നല്ല പരിസ്ഥിതിക്കു വേണ്ടി നമുക്ക് പ്രാര്‍ഥിക്കുക
ഇബ്‌റാഹീം അബ്‌ദുല്‍മതീന്‍
ഈ ഭൂമിയില്‍ ദൈവവുമായി നമുക്ക് പവിത്രമായൊരു കരാറുണ്ട്. ഭൂമിയുടെ മേല്‍നോട്ടക്കാരായി വര്‍ത്തിക്കുന്ന വിശ്വസ്‌തരായി ദൈവം നമ്മെ നിയോഗിച്ചിരിക്കുന്നു എന്നറിയലാണ് ഗ്രീന്‍ ദീന്‍ പിന്തുടരുക എന്നതിന്റെ അര്‍ഥം. സംസാരിക്കാനുംഅറിയാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവ് നമുക്ക് നല്‍കി അനുഗ്രഹിച്ചതിനോടൊപ്പമാണ് വിശ്വാസത്തോടെ ഭൂമിയെ സംരക്ഷിക്കാമെന്ന വാഗ്‌ദാനം ദൈവം നമ്മില്‍ നിന്ന് വാങ്ങിയത്. ഈ ഭൂമിയില്‍ ദൈവവുമായി നമുക്ക് പവിത്രമായൊരു കരാറുണ്ട്.
ഭൂമിയുടെ മേല്‍നോട്ടക്കാരായി വര്‍ത്തിക്കുന്ന വിശ്വസ്‌തരായി ദൈവം നമ്മെ നിയോഗിച്ചിരിക്കുന്നു എന്നറിയലാണ് ഗ്രീന്‍ ദീന്‍ പിന്തുടരുക എന്നതിന്റെ അര്‍ഥം. സംസാരിക്കാനും അറിയാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവ് നമുക്ക് നല്‍കി അനുഗ്രഹിച്ചതിനോടൊപ്പമാണ് വിശ്വാസത്തോടെ ഭൂമിയെ സംരക്ഷിക്കാമെന്ന വാഗ്‌ദാനം ദൈവം നമ്മില്‍ നിന്ന് വാങ്ങിയത്. ഭൂമിയെയും അതിലെ ജീവജാലങ്ങളെയും കുറിച്ച് തീരുമാനങ്ങളെടുക്കാനുള്ള കഴിവ് ദൈവം നമുക്ക് നല്‍കി. ഈ അനുഗ്രഹങ്ങള്‍ ലഭിച്ച നാം വിശ്വസ്‌തതയോടെ ബാധ്യത നിറവേറ്റണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. നമ്മിലര്‍പ്പിച്ച വിശ്വാസത്തില്‍നിന്ന് പ്രചോദനം നേടുകയോ നേടാതിരിക്കുകയോ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്.ഏതായാലും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാം തന്നെയായിരിക്കും ഉത്തരവാദികള്‍.
ഭൂമിയിലെ ഖലീഫ എന്ന നിലയില്‍ നാം ദൈവത്തോട് ചെയ്‌ത കരാറിനെ, അനന്തരഫലത്തെക്കുറിച്ച് ചിന്തിക്കാതെ ഭൂമിയില്‍ നമുക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഭൗതികമായ നേട്ടങ്ങള്‍ക്കുവേണ്ടി പ്രകൃതിയെ അപായപ്പെടുത്തുംവിധം അവര്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇസ്‌ലാം പഠിപ്പിക്കുന്നത് ഭൂമി ഒരു വിശുദ്ധ സ്ഥലമാണെന്നാണ്. നമ്മുടെ ഇച്ഛകള്‍ നാംപ്രകൃതിക്കുമേല്‍ അടിച്ചേല്‌പിക്കുമ്പോള്‍ നാമതിനെ മലിനപ്പെടുത്തുകയാണ്. ദൈവവുമായി നാം ചെയ്‌ത കരാര്‍ തിരിച്ചൊന്നും നല്‍കാതെ, മറ്റുള്ളവയെ- അവ മൃഗങ്ങളോ സസ്യങ്ങളോ മണ്ണോ ആകാശമോ ആവട്ടെ- കൊള്ളയടിക്കാനോ നശിപ്പിക്കാനോ ചൂഷണം ചെയ്യാനോ ഉള്ള ലൈസന്‍സല്ല. നമ്മോടുള്ള ദൈവിക കല്‌പന സ്രഷ്‌ടാവിനെ വാഴ്‌ത്താനും ഭൂമിയെ സംരക്ഷിക്കാനും സഹജീവികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കി ശ്രദ്ധാപൂര്‍വം ഓരോരുത്തരും ജീവിക്കാനുമാണ്.
നീതിയോടെ നിലകൊള്ളല്‍
ഭൂമിയെ പള്ളിപോലെ പരിഗണിക്കുക എന്നാല്‍ പ്രകൃതിയിലെ എല്ലാറ്റിനോടും നീതിയോടും ശരിയായും പെരുമാറുക എന്നാണ് അര്‍ഥമാക്കുന്നത്. സാമ്പത്തിക നേട്ടത്തിനു വേണ്ടി മനുഷ്യന്റെ അതിക്രമത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഭൂമിയുടെ സംരക്ഷകരുടെ റോള്‍ നാം സ്വീകരിക്കണം. മലിനീകരണത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം അനുഭവിക്കുന്ന ജനങ്ങളുടെ സംരക്ഷണത്തിനും ഭൂമിയുടെ സംരക്ഷണത്തിനും വേണ്ടിയാണ് പരിസ്ഥിതി മൂവ്‌മെന്റുകള്‍ ഉണ്ടായത്. രാഷ്‌ട്രീയ-സാമ്പത്തിക മേഖലകളില്‍ വേണ്ടത്ര സ്വാധീനമില്ലാത്ത സമൂഹങ്ങളാണ് പരിസ്ഥിതി മലിനീകരണത്തിന്റെ ആഘാതം കൂടുതലനുഭവിക്കേണ്ടിവരിക. തങ്ങളുടെ പ്രദേശത്ത് ലഭ്യമായ വിഭവങ്ങളില്‍ നിന്ന് ജീവിക്കാനുള്ള വക കണ്ടെത്താന്‍ കഴിയാത്തവരുമാണവര്‍.
ഈ അനീതിക്ക് ഭാഗികമായെങ്കിലും കുറ്റപ്പെടുത്തേണ്ടത് നമ്മുടെ സാമ്പത്തിക വ്യവസ്ഥയെയാണ്. ഏത് വിധേനയും സാമ്പത്തിക വളര്‍ച്ച നേടുക എന്നതിനെ ആശ്രയിച്ചിരിക്കുന്ന വ്യവസ്ഥയാണിത്. ഈ വ്യവസ്ഥ ഭൂമിയെ പള്ളിയായോ പരിപാവന സ്ഥലമായോ കാണുന്നില്ല. മറിച്ച്, വിഭവങ്ങള്‍ ഊറ്റിയെടുക്കാനുള്ള ഒരവസരമായാണ് കാണുന്നത്. കൂടുതല്‍ സാധനങ്ങള്‍ നിര്‍മിക്കാന്‍വേണ്ടി കൂടുതല്‍ പ്രകൃതി വിഭവങ്ങള്‍ അന്വേഷിക്കുകയും അവയെ ചൂഷണം ചെയ്യുകയും ചെയ്യുന്നു. വിപണനമേഖലയുടെ വികസനത്തിനായി ഭൂമിയോട് അതിക്രമം കാട്ടുകയും മനുഷ്യരെക്കുറിച്ച് പിന്നീട് മാത്രം ചിന്തിക്കുകയും ചെയ്യുന്നു.
ഗ്രീന്‍ ദീന്‍ എന്നാല്‍ ഭൂമിക്കുമേല്‍ നെഗറ്റീവായ സ്വാധീനം ഉണ്ടാക്കുവാന്‍ ജനങ്ങള്‍ക്ക് കഴിയും എന്നംഗീകരിക്കലാണ്. ഇത് ഖുര്‍ആന്‍ തന്നെ വ്യക്തമായി പറയുന്നുണ്ട്. `മനുഷ്യരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതുനിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം' (വി.ഖു 30:41)
ഈ വചനത്തെക്കുറിച്ച് അമേരിക്കന്‍ ഇസ്‌ലാമിക പണ്ഡിതനായ ഇമാം സൈദ് ശാക്കിര്‍ പറയുന്നു: മഴ കുറയുന്നതും കടല്‍വിഭവങ്ങള്‍ കുറയുന്നതും മറ്റു പരിസ്ഥിതി പ്രശ്‌നങ്ങളുമാണ് കുഴപ്പം എന്നതുകൊണ്ട് ആദ്യകാല ഖുര്‍ആന്‍ പണ്ഡിതന്മാര്‍ അര്‍ഥമാക്കിയത്. മനുഷ്യന്‍ ഭൂമിക്കുമേല്‍ നെഗറ്റീവായ ആഘാതം ഉണ്ടാക്കുമെന്നതിന് ഖുര്‍ആനില്‍ തെളിവുണ്ടെന്ന് ഈ ഉദ്ധരണി വ്യക്തമാക്കുന്നു. എല്ലാം പരസ്‌പര ബന്ധിതമാണെന്നറിഞ്ഞുകൊണ്ടുള്ളതാണ് യഥാര്‍ഥ ജീവിതം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കര, കടല്‍, ജനങ്ങള്‍, മൃഗങ്ങള്‍ എന്നിവയെ എങ്ങനെ സ്വാധീനിക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടുള്ളതായിരിക്കണം ജീവിതം. ഈ ഏകതയുമായി ചേര്‍ച്ചയുള്ളതാണോ നമ്മുടെ ജീവിതം. മൃഗങ്ങള്‍, മനുഷ്യര്‍, കടല്‍, കര എന്നിവയെ അനിയന്ത്രിതമായി ചുഷണം ചെയ്യുന്നതില്‍നിന്ന് അകന്നുനില്‍ക്കുന്നതിലൂടെയാണ് നീതിയിലധിഷ്‌ഠിതമായ സാമ്പത്തികാവസ്ഥയിലേക്കും പുരോഗതിയിലേക്കും നീങ്ങാനാവുക.
പരിമിതമായ വിഭവങ്ങള്‍ക്കുവേണ്ടി പോരടിക്കുന്നതിലല്ല, ഈ വിഭവങ്ങള്‍ തുല്യമായി എല്ലാവര്‍ക്കും ലഭ്യമാവുന്നു എന്ന് ഉറപ്പുവരുത്തുന്നതിലാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ജനങ്ങളും മൃഗങ്ങളും സസ്യലതാദികളും ദൈവത്തിന്റെ മറ്റു സൃഷ്‌ടികളും മാറ്റാനാവാത്തവിധം പരസ്‌പരം ബന്ധപ്പെട്ടവയാണെന്ന് ബോധ്യപ്പെടുത്തുന്ന ഒരു രൂപരേഖ ഗ്രീന്‍ദീനിന് നല്‍കാന്‍ കഴിയും. ഈ പരസ്‌പര ബന്ധത്തെ അംഗീകരിക്കുന്നതിലൂടെ കൂടുതല്‍ സമ്പത്ത് ഉണ്ടാക്കാനും നിലനില്‍ത്താനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മനുഷ്യര്‍, മൃഗങ്ങള്‍, വായു, കര, കടല്‍ എന്നിവയ്‌ക്ക് വരുത്തുന്ന കേട് തീരെ ഇല്ലാതാക്കാനാവില്ലെങ്കിലും കുറച്ചുകൊണ്ടുവരാന്‍ കഴിയും.
പ്രകൃതിയുമായി സമരസപ്പെട്ടുള്ള ജീവിതം
സമതുലിതമായി നിലകൊള്ളാനാണ് എല്ലാം സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. ഭൂമിയെ പള്ളിയായി കാണുകയെന്നാല്‍ ഈ സന്തുലിതാവസ്ഥയെ ആദരിക്കുക എന്നാണ്. നമുക്ക് രാത്രിയും പകലും വെളിച്ചം പ്രദാനം ചെയ്യുന്ന ചന്ദ്രനെയും സൂര്യനെയും കുറിച്ച് ചിന്തിച്ചുനോക്കൂ. കൃഷിയിറിക്കുന്നതിനും ഉറങ്ങുന്നതിനും ജോലി ചെയ്യുന്നതിനും പ്രാര്‍ഥിക്കുന്നതിനുമുള്ള സമയമറിയുന്നതിന് ഈ സന്തുലിതമായ വ്യവസ്ഥയെ നാം ആയിരക്കണക്കിനു വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഈ ചുറ്റുപാടിനു യോജിച്ചവിധം ശരിയായ രീതിയില്‍ മനുഷ്യനെ പടച്ച സര്‍വശക്തനായ ദൈവമുണ്ടെന്നതിന് ഇസ്‌ലാം തെളിവ് നല്‍കുന്നു.
നിയതമായ പഥങ്ങളിലൂടെ ചലിക്കാന്‍ നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും ദൈവം ആജ്ഞ നല്‍കിയിരിക്കുന്നു. ഭൂമിയില്‍ എല്ലാത്തിനെയും അതാതിന്റെ സ്ഥാനങ്ങളില്‍ നിലനിര്‍ത്തുന്നതിനായി ഗുരുത്വാകര്‍ഷണബലം(gravity) എന്ന അദൃശ്യശക്‌തിയെ ദൈവം സൃഷ്‌ടിച്ചിരിക്കുന്നു. സസ്യലതാദികള്‍, മൃഗങ്ങള്‍ എന്നിവയെ നമ്മുടെ കൂട്ടുകാരും സംരക്ഷകരും നമുക്ക് ഭക്ഷണം നല്‍കുന്നവരുമായി ദൈവം സൃഷ്‌ടിച്ചിരിക്കുന്നു.
ദൈവം ഖുര്‍ആനില്‍ പറയുന്നു:``അവന്‍ മനുഷ്യനെ സൃഷ്‌ടിച്ചു. അവനെ അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു. സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്). ചെടികളും വൃക്ഷങ്ങളും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ആകാശത്തെ അവന്‍ ഉയര്‍ത്തുകയും(എല്ലാകാര്യവും തൂക്കിക്കണക്കാക്കുവാനുള്ള) തുലാസ്സ് അവന്‍ സ്ഥാപിക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങള്‍ തുലാസ്സില്‍ ക്രമക്കേടു വരുത്താതിരിക്കാന്‍ വേണ്ടിയാണിത്. നിങ്ങള്‍ നീതിപൂര്‍വം തൂക്കം ശരിയാക്കുവീന്‍; തുലാസ്സില്‍ നിങ്ങള്‍ കമ്മി വരുത്തരുത്. ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു'' (55:3-10)
ദൈവം ഖുര്‍ആനില്‍ പറയുന്നതുപോലെ എല്ലാത്തിനും കൃത്യമായ സന്തുലിതത്വം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഈ സന്തുലിതത്വം നിലനിര്‍ത്തലാണ് ഇസ്‌ലാമിലെ നീതി. ഈ സന്തുലിതത്വത്തെക്കുറിച്ച് ചിന്തിക്കല്‍ ഒരു രൂപത്തിലുള്ള ആരാധനയാണ്. ``ചിന്തിക്കുന്നവര്‍ക്കുള്ള അടയാളങ്ങള്‍'' എന്നത് ഖുര്‍ആനില്‍ ആവര്‍ത്തിച്ചുവരുന്ന പ്രയോഗമാണ്. അതുകൊണ്ട് നമുക്കു ചുററും നാം കാണുന്ന ലോകത്തെക്കുറിച്ച് നാം ചിന്തിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ മനുഷ്യന്‍ മാറ്റിയിരിക്കുന്നുവെന്ന് ഇന്ന് വ്യക്തമാണ്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``ആകയാല്‍(സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്‌ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്‌ടിവ്യവസ്ഥയ്‌ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല (30:30)
ഈ സന്തുലിതത്വം നശിപ്പിക്കരുതെന്നാണ് ഇസ്‌ലാം മനുഷ്യരാശിയെ പഠിപ്പിക്കുന്നത്.
പ്രാര്‍ഥനയും ഗ്രീന്‍ ദീനും
നിങ്ങള്‍ പ്രാര്‍ഥിക്കണം. ദൈവത്തിന്റെയും അവന്റെ സൃഷ്‌ടിജാലങ്ങളുടെയും ഏകത്വത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനായി ഹൃദയം തുറക്കലും എവിടെയും ദൈവികദൃഷ്‌ടാന്തങ്ങള്‍ കാണലും ഭൂമിയില്‍ ദൈവത്തിന്റെ `ഖലീഫ'യായിരിക്കലും ഭൂമിയെ സംരക്ഷിക്കാമെന്ന് ദൈവത്തോട് ചെയ്‌ത കരാര്‍ പാലിക്കലും നീതിയ്‌ക്കായി നിലകൊള്ളലും പ്രകൃതിയോട് സമരസപ്പെട്ടു ജീവിക്കലുമാണ് ഗ്രീന്‍ ദീനനുസരിച്ച് ജീവിക്കുകയെന്നാല്‍. നമ്മുടെ ഹൃദയങ്ങള്‍ പ്രഥമവും പ്രധാനമായും നാം തുറക്കുന്നത് പ്രാര്‍ഥനയിലൂടെയാണ്. നാം ദൈനംദിന ജീവിതത്തില്‍ ദീന്‍ പിന്തുടരുന്നത് പ്രധാനമായും പ്രാര്‍ഥനയിലൂടെയാണ്.
ഭൂമിയിലെ സൃഷ്‌ടികളെല്ലാം പ്രാര്‍ഥനയിലാണ്. സര്‍വശക്തനായ ദൈവത്തെ മൃഗങ്ങളും സസ്യങ്ങളും സ്‌മരിക്കുന്നുണ്ട്. `ചെടികളും വൃക്ഷങ്ങളും (അല്ലാഹുവിന്) പ്രണാമം അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു' (വി.ഖു 55:6)
ആത്മവിചാരണയാണ് ഗ്രീന്‍ ദീനിന്റ തുടക്കം. ഭൂമിയെ പാവനമായി പരിഗണിക്കുന്നതിന് നാം നമ്മെത്തന്നെ നേരെയാക്കേണ്ടതുണ്ട്. മുസ്‌ലിംകള്‍ക്ക് പ്രാര്‍ഥനയാണ് താക്കോല്‍. പ്രാര്‍ഥന, ദൈവസ്‌മരണകൊണ്ട് ദൈനംദിന ജീവിതം ഭൂമിയുടെ സഞ്ചാരത്തിന്റെ താളത്തിനൊപ്പം ചിട്ടപ്പെടുത്താനുള്ള അവസരം നല്‍കുന്നു. മറ്റുള്ളവര്‍ ധ്യാനം, ചിന്ത, സ്‌നേഹം എന്നിവയിലൂടെ ഈ താളക്രമം കൈവരിക്കുന്നുണ്ടാവാം. നിങ്ങളുടെ പ്രാര്‍ഥന ഇതെല്ലാം ഉള്‍ക്കൊള്ളുന്നു.
പ്രകൃതിയിലുള്ളതെല്ലാം പ്രാര്‍ഥനയിലാണെങ്കില്‍, മനുഷ്യന് പ്രാര്‍ഥനയെന്നാല്‍ ഈ ഏകത്വത്തിന്റെ ഭൗതിക-ആത്മീയ പ്രകടനമാണ്. മുതിര്‍ന്ന വ്യക്തിയായ എനിക്ക് ഭാഗ്യവശാല്‍ അമേരിക്കയിലുടനീളം സഞ്ചരിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ഭൂമിയിലെ തുറസ്സായ സ്ഥലങ്ങളോട് എനിക്കെപ്പോഴും ബന്ധമുണ്ടായിരുന്നു. പ്രാര്‍ഥനയാണ് ഇത്തരം സ്ഥലങ്ങളുമായി എന്നെ ബന്ധപ്പെടുത്തിയത്. നെവ്‌ദയിലെ ഹൈവേ 50ന്റെ അരികു മുതല്‍ മാരിന്‍ കൗണ്ടിയിലെ പസഫിക് സമുദ്രത്തിന്റെ അറ്റം വരെയുള്ള പല സ്ഥലങ്ങളിലും ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്. ഇരച്ചുകയറുന്ന തിരമാലകളുടെ ശബ്‌ദം കേട്ടുകൊണ്ട്, കറുത്ത മണലില്‍ കാല്‍വെച്ചുകൊണ്ട്, ഞാന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്. ഒഴുകിവരുന്ന സമൃദ്ധമായ മഴവെള്ളത്തില്‍ വുളുവെടുത്ത് നമസ്‌കരിച്ചിട്ടുണ്ട്. കടലാമകളോടൊപ്പം നീന്തിയശേഷവും നമസ്‌കരിച്ചിട്ടുണ്ട്. ചിക്കാഗോയിലെ ഹിമപാതത്തെ നേരിട്ടിട്ടുണ്ട്. വെര്‍മോന്റിലെ മലകള്‍ കയറിയിട്ടുണ്ട്. കാലിഫോര്‍ണിയയിലെ ദോഷ്യാ ട്രീ നാഷണല്‍ പാര്‍ക്കിലെ ക്വാട്‌സ് മണ്‍സോനൈറ്റ് പാറക്കെട്ടുകളില്‍ കയറിയിട്ടുണ്ട്. അപ്പോഴെല്ലാം പ്രാര്‍ഥിക്കാന്‍ സമയം കണ്ടെത്തിയിട്ടുമുണ്ട്. ഭൂമി യഥാര്‍ഥത്തില്‍ ഒരു പള്ളിയാണെന്ന് എന്റെ അനുഭവങ്ങള്‍ എനിക്ക് കാണിച്ചുതന്നു.
പ്രവാചകന്‍ മുഹമ്മദ് നബി(സ) നിര്‍ദേശിച്ചതുപോലെ നമ്മുടെ ഹൃദയങ്ങളെ ചികിത്സിച്ചുകൊണ്ടാണ് നാം ആരംഭിക്കേണ്ടത്. ഈയടുത്ത് നടത്തിയ ഒരു പ്രഭാഷണത്തില്‍ പ്രമുഖ പണ്ഡിതനായ താരിഖ് റമദാന്‍ പറഞ്ഞു: `നിങ്ങള്‍ ദരിദ്രരായതുകൊണ്ടല്ല നല്ലവരായത്. ധനികരായതുകൊണ്ടല്ല നിങ്ങള്‍ കൊള്ളരുതാത്തവരായത്. നിങ്ങളുടെ ഹൃദയത്തിലുള്ളതാണ് നിങ്ങളെ നല്ലതോ ചീത്തയോ ആക്കുന്നത്.
പ്രവാചകന്‍(സ) പറഞ്ഞു: തീര്‍ച്ചയായും ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നാവും. അത് മോശമായാല്‍ ശരീരം മുഴുവന്‍ മോശമാവും. ഹൃദയമാണത്'. നമ്മുടെ ഹൃദയങ്ങള്‍ക്ക് പരിചരണം വേണ്ടപോലെ, ഭൂമിക്കും പരിചരണം ആവശ്യമാണ്. പ്രാര്‍ഥനയിലൂടെ നമുക്ക് ആശ്വാസം ലഭിക്കും. എല്ലാ സൃഷ്‌ടിജാലങ്ങളോടും സമരസപ്പെട്ട് ജീവിക്കുന്നതിലൂടെ ഭൂമിയ്‌ക്ക് ആശ്വാസം നല്‍കാന്‍ നമുക്ക് കഴിയും. നാം നമ്മെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് നാം ഭൂമിയെ എങ്ങനെ സംരക്ഷിക്കുന്നു എന്നത്. നാം ഭൂമിയെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് നാം നമ്മെ എങ്ങനെ സംരക്ഷിക്കുന്നു എന്നതും.
ഗ്രീന്‍ ദീന്‍ മൂവ്‌മെന്റ്
ഗ്രീന്‍ ദീനനുസരിച്ച് ജീവിക്കുകയും പ്രാര്‍ഥനയിലൂടെ നമ്മുടെ ഹൃദയങ്ങളെ ശുശ്രൂഷിക്കുകയും ചെയ്‌തതിനു ശേഷമുള്ള ഘട്ടം ഗ്രീന്‍ ദീന്‍ ഒരു ജനകീയ പ്രസ്ഥാനമായി വളര്‍ത്തുന്നതാണ്. എന്നിട്ട് ഈ മുവ്‌മെന്റിനെ ഇന്റര്‍ഫെയ്‌ത്ത് മുവ്‌മെന്റുമായും പരിസ്ഥിതി മുവ്‌മെന്റുകളുമായും മനുഷ്യാവകാശ സംഘടനകളുമായും ബന്ധിപ്പിക്കുക. നാമെല്ലാം ചിന്തിക്കേണ്ടതുണ്ട്. ഗ്രീന്‍ പാര്‍ട്ടിയുടെ മുന്‍വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന വിനോമ ലാഡ്യൂക് 2000ലെ ഒരു ബോസ്റ്റണ്‍ റാലിയില്‍ പറഞ്ഞു: `ഭൂമിയുമായുള്ള നമ്മുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമുണ്ട്.'
പ്രകൃതി സ്‌നേഹവുമായി നന്നായി പൊരുത്തപ്പെടുന്ന ധാര്‍മികാധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജീവസ്സുറ്റ മതമാണ് ഇസ്‌ലാം. ഈ അധ്യാപനങ്ങള്‍ സ്വകാര്യ ജീവിതത്തില്‍മാത്രമല്ല, നാം ജീവിക്കുന്ന സമൂഹത്തിന്റെയും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കലാണ് ഗ്രീന്‍ ദീന്‍ പിന്തുടരുക എന്നാല്‍. ഭൂമിയെ ഒരു പള്ളിപോലെ പരിഗണിക്കുന്ന സമൂഹത്തോട് നാം ഒത്തുചേരണം. ലോകമെമ്പാടും മുസ്‌ലിംകള്‍ പരിസ്ഥിതി സംഘടനകളുമായി ഐക്യപ്പെടാന്‍ ശ്രമിക്കുന്നത് പ്രോത്സാഹജനകമാണ്. ഇസ്‌ലാമിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗ്രീന്‍ദീന്‍ മുവ്‌മെന്റ് രൂപപ്പെടുത്തുന്നതിന് ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ തീര്‍ച്ചയായും ശ്രമിക്കുന്നുണ്ട്. ഇത് ത്വരിതപ്പെടുത്തുന്നതിന് നാല് പ്രവര്‍ത്തനങ്ങളാണ് ഞാന്‍ മുന്നോട്ടുവെക്കുന്നത്.
1. നാം നമ്മുടെ കഥകള്‍ പറയണം. ഭൂമിയെ സംരക്ഷിക്കാന്‍ സജീവ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം മാതൃകകാട്ടിയ മുസ്‌ലിംകളും അല്ലാത്തവരുമായ വിശ്വാസികളുടെ കഥകളാണ് ഈ പുസ്‌തകത്തിലുള്ളത്. ഇവരുടെ പ്രചോദനാത്മകകഥകള്‍ ഗ്രീന്‍ദീന്‍ ജീവിതത്തിന് ഒരു ഗൈഡിന്റെ സേവനം ചെയ്യുന്നു. സൃഷ്‌ടികള്‍ക്കെല്ലാമിടയില്‍ ഐക്യം എങ്ങനെ ഉണ്ടാക്കാം എന്നും ഈ കഥകള്‍ നമുക്ക് കാണിച്ചുതരുന്നു. ഈ കഥകളിലൂടെ, ഇവിടെ യഥാര്‍ഥത്തില്‍ നാമൊരു ലക്ഷ്യത്തോടുകൂടിയാണുള്ളതെന്ന് വായനക്കാരായ നിങ്ങള്‍ മനസ്സിലാക്കുന്നു. ആ ലക്ഷ്യത്താലും നിങ്ങള്‍ക്ക് വഹിക്കാന്‍ കഴിയുന്ന റോളിനാലും നിങ്ങള്‍ പ്രചോദിതരാവണമെന്ന് ഞാനാഗ്രഹിക്കുന്നു.
2. പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും നാം ബോധമുള്ളവരാവുകയും മറ്റുള്ളവരെ ബോധവാന്മാരാക്കുകയും വേണം. ചരിത്രത്തിലുടനീളം ജനങ്ങള്‍ വെള്ളം, വേസ്റ്റ്, ഊര്‍ജം, ഭക്ഷണം എന്നിവയെ എങ്ങനെ കൈകാര്യം ചെയ്‌തു എന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്‌കാരങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. വെള്ളം, വേസ്റ്റ്, ഊര്‍ജം, ഭക്ഷണം എന്നിവ അതതു കാലഘട്ടങ്ങളുടെ മുദ്രയായ ഉദാഹരണങ്ങള്‍ നോക്കുക. നഗരങ്ങളിലേക്ക് വെള്ളം കൊണ്ടുവരുന്നതിനു റോമക്കാര്‍ പ്രശസ്‌തമായ ചാലുകള്‍ പണിതു. മാലിന്യങ്ങള്‍ വേണ്ടരൂപത്തില്‍ നിയന്ത്രിക്കാത്തതുമൂലമാണ് പലഭാഗത്തും പ്ലേഗ് പടര്‍ന്നുപിടിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തെ നിര്‍വചിച്ചത് -നല്ലതിനാണെങ്കിലും അല്ലെങ്കിലും- ആണവോര്‍ജത്തില്‍നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള തീരുമാനമാണ്. അറിയപ്പെട്ട ചരിത്രത്തിെല ഭൂരിഭാഗം കാലയളവിലും ഭക്ഷണത്തിന്റെ നിയന്ത്രണം പ്രാദേശികമായിരുന്നു - കുടുംബങ്ങളും ചെറിയ പ്രാദേശിക വ്യവസ്ഥകളും ഉള്‍പ്പെടുന്ന - ഗ്രാമത്തില്‍ നിന്നും ഗ്രാമത്തിലേക്ക്.
നമുക്കുള്ള വിഭവങ്ങള്‍ കഴിയുന്നത്ര നന്നായി നിയന്ത്രിക്കാന്‍ നാം മനുഷ്യര്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും നാം കൂടുതല്‍ നന്നായി നിയന്ത്രിക്കേണ്ടതുണ്ട്. ലോകചരിത്രത്തില്‍ ഒരുകാലത്തും മനുഷ്യര്‍ സ്ഥിരമായി ഇത്ര ബന്ധപ്പെട്ടിരുന്നില്ല. ബന്ധപ്പെടാനുള്ള ഈ സൗകര്യങ്ങള്‍ ഒരേസമയം വെല്ലുവിളിയും അനുഗ്രഹവുമാണ്. മനുഷ്യരുടെ ഈ കഴിവിനെ നമ്മുടെ സ്ഥാപനങ്ങളെ കൂടുതല്‍ ഉത്തരവാദിത്വങ്ങളുള്ളവയാക്കുന്നതിനും, ദാഹിക്കുന്നവന് വെള്ളം നല്‍കാനും, വിശക്കുന്നവന് ഭക്ഷണം നല്‍കാനും, സര്‍ഗാത്മകതയും ഇച്ഛാശക്തിയും ആശയങ്ങളുമുള്ള കഠിനാധ്വാനികള്‍ക്ക് ശക്തിനല്‍കുന്നതിനും ഉള്ള കൂടുതല്‍ നല്ല മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് നമുക്ക് ഉപയോഗിക്കാന്‍ കഴിയും. ആവാന്‍ കഴിയുന്നതില്‍ ഏറ്റവും നല്ല `ഖലീഫ'മാരാകണം നമ്മള്‍. ഭൂമിക്കുമേല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന ആഘാതം കുറയ്‌ക്കാന്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ നാം കണ്ടെത്തണം.
3. ഇതര ജീവികളുമായി നാം ബന്ധം സ്ഥാപിക്കണം. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് കൂടുതലറിയുന്നതിനും ഇതര വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരുമായി പൊതുവായ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കാന്‍ കഴിയുംവിധം ബന്ധമുണ്ടാക്കുന്നതിനും കഴിയും എന്നതാണ് ഗ്രീന്‍ദീനിന്റെ സൗന്ദര്യം. ജീവിതത്തിന്റെ പരസ്‌പരബന്ധവും ഏകതയും നാം മനസ്സിലാക്കുമ്പോഴാണ് നാം കൂടുതല്‍ കരുത്തരാവുന്നതും മറ്റുള്ളവരോട് കൂടുതല്‍ സ്‌നേഹവായ്‌പുള്ളവരാകുന്നതും. നാമിപ്പോള്‍ ജീവിക്കുന്ന രീതി നിലനിര്‍ത്തിക്കൊണ്ടുപോകാനാവാത്തതാണെന്ന് നമുക്കറിയാം.
സാധാരണയായി ഇന്റര്‍ഫെയ്‌ത്ത് മൂവ്‌മെന്റുകള്‍ വ്യത്യസ്‌തമത നേതാക്കളുടെയും അനുയായികളുടെയും പരസ്‌പര ബന്ധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിശ്വാസപരമായ സംവാദമാണ് അതില്‍ നടക്കുക. എന്നാല്‍ നാമെല്ലാം ഭൂമിയില്‍ ഒന്നിച്ച് വസിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഈ അടിസ്ഥാനത്തില്‍ സാധാരണക്കാരുടെ ഒരു കൂട്ടായ്‌മയ്‌ക്ക് ഒരുമിച്ച് പണിയെടുക്കാന്‍ കഴിയും. വികസനം, ലാഭം, നേട്ടം, നഷ്‌ടം എന്നിവയെക്കുറിച്ചുള്ള ചിന്തയില്‍ കാര്യമായ മാറ്റം ഉണ്ടാക്കല്‍ ഈ കൂട്ടായ്‌മയിലൂടെ സാധിക്കും. ഇതരവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരുമായി ബന്ധപ്പെട്ട് വിശാലമായ `വിശ്വാസി സമൂഹത്തെ' രൂപപ്പെടുത്താം.
അത്തരം മതാന്തര ബന്ധങ്ങളുണ്ടാക്കാനുള്ള ഒരു മാര്‍ഗം പൂന്തോട്ടങ്ങള്‍, പഴയകെട്ടിടങ്ങള്‍ എന്നിവ വൃത്തിയാക്കല്‍, പ്രയോജന പ്രദമായ സാധനങ്ങള്‍ വീണ്ടെടുക്കല്‍ തുടങ്ങിയ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. പ്രവര്‍ത്തനങ്ങളിലൂടെ വൈകാരികമായ ബന്ധം രൂപപ്പെടുന്നു. അത് ദൈവസ്‌നേഹം പങ്കുവെയ്‌ക്കുന്ന, ഒരേ ഗ്രഹത്തില്‍ താമസിക്കുന്നവരുടെ സാമൂഹിക കൂട്ടായ്‌മ രൂപപ്പെടുത്തുന്നു. എല്ലാതരം വിശ്വാസികളെയും ബന്ധിപ്പിക്കുന്നതാണ് പരിസ്ഥിതി സേവനം. പരിസ്ഥിതി മൂവ്‌മെന്റിന് മുസ്‌ലിംകളും ക്രിസ്‌ത്യാനികളും ജൂതന്മാരും മറ്റു വിശ്വാസികളും ഒന്നിച്ച് പങ്കുവെക്കുന്ന ഭൂമിക്ക് സേവനം ചെയ്യേണ്ട ബാധ്യതയുണ്ട്.
4. നാം ഉന്മേഷവാന്മാരായിരിക്കണം. പുതിയ ആശയങ്ങള്‍ പരീക്ഷിക്കാനും തോല്‍വിയെ ഭയക്കാതിരിക്കാനും കഴിവുണ്ടായിരിക്കണം. ഏതെങ്കിലും ഇമാമിന്റെയോ പുരോഹിതന്റെയോ വാഗ്വിലാസത്തെ ആശ്രയിച്ചായിരിക്കരുത് ഗ്രീന്‍ ദീനിനുവേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനം. ഏതെങ്കിലും ആക്‌ടിവിസ്റ്റു സംഘത്തിന്റെയോ വ്യക്തിയുടെയോ പ്രതിഷേധ പ്രസംഗം കേട്ടിട്ടും ആയിരിക്കരുത് ഈ പ്രവര്‍ത്തനം. മറിച്ച്, ആശയങ്ങളുടെയും സര്‍ഗാത്മകതയുടെയും ഒരു മൂവ്‌മെന്റാണിത്. അവരവരുടെ വീട്ടിലും പള്ളിയിലും ജോലിസ്ഥലത്തും കൂടുതല്‍ കാര്യക്ഷമതയോടെ, കുറച്ച് മാലിന്യങ്ങള്‍ മാത്രം ഉത്‌പാദിപ്പിക്കുന്ന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഈ മുവ്‌മെന്റില്‍ പങ്കാളികളായ എല്ലാവര്‍ക്കും കഴിയും.
പരാജയഭീതിയാണ് പലപ്പോഴും നമ്മുടെ സമൂഹങ്ങളെ പിന്നോട്ടു വലിക്കുന്നത്. മറിച്ച്, ഭൂമിയില്‍ ദൈവത്തിന്റെ കൂടുതല്‍ നല്ല സ്ഥാനപതികളാണെന്ന് മനസ്സിലാക്കാനുതകുന്ന ആത്യന്തിക ലക്ഷ്യങ്ങളിലും കാഴ്‌ചപ്പാടുകളിലുമായിരിക്കണം നമ്മുടെ ശ്രദ്ധ. ഒരാളും വിശന്നോ ദാഹിച്ചോ കഴിയരുതെന്ന് നാം നമ്മെത്തന്നെ സ്ഥിരമായി ഓര്‍മപ്പെടുത്തണം. സൃഷ്‌ടിപ്പിന്റെ ഏകതയ്‌ക്ക് കഴിയുന്നത്ര മികച്ച രീതിയില്‍ എല്ലാ മനുഷ്യരിലും അനുകരണമുണ്ടാക്കാന്‍ കഴിയണം. പാരസ്‌പര്യത്താല്‍ ജ്വലിക്കുന്നതാണ് േലാകം. ഈ യാഥാര്‍ഥ്യം സ്വയം വ്യക്തമാണ്. ഈ ഗ്രഹത്തെ സംരക്ഷിക്കാന്‍ നാമെല്ലാം ബാധ്യസ്ഥരാണ്.
വിവ. സിദ്ദീഖ് സി സൈനുദ്ദീന്‍
0 comments: