ശബാബ് കത്തുകള്‍ @2013_june_28

  • Posted by Sanveer Ittoli
  • at 10:24 PM -
  • 0 comments
ശബാബ് കത്തുകള്‍@ 2013_june_28

  • യുക്തിവാദ പ്രസ്ഥാനങ്ങളുടെ യുക്തിരാഹിത്യം

യുക്തിവാദത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട കവര്‍സ്‌റ്റോറി വായിച്ചു. പുതുതലമുറ കൂടുതലായും യുക്തിവാദത്തിലേക്കും നിരീശ്വര വാദത്തിലേക്കും ചേക്കേറുന്ന ഒരു കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ യുക്തിവാദത്തിന്റെ തകര്‍ച്ചയുടെ ചരിത്രം വിശകലനം ചെയ്യുന്നത്‌ പ്രസക്തമാണ്‌.കേരളത്തില്‍ എഴുപതുകളില്‍ ഉയര്‍ന്നുവന്ന യുക്തിവാദംപിന്നീട്‌ പിന്‍വാങ്ങിയതിനു പിന്നില്‍ അതിന്റെ ആശയതലത്തിലുള്ള തകര്‍ച്ചയും യുക്തിരാഹിത്യവുമായിരുന്നു എന്ന്‌ യുക്തിവാദത്തിന്റെ ആഗോളചരിത്രം പുനര്‍വായനക്ക്‌ വിധേയമാക്കുമ്പോള്‍ മനസ്സിലാകുന്നു. യുക്തിവാദവും മതനിരാസവും ദൈവ നിഷേധവുമൊക്കെ ഫാഷനായി പരിണമിച്ച ഈ സമയത്ത്‌ തന്നെ യുക്തിവാദത്തിന്റെ യുക്തിരാഹിത്യം ഒരിക്കല്‍ കൂടി വിശകലനം ചെയ്യാന്‍ തയാറായ ശബാബ്‌ വാരികക്ക്‌ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
ശഫീഖ്‌ പുല്ലൂര്‍ മഞ്ചേരി

  • ഇബ്‌റാഹിം നബിയുടെ പിതാവ്‌ മുശ്‌രിക്കായിരുന്നോ?

ഖുര്‍ആനില്‍ `വാലിദ്‌', `അബു' എന്നീ പദങ്ങള്‍ ഒരേ അര്‍ഥത്തിലല്ല പ്രയോഗിച്ചിരിക്കുന്നത്‌. ഖുര്‍ആന്‍ പ്രതിപാദിക്കുന്ന ഇബ്‌റാഹിം നബി(അ)യുടെ `അബു' മുശ്‌രിക്കാണ്‌. അങ്ങേയറ്റം സ്‌നേഹത്തോടും താല്‍പര്യത്തോടും ഇബ്‌റാഹീം നബി അദ്ദേഹത്തെ തൗഹീദിലേക്ക്‌ ക്ഷണിക്കുന്നുണ്ട്‌. തന്റെ വിശ്വാസത്തില്‍ നിന്ന്‌ പിന്തിരിയാന്‍ കൂട്ടാക്കാതിരുന്ന അദ്ദേഹത്തിന്‌ വേണ്ടി ഇനി റബ്ബിനോട്‌ പ്രാര്‍ഥിക്കുകയെന്നതല്ലാത്ത മറ്റ്‌ മാര്‍ഗമൊന്നുമില്ലെന്ന്‌ ഇബ്‌റാഹിംനബി മനസ്സിലാക്കുകയും അങ്ങനെ ചെയ്യാമെന്ന്‌ തീരുമാനിക്കുകയും ചെയ്‌തു. തന്റെ `അബു' പടച്ചവന്റെ ശത്രുവാണെന്നും അതിനാല്‍ പ്രാര്‍ഥനക്കായുള്ള തീരുമാനത്തില്‍ നിന്നു പിന്തിരിയണമെന്നും അല്ലാഹു ഇബ്‌റാഹിം നബിയെ അറിയിക്കുന്നതോടെ അദ്ദേഹം അതില്‍ നിന്നും പിന്മാറുന്നു.
യഅ്‌ഖൂബ്‌ നബി(അ) മരണാസന്നനായപ്പോള്‍ മക്കളെ വിളിച്ച്‌ ഉപദേശിക്കുന്നത്‌ ഖുര്‍ആന്‍ വിശദീകരിക്കുന്നേടത്ത്‌, മക്കള്‍ മറുപടിയായി പറയുന്നത്‌ `ഞങ്ങള്‍ താങ്കളുടെ `ഇലാഹ്‌' ആയ, അതേപോലെ താങ്കളുടെ `ആബാഉ'കളായ ഇബ്‌റാഹീം, ഇസ്‌മാഈല്‍, ഇസ്‌ഹാഖ്‌, എന്നിവരുടെയും `ഇലാഹ്‌' ആയ, ഏകനായ അല്ലാഹുവിനെയാണ്‌ ആരാധിക്കുക' എന്നായിരുന്നു. `അബു' (ബഹുവചനം ആബാഅ്‌) എന്നത്‌ പിതാവാണെങ്കില്‍ ഇബ്‌റാഹിം നബി യഅ്‌ഖൂബ്‌ നബിയുടെ പിതാവല്ലല്ലോ. ഇസ്‌മാഈലും പിതാവല്ല.
അപ്പോള്‍ പിതാവില്‍ പരിമിതപ്പെടുത്താനാവാത്ത, എന്നാല്‍ പിതാമഹനോ, പിതൃവ്യനോ ആകാവുന്നതില്‍ തെറ്റില്ലാത്ത സ്ഥാനമുള്ള ഒരാള്‍ ആയിരിക്കും `അബു.'
ഇബ്‌റാഹിം നബി(അ) തന്റെ മാതാപിതാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കുന്നതായി ഖുര്‍ആന്‍ വിവരിക്കുന്നുമുണ്ട്‌.
സൂറത്ത്‌ ഇബ്‌റാഹീമില്‍ തന്റെ കുടുംബത്തെയും സന്തതികളില്‍ ചിലരെയും കൃഷിയും, ആള്‍പാര്‍പ്പുമില്ലാത്ത മരുഭൂമിയില്‍ അല്ലാഹുവിന്റെ ഭവനത്തിനടുത്ത്‌, വിട്ടേച്ച്‌ പോകുന്ന വേളയില്‍ സുദീര്‍ഘമായ പ്രാര്‍ത്ഥനയില്‍ അദ്ദേഹം തന്റെ `വാലിദു'കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി 41-ാം സൂക്തത്തില്‍ വിവരിക്കുന്നു. അത്‌ അദ്ദേഹത്തിന്റെ പില്‍ക്കാലത്തായതിനാല്‍ തന്നെ മുശ്‌രിക്കിന്‌ വേണ്ടി പ്രാര്‍ത്ഥിക്കരുതെന്ന അല്ലാഹുവിന്റെ കല്‍പനയെ മറികടന്നാകാന്‍ തരമില്ല. തന്നെയുമല്ല `അബു' എന്നല്ല, മറിച്ച്‌ `വാലിദ്‌' എന്നാണ്‌ അദ്ദേഹം പറഞ്ഞിരിക്കുന്നത്‌. ഇതില്‍ നിന്നു വ്യക്തമാകുന്നത്‌ `അബു' എന്നത്‌ `വാലിദ്‌' അല്ല എന്നും, ഇബ്‌റാഹിം നബിയുടെ `വാലിദ്‌' മുശ്‌രിക്കായിരുന്നില്ല എന്നും തന്നെയാണ്‌. അതായത്‌ ഇബ്‌റാഹിം നബിയുടെ പ്രാര്‍ത്ഥന അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക്‌ വേണ്ടിയും ഉണ്ടായിരുന്നു എന്ന്‌ മനസ്സിലാക്കാം.
ഇന്നത്തെ ആധുനിക സമൂഹത്തിന്റെ ന്യൂക്ലിയര്‍ കുടുംബ പശ്ചാത്തലത്തില്‍ ഇരുന്ന്‌ ചിന്തിക്കുമ്പോള്‍ ഒരുപക്ഷെ മുന്‍ സമുദായങ്ങളിലെ കുടുംബങ്ങളില്‍ മറ്റ്‌ കാര്‍ണവന്മാര്‍ക്ക്‌ നല്‍കപ്പെട്ടിരുന്ന പ്രാധാന്യവും അപ്രമാദിത്വവും നമുക്ക്‌ പെട്ടെന്ന്‌ മനസ്സിലെത്താന്‍ പ്രയാസമായിരിക്കും. ഇബ്‌റാഹിം നബിയുടെ സമൂഹത്തിലും `അബു' വായി ഗണിക്കപ്പെട്ടിരുന്ന ഒരു കാരണവര്‍ ആയിരിക്കാം പ്രതിപാദിക്കപ്പെട്ട വ്യക്തി. പക്ഷെ അത്‌ അദ്ദേഹത്തിന്റെ പിതാവായിരിക്കയില്ല. അതുകൊണ്ട്‌ തന്നെ ഇബ്‌റാഹിം നബിയുടെ പിതാവ്‌ മുശ്‌രിക്കാണെന്ന്‌ നാം പറയാതിരിക്കുന്നതാകും ഉചിതം.
റംലാ ഫൈസല്‍ കാരട്ടിയാട്ടില്‍

  • ഫുട്‌ബോള്‍ മത്സരത്തിനിടയിലെ നമസ്‌കാരം

`കാഫര്‍ അബുവിന്‌ ചായയില്ല' എന്ന തലക്കെട്ടില്‍ എന്‍ പി ഹാഫിസ്‌ മുഹമ്മദ്‌ എഴുതിയ ലേഖനം (ഏപ്രില്‍ 6) വായിച്ചപ്പോള്‍ ഓര്‍മ വന്ന ഒരു സംഭവമുണ്ട്‌.
1970-കളിലെ അന്ത്യപാദത്തിലെ ഒരു പകലിന്റെ ഉത്തരാര്‍ധം. പ്രമുഖരായ രണ്ട്‌ ഉത്തരേന്ത്യന്‍ ഫുട്‌ബാള്‍ ടീമുകള്‍ കോഴിക്കോട്‌ സ്റ്റേഡിയത്തില്‍ മാറ്റുരക്കുന്നു. അടുത്തുള്ള പള്ളി മിനാരത്തില്‍ നിന്ന്‌ അസര്‍ നമസ്‌കാരത്തിനുള്ള ബാങ്കൊലി മുഴങ്ങി. സ്റ്റേഡിയം തിങ്ങിനിറഞ്ഞ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശപൂര്‍വം കളിയില്‍ ലയിച്ചിരിക്കുകയാണ്‌.
ഈ സന്ദര്‍ഭത്തില്‍ ഗാന്ധി തൊപ്പി ധരിച്ച കുലീനത്വം തുളുമ്പുന്ന മുഖത്തോടുകൂടിയ ഒരു ഖദര്‍ വസ്‌ത്രധാരി സ്റ്റേഡിയത്തിലെ കളിക്കളത്തിന്റെ പുറത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്നു. ഞാനും സുഹൃത്തും ആ കാഴ്‌ചകണ്ട്‌ അത്ഭുതസ്‌തബ്‌ധരായി. ഈ ഭക്തന്‍ ആരെന്നറിയാന്‍ അടുത്തുള്ള കോഴിക്കോട്‌ സ്വദേശിയും അന്നത്തെ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളില്‍ ഒരാളുമായിരുന്ന പാലക്കണ്ടി മൊയ്‌തീന്‍ സാഹിബിന്റെ സഹായം തേടി. അദ്ദേഹം പറഞ്ഞാണ്‌ അത്‌ എന്‍ പി അബു സാഹിബാണെന്ന്‌ അറിഞ്ഞത്‌.
ഫുട്‌ബാള്‍ കളിക്കിടയിലെ ഈ നമസ്‌കാരത്തിനു എന്താണിത്ര പ്രത്യേകയെന്ന്‌ ഇന്നത്തെ യുവാക്കള്‍ അത്ഭുതപ്പെട്ടേക്കാം. അത്‌ മനസ്സിലാവണമെങ്കില്‍ എഴുപതുകളിലെ മുസ്‌ലിം സമൂഹത്തിന്റെ ദീനീബോധത്തിലേക്കൊന്നു കണ്ണോടിക്കുന്നത്‌ നന്നായിരിക്കും. മുസ്‌ലിംകള്‍ ധാരാളം വസിക്കുന്ന എന്റെ ഗ്രാമത്തില്‍ പല വെള്ളിയാഴ്‌ചകളിലും നാല്‌പത്‌ ആളുകള്‍ (യാഥാസ്ഥിതിക വിശ്വാസപ്രകാരം) തികയാത്തതു കാരണം ദ്വുഹ്‌ര്‍ നമസ്‌കരിച്ച്‌ പിരിയാറായിരുന്നു പതിവ്‌.
കോനാരി മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ കൊടക്കാട്‌

  • പൗരോഹിത്യവും പ്രമാണ പ്രതിബദ്ധതയും

`പ്രമാണപ്രതിബദ്ധതയും കേരളമുസ്‌ലിംകളും' എന്ന എഡിറ്റോറിയല്‍ (ജൂണ്‍ 14) അവസരോചിതമായി. പൗരോഹിത്യവും, ഇടക്കാലത്ത്‌ ഭീഷണി ഉയര്‍ത്തിയ ഓറിയന്റലിസ്റ്റുകളും തുടര്‍ന്നങ്ങോട്ട്‌ വന്ന നവപുരോഹിതന്മാരും ഇസ്‌ലാമിന്‌ വരുത്തിവച്ച പരിക്ക്‌ ചില്ലറയല്ല. ഒരു കാലത്ത്‌ കേരളസമൂഹം മാല മൗലീദുകളിലും കിസ്സകളിലും യാഥാസ്ഥിതിക പൗരോഹിത്യം തളച്ചിട്ടപ്പോള്‍, അവിടെ നിന്നും ഖുര്‍ആനിലേക്കും സുന്നത്തിലേക്കും വിളിച്ചുണര്‍ത്തിയത്‌ ഇസ്‌ലാഹീ പ്രസ്ഥാനമാണ്‌. അതില്‍ വിറളി പൂണ്ട്‌ പുരോഹിത വര്‍ഗം രംഗത്തുവന്നത്‌ ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടും സുന്നത്തിന്റെ പ്രമാണികതയ്‌ക്ക്‌ തെല്ലും വില കല്‌പിക്കാതെയും നവോത്ഥാന നായകന്മാരെ തെറിപറഞ്ഞുകൊണ്ടുമാണ്‌. തുടര്‍ന്നുവന്ന ഓറിയന്റലിസ്റ്റുകള്‍ പണ്ഡിത ശിരോമണികളെ അപഹസിക്കുകയും ഇസ്‌ലാമിന്റെ സാംസ്‌കാരിക നാഗരിക മൂല്യങ്ങളെ അവമതിക്കുകയും ചെയ്‌തു.
അവിടേയും ഇസ്‌ലാമിന്റെ തനതായ ശൈലി ജനങ്ങള്‍ക്ക്‌ പഠിപ്പിച്ച്‌ ഇസ്വ്‌ലാഹി കേരളം മുന്നോട്ടുപോയി. നമ്മുടെ പണ്ഡിതന്മാര്‍ കാണിച്ച ധൈര്യവും ത്യാഗവും എന്തുകൊണ്ടും പ്രശംസനീയമാണ്‌. എന്നാല്‍ പിശാച്‌ വെറുതെ ഇരുന്നില്ല. ജിന്നിന്റെയും ശൈത്വാന്റെയും കോലത്തില്‍ വീണ്ടും കേരളസമൂഹത്തെ പേടിപ്പിക്കാന്‍ തുടങ്ങി. ഖുര്‍ആനിനെക്കാളും മുന്തിയസ്ഥാനം ഹദീസിന്‌ നല്‌കി. വ്യാഖ്യാനങ്ങള്‍ പോലും ആവശ്യമില്ലാത്ത ഖുര്‍ആന്‍ സൂക്തങ്ങളെ ഹദീസ്‌ കൊണ്ട്‌ വെട്ടിനിരപ്പാക്കി തങ്ങളുടെ ലക്ഷ്യതാല്‌പര്യങ്ങള്‍ക്കനുസൃതമാക്കി മാറ്റുന്ന ഒരു പ്രവണതയും ഇസ്വ്‌ലാഹി കേരളം കണ്ടുകൊണ്ടിരിക്കുന്നു.
സലീം ബേപ്പൂര്‍

  • അറബിപഠനം; പഴയ സംസ്‌കാരം പുനര്‍ജനിപ്പിക്കണം

മുന്‍കാലങ്ങളില്‍ അറബി ഭാഷാപഠനം സ്‌കൂള്‍ അവധി ദിവസങ്ങളില്‍ നടത്തിയിരുന്നു. ഏഴും എട്ടും ക്ലാസ്സുകളിലെത്തുമ്പോള്‍ ഖുര്‍ആന്‍ പൂര്‍ണമായും പഠിച്ചുകഴിയും. ഇതോടൊപ്പം തന്നെ നമസ്‌കാരക്രമവും പഠിച്ചിരിക്കും. ഈ പഴയ സംസ്‌കാരം വീണ്ടും കൊണ്ടുവരേണ്ടിയിരിക്കുന്നു. സിലബസും പരീക്ഷകളും ക്ലാസ്‌ കയറ്റവുമായിട്ടുള്ള ഇസ്‌ലാമിക പഠനത്തിന്റെ ആഴത്തില്‍ എത്താന്‍ ശ്രമിക്കുന്നവരെ ആ വഴിക്കും, പൊതുവിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ ഇസ്‌ലാമിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കാനും ശ്രമങ്ങളുണ്ടാവണം. ഈ സംവിധാനത്തിന്‌ പ്രാധാന്യം നല്‍കുന്നതാവണം അറബിപഠനം
പി ബഷീര്‍ പുന്നക്കയില്‍, കണിയാപുരം

  • മുസ്‌ലിംപുരോഗതി ഉപരിവര്‍ഗത്തില്‍ മാത്രം?

സ്‌ത്രീശാക്തീകരണത്തെക്കുറിച്ചും സമുദായ പുരോഗതിയെക്കുറിച്ചും സംസാരിക്കുമ്പോള്‍, അതെല്ലാം ഉന്നതമായ ജീവിതനിലവാരം പുലര്‍ത്തുന്നവര്‍ക്കിടയില്‍ മാത്രമാകുന്നുഎന്ന്‌ ഓര്‍മിപ്പിക്കുന്നതാണ്‌ എ പി കുഞ്ഞാമുവിന്റെ ലേഖനം. സമുദായത്തിന്റെ പുരോഗതി പ്രമാണിവര്‍ഗത്തിന്റെ കുത്തകയായി മാറുന്നുവോ എന്ന്‌ ന്യയമായും സംശയിക്കാം. മുസ്‌ലിം സമുദായത്തിലെ താഴെ തട്ടിലുള്ള അംഗങ്ങള്‍ക്ക്‌ ഇന്നും അധോഗതിയാണോ എന്ന ലേഖകന്റെ ചോദ്യം സംഘടനാ നേതൃത്വങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. പലപ്പോഴും മുസ്‌ലിം സംഘടനകളുടെ പല അജണ്ടകളും ഉന്നതവര്‍ഗത്തിനു മാത്രമായി പോകുന്നുണ്ട്‌.
ഇല്‍യാസ്‌ കോഴിക്കോട്‌

  • സൃഷ്‌ടികള്‍ ക്ഷണിക്കുന്നു

മുസ്‌ലിംലീഗ്‌ നേതാവും ഇസ്‌ലാഹ പണ്ഡിതനുമായിരുന്ന കെ സി അബൂബക്കര്‍ മൗലവിയുടെ ജീവിതചരിത്രം പ്രസിദ്ധീകരിക്കുന്നു. അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ അബിന്‍ ഷാ എഡിറ്റ്‌ ചെയ്യുന്ന പുസ്‌തകത്തിലേക്ക്‌ കെ സിയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍, ഓര്‍മ്മകള്‍, നര്‍മം, ചിത്രങ്ങള്‍ തുടങ്ങിയവ ക്ഷണിച്ചുകൊള്ളുന്നു. വിലാസം: അബിന്‍ഷാ C/o പി പി സഫറുല്ല, പുത്തുപാടന്‍ ഹൗസ്‌, അരീക്കോട്‌ -673639, email: abinsha.mu@gmail.com . ഫോണ്‍:

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: