എളിമയില്‍ ചാലിച്ച പ്രതിഭാവിലാസം
ബഷീര്‍ രണ്ടത്താണി
അബ്‌ദുര്‍റഹ്‌മാന്‍ അന്‍സാരി ഈ ലോകത്തോട് വിടപറഞ്ഞു. പ്രഗത്ഭനായൊരു പണ്ഡിതനും പ്രതിഭാധനനായ പ്രഭാഷകനും ധിഷണാശാലിയായ എഴുത്തുകാരനെയുമാണ് അന്‍സാരിയുടെ വിയോഗത്തിലൂടെ നമുക്കു നഷ്‌ടമായത്. എളിമയുടെ പ്രതിരൂപമായിരുന്നു അദ്ദേഹം. തൗഹീദിനു വേണ്ടി ആത്മസമര്‍പ്പണം ചെയ്‌ത പി സൈദ് മൗലവിയെന്ന പിതാവിന്റെ കടുത്ത ശിക്ഷണത്തിന്റെ മൂശയിലിട്ടു പരുവപ്പെടുത്തിയ ഗുണവിശേഷണങ്ങളൊക്കെ സ്വന്തമായിരുന്നു അന്‍സാരിക്ക്. രണ്ടത്താണിക്കാര്‍ക്കെല്ലാം തങ്ങളുടെ പ്രിയപ്പെട്ട സൈദ് മൗലവിയുടെ മകന്‍ `കുഞ്ഞാന്‍' ആയിരുന്നു.
സൈദ് മൗലവിയുടെ പുത്രസ്‌നേഹം ആവോളം നുകര്‍ന്നായിരുന്നു അന്‍സാരിയുടെ ബാല്യം. സൈദ് മൗലവിക്ക് ആദ്യമായി പിറന്ന പെണ്‍കുഞ്ഞ് ചെറുപ്പത്തിലേ മരണപ്പെടുകയായിരുന്നു. രണ്ടാമത്തെ കുട്ടിയായിരുന്നു അബ്‌ദുര്‍റഹ്‌മാന്‍. പിന്നീട് ജനിച്ച അബ്‌ദുല്‍കരീം ശ്വാസം മുട്ടല്‍ വന്നാണ് മരിച്ചത്. പിന്നീട് ജനിച്ച മകനും അബ്‌ദുല്‍കരീം എന്നു തന്നെ പേരിട്ടു. ഒരു വയസ്സും നാലു മാസവുമുള്ളപ്പോള്‍ അപസ്‌മാര രോഗം പിടിപെട്ട് ആ കുട്ടിയും മരണപ്പെട്ടു. ജീവിച്ചിരിക്കുന്ന ഏകപുത്രന്‍ അബ്‌ദുര്‍റഹ്‌മാനെ എല്ലാ സ്‌നേഹലാളനകളും വാരിക്കോരിക്കൊടുത്താണ് മൗലവി വളര്‍ത്തിയത്.
1950കളില്‍ മസ്‌ജിദുര്‍റഹ്‌മാനില്‍ ഖത്തീബായാണ് സൈദ് മൗലവി രണ്ടത്താണിയിലെത്തുന്നത്. അബ്‌ദുര്‍റഹ്‌മാന്‍ അന്ന് കൊച്ചുകുട്ടിയാണ്. ജുമുഅക്ക് ഉമ്മയുടെ കൂടെ പള്ളിയില്‍ വന്നിരുന്ന ആ കൊച്ചുകുട്ടി മൗലവി ഖുത്വ്‌ബ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മുട്ടിലിഴഞ്ഞ് മിന്‍ബറിനു താഴെവന്നു നിന്നു കരയും. അത്തരം സന്ദര്‍ഭങ്ങളില്‍ മകനെ എടുത്ത് മിന്‍ബലിറിലിരുത്തിയാണ് മൗലവി ഖുത്വ്‌ബ തുടര്‍ന്നത്.
ദാരിദ്ര്യവും കഷ്‌ടപ്പാടും നിറഞ്ഞതായിരുന്നു അന്‍സാരിയുടെ ബാല്യം. വള്ളുവനാട് താലൂക്കില്‍ എടത്തനാട്ടുകര ദേശത്ത് പൂക്കാടഞ്ചേരി മഹല്ലില്‍ ജനിച്ച സൈദ് മൗലവി എടവണ്ണയില്‍ ചായക്കച്ചവടം നടത്തിയിരുന്ന ഹസന്‍കുട്ടി സാഹിബിന്റെ മകള്‍ ആമിനയെ വിവാഹം കഴിച്ച് രണ്ടത്താണിയിലെത്തുന്നത് ഖല്‍ബില്‍ തൗഹീദിലധിഷ്‌ഠിതമായ അചഞ്ചലമായ ആദര്‍ശ വിശ്വാസങ്ങളും ഒപ്പം ജീവിതദുരിതങ്ങളുടെ ഭാണ്ഡക്കെട്ടുമായിരുന്നു. പട്ടിണിയും പരിവട്ടവും പക്ഷേ മൗലവി ആരോടും പങ്കുവെച്ചില്ല. പ്രതിഫലത്തെക്കുറിച്ച് ഒരിക്കല്‍ പോലും ചിന്തിച്ചില്ല. 1990-ല്‍ മരണപ്പെടുമ്പോള്‍ 450 രൂപയായിരുന്നു മൗലവിയുടെ ശമ്പളം. ഭാര്യയും ഏഴു മക്കളുമുള്ള കുടുംബം പുലര്‍ത്താന്‍ മൗലവി ചെയ്യാത്ത കൈത്തൊഴിലുകള്‍ ചുരുക്കമായിരുന്നു.
രണ്ടത്താണി അങ്ങാടിയുടെ തെക്കേയറ്റത്ത് ഒരു പീടികമുറിക്കു പിന്നിലെ ചായ്‌പ്പിലായിരുന്നു മൗലവിയുടെയും കുടുംബത്തിന്റെയും താമസം. തീര്‍ത്തും ദരിദ്രമായ ആ ചുറ്റുപാടിലാണ് അന്‍സാരി വളര്‍ന്നത്. സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കരപ്പന്‍ പിടിപെട്ടതു കാരണം അബ്‌ദുര്‍റഹ്‌മാന് കുറേക്കാലം പഠനം മുടങ്ങി. പിന്നീട് സ്‌കൂളില്‍ കൊണ്ടുചെന്നാക്കിയെങ്കിലും പോകാന്‍ മടി കാണിച്ചു. മൗലവി നിര്‍ബന്ധിച്ചതുമില്ല. എങ്കിലും വീട്ടിലിരുന്ന് അദ്ദേഹം തന്നെ ഒന്നാംക്ലാസിലെയും രണ്ടാംക്ലാസിലെയും പാഠങ്ങള്‍ മകനെ പഠിപ്പിച്ചു. രണ്ടു കൊല്ലം കഴിഞ്ഞ് മൂന്നാംക്ലാസിലേക്കാണ് അബ്‌ദുര്‍റഹ്‌മാനെ പിന്നീട് സ്‌കൂളില്‍ ചേര്‍ത്തത്. പിന്നെയും ഏറെയൊന്നും പഠിക്കാന്‍ കഴിഞ്ഞില്ല. ഭൗതിക വിദ്യാഭ്യാസത്തെക്കാള്‍ മക്കളുടെ ദീനീവിദ്യാഭ്യാസത്തിനായിരുന്നു മൗലവി ഊന്നല്‍ നല്‌കിയത്.
അഫ്‌ദലുല്‍ ഉലമ പാസായ ശേഷം തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അറബി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അന്‍സാരി ഇസ്വ്‌ലാഹീ പ്രവര്‍ത്തനരംഗത്ത് പിതാവിന്റെ പാത പിന്തുടര്‍ന്നു. ഇസ്വ്‌ലാഹി പ്രചരണത്തിന് കലാ-സാഹിത്യ മാധ്യമങ്ങള്‍ ഉപയോഗിക്കാമെന്നു ബോധ്യപ്പെടുത്തിയത് സൈദുമൗലവിയായിരുന്നു. പാട്ടുകളും ചിത്രീകരണങ്ങളും ആക്ഷേപാസ്യവുമൊക്കെ മൗലവി ഇതിനായി സ്വയം രചിച്ചു. ഇത്തിക്കണ്ണികള്‍, കള്ളനോട്ടുകള്‍, ടൂറിസ്റ്റുകള്‍ തുടങ്ങിയവ മൗലവി രചിച്ച ചിത്രീകരണങ്ങളാണ്.
പിതാവിന്റെ പാത പിന്തുടര്‍ന്ന് ഇസ്‌ലാഹീ പ്രചരണത്തിനും തൗഹീദിന്റെ ബോധവത്‌കരണത്തിനുമായി അന്‍സാരിയും കലാ സാഹിത്യമാധ്യമങ്ങളെ സമീപിച്ചു. ഗാനങ്ങള്‍, ചിത്രീകരണം, സംഗീതശില്‌പം തുടങ്ങിയ മേഖലകളൊക്കെയും തൗഹീദിന്റെ പ്രചരണത്തിനായി അന്‍സാരിയും പ്രയോജനപ്പെടുത്തി. ഏതാണ്ട് അഞ്ഞൂറിലധികം ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. തൗഹീദ് ഗാനങ്ങള്‍ എന്നൊരു ഉപശാഖ അന്‍സാരി സൃഷ്‌ടിച്ചെടുത്തു. തസ്‌ബീഹ് എന്ന ഗാനസമാഹാരവും ഖലീലുല്ലാഹ് എന്ന സംഗീതശില്‌പവുമൊക്കെ കാസറ്റുകളായി പുറത്തിറങ്ങി. ഒട്ടേറെ ചിത്രീകരണങ്ങള്‍ക്കും അദ്ദേഹം രചന നിര്‍വഹിച്ചു. ദിനപ്പത്രങ്ങളിലും വാരികകളിലുമൊക്കെയായി എണ്ണമറ്റ ലേഖനങ്ങളെഴുതി.
പിതാവിന്റെ മരണശേഷം ഏതാണ്ട് ഇരുപത് വര്‍ഷത്തോളം മസ്‌ജിദുര്‍റഹ്‌മാനിയില്‍ ഖത്തീബായി സേവനമനുഷ്‌ഠിച്ചു. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായി ശാരീരികാസ്വാസ്ഥ്യമനുഭവിക്കുമ്പോഴും അന്‍സാരി ഖുത്വ്‌ബ നിര്‍വഹിക്കാനെത്തി. പിതാവിനെ പോലെത്തന്നെ ആകര്‍ഷകമായിരുന്നു അന്‍സാരിയുടെ ഖുത്വ്‌ബയും പ്രഭാഷണങ്ങളും ഖുര്‍ആന്‍ പാരായണവുമൊക്കെ.
ജീവിതാന്ത്യം വരെ കര്‍മനിരതനായിരുന്നു അന്‍സാരി. മരിക്കുന്നതിന്റെ ഒരാഴ്‌ച മുമ്പ് പുറത്തിറങ്ങിയ വഴിയടയാളങ്ങള്‍ എന്ന സുവനീറിന്റെ പ്രധാന ഉപദേശകനായിരുന്നു അന്‍സാരി. മെയ് 15-ന് രണ്ടത്താണി ഏരിയ ഐ എസ് എം സമ്മേളനത്തില്‍ പ്രകാശനം ചെയ്‌ത വഴിയടയാളങ്ങള്‍ക്കു വേണ്ടി സി പി ഉമര്‍സുല്ലമിയുമായുള്ള ഒരു ദീര്‍ഘസംഭാഷണത്തില്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഗതകാല സ്‌മൃതികള്‍ ഓര്‍മിച്ചെടുക്കുകയാണ് ഇരുവരും.
സുവനീറിനുവേണ്ടി രണ്ടത്താണിയുടെ പഴയകാല ചരിത്രമെഴുതാന്‍ ഈ ലേഖകനെ ഏല്‌പിക്കുകയും രോഗശയ്യയില്‍ കിടന്നുപോലും സുവനീര്‍ കാര്യങ്ങള്‍ ഇടക്കിടെ ഓര്‍മിപ്പിക്കുകയും ചെയ്‌തിരുന്നു അന്‍സാരി. വിദ്യാര്‍ഥികളുടെ സര്‍ഗശേഷിയെ വളര്‍ത്തിക്കൊണ്ടുവരാന്‍ സൈദ് മൗലവിയുടെ പ്രേരണയില്‍ രണ്ടത്താണി ശാഖാ എം എസ് എം ആരംഭിച്ച മാര്‍ഗദര്‍ശി എന്ന കൈയെഴുത്തു മാസികയില്‍ 1978-ല്‍ ആമുഖമായി എന്നെക്കൊണ്ട് കഥ എഴുതിച്ചതും അന്‍സാരിയായിരുന്നു.
മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പില്‍ വ്രണിതഹൃദയനായിരുന്നു അന്‍സാരി. പലപ്പോഴും ഹൃദയ വേദനയോടെ അക്കാര്യങ്ങള്‍ പങ്കുവെക്കാറുണ്ടായിരുന്നു. 62 വര്‍ഷത്തെ ജീവിതത്തിലൂടെ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിനും കേരളീയ പൊതുസമൂഹത്തിനും പ്രതിഭയുടെ പൊന്നലുക്കുകള്‍ സമ്മാനിച്ച അന്‍സാരി, പിതാവ് പകര്‍ന്നുനല്‌കിയ ആദര്‍ശ നിഷ്‌ഠയും ജീവിതശൈലി വിശേഷങ്ങളും അവസാനം വരെ പിന്തുടര്‍ന്നാണ് കടന്നുപോയത്. അണഞ്ഞത് പ്രതിഭയുടെ പൊന്‍വെട്ടം തന്നെയാണ്.
0 comments: