ഗീന്‍ദീന്‍ ഇസ്‌ലാമിലെ ഹരിത ദൈവശാസ്‌ത്രം
ടി ടി എ റസാഖ്
പ്രമുഖ അമേരിക്കന്‍ കണ്‍ഗ്രഷനല്‍ നേതാക്കള്‍ 2008-ല്‍ വാഷിംഗ്‌ടണ്‍ ഡി സി-യില്‍ സംഘടിപ്പിച്ച മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ വികസനചര്‍ച്ചകളാണിത്തരമൊരു കൃതിക്ക് കളമൊരുക്കിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ഇബ്‌റാഹീം അബ്‌ദുല്‍ മത്വീന്‍ എന്ന അമേരിക്കന്‍ പ്രഫഷണല്‍ ഒരു മതവിശ്വാസി,
ടി ടി എ റസാഖ്
പ്രമുഖ അമേരിക്കന്‍ കണ്‍ഗ്രഷനല്‍ നേതാക്കള്‍ 2008-ല്‍ വാഷിംഗ്‌ടണ്‍ ഡി സി-യില്‍ സംഘടിപ്പിച്ച മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ വികസനചര്‍ച്ചകളാണിത്തരമൊരു കൃതിക്ക് കളമൊരുക്കിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ഇബ്‌റാഹീം അബ്‌ദുല്‍ മത്വീന്‍ എന്ന അമേരിക്കന്‍ പ്രഫഷണല്‍ ഒരു മതവിശ്വാസി,
പരിസ്ഥിതിവാദി, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലുള്ള തന്റെ അറിവും പരിചയവും ഉപയോഗിച്ച് ഒരു വിശ്വാസിയുടെ കാഴ്‌ചപ്പാടില്‍ പ്രസ്‌തുത പരിസ്ഥിതി ആശയങ്ങളെ പുനരാവിഷ്‌കരിക്കുകയാണിവിടെ.
ഹരിതമം (ഗ്രീന്‍ ദീന്‍)
പ്രകൃതിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഹൃദയ മുറ്റത്തേയ്‌ക്ക് കടന്നുവരുന്ന പച്ചപ്പിന്റെ ഇളംകാറ്റ് കേരളീയന്റെ മാത്രം അനുഭവമല്ല. അതുകൊണ്ട് തന്നെയാവാംശുദ്ധപ്രകൃതിയെക്കുറിച്ച് സംസാരിക്കുന്ന വ്യക്തികളെയും ധര്‍മ പ്രത്യയശാസ്‌ത്ര സമീപനങ്ങളെയും ലോകമിന്ന് പച്ച ചേര്‍ത്ത് പറയുന്നത്. കൗതുകകരമെന്ന് പറയട്ടെ, കൃഷിയും ഫലവും പഴങ്ങളും മാത്രമല്ല, പള്ളിയും പ്രാര്‍ഥനയും തൊഴിലും തുടങ്ങി ബലികര്‍മം വരെ ഹരിതപ്രതലത്തില്‍ പകര്‍ത്തിയിരിക്കുകയാണീ ഗ്രീന്‍ദീന്‍ എന്ന കൃതി.
ഇസ്‌ലാമിനെയും അതിന്റെ വിശ്വാസ ജീവിതരീതികളെയും സാധാരണ അമേരിക്കക്കാരന് പരിചയപ്പെടുത്തിക്കൊണ്ടാണീ കൃതി അതിന്റെആമുഖമാരംഭിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ഓഫീസില്‍ പോളിസി അഡൈ്വസര്‍ എന്ന നിലയ്‌ക്ക് മാത്രമല്ല, മതവിജ്ഞാനവും വ്യാപകമായ യാത്രാനുഭവങ്ങളും വിപുലമായ ജനസമ്പര്‍ക്ക പ്രക്രിയകളും വഴി നേടിയെടുത്ത അമൂല്യമായ അനുഭവപരിസരമാണ് ഇത്തരമൊരു രചന നിര്‍വഹിക്കാനുള്ള തന്റെ അര്‍ഹതയായദ്ദേഹം അവകാശപ്പെടുന്നത്. അമേരിക്കന്‍ മുസ്‌ലിംകള്‍ പല നാടുകളില്‍ നിന്ന് കുടിയേറിയവരും മതപരിവര്‍ത്തിതരുമായ ഒരാഗോള സമൂഹമാണ്. ഭക്ഷണ തളികയില്‍ തന്റെ ഏറ്റവും അടുത്തുനിന്ന് ഭക്ഷിക്കുക എന്ന നബിവചനം അമേരിക്കയിലെ ആഗോള മുസ്‌ലിം സമൂഹത്തിന് Go global Stay Local (ആഗോളവീക്ഷണവും പ്രാദേശിക സാന്നിധ്യവും) എന്ന ഒരു പാഠം കൂടി നല്‌കുന്നതായി അദ്ദേഹം അനുമാനിക്കുന്നു. അഥവാ മാര്‍ക്കറ്റുകളില്‍ നിന്ന് മാര്‍ക്കറ്റുകളിലേക്ക് ഉപഭോഗ യാത്രകള്‍ നടത്താതെ പ്രാദേശിക സംഭരണികളെ ആശ്രയിച്ച് ഉപഭോഗം പരിമിതപ്പെടുത്താന്‍ ശ്രമിക്കുക എന്നത് പരിസ്ഥിതി സൗഹൃദ സമീപനത്തില്‍ ഒരു വലിയ കാര്യമാണ്.
മാലിന്യം, ഊര്‍ജം, ജലം, ഭക്ഷണം
മാലിന്യം, ഊര്‍ജം, ജലം, ഭക്ഷണം എന്നീ പ്രകൃതി ഘടകങ്ങളെ സുപ്രധാന പരിസ്ഥിതി പ്രതിഭാസങ്ങളായി പരിഗണിക്കുകയും അവയുടെ ഉത്തരവാദിത്തബോധത്തോടെയുള്ള ഉപയോഗവും വളര്‍ച്ചയും മതപരമായ ബാധ്യതയായി ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നത് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഭാഗമാണ്. ഒരിക്കല്‍ വളരെ ചെറുപ്പത്തില്‍ പിതാവിനൊപ്പം `ബെയര്‍' പര്‍വത മുകളില്‍ വെച്ച് നമസ്‌കാരം നിര്‍വഹിച്ച ഓര്‍മകളില്‍ നിന്നാണ് ഗ്രന്ഥകര്‍ത്താവിന്റെ പ്രകൃതി പരിപാലന ചിന്തകളാരംഭിക്കുന്നത്. പള്ളിയല്ലാത്ത സ്ഥലത്ത് നിന്ന് നമസ്‌കാരം നിര്‍വഹിച്ചതിനെക്കുറിച്ച് കുട്ടി (ഗ്രന്ഥകര്‍ത്താവ്) അത്ഭുതപ്പെട്ടപ്പോള്‍ `ഭൂമി മുഴുവന്‍ പള്ളിയാണ്' എന്ന നബിവചനം പിതാവ് കുട്ടിയെ ഓര്‍മിപ്പിച്ചു. അങ്ങനെയെങ്കില്‍ ഒരര്‍ഥത്തില്‍ പള്ളിയെപ്പോലെ ഭൂമിയും പരിശുദ്ധമല്ലേ എന്ന ചിന്തയാണ് പിന്നീടുള്ള ചര്‍ച്ചകളുടെ കേന്ദ്ര ആശയം. ഭൂവാസിയായ ഒരു വിശ്വാസി തന്റെ ചുറ്റുപാടിനെ ഒരു ജീര്‍ണ പരിസരമായി മാറ്റുന്നത് ഇസ്‌ലാം എന്ന ഹരിതമതത്തിനെതിരാണ്.
ദൈവത്തിന്റെ ഏകത്വത്തെ അംഗീകരിക്കുക (തൗഹീദ്), ഭൂമിയിലെ ദൈവീക ദൃഷ്‌ടാന്തങ്ങളെ തിരിച്ചറിയുക (ആയാത്ത്), ഭൂമിയില്‍ ദൈവത്തിന്റെ സ്ഥാനപതി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുക (ഖിലാഫത്ത്), ദൈവം ഏല്‌പിച്ച പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുക (അമാനത്ത്), അവയുടെ നീതിയുക്തമായ കൈകാര്യ കര്‍തൃത്വം നിര്‍വഹിക്കുക (അദ്‌ല്‍), പ്രകൃതി സൗഹൃദപരവും സന്തുലിതവുമായ പരിസ്ഥിതി നിയമങ്ങള്‍ പാലിക്കുക (മീസാന്‍) എന്നിങ്ങനെ ആറ് അടിസ്ഥാന പദങ്ങളെ മേല്‍പറഞ്ഞ പ്രകാരം വിശദീകരിച്ചുകൊണ്ടാണ് ഗ്രന്ഥകര്‍ത്താവ് ഇസ്‌ലാമിന്റെ പ്രകൃതി ദര്‍ശനത്തെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. അഥവാ ഈ തത്വങ്ങളെ അംഗീകരിച്ചു ഉള്‍ക്കൊണ്ടു കൊണ്ടായിരിക്കണം ഒരു മുസ്‌ലിം പ്രകൃതിവിഭവങ്ങളെ സമീപിക്കേണ്ടത് എന്ന് സാരം. ഭൂമി മുഴുക്കെ ദൈവീക ദൃഷ്‌ടാന്തങ്ങളാണ്.
പ്രപഞ്ചത്തെ നാം മനസ്സിലാക്കുന്നതും അവന്റെ ദൃഷ്‌ടാന്തങ്ങള്‍ വഴിയാണ്. അണു കേന്ദ്രങ്ങള്‍ മുതല്‍ അനന്തകോടി പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്ര സമൂഹങ്ങള്‍ വരെ അവയുടെ പ്രകാശസാന്നിധ്യം കൊണ്ട് നാം തിരിച്ചറിയുന്നു. പ്രകാശം ദൈവീകമാണ്. ദൈവത്തെ പ്രകാശത്തിന് മേല്‍ പ്രകാശം എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. `അവന്‍ ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്.'' (വി.ഖു 57:3)
ഖുര്‍ആന്‍ മനുഷ്യനെ ചിലപ്പോഴൊക്കെ പ്രകൃതിയിലൂടെ വഴി നടത്താന്‍ ശ്രമിക്കുന്നുണ്ട്. നമുക്ക് അനന്തരം കിട്ടിയ ഈ പ്രകൃതിയെ കൂടുതല്‍ മെച്ചപ്പെടുത്തി അടുത്ത തലമുറയ്‌ക്ക് കൈമാറുക എന്നത് നമ്മുടെ ബാധ്യതയാണ്. ഖുര്‍ആന്‍ അവനെ സ്ഥാനപതി (ഖലീഫ) എന്നാണ് വിശേഷിപ്പിച്ചത്. സ്ഥാനപതി ചൂഷകനാവുകയില്ല. പ്രകൃതിയും പ്രകൃതിപരിപാലനവും നമ്മില്‍ വിശ്വസിച്ചേല്‌പിക്കപ്പെട്ട (അമാനത്ത്) ദൗത്യമായി കരുതേണ്ടതുണ്ട്. മനുഷ്യന്റെ നിരുത്തരവാദപരമായ കരങ്ങളാണ് ഭൂമിയില്‍ കുഴപ്പങ്ങള്‍ക്ക് കാരണം. ``മനുഷ്യരിലെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ ആസ്വദിക്കാന്‍ വേണ്ടിയത്രെ ഇത്. അവര്‍ ഒരുപക്ഷേ മടങ്ങിയേക്കാം.'' (വി.ഖു 30:41)
ഞങ്ങളുടെ നാട്ടില്‍ ബ്രൂക്ക്‌ലിന്‍ ബ്രിഡ്‌ജിന് മുകളിലൂടെ ഒഴുകുന്നത് മാലിന്യങ്ങളും പ്ലാസ്റ്റിക്കുമാണ്. ``അല്ലാഹുവത്രെ ആകാശഭൂമികളെ സൃഷ്‌ടിക്കുകയും ആകാശത്തുനിന്ന് വെള്ളം ഇറക്കുകയും എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്‌കനികള്‍ ഉല്‌പാദിപ്പിക്കുകയും ചെയ്‌തത്. അവന്റെ കല്‌പനപ്രകാരം കടലിലൂടെ സഞ്ചരിക്കുന്നതിനായി അവന്‍ നിങ്ങള്‍ക്ക് കപ്പലുകള്‍ വിധേയമാക്കിത്തരികയും ചെയ്‌തിരിക്കുന്നു. അവന്‍ നദികളെയും നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു.'' (വി.ഖു 14:32)
കടലും പുഴകളും നമ്മെ എത്രമാത്രം സേവിച്ചുകൊണ്ടിരിക്കുന്നു? നാം നമ്മുടെ ഗൃഹം വൃത്തിയിലും ഭംഗിയിലും സൂക്ഷിക്കുന്നില്ലേ. അപ്പോള്‍ പിന്നെ ഭൂഗോളമെന്ന തറവാടിന്റെ സംരക്ഷണത്തില്‍ താല്‌പര്യമില്ലാതിരിക്കാന്‍ എന്താണ് ന്യായം? ``ആകാശങ്ങളിലും ഭൂമിയിലും അവയ്‌ക്കിടയിലും ഉള്ളത് നാം കളിയായി സൃഷ്‌ടിച്ചതല്ല. ശരിയായ ഉദ്ദേശ്യത്തോടെ തന്നെയാണ് നാം അവയെ സൃഷ്‌ടിച്ചത്.'' (വി.ഖു 44:37,38)
നാം, മനുഷ്യര്‍ ഒന്നിനെയും സൃഷ്‌ടിക്കാന്‍ കഴിവില്ലാത്തവരാണ്. പ്രകൃതി ചൂഷണം വഴിയും ഫാക്‌ടറി ഫാമിംഗ് വഴിയും ഭൂമിയെ തകിടം മറിക്കുകയും പ്രകൃതി വിഭവങ്ങളെ നാം നശിപ്പിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയും സദാസമയവും ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയുമല്ലേ നാം ചെയ്യേണ്ടത്? ഒരു നിരന്തര ഉപഭോഗ ജീവിയാവുമ്പോള്‍ മാത്രമേ നാം പ്രസക്തമാവുകയുള്ളൂ എന്നാരാണ് പറഞ്ഞത്? അതിന്റെ ഉപോല്‍പന്നമാണ് വന്‍ തോതിലുള്ള മാലിന്യം. മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്നതാണ് ഭൂമിയിലെ കുഴപ്പങ്ങള്‍ എന്നാണല്ലോ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. പ്രവചന സമാനമായ ഈ ദൈവ വാക്യം സത്യമായി പുലര്‍ന്നുകൊണ്ടിരിക്കുന്നു. ദൈവീക വിധിവിലക്കുകള്‍ക്ക് കീഴ്‌പ്പെട്ടു ജീവിക്കേണ്ട ഖലീഫ എന്ന സ്ഥാനത്തു നിന്ന് മനുഷ്യന്‍ ഭൂമിയെ അധീനപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഫലമാണീ കുഴപ്പങ്ങള്‍.
കോളനിവത്‌കരണ കാലഘട്ടത്തില്‍ (1700 എ ഡി) യൂറോപ്യന്മാരാണ് കോളനിരാജ്യങ്ങളിലെ പ്രകൃതിചൂഷണത്തിന് തുടക്കംകുറിച്ചത്. കോളനിരാജ്യങ്ങള്‍ വൈകിയെങ്കിലും അവരെ തുരത്തിയെങ്കിലും ഇറാഖിലെ എണ്ണ ഖനനം, സിയറലിയോണിലെ വജ്രഖനനം തുടങ്ങി പല രൂപത്തിലും അവരുടെ ചൂഷണാധിപത്യ ശേഷിപ്പുകള്‍ ഇന്നും അവസാനിക്കാത്ത സംഘര്‍ഷങ്ങള്‍ക്ക് കാരണമായിക്കൊണ്ടിരിക്കുന്നു.
1800-കളില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ വരവോടെ ഹരിതമതത്തിന് വിരുദ്ധമായ ചില പ്രത്യയശാസ്‌ത്ര സമീകരണങ്ങള്‍ രംഗത്ത് വരവായി; ഒരു ഭാഗത്ത് ജനാധിപത്യവും ഫ്രീമാര്‍ക്കറ്റ് കാപ്പിറ്റലിസവും, മറുവശത്ത് മാര്‍ക്‌സിസ്റ്റ് സോഷ്യലിസവും അണിനിരന്നു. ജനാധിപത്യത്തോടൊപ്പം മുതലാളിത്ത രീതികള്‍ വ്യാപകമായതോടെ വിപണനം ചെയ്യുന്ന ചരക്കുകള്‍ക്ക് വമ്പിച്ച പ്രതിഫലവും പ്രോത്സാഹനവുമാണ് ലഭിച്ചത്. വ്യക്തി കേന്ദ്രീകൃതമായ വളര്‍ച്ചയായിരുന്നു അത്. മാര്‍ക്‌സിയന്‍ സോഷ്യലിസമാവട്ടെ പ്രത്യേക വിഭാഗത്തിന്റെ സാമ്പത്തിക അവകാശങ്ങള്‍ക്ക് വേണ്ടിയും വാദിച്ചു.
എന്നാല്‍ ഇസ്‌ലാം സോഷ്യലിസമോ കാപ്പിറ്റലിസമോ ആയിരുന്നില്ല. വ്യക്തിയെ മാത്രമല്ല, സമൂഹത്തെയും അത് ലക്ഷ്യം വെക്കുന്നു. ഉല്‌പാദന-ഉപഭോഗ യൂണിറ്റുകളല്ല. ആത്മാവിന്റെ പ്രാധാന്യമാണ് മനുഷ്യനെ വ്യത്യസ്‌തനാക്കുന്നത്. അതാണ് ഇസ്‌ലാമിന്റെ ഹരിതധര്‍മം നമ്മെ പഠിപ്പിക്കുന്നതും. സാമ്രാജ്യത്വവും ശീതസമരവും മുസ്‌ലിം ലോകത്ത് സംഘര്‍ഷവും നാഗരിക മാലിന്യങ്ങളുമാണുണ്ടാക്കിയത്. ഇന്ന് ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങള്‍ ഹരിത പ്രകൃതി രീതികളിലേക്ക് മടങ്ങി പ്രകൃതി സൗഹൃദ മതഭൗതിക കേന്ദ്രങ്ങള്‍ക്ക് (ഇക്കോ മോസ്‌ക്, Clean Energy, Green Building Council ) തുടക്കം കുറിച്ചു കഴിഞ്ഞു.
ഹരിത മതവും പ്രകൃതി സംരക്ഷണവും
ഭൂമിയുടെ ശുദ്ധപ്രകൃതിയില്‍ വിനാശകരമായ വ്യാവസായിക രീതികള്‍ വലിയ കളങ്കമുണ്ടാക്കാന്‍ തുടങ്ങിയതോടെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. സയ്യിദ് ഹുസൈന്‍ നസ്‌റിനെപ്പോലുള്ള വിശ്വാസികള്‍ മാത്രമല്ല, പ്രസിഡന്റ് റൂസ്‌വെല്‍ട്ടിനെപ്പോലുള്ളവരും രംഗത്തിറങ്ങി. റേച്ചല്‍ കാള്‍ട്ടന്‍ തന്റെ Silent Spring (1962) എന്ന വിഖ്യാത കൃതിയില്‍ കീടനാശിനികളുടെ ഭാവി കെടുതികളെക്കുറിച്ച് ദീര്‍ഘദര്‍ശനം ചെയ്‌തു.
എന്നാല്‍ നമ്മുടെ ഏറ്റവും നല്ല മാതൃക മുഹമ്മദ് നബി(സ) തന്നെയാണ്. ഏറ്റവും നല്ല സ്ഥാനപതിയും അവിടുന്ന് തന്നെയായിരുന്നു. പ്രകൃതിയോടദ്ദേഹം ഉറ്റ സൗഹൃദത്തിലായിരുന്നു. സ്വര്‍ഗം പച്ചപ്പ് നിറഞ്ഞ തോട്ടങ്ങളായിട്ടാണദ്ദേഹം വര്‍ണിച്ചത്. ആ പച്ചപ്പിന്റെ പ്രകൃതിയിലേക്ക് തിരിഞ്ഞുനടക്കാന്‍ നമുക്ക് ബാധ്യതയില്ലേ? നമ്മുടെ ഭക്ഷണവും ആരാധനാലയങ്ങളും ഒരു ഹരിതമതത്തിന്റെ കൂടി ഭാഗമാവേണ്ടതുണ്ട്. പള്ളിയിലേക്കുള്ള നടത്തത്തിന് പ്രതിഫലമുണ്ട്. ദൈവത്തിന്റെ ഹരിതഭവനങ്ങളാണ് പള്ളികള്‍. ഈജിപ്‌തിലെയും ഇന്തോനേഷ്യയിലേയും സിങ്കപ്പൂരിലെയും മുസ്‌ലിം സമൂഹം പരിസ്ഥിതി സൗഹൃദ ദൈവീക ഭവനങ്ങള്‍ക്ക് പദ്ധതികളുണ്ടാക്കിക്കഴിഞ്ഞു.
ഹരിത മതത്തിന്റെ ഭാഗമായി Islamic Foundation for Ecology and environment പോലുള്ള യു എസ് സംഘടനകളും രംഗത്തുണ്ട്. പള്ളി മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം കേന്ദ്രസ്ഥാനീയമാണല്ലോ. അതുകൊണ്ടു തന്നെ അത് ഹരിതപ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാവുന്നതാണ്.
ഇഫ്‌താറിലും മറ്റും എത്രമാത്രം വെള്ളവും ഭക്ഷണവുമാണ് ഇവിടെ ദുര്‍വ്യയം ചെയ്യപ്പെടുന്നത്! വുദ്വൂവിന്റെ വെള്ളം വീണ്ടും ശുദ്ധീകരിച്ച് (Recycle) ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സുഊദീ ഫത്‌വ ഇതോടു ചേര്‍ത്ത് വായിക്കാവുന്നതാണ്. ചുരുക്കത്തില്‍ പ്രകൃതിസംരക്ഷണമെന്നത് മതാനുഷ്‌ഠാനങ്ങളുടെ ഭാഗമായി തന്നെ നിലനിര്‍ത്തേണ്ടതാണെന്ന് മനസ്സിലാക്കാം.
ഊര്‍ജം
ഊര്‍ജത്തെ സാങ്കേതികമായി ഞാന്‍ `നരകീയ'മെന്നും `സ്വര്‍ഗീയ'മെന്നും വേര്‍തിരിക്കുന്നു. എണ്ണ, ഗ്യാസ്, കല്‍ക്കരി ന്യൂക്ലിയാര്‍ ഊര്‍ജങ്ങള്‍ `നരകീയ'മാണെങ്കില്‍ കാറ്റ്, സൂര്യന്‍, തിരമാല പോലുള്ള ഊര്‍ജ സ്രോതസ്സുകളെ `സ്വര്‍ഗീയ'മെന്നും പറയാം. `നരകീയ' ഊര്‍ജരൂപങ്ങള്‍ പൊതുവേ പരിസ്ഥിതി ആഘാതങ്ങളുണ്ടാക്കുന്നവയാണ്. പെട്രോളിനു വേണ്ടി ലോകത്ത് യുദ്ധവും സംഘര്‍ഷങ്ങളും തന്നെ നടക്കുന്നു. വലിയ മലകള്‍ തുരന്നും അഗ്രങ്ങള്‍ തകര്‍ത്തുമാണ് കല്‍ക്കരി സംഭരിക്കുന്നത്. ഹരിത മതം എന്ന നിലയ്‌ക്ക് നാം താല്‌പര്യമെടുക്കേണ്ട വിഷയങ്ങളാണിവയും. ``അവനാണ് ഭൂമിയെ വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‌ക്കുന്ന പര്‍വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്‌തവന്‍.''(വി.ഖു 13:3)
എന്നാല്‍, ഊര്‍ജത്തിനായി ഇന്ന് ലോകം സൂര്യനിലേക്ക് ഉറ്റു നോക്കാന്‍ തുടങ്ങി എന്നത് ശുഭസൂചകമാണ്. ``സൂര്യനും അതിന്റെ പ്രഭയും തന്നെയാണ് സത്യം. ചന്ദ്രന്‍ തന്നെയാണ് സത്യം. അത് അതിനെ തുടര്‍ന്നു വരുമ്പോള്‍. പകലിനെ തന്നെയാണ് സത്യം. അത് സൂര്യനെ പ്രത്യക്ഷപ്പെടുത്തുമ്പോള്‍... മനുഷ്യാസ്‌തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ് സത്യം. എന്നിട്ട് അതിന്റെ ദുഷ്‌ടതയും അതിന്റെ സൂക്ഷ്‌മതയും സംബന്ധിച്ച് അവന് ബോധം നല്‌കുകയും ചെയ്‌തിരിക്കുന്നു. തീര്‍ച്ചയായും അസ്‌തിത്വത്തെ പരിശുദ്ധമാക്കിയവന്‍ വിജയിച്ചിരിക്കുന്നു.''(സൂറതുശ്ശംസ്)
ജലം
ജീവന് ജലം പ്രധാനമാണെന്ന പോലെ ഇസ്‌ലാമികാനുഷ്‌ഠാനങ്ങളില്‍ ജലം സവിശേഷമാണ്. ജലത്തിന്റെ ഉടമസ്ഥര്‍ നമ്മളല്ല. അതിന്റെ ദുരുപയോഗത്തെയും കച്ചവടത്തെയും കുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പ് നല്‌കി. മദീനയിലെ റുമാത് കിണര്‍ നബിയുടെ ആവശ്യപ്രകാരം ഉസ്‌മാന്‍(റ) വിലയ്‌ക്ക് വാങ്ങി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്ത സംഭവം പ്രസിദ്ധമാണ്. ജീവജലം മഹത്തരമായ ദൈവീക ദൃഷ്‌ടാന്തമാണ്. ``വെള്ളത്തില്‍ നിന്ന് എല്ലാ ജീവ വസ്‌തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്‌തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?'' (വി.ഖു 21:30)
അതിനെ മലിനമാക്കാന്‍ ആര്‍ക്കാണവകാശം. അത് പാഴാക്കുന്നത് പാപമല്ലാതെ മറ്റെന്താണ്? പെപ്‌സിയുടെയും കൊക്കോകോളയുടെയും കുപ്പി വെള്ളമാണിന്ന് പാശ്ചാത്യ ലോകത്ത് ഉപയോഗിക്കുന്നത്. ഈയിടെ വിഷവസ്‌തുക്കളുടെ സാന്നിധ്യം മൂലം ബ്രിട്ടനില്‍ കൊക്കോകോളയുടെ കുപ്പിവെള്ളം നിരോധിച്ചിരുന്നു. ഒരു മലേഷ്യന്‍ കമ്പനി വുദ്വൂവിന്റെ ജലം പാഴായിപ്പോവുന്നത് തടയുന്നതിനുവേണ്ടി ഓട്ടോമാറ്റിക് ജല നിര്‍ഗമന ഉപകരണം വിപണിയിലിറക്കിയിട്ടുണ്ട്. ഹജ്ജ് പോലുള്ള സന്ദര്‍ഭങ്ങളില്‍ ഇവ പരീക്ഷിക്കാവുന്നതാണ്.
ഭക്ഷണം
ഭക്ഷണം ഹലാലും ത്വയ്യിബും ആയിരിക്കുക എന്ന ഇസ്‌ലാമിന്റെ സന്ദേശമാണ് ഹരിതമതത്തിന്റെ ആഹാര നിയമത്തിന്നടിസ്ഥാനം. അഥവാ ഭക്ഷണം അനുവദനീയവും പരിശുദ്ധവുമായിരിക്കേണ്ടതുണ്ട്. ത്വയ്യിബ് എന്താണെന്ന് പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പ്രകൃതിപരമായ പരിശുദ്ധിയും അതുള്‍ക്കൊള്ളുന്നു. അമേരിക്കന്‍ മുസ്‌ലിംകള്‍ക്കിടയില്‍ `ഹലാല്‍ അസോസിയേഷന്‍' തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ പ്രതിനിധി ശൈഖ് അബ്‌ദുല്ലാ നാന യു എസിലെ ഹലാല്‍ മാംസവില്‌പന കേന്ദ്രങ്ങളും അറവുശാലകളും സന്ദര്‍ശിച്ച് നടത്തിയ പഠനങ്ങള്‍ വിലപ്പെട്ടതാണ്. ബിസ്‌മി ചൊല്ലുന്നതും, അറവ് രീതികളും, ഉപകരണങ്ങളും മറ്റും പന്നിയിറച്ചിയുമായി മിക്‌സ് ചെയ്‌ത് ഉപയോഗിക്കുന്നതുമായ പല പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടതായി കാണാം. കൂടാതെ അറവ് മൃഗങ്ങള്‍ എങ്ങനെ വളര്‍ത്തപ്പെടുന്നു എന്നതും അവരുടെ താല്‌പര്യ വിഷയമായിരുന്നു.
ഫാക്‌ടറി ഫാമിംഗ് വഴി ഉല്‌പാദിപ്പിക്കപ്പെട്ടവ പൊതുവേ വിഷജന്യമാണ്. മാംസമാണെങ്കിലും അമിതമായ അളവിലുള്ള ആന്റിബയോട്ടിക്കുകളും നൈട്രേറ്റുകളും ഹോര്‍മോണുകളും അവയെ `ത്വയ്യിബി'ന്റെ പരിധിയില്‍ നിലനിര്‍ത്തുമോ എന്ന കാര്യം പരിശോധനയര്‍ഹിക്കുന്നു. greenzabeeha.com നാടന്‍ പുല്ലും വെള്ളവും കൊടുത്തുവളര്‍ത്തിയവയുടെ മാംസത്തെക്കുറിച്ചും ബന്ധപ്പെട്ട ഹലാല്‍ റെസ്റ്റോറന്റുകളെക്കുറിച്ചും ഒരു ഡാറ്റാബേസ് തയ്യാറാക്കിയിട്ടുണ്ട്. മൃഗങ്ങളുമായി ബന്ധപ്പെട്ട കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച മതമാണിസ്‌ലാം. അവയെ വളര്‍ത്തുന്നതിനെക്കുറിച്ചും അവയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അറവിനെ കുറിച്ചുമെല്ലാം കാരുണ്യത്തിന്റെയും സൂക്ഷ്‌മതയുടെയും പ്രവാചക വചനങ്ങള്‍ ധാരാളമുണ്ട്.
മൃഗങ്ങളെ അറുക്കുമ്പോള്‍ മറ്റ് അറവ് മൃഗങ്ങള്‍ കാണത്തക്കവിധം ആവരുതെന്നതും രക്തം വാര്‍ന്നുപോവുന്ന രീതിയിലായിരിക്കണമെന്നതും ഹരിതധര്‍മത്തിന്റെ ഭാഗമാണ്. ശാസ്‌ത്രീയമായി മൂന്ന് ഞരമ്പുകള്‍ (Jugular vein, Carotid Artery, Wind Pipe) ഒരേസമയം മുറിയുമ്പോഴാണ് ഇപ്രകാരം രക്തം വാര്‍ന്നുപോകുന്നതും മാംസം ആരോഗ്യകരമാവുന്നതും. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് എളുപ്പം ഈ കര്‍മം നിര്‍വഹിക്കപ്പെടണം എന്ന് നിര്‍ദേശിക്കപ്പെടാനുള്ള മുഖ്യ കാരണവും ഇത് തന്നെയായിരിക്കാം.
ഇപ്രകാരം ആരോഗ്യകരവും പ്രകൃതിസൗഹൃദപരവുമായ ജീവിതരീതികള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ്. പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അമിത മതേതര വത്‌കരിക്കപ്പെട്ട ഇന്നത്തെ സാഹചര്യത്തില്‍ മുസ്‌ലിംസമൂഹം കൂടുതല്‍ ക്രിയാത്മകമായി ഇടപെടേണ്ടത് ആവശ്യമാണ്.
സൃഷ്‌ടിപ്പിലുള്ള ഏകത്വവും ജീവജാലങ്ങളുടെ പാരസ്‌പര്യവും മനസ്സിലാക്കുകയും ഭൂമിയില്‍ ദൈവത്തിന്റെ സ്ഥാനപതി എന്ന നിലക്ക് അവന്റെ ദൃഷ്‌ടാന്തങ്ങളെ അമാനത്ത് ആയി സംരക്ഷിക്കുകയും ചെയ്യുക എന്നത് മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം മതപരമായ ഉത്തരവാദിത്തമാണ് എന്നതാണീ കൃതിയുടെ മുഖ്യ സന്ദേശം.
0 comments: