സഹായതേട്ടവും കോടമ്പുഴ സംവാദവും
എ അബ്‌ദുസ്സലാം സുല്ലമി
``നബി(സ)യുടെ മാതൃകയില്ല എന്ന കാരണത്താല്‍ ഒരു സഹായതേട്ടം ശിര്‍ക്കാവുകയില്ല എന്ന് സുല്ലമി തന്നെ ശബാബില്‍ എഴുതിയിട്ടുണ്ട്.'' (കോടമ്പുഴ സംവാദത്തില്‍ യാഥാസ്ഥിതിക സുന്നികള്‍ ഉന്നയിച്ചത്)
``വിജനമായ പ്രദേശത്ത് അകപ്പെട്ട ഒരു മനുഷ്യന്‍ സഹായത്തിനുവേണ്ടി മലക്കുകളെയും ജിന്നുകളെയും വിളിച്ച് തേടിയാല്‍ ഈ സഹായതേട്ടം ശിര്‍ക്കോ കുഫ്‌റോ അല്ല, ആദൃശ്യവും അഭൗതികമായതിലേക്കുള്ള സഹായതേട്ടമല്ല, പ്രാര്‍ഥനയല്ല. എന്നാല്‍ നബി(സ)യുടെ മാതൃകയില്ലാത്തതിനാല്‍ നമ്മള്‍ അപ്രകാരം വിളിച്ചുതേടുവാന്‍ പാടില്ല'' എന്ന് ജിന്നുവാദികള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തതിന് മറുപടിയായിട്ടാണ് ``ഒരു സഹായതേട്ടം നബി(സ)യുടെ മാതൃകയില്ല എന്ന ഏക കാരണത്താല്‍ ശിര്‍ക്കാവുകയില്ല'' എന്ന് ഞാന്‍ ശബാബില്‍ എഴുതിയത്. ഇതിന് ധാരാളം ഉദാഹരണങ്ങള്‍ ഉദ്ധരിക്കുകയും ചെയ്‌തിരുന്നു.
മുഹമ്മദ്‌നബി(സ) കപടവിശ്വാസികളുടെയും വിഗ്രഹാരാധകരുടെയും സഹായംതേടിയത് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു. എന്നാല്‍ മരണപ്പെട്ട പ്രവാചകന്മാരില്‍ ആരുടെ സഹായം തേടിയതിന് മാതൃക ഉദ്ധരിക്കാമോ എന്നായിരുന്നു കോടമ്പുഴ സംവാദത്തില്‍ മുജാഹിദ് പക്ഷത്തിന്റെ ചോദ്യം. ഈ ചോദ്യത്തിന് എങ്ങനെയാണ് ഞാന്‍ മുകളില്‍ എഴുതിയത് മറുപടിയാവുക? നബി(സ) മരണപ്പെട്ടവരെ വിളിച്ച് സഹായംതേടിയതിന് മാതൃകയില്ലാത്തത് ഈ സഹായതേട്ടം ശിര്‍ക്കും കുഫ്‌റുമായതുകൊണ്ടാണ്.
വിജനമായ പ്രദേശത്ത് അകപ്പെട്ട ഒരു മനുഷ്യന്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായംതേടല്‍ അദൃശ്യവും അഭൗതികവും ആയ രീതിയിലുള്ള സഹായം തേട്ടം അല്ലെങ്കില്‍ ഈ സഹായതേട്ടം നിര്‍ബന്ധമായിത്തീരുകയാണ് ചെയ്യുക. അല്ലാത്തപക്ഷം അവന്‍ സ്വന്തം ശരീരത്തെ നാശത്തില്‍ വീഴ്‌ത്തിയവനായിരിക്കും. ആത്മഹത്യ ചെയ്‌തവനായിരിക്കും. എന്നാല്‍ നബി(സ)യും സ്വഹാബിമാരും ഇത്തരം രംഗങ്ങളില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം തേടിയതിന് മാതൃകയില്ല എന്ന് നവയാഥാസ്ഥിതികര്‍ തന്നെ സമ്മതിക്കുന്നു. മരണപ്പെട്ടവരെ വിളിച്ച് തേടിയതിന് മാതൃകയില്ലാ എന്ന് യാഥാസ്ഥിതികരും സമ്മതിക്കുന്നു.
നമുക്ക് ഇവരോടു ചോദിക്കാനുള്ളത് എന്തുകൊണ്ട് മാതൃകയുണ്ടായില്ല എന്നതാണ്. ഈ സഹായതേട്ടം അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെയുള്ള സഹായ തേട്ടമാണ്. മറഞ്ഞ മാര്‍ഗത്തിലൂടെയുള്ള സഹായ തേട്ടമാണ്. കാര്യകാരണ ബന്ധത്തിന് അതീതമായ രീതിയിലുള്ള സഹായതേട്ടമാണ്. പ്രാര്‍ഥനയാണ്. ശിര്‍ക്കും കുഫ്‌റുമാണ്. ഇതാണ് ഏകദൈവ വിശ്വാസികള്‍ക്കുള്ള മറുപടി. മക്കാമുശ്‌രിക്കുകള്‍ വരെ ഈ രംഗത്ത് അല്ലാഹുവിനെ മാത്രമാണ് വിളിച്ച് സഹായം തേടിയിരുന്നതെന്നും ഇതാണ് ഏകദൈവ വിശ്വാസമെന്നും വിശുദ്ധ ഖുര്‍ആന്‍ ധാരാളം സൂക്തങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്.
നായയെക്കൊണ്ട് കേസ് തെളിയിക്കുവാന്‍ നബി(സ) ഉപകാരമെടുത്തതിന് മാതൃക കാണുകയില്ല. ആനയെക്കൊണ്ട് ഭാരം വഹിക്കുവാന്‍ ഉപകാരമെടുത്തതിന് മാതൃക കാണുകയില്ല. എങ്കിലും ഇവയൊന്നും അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെയുള്ള സഹായതേട്ടം അല്ലാത്തതിനാല്‍ ശിര്‍ക്കോ കുഫ്‌റോ അല്ല. പ്രത്യുത അനുവദനീയമാണ്. നായയും ആനയുമെല്ലാം മനുഷ്യ നിയന്ത്രണത്തിലും മനുഷ്യന്റെ കഴിവിന്റെ പരിധിയില്‍ വരുന്നവയുമാണ്. എന്നാല്‍ മലക്കും ജിന്നും മരണപ്പെട്ടവന്റെ ആത്മാവും മനുഷ്യന്റെ നിയന്ത്രണത്തിലും കഴിവിന്റെ പരിധിയിലും വരുന്നവയല്ല. അതിനാല്‍ ഈ സൃഷ്‌ടികളെ കീഴ്‌പ്പെടുത്തി മനുഷ്യന് ഉപകാരമെടുക്കുവാന്‍ സാധ്യമല്ല. ഇവരെ വിളിച്ച് സഹായം തേടല്‍ ശിര്‍ക്കും കുഫ്‌റുമാണ്.
പ്രവാചകന്മാരും മഹാന്മാരും മഹതികളും എല്ലാം തന്നെ ജീവിച്ചിരുന്ന സത്യനിഷേധികളുടെ പോലും സഹായം തേടിയത് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതു കാണാം. എന്നാല്‍ അവരില്‍ ആരെങ്കിലും മരണപ്പെട്ടവരെയോ ആദൃശ്യരായ മനുഷ്യരെയോ മലക്കുകളെയോ ജിന്നുകളെയോ വിളിച്ച് സഹായം തേടിയ ഒരൊറ്റസംഭവം പോലും വിവരിക്കുന്നില്ല. ചില ഉദാഹരണങ്ങളിലൂടെ ഇതു വിവരിക്കാം.
1. അങ്ങനെ അവരിരുവരും പോയി. അവര്‍ ഇരുവരും ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍ ആ രാജ്യക്കാരോട് അവര്‍ ഭക്ഷണം ആവശ്യപ്പെട്ടു (സൂറ: അല്‍കഹ്‌ഫ് 77). മൂസാനബി(അ)യും ഖളിര്‍നബി(അ)യും വിശന്നപ്പോള്‍ സത്യനിഷേധികളായ ഒരു ജനതയോട് ഭക്ഷണം ആവശ്യപ്പെടുന്നതാണ് സന്ദര്‍ഭം. ആ നാട്ടുകാര്‍ ഭക്ഷണം നല്‌കുവാന്‍ വിസമ്മതിച്ച സന്ദര്‍ഭത്തില്‍ പോലും ആ രണ്ടു പ്രവാചകരും മരണപ്പട്ടവരോടോ ജിന്നുകളോടോ മലക്കുകളോടോ ഭക്ഷണം ആവശ്യപ്പെടുന്നില്ല. ഇപ്രകാരം ആവശ്യപ്പെടല്‍ ശിര്‍ക്കും കുഫ്‌റുമായതുകൊണ്ടാണ് അവര്‍ ജീവിച്ചിരിക്കുന്ന സത്യനിഷേധികളോട് സഹായം ആവശ്യപ്പെട്ടിട്ടും മരണപ്പെട്ടവരോടും മലക്കുകളോടും ജിന്നുകളോടും സഹായം ആവശ്യപ്പെടാതിരുന്നത്. ഒരു ഹോട്ടലില്‍ കയറി ഹോട്ടല്‍കാരനോട് ഞങ്ങള്‍ക്ക് വിശക്കുന്നു, ഭക്ഷണം തരൂ എന്ന് ആവശ്യപ്പെടല്‍ കാര്യകാരണബന്ധത്തിന് അധീനമായതും ദൃശ്യവും ഭൗതികവുമായ നിലക്കുള്ള സഹായതേട്ടമായതിനാല്‍ ഈ സഹായതേട്ടം ഇസ്‌ലാം അംഗീകരിച്ചതാണ്.
2. ദുല്‍ഖര്‍െൈനനി(അ) പ്രവാചകനാണെന്ന് പോലും ചിലര്‍ക്ക് അഭിപ്രായമുണ്ട്. അദ്ദേഹം ഒരു മതില്‍ നിര്‍മിക്കുവാന്‍ വേണ്ടി സത്യനിഷേധികളായ ഒരു ജനതയോട് ശാരീരികമായി തന്നെ സഹായിക്കുവാന്‍ ആവശ്യപ്പെടുന്നു. ഇരുമ്പിന്റെ കഷ്‌ണങ്ങള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നു. ഊതുവാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ മരണപ്പെട്ടവരോടും മലക്കുകളോടും ജിന്നുകളോടും ഈ സംഗതികള്‍ക്ക് വേണ്ടി ആവശ്യപ്പെടുന്നില്ല. കാരണം വ്യക്തമാണ്. ഈ സഹായതേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതവും അദൃശ്യവും അഭൗതികവുമായ നിലക്കുള്ള സഹായതേട്ടമായതിനാല്‍ ശിര്‍ക്കും കുഫ്‌റുമാണ്.
3. യൂസുഫ് നബി(അ) ജയിലില്‍ നിന്ന് രക്ഷപ്പെടുവാന്‍ വേണ്ടി മുശ്‌രിക്കായിരുന്ന ഒരു ജയില്‍ പുള്ളിയുടെ സഹായം തേടിയത് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു (സൂറ: യൂസ്‌ഫ്: 42). എന്നാല്‍ അദ്ദേഹം മരണപ്പെട്ടവരെയോ മലക്കുകളെയോ ജിന്നുകളെയോ വിളിച്ച് സഹായം തേടിയില്ല. പ്രവാചകനായ യഅ്‌ഖൂബ് നബി(അ) യെ വിളിച്ച് സഹായം തേടിയില്ല. കാരണം വ്യക്തമാണ്. ഈ സഹായ തേട്ടമെല്ലാം കാര്യകാരണ ബന്ധത്തിന് അതീതവും ആദൃശ്യമാര്‍ഗവും അഭൗതിക മാര്‍ഗവും ആയ സഹായതേട്ടമായതിനാല്‍ ശിര്‍ക്കും കുഫ്‌റുമാണ്.
4. ഉഹ്‌ദ് യുദ്ധത്തില്‍ മുഹമ്മദ് നബി(സ) കപടവിശ്വാസികളുടെ സഹായം തേടിയത് വിശുദ്ധ ഖുര്‍ആന്‍ തന്നെ വിവരിക്കുന്നു (സൂറ: ആലുഇംറാന്‍ 121-122). എന്നാല്‍ ഉഹ്‌ദ് യുദ്ധത്തില്‍ പരാജയപ്പെട്ട സന്ദര്‍ഭത്തില്‍ പോലും നബി (സ) മരണപ്പെട്ടവരും യുദ്ധത്തില്‍ നല്ല പരിശീലനം ഉള്ളവരുമായ ദാവൂദ് നബി(അ), സുലൈമാന്‍ നബി(അ) മുതലായവരെയോ ബദ്‌റില്‍ സഹായിച്ച മലക്കുകളെയോ ജിന്നുകളെയോ വിളിച്ച് സഹായം തേടിയില്ല. കാരണം വ്യക്തമാണ്. ഈ സഹായ തേട്ടം കാര്യകാരണബന്ധത്തിന് അതീതവും അദൃശ്യവും അഭൗതികവുമായ നിലക്കുള്ള സഹായതേട്ടവും അതിനാല്‍ ശിര്‍ക്കും കുഫ്‌റുമായതാണ്.
5. അഹ്‌സാബ് യുദ്ധത്തില്‍ പ്രവാചകന്‍ കപട വിശ്വാസികളുടെ സഹായം തേടുകയുണ്ടായി (സൂറ: അഹ്‌സാബ് 12,13). എന്നിട്ടും അവിടുന്നു മരണപ്പെട്ട പ്രവാചകന്മാരെയും മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം തേടുകയുണ്ടായില്ല. ഈ സഹായ തേട്ടം കാര്യകാരണ ബന്ധത്തിന് അതീതവും അദൃശ്യവും അഭൗതികവും മറഞ്ഞ മാര്‍ഗത്തിലുള്ള സഹായ തേട്ടവും ആയതിനാല്‍ ശിര്‍ക്കും കുഫ്‌റുമായതുകൊണ്ടാണ് പ്രവാചകന്‍ അവരെ വിളിച്ച് സഹായം തേടാതിരുന്നത്.
6. പ്രവാചകന്‍ ഹിജ്‌റ പുറപ്പെട്ടപ്പോള്‍ വഴി കാണിച്ചുതരുവാന്‍ വേണ്ടി അബ്‌ദുല്ലാഹിബ്‌നു ഉറൈബിത്വ് എന്ന് പേരുള്ള ഒരു വിഗ്രഹാരാധകന്റെ സഹായം തേടുകയുണ്ടായി (ബുഖാരി, 3902). എന്നിട്ടും അവിടുന്ന് മലക്കുകളെയോ ജിന്നുകളെയോ വിളിച്ച് സഹായം തേടിയില്ല. മരണപ്പെട്ട പ്രവാചകന്‍മാരെ വിളിച്ച് സഹായം തേടിയില്ല. ഈ സഹായതേട്ടമെല്ലാം കാര്യകാരണ ബന്ധത്തിന് അതീതവും അദൃശ്യവും അഭൗതികവുമായ നിലക്കുള്ള സഹായതേട്ടവും ശിര്‍ക്കും കുഫ്‌റുമായതുകൊണ്ടായിരുന്നു പ്രവാചകന്‍ അവരെ വിളിച്ച് സഹായം തേടാതിരുന്നത്.
0 comments: