നന്മ-തിന്മകളില്ലാത്ത ലോകം!
എന്‍ എം ഹുസൈന്‍
ആധുനികത ഇലക്‌ട്രിസിറ്റിയും യന്ത്രങ്ങളും മറ്റനേകം ഭൗതികസൗകര്യങ്ങളും സംഭാവന ചെയ്‌തിട്ടുണ്ട്. എങ്കിലും നന്മ-തിന്മകളിലുള്ള വിശ്വാസം സമൂഹത്തില്‍ നിന്നും ഇല്ലായ്‌മചെയ്യുന്നതില്‍ ആധുനികത തന്നെയാണ് മുഖ്യപങ്ക് വഹിച്ചിട്ടുള്ളത്. ഭൗതിക ലാഭങ്ങള്‍ക്കു വേണ്ടി എന്തതിക്രമവും ചെയ്യാന്‍ മടിക്കാത്ത മനസ്സുകള്‍ അതിന്റെ സൃഷ്‌ടിയാണ്. പാശ്ചാത്യനാടുകളിലെ കമ്പനികളുടെയും കോര്‍പ്പറേഷനുകളുടെയും ചരിത്രത്തില്‍ നിന്നും ഇതിന് ഒട്ടേറെ തെളിവുകള്‍ ലഭിക്കും. റെയ്‌നോള്‍ഡ് ടുബാക്കോ കമ്പനിയുടെ വിപണന തന്ത്രങ്ങള്‍ ഉദാഹരണമായി പരിശോധിക്കാം. അതിനു മുമ്പായി സിഗരറ്റുകളുടെ മാരക ഫലങ്ങളെപ്പറ്റി അല്‌പം കാര്യങ്ങള്‍.ഒരു വര്‍ഷം ശ്വാസകോശ ക്യാന്‍സര്‍ മൂലം മരിക്കുന്നത് പതിനഞ്ച് ലക്ഷം ജനങ്ങളാണ്. ഇതില്‍ തൊണ്ണൂറ്റഞ്ച് ശതമാനവും പുകവലി മൂലമാണെന്നാണ് കണക്ക്. പുകവലിക്കാതിരുന്നെങ്കില്‍ ഇവര്‍ ശ്വാസകോശ ക്യാന്‍സര്‍ മൂലം മരണപ്പെടുമായിരുന്നില്ലെന്ന് വ്യക്തമാണ്. അതായത് ഒരു വര്‍ഷം സിഗരറ്റ് കമ്പനികള്‍ പത്തുലക്ഷം പേരെയെങ്കിലും ലോകവ്യാപകമായി കൊന്നൊടുക്കുന്നുവെന്നര്‍ഥം. വൈദ്യശാസ്‌ത്രഭാഷയില്‍ ഇവയത്രയും ഒഴിവാക്കാമായിരുന്ന മരണങ്ങളാണെന്നതുകൊണ്ടുതന്നെ സിഗരറ്റു കമ്പനികള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന ഭീകരതക്ക് അതിരില്ല എന്നു കാണാവുന്നതാണ്. ഒരു മിനുട്ടില്‍ ഇരുപതിനായിരം സിഗരറ്റുകള്‍ ചെലവാകുന്നുണ്ടെന്നാണ് കണക്ക്. (Tobacco, Control, 2012, 21:87-91)
1930-കളിലാണ് സിഗരറ്റിന്റെ ഉപഭോഗം വര്‍ധിക്കുന്നത്. അക്കാലത്ത് അമേരിക്കയിലെ ഡോക്‌ടര്‍മാര്‍ വരെ പുകവലിക്കാന്‍ തുടങ്ങി. ഒരു ദശകത്തിനകം ഭൂരിപക്ഷംഡോക്‌ടര്‍മാരും പുകവലിക്കാരായി! എങ്കിലും സിഗരറ്റുകള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കുന്ന കണ്ടെത്തലുകള്‍ പുറത്തുവരികയും ജനങ്ങളില്‍ ആശങ്കകള്‍ ഉയരുകയും ചെയ്‌തു. സ്വഭാവികമായും കൂടുതല്‍ ആശങ്കാകുലരായത് സിഗരറ്റു കമ്പനികളാണ്; ലാഭം കുറയുമെന്ന കാരണത്താല്‍. ഇതിനെ മറിടക്കാനുള്ള മാര്‍ഗങ്ങള്‍ അവര്‍ കണ്ടെത്തി. തന്ത്രപരമായ പരസ്യങ്ങള്‍ തയ്യാറാക്കി. പ്രശ്‌നം ആരോഗ്യത്തിന്റേതായതിനാല്‍ ഡോക്‌ടര്‍മാരെയാണ് പരസ്യങ്ങളിലെ ഹീറോകളായി അവര്‍ രംഗത്തിറക്കിയത്.
1946-ല്‍ റെയ്‌നോള്‍ഡ്‌സ് ടുബാക്കോ കമ്പനി പുതിയൊരു `പരസ്യയുദ്ധ'ത്തിന് പദ്ധതിയിട്ടു. അവരുടെ ബ്രാന്റായ ക്യാമല്‍ സിഗരറ്റിനുവേണ്ടി. അക്കാലത്ത് അമേരിക്കയിലെ ഏറ്റവും ചെലവുള്ള സിഗരറ്റും ഇതായിരുന്നു. എങ്കിലും വിപണിയിലെ ഭാവി സുരക്ഷിതമാക്കാനാണ് പുതിയ പരസ്യങ്ങള്‍ തയ്യാറാക്കിയത്. ``മറ്റേതു സിഗരറ്റുകളെക്കാളും ഡോക്‌ടര്‍മാര്‍ വലിക്കുന്നത് ക്യാമലാണ്'' എന്നതായിരുന്നു മുഖ്യവാചകം. അതുകൊണ്ട് `ഡോക്‌ടര്‍മാരുടെ ചോയ്‌സാണ് അമേരിക്കയുടെ ചോയ്‌സ്' എന്നും. 1,13,597 ഡോക്‌ടര്‍മാരില്‍ ബഹുഭൂരിപക്ഷവും വലിക്കുന്നത് ക്യാമലാണെന്ന് `സ്വതന്ത്ര' സര്‍വേകള്‍ വഴി കണ്ടെത്തിയെന്നാണ് കമ്പനിയുടെ വാദം.
എന്താണ് `സ്വതന്ത്ര' സര്‍വേകള്‍ക്കാധാരം എന്ന് പരിശോധിച്ചപ്പോള്‍ റെയ്‌നോള്‍ഡ്‌സ് കമ്പനി പരസ്യത്തിനുവേണ്ടി സ്ഥാപിച്ച വില്യം ഈസ്റ്റ് കമ്പനിയാണ് ഈ കണ്ടെത്തല്‍നടത്തിയതെന്ന് തെളിയുകയും ചെയ്‌തു. ഡോക്‌ടര്‍മാര്‍ക്ക് ഗിഫ്‌റ്റുകള്‍ കൊടുത്തശേഷം നിങ്ങള്‍ വലിക്കുന്ന സിഗരറ്റ് ഏതാണെന്ന് റെയ്‌നോള്‍ഡ്‌സ് ജോലിക്കാര്‍ തന്നെ അന്വേഷിക്കുകയാണ് ചെയ്‌തതത്രെ! തുടര്‍ച്ചയായി ആറു വര്‍ഷങ്ങള്‍ നടന്ന പരസ്യക്യാമ്പയിനുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് ഡോക്‌ടര്‍മാരായിരുന്നു. ഇന്നത്തെ സ്ഥിതിയോ? അമേരിക്കന്‍ ഡോക്‌ടര്‍മാരില്‍ നാലു ശതമാനത്തില്‍ താഴെയാണ് പുകവലിക്കാരുടെ എണ്ണം.
സിഗരറ്റിന്റെ ഹാനികരമായ ഫലങ്ങളെപ്പറ്റിയുള്ള എപ്പിഡമോളജിക്കല്‍ പഠനങ്ങള്‍ വരുന്നതിനു മുമ്പുതന്നെ ശ്വാസകോശങ്ങളില്‍ നിക്കോട്ടിന്‍ ഉണ്ടാക്കുന്ന ഇറിറ്റേഷന്‍സ് ക്യാന്‍സറിന് കാരണമാകുന്നുണ്ടെന്ന് മനസ്സിലായിരുന്നു. ഇതിനെ മറികടിക്കാന്‍ അമേരിക്കന്‍ ടുബാക്കോ എന്ന കമ്പനി കണ്ടെത്തിയ പരസ്യവാചകം ഇങ്ങനെയായിരുന്നു: `20,679 ഡോക്‌ടര്‍മാര്‍ പറയുന്നത് ഞങ്ങളുടെ ബ്രാന്റായ ലക്കി സ്‌ട്രൈക്‌സ് വളരെ കുറവ് ഇറിറ്റേഷനേ ഉണ്ടാക്കുന്നുള്ളൂ' എന്നാണ്. ഇന്നത്തെ ടൂത്ത് പേസ്റ്റ് പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പോലെ വെള്ളക്കോട്ടിട്ട് പുഞ്ചിരിയോടെ ഡോക്‌ടര്‍മാര്‍ നല്‌കിയ ആശ്വാസവാചകമായിരുന്നു ഇത്! പരസ്യങ്ങളുടെ ഗുണനിലവാരം പിന്നെയും വര്‍ധിച്ചു. ഞങ്ങളുടെ ബ്രാന്റ് നിങ്ങളുടെ തൊണ്ടയിലെ ഇറിറ്റേഷനെ തടയുന്നു എന്നായി പിന്നീടുള്ള പരസ്യവാചകങ്ങള്‍.
പുകവലി വര്‍ഷംതോറും ശ്വാസകോശ ക്യാന്‍സറിലൂടെ ലക്ഷങ്ങളെ കൊന്നൊടുക്കുന്നു എന്ന് തെളിഞ്ഞിട്ടും സിഗരറ്റ് കമ്പനികള്‍ക്ക് നിയമപരമായി പരിരക്ഷ നല്‌കുക എന്നതാണ് പാശ്ചാത്യരാഷ്‌ട്രീയ നയം. സ്റ്റേറ്റിന്റെ ബജറ്റിലേക്ക് നികുതിയായി പണമെത്തുകയാണെങ്കില്‍ എന്തതിക്രമം നടന്നാലും വിരോധമില്ല എന്നതാണ് ആധുനിക ജനാധിപത്യ നിലപാട്. ആളെക്കൊല്ലിയാണെങ്കിലും `ആരോഗ്യത്തിന് ഹാനികരം' എന്ന ലേബലുണ്ടായാല്‍ ഉല്‌പാദനവും വിതരണവും വില്‌പനയും ഉപഭോഗവും നടക്കുന്നതില്‍ ആധുനിക സമ്പദ്‌വ്യവസ്ഥകള്‍ക്കും പരാതികളില്ല!
0 comments: