ഇനി `കുടിച്ചി' കളുടെ ഊഴം !

  • Posted by Sanveer Ittoli
  • at 9:58 AM -
  • 0 comments
ഇനി `കുടിച്ചി' കളുടെ ഊഴം !

തലയില്‍ തട്ടമിട്ട മുസ്‌ലിം പെണ്‍കുട്ടിയെ ബീവറേജ്‌ സ്റ്റോറിനു മുന്നില്‍ ക്യൂനിര്‍ത്തിയ ഭര്‍ത്താവിനെ, ക്യൂവിലുണ്ടായിരുന്ന മറ്റു കുടിയന്മാര്‍ ചേര്‍ന്ന്‌ കൈകാര്യം ചെയ്‌തത്‌ പരപ്പനങ്ങാടിയിലാണ്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന ഈ സംഭവം വലിയ ചര്‍ച്ചയായി. ഈ പെണ്‍കുട്ടിയെ ക്യൂവില്‍ നിര്‍ത്തിയ അവളുടെ ഭര്‍ത്താവിനെ കയ്യേറ്റം ചെയ്‌തകുടിയന്മാരെ `സദാചാര പൊലീസ്‌' എന്നു പേരിട്ടാണ്‌ ചില മാധ്യമങ്ങള്‍ എതിരിട്ടത്‌! ഈ പ്രശ്‌നത്തെ ചില `പുരോഗമന വാദികള്‍'
സ്‌ത്രീ സ്വാതന്ത്ര്യ പ്രശ്‌നമായാണ്‌ അവതരിപ്പിച്ചത്‌. ബാറില്‍ സ്‌ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും അവര്‍ക്ക്‌ പ്രത്യേക ക്യൂ വേണമെന്നുമായി അവര്‍!
പുരോഗമന വാദികള്‍ ഇനി ഏതായാലും ബേജാറാകേണ്ട. നിങ്ങളുടെ ആഗ്രഹം നിറവേറ്റപ്പെട്ടിരിക്കുന്നു. പ്രത്യേക ക്യൂ മാത്രമല്ല, ഉടന്‍ തന്നെ വനിത ബീവറേജ്‌ കോര്‍പ്പറേഷന്‍ തന്നെ തുടങ്ങാന്‍ പാകത്തില്‍ മദ്യപിക്കുന്ന സ്‌ത്രീകളുടെ എണ്ണം കേരളത്തില്‍ പെരുകുന്നുവെന്നാണ്‌ പുതിയ റിപ്പോര്‍ട്ട്‌. ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ട്‌ അനുസരിച്ച കേരളത്തില്‍ ഇപ്പോള്‍ എട്ടു ലക്ഷം സ്‌ത്രീകള്‍ മദ്യപിക്കുന്നുണ്ട്‌. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും സ്‌ത്രീകളില്‍ മദ്യപാന ശീലമുണ്ട്‌. ഇവരില്‍ സ്ഥിരമായി മദ്യപിക്കുന്നവര്‍ 20 ശതമാനവും ഇടക്കിടെ മദ്യം ഉപയോഗിക്കുന്നവര്‍ 5 ശതമാനവും വരും. ആദിവാസി-പിന്നാക്ക സമൂഹങ്ങളിലാണ്‌ മദ്യാസക്തി കൂടുതലുള്ള സ്‌ത്രീകളെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
പണ്ടൊക്കെ, ടോയ്‌ലറ്റിലും വീട്ടില്‍ ആളൊഴിഞ്ഞ സ്ഥലത്തുമൊക്കെ വെച്ചായിരുന്നു സ്‌ത്രീകള്‍ മദ്യപിച്ചതെങ്കില്‍ ഇന്ന്‌ പൊതുസ്ഥലത്ത്‌ മദ്യപിക്കാനും അവര്‍ മടിക്കുന്നില്ല. പുതു തലമുറയില്‍ പെട്ട യുവതികള്‍ ബാറില്‍ വെച്ചുതന്നെ മദ്യപിക്കുന്നു. ദമ്പതികള്‍മദ്യശാലകളില്‍ പോകുന്ന പതിവും കൂടിക്കൂടി വരുന്നതായാണ്‌ റിപ്പോര്‍ട്ട്‌. തിരുവനന്തപുരം നഗരത്തിലെ ചില നക്ഷത്ര ബാറുകളില്‍ സ്‌ത്രീകള്‍ക്ക്‌ ആദ്യ പെഗ്‌ ഫ്രീ
നല്‌കുന്ന ഓഫര്‍ ഉണ്ടത്രെ. ഈ ഓഫറുകള്‍ നുണഞ്ഞാണ്‌ `മുഴുക്കുടിച്ചി'കളായി മാറുന്നത്‌.
ഇന്ത്യയിലെ വന്‍കിട നഗരങ്ങളില്‍ മദ്യപിക്കുന്ന സ്‌ത്രീകളുടെ എണ്ണം അനുദിനം കൂടിവരികയാണ്‌. ഗോവയാണ്‌ ഇക്കാര്യത്തില്‍ മുമ്പിലെങ്കില്‍ മുംബൈ തൊട്ടടുത്ത സ്ഥാനത്തുണ്ട്‌. ഡല്‍ഹി, പൂനെ, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങള്‍ക്കൊപ്പം തിരുവനന്തപുരവും കൊച്ചിയും മുന്നേറിക്കൊണ്ടിരിക്കുന്നു. അമിത മദ്യാസക്തിമൂലം ജീവിതം താളം തെറ്റിയ ഒട്ടേറെ സ്‌ത്രീകള്‍ വന്‍നഗരങ്ങളിലുണ്ട്‌. ഇത്തരം നഗരങ്ങളില്‍ മദ്യപാന ശീലം ഉപേക്ഷിച്ചിവരുടെ കൂട്ടായ്‌മകളില്‍ സ്‌ത്രീകളുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. അടുത്ത വര്‍ഷങ്ങളില്‍ രാജ്യത്ത്‌ മദ്യപിക്കുന്ന സ്‌ത്രീകളില്‍, വിശിഷ്യാ യുവതികളില്‍ 25 ശതമാനം വര്‍ധനയാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.
പൊലീസിനെ പോലും അമ്പരപ്പിച്ചുകൊണ്ട്‌, മദ്യപിച്ചു വാഹനമോടിച്ചു കുഴപ്പമുണ്ടാക്കുന്ന
സ്‌ത്രീകള്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്നതായി
പത്രറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സീരിയല്‍ നടിയായ ദേവി മദ്യപിച്ച്‌ വാഹനമോടിക്കുകയും അപകടത്തില്‍ പെടുകയും പിന്നീട്‌ പുറത്തിറങ്ങി കണ്ടുനിന്നവരെ തെറിവിളിക്കുകയും ചെയ്‌ത സംഭവം പത്രങ്ങളില്‍ വന്നിരുന്നു. മറ്റൊരു സീരിയല്‍ നടിയായ സംഗീത മോഹന്‍, സിനിമാ നടി ഉര്‍വശി, മീരാജാസ്‌മിന്‍ തുടങ്ങിയ നിരവധി നടിമാര്‍ അമിത മദ്യപാനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സന്ധ്യ മയങ്ങുന്നതോടെ സ്വീകരണമുറിയിലെ ടി വികള്‍ക്കു മുന്നില്‍ ചമ്രം പിണഞ്ഞിരിക്കുന്ന മലയാളി സ്‌ത്രീകള്‍, അവരുടെ താരനായികമാരെ പിന്തുടര്‍ന്ന്‌ മദ്യത്തില്‍ ഹരം കണ്ടെത്തുന്നുവെങ്കില്‍ അതില്‍ അതിശയിക്കാനില്ലല്ലോ.
ഉയര്‍ന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്ന പ്രഫഷണലുകളിലും വിദ്യാര്‍ഥിനികള്‍ ഒന്നിച്ചു കഴിയുന്ന ഹോസ്റ്റലുകളിലുമാണ്‌ മദ്യപാന ശീലം ഫാഷനായി വരുന്നത്‌. കേരളത്തിനു പുറത്തു
പഠിക്കുന്ന വിദ്യാര്‍ഥിനികള്‍, മദ്യപാന ശീലമുള്ള കുട്ടികളുമായി ചേര്‍ന്ന്‌ ബര്‍ത്ത്‌ഡേ പാര്‍ട്ടികളിലും മറ്റും മദ്യം രുചിച്ചുതുടങ്ങുകയും പിന്നീടതു പതിവു ശീലമായി മാറുകയും ചെയ്യുന്നു. സ്‌തനാര്‍ബുദം വരാതിരിക്കാനും, ലൈംഗിക സംതൃപ്‌തി ലഭിക്കാനും മദ്യസേവ പ്രയോജനകരമാണെന്ന്‌ ധരിപ്പിച്ച്‌ ഭാര്യമാരില്‍ മദ്യപാനശീലം
വളര്‍ത്തുന്ന ഭര്‍ത്താക്കന്മാരുണ്ടെന്ന്‌ ചില മനശ്ശാസ്‌ത്രജ്ഞന്മാര്‍ വെളിപ്പെടുത്തുകയുണ്ടായി.
അമേരിക്കയില്‍ സ്‌ത്രീകള്‍ 60 ശതമാനവും വര്‍ഷത്തില്‍ ഒരിക്കലെങ്കിലുംമദ്യപിക്കുന്നുണ്ടെന്നാണ്‌ ഒരു പഠനത്തില്‍ പറയുന്നത്‌. നമ്മുടെ നാടും ആ വഴിക്കു തന്നെയാണ്‌ പിച്ചവെക്കുന്നത്‌. കുടിച്ചു കുഴഞ്ഞാടി വീടിന്റെ ഉമ്മറത്ത്‌ വന്ന്‌ `ഡീയേ...' എന്നു വിളിക്കുന്ന കുടിയന്മാരുടെ കാലം കഴിയാന്‍ പോകുന്നു. അടുത്ത ഊഴം കുടിച്ചികളുടേതാകും. ന്യൂ ജനറേഷന്‍ സിനിമകളുടെ മാതൃകയില്‍ കൈ തെറുത്തുവെച്ച്‌ തുണി മാടിക്കുത്തി ഭര്‍ത്താവിനെ മൂക്കിന്‌ ഇടിച്ചിടുന്ന മദ്യപകള്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നു. കാത്തിരിക്കുക, പുരോഗമനവാദികള്‍ കോള്‍മയിര്‍ കൊള്ളുക! 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: