വിഗ്രഹധ്വംസനവും വാദപ്രതിവാദവും ഇബ്‌റാഹീം നബിയുടെ മാതൃകയെന്ത്?
ആദര്‍ശപിതാവ് ഇബ്‌റാഹീം നബി(അ)യുടെ ചരിത്രോദ്ധാരണത്തിന് ഖുര്‍ആന്‍ അവലംബിക്കുന്നത് അദ്ദേഹത്തിന്റെ പ്രബോധന മേഖലയാകുന്നു. മറ്റു പ്രവാചകന്മാരുടെ ചരിത്രത്തോടൊപ്പം അവരുടെ പ്രബോധന കാലഘട്ടവും പ്രബോധന വിഷയവും പ്രബോധിതരുടെ പ്രതികരണവും ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ടെങ്കിലും അവരവലംബിച്ചിരുന്ന പ്രബോധന രീതികളെക്കുറിച്ച് വളരെ വിരളമായി മാത്രമേ പ്രതിപാദിക്കുന്നുള്ളൂ. എന്നാല്‍ ഇബ്‌റാഹീം നബിയുടെ ചരിത്രാഖ്യാനത്തില്‍ ഖുര്‍ആന്‍
വീക്ഷണം -
ഖലീലുര്‍റഹ്‌മാന്‍ മുട്ടില്‍
ആദര്‍ശപിതാവ് ഇബ്‌റാഹീം നബി(അ)യുടെ ചരിത്രോദ്ധാരണത്തിന് ഖുര്‍ആന്‍ അവലംബിക്കുന്നത് അദ്ദേഹത്തിന്റെ പ്രബോധന മേഖലയാകുന്നു. മറ്റു പ്രവാചകന്മാരുടെ ചരിത്രത്തോടൊപ്പം അവരുടെ പ്രബോധന കാലഘട്ടവും പ്രബോധന വിഷയവും പ്രബോധിതരുടെ പ്രതികരണവും ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ടെങ്കിലും അവരവലംബിച്ചിരുന്ന പ്രബോധന രീതികളെക്കുറിച്ച് വളരെ വിരളമായി മാത്രമേ പ്രതിപാദിക്കുന്നുള്ളൂ. എന്നാല്‍ ഇബ്‌റാഹീം നബിയുടെ ചരിത്രാഖ്യാനത്തില്‍ ഖുര്‍ആന്‍
അവലംബിച്ചതില്‍ ഏറിയ പങ്കും അദ്ദേഹത്തിന്റെ പ്രബോധനീരിതികള്‍ വ്യക്തമാക്കാന്‍ വേണ്ടിയാണ്. അന്ത്യനാള്‍ വരെ ഈ ചരിത്രം പുനര്‍വായിക്കപ്പെടേണ്ടതിന്റെ ആവശ്യകതയാണ് സവിശേഷ ചരിത്രാഖ്യാനത്തിലൂടെ ഖുര്‍ആന്‍ ഉന്നയിക്കുന്നത്.
ഉപ്പാ, എന്നു വിളിച്ചുകൊണ്ട് പിതാവിന് ദൗത്യമെത്തിക്കുന്നു, അദ്ദേഹത്തിന്റെ വിഗ്രഹാരാധനയെ ചോദ്യംചെയ്യുന്നു, സൂര്യ-ചന്ദ്ര-നക്ഷത്രങ്ങളെ കാണിച്ചുകൊണ്ട് ജനതയോട് സംവദിക്കുന്നു, നംറൂദുമായി വാഗ്വാദത്തിലേര്‍പ്പെടുന്നു. ആരാധനാലയം പണിയുന്നു. ഇബ്‌റാഹീം നബിയുടെ പ്രബോധന ചരിത്രത്തിലെ നാഴികക്കല്ലുകളാണിവ. പ്രബോധനത്തില്‍ അവലംബിക്കേണ്ട ഗുണകാംക്ഷയുടെയും യുക്തിചിന്തയുടെയും ഇബ്‌റാഹീമീ മാതൃകകള്‍ വ്യക്തമാക്കുന്ന ഇവ പ്രബോധകന്‍ സമൂഹത്തില്‍ കൈവരിക്കേണ്ട വളര്‍ച്ചാഘട്ടങ്ങള്‍ കൂടി രേഖപ്പെടുത്തുന്നുണ്ട്. വീട്ടിലും നാട്ടിലും പ്രബോധകനുണ്ടാവേണ്ട വ്യക്തിത്വമല്ല ഭരണകേന്ദ്രങ്ങളില്‍ സത്യസന്ദേശവുമായി കയറിയിറങ്ങാന്‍ വേണ്ടത്. ഭരണകേന്ദ്രങ്ങള്‍ എല്ലാ കാലങ്ങളിലും സമൂഹത്തില്‍ നിന്നും എത്രയോ മതില്‍ക്കെട്ടുകള്‍ക്കപ്പുറത്താകുന്നു. അവ ചാടിക്കടന്ന് സിംഹാസനത്തിന് സമീപമെത്തണമെങ്കില്‍ സാമൂഹികാംഗീകാരം നേടിയെടുത്തേ പറ്റൂ. ഇബ്‌റാഹീം നബിയുടെ ആദര്‍ശത്തിന് സാമൂഹിക പിന്തുണയില്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മറ്റു പ്രവാചകന്മാര്‍ക്കുള്ളതുപോലെത്തന്നെ സാമൂഹികാംഗീകാരമുണ്ടായിരുന്നു എന്ന് ഇതില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും.
ഇബ്‌റാഹീം നബിയുടെ ചര്യകള്‍ യുഗങ്ങള്‍ക്കു ശേഷവും പുനര്‍വായിക്കപ്പെടേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ചില ചുവടുവെപ്പുകള്‍ ഇസ്‌ലാമിക ലോകത്തു തന്നെ തീവ്രവായനയ്‌ക്ക് വിധേയമാക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്. അവയില്‍ പ്രധാനമാണ് വിഗ്രഹധ്വംസനം. ഗ്രാമത്തിലെ ഒരു ഉത്സവനാളില്‍ ഗ്രാമവാസികളെല്ലാം ഉത്സവത്തിമര്‍പ്പിലായിരിക്കെ ഇബ്‌റാഹീം ദേവാലയത്തില്‍ കയറി വിഗ്രഹങ്ങളെയെല്ലാം നശിപ്പിക്കുകയും അവയെ നശിപ്പിക്കാനുപയോഗിച്ച കോടാലി വലിയ വിഗ്രഹത്തിന്റെ ചുമലില്‍ ഏറ്റിവെക്കുകയും ചെയ്‌തു. ഉത്സവപ്പിറ്റേന്ന് ഗ്രാമവാസികള്‍ രംഗം കണ്ട് അമ്പരന്നു. അവര്‍ പ്രതിയെക്കുറിച്ച് അന്വേഷണമായി. യഥാര്‍ഥ പ്രതിയെ അവര്‍ പിടികൂടുകയും ചെയ്‌തു. ഇബ്‌റാഹീമിനെ ജനമധ്യത്തില്‍ ചോദ്യം ചെയ്‌തശേഷം അവരൊരുക്കിയ തീകുണ്ഡത്തിലദ്ദേഹത്തെ ജീവനോടെ പിടിച്ചിടുകയും ചെയ്‌തു. ഇതാണാ സംഭവം.
ഈ സംഭവം വൈചാരികമായും വൈകാരികമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഇബ്‌റാഹീം(അ) തൗഹീദ് പറയുന്നതില്‍ ആരെയും ഭയപ്പെടുന്നില്ല. നാട്ടിലെ കൊലകൊമ്പന്മാരെപ്പോലും ഞെട്ടിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ തൗഹീദീ പ്രഖ്യാപനം. വിഗ്രഹാരാധനയെ എതിര്‍ക്കുക മാത്രമല്ല, വിഗ്രഹങ്ങളെ തച്ചുടയ്‌ക്കുകയും ചെയ്‌തു. വിഗ്രഹ ധ്വംസനത്തിന്നൊരുങ്ങുമ്പോള്‍ അത് നാട്ടില്‍ പ്രശ്‌നമുണ്ടാക്കുമോ, വര്‍ഗീയതയ്‌ക്ക് ഇടയാകുമോ എന്നൊന്നും അദ്ദേഹം ചിന്തിച്ചിരുന്നില്ല. അതുപോലെ കെട്ടിപ്പൊക്കിയ ഖബറുകള്‍ക്കെതിരെ പ്രസംഗിക്കുകയല്ല വേണ്ടത്. അവ തട്ടി മാറ്റാനും ആര്‍ജവം കാണിക്കണം... ഇങ്ങനെ പോവുന്നു വിഗ്രഹധ്വംസനത്തിന്റെ വൈകാരിക വ്യാഖ്യാനം. എന്തിനേറെ ബഹുസ്വര രാഷ്‌ട്രമായ ഇന്ത്യയില്‍ ദഅ്‌വ പ്രബുദ്ധത നേടിയ കേരളത്തില്‍ പോലും കഴിഞ്ഞ വര്‍ഷം ഖബര്‍ പൊളിക്കാനിറങ്ങിയ സംഭവമുണ്ടായല്ലോ? വൈകാരിക പ്രകടനങ്ങള്‍ ദഅ്‌വാരംഗത്ത് അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരായിരുന്നു അതിനു പിന്നില്‍. അവര്‍ മാതൃകയാക്കിയത് ഇബ്‌റാഹീം മില്ലത്തിനെയും. എന്നാല്‍ ഇബ്‌റാഹീം നബിയുടെ വിഗ്രഹധ്വംസനം പ്രബോധനത്തിനുവേണ്ടി പില്‌ക്കാലക്കാര്‍ തുടരേണ്ടതാണോ? അവ പിന്‍പറ്റണമെന്ന് വൈകാരികമായി ഉന്നയിക്കുന്നവര്‍ അദ്ദേഹം രാജാവുമായി സംവദിച്ചതില്‍ നിന്നും ആവേശമുള്‍ക്കൊണ്ടുകൊണ്ട് അനുവാദം കൂടാതെ ഭരണ കേന്ദ്രങ്ങളില്‍ കയറിച്ചെന്ന് പ്രബോധനം നടത്തുകയും ഭരണസിരാകേന്ദ്രങ്ങളെ ഞെട്ടിക്കുകയും വേണം. കാരണം വൈകാരിക വ്യാഖ്യാനത്തില്‍ ഇബ്‌റാഹീം-നംറൂദ് സംവാദം ഭരണകൂടത്തെ ഞെട്ടിക്കലാണല്ലോ?
ഇബ്‌റാഹീം നബിക്കുശേഷം വന്ന ഒരൊറ്റ പ്രവാചകനും പ്രബോധനത്തിന്റെ ഭാഗമായി വിഗ്രഹധ്വംസനം നടത്തിയിട്ടില്ല. അവരാരും ഇബ്‌റാഹീം നബിയുടെ ഈ ചര്യ പിന്തുടരേണ്ടതാണെന്ന് വിശ്വസിച്ചിരുന്നുമില്ല. ഇബ്‌റാഹീം(അ) ഒരു പ്രവാചകനാണ്. പ്രവാചകന്മാര്‍ക്ക് അല്ലാഹു മുഅ്‌ജിസത്തുകള്‍ (അമാനുഷിക കഴിവുകള്‍) നല്‌കും. അല്ലാഹുവിന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം വിഗ്രഹങ്ങളെ തകര്‍ത്തത്. അല്ലാതെ വൈകാരികമായി ചാടിവീണതല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ബഹുദൈവാരാധനയുടെ യുക്തിരാഹിത്യം അവരെ ബോധ്യപ്പെടുത്താനുള്ള സാഹചര്യം ഒരുങ്ങുകയുണ്ടായി. എന്നു മാത്രമല്ല, ആ സംഭവത്തെ തുടര്‍ന്ന് അവരൊരുക്കിയ തീക്കുണ്ഡത്തില്‍ നിന്നും ഇബ്‌റാഹീം വെണ്ണീറ് തട്ടിമാറ്റിക്കൊണ്ട് ജീവനോടെ എഴുന്നേറ്റുവന്നു. ഈ മുഅ്‌ജിസത്തിന്റെ സാക്ഷാത്‌കാരത്തിനു വേണ്ടിയും അതിലൂടെ താന്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് പ്രബോധിതരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയുമായിരുന്നു വിഗ്രഹധ്വംസനം. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് പില്‌ക്കാല പ്രവാചകന്മാരും ഇസ്‌ലാമിക പ്രബോധകരും വിഗ്രഹധ്വംസനം പ്രബോധന മാര്‍ഗമായി സ്വീകരിക്കാതിരുന്നതും.
മറ്റു മതക്കാരുടെ ആരാധ്യവസ്‌തുക്കളെ നിന്ദിക്കാതിരിക്കണമെന്ന ഖുര്‍ആനികാഹ്വാനം (6:108) മുഹമ്മദ് നബി(സ) വിശ്വാസി സമൂഹത്തെ കേള്‍പ്പിച്ചത് ഇബ്‌റാഹീം നബിയുടെ വിഗ്രഹധ്വംസനത്തെക്കുറിച്ചറിയാതെയല്ല. അത് അല്ലാഹു നല്‌കിയ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തില്‍ മാത്രം പരിമിതമായ പ്രവര്‍ത്തനമാണെന്ന് മുഹമ്മദ് നബി(സ) മനസ്സിലാക്കിയതുകൊണ്ടാണ്. മുഹമ്മദ് നബി കഅ്‌ബയില്‍ കയറി വിഗ്രഹങ്ങളെ തച്ചുടച്ചത് പ്രബോധനത്തിന്റെ ഭാഗമായിട്ടുമല്ല. പ്രവാചകന്റെ കൈപ്പിടിയിലൊതുങ്ങിയ അല്ലാഹുവിന്റെ ഭവനം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ്. അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പ്രബോധിതരാരും വൈകാരികമായി ക്ഷോഭിച്ചിട്ടില്ല. ഇസ്‌ലാമികാധിപത്യം നിലനില്‌ക്കുന്നിടങ്ങളിലെ ജാറങ്ങളും മഖ്‌ബറകളും തച്ചുടക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. പ്രബോധകരുടെ ബാധ്യതയല്ല. പ്രബോധിതരെ അതിനെതിരില്‍ ബോധവത്‌കരിക്കലാണ് പ്രബോധകന്റെ ബാധ്യത. ഇസ്‌ലാമിക രാഷ്‌ട്രത്തില്‍ കട്ടവന്റെ കൈവെട്ടേണ്ടത് പ്രബോധകനല്ലല്ലോ? ഭരണാധികാരിയുടെ ചുമതലയാണത്. കളവിനെതിരെ ബോധവത്‌കരണം നടത്തലാണ് പ്രബോധകന്റെ ബാധ്യത.
സംവാദം ഇബ്‌റാഹീം മില്ലത്തില്‍
ആശയപ്രചാരണത്തിന് ഇബ്‌റാഹീം നബി(അ) അവലംബിച്ച മാര്‍ഗങ്ങളിലൊന്നാണ് സംവാദം. ഭരണാധികാരികളോടും ബഹുജനത്തോടും അദ്ദേഹം സംവദിച്ചു. സംവാദത്തില്‍ ബൗദ്ധിക വികാസമുണ്ടാക്കുന്ന യുക്തിചിന്തക്ക് അദ്ദേഹം പ്രാധാന്യം നല്‌കിയിരുന്നു. നംറൂദിനോട്: ഞാന്‍ പരിചയപ്പെടുത്തുന്ന തമ്പുരാന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ്. നംറൂദ്: ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യാറുണ്ടല്ലോ? ഇബ്‌റാഹീം: അല്ലാഹു സൂര്യനെ കിഴക്കുനിന്നുമുദിപ്പിക്കുന്നു. താങ്കള്‍ക്കത് പടിഞ്ഞാറുനിന്നുദുപ്പിക്കാമോ? ഇബ്‌റാഹീമിന്റെ ചോദ്യത്തിനു മുമ്പില്‍ അയാള്‍ക്ക് ഉത്തരംമുട്ടി. (2:258)
നക്ഷത്രങ്ങളുള്ള രാത്രിയില്‍ മാനത്തേക്ക് നോക്കിക്കൊണ്ട് സ്വജനതയോട് ഇബ്‌റാഹീം(അ): ഇവയാണെന്റെ റബ്ബ്. അവ അസ്‌തമിച്ചപ്പോള്‍ അസ്‌തമിക്കുന്നവയെ ഞാന്‍ രക്ഷകനാക്കാന്‍ താല്‌പര്യപ്പെടുന്നില്ല എന്നദ്ദേഹം പ്രഖ്യാപിച്ചു. ചന്ദ്രനുദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാണെന്റെ രക്ഷിതാവ്. അതും അപ്രത്യക്ഷമായി. അദ്ദേഹം പറഞ്ഞു: ഇരുട്ടില്‍ വെളിച്ചം നല്‌കി എനിക്ക് വഴികാണിക്കാന്‍ എന്റെ റബ്ബിന് കഴിയില്ലെങ്കില്‍ ഞാന്‍ വഴി തെറ്റിപ്പോകുമല്ലോ? തിളങ്ങി നില്‌ക്കുന്ന സൂര്യനെ നോക്കി അദ്ദേഹം പറഞ്ഞു: ഇതാണെന്റെ തമ്പുരാന്‍. ഇതാണ് ഏറ്റവും വലുത്. അതും അസ്‌തമിച്ചപ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചു: ജനങ്ങളേ, നിങ്ങള്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നും ഞാന്‍ മാറിനില്‌ക്കുകയാണ്. ആകാശ ഭൂമികളെ സൃഷ്‌ടിച്ചവന് ഞാനിതാ ഋജുമനസ്‌കനായി കീഴൊതുങ്ങിയിരിക്കുന്നു. (6:76-79). ഈ രണ്ടു സംവാദങ്ങളും പ്രബോധിതരുടെ യുക്തിചിന്തയെ തൊട്ടുണര്‍ത്തുന്നവയായിരുന്നു. പ്രബോധിതരുടെ നിലവാരം മനസ്സലാക്കി അവരുടെ ബുദ്ധിയോടദ്ദേഹം സംവദിച്ചു.
സംവാദങ്ങളുടെ രംഗഭൂമിയായ കേരളത്തിലെ മുസ്‌ലിംകള്‍ക്ക് ഇബ്‌റാഹീം നബി നടത്തിയ സംവാദങ്ങള്‍ ചില തിരുത്തലുകള്‍ നിശ്ചയിക്കുന്നുണ്ട്. സംവാദമെന്ന് കേള്‍ക്കുമ്പോള്‍ ഒരു പടയൊരുക്കത്തിന്റെ പ്രതീതിയാണ് നമുക്ക്. സംവാദം നടക്കുന്നതിന് മുമ്പ് സംവാദ വ്യവസ്ഥകള്‍ തയ്യാറാക്കുന്നതിന് നാലും അഞ്ചുമാഴ്‌ച നീണ്ടുനില്‍ക്കുന്ന മറ്റൊരു സംവാദം നടത്തും. സംവാദത്തിലാകട്ടെ, ഇരുപക്ഷത്തെയും പണ്ഡിതന്മാര്‍ പരമാവധി ശബ്‌ദമുണ്ടാക്കി പരിഹാസവും കളിയാക്കലുമൊക്കെയായി ജയഭേരി മുഴക്കുന്നു. ഒരുപക്ഷം വാടാ എന്നു വിളിച്ചാല്‍ മറുപക്ഷം പോടാ എന്നു വിളിക്കുന്ന ദ്വന്ദയുദ്ധങ്ങളെ ഓര്‍മിപ്പിക്കുന്ന രംഗങ്ങള്‍ കേള്‍ക്കുന്ന സാധാരണക്കാരനാകട്ടെ ഇരുപക്ഷവും തോറ്റിട്ടില്ല എന്നു വിധിയെഴുതുകയും ചെയ്യുന്നു. കാരണം ഇരുവിഭാഗവും പറയുന്നതിലെ സത്യവും അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നു. രണ്ടു വിഭാഗം പറയുന്നതിലും സത്യമുണ്ട് എന്ന നിഗമനത്തില്‍ അവര്‍ പിരിയുന്നു.
ഇത്തരം സംവാദങ്ങളെ ഇബ്‌റാഹീം നബിയുടെ സംവാദങ്ങള്‍ തിരുത്തുകയാണ്. കോഴിപ്പോരു രൂപത്തിലുള്ള സംവാദത്തിന് സത്യമതം പിന്തുണയേകുന്നില്ല. ``ഏറ്റവും നല്ല രീതിയില്‍ നീ അവരോട് സംവദിക്കുക''(16:125) എന്ന ഖുര്‍ആനിന്റെ നിര്‍ദേശം സ്റ്റേജുകള്‍ കെട്ടി വാദപ്രതിവാദം നടത്തണമെന്ന പരിമിതാഹ്വാനമല്ല. രണ്ടുപേര്‍ ഒരു കാര്യത്തെക്കുറിച്ച് മാന്യമായ രൂപത്തില്‍ ആശയങ്ങള്‍ കൈമാറുന്നതിനാണല്ലോ സംവാദം എന്നു പറയുന്നത്. സംവാദത്തിലേര്‍പ്പെടുന്നവര്‍ക്കും ശ്രോതാക്കള്‍ക്കും വളരെ വേഗത്തില്‍ സത്യമേതെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നതാകുന്നു ഇബ്‌റാഹീം നബിയുടെ സംവാദങ്ങളുടെ പ്രത്യേകത. പ്രബോധകര്‍ നടത്തുന്ന സംവാദങ്ങള്‍ പ്രബോധിതന് ആശയക്കുഴപ്പമാണ് ബാക്കിവെക്കുന്നതെങ്കില്‍ അത്തരം സംവാദങ്ങള്‍ പ്രബോധന മാര്‍ഗമായി മതം കണക്കാക്കുന്നില്ല. എന്നു മാത്രമല്ല, പലപ്പോഴും മതം വിലക്കിയ പല സീമകളും ലംഘിക്കുന്നതുകൊണ്ട് അത് കുറ്റകരവുമായിത്തീരുന്നു. നമുക്ക് ജയിക്കണം പ്രതിപക്ഷത്തെ പരാജയപ്പെടുത്തണം എന്ന ചിന്താഗതിക്കു പകരം സത്യം ജയിക്കണം അസത്യം പരാജയപ്പെടണം എന്ന ചിന്തയിലൂന്നിയ സംവാദങ്ങള്‍ മാത്രമേ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുള്ളൂ. വാദിക്കാനും ജയിക്കാനും വേണ്ടിയല്ല. അറിയാനും അറിയിക്കാനും വേണ്ടിയാണ് ഇബ്‌റാഹീം
(അ) വാദപ്രതിവാദം നടത്തിയത്.
(അ) വാദപ്രതിവാദം നടത്തിയത്.
0 comments: