സനദും ഹദീസിന്റെ വിഭജനവും
- ഇസ്‌ലാമിലെ പ്രമാണങ്ങള്‍-15 -
എ അബ്‌ദുല്‍ഹമീദ് മദീനി
മുതവാതിര്‍
എല്ലാവരും ഒരുമിച്ചു സാധാരണ നിലയില്‍ കളവ് പറയാന്‍ കഴിയാത്ത വിധത്തില്‍ ഒരു വലിയ സംഘം അതേ വിധം ഒരു വലിയ സംഘത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയും നബി(സ)യിലേക്ക് എത്തുന്നത് വരെയുള്ള പരമ്പരയുടെ ഓരോ കണ്ണിയിലും, ഇതേ നില പുലര്‍ത്തുകയും ചെയ്യുക. ഇത്തരം ഹദീസുകളാണ് മുതവാതിര്‍. മുതവാതിര്‍ രണ്ടു തരമുണ്ട്.
ഒന്ന്) വാക്കിലും പരമ്പരയിലും അര്‍ഥത്തിലും മുതവാതിര്‍ ആയത്. ഇത്തരം ഹദീസുകള്‍ വളരെ കുറച്ചേയുള്ളൂ. ഉദാഹരണം: എന്റെ പേരില്‍ മനപ്പൂര്‍വം ആരെങ്കിലും കളവ് പറഞ്ഞാല്‍ അവന്‍ നരകത്തില്‍ ഒരു ഇരിപ്പിടം ഒരുക്കിവെച്ചു. ഈ ഹദീസ്, ദുന്‍യാവില്‍ വെച്ചു സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത ലഭിച്ച പത്തു സ്വഹാബിമാര്‍ ഉള്‍പ്പെടെ ധാരാളം പേര്‍ നബി(സ)യില്‍ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. അവസാനം വരെ വലിയ സംഘം റിപ്പോര്‍ട്ട് ചെയ്‌തിട്ടുമുണ്ട്.
രണ്ട്) അര്‍ഥത്തില്‍ മാത്രം മുതവാതിര്‍ ആയത്. ഇത്തരം ഹദീസുകള്‍ ധാരാളമുണ്ട്. ഉദാഹരണം: പ്രാര്‍ഥനയില്‍ കൈ ഉയര്‍ത്തുക. ധാരാളം ഹദീസുകള്‍ ഈ വിഷയത്തില്‍ നബി(സ)യില്‍ വന്നിട്ടുണ്ട്. കൂടാതെ അഞ്ചുനേരത്തെ നമസ്‌കാരം, റക്‌അത്തുകളുടെ എണ്ണം മുതലായവ. ഇതിന് അമലീ മുതവാതിര്‍ എന്ന് പറയാറുണ്ട്. മുതവാതിറായ ഹദീസുകള്‍ ഗ്രന്ഥരൂപത്തിലാക്കിയ അവസാനത്തെ പണ്ഡിതന്‍ പ്രമുഖ ഹദീസ് പണ്ഡിതനായ, മുഹമ്മദുബ്‌നു ജഅ്‌ഫറുല്‍ ഖത്ത്വാനിയാണ്. അദ്ദേഹം രചിച്ച നുദ്വുമുല്‍ മുതനാസിര്‍ ഫില്‍ ഹദീസില്‍ മുതവാതിര്‍ എന്ന ഗ്രന്ഥത്തില്‍ 500 ഹദീസുകളുണ്ട്.
മശ്‌ഹൂര്‍
മൂന്നോ അതില്‍ കൂടുതലോ നീതിമാന്മാര്‍ ഓരോ കണ്ണിയിലും മൂന്നില്‍ കുറയാത്തവിധം റിപ്പോര്‍ട്ടു ചെയ്‌ത ഹദീസുകളാണ് മശ്‌ഹൂര്‍. ഇത്തരം ഹദീസുകള്‍ എണ്ണത്തില്‍ കുറവാണ്. ഉദാഹരണം: നിര്‍ബന്ധാവസ്ഥയിലോ അബദ്ധമായിട്ടോ മറന്നുകൊണ്ടോ ചെയ്യുന്ന തെറ്റുകളുടെ കുറ്റം എന്റെ സമൂഹത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
അസീസ്
നബി(സ)യില്‍ നിന്ന് ചുരുങ്ങിയത് രണ്ടുപേര്‍ റിപ്പോര്‍ട്ട് ചെയ്യുക. അങ്ങനെ അവസാനം വരെയുള്ള കണ്ണികളില്‍ രണ്ടില്‍ കുറയാത്ത റിപ്പോര്‍ട്ടര്‍മാര്‍ ഉദ്ധരിച്ച ഹദീസിന് അസീസ് എന്നു പറയുന്നു. ഉദാഹരണം: ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളെക്കാളും മാതാപിതാക്കളെക്കാളും ഇഷ്‌ടപ്പെട്ടവനാകുന്നതു വരെ നിങ്ങളാരും യഥാര്‍ഥത്തില്‍ വിശ്വാസികളാവുകയില്ല.
മുതവാതിര്‍ അല്ലാത്ത എല്ലാ ഹദീസുകളും ആഹാദില്‍ പെടും എന്ന തത്വമനുസരിച്ചു മശ്‌ഹൂറും അസീസും സാങ്കേതികമായി ആഹാദിന്റെ കൂട്ടത്തില്‍ എണ്ണിവന്നിട്ടുണ്ട്.
ആഹാദ്
ഒരാളില്‍ നിന്ന് ഒരാള്‍, ഇങ്ങനെ ഓരോ കണ്ണിയിലും ഒന്നില്‍ കുറയാത്ത റിപ്പോര്‍ട്ടര്‍മാര്‍ ഉദ്ധരിച്ച ഹദീസുകള്‍ക്ക് ആഹാദ് എന്നു പറയുന്നു. ഇങ്ങനെ ഏക റാവി റിപ്പോര്‍ട്ട് ചെയ്‌ത ഹദീസുകളാണ് ഏറ്റവും കൂടുതല്‍ ഉള്ളത്. ഇതില്‍ പല വിഭാഗങ്ങളുമുണ്ട്. ഇത്തരം ഹദീസുകള്‍ സ്വീകാര്യയോഗ്യമാവണമെങ്കില്‍ ഹദീസ് സ്വഹീഹ് ആയിരിക്കണം. അല്ലെങ്കില്‍ ഹസനെങ്കിലുമായിരിക്കണം. ഹദീസ് സ്വഹീഹാകണമെങ്കില്‍ താഴെ പറയുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.
എ) വിശ്വസ്‌തനും നീതിമാനും കൃത്യമായി ഓര്‍മയുള്ളവനുമായ ഒരാള്‍ പരമ്പര മുറിഞ്ഞുപോവാതെ, മേല്‍ വിധത്തില്‍ ഉള്ളവരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്‌തതും (പരമ്പര ആദ്യം മുതല്‍) അവസാനം വരെ ന്യൂനതകളോ അപാകതകളോ ഇല്ലാത്തതുമായ ഹദീസുകള്‍ക്ക് സ്വഹീഹ് എന്നു പറയുന്നു. ഏതെങ്കിലും തരത്തിലുള്ള ന്യൂനത കണ്ടെത്തിയാല്‍ അത്തരം ഏകറാവി റിപ്പോര്‍ട്ടുകള്‍ സ്വീകാര്യമല്ല.
ബി) ഹസനായ ഹദീസ്: കളവ് പറയുന്നവനെന്ന് കരുതപ്പെടുന്ന റിപ്പോര്‍ട്ടര്‍ പരമ്പരയില്‍ ഇല്ലാത്തതും എന്നാല്‍ ഓര്‍മശക്തിയിലും കൃത്യതയിലും സംശയിക്കപ്പെടുന്ന റിപ്പോര്‍ട്ടര്‍ പരമ്പരയില്‍ ഉണ്ടാവുകയും, കളവ് പറയുന്നവരെന്ന് കരുതപ്പെടാത്ത വേറെ റിപ്പോര്‍ട്ടര്‍മാര്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും തന്നിമിത്തം ഹദീസ് നിരൂപകന്, ഈ ഹദീസിന് അറിയപ്പെട്ട അടിസ്ഥാനമുണ്ടെന്ന് തോന്നുകയും ചെയ്യും. ഇത്തരം ഹസനായ ഹദീസുകള്‍ സ്വീകാര്യ യോഗ്യമാണെന്ന് പണ്ഡിതന്മാര്‍ വിധി എഴുതിയിട്ടുണ്ട്.
സി) ദ്വഈഫായ ഹദീസ്: സ്വഹീഹിന്റെയോ ഹസനിന്റെയോ ഗുണമേന്മ ഇല്ലാത്ത ഹദീസാണ് ദ്വഈഫ്. ഉള്ളടക്കത്തില്‍ സംശയം ഉണ്ടാവുകയോ പരമ്പരയില്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരോ ബിദ്‌അത്തില്‍ (അനാചാരത്തില്‍) ഏര്‍പ്പെടുന്നവരെന്ന് സംശയിക്കപ്പെടുന്നവരോ ഉണ്ടാവുകയോ ചെയ്‌താല്‍, ഹദീസ് ദ്വഈഫ് ആയിരിക്കും. ഇത്തരം ഹദീസുകള്‍ ഒരിക്കലും പ്രമാണയോഗ്യമല്ല. എണ്ണത്തില്‍ എത്ര കൂടുതല്‍ ഉണ്ടായാലും സ്വീകാര്യമല്ല.
ഡി) മൗദ്വൂഅ് ആയ ഹദീസ്: നബി(സ)യുടെ പേരില്‍ കെട്ടിച്ചമച്ച ഹദീസിന് മൗദ്വൂഅ് (കൃത്രിമ ഹദീസ്) എന്നു പറയുന്നു. അടിസ്ഥാനപരമായി ഇത് ഹദീസല്ല. കൃത്രിമമാണെന്ന് ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുത്ത് മുന്നറിയിപ്പ് നല്‌കാന്‍ വേണ്ടിയല്ലാതെ ഇത്തരം ഹദീസുകള്‍ ഉദ്ധരിക്കാനേ പാടില്ല.
കള്ള ഹദീസുകള്‍ കെട്ടിയുണ്ടാക്കി പ്രസിദ്ധരായ സഹാബിമാരിലേക്ക് ചേര്‍ത്തിപ്പറയല്‍ ഹദീസ് നിര്‍മാതാക്കളുടെ സ്വഭാവമായിരുന്നു. ഇതില്‍ കൂടുതലും അബുഹുറയ്‌റയിലേക്കാണ് ചേര്‍ക്കാറ്. ഡോ. മുസ്‌തഫസ്സിബാഈ പറയുന്നു: ``അബൂഹുറയ്‌റയിലേക്ക് മാത്രമല്ല, മറ്റു പ്രഗത്ഭരായ സ്വഹാബിമാരിലേക്കും ചേര്‍ക്കാറുണ്ട്. വര്‍ധിച്ച തോതില്‍ ഹദീസ് കെട്ടിയുണ്ടാക്കാന്‍ പറ്റിയ സന്ദര്‍ഭം ഹദീസ് നിര്‍മാതാക്കള്‍ ഉപയോഗപ്പെടുത്തി. അങ്ങനെ (അബൂഹുറയ്‌റയുടെ മേല്‍) കള്ള ഹദീസുകള്‍ കെട്ടിച്ചമച്ചു. എന്നാല്‍ ഇത് അബൂഹുറയ്‌റയില്‍ മാത്രം അവര്‍ ഒതുക്കിയില്ല. ഉമര്‍, അലി, ആഇശ, ഇബ്‌നുഅബ്ബാസ്, ഇബ്‌നുഉമര്‍, ജാബിര്‍, അനസ്(റ) മുതലായവരുടെയും അല്ലാത്തവരുടെയും പേരില്‍ ഹദീസുകള്‍ കെട്ടിയുണ്ടാക്കി അവരിലേക്ക് ചേര്‍ത്തി ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. (അസ്സുന്നത്തു വ മകാനതുഹാ ഫിത്തശ്‌രീ ഇല്‍ ഇസ്‌ലാമി, 318)
നിര്‍മിത ഹദീസുകള്‍ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍
നിര്‍മിത ഹദീസുകള്‍ തിരിച്ചറിയാന്‍ ഹദീസ് പണ്ഡിതന്മാര്‍ ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.
1). നിര്‍മിത ഹദീസുകളുടെ അടയാളങ്ങള്‍ സനദില്‍ (പരമ്പരയില്‍)
എ) ഹദീസ് റിപ്പോര്‍ട്ടര്‍ കളവ് പറയുന്നവനും കളവ് പറയുന്നതില്‍ അറിയപ്പെട്ടവനുമായിരിക്കുക. കളവ് പറയുന്നവരെയും അവരുടെ ചരിത്രങ്ങളെയും തേടിപ്പിടിച്ചു കളവ് കണ്ടുപിടിക്കുന്നതില്‍ ഹദീസ് പണ്ഡിതന്മാര്‍ വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
ബി) ഹദീസ് നിര്‍മിച്ചവര്‍ തന്നെ തുറന്നു സമ്മതിക്കുക. ഖുര്‍ആനിലെ സൂറത്തുകളുടെ ശ്രേഷ്‌ഠതകള്‍ വിവരിച്ചുകൊണ്ട് താന്‍ നിര്‍മിച്ച ഹദീസുകളെ അബൂഇസ്‌മത്ത് നൂഹുബ്‌നു മര്‍യം ഏറ്റു പറഞ്ഞതും ഹറാമിനെ ഹലാലും ഹലാലിനെ ഹറാമും ആക്കിക്കൊണ്ട് നാലായിരം ഹദീസുകള്‍ താന്‍ നിര്‍മിച്ചിട്ടുണ്ടെന്ന് അബ്‌ദുല്‍ കരീമുബ്‌നു അബില്‍ ഔജാഅ് സമ്മതിച്ചതും ഇതിന്ന് ഉദാഹരണമാണ്.
സി) ഹദീസ് റിപ്പോര്‍ട്ടര്‍ തന്റെ ഗുരുവിനെ കണ്ടുമുട്ടിയതായി തെളിയാതിരിക്കുക. ഉദാഹരണം ഹിശാമുബ്‌നു അമ്മാറില്‍ നിന്ന്, മഅ്‌മൂനിബ്‌നു അഹ്‌മദല്‍ ഹര്‍വി ഹദീസ് കേട്ടിട്ടുണ്ടെന്ന് അയാള്‍ വാദിച്ചു. അപ്പോള്‍ ഇബ്‌നുഹിബ്ബാന്‍ അയാളോട് ചോദിച്ചു: താങ്കള്‍ എപ്പോഴാണ് ശാമില്‍ (സിറിയയില്‍) പോയത്? അയാള്‍ പറഞ്ഞു: 250-ാം വര്‍ഷത്തില്‍. ഇബ്‌നുഹിബ്ബാന്‍: താങ്കള്‍ ഹദീസ് പഠിച്ചു റിപ്പോര്‍ട്ട് ചെയ്‌ത താങ്കളുടെ ഗുരുവായ ഹിശാം 245-ല്‍ മരണപ്പെട്ടിരിക്കുന്നു. പിന്നെ അയാളില്‍ നിന്ന് 250-ാം വര്‍ഷത്തില്‍ താങ്കള്‍ എങ്ങനെ ഹദീസ് പഠിച്ചു!
ഇതുപോലെ മുഹമ്മദുബ്‌നു അബീ യഅ്‌ഖൂബില്‍ നിന്ന് അബ്‌ദുല്ലാഹിബ്‌നു ഇസ്‌ഹാഖുല്‍ കര്‍മാനി ഹദീസ് രിവായത്ത് ചെയ്‌തപ്പോള്‍ അദ്ദേഹത്തോടൊരാള്‍ പറഞ്ഞു: താങ്കള്‍ ജനിക്കുന്നതിന്റെ ഒമ്പത് വര്‍ഷം മുമ്പ് മുഹമ്മദുബ്‌നു അബീ യഅ്‌ഖൂബ് മരണപ്പെട്ടിരിക്കുന്നു. ഉടനെ കര്‍മാനി സ്ഥലം വിട്ടു. മറ്റൊരിക്കല്‍ അബ്‌ദുബ്‌നു ഹുമൈദില്‍ നിന്ന് മുഹമ്മദുബ്‌നു ഫാതിമുല്‍ കശ്ശീ ഹദീസ് ഉദ്ധരിച്ചു. അപ്പോള്‍ അദ്ദേഹത്തോട് ഹദീസ് പണ്ഡിതനായ ഹാകിം പറഞ്ഞു: ഈ ശൈഖ് അബ്‌ദുബ്‌നു ഹുമൈദ് മരണപ്പെട്ടു പതിമൂന്നുകൊല്ലം കഴിഞ്ഞശേഷം അദ്ദേഹത്തില്‍ നിന്ന് ഇയാള്‍ ഹദീസു കേട്ടുപഠിച്ചിരിക്കുന്നു!
ഇങ്ങനെ ഹദീസ് റിപ്പോര്‍ട്ടര്‍മാരും, അവരുടെ ശൈഖുമാരും തമ്മില്‍ കണ്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താന്‍, അവരുടെ ജനനം, മരണം, താമസം, യാത്ര, ഗുരുനാഥന്മാര്‍ മുതലായതെല്ലാം അറിയേണ്ടതുണ്ട്. ഈ ആവശ്യാര്‍ഥം ഹദീസ് പണ്ഡിതന്മാര്‍ ഇല്‍മുത്ത്വബഖാത് എന്ന ഒരു വൈജ്ഞാനിക ശാസ്‌ത്രം ഉണ്ടാക്കിയിരിക്കുന്നു. (അതത് കാലക്കാരെ സംബന്ധിച്ച ചരിത്രവിവരണം)
ഡി) ചിലപ്പോള്‍ റാവിയുടെ സ്ഥിതിഗതികളില്‍ നിന്നും അയാളുടെ താല്‌പര്യങ്ങളില്‍ നിന്നും അയാളുടെ ഹദീസ് നിര്‍മിതമാണെന്നറിയാം. ഉദാ: സൈഫ്‌ബ്‌നു ഉമറുത്തമീമു പറഞ്ഞതായി ഹാക്കിം ഉദ്ധരിക്കുന്നു: ഞങ്ങള്‍ സഅദ്‌ബ്‌നു ത്വരീഫിന്റെ സദസ്സില്‍ ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഓത്തുപള്ളിയില്‍ നിന്ന് കരഞ്ഞുകൊണ്ടുവന്നു. നിനക്കെന്തുപറ്റി എന്നദ്ദേഹം കുട്ടിയോട് ചോദിച്ചു. അധ്യാപകന്‍ എന്നെ തല്ലി എന്നായിരുന്നു മറുപടി. ഉടനെ സഅദ് പറഞ്ഞു: തീര്‍ച്ചയായും ഇന്ന് ഞാനവനെ അപമാനപ്പെടുത്തും. തുടര്‍ന്ന് ഒരു ഹദീസ് അദ്ദേഹം നിര്‍മിച്ചു. ഇബ്‌നുഅബ്ബാസില്‍ നിന്ന് നബി(സ) യിലേക്ക് ചേര്‍ത്തുകൊണ്ട് ഇക്‌രിമ ഇപ്രകാരം പറഞ്ഞു: നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നവര്‍ നിങ്ങളില്‍ ഏറ്റവും ദുഷിച്ചവരും അനാഥകളോട് ഏറ്റവും ദയ കുറഞ്ഞവരും കടുത്തവരുമായിരിക്കും.
മറ്റൊരു ഉദാഹരണം: അലീസ വില്‌പനക്കാരന്‍ മുഹമ്മദുബ്‌നുല്‍ ഹജ്ജാജുന്നഖയിയുടെ ഹദീസ്: അലീസ മുതുകിന് ബലം നല്‌കുമെന്ന് റസൂല്‍(സ) പറഞ്ഞു എന്നതാണാ ഹദീസ്. (സുന്നത്തും ഇസ്‌ലാമില്‍ അതിന്റെ സ്ഥാനവും, ഡോ. മുസ്‌തഫസ്സിബാഈ 97)
2). നിര്‍മിത ഹദീസ് അടയാളങ്ങള്‍ മത്‌നില്‍ (ഹദീസിന്റെ വാചകങ്ങളില്‍)
എ) ഹദീസിന്റെ വാചകങ്ങള്‍ ആരോഗ്യകരമല്ലാതിരിക്കുക. അറബി സാഹിത്യ രഹസ്യങ്ങളെക്കുറിച്ചും ശൈലീ വ്യത്യാസങ്ങളെക്കുറിച്ചും പരിചയമുള്ളവര്‍ക്കേ ഇതു മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. സാഹിത്യത്തിലും വാചകശുദ്ധിയിലും ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്ന ആളായിരുന്നു മുഹമ്മദ് നബി(സ). ആ സ്ഥിതിക്ക് താഴ്‌ന്ന നിലവാരത്തിലുള്ളതോ കെട്ടിക്കുടുക്കുള്ളതോ, സാഹിത്യദൃഷ്‌ടിയില്‍ അരോചകമായിട്ടുള്ളതോ ആയ സംസാരങ്ങള്‍ നബി(സ)യില്‍ നിന്ന് ഉണ്ടാവുകയില്ല. ഇബ്‌നു ദഖീഖുല്‍ ഈദി പറഞ്ഞു: റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാചകത്തെ ആസ്‌പദമാക്കി, ഹദീസ് പണ്ഡിതന്മാര്‍ അതു നിര്‍മിതമാണെന്ന് വിധിക്കാറുണ്ട്. ഹദീസുകളുടെ വാചകങ്ങളുമായി അവര്‍ക്കുള്ള അധിക പരിചയം നിമിത്തം നബി(സ)യുടെ വാക്യങ്ങള്‍ ആയിരിക്കുവാന്‍ സാധ്യതയുള്ളതും, ഇല്ലാത്തതും, തിരിച്ചറിയത്തക്ക പാടവവും പ്രാപ്‌തിയും അവര്‍ക്കുണ്ടായിരിക്കുന്നതാണ്.
ബി). ആശയം സ്വീകാര്യമല്ലാത്തതായിരിക്കുക: ഇത് പല കാരണങ്ങള്‍ കൊണ്ടുണ്ടാവാം. ഹദീസിന് വ്യാഖ്യാനം നല്‌കി ഒപ്പിക്കാന്‍ കഴിയാത്ത വിധം പ്രാഥമിക ബുദ്ധിക്ക് എതിരാവുക.
ഉദാഹരണം: നൂഹ്‌നബി(അ)യുടെ കപ്പല്‍ കഅ്‌ബയെ ഏഴുവട്ടം തവാഫ് ചെയ്യുകയും മഖാമു ഇബ്‌റാഹീമില്‍ രണ്ടു റക്‌അത്ത് നമസ്‌കരിക്കുകയും ചെയ്‌തു. ഇതുപോലെ തന്നെയാണ് തോന്നിവാസങ്ങള്‍ക്ക് പ്രേരണ നല്‌കുന്ന ഹദീസുകള്‍. ഉദാ: സുന്ദരമായ മുഖത്തേക്ക് നോക്കുന്നത് കണ്ണിന്റെ കാഴ്‌ച തെളിയിക്കും. അല്ലെങ്കില്‍ വൈദ്യശാസ്‌ത്ര തത്വങ്ങള്‍ക്ക് എതിരായിരിക്കും. ഉദാ: വഴുതനങ്ങ എല്ലാ രോഗങ്ങള്‍ക്കും ശിഫയാണ്. അല്ലെങ്കില്‍ ചരിത്രസത്യങ്ങള്‍ക്കും അല്ലാഹു ഈ ലോകത്ത് നടപ്പില്‍ വരുത്തിയിട്ടുള്ള പ്രകൃതി തത്വങ്ങള്‍ക്കും എതിരാവുക. ഉദാ: ഊജ്‌ബ്‌നു ഉനുഖിന്റെ ഹദീസ്. ഇദ്ദേഹത്തിന്റെ നീളം മൂവായിരം മുഴം ഉണ്ടായിരുന്നു. നൂഹ്‌നബി(അ) പ്രളയത്തില്‍ മുങ്ങിപ്പോവുമെന്ന് ഭയന്നപ്പോള്‍, നിന്റെ പാത്രത്തില്‍ എന്നെ വഹിക്കണമെന്ന് ഊജ്‌ബ്‌നു ഉനൂഖിനോട് ആവശ്യപ്പെട്ടു. നൂഹ്‌നബി(അ)യുടെ കാലത്തുണ്ടായ പ്രളയം ഇയാളുടെ കാലിന്റെ ഞെരിയാണി വരെ മാത്രമേ എത്തിയുള്ളൂ. ഇയാള്‍ കടലിന്റെ ആഴത്തിലേക്ക് കൈയിട്ടു മത്സ്യം പിടിച്ച് സൂര്യന്റെ അടുത്തുവെച്ചു ചുട്ടെടുക്കാറുണ്ട്.
സി) ഖുര്‍ആന്റെ വ്യക്തമായ തത്വങ്ങള്‍ക്ക് എതിരാവുക: നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്ന ഹദീസ് ഇതിന്നുദാഹരണമാണ്. (അത് നേരത്തെ വിവരിച്ചു). മറ്റൊരു ഉദാഹരണം: വ്യഭിചാരത്തില്‍ ജനിച്ച സന്താനം ഏഴ് തലമുറ കഴിയും വരെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. ഇത് ഖുര്‍ആനിക തത്വങ്ങള്‍ക്ക് എതിരാണ്. അല്ലാഹു പറയുന്നു: ``ഒരാളുടെ കുറ്റം മറ്റൊരാള്‍ വഹിക്കുന്നതല്ല.'' വേറെയും ആയത്തുകള്‍ ഈ വിഷയത്തില്‍ കാണാം.
ഡി) നബി(സ)യുടെ കാലത്ത് അറിയപ്പെട്ട ചരിത്ര സത്യങ്ങള്‍ക്ക് എതിരായി ഹദീസ് വരിക. ഉദാ: ഖൈബറിലെ യഹൂദികളുടെ മേല്‍ നബി(സ) കപ്പം ചുമത്തിയെന്നും അതിനു സാക്ഷിയായി നിന്നത് സഅ്‌ദുബ്‌നു മുആദ്(റ) ആയിരുന്നുവെന്നും, കരാര്‍ എഴുതിയത് മുആവിയ ആയിരുന്നുവെന്നുമുള്ള ഹദീസ്. ഈ ഹദീസ് ചരിത്രസംഭവങ്ങള്‍ക്ക് എതിരാണ്. കാരണം ഖൈബര്‍ സംഭവം നടക്കുന്ന കാലത്ത് കപ്പം നിശ്ചയിക്കുന്ന സമ്പ്രദായവും നിയമവും ഉണ്ടായിരുന്നില്ല. കപ്പം വാങ്ങുന്നത് സംബന്ധിച്ചു ഖുര്‍ആന്‍ അവതരിച്ചത് തബൂക്ക് യുദ്ധത്തിന്ന് ശേഷമാണെന്നാണ് ചരിത്രത്തില്‍ അറിയപ്പെട്ടിട്ടുള്ളത്. സഅ്‌ദുബ്‌നു മുആദ്(റ) ആകട്ടെ ഖൈബറിന്ന് മുമ്പ് ഖന്‍ദക്ക് യുദ്ധകാലത്ത് മരണപ്പെട്ടിരുന്നു. മുആവിയ ഇസ്‌ലാമിലേക്ക് വന്നത് മക്കം ഫത്‌ഹിലാണ്. പിന്നെ എങ്ങനെയാണ് മക്കാഫത്‌ഹില്‍ മുസ്‌ലിമായ മുആവിയ ഖൈബറില്‍ കരാര്‍ എഴുതുക? ഖൈബര്‍ സംഭവത്തിന് മുമ്പേ മരണപ്പെട്ടുപോയ സഅദ്‌ബ്‌നു മുആദ് എങ്ങനെയാണ് കപ്പക്കരാറിന് സാക്ഷിയാവുക?
ഇ) ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ആശയത്തോട് യോജിച്ചതായിരിക്കുകയും പ്രസ്‌തുത ആശയത്തില്‍ അയാള്‍ ഉറച്ചുനിന്ന് പക്ഷപാതമനസ്ഥിതിയുള്ളവനായിരിക്കുകയും ചെയ്യുക. അഹ്‌ലുബൈത്തിന്റെ ശ്രേഷ്‌ഠതകളെ പറ്റി ശീഅകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ഹദീസുകള്‍ ഇതിന്ന് ഉദാഹരണമാണ്.
ശീഅകളുടെ റിപ്പോര്‍ട്ട്: നബി(സ)യുടെ കാലത്ത് ഒരു നക്ഷത്രം നിലം പതിച്ചു. നബി(സ) പറഞ്ഞു: ആരുടെ വീട്ടിലാണ് ആ നക്ഷത്രം വീണതെന്ന് നിങ്ങള്‍ നോക്കുക. ആ വീട്ടുകാരനായിരിക്കും എന്റെ ശേഷം ഖലീഫയാകുന്നത്. സ്വഹാബികള്‍ തിരഞ്ഞു. അത് അലി(റ)യുടെ വീട്ടില്‍ വീണതായി അവര്‍ കണ്ടു. ജനങ്ങള്‍ അതിനെ പറ്റി വാചാലമായി സംസാരിച്ചു. അപ്പോഴാണ് അല്ലാഹു നജ്‌മിലെ ആയത്ത് ഇറക്കിയത്: ``നക്ഷത്രം അസ്‌തമിക്കുമ്പോള്‍ അതിനെ തന്നെയാണ് സത്യം, നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗി ആയിട്ടുമില്ല'' (നജ്‌മ് 1-2). ഇവിടെ ആയത്തിന്റെ ശരിയായ അര്‍ഥമാണ് ഉദ്ധരിച്ചത്. ശീഅകളുടെ വ്യാഖ്യാനം: നക്ഷത്രം വന്നുവീണത് തന്നെയാണ് സത്യം, നിങ്ങളുടെ കൂട്ടുകാരന്‍ അലി വഴി തെറ്റിയിട്ടില്ല. ദുര്‍മാര്‍ഗി ആയിട്ടുമില്ല -ഇതാണവരുടെ വീക്ഷണം. ഇങ്ങനെ ആയിരക്കണക്കിന് ഹദീസുകള്‍ ശീഅകള്‍ പടച്ചുവിട്ടിട്ടുണ്ട്.
എഫ്) ഹദീസിലെ വിഷയം വമ്പിച്ച ഒരു ജനക്കൂട്ടത്തില്‍ വെച്ചു പരസ്യമായി നടന്നതും ധാരാളമാളുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടായിട്ട് ഒരാള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുക. ഉദാ: നബി(സ) ഹജ്ജത്തുല്‍ വിദാഅ് കഴിഞ്ഞു മടങ്ങുമ്പോള്‍ ഗരീര്‍ഖും എന്ന സ്ഥലത്തുവെച്ച് സ്വഹാബിമാരെയെല്ലാം ഒരുമിച്ചുകൂട്ടി, അവരുടെ മുമ്പില്‍ വെച്ച് അലി എന്റെ പിന്‍ഗാമിയും എന്റെ ശേഷം ഖലീഫയുമാണ് എന്ന് പറഞ്ഞു എന്ന ഹദീസ്. ഇത് വ്യാജവും നിര്‍മിതവുമാണെന്ന് എല്ലാ ഹദീസ് പണ്ഡിതന്മാരും ഏക സ്വരത്തില്‍ പറഞ്ഞിട്ടുണ്ട്.
നബി(സ)ക്ക് മാരകമായ സിഹ്‌ര്‍ ബാധിച്ചു എന്ന ഹദീസാണ് മറ്റൊന്ന്. ഹിജ്‌റ ഏഴാം വര്‍ഷമാണീ സംഭവം നടന്നതായി പറയുന്നത്. ആറു മാസക്കാലം നബി അബോധാവസ്ഥയിലായിരുന്നുവെന്നും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്‌തു എന്ന് തോന്നുന്ന വിധത്തില്‍ സ്വഹാബികള്‍ക്കിടയില്‍ ജീവിച്ചുവെന്നും പറയുന്നു. എന്നാല്‍ ഒരു സ്വഹാബിയും ഇതു റിപ്പോര്‍ട്ട് ചെയ്‌തില്ല. നബി(സ) വഫാതായി അര നൂറ്റാണ്ട് കഴിഞ്ഞു ജനിച്ച ഹിശാമാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്. മറ്റു റിപ്പോര്‍ട്ടുകള്‍ എടുത്തുദ്ധരിക്കാന്‍ പോലും പറ്റാത്തതാണ്. നബിയുടെ നിഴല്‍പോലെ കൂടെയുണ്ടാവാറുള്ള അബൂഹുറയ്‌റ പോലും ഈ സംഭവം അറിഞ്ഞില്ല. മദീനക്കാരനായ ഇമാം മാലിക്ക് ഈ സംഭവം കേട്ടിട്ടില്ല. പ്രസ്‌തുത ഹദീസിന്റെ മറ്റു ന്യൂനതകള്‍ സിഹ്‌റിനെ പറ്റി വിവരിച്ച അധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്.
ജി) വളരെ ചെറിയ പ്രവൃത്തിക്ക് വളരെ വലിയ പ്രതിഫലങ്ങള്‍ വാഗ്‌ദാനം ചെയ്യുക. അല്ലെങ്കില്‍ വളരെ ചെറിയ തെറ്റിന് വളരെ വലിയ ശിക്ഷകൊണ്ട് മുന്നറിയിപ്പ് നല്‌കുക. ഇത്തരം ഹദീസുകള്‍ നിര്‍മിതമാണ്. (ഡോ. മുസ്‌തഫസ്സിബാഈ, സുന്നത്തും ഇസ്‌ലാമില്‍ അതിന്റെ സ്ഥാനവും 102) ഒരു പല്ലിയെക്കൊന്നാല്‍ ഒരു പള്ളി പണിത കൂലി ലഭിക്കുമെന്ന ഹദീസ് ഇതിന്നുദാഹരണമാണ്.
കള്ള ഹദീസ് നിര്‍മാതാക്കള്‍
കള്ള ഹദീസ് നിര്‍മാതാക്കള്‍
കള്ള ഹദീസ് നിര്‍മാണവും കളവ് പറയുന്ന ഏര്‍പ്പാടും തുടങ്ങിയപ്പോള്‍ അവയുടെ കര്‍ത്താക്കളെ പറ്റി പഠിക്കുകയും അവരുടെ പേരുകള്‍ സമുദായമധ്യത്തില്‍ പരസ്യപ്പെടുത്തുകയും, അവരില്‍ നിന്നുള്ള ഹദീസുകള്‍ സ്വീകരിക്കുന്നത് വിലക്കുകയുമാണ് മുന്‍ഗാമികളായ ഹദീസ് പണ്ഡിതന്മാര്‍ ചെയ്‌തത്. കള്ള ഹദീസുകളുടെ നിര്‍മാതാക്കള്‍ ധാരാളമുണ്ടെങ്കിലും അവരില്‍ ഏറ്റവും പ്രസിദ്ധരായവര്‍ താഴെ പറയുന്നവരാകുന്നു.
1) ഇബാനുബ്‌നു ജഅ്‌ഫര്‍ അന്നുമൈരി: ഇയാള്‍ അബൂഹനീഫയുടെ പേരില്‍ മൂന്നൂറു ഹദീസുകള്‍ നിര്‍മിച്ചു. 2) ഇബ്‌റാഹീമുബ്‌നു സൈദില്‍ അസ്‌ലമി: ഇയാള്‍ ഇമാം മാലിക്കിന്റെ(റ) പേരില്‍ ധാരാളം ഹദീസുകള്‍ നിര്‍മിച്ചിട്ടുണ്ട്. 3) അഹ്‌മദ്‌ബ്‌നു അബ്‌ദില്ല അല്‍ജുവൈബാരി: ഇയാള്‍ കിറാമിയ്യാ കക്ഷികള്‍ക്കു വേണ്ടി ആയിരക്കണക്കിന്ന് ഹദീസുകള്‍ നിര്‍മിച്ചു. ഈമാന്‍ നാവുകൊണ്ട് മൊഴിഞ്ഞാല്‍ മതി, മനസ്സില്‍ വിശ്വാസമില്ലെങ്കിലും എന്ന അഭിപ്രായക്കാരാണ് കിറാമികള്‍. 4) ജാബിറുബ്‌നു യസീദുല്‍ ജഅഫി: ഇയാള്‍ മുപ്പതിനായിരം ഹദീസുകള്‍ നിര്‍മിച്ചിട്ടുണ്ട്. 5) മുഹമ്മദുബ്‌നു സുജാഈ അസ്സല്‍ജി: ഇയാള്‍ തശ്‌ബീഹിന്റെ (അല്ലാഹുവിനോട് സൃഷ്‌ടികളെ സാമ്യപ്പെടുത്തല്‍) കുറേ ഹദീസുകള്‍ കെട്ടിയുണ്ടാക്കി ഹദീസ് പണ്ഡിതന്മാരുടെ പേരില്‍ ഇറക്കുമതി ചെയ്‌തു. 6) നൂഹ്‌ബ്‌നു അബീമര്‍യം: ഇയാള്‍ ഖുര്‍ആനിലെ ഓരോ സൂറത്തിനും വെവ്വേറെ ശ്രേഷ്‌ഠതകള്‍ വിവരിക്കുന്ന ധാരാളം ഹദീസുകള്‍ നിര്‍മിച്ചു. 7) അല്‍ഹാരിസുബ്‌നു അബ്‌ദില്ലാഹില്‍ അഅ്‌വര്‍, 8) മുഖാതിലുബ്‌നു സുലൈമാന്‍, 9) മുഹമ്മദുബ്‌നു സഈദ് മസ്‌ലൂബ്, 10) മുഹമ്മദുബ്‌നു ഉമറുല്‍ വാഖിരി, 11) ഇബ്‌റാഹീമുബ്‌നു മുഹമ്മദുബ്‌നു അബിയഹ്‌യല്‍ അസ്‌ലവി, 12) വഹബ്‌ബ്‌നു വഹബുല്‍ ഖാസി, 13) മുഹമ്മദ്‌ബ്‌നു സാഇബുല്‍ കല്‍ബി, 14), അബൂദാവൂദു നഖഈ, 15) ഇസ്‌ഹാഖ് ബ്‌നി നജീഹുല്‍ മന്‍ത്വി, 16) അബ്ബാസ് ബ്‌നു ഇബ്‌റാഹീമുന്നഖഈ, 17) മഅ്‌മൂനുബ്‌നു അബീ അഹ്‌മദുല്‍ ഹര്‍വീ, 18) മുഹമ്മദുബ്‌നു ഉക്കാശത്തുല്‍ കര്‍മാനി, 19) മുഹമ്മദുബ്‌നുല്‍ ഖാസി മുത്തായ്‌കാനി, 20) മുഹമ്മദ്‌ബ്‌നു സിയാദുല്‍ യശ്‌കരി, 21) മുഹമ്മദുബ്‌നു തമീമുല്‍ ഫര്‍യാനി മുതലായവര്‍ ഹദീസ് നിര്‍മാതാക്കളില്‍ പ്രമുഖരാണ്.
നിര്‍മിത ഹദീസുകള്‍ കണ്ടുപിടിക്കാന്‍ സഹായകമായ ധാരാളം ഗ്രന്ഥങ്ങള്‍ ഹദീസ് പണ്ഡിതന്മാര്‍ രചിച്ചിട്ടുണ്ട്.
0 comments: