന്നിരിക്കുന്നു എന്ന വസ്‌തുതയാണ് ഈ സാഹചര്യത്തില്‍ ചര്‍ച്ച അര്‍ഹിക്കുന്നത്. ബി ജെ പി യുടെ രാഷ്ട്രീയ ശത്രുക്കളായ കോണ്‍ഗ്രസും ഇടതുപക്ഷവും ഈ നീക്കത്തിനെതിരെ പ്രതികരിച്ചു എന്നതില്‍ അതിശയമില്ല. എന്നാല്‍, മതേതരവാദികള്‍ എന്ന് അവകാശപ്പെടുന്ന സാംസ്‌കാരികസാഹിത്യ രംഗങ്ങളിലെ പ്രമുഖരും ബുദ്ധിജീവികളും ഉള്‍പ്പെടുന്ന രാജ്യത്തെ മഹാഭൂരിപക്ഷം മോഡിയെ പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കരുതെന്നു പറയാന്‍ തയ്യാറായില്ല. ബുദ്ധിജീവികളുടെയും പൗരസമൂഹത്തിന്റെയും പക്ഷത്തു നിന്ന് കൂട്ടായി അങ്ങനെ ഒരാവശ്യമുയര്‍ന്നെങ്കില്‍ ബി ജെ പി അതിനു കീഴടങ്ങേണ്ടി വന്നേനെ. അനന്തമൂര്‍ത്തിയും അദ്ദേഹത്തെ പിന്തുണച്ച അമിതാവ് ഘോഷും മറ്റു അപൂര്‍വം ചിലരും മാത്രമാണ് മോഡി ഒരിക്കലും രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിക്കൂടെന്നു തുറന്നു പ്രഖ്യാപിക്കാന്‍ മുന്നോട്ടു വന്നത്.
മോഡിയുടെ അപദാനങ്ങള്‍ വാഴ്‌ത്താന്‍ മത്സരിക്കുകയാണ് മാധ്യമങ്ങള്‍. വികസനത്തിന്റെ ശില്‌പിയും അഴിമതി വിരുദ്ധനും സാധാരണക്കാരുടെ നേതാവുമൊക്കെയായാണ് മോഡി ഇപ്പോള്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്. എന്നാല്‍ മോഡിയുടെ ഗുജറാത്ത് വികസന മാതൃക കേവലം പ്രചാരണ കോലാഹലം മാത്രമാണെന്നതാണ് വസ്‌തുത. രാം പുനിയാനി ക്രോഡീകരിച്ച മിത്ത് ഓഫ് വൈബ്രന്റ് ഗുജറാത്ത് എന്ന റിപ്പോര്‍ട്ട് മോഡിയുടെ വികസനം ഒരു കെട്ടുകഥ മാത്രമാണെന്ന് വസ്‌തുതകള്‍ നിരത്തി സാക്ഷ്യപ്പെടുത്തുന്നു. താരതമ്യേന സമ്പന്നസംസ്ഥാനമായി കരുതപ്പെടുന്ന ഗുജറാത്തിന്റെ മാനവ വികസന സൂചകങ്ങള്‍ മിക്കവയും പരിതാപകരമാണ്. കുട്ടികളുടെ പോഷകക്കുറവിന്റെ കാര്യത്തില്‍ അര്‍ധ സഹാറന്‍ ആഫ്രിക്കയുടേതിനേക്കാള്‍ കഷ്ടമായ അതിന്റെ നില മോഡിയുടെ ഭരണകാലത്ത് കൂടുതല്‍ കൂപ്പുകുത്തുകയാണ് ചെയ്‌തത്.
2002ല്‍ ഗുജറാത്തില്‍ നടത്തിയ ആസൂത്രിത കലാപത്തിന്റെ പിന്നില്‍ മോഡിയുടെ കരങ്ങളുണ്ടെന്ന് പലതവണ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോഡിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന ബി ജെ പി നേതാവ് മായാ കോഡ്‌നാനി ഗുജറാത്ത് കലാപത്തില്‍ കുറ്റക്കാരിയാണെന്ന് കോടതിയില്‍ തെളിഞ്ഞതിനാല്‍ രാജിവെക്കുകയുണ്ടായി. ഗോധ്ര തീവണ്ടി ദുരന്തത്തോടനുബന്ധിച്ച് ഗുജറാത്തില്‍ നരേന്ദ്രമോഡി വിളിച്ചു ചേര്‍ത്ത ഉന്നതതല ഇന്റലിജന്‍സ് യോഗത്തില്‍, ഹിന്ദുക്കള്‍ പ്രതികരിക്കും ആരും തടയരുത് എന്ന നിര്‍ദേശം നല്‍കുകയുണ്ടായെന്ന് അക്കാലത്തെ ഗുജറാത്ത് ഡി ജി പി, ആര്‍ ബി ശ്രീകുമാറിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാണ്. വര്‍ഗീയ കലാപത്തിന്റെ ആസൂത്രകന്‍ എന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ അമേരിക്ക നിരവധി തവണ അദ്ദേഹത്തിന് വിസ നിഷേധിക്കുകയുണ്ടായി. 2002 ല്‍ ഗുജറാത്തിലെ ഐ പി എസ് ഓഫീസറായിരുന്ന (ഇന്റലിജന്റ്‌സ്) സഞ്‌ജീവ് ഭട്ട് നരേന്ദ്രമോഡിക്കെതിരായി 2011 ഏപ്രില്‍ 21 ന് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍, താന്‍ ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് മേധാവികള്‍ പങ്കെടുത്ത യോഗത്തില്‍, ഹിന്ദുക്കളെ അവരുടെ പ്രതികാരം തീര്‍ക്കാന്‍ അനുവദിക്കണമെന്ന് നരേന്ദ്രമോഡി ആവശ്യപ്പെട്ടു എന്നാരോപിച്ചിട്ടുണ്ട്. ഗുജറാത്ത് കലാപകാലത്ത് മോഡിസര്‍ക്കാറിന്റെ നിഷ്‌ക്രിയത്വം മുതലെടുത്ത് സംസ്ഥാനത്ത് 500 ലധികം മതസ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടാന്‍ ഇടയായെന്നു ഗുജറാത്ത് ഹൈക്കോടതി 2012 ഫെബ്രുവരി 8 ന് നിരീക്ഷിക്കുകയുണ്ടായി. മാത്രമല്ല, ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോഡിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറി രാജുരാമചന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ശുപാര്‍ശ ചെയ്‌തിരിക്കുന്നു.
ഇത്രയേറെ കളങ്കിതനായ മോഡിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആളുണ്ടായില്ല എന്നതിനേക്കാള്‍ ആശങ്കാകുലം മോഡിക്ക് വേണ്ടി വക്കാലത്തുമായി മതേതരവാദികള്‍ എന്ന് നാം ആഘോഷിച്ചു പോന്ന പലരും മുന്നോട്ടു വരുന്നു എന്നതാണ്. മോഡിക്ക് ജന്മദിനാശംസ നേര്‍ന്ന പ്രമുഖരില്‍ ഒരാളാണ് മുന്‍സുപ്രീം കോടതി ജഡ്‌ജി വി ആര്‍ കൃഷ്‌ണയ്യര്‍. മോഡിയെ പ്രശംസകള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ച കൃഷ്‌ണയ്യര്‍, അദ്ദേഹം മനുഷ്യാവകാശ സംരക്ഷകനും സോഷ്യലിസ്റ്റുമാണെന്നും പറഞ്ഞു കളഞ്ഞു! മുന്‍ കരസേവ മേധാവി വി കെ സിംഗ്, മുന്‍ സൈനികനും ഒളിമ്പിക് ജേതാവുമായ രാജ്യവര്‍ധന്‍ രധോര്‍, നടന്‍ സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ മോഡിക്ക് അഭിനന്ദനവുമായി രംഗത്ത് വന്നു. നരേന്ദ്ര മോഡിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബി ജെ പി ന്യൂനപക്ഷസെല്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടി അംഗത്വ വിതരണത്തില്‍ ധാരാളം മുസ്‌ലിംകള്‍ ബിജെപിയില്‍ ചേര്‍ന്നതായാണ് അവരുടെ അവകാശവാദം. ഇത് പൂര്‍ണമായും ശരിയാകില്ലെന്നു കരുതിയാല്‍ തന്നെ, അധികാര മോഹികളായ യൂദാസുകള്‍ ഏതു ചെകുത്താനും കുഴലൂതാനുണ്ടാകും. രാജ്യത്തെ മതേതര രാഷ്ട്രീയക്കാര്‍ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. സ്വതസിദ്ധമായ ചാഞ്ചാട്ടം വെടിഞ്ഞു വര്‍ഗീയതയെ എതിര്‍ക്കാനും ന്യൂപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും കോണ്‍ഗ്രസിനു കഴിയുമോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.
0 comments: