ഹദീസ്‌ നിര്‍മാണം ചരിത്രവും പ്രേരണകളും

  • Posted by Sanveer Ittoli
  • at 8:33 PM -
  • 0 comments

ഹദീസ്‌ നിര്‍മാണം ചരിത്രവും പ്രേരണകളും



- ഇസ്‌ലാമിലെ പ്രമാണങ്ങള്‍-14 -

എ അബ്‌ദുല്‍ഹമീദ്‌ മദീനി


സ്വഹാബിമാര്‍(റ) നബി(സ)യുടെ പേരില്‍ കളവ്‌പറയാന്‍ ഒരിക്കലും ധൈര്യപ്പെട്ടിട്ടില്ല. അവര്‍ ഭക്തരും അതീവ സൂക്ഷ്‌മതയുള്ളവരും അല്ലാഹുവിന്റ ദീനിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറായവരുമായിരുന്നു. `എന്റെ പേരില്‍ മനപ്പൂര്‍വം ആരെങ്കിലും കളവ്‌ പറഞ്ഞാല്‍ അവന്‍ തന്റെ ഇരിപ്പിടം നരകത്തില്‍ ഉറപ്പിച്ചുകൊള്ളട്ടെ' എന്ന സ്വഹീഹായ ഹദീസ്‌ മനപ്പാഠമുള്ളവരുമായിരുന്നു. നബി(സ) വഫാതായ ശേഷം ഖുലഫാഉര്‍റാശിദുകളുടെ കാലത്ത്‌ ഇസ്‌ലാമിക വിജയങ്ങളുടെ ഒരു ജൈത്രയാത്ര തന്നെയായിരുന്നു.
പേര്‍ഷ്യയും റോമും ഈജിപ്‌തും സിറിയയും ഫലസ്‌തീനും ഇറാക്കുമെല്ലാം ഇസ്‌ലാമിന്റെ കീഴില്‍ വന്നു. കൂട്ടംകൂട്ടമായി ഇസ്‌ലാമിലേക്ക്‌ കടന്നുവന്നവരില്‍, ഈമാനില്‍ വേണ്ടത്ര കണിശതയില്ലാത്തവരുമുണ്ടായിരുന്നു. ബാഹ്യമായി ഇസ്‌ലാമിലേക്ക്‌ വന്നെങ്കിലും അവരുടെ പല ആചാരങ്ങളും വിശ്വാസങ്ങളും അവര്‍ കൂടെ കൊണ്ടുപോന്നു. അവയ്‌ക്കെല്ലാം ഇസ്‌ലാമിക ഛായ നല്‍കാന്‍ ശ്രമിച്ചു. പ്രത്യേകിച്ച്‌ അലി(റ)യും മുആവിയ(റ)യും തമ്മിലുള്ള രാഷ്‌ട്രീയ ഭിന്നതയുടെ പിന്നാലെ പോയവര്‍ ഹദീസ്‌ നിര്‍മിക്കുന്നതില്‍ ഒരു മടിയും കാണിച്ചില്ല. ഇമാം സുഹ്‌രി പറഞ്ഞു: നമ്മില്‍ നിന്ന്‌ ഒരു ചാണ്‍ നീളമുള്ള ഹദീസ്‌ പുറത്തുവന്നാല്‍, പിന്നെ ആ ഹദീസ്‌ ഇറാഖില്‍ നിന്ന്‌ ഒരു മുഴം നീളമുള്ളതായി തിരിച്ചുവരും. ഇമാം മാലിക്‌(റ) പറഞ്ഞു: ഇറാഖ്‌ ഹദീസ്‌ നിര്‍മാണ ഫാക്‌ടറിയാണ്‌. നാണയങ്ങള്‍ അടിച്ചിറക്കുന്നതു പോലെ ഇറാഖില്‍ നിന്ന്‌ ഹദീസുകളും അടിച്ചിറക്കിക്കൊണ്ടിരുന്നു.
അല്ലാഹുവിന്റെ ഗുണവിശേഷങ്ങളിലും മറ്റു ചില മതനിയമങ്ങളിലും കൈകടത്തുന്നവയാണ്‌ ഇങ്ങനെയുള്ള ഹദീസുകളില്‍ ഏറെയും. ഈ കൃത്രിമ ഹദീസുകളുടെ ബാഹുല്യത്തിന്‌ തെളിവ്‌, ഖുര്‍ആനിന്റെ ഫദ്വാഇലുകള്‍ (പോരിശകള്‍) വിവരിക്കുന്ന ആയിരക്കണക്കിന്‌ ഹദീസുകള്‍ തന്നെ മതി. ഇവയില്‍ ഒന്നുപോലും സ്വഹീഹ്‌ അല്ലെന്നാണ്‌ ഇമാം അഹ്‌മദുബ്‌നു ഹന്‍ബല്‍ പ്രസ്‌താവിച്ചിട്ടുള്ളത്‌. കള്ള ഹദീസുകള്‍ കെട്ടിയുണ്ടാക്കാന്‍ പ്രേരകമായി വര്‍ത്തിച്ച പ്രധാന കാരണങ്ങള്‍ ഇവയാണ്‌:

രാഷ്‌ട്രീയ വീക്ഷണ വ്യത്യാസങ്ങള്‍

അലി(റ)യും മുആവിയ(റ)യും തമ്മിലും അബ്‌ദുല്ലാഹിബ്‌നു സുബൈറും അബ്‌ദുല്‍മലികും തമ്മിലും അമവികളും അബ്ബാസികളും തമ്മിലുമുണ്ടായ ശത്രുതയും തര്‍ക്കങ്ങളും ഓരോ കക്ഷിയും മറ്റു കക്ഷികളെ അപേക്ഷിച്ച്‌ അവരവര്‍ക്കുള്ള മഹത്വങ്ങള്‍ എടുത്തുപറയാന്‍ ധാരാളം കൃത്രിമ ഹദീസുകള്‍ നിര്‍മിച്ചു. പ്രസിദ്ധിക്കും നേതൃത്വത്തിനും വേണ്ടി കലഹിച്ചിരുന്ന അറബിഗോത്രങ്ങളുടെ മഹത്വങ്ങള്‍ വിവരിക്കുന്ന വ്യാജ ഹദീസുകള്‍ അവരവരുടെ ഏജന്‍സികള്‍ കെട്ടിയുണ്ടാക്കി. പ്രശസ്‌തിയിലേക്കുള്ള ഒരെളുപ്പവഴിയായിട്ടാണ്‌ ഹദീസ്‌ നിര്‍മാണത്തെ അവര്‍ കണ്ടത്‌. ഇങ്ങനെ ഹദീസ്‌ നിര്‍മാണം ആദ്യമായി തുടങ്ങിയത്‌ ശീഅകളാണ്‌. ഇവര്‍ അധികവും പേര്‍ഷ്യക്കാരാണ്‌. അഹ്‌ലുബൈതിനെ (നബികുടുംബത്തെ) സ്‌നേഹിക്കുക എന്ന തിരശ്ശീലക്ക്‌ പിന്നില്‍ നിന്നുകൊണ്ട്‌ ഇസ്‌ലാമിക വിശ്വാസങ്ങളുടെ അടിത്തറയിളക്കുന്ന ധാരാളം ഹദീസുകള്‍ ഇവര്‍ കെട്ടിയുണ്ടാക്കി. അങ്ങനെ അവരുടെ (പേര്‍ഷ്യക്കാരുടെ) സാമ്രാജ്യം തകര്‍ത്ത മുസ്‌ലിംകളോട്‌ അവര്‍ പ്രതികാരം ചെയ്‌തു.
ഉദാഹരണം: നബി(സ) ഹജ്ജതുല്‍ വിദാഅ്‌ കഴിഞ്ഞു മടങ്ങുമ്പോള്‍ `ഗദീറുഖും' എന്ന സ്ഥലത്തുവെച്ച്‌ സ്വഹാബിമാരെ എല്ലാവരെയും ഒരുമിച്ചുകൂട്ടി അവരെല്ലാവരെയും സാക്ഷി നിറുത്തി അലിയുടെ കൈ പിടിച്ചുയര്‍ത്തിക്കാട്ടി ഇങ്ങനെ പറഞ്ഞു: `ഇത്‌ എന്റെ വസ്വിയ്യ്‌ ആണ്‌, എന്റെ സഹോദരനും, എന്റെ കാലശേഷം ഖലീഫ ആവേണ്ടവനുമാണ്‌. അതിനാല്‍ നിങ്ങള്‍ എല്ലാവരും ഇദ്ദേഹം പറയുന്നത്‌ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക. ഇതുകേട്ട അഹ്‌ലുസ്സുന്നത്തുകാര്‍ (ശീഅകള്‍ അല്ലാത്തവര്‍) അടങ്ങിയിരുന്നില്ല. അവരും റസൂലിന്റെ(സ) പേരില്‍ ഹദീസുകള്‍ നിര്‍മിച്ചു. `സ്വര്‍ഗത്തിലെ എല്ലാ വൃക്ഷങ്ങളുടെ ഇലകളിലും ലാഇലാഹ ഇല്ലല്ലാഹ്‌, മുഹമ്മദുന്‍ റസൂലുല്ലാഹ്‌.' അബൂബക്കര്‍ സിദ്ദീഖ്‌, ഉമറുല്‍ഫാറൂഖ്‌, ഉസ്‌മാന്‍ ദന്നൂറൈന്‍ എന്ന്‌ എഴുതിവെച്ചിട്ടുണ്ട്‌.
അമവികളും വെറുതെയിരുന്നില്ല. അവരും റസൂല്‍(സ) പറഞ്ഞു എന്ന്‌ പറഞ്ഞ്‌ കെട്ടിവിടാന്‍ തുടങ്ങി. റസൂല്‍(സ) പറഞ്ഞു: വിശ്വസ്‌തര്‍ മൂന്നുപേരാണ്‌. ഞാനും ജിബ്‌രീലും മുആവിയയും. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന അബ്ബാസികള്‍ എങ്ങനെ മിണ്ടാതിരിക്കും? അവരും കെട്ടിവിട്ടു. നബി(സ) അബ്ബാസ്‌(റ)നോട്‌ പറഞ്ഞു: നൂറ്റി മുപ്പത്തഞ്ചാമത്തെ വര്‍ഷമായാല്‍, പിന്നെ നിന്റെയും നിന്റെ മക്കള്‍ സഫ്‌ഫാഹിന്റെയും മന്‍സൂറിന്റെയും മഹദിയുടെയും കാലമാണ്‌.

നിരീശ്വരത്വം

ഇവര്‍ ഇസ്‌ലാം മതത്തെയും ഭരണത്തെയും വെറുക്കുന്നവരാണ്‌. മുസ്‌ലിംകള്‍ അന്ന്‌ നിലവിലുള്ള വന്‍ ശക്തികളെ തകര്‍ക്കുകയും അങ്ങനെ ഇസ്‌ലാമില്‍ കടന്നുവന്നവര്‍, ഇസ്‌ലാം മനുഷ്യര്‍ക്ക്‌ നല്‍കുന്ന നീതിയും സമാധാനവും മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും എല്ലാം കണ്ടപ്പോള്‍ അവര്‍ അമ്പരന്നുപോയി. പിന്നെ അവര്‍ ഇസ്‌ലാമിന്റെ മുഖത്ത്‌ കരിവാരി തേക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. അങ്ങനെ ഇസ്‌ലാമിനെ പറ്റി അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. അതിന്‌ പറ്റിയ ഏറ്റവും നല്ല മാര്‍ഗം ഹദീസ്‌ നിര്‍മാണമാണെന്നവര്‍ മനസ്സിലാക്കി. തുടര്‍ന്ന്‌ ചിലപ്പോള്‍ നബി കുടുംബത്തോടുള്ള സ്‌നേഹം, അല്ലെങ്കില്‍ സുഹ്‌ദ്‌ (ഭൗതികവിരക്തി), അതുമല്ലെങ്കില്‍ സൂഫിസം (ആധ്യാത്മികചിന്ത) എന്നീ തിരശ്ശീലകള്‍ക്ക്‌ പിന്നില്‍ നിന്നുകൊണ്ട്‌ ഹദീസുകള്‍ പടച്ചുണ്ടാക്കി പ്രചരിപ്പിച്ചു.

വര്‍ഗീയത

നിര്‍മിത ഹദീസുകള്‍ ചിലപ്പോള്‍ മദ്‌ഹബുകളുടെയും ഭാഷയുടെയും നാടിന്റെയും നാട്ടുകാരുടെയും ഗോത്രങ്ങളുടെയും പോരിശ വിവരിച്ചുകൊണ്ടായിരിക്കും. പേര്‍ഷ്യക്കാര്‍ അവരുടെ ഭാഷയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട്‌ നബി(സ)യുടെ പേരില്‍ ഹദീസ്‌ നിര്‍മിച്ചു. ``അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു ദേഷ്യംപിടിച്ചാല്‍ അറബിഭാഷയിലും സംതൃപ്‌തനായാല്‍ പേര്‍ഷ്യന്‍ ഭാഷയിലും വഹ്‌യ്‌ നല്‍കും.'' ഇതിനെ അറബി വര്‍ഗീയവാദികള്‍ നേരിട്ടത്‌ ഇങ്ങനെ: ``അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു കോപിച്ചാല്‍ പേര്‍ഷ്യന്‍ ഭാഷയിലും സംതൃപ്‌തനായാല്‍ അറബിഭാഷയിലും വഹ്‌യ്‌ ഇറക്കിക്കൊണ്ടിരിക്കും.''
ഇതുപോലെ ഹനഫീ മദ്‌ഹബ്‌ പക്ഷപാതികളും ഹദീസ്‌ കെട്ടിവിട്ടു: ``റസൂല്‍(സ) പറഞ്ഞു: എന്റെ സമുദായത്തില്‍ ഒരാള്‍ വരാനുണ്ട്‌. അയാളുടെ പേര്‍ അബൂഹനീഫത്തുന്നുഅ്‌മാന്‍ എന്നായിരിക്കും. അദ്ദേഹം എന്റെ സമുദായത്തിന്റെ വിളക്കാണ്‌.'' തുടര്‍ന്ന്‌ ഇമാം ശാഫിഈയെ ഇടിച്ചുതാഴ്‌ത്താനും പരിഹസിക്കാനും വേണ്ടി ഹനഫികള്‍ നബി(സ)യുടെ പേരില്‍ ഹദീസ്‌ കെട്ടിയുണ്ടാക്കി. ``റസൂല്‍(സ) പറഞ്ഞു: എന്റെ സമുദായത്തില്‍ ഒരാള്‍ വരാനുണ്ട്‌. അയാളുടെ പേര്‍ മുഹമ്മദുബ്‌നു ഇദ്‌രീസ്‌ എന്നായിരിക്കും. അയാള്‍ എന്റെ സമുദായത്തിന്‌ ഇബ്‌ലീസിനെക്കാള്‍ വലിയ നാശകാരി ആയിരിക്കും.''

വഅദ്വും കഥപറച്ചിലും

പണ്ടുകാലത്ത്‌ പാതിരാപ്രസംഗങ്ങള്‍ നടത്തുന്നവര്‍ കഥകള്‍ പറഞ്ഞു ജനങ്ങളെ രസിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത്‌ ജനങ്ങളെ അവരിലേക്ക്‌ ആകര്‍ഷിക്കുമായിരുന്നു. ഇത്തരക്കാര്‍ കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി റസൂലിലേക്ക്‌(സ) ചേര്‍ത്തിപ്പറയും. തര്‍ഗീബ്‌, തര്‍ഹീബ്‌ (ആശ്വസിപ്പിക്കുകയും ഭയപ്പെടുത്തുകയും) എന്നിവക്കു വേണ്ടി ഹദീസ്‌ കെട്ടിയുണ്ടാക്കാമെന്നാണ്‌ അവരുടെ വിശ്വാസം. അങ്ങനെ ഫദ്വാഇലുല്‍ അഅ്‌മാല്‍ (കര്‍മങ്ങളുടെ മഹത്വം) വിവരിക്കുന്ന ധാരാളം കള്ള ഹദീസുകള്‍ പടച്ചുവിട്ടു. അവരോടൊരാള്‍ ചോദിച്ചു: നബി(സ)യുടെ പേരില്‍ നബി പറയാത്തത്‌ ആരെങ്കിലും പറഞ്ഞാല്‍ അവര്‍ നരകത്തില്‍ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ എന്നല്ലേ മുഹമ്മദ്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളത്‌? അവരുടെ മറുപടി: `ഞങ്ങള്‍ നബി(സ)ക്കു വേണ്ടിയാണ്‌ കളവ്‌ പറയുന്നത്‌. നബിക്ക്‌ എതിരെ അല്ല! ഇന്നത്തെ തബ്‌ലീഗ്‌ ജമാഅത്തിന്റെ അധിക അധ്യാപനങ്ങളും ഈ ഇനത്തില്‍ പെട്ടതാണ്‌.
ഇബ്‌നുഖുതൈബ പറഞ്ഞു: കഥാകാരന്മാര്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ ഹദീസുകള്‍ കെട്ടിയുണ്ടാക്കും. ജനങ്ങള്‍ അത്ഭുതത്തോടെ അതെല്ലാം കേട്ടിരിക്കും. സ്വര്‍ഗത്തെപറ്റി കഥ പറയുന്ന ഒരാള്‍ പറഞ്ഞു: `സ്വര്‍ഗത്തില്‍ കസ്‌തൂരിയുടെ മണമുള്ള ഹൂറികള്‍ -അതീവ സുന്ദരികളായ സ്‌ത്രീകള്‍ ഉണ്ട്‌. അവരുടെ അരക്കെട്ട്‌ ഒരു മൈല്‍ നീളവും ഒരു മൈല്‍ വീതിയുമുണ്ടായിരിക്കും. അല്ലാഹു അവന്റെ വലിയ്യിന്‌ സ്വര്‍ഗത്തില്‍ ഒരു കൊട്ടാരം ഒരുക്കിയിട്ടുണ്ട്‌. അതില്‍ എഴുപതിനായിരം സുരക്ഷിതമായ മുറികള്‍ ഉണ്ട്‌. ഓരോ മുറിക്കും എഴുപതിനായിരം ഖുബ്ബകളുണ്ട്‌. ഇങ്ങനെ എഴുപതിനായിരത്തിന്റെ കഥകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
ഒരു ദിവസം ഇമാം അഹ്‌മദ്‌ബ്‌നു ഹന്‍ബലും തന്റെ ശിഷ്യന്‍ യഹ്‌യബ്‌നു മുഈനും റസ്സാഫിലെ പള്ളിയില്‍ നമസ്‌കരിച്ചു. നമസ്‌കാരശേഷം ഒരാള്‍ വഅദ്വ്‌ പറയാന്‍ തുടങ്ങി. അഹ്‌മദുബ്‌നു ഹന്‍ബലും യഹ്‌യബ്‌നു മുഈനും റിപ്പോര്‍ട്ട്‌ ചെയ്‌തു എന്ന്‌ തുടങ്ങി നബി(സ)യിലേക്ക്‌ എത്തിച്ചേരുന്ന ഒരു പരമ്പര അദ്ദേഹം പ്രഭാഷണത്തില്‍ ഉദ്ധരിച്ചു. ലാഇലാഹ ഇല്ലല്ലാഹ്‌ എന്നൊരാള്‍ പറഞ്ഞാല്‍, അതിലെ ഓരോ അക്ഷരത്തിനും ഓരോ പക്ഷിയെ അല്ലാഹു സൃഷ്‌ടിക്കുകയും അതിന്റെ കൊക്ക്‌ സ്വര്‍ണംകൊണ്ടും തൂവല്‍ മര്‍ജാന്‍ എന്ന പവിഴം കൊണ്ടുമായിരിക്കും.... അങ്ങനെ ആ കഥ നീണ്ടുപോയി. ഇതു കേട്ടപ്പോള്‍ അഹ്‌മദുബ്‌നു ഹന്‍ബല്‍ ശിഷ്യന്‍ യഹ്‌യായുടെ മുഖത്തേക്ക്‌ നോക്കി. യഹ്‌യാ തിരിച്ചും നോക്കി.
അഹ്‌മദുബ്‌നുഹന്‍ബല്‍: ഞാന്‍ ഇങ്ങനെ ഒരു ഹദീസ്‌ നിന്നോട്‌ പറഞ്ഞിട്ടുണ്ടോ? ശിഷ്യന്‍: ഞാന്‍ ഇതാദ്യമായി ഇപ്പോഴാണ്‌ കേള്‍ക്കുന്നത്‌. ഇയാളുടെ കഥ പറച്ചില്‍ കഴിഞ്ഞപ്പോള്‍, യഹ്‌യബ്‌നു മുഈന്‍ അദ്ദേഹത്തെ കൈകൊണ്ട്‌ മാടി വിളിച്ചു. പാരിതോഷികം പ്രതീക്ഷിച്ചുകൊണ്ട്‌ അയാള്‍ വേഗം ചെന്നു. യഹ്‌യ അയാളോട്‌ ചോദിച്ചു: ആരാണ്‌ നിന്നോട്‌ ഈ ഹദീസ്‌ പറഞ്ഞത്‌? ഉത്തരം: അഹ്‌മദുബ്‌നു ഹന്‍ബലും യഹ്‌യബ്‌നു മുഈനും. യഹ്‌യ: ഞാനാണ്‌ യഹ്‌യബ്‌നു മുഈന്‍, ഇത്‌ അഹ്‌മദുബ്‌നു ഹന്‍ബലും. ഞങ്ങള്‍ നിന്നോട്‌ ഇങ്ങനെയൊരു ഹദീസ്‌ പറഞ്ഞിട്ടില്ലല്ലോ. കഥാകാരന്‍: യഹ്‌യബ്‌നു മുഈന്‍ എന്ന പേരില്‍ ഒരു വിഡ്‌ഢിയുണ്ടെന്ന്‌ കുറേ കാലമായി ഞാന്‍ കേള്‍ക്കുന്നു. ഇപ്പോള്‍ ആളെ കണ്ടു എനിക്ക്‌ ബോധ്യമായി. ഈ ദുന്‍യാവില്‍ യഹ്‌യബ്‌നു മുഈനും അഹ്‌മദുബ്‌നു ഹന്‍ബലും നിങ്ങള്‍ മാത്രമേയുള്ളൂ? ഞാന്‍ പതിനേഴ്‌ അഹ്‌മദുബ്‌നു ഹന്‍ബലുമാരില്‍ നിന്നും യഹ്‌യബ്‌നു മുഈന്‍മാരില്‍ നിന്നും ഹദീസുകള്‍ പഠിച്ചിട്ടുണ്ട്‌. ഇതുകേട്ട അഹ്‌മദുബ്‌നു ഹന്‍ബല്‍ മൂക്കത്ത്‌ വിരല്‍വെച്ചു. കഥാകാരന്‍ ഇരുവരെയും പരിഹസിച്ചുകൊണ്ട്‌ സ്ഥലംവിട്ടു!!

ഭരണാധികാരികളുടെ തൃപ്‌തിനേടാന്‍

ഭരണാധികാരികളെ തൃപ്‌തിപ്പെടുത്താന്‍വേണ്ടി ഹദീസ്‌ നിര്‍മിക്കുന്നവരും ധാരാളമുണ്ടായിരുന്നു. അമവികളെയും അബ്ബാസികളെയും പ്രീതിപ്പെടുത്താന്‍വേണ്ടി ഹദീസുകള്‍ നിര്‍മിച്ചുകൊണ്ട്‌ അവരില്‍ സ്വാധീനം നേടിയെടുത്ത പണ്ഡിതവേഷധാരികള്‍ ധാരാളമുണ്ടായിരുന്നു. ഒരിക്കല്‍ ഗിയാസ്‌ബ്‌നു ഇബ്‌റാഹീം എന്ന പണ്ഡിതന്‍ മഹ്‌ദിയുടെ അടുത്ത്‌ ചെന്നപ്പോള്‍ അദ്ദേഹം ഒരു മാടപ്രാവുമായി കളിക്കുകയായിരുന്നു. ഉടനെ ഈ പണ്ഡിതന്‍ പറഞ്ഞു: ``റസൂല്‍(സ) പറഞ്ഞു: അമ്പിലും ഒട്ടകത്തിലും കുതിരയിലും മാടപ്രാവിലും മാത്രമേ മത്സരമുള്ളൂ.''
ഈ ഹദീസില്‍ മാടപ്രാവിനെ കയറ്റിവിട്ടത്‌ അയാളുടെ സ്വന്തം വകയാണ്‌. നബി(സ)യുടെ ഹദീസില്‍ അമ്പും ഒട്ടകവും കുതിരയും മാത്രമേയുള്ളൂ. മഹ്‌ദി മാടപ്രാവുമായി കളിച്ചുകൊണ്ടിരിക്കുന്നത്‌ ഈ പണ്ഡിതന്‍ കണ്ടപ്പോള്‍, അദ്ദേഹത്തെ തൃപ്‌തിപ്പെടുത്താന്‍ വേണ്ടി മാടപ്രാവിനെ ഹദീസിലേക്ക്‌ കയറ്റി. മഹ്‌ദിക്ക്‌ ഈ ഹദീസ്‌ നന്നായി അറിയാമായിരുന്നു. അദ്ദേഹം ഉടനെ ആ മാടപ്രാവിനെ അറുത്തു. പണ്ഡിതന്‍: താങ്കള്‍ എന്തിനാണ്‌ ആ മാടപ്രാവിനെ അറുത്തത്‌? മഹ്‌ദി: നിന്നെപ്പോലെയുള്ളവര്‍ നബി(സ)യുടെ പേരില്‍ കളവ്‌ പറയാതിരിക്കാന്‍ വേണ്ടി. അയാള്‍ ഇളിഭ്യനായി തിരിച്ചുപോന്നു.

ഹദീസ്‌ നിദാനശാസ്‌ത്രം

നബി(സ)യുടെ ഹദീസുകളില്‍ ധാരാളം കള്ള നാണയങ്ങള്‍ കടന്നുകൂടിയപ്പോള്‍ സത്യസന്ധരായ പണ്ഡിതന്മാരില്‍ ഭയാശങ്കകള്‍ ഉണ്ടാവുക സ്വാഭാവികം. തന്നിമിത്തം ഹദീസിനെ ഈ പ്രതിസന്ധിയില്‍ നിന്ന്‌ രക്ഷിക്കാനും കൃത്രിമം കാണിക്കാനോ മായം ചേര്‍ക്കാനോ കഴിയാത്ത വിധം അതിസൂക്ഷ്‌മവും ശാസ്‌ത്രീയവുമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കാനാണവര്‍ ശ്രമിച്ചത്‌. ആദ്യമായി ഹദീസ്‌ ഉദ്ധരിച്ച റിപ്പോര്‍ട്ടര്‍മാരുടെ പേരും വിവരവും പൂര്‍ണമായി വെളിപ്പെടുത്തണമെന്ന വ്യവസ്ഥവെച്ചു. സ്വഹാബിമാര്‍ മുതല്‍ ഇങ്ങോട്ടുള്ള മുഴുവന്‍ റിപ്പോര്‍ട്ടര്‍മാരുടെ ചരിത്രങ്ങളും സ്ഥിതിഗതികളും സൂക്ഷ്‌മമായി രേഖപ്പെടുത്തി. അങ്ങനെ അഞ്ചുലക്ഷം റാവികളുടെ ചരിത്രങ്ങള്‍ പൂര്‍ണമായും എഴുതിവെച്ച അനേകം ഗ്രന്ഥങ്ങള്‍ നിലവില്‍ വന്നു.
ഇത്‌ ലോകത്ത്‌ ഒരു സമുദായത്തിനും കഴിയാത്തതും മറ്റാരും നേടിയെടുക്കാത്തതുമായ ഒരു വിജ്ഞാന ശാഖയാണെന്ന്‌ പാശ്ചാത്യ പണ്ഡിതന്മാര്‍ പോലും സമ്മതിച്ചിട്ടുണ്ട്‌. ഇന്ന്‌ ഏതെങ്കിലും ഒരു ഹദീസിന്റെ റാവികളുടെ സ്ഥിതിഗതികള്‍ പരിശോധിക്കണമെങ്കില്‍ ഈ ഗ്രന്ഥങ്ങള്‍ എടുത്തുനോക്കിയാല്‍ മതി. അവരുടെ മുഴുവന്‍ വിവരങ്ങളും അതില്‍ നിന്ന്‌ ലഭിക്കും. ഈ റിപ്പോര്‍ട്ടര്‍മാരാണ്‌ ഹദീസിന്റെ സനദ്‌ കൊണ്ടുദ്ദേശിക്കുന്നത്‌. ഒരു ഹദീസ്‌ ഉദ്ധരിക്കുമ്പോള്‍ ആരംഭം മുതല്‍ അവസാനം വരെയുള്ള റിപ്പോര്‍ട്ടര്‍മാരുടെ പേരുകള്‍ ആദ്യം പറഞ്ഞശേഷമേ ഹദീസുദ്ധരിക്കാവൂ. ഇതിന്നാണ്‌ ഹദീസിന്റെ പരമ്പര (സനദ്‌) എന്ന്‌ പറയുന്നത്‌. റിപ്പോര്‍ട്ടര്‍മാരെപ്പറ്റി ഹദീസ്‌ പണ്ഡിതന്മാര്‍ സൂക്ഷ്‌മ പഠനം നടത്തി ഹദീസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നവരുടെ ന്യൂനത വെളിപ്പെടുത്തിക്കൊണ്ടുവരാന്‍ അവര്‍ തീവ്രശ്രമം നടത്തി. ഇതിന്ന്‌ റാവികളുടെ ചരിത്രങ്ങളും സ്വഭാവങ്ങളും നിലവാരവും അറിഞ്ഞിരിക്കണം. അതുകൊണ്ട്‌ റാവികളുടെ ചരിത്രത്തിന്നവര്‍ ജന്മം നല്‌കി. റിപ്പോര്‍ട്ടര്‍മാരുടെ സ്ഥിതി, അവര്‍ ജീവിച്ചകാലം, അവരുടെ ജീവിതരീതി, അവരുടെ സൂക്ഷ്‌മതാ ബോധം, അവര്‍ താമസിച്ച പ്രദേശങ്ങള്‍, അവരുടെ ദീനിസേവനം, അവര്‍ തമ്മിലുള്ള വ്യക്തിബന്ധങ്ങള്‍ എന്നിവയെ കുറിച്ചെല്ലാമുള്ള പഠനത്തിന്ന്‌ സാങ്കേതികമായി റാവിമാരെ കുറിച്ചുള്ള നിരൂപണശാസ്‌ത്രം (അല്‍ജുര്‍ഹ്‌ വത്തഅ്‌ദില്‍) എന്നാണ്‌ പറയുക.
ഏതു റിപ്പോര്‍ട്ടറാണ്‌ വിശ്വാസയോഗ്യന്‍ എന്നു തീരുമാനിക്കാന്‍, അവരുടെ സത്യസന്ധത, ജീവിതക്ഷമത, ഭക്തി എന്നിവയിലും, മതനിഷ്‌ഠയിലും ജീവിതശുദ്ധിയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന റിപ്പോര്‍ട്ടര്‍മാരുടെ ഹദീസല്ലാതെ പണ്ഡിതന്മാര്‍ സ്വീകരിച്ചിരുന്നില്ല. റിപ്പോര്‍ട്ടര്‍മാരുടെ വ്യക്തിജീവിതത്തെക്കുറിച്ച്‌ നേരിയ സംശയം ഉണ്ടായാല്‍ ആ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ വിധിയെഴുതും. ഈ റിപ്പോര്‍ട്ടര്‍മാരെ പറ്റി ആര്‍ക്കെങ്കിലും വല്ല സംശയവും തോന്നുകയോ അവര്‍ ഏതെങ്കിലും സംസാരത്തില്‍ എപ്പോഴെങ്കിലും കളവ്‌ പറഞ്ഞു എന്നറിയുകയോ ചെയ്‌താല്‍, ഹദീസ്‌ റിപ്പോര്‍ട്ടില്‍ കളവ്‌ പറഞ്ഞതായി തെളിവില്ലെങ്കിലും അവരുടെ റിപ്പോട്ട്‌ തള്ളിക്കളയുകയും ഹദീസ്‌ ദുര്‍ബലമാണെന്ന്‌ വിധിക്കുകയും ചെയ്യും.
ഇമാം മാലിക്ക്‌(റ) പറഞ്ഞു. നാലു പേരില്‍ നിന്ന്‌ ഹദീസ്‌ സ്വീകരിക്കാന്‍ പാടില്ല. ഒന്ന്‌) വിഡ്‌ഢിയില്‍ നിന്ന്‌. രണ്ട്‌) ജനങ്ങളെ തന്റെ അഭിപ്രായത്തിലേക്ക്‌ ക്ഷണിക്കുന്ന സ്വാര്‍ഥതാല്‌പര്യക്കാരില്‍ നിന്ന്‌, മൂന്ന്‌) കളവ്‌ പറയുന്നവരില്‍ നിന്ന്‌, നാല്‌) ശുദ്ധനും സല്‍സ്വഭാവിയും, ആരാധനാ തല്‌പരനുമാണെങ്കിലും, താന്‍ പറയുന്നത്‌ എന്താണെന്ന്‌ തിരിച്ചറിവില്ലാത്ത കിഴവന്മാരില്‍ നിന്ന്‌.
മേല്‍പറയപ്പെട്ട നാലു വിഭാഗത്തില്‍ നിന്ന്‌ ഹദീസ്‌ സ്വീകരിച്ചുകൂടാ. ഓരോ റാവിയുടെയും ഓര്‍മശക്തി ഹദീസ്‌ പണ്ഡിതന്മാര്‍ ഉറപ്പുവരുത്തുമായിരുന്നു. ഒരേ റാവിയുടെ തന്നെ റിപ്പോര്‍ട്ടുകള്‍ ഒത്തുനോക്കുകയും മറ്റുള്ളവരുടെ റിപ്പോര്‍ട്ടുകളോട്‌ താരതമ്യപ്പെടുത്തുകയും അതില്‍ കാര്യമായ തെറ്റോ ഓര്‍മപ്പിശകോ കണ്ടാല്‍, അയാളുടെ റിപ്പോര്‍ട്ട്‌ ബലഹീനമായി പ്രഖ്യാപിച്ചു തള്ളിക്കളയുകയും ചെയ്യും. അവരുടെ വ്യക്തിത്വത്തിലും സത്യസന്ധതയിലും ആക്ഷേപമൊന്നും ഇല്ലെങ്കിലും ശരി അത്തരം റിപ്പോര്‍ട്ട്‌ സ്വീകരിക്കാറില്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: