അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നവര്‍ ധാഭോല്‍ക്കറുടെ വിധി കാത്തിരിക്കുക
ഇന്ത്യ സ്വതന്ത്രമാകുന്നതിലേക്കു നയിച്ച ദേശീയപ്രസ്ഥാനം ഇന്ത്യയുടെ രാഷ്‌ട്രീയ വിമോചനം മാത്രമായിരുന്നില്ല ലക്ഷ്യം വെച്ചത്. മറിച്ച് ഇന്ത്യന്‍ ജനതയെ സാമൂഹിക നവോത്ഥാനത്തിലൂടെ പുരോഗമനപാതയിലേക്ക് ഉയര്‍ത്തുക കൂടിയായിരുന്നു. സാക്ഷരതയ്‌ക്കും വിദ്യാഭ്യാസത്തിനും പ്രോത്സാഹനം നല്‌കിയതും ശാസ്‌ത്ര വിജ്ഞാന ശ്രമങ്ങളെ പിന്തുണച്ചതും ജാതീയത, സതി, ശൈശവവിവാഹം, സ്‌ത്രീ വിവേചനം തുടങ്ങിയവക്കെതിരിലുള്ള സമരങ്ങളെ സ്വാതന്ത്ര്യസമരവുമായി കണ്ണിചേര്‍ത്തതുമൊക്കെ ആ ലക്ഷ്യത്തിന്റെ ഭാഗമായാണ്. എന്നാല്‍, രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടി ഒരു ജനാധിപത്യ മതേതര ഭരണം നിലവില്‍ വന്ന് അര നൂറ്റാണ്ടിലേറെയായിട്ടും ഇന്ത്യന്‍ ജനതയുടെ സാമൂഹിക നവോത്ഥാനം പാതിവഴിയില്‍ തന്നെയാണെന്നതാണ് സത്യം. എന്നല്ല, ഏറ്റവും പ്രാകൃതമായ വിശ്വാസാചാരങ്ങള്‍ കൂടുതല്‍ കാഠിന്യത്തോടെ പുന:പ്രതിഷ്‌ഠിക്കപ്പെടുന്നതിനു നാം സാക്ഷിയാകുന്നു.
ഇന്ത്യ സ്വതന്ത്രമാകുന്നതിലേക്കു നയിച്ച ദേശീയപ്രസ്ഥാനം ഇന്ത്യയുടെ രാഷ്‌ട്രീയ വിമോചനം മാത്രമായിരുന്നില്ല ലക്ഷ്യം വെച്ചത്. മറിച്ച് ഇന്ത്യന്‍ ജനതയെ സാമൂഹിക നവോത്ഥാനത്തിലൂടെ പുരോഗമനപാതയിലേക്ക് ഉയര്‍ത്തുക കൂടിയായിരുന്നു. സാക്ഷരതയ്‌ക്കും വിദ്യാഭ്യാസത്തിനും പ്രോത്സാഹനം നല്‌കിയതും ശാസ്‌ത്ര വിജ്ഞാന ശ്രമങ്ങളെ പിന്തുണച്ചതും ജാതീയത, സതി, ശൈശവവിവാഹം, സ്‌ത്രീ വിവേചനം തുടങ്ങിയവക്കെതിരിലുള്ള സമരങ്ങളെ സ്വാതന്ത്ര്യസമരവുമായി കണ്ണിചേര്‍ത്തതുമൊക്കെ ആ ലക്ഷ്യത്തിന്റെ ഭാഗമായാണ്. എന്നാല്‍, രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടി ഒരു ജനാധിപത്യ മതേതര ഭരണം നിലവില്‍ വന്ന് അര നൂറ്റാണ്ടിലേറെയായിട്ടും ഇന്ത്യന്‍ ജനതയുടെ സാമൂഹിക നവോത്ഥാനം പാതിവഴിയില്‍ തന്നെയാണെന്നതാണ് സത്യം. എന്നല്ല, ഏറ്റവും പ്രാകൃതമായ വിശ്വാസാചാരങ്ങള്‍ കൂടുതല്‍ കാഠിന്യത്തോടെ പുന:പ്രതിഷ്‌ഠിക്കപ്പെടുന്നതിനു നാം സാക്ഷിയാകുന്നു.
ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരിലുള്ള ബോധവത്‌കരണ ശ്രമങ്ങള്‍ നടത്തിയ സാമൂഹിക പരിഷ്‌ക്കാര്‍ത്തക്കളെ ദേശീയ രാഷ്‌ട്രീയ നേതാക്കള്‍ ആദരിക്കുകയും അവരുടെ ശ്രമങ്ങള്‍ക്ക് സഹായം നല്‌കുകയും ചെയ്‌തിരുന്നു. രാജാറാം മോഹന്‍റായ്, സ്വാമി വിവേകാനന്ദന്‍, ബാബാ ആംതേ, വിനോബ ബാബെ, ഡോ. അംബേദ്‌കര്‍, പെരിയാര്‍ രാമസ്വാമി, ശ്രീനാരായണ ഗുരു, വക്കം മൗലവി തുടങ്ങിയവരെയൊക്കെ ആദരിക്കാനും അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റു ദേശീയ നേതാക്കളും താല്‌പര്യമെടുത്തിരുന്നു. സാമൂഹിക പരിഷ്‌കരണത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ മതത്തിനെതിരെയുള്ള പുറപ്പാടായി അവരാരും കണ്ടില്ല. മതത്തെയും മതത്തിന്റെ പേരിലുള്ള കള്ളനാണയങ്ങളെയും വേര്‍തിരിച്ചു കാണാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നുവെന്നര്‍ഥം. രാജ്യത്തിന്റെയും ജനതയുടെയും പുരോഗമനത്തിനപ്പുറം, അധികാര താല്‌പര്യങ്ങള്‍ അവരെ പിന്തിരിപ്പിച്ചിരുന്നില്ല.
ഇന്ന് കാര്യങ്ങള്‍ തലകുത്തനെയായിരിക്കുന്നു. സാമൂഹിക പരിഷ്‌കരണമാണോ അധികാരത്തിലേക്കുള്ള വോട്ടാണോ പ്രധാനമെന്ന ചോദ്യമുയര്‍ന്നാല്‍ സംശയം വേണ്ട, രാഷ്‌ട്രീയക്കാരുടെ തെരഞ്ഞെടുപ്പ് രണ്ടാമത്തേതായിരിക്കും. അന്ധവിശ്വാസത്തിനോ അനാചാരങ്ങള്‍ക്കോ എതിരെ നിലപാടെടുത്താല്‍, അതിന്റെ പേരില്‍ നാലു വോട്ടു നഷ്‌ടപ്പെടുമെന്നാണെങ്കില്‍ മൗനം പാലിക്കുക മാത്രമല്ല, അതിന് നിര്‍ലോഭം പിന്തുണ നല്‌കാനും ഇന്നത്തെ രാഷ്‌ട്രീയക്കാര്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം അവകാശപ്പെടുന്ന കോണ്‍ഗ്രസ്സും പുരോഗമനമുഖം അവകാശപ്പെടുന്ന ഇടതുപാര്‍ട്ടികളും തമ്മില്‍ വലിയ അന്തരമില്ലെന്നത് മറ്റൊരു വസ്‌തുതയാണ്.
ഹിന്ദുത്വ വലതുപക്ഷമായ സംഘ്‌പരിവാര്‍ രാജ്യത്ത് പ്രബല രാഷ്‌ട്രീയ കക്ഷിയായി മാറിയതോടെ, സാമൂഹിക പരിഷ്‌കരണം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ബി ജെ പി, വി എച്ച് പി, ശിവസേന തുടങ്ങിയ ഹിന്ദുത്വ പാര്‍ട്ടികള്‍ക്ക് ശക്തമായ സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലെല്ലാം പ്രാചീനമായ അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും പുനരുജ്ജീവിച്ചുകൊണ്ടിരിക്കുന്നു. ഉത്തരേന്ത്യയില്‍ മാത്രമല്ല, കര്‍ണാടകയിലും മഹാരാഷ്‌ട്രയിലുമടക്കം ഹൈന്ദവ പരിവേഷമണിയിച്ച് പ്രാകൃത വിശ്വാസങ്ങളെയും ആചാരങ്ങളെയും പുന:സ്ഥാപിക്കാന്‍ സംഘപരിവാരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനെതിരിലുള്ള നീക്കങ്ങളെ ഹിന്ദുത്വത്തിനും മതത്തിനുമെതരിലുള്ള നീക്കമായി വ്യാഖ്യാനിച്ച് `ഹിന്ദുത്വ ഏകീകണം' സൃഷ്‌ടിക്കുന്നു. ഹിന്ദു വോട്ടുകള്‍ നഷ്‌ടമാകുമെന്ന നിലയില്‍ മറ്റു കക്ഷികള്‍ ഇറുകെ കണ്ണു ചിമ്മുകയും ചെയ്യുന്നു.
മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ ഇരുപതു വര്‍ഷത്തിലേറെയായി അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ഡോ. നരേന്ദ്ര ധാഭോല്‍ക്കര്‍, അതിനീചമായി കൊല്ലപ്പെട്ട സംഭവം ഈ കോണിലൂടെ വേണം വീക്ഷിക്കാന്‍. `അന്ധശ്രദ്ധാ നിര്‍മൂലന്‍' എന്ന പേരില്‍ രൂപീകരിച്ച സംഘടനയുടെ നേതാവായ ധാഭോല്‍ക്കര്‍ ഒരു തികഞ്ഞ ഗാന്ധിയനുമായിരുന്നു. ജാതീയ വിവേചനങ്ങള്‍ക്കെതിരിലെന്ന പോലെ അന്ധവിശ്വാസങ്ങളുടെ ഉച്ഛാടനത്തിലും അദ്ദേഹം മുഴുകി. എന്നാല്‍, ധാഭോല്‍ക്കര്‍ ഹിന്ദുവിരുദ്ധനാണെന്ന പ്രചാരണം അഴിച്ചുവിട്ട് ഹിന്ദുത്വ തീവ്രവാദികള്‍ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. താന്‍ മതത്തിനെതിരല്ലെന്നും മതത്തിന്റെ പേരിലുള്ള അന്ധവിശ്വാസങ്ങള്‍ക്കു മാത്രമാണെതിരെന്നുമുള്ള അദ്ദേഹത്തിന്റെ വിശദീകരണത്തിന് ചെവി നല്‌കാതെ, ഹിന്ദു തീവ്രവാദികള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. ഒടുവില്‍ ഇക്കഴിഞ്ഞ ആഗസ്‌ത് 20-ന് അദ്ദേഹം കൊല്ലപ്പെട്ടു. സനാതന്‍ സന്‍സ്‌ത അടക്കമുള്ള ഹിന്ദു തീവ്രവാദികളാണ് കൊലയ്‌ക്കു പിന്നിലെന്നാണ് പൊലീസ് നിഗമനം.
സിദ്ധന്മാരും ദൈവാവതാരങ്ങളുമാണെന്ന് അവകാശപ്പെട്ട് ഹൈന്ദവ പുരോഹിതന്മാര്‍ നടത്തുന്ന ചൂഷണത്തെ ധാഭോല്‍ക്കര്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രേതബാധ, ദുര്‍ദേവതയുടെ ബാധ തുടങ്ങിയവയും കൂടോത്രവും അന്ധവിശ്വാസങ്ങളാണെന്നും അദ്ദേഹം വാദിച്ചു. മന്ത്രവാദവും കൂടോത്രവും മറ്റു അന്ധവിശ്വാസങ്ങളും നിയമപരമായി തടയുന്ന ഒരു ബില്ല് തയ്യാറാക്കി മഹാരാഷ്‌ട്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങിയിട്ട് പതിമൂന്ന് വര്‍ഷം പിന്നിട്ടിരുന്നു. ബില്‍ മൂന്നു തവണ നിയമസഭയില്‍ അവതരിപ്പിക്കപ്പെടുകയും 29 ഭേദഗതികള്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്‌തെങ്കിലും ഇന്നോളം പാസ്സാക്കപ്പെട്ടില്ല. കഴിഞ്ഞ ജൂലൈയില്‍ ബില്‍ അവതരിപ്പിക്കാമെന്ന് നിലവിലെ കോണ്‍ഗ്രസ്- എന്‍ സി പി സര്‍ക്കാര്‍ ഉറപ്പു നല്‌കിയിരുന്നുവെങ്കിലും ഹിന്ദുത്വ വാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അവരും പിന്‍വാങ്ങി. അദ്ദേഹം കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ജനരോഷം പരിഗണിച്ച് ബില്‍ ഓര്‍ഡിനന്‍സാക്കി നടപ്പാക്കാമെന്ന് മഹാരാഷ്‌ട്ര ഭരണാധികാരികള്‍ ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും അതു നടപ്പാകുമെന്ന് ഉറപ്പിച്ചുകൂടാ.
മതേതര പുരോഗമന ഭരണം നിലനില്‌ക്കുന്ന ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ വിരലനക്കാന്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഭയക്കുന്നത് ആശങ്കാകുലമാണ്. ഹിന്ദുത്വ രാഷ്‌ട്രീയം ശക്തിപ്പെട്ടാല്‍, അന്ധവിശ്വാസങ്ങള്‍ കൂടുതല്‍ പിടിമുറുക്കുമെന്നുറപ്പാണ്. അതിനെതിരെ ആരെങ്കിലും ശബ്‌ദിച്ചാല്‍ അവര്‍ക്കുണ്ടാവുക, നരേന്ദ്ര ധാഭോല്‍ക്കറുടെ വിധിയായിരിക്കുമെന്ന താക്കീതാണ് അദ്ദേഹത്തെ വെടിവെച്ചകൊന്ന ഹിന്ദുത്വ തീവ്രവാദികള്‍ നല്‌കിയിരിക്കുന്നത്.
0 comments: