ശബാബ് മുഖാമുഖം 2013_june_21

  • Posted by Sanveer Ittoli
  • at 9:51 AM -
  • 0 comments
ശബാബ് മുഖാമുഖം 2013_june_21

കുറ്റകൃത്യ വര്‍ധനയ്‌ക്കു കാരണം ആത്മീയതയുടെ ചോര്‍ച്ചയല്ലേ?

മുസ്‌ലിം സ്‌ത്രീകള്‍ മുമ്പ്‌ വയറും മാറും കൈയും കാണും വിധം വസ്‌ത്രം ധരിച്ച്‌ നടന്നിരുന്നു. എന്നാല്‍ അക്കാലത്ത്‌ ഇക്കാലത്തുള്ളത്ര പീഡനങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും ഉണ്ടായിരുന്നില്ല. ശരിക്കും ആത്മീയമായി നമുക്ക്‌ ലഭിക്കേണ്ട വസ്‌ത്രം നഷ്‌ടപ്പെട്ടതും ആ സ്ഥാനത്തേക്ക്‌ മാധ്യമങ്ങളും പരസ്യങ്ങളും ഇന്റര്‍നെറ്റും കൊണ്ടുവന്ന ദുന്‍യാവിലെ സുഖങ്ങളിലേക്കുള്ള ചുവടുമാറ്റവുമല്ലേ ലൈംഗികാഭാസങ്ങള്‍ വര്‍ധിക്കാന്‍ കാരണം?
ടി യു സ്വാലിഹ്‌ കല്‌പറ്റ
മുസ്‌ലിംസ്‌ത്രീ എന്ന വിശേഷണത്തിന്‌ രണ്ട്‌ അര്‍ഥതലങ്ങളുണ്ട്‌. ഒന്ന്‌, ഇസ്‌ലാം എന്ന ആദര്‍ശം പൂര്‍ണമായി സ്വീകരിച്ച സ്‌ത്രീ. രണ്ട്‌, മുസ്‌ലിം സമുദായത്തില്‍ ജനിച്ചുവളര്‍ന്ന സ്‌ത്രീ. ആദര്‍ശ പ്രതിബദ്ധതയുള്ള സ്‌ത്രീകള്‍ എക്കാലത്തും അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച വസ്‌ത്രധാരണരീതി സ്വീകരിക്കും. ആദര്‍ശത്തിന്‌ പ്രാമുഖ്യം കല്‌പിക്കാത്ത, `മുസ്‌ലിം സ്‌ത്രീകള്‍' എല്ലാ നാടുകളിലും എല്ലാ കാലത്തും ധാരാളം ഉണ്ടായിട്ടുണ്ട്‌. അവര്‍ വസ്‌ത്രധാരണ വിഷയത്തില്‍ പല പ്രവണതകളുടെ പിന്നാലെ പോവുക സ്വാഭാവികമാണ്‌. നഗ്‌നത വെളിപ്പെടുത്തുന്ന വസ്‌ത്രധാരണം ലൈംഗിക അതിക്രമങ്ങള്‍ക്ക്‌ പ്രേരകമാകുന്ന ഒരു ഘടകമാണെങ്കിലും അത്‌ മാത്രമല്ല പ്രശ്‌നം.സമൂഹത്തില്‍ ഭൗതിക പ്രമത്തത നിമിത്തം ധര്‍മനിഷ്‌ഠ ഇല്ലാതാകുന്നത്‌ ലൈംഗിക അരാജകത്വത്തിന്‌ ഒരു പ്രധാന കാരണമാണ്‌. ധര്‍മനിഷ്‌ഠയാകുന്ന വസ്‌ത്രമാണ്‌ കൂടുതല്‍ ഉത്തമമെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 7:21 സൂക്തത്തില്‍ പറഞ്ഞിട്ടുണ്ട്‌.
ദു:ഖാചരണം സ്‌ത്രീയെ കഷ്‌ടപ്പെടുത്തലല്ലേ?
ഇദ്ദയാചരിക്കുമ്പോള്‍ പുരുഷന്മാരോടും അടുത്ത ബന്ധുക്കളല്ലാത്ത സ്‌ത്രീകളോടും സംസാരിക്കരുതെന്ന്‌ പലരും പറയുന്നു. ഭര്‍ത്താവ്‌ മരിച്ച ദു:ഖവും ഒരു മറക്കുള്ളില്‍ കഴിഞ്ഞുകൂടുന്നതുപോലെയുള്ള ഇരുത്തവും കിടത്തവും എന്നെ കൂടുതല്‍ വിഷമത്തിലാക്കുന്നു. ഇങ്ങനെ ഒരു സ്‌ത്രീയെ കൂടുതല്‍ മാനസിക സംഘര്‍ഷത്തിലേക്ക്‌ തള്ളിവിടുന്നതായ ഒരു നിയമം ഇസ്‌ലാം നിഷ്‌കര്‍ഷിക്കുമോ?
ഫാത്വിമതുസ്സഹ്‌റ കോഴിക്കോട്‌
ഇദ്ദഃ എന്നാല്‍ വിവാഹമുക്ത/വിധവ പുനര്‍വിവാഹത്തിന്‌ മുമ്പ്‌ കാത്തിരിക്കേണ്ട കാലയളവാണ്‌. ഭര്‍ത്താവ്‌ മരിച്ച സ്‌ത്രീ നിര്‍വഹിക്കേണ്ട ദു:ഖാചരണത്തിന്‌ അറബിയില്‍ ഇഹ്‌ദാദ്‌ എന്നാണ്‌ പറയുക. വിധവയുടെ ദു:ഖാചരണ വേള അവളുടെ ഇദ്ദ കാലയളവ്‌ തന്നെയാണ്‌. ഈ സന്ദര്‍ഭത്തില്‍ സുഗന്ധവും അലങ്കാര വസ്‌ത്രവും സൗന്ദര്യപ്രകടനവും കണ്ണുകളില്‍ സുറുമയിടുന്നതും നബി(സ) വിലക്കിയതായി പ്രബലമായ ഹദീസുകളില്‍ കാണാം. എന്നാല്‍ ബന്ധുക്കളായ പുരുഷന്മാരോട്‌ സംസാരിക്കുന്നതില്‍ അവിടുന്ന്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടില്ല. സ്വന്തക്കാരായ സ്‌ത്രീകളോട്‌ മാത്രമേ സംസാരിക്കാവൂ എന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടുമില്ല. അവര്‍ ഒരു മറയ്‌ക്കുള്ളില്‍ കഴിച്ചുകൂട്ടണമെന്ന്‌ വിധിച്ചിട്ടുമില്ല. നില്‌ക്കാനോ നടക്കാനോ വീട്ടുജോലികള്‍ ചെയ്യാനോ പാടില്ലെന്നും പറഞ്ഞിട്ടില്ല. ദു:ഖാചാരണവേളയില്‍ ന്യായമായ ആവശ്യത്തിന്‌ വീട്ടില്‍ നിന്ന്‌ പുറത്തുപോകാന്‍ ഒരു സ്‌ത്രീയെ നബി(സ) അനുവദിച്ചതായി പ്രബലമായ ഹദീസില്‍ പറഞ്ഞിട്ടുണ്ട്‌.
വ്യഭിചാരവും വിവാഹബന്ധവും
വിവാഹിതനായ ഒരാള്‍. മറ്റൊരു സ്‌ത്രീയുമായി വ്യഭിചാരത്തിലേര്‍പ്പെട്ടാല്‍, ആ നിമിഷം തൊട്ട്‌ അയാള്‍ക്ക്‌ സ്വന്തം ഭാര്യയുമായുള്ള എല്ലാ ബന്ധവും അവസാനിക്കുമെന്നും വീണ്ടും ഒരു നിക്കാഹിലൂടെ മാത്രമേ ആ ബന്ധം ഒന്നിച്ചുചേരാവൂ എന്നും ഒരുഇസ്‌ലാമിക വാരികയില്‍ വായിക്കുകയുണ്ടായി. എന്താണ്‌ ഇതിന്റെ യാഥാര്‍ഥ്യം?
മുഹമ്മദ്‌ മലപ്പുറം
ദമ്പതിമാരിലൊരാള്‍ അവിഹിത വേഴ്‌ചയിലേര്‍പ്പെടുന്നത്‌ ജീവിതപങ്കാളിയെ വഞ്ചിക്കലാണ്‌. ഭാര്യയാണ്‌ അങ്ങനെ ചെയ്‌തതെങ്കില്‍ അതിന്റെ പേരില്‍ അവളെ വിവാഹമോചനം ചെയ്യാവുന്നതാണ്‌. ഭര്‍ത്താവാണ്‌ അവിഹിത ബന്ധത്തിലേര്‍പ്പെട്ടതെങ്കില്‍ അതിന്റെ പേരില്‍ അവള്‍ക്ക്‌ ഫസ്‌ഖ്‌ (വിവാഹം റദ്ദാക്കല്‍) ആവശ്യപ്പെടാം. അവിഹിത ബന്ധം നടന്നാല്‍ അതോടെ വിവാഹബന്ധം അവസാനിക്കുമെന്ന്‌ ഖുര്‍ആനിലോ പ്രബലമായ ഹദീസിലോ വ്യക്തമാക്കിയിട്ടില്ല.
ഖുര്‍ആനിന്‌  പൂര്‍ണതയില്ലേ?
നമസ്‌കാരത്തിന്റെ സമയവും രൂപവുമൊന്നും ഖുര്‍ആനില്‍ നിന്നും കിട്ടുകയില്ല. അത്‌ ഹദീസില്‍ നിന്നേ കിട്ടുകയുള്ളൂ എന്ന്‌ പറഞ്ഞാല്‍ ഖുര്‍ആന്‍ പൂര്‍ണത ഇല്ല എന്ന്‌ വരില്ലേ?
ജമാലുദ്ദീന്‍ വാലില്ലാപുഴ
നമസ്‌കാരത്തിന്റെ 11:114, 17:78 എന്നീ സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്‌. നമസ്‌കാരത്തിന്റെ രൂപം നിര്‍ത്തം, കുമ്പിടല്‍, സാഷ്‌ടാംഗം എന്നിവ ചേര്‍ന്നതാണെന്ന്‌ വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാം. മസ്‌ജിദുല്‍ ഹറമിലേക്ക്‌ തിരിഞ്ഞാണ്‌ നമസ്‌കരിക്കേണ്ടതെന്നും ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിന്റെയൊക്കെ വിശാദംശങ്ങളാണ്‌ നബി(സ) പറഞ്ഞും പ്രവര്‍ത്തിച്ചും മാതൃക കാണിച്ചത്‌. ആ മാതൃക പിന്തുടരണമെന്ന്‌ 33:21 സൂക്തത്തില്‍ നന്ന്‌ വ്യക്തമാകുന്നു. റസൂലി(സ)നെ അനുസരിക്കണമെന്നും പിന്തുടരണമെന്നും അനേകം സൂക്തങ്ങളിലൂടെ കല്‌പിച്ചിട്ടുണ്ട്‌. അല്ലാഹുവാണ്‌ റസൂലി(സ)നെ നിയോഗിച്ചത്‌. അല്ലാഹു തന്നെയാണ്‌ അദ്ദേഹത്തിന്‌ ഖുര്‍ആന്‍ അവതരിപ്പിച്ചുകൊടുത്തത്‌. അത്‌ ജനങ്ങള്‍ക്ക്‌ വിശദീകരിച്ചു കൊടുക്കണമെന്ന്‌ അദ്ദേഹത്തോട്‌ കല്‌പിച്ചതും അല്ലാഹു തന്നെയാണ്‌. അതുകൊണ്ട്‌ ഖുര്‍ആന്‍ അപൂര്‍ണമാകുന്നതെങ്ങനെയെന്ന്‌ `മുസ്‌ലിമി'ന്‌ മനസ്സിലാകുന്നില്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: