പെരുമഴയിലും സൂര്യാഘാതം!

  • Posted by Sanveer Ittoli
  • at 9:34 PM -
  • 0 comments
പെരുമഴയിലും സൂര്യാഘാതം!


സൂര്യാഘാതമേറ്റ്‌ മനുഷ്യര്‍ക്ക്‌ അപകടം വരുന്ന കൊടും വേനലിന്റെ തീക്ഷ്‌ണതയില്‍ നിന്ന്‌ കാലവര്‍ഷത്തിന്റെ കുളിര്‍കാറ്റും ശക്തമായ മഴയും രംഗത്തെത്തിക്കഴിഞ്ഞു. കേരള ജനത മനം കുളിര്‍ക്കേണ്ട അവസരമാണിത്‌. എന്നാല്‍ ആശുപത്രിത്തിണ്ണയില്‍ രാപ്പകല്‍ കഴിച്ചുകൂട്ടുന്ന സാധാരണക്കാരും സൗരോര്‍ജത്തിന്റെ പേരില്‍ 
`സൂര്യാഘാത'മേറ്റു പിടയുന്ന രാഷ്‌ട്രീയക്കാരുമാണ്‌ ഇന്നത്തെ കേരളത്തിന്റെ നേര്‍ക്കാഴ്‌ച. പാരമ്പര്യ ഊര്‍ജസ്രോതസ്സുകള്‍ അപര്യാപ്‌തമായി വരുന്ന സാഹചര്യത്തില്‍ സൗരോര്‍ജവും കാറ്റിന്റെയും തിരുമാലയുടെയും ഊര്‍ജവും മറ്റും ഉപയോഗപ്പെടുത്തി ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ എങ്ങനെ സാധിക്കുമെന്ന ആലോചനകളും അവ നടപ്പാക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്‌തുകൊണ്ടിരിക്കുകയാണ്‌ ശാസ്‌ത്രജ്ഞരും അധികൃതരും. ആവശ്യങ്ങളുംഅവസരങ്ങളും തന്നെയാണ്‌ തട്ടിപ്പുകാരും ചൂഷണം ചെയ്യാറുള്ളത്‌ എന്നത്‌ ഒരു വസ്‌തുതയാണ്‌. ടീം സോളാര്‍ എന്ന പേരില്‍ സോളാര്‍ പവര്‍ പ്ലാന്റും വിന്‍ഡ്‌ ഫാമും വാഗ്‌ദാനം ചെയ്‌ത്‌ വ്യാപകമായ തട്ടിപ്പു നടത്തി കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ തട്ടിപ്പിന്റെ വേരൂന്നിയ ഒരു സ്‌ത്രീയുടെയും അവളുടെ ഭര്‍ത്താവിന്റെയും കഥയാണ്‌ ഇന്ന്‌ കേരളത്തിലെ ചര്‍ച്ച!
ബിജു രാധാകൃഷ്‌ണന്‍ എന്ന ഒരു കഥാപാത്രം രശ്‌മി എന്ന ഒരു സ്‌ത്രീയെ കല്യാണം കഴിക്കുന്നു. പെണ്‍വീട്ടുകാര്‍ക്കിഷ്‌ടമില്ലാത്ത പ്രേമ വിവാഹം. നായകന്‍ സരിത എസ്‌ നായര്‍ എന്നു പേരായ സുന്ദരിയും അരോഗദൃഢഗാത്രയുമായ ഒരു പെണ്ണില്‍ അനുരക്തനാകുന്നു. ഇരുവരും ചേര്‍ന്ന്‌ രശ്‌മിയെ കൊലചെയ്യുന്നു. കാമുകി നായികയാവുന്നു. നായികയെ ഉപയോഗിച്ച്‌ നായകന്‍ എവിടെയും കയറിച്ചെല്ലുന്നു. ആരെയും വശീകരിക്കുന്നു. മന്ത്രിമാരും നേതാക്കളും നായികയില്‍ വീഴുന്നു. കൊലപാതകക്കേസ്‌ തേഞ്ഞുമാഞ്ഞില്ലാതാവുന്നു. നായികാനായകന്മാര്‍ തട്ടിപ്പുമായി അരങ്ങേറുന്നു. അനേക കോടി രൂപ ആളുകളില്‍ നിന്ന്‌ അന്യായമായി തട്ടിപ്പറിക്കുന്നു. നാട്‌ ഇവരുടെ കൈവെള്ളയില്‍ ഒതുങ്ങുന്നു. ഇരുവരും ബന്ധം ഒഴിയാനായി കരാര്‍ ഉണ്ടാക്കുന്നതിനിടെ പിടിയിലാവുന്നു. ശേഷം കേരളത്തിലെ മീഡിയയില്‍ ഫ്‌ളാഷ്‌ ബാക്കോടു കൂടി ചിത്രം തെളിയുന്നു.
ഇതൊരു കഥയോ നോവലോ ചലച്ചിത്രമോ അല്ല. കഴിഞ്ഞ വാരത്തിലെ പ്രബുദ്ധ കേരളത്തിന്റെ നഖചിത്രമാണ്‌. തട്ടിപ്പുകളും കൊലക്കേസുകളും ഇന്നാട്ടില്‍ പുതുമയുള്ള വാര്‍ത്തകളേ അല്ല. എന്നാല്‍ സരിത നായര്‍ എന്ന പെണ്ണിനെ ഉപയോഗപ്പെടുത്തി ബിജു രാധാകൃഷ്‌ണന്‍ എന്ന `കൊടും ഭീകര'നായ ക്രിമിനല്‍ കേരളത്തില്‍ വിലസുകയും മന്ത്രിമന്ദിരങ്ങള്‍ കയറി നിരങ്ങുകയും സെക്രട്ടറിയേറ്റ്‌ തന്റെ തട്ടിപ്പിന്റെ കേന്ദ്ര ഓഫീസായി ഉപയോഗിക്കുകയും ചെയ്‌ത്‌ ഒരു പതിറ്റാണ്ട്‌ പിന്നിട്ടതും ഇടതു വലതു മുന്നണികള്‍ ഭരണം കൈയാളിയിട്ടും സാധാരണക്കാര്‍ക്ക്‌ കോടികള്‍ നഷ്‌ടപ്പെട്ടതും ചര്‍ച്ചചെയ്യാതിരുന്നുകൂടാ. കള്ളപ്പണവും പെണ്ണും മനുഷ്യന്റെ ദൗര്‍ബല്യമാണ്‌. എക്കാലത്തും അധികാരികളെ സ്വാധീനിക്കുന്ന ഈ ഘടകങ്ങള്‍ എത്രയോ ശക്തമായ ഭരണകൂടങ്ങളെ വീഴ്‌ത്തിയിട്ടുമുണ്ട്‌. ജനാധിപത്യ ഇന്ത്യയിലെ പ്രബുദ്ധ കേരളത്തിലും ഇത്‌ അരങ്ങേറുകയാണ്‌. ധാര്‍മികത പൂര്‍ണമായും പണത്തിന്‌ കീഴടങ്ങുന്ന സ്ഥിതിവിശേഷം അപകട സൂചനയാണ്‌. മദ്യവ്യാപനം, ലൈംഗികാരാജകത്വം തുടങ്ങിയ നീചവൃത്തികളെ ആരെങ്കിലും എതിര്‍ത്തു സംസാരിച്ചാല്‍ അവര്‍ക്കെതിരെ ജനാധിപത്യത്തിന്റെ പടവാളുമായി രംഗത്തെത്തുന്നവരുണ്ടിവിടെ. നഗ്നതാപ്രദര്‍ശനവും വസ്‌ത്രധാരണ മര്യാദയും വിഷയമാക്കി ആരെങ്കിലും സംസാരിച്ചാല്‍ അവരെ കരിമ്പട്ടികയില്‍ പെടുത്താന്‍ നേരം വൈകാറില്ല!
കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനകീയ ഭരണം കാഴ്‌ചവെക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്‌ നടത്തിയ ജനസമ്പര്‍ക്കപരിപാടികളും ഭരണസുതാര്യത ഉദ്ദേശിച്ചുകൊണ്ട്‌ തന്റെ ഓഫീസിനെ `ഓപ്പന്‍ ടു ആള്‍' ആക്കി മാറ്റിയതും വിനയായി മാറിയിരിക്കുകയാണ്‌. അദ്ദേഹത്തിന്റ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിക്കസേരയില്‍ ഒരു മനോരോഗി കയറിയിരുന്നത്‌ വിദേശത്തുനിന്ന്‌ വിളിച്ചുപറഞ്ഞപ്പോള്‍ മാത്രമറിഞ്ഞു എന്നത്‌ ക്യാമറയുടെ ഗുണവും ഭരണത്തിന്റെകഴിവുകേടുമാണ്‌.
ഭരണസുതാര്യത എന്നത്‌ ഓഫീസ്‌ ആര്‍ക്കും `കയറി നിരങ്ങാന്‍' വിട്ടുകൊടുക്കുക എന്നതല്ല. ഭരണരംഗത്തെ കെടുകാര്യസ്ഥതയും ചുവപ്പു നാടക്കുരുക്കും പ്രശ്‌നമാകാതെ സാധാരണക്കാര്‍ക്ക്‌ സൗകര്യമൊരുക്കുക, പരാതികള്‍ പറഞ്ഞാല്‍ നീതി ലഭിക്കാന്‍ കാലവിളംബം വരാതിരിക്കുക എന്നൊക്കെയാണ്‌ ഭരണ സുതാര്യതകൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌. ഊണിലും ഉറക്കിലും മുഖ്യമന്ത്രിയുടെ കൂടെയുണ്ടാകുന്ന ഗണ്‍മാന്‍ സലീം രാജ്‌, പി എ ടെന്നി ജോപ്പന്‍ എന്നിവരെ സരിത എസ്‌ നായര്‍ എന്ന പെണ്ണിനെ ഉപയോഗിച്ച്‌ ബിജു രാധാകൃഷ്‌ണന്‍ എന്ന തട്ടിപ്പുകാരന്‍ കീഴടക്കുകയും ലെറ്റര്‍ പാഡും സീലും പോലും ഉപയോഗപ്പെടുത്തി എന്നു സംശയിക്കപ്പെടുകയും ചെയ്യുന്ന തരത്തിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിയിട്ടും മുഖ്യമന്ത്രി അറിയാതിരിക്കുക എന്നത്‌ സുതാര്യവത്‌ക്കരണത്തിന്റെ പാര്‍ശ്വഫലം മാത്രമാണെന്ന്‌ കരുതാമോ?
ജനാധിപത്യത്തില്‍, ഭരിക്കുന്ന വിഭാഗത്തെ പോലെത്തന്നെ ജനങ്ങളോട്‌ ബാധ്യതയുള്ളവരാണ്‌ പ്രതിപക്ഷവും. ഭരണകക്ഷിയെ അടിക്കാന്‍ എന്തെങ്കിലും തുരുമ്പുകിട്ടിയാല്‍ അതു കെട്ടിയാടുക എന്നല്ലാതെ എന്തു ധര്‍മമാണ്‌ ഇന്ന്‌ പ്രതിപക്ഷം (അത്‌ ആരായാലും) നിര്‍വഹിക്കുന്നത്‌! ആരോപണങ്ങളുടെ പദ്‌മവ്യൂഹത്തിലകപ്പെട്ട മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി നിയമസഭയുടെ നടുത്തളത്തിലിറങ്ങിയവര്‍ രണ്ട്‌ മഹാപരാധങ്ങള്‍ വരുത്തി വച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ നിയമനിര്‍മാണ സഭയിലാണ്‌ ജനങ്ങളുടെ ആവശ്യങ്ങളും വികാരങ്ങളും സമകാലിക പ്രശ്‌നങ്ങളും ജനപ്രതിനിധികള്‍ ചര്‍ച്ച ചെയ്യേണ്ടത്‌. അവിടെ നടക്കുന്നതെന്തെന്ന്‌, ക്യാമറയും ചാനലുകളും സൂതാര്യമായതിനാല്‍, ജനം തത്‌സമയം കണ്ടുകൊണ്ടിരിക്കുന്നു. ഈ നിയമസഭയുടെ കാലയളവില്‍ കൂടിയ നിയമസഭാ സമ്മേളനങ്ങളില്‍ മൂന്നിലൊരു ഭാഗവും സ്‌തംഭിപ്പിക്കപ്പെട്ടുവെന്ന്‌ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വെളിപ്പെടുത്തകയുണ്ടായി. ഒരു കാര്യവും ചര്‍ച്ച ചെയ്യാന്‍ സമ്മതിക്കാതെ, ഞങ്ങളുടെ സിറ്റിംഗ്‌ അലവന്‍സ്‌ ഉറപ്പാക്കി, അഞ്ചും പത്തും മിനിറ്റു മാത്രം നിയമസഭ കൂടുന്ന അവസ്ഥയിലെത്തുന്നതാണ്‌ പ്രതിപക്ഷത്തിന്റെ ഒന്നാമത്തെ അപരാധം. പ്രതിഷേധവും എതിര്‍പ്പും വോക്കൗട്ടും മനസ്സിലാക്കാം. സഭ സ്‌തംഭിപ്പിക്കുന്നത്‌ ജനങ്ങളെ വഞ്ചിക്കലാണ്‌.
രണ്ടാമതായി, ബിജു-സരിത കേസിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ `ചോരയ്‌ക്ക്‌വില'പറയാന്‍ ഇന്നത്തെ പ്രതിപക്ഷത്തിന്‌ ധാര്‍മികമായി അവകാശമില്ല. കാരണം ഈ ബിജു രാധാകൃഷ്‌ണന്‍ സ്വന്തം ഭാര്യ രശ്‌മിയെ മദ്യം നല്‌കി ശ്വാസംമുട്ടിച്ചു കൊന്നിട്ട്‌ (പ്രതിയുടെ വെളിപ്പെടുത്തല്‍) എഴു വര്‍ഷമായി. അന്ന്‌ ആഭ്യന്തരമന്ത്രി ഇന്നത്തെ പ്രതിപക്ഷ ഉപനേതാവ്‌. അന്നു കൊല്ലപ്പെട്ട രശ്‌മിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട്‌ താന്‍ ഭരണത്തില്‍ നിന്ന്‌ പുറത്തുപോകുന്നതു വരെ പുറത്തെടുക്കാന്‍ കഴിയാത്ത കോടിയേരി ബാലകൃഷ്‌ണന്‍ എന്ന അന്നത്തെ ആഭ്യന്തരവകുപ്പു മന്ത്രി ഇന്ന്‌ അതേ പ്രതിയുടെ മറ്റൊരു കേസിന്റെ പേരില്‍ നടുക്കളത്തിലിറങ്ങി വഞ്ചന നടത്തുകയോ?! ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരെങ്കില്‍ അതു വിളിച്ചുപറയേണ്ടവരാണ്‌ ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ മീഡിയ. സരിത നായര്‍ അറസ്റ്റിനു ശേഷം ചരിത്രം തപ്പിയെടുത്ത്‌ തുടര്‍ക്കഥയെഴുതുന്നവര്‍ ഇതുവരെ എവിടെയായിരുന്നു! സരിതക്കഥയുടെ ഡല്‍ഹി ചാപ്‌റ്ററില്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി എന്ന്‌ ആരോപിക്കപ്പെട്ട പത്രപ്രവര്‍ത്തകന്‍ ആരായിരുന്നു? അയാള്‍ക്കിതിലുള്ള ബന്ധമെന്ത്‌? മീഡിയയുടെ പേരില്‍ ആരെങ്കിലും മുതലെടുപ്പു നടത്തിയാല്‍ അതും പുറത്തുവരണം.
കഷായത്തില്‍ ചുക്കെന്ന പോലെ ജീര്‍ണതയുടെ ഏതു അരങ്ങേറ്റത്തിലും മുഖ്യകഥാപാത്രം സിനിമക്കാരാണ്‌ എന്നു പറയേണ്ടി വന്നിരിക്കുകയാണ്‌; പ്രത്യേകിച്ചും മേനിക്കൊഴുപ്പ്‌ വിറ്റു കാശാക്കുന്ന നടിമാര്‍. ബിജു നയിക്കുന്ന സോളാര്‍ തട്ടിപ്പിന്റെ ഒരു പാതി സരിതനായരും ഒരു പാതി ശാലു മേനോന്‍ എന്ന സിനിമാ-സീരിയല്‍ നടിയുമാണ്‌. ഇപ്പറയപ്പെട്ട എല്ലാവരും ഇന്ന്‌ അറസ്റ്റിലാണ്‌. ചോദ്യം ചെയ്യപ്പെടുന്നു. മറ്റൊരു സ്റ്റോറി കിട്ടിയാല്‍ ഈ വിഷയം മീഡിയ കയ്യൊഴിയും. ജനങ്ങള്‍ സ്വാഭാവികമായി മറക്കും. ഇതേ ക്രിമിനലുകളും തട്ടിപ്പുകാരും മറ്റൊരു ആയുധവുമായി വീണ്ടും വരും. അന്നും ആരെങ്കിലും ഭരണത്തിലുണ്ടാകും. ഭരണ-പ്രതിപക്ഷങ്ങളുടെ രാഷ്‌ട്രീയ നാടകങ്ങള്‍ക്കപ്പുറം ഭരണം സുതാര്യമാകണമെങ്കില്‍ നീതി ഉറപ്പാക്കണം. ജനങ്ങള്‍ക്ക്‌ സുരക്ഷയേകണം. സ്‌ത്രീശാക്തീകരണത്തിനുവേണ്ടി ഒരു ഭാഗത്ത്‌ പ്രയത്‌നിക്കുന്നു. മറുഭാഗത്ത്‌ എല്ലാ തട്ടിപ്പിന്റെയും പിന്നില്‍ അല്ലെങ്കില്‍ മുന്നില്‍ സ്‌ത്രീകള്‍ രംഗത്തുവരുന്ന നെഗറ്റീവ്‌ പ്രതിഭാസമാണ്‌ നാം കാണുന്നത്‌. `നായക്കുരണയ്‌ക്കു പന്തലിടുക' എന്നു പറയുന്നതുപോലെ തട്ടിപ്പു കേന്ദ്രങ്ങള്‍ ഉദ്‌ഘാടനം ചെയ്യാന്‍ മന്ത്രിമാര്‍ പോകുന്നത്‌ അറിഞ്ഞുകൊണ്ടാണെങ്കില്‍ ആ മന്ത്രി ക്രിമിനലാണ്‌. അറിയാതെയാണെങ്കില്‍ പിന്നെന്തിന്‌ ഇന്റലിജന്‍സ്‌? ധര്‍മവും സദാചാരവും വിട്ട്‌ മദ്യവും മദിരയും കൊണ്ട്‌ കളിക്കുന്ന ഭരണം ആരു നടത്തിയാലും നാട്ടിന്നാപത്താണ്‌. പൊതു പ്രവര്‍ത്തകര്‍ തങ്ങളുടെ ബന്ധങ്ങളെക്കുറിച്ച്‌ ജാഗ്രത പാലിക്കേണ്ടുണ്ട്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: