പ്രകൃതിവാദം ശാസ്‌ത്രീയമോ?
മറുപുറം -
- എന്‍ എം ഹുസൈന്‍
ജീവന്‍ ഉത്ഭവിച്ചതെങ്ങനെ എന്ന് ചോദിച്ചാല്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ മുതല്‍ ശാസ്‌ത്രജ്ഞന്‍ വരെ ഇങ്ങനെ പറയും: ``ആദിമ ഭൂമിയില്‍ ഓക്‌സിജന്‍ ഇല്ലായിരുന്നു. അത്തരമൊരു വിജരണാന്തരീക്ഷത്തില്‍ (reducing atmosphere) വെള്ളം, ഹൈഡ്രജന്‍, മീഥേന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, അമോണിയം, നൈട്രജന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ പ്രതിപ്രവര്‍ത്തിച്ചാണ് ജീവനുണ്ടായത്.''ഇത് ശാസ്‌ത്രീയ വീക്ഷണമാണെന്നും ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും കടുത്ത വിശ്വാസികള്‍ പോലും ധരിച്ചുവശായിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇതൊന്നും ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, ആദിമ ഭൂമിയില്‍ ഇങ്ങനെയൊന്നും യാദൃച്ഛികമായി രാസവസ്‌തുക്കളില്‍ നിന്നും ജീവനുണ്ടാവുകയില്ലെന്നതിന് നിരവധി തെളിവുകള്‍ ശാസ്‌ത്രീയ ഗവേഷണങ്ങളില്‍ നിന്നും ലഭ്യമാണ് (കൂടുതലറിയാന്‍ Thaxton, Bradley, Olsen എന്നീ ശാസ്‌ത്രജ്ഞരെഴുതിയ The mystery of Life's origin വായിക്കാം). ഇവിടെ അതല്ല വിഷയം. നിരവധി തെളിവുകള്‍ മറുഭാഗത്തുണ്ടായിട്ടും എന്തുകൊണ്ടാണ് ഒരു വിഭാഗം ശാസ്‌ത്രജ്ഞര്‍ ആദിമ ഭൂമിയില്‍ ജീവന്‍ സ്വയം ഉത്ഭവിച്ചു എന്ന് വിശ്വസിക്കുന്നത്? (ഇത് ശാസ്‌ത്രമാണെന്ന തെറ്റിദ്ധാരണയിലാണ് മറ്റുള്ളവര്‍ അങ്ങനെ വിശ്വസിക്കുന്നത്).
കാരണമുണ്ട്. ആധുനികതയുടെ തന്നെ തത്വശാസ്‌ത്രപരമായ അടിസ്ഥാനം പ്രകൃതി വാദമാണ് (Naturalism). പ്രകൃതിയില്‍ സംഭവിക്കുന്നതെന്തും പദാര്‍ഥപരമായി വിശദീകരിക്കാന്‍ സാധിക്കും എന്ന വിശ്വാസമാണിത്. ഇന്ന് ജീവനുണ്ട്, ജീവികളുണ്ട്. അതിനാല്‍ രാസപദാര്‍ഥങ്ങള്‍ കൂടിച്ചേര്‍ന്നല്ലാതെ മറ്റൊരു വിധത്തിലും അതുത്ഭവിക്കാന്‍ സാധ്യതയില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രകൃതിവാദപരമായ നിഗമനങ്ങള്‍ അവര്‍ മെനയുന്നത്.
``പ്രകൃതിയില്‍ സംഭവിക്കുന്നതെന്തും പദാര്‍ഥപരമായി വിശദീകരിക്കാനാവും'' എന്നത് ശാസ്‌ത്രീയമായി തെളിയിക്കാനാവാത്ത ഒരു ഭൗതികവാദവിശ്വാസം മാത്രമാണ്. വെറും വിശ്വാസം മാത്രം. വ്യാവസായിക വിപ്ലവത്തെത്തുടര്‍ന്ന് ശാസ്‌ത്ര-സാങ്കേതിക രംഗത്ത് വലിയ പുരോഗതിയുണ്ടായപ്പോള്‍ പ്രകൃതിയെപ്പറ്റി എല്ലാം മനസ്സിലാക്കിയെന്ന തെറ്റിദ്ധാരണയുണ്ടായി. ഇതിന്റെ ഫലമായുണ്ടായ അഹന്തയും കൂടിയായപ്പോള്‍ പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങള്‍ക്കും പദാര്‍ഥപരമായ വ്യാഖ്യാനം മതിയാവുമെന്നും അതാണ് ശാസ്‌ത്രീയമെന്നുമുള്ള വിശ്വാസം വ്യാപകമായി. ഈ ധാരണ പാഠപുസ്‌തകത്തില്‍ സ്ഥാനം നേടുകയും മറ്റെല്ലാവരും അന്ധമായി ഈ വിശ്വാസം സ്വീകരിക്കുകയും ചെയ്‌തു. ഈ ധാരണ ശാസ്‌ത്രീയമാണോ യുക്തിപരമാണോ എന്നൊന്നും പരിശോധിക്കാതെ പ്രകൃതിവാദത്തിന്റെ അടിസ്ഥാനത്തില്‍ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം നല്‌കിയവര്‍ വരെ ആധുനിക കാലത്തുണ്ടായി. വിശുദ്ധ ഖുര്‍ആനിലെ പ്രകൃതിശാസ്‌ത്ര പരാമര്‍ശങ്ങള്‍ക്ക് വ്യാഖ്യാനം നല്‌കുമ്പോള്‍ ഖുര്‍ആനില്‍ പാണ്ഡിത്യം ഉണ്ടായാല്‍ പോരെന്നും ശാസ്‌ത്രത്തിലും ശാസ്‌ത്രത്തിന്റെ തത്വശാസ്‌ത്രത്തിലും പ്രകൃതിവാദത്തിലുമൊക്കെ ആഴത്തിലുള്ള ധാരണയുണ്ടായാലേ വ്യാഖ്യാനം ശരിയാവാന്‍ സാധ്യതയുള്ളൂവെന്നും ഗ്രഹിക്കേണ്ടതുണ്ട്.
വിഗ്രഹങ്ങള്‍ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കുന്നവര്‍ ഇന്ത്യയില്‍ ധാരളമുണ്ട്. ഭൗതികവാദികളും യുക്തിവാദികളും ഇവരെ അന്ധവിശ്വാസികള്‍ എന്ന് വിളിച്ച് ആക്ഷേപിക്കും. എന്നാല്‍ ഒരു വിഗ്രഹം ഒരു സ്ഥലത്ത് സ്വയംഭൂവായി പ്രത്യക്ഷപ്പെടാനുള്ളത്ര സാധ്യതപോലും ജീവന്‍ സ്വയം ഉത്ഭവിക്കാനില്ല എന്നതാണ് യാഥാര്‍ഥ്യം (ഒരു വിഗ്രഹത്തേക്കാള്‍ ലക്ഷക്കണക്കിന് മടങ്ങ് സങ്കീര്‍ണമാണ് ഒരു ജീവകണിക എന്നതുകൊണ്ട് പ്രൊബബിലിറ്റി നിയമപ്രകാരം ഇക്കാര്യം വ്യക്തമാണ്).ഈയര്‍ഥത്തില്‍, വിഗ്രഹങ്ങള്‍ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടു എന്ന വിശ്വാസത്തെക്കാള്‍ അന്ധവിശ്വാസഭരിതമാണ് ജീവന്‍ സ്വയം ഉത്ഭവിച്ചു എന്ന വിശ്വാസം.
ജീവന്റെ കാര്യം നില്‌ക്കട്ടെ. പദാര്‍ഥത്തില്‍ ബോധം ഉത്ഭൂതമാവുന്നത് എങ്ങനെയെന്ന് ഇനിയും ഗ്രാഹ്യമായിട്ടില്ല.'' "certainly science has difficulty in accounting for the appearance and nature of ...self conscious process' എന്ന് പ്രമുഖ ശാസ്‌ത്രജ്ഞനായ ആന്റണി ഒഹിയന്‍ അടുത്ത കാലത്ത് എഴുതിയത് ശ്രദ്ധേയമാണ്. പ്രകൃതിയിലെ എല്ലാ പ്രതിപാദനങ്ങളെയും പദാര്‍ഥത്തിലേക്ക് വെട്ടിയൊതുക്കുന്ന ന്യൂനീകരണ സമീപന (reductionism) മാണ് ഉത്തരാധുനിക കാലത്ത് ഏറ്റവും വിമര്‍ശിക്കപ്പെടുന്ന രീതിശാസ്‌ത്രങ്ങളിലൊന്ന്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളില്‍ ഭൗതികവാദ-യുക്തിവാദങ്ങളുടെ മുഖമുദ്രയായ ന്യൂനീകരണവാദം പുതിയ നൂറ്റാണ്ടില്‍ കാലഹരണപ്പെട്ട ദര്‍ശനങ്ങളുടെ ചവറ്റുകുട്ടയിലേക്ക് നീങ്ങുകയാണ്.
0 comments: