മണ്ണിന്റെ മനസറിഞ്ഞ കര്‍ഷകകുടുബം

  • Posted by Sanveer Ittoli
  • at 9:35 PM -
  • 0 comments
മണ്ണിന്റെ മനസറിഞ്ഞ കര്‍ഷകകുടുബം
ഫീച്ചര്‍ -
മുഹ്‌സിന്‍ കോട്ടക്കല്‍

മലയാളികള്‍ തിരിഞ്ഞുനടത്തത്തിലാണ്‌; കൃഷിയുള്‍ക്കൊണ്ട സമ്പൂര്‍ണ ജീവിതവ്യവസ്ഥിതിയില്‍ നിന്ന്‌. പച്ചപ്പില്‍ നിന്ന്‌ മരുഭൂമിയിലേക്കുള്ള ഈ കൂട്ട നടത്തത്തിനിടയില്‍ നിന്നു വഴിമാറി നടക്കുന്ന ചുരുക്കം ചിലരെ പെട്ടെന്നു കണ്ടുപിടിക്കാനാകും.
2008-ലെ കര്‍ഷകശ്രീ അവാര്‍ഡും 2009-ല്‍ കര്‍ഷകോത്തമ അവാര്‍ഡും നേടിയ വെട്ടം ചുണ്ടന്‍വീട്ടില്‍ മുഹമ്മദും ഭാര്യ ഷക്കീല മുഹമ്മദും ഈ ന്യൂനപക്ഷത്തിലെ നക്ഷത്രങ്ങളാണ്‌. വെട്ടം വി ആര്‍ സിയുടെ ഉടമയും സജീവ ഇസ്‌ലാഹി പ്രവര്‍ത്തകനുമാണ്‌ മുഹമ്മദ്‌. ഒരു പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച്‌ അനന്തരമായി കിട്ടിയ ഭൂമിയില്‍ റിയല്‍ എസ്റ്റേറ്റ്‌ കളിക്കാതെ ആസൂത്രിതമായി ജൈവകൃഷി നടത്തി പൊന്നു വിളയിച്ച ചരിത്രമാണ്‌ മുഹമ്മദിന്റേത്‌. ആധുനിക സാങ്കേതിക വിദ്യയുടെ ആസൂത്രിതവും വിവേകപൂര്‍വകവുമായ ഉപയോഗം കൃഷി എന്ന സംസ്‌കാരത്തിന്‌ ഊടും പാവും നെയ്യാന്‍ ഉതകുമെന്ന്‌ അവര്‍ തെളിയിക്കുന്നുണ്ട്‌. ബഹുതല വിളകളും ആടുമാടുകളും പക്ഷികളും ചേര്‍ന്ന്‌ പരസ്‌പരാശ്രിതമായ പ്രകൃതി ജീവിതത്തിന്റെ താളയലവുമാണ്‌ അവരുടെ കൃഷിയിടത്തില്‍ തെളിയുന്നത്‌. ഈ വ്യതിരിക്ത കൃഷി ജീവിതത്തിന്റെ വിശേഷങ്ങളും സന്തോഷവും കൃഷിപാഠങ്ങളും പങ്കുവെക്കുകയാണ്‌ മുഹമ്മദും സഹധര്‍മിണിയും.
ലോകം മുഴുവന്‍ മണ്ണ്‌ പുരളാത്ത ജീവിതം തെരഞ്ഞെടുക്കുമ്പോള്‍ കര്‍ഷകന്റെ ജീവിതത്തിലേക്ക്‌ വരുന്നതെങ്ങനെയാണ്‌?
പാരമ്പര്യ കര്‍ഷക കുടുംബത്തിലാണ്‌ ജനിച്ചത്‌. സ്‌കൂള്‍ പഠനത്തോടെ വിദ്യാഭ്യാസം അവസാനിപ്പിച്ച്‌ ഞാനും കൃഷിയിലേക്കിറങ്ങുകയായിരുന്നു. വെട്ടം പ്രദേശത്തെ പ്രധാന കാര്‍ഷിക വരുമാന സ്രോതസ്‌ തെങ്ങ്‌ കൃഷിയായിരുന്നു. എന്നാല്‍ കൃത്യമായ ഒരു കാര്‍ഷിക വിദ്യാഭ്യാസം ഇവിടെ ഉണ്ടായിരുന്നില്ല. കുടുംബ വിഹിതമായി കിട്ടിയ പത്തരയേക്കര്‍ ഭൂമിയില്‍ 700 തെങ്ങുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിളവില്‍ വളരെ പിന്നോക്കമായിരുന്നു. രാസവളപ്രയോഗം മണ്ണിന്റെ ശേഷി തീര്‍ത്തും അപഹരിച്ചു. അങ്ങനെയിരിക്കെയാണ്‌ തമിഴ്‌നാട്ടിലെ സത്യമംഗലത്തു ചെന്ന്‌ ജൈവ കര്‍ഷകനായ സുന്ദരരാമയ്യരെ കാണുന്നത്‌. ആ സഹവാസത്തിലൂടെ ജൈവകൃഷിയുടെ അനിവാര്യത ബോധ്യം വന്നു. അദ്ദേഹത്തിന്റെയടുക്കല്‍ നിന്ന്‌ ജൈവ വളക്കൂട്ടുകള്‍ തയ്യാറാക്കുന്നത്‌ പഠിച്ചു. തെങ്ങിന്‍ തോപ്പ്‌ നന്നാക്കിയെടുക്കുകയായിരുന്നു ആദ്യപടി. അതിന്റെ ഭാഗമായി തീരെ മോശമായ തെങ്ങുകള്‍ വെട്ടിയൊഴിവാക്കി. മണ്ണു നന്നാക്കിയും കൃത്യമായ പരിചരണത്തിലൂടെയും തെങ്ങുകളെ മെച്ചപ്പെടുത്തി. അതില്‍ പിന്നെ വിളവു കൂടി. പിന്നീടങ്ങോട്ട്‌ കൃഷി തന്നെയാണ്‌ ജീവിതം. ലോകം ഭക്ഷ്യക്ഷാമത്തെക്കുറിച്ച്‌ഭീതിപ്പെടുന്ന കാലത്ത്‌ ഭക്ഷ്യകാര്യത്തില്‍ സ്വയം പര്യാപ്‌തമായിരിക്കണം എന്ന ഉറച്ച ബോധമാണ്‌ കര്‍ഷകനായി എന്നെ നിലനിര്‍ത്തുന്നത്‌.
കേരളത്തില്‍ കേരകര്‍ഷകര്‍ സാമ്പത്തിക ഞെരുക്കം നേരിടുമ്പോള്‍ താങ്കളെങ്ങനെയാണതിനെ മറികടക്കുന്നത്‌?
കേരകര്‍ഷകര്‍ പൊതുവില്‍ തേങ്ങ അതേപടി വില്‌ക്കുകയാണ്‌ ചെയ്യുന്നത്‌. അതൊട്ടും ലാഭകരമല്ല. വെളിച്ചെണ്ണ മാത്രമേ വിപണിയില്‍ കൊടുക്കാവൂ. ബാക്കിയെല്ലാം നമുക്കു തന്നെ ഉപയോഗിക്കാന്‍ പറ്റും. പിണ്ണാക്കും ചകിരിയുമെല്ലാം വളങ്ങളായി ഉപയോഗിക്കാം. ജൈവശ്രീ എന്ന പേരില്‍ വെളിച്ചെണ്ണയും വെന്ത വെളിച്ചെണ്ണയും ഞങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്‌. തെങ്ങുകൃഷിയുടെ ഈറ്റില്ലമാണ്‌ കേരളമെങ്കിലും സര്‍ക്കാറുകളുടെ അനാസ്ഥയാണ്‌ കേരകര്‍ഷകരെ ദുരിതത്തിലാക്കുന്നത്‌. 67 ശതമാനം വരെ ഇറക്കുമതിച്ചുങ്കം ചുമത്താവുന്ന, മലേഷ്യയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന പാമോയിലിന്‌ പൂജ്യം ശതമാനം ചുങ്കം ചുമത്തുകവഴി കേരളത്തിലെ തെങ്ങുകൃഷിയെ നാമാവശേഷമാക്കുകയാണ്‌ ചെയ്യുന്നത്‌.
1967 ലെ കൊച്ചി അബ്‌കാരി നിയമപ്രകാരം കള്ളിന്റെ നിര്‍വചനത്തില്‍ തെങ്ങ്‌, പന, ഈന്തപ്പന തുടങ്ങിയവയില്‍ നിന്നു ലഭിക്കുന്ന പുളിച്ചതും പുളിക്കാത്തതുമായ എല്ലാ പാനീയങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നു. മദ്യാംശം തീരെയില്ലാത്ത പുളിക്കാത്ത നീരയെ കള്ളിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ വിരോധാഭാസമാണ്‌. തെങ്ങിന്‍ പൂക്കുലയില്‍ നിന്നു ലഭിക്കുന്ന പ്രകൃതിദത്തമായ പാനീയമാണ്‌ നീര. പശു പാലാണ്‌ തരുന്നത്‌, തൈരല്ല എന്ന പ്രാഥമിക ബോധമാണിവിടെയും വേണ്ടത്‌. അമിനോ അമ്ലങ്ങളുടെയും, വിറ്റാമിന്‍, കാത്സ്യം, ഇരുമ്പ്‌ തുടങ്ങിയ ധാതുക്കളുടെയും കലവറയാണ്‌ തെങ്ങിന്റെ നീര. ആരോഗ്യപ്രശ്‌നങ്ങളേറെ സൃഷ്‌ടിക്കുന്ന നിരവധി സോഫ്‌റ്റ്‌ ഡ്രിങ്കുകള്‍ ഇവിടെ വിറ്റഴിക്കപ്പെടുമ്പോള്‍ ആരോഗ്യപാനീയമായി ഉപയോഗിക്കാവുന്നതും കേരളത്തിന്റെ സമ്പദ്‌ വ്യവസ്ഥയെ പുഷ്‌ടിപ്പെടുത്താന്‍ ഏറെ സഹായകവുമായ ഒന്നാണ്‌ യുക്തിരഹിതമായ നിയമങ്ങള്‍ കാരണം മുടങ്ങിക്കിടക്കുന്നത്‌. 94 നാളികേരോല്‌പാദക രാജ്യങ്ങളില്‍ ഇന്ത്യയില്‍ മാത്രമേ നീര ഉല്‌പാദിപ്പിക്കുവാന്‍ തടസ്സമുള്ളൂ!
കേരകൃഷിക്കു പുറമേ മറ്റെന്തെല്ലാമാണ്‌ പ്രധാനമായും കൃഷിചെയ്യുന്നത്‌?
ജൈവവളം ചെയ്‌ത്‌ മണ്ണ്‌ നന്നാക്കിയതില്‍ പിന്നെ വാഴ നട്ടു. നേന്ത്ര, റോബസ്റ്റ്‌, കദളി, പൂവന്‍, ഞാലിപ്പൂവന്‍ എല്ലാം നല്ലപോലെ കുലച്ചു. ഇന്നിപ്പോള്‍ തെങ്ങു മാത്രമുണ്ടായിരുന്ന സ്ഥലത്ത്‌ ഒരിഞ്ചു ഭൂമിയും വെറുതെയിട്ടിട്ടില്ല. ഇടവിളകളായി കമുക്‌, വാനില, ജാതി, കുരുമുളക്‌, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയും തുണിവ്യവസായത്തിലും മറ്റും സ്വാഭാവിക നിറം നല്‌കുന്നതിനു വേണ്ടിയുള്ള അനാട്ടോ (കുരങ്ങു മൈലാഞ്ചി)യും വളര്‍ത്തിവരുന്നു. തണലുള്ള സ്ഥലത്തേക്ക്‌ അനുയോജ്യമായ ചേനയും ചേമ്പുമാണ്‌ മറ്റ്‌ വിളകള്‍.
കൃഷിയിടത്തിനു ചുറ്റും അതിരിലായി 1500ല്‍ പരം പതിമുഖം നട്ടിട്ടുണ്ട്‌. സപ്പോട്ട, മാവ്‌, പ്ലാവ്‌, കശുമാവ്‌, മങ്കോസ്റ്റിന്‍, പപ്പായ, ചാമ്പ തുടങ്ങിയ ഫലവൃക്ഷങ്ങളും തുളസി, വേപ്പ്‌, കരിയാത്ത, കറിവേപ്പ്‌, കുടമ്പുളി, ചതുരപ്പുളി തുടങ്ങിയ ഔഷധസസ്യങ്ങളും നട്ടുവരുന്നു.
പശു, ആട്‌, മുയല്‍, കോഴി, താറാവ്‌ എന്നിവയുടെ ഫാമുകളും തോട്ടത്തിലുണ്ട്‌. കോഴികളില്‍ ടര്‍ക്കി, ഗിനി, അംഗക്കോഴി, സില്‍ക്കി കോഴി, കാട എന്നിങ്ങനെ വിവിധയിനങ്ങള്‍ തന്നെയുണ്ട്‌. ആസ്‌ത്രേലിയന്‍ ഇനമായ എമുവും ഫാമിലുണ്ട്‌. ടാങ്കിലും കൃഷിയിടം നനയ്‌ക്കാന്‍ വെള്ളമെടുക്കുന്ന കുളത്തിലും മത്സ്യം വളര്‍ത്തുന്നുണ്ട്‌.
എന്തുകൊണ്ടാണ്‌ സമ്മിശ്ര കൃഷി തെരഞ്ഞെടുക്കുന്നത്‌?
ജൈവകൃഷി രീതി അവലംബിക്കുന്ന കൃഷിയിടങ്ങളില്‍ വിളകള്‍ക്കുള്ള അതേ പ്രാധാന്യം മൃഗങ്ങള്‍ക്കുമുണ്ട്‌. ജൈവവളം പുറത്തുനിന്ന്‌ വാങ്ങിക്കുന്നത്‌ ഭാരിച്ച സാമ്പത്തിക ബാധ്യതയാണ്‌. കൃഷിയിടത്തിലേക്കാവശ്യമായ വളവും പാചകത്തിനുള്ള ബയോഗ്യാസും ഞങ്ങള്‍ ഇവിടെത്തന്നെ ഉല്‌പാദിപ്പിക്കുന്നു. വളത്തിലുപരിയായി മികച്ച വരുമാനവും സാധ്യമാകുന്നു. പതിമൂന്ന്‌ കറവപ്പശുകളടക്കം ഇരുപത്‌ പശുക്കളും അമ്പത്‌ ആടുകളുമുണ്ട്‌. ദിനംപ്രതി 120 ലിറ്റര്‍ പാല്‍ വില്‌ക്കാനുണ്ടാകും. പാല്‌ കൂടാതെ തൈര്‌, വെണ്ണ എന്നിവയും പായ്‌ക്കറ്റിലാക്കി വില്‌ക്കുന്നു.
പൂര്‍ണമായും ജൈവമാണ്‌ കൃഷി എന്നു പറഞ്ഞല്ലോ. എന്തൊക്കെയാണ്‌ നിങ്ങളുപയോഗിക്കുന്ന വളങ്ങള്‍?
വിളകളുടെ വളര്‍ച്ചക്കും വര്‍ധനവിനും കീടങ്ങളെ നശിപ്പിക്കുവാനും പര്യാപ്‌തമായ ആയിരക്കണക്കിന്‌ ജീവാണുക്കളും ജൈവപദാര്‍ഥങ്ങളും നമുക്ക്‌ ലഭ്യമാണെന്നിരിക്കെ തല്‌ക്കാലം ലാഭം തരുന്നുണ്ടെങ്കിലും ഭാവിയില്‍ വന്‍ ബാധ്യതയായി മാറുന്ന രാസവള കീടനാശിനികളെ നാം പ്രോത്സാഹിപ്പിക്കേണ്ടതില്ല. പലയിടങ്ങളില്‍ നിന്നായി പഠിച്ചതും സ്വന്തം നിലയില്‍ പരീക്ഷിച്ച്‌ വിജയിച്ചതുമായ ജൈവവളങ്ങളും കീടനാശിനികളുമാണ്‌ ഞങ്ങള്‍ ഉപയോഗിക്കുന്നത്‌. ജൈവ വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും അടിസ്ഥാന ഘടകമായി ഉപയോഗിക്കുന്ന ഇ എം 2 ലായനി, ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള ഇ എം 5 ലായനി, മുട്ടലായനി, അമൂത ലായനി, ലീഫ്‌ എക്‌സ്‌ട്രാക്‌ട്‌, ഫിഷ്‌ എക്‌സ്‌ട്രാക്‌ട്‌, ആര്‍ കെ ബാക്‌ടീരിയ ലായനി, വേഗം പുഷ്‌പിക്കുന്നതിനും ഫലങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മോര്‌ ലായനി, ഫ്‌ളവര്‍ എക്‌സ്‌ട്രാക്‌ട്‌, മണ്ണിര കമ്പോസ്റ്റ്‌ തുടങ്ങി വിവിധങ്ങളായ ജൈവക്കൂട്ടുകളാണ്‌ കൃഷിയില്‍ ഞങ്ങള്‍ പരീക്ഷിക്കുന്നത്‌.
കാര്‍ഷിക വൃത്തിയില്‍ യന്ത്രസഹായം ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്ന ഒരാളാണ്‌ താങ്കള്‍. എന്താണ്‌ കാരണം?
കൃഷിപ്പണി എളുപ്പമാക്കാനും ചെലവ്‌ ചുരുക്കാനും യന്ത്രസഹായം കൂടിയേ തീരൂ. ലോകം മുഴുവന്‍ പുരോഗമിച്ച ഇക്കാലത്ത്‌ കാര്‍ഷികരംഗം മാത്രം പ്രാകൃതമായ രീതി അവലംബിച്ചാല്‍ കൃഷി ചെയ്യാന്‍ ആളെ കിട്ടില്ല. യുവാക്കളെയും പുതു തലമുറയെയും ആകര്‍ഷിക്കണമെങ്കില്‍ യന്ത്രസഹായം നിര്‍ബന്ധമാണ്‌. ഒരു സ്വിച്ച്‌ ഓണാക്കുന്ന പണിയേ ഉണ്ടാകാന്‍ പാടുള്ളൂ. പത്ത്‌ ഏക്കര്‍ ഭൂമിയില്‍ ബഹുമുഖ വിളകള്‍ കൃഷിചെയ്‌ത്‌ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ ഒത്തിരി തൊഴിലാളികളെ ആവശ്യമായി വരും. എന്നാല്‍ പൂര്‍ണമായി യന്ത്രവല്‌കൃതമായതിനാല്‍ മൂന്നോ നാലോ സഹായികളുണ്ടെങ്കില്‍ തന്നെ ഞങ്ങള്‍ക്ക്‌ ധാരാളം.
ഏതെല്ലാം യന്ത്രങ്ങളാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌?
യന്ത്രങ്ങള്‍ പലതും യാത്രകളില്‍ കണ്ടു താല്‌പര്യം തോന്നി വാങ്ങിയതും വായിച്ചറിഞ്ഞു വാങ്ങിയവയുമാണ്‌. ചിലതൊക്കെ പരിഷ്‌കരിച്ചെടുത്തു. ഞങ്ങളുടെ ആവശ്യത്തിനുവേണ്ടി സ്വയം രൂപകല്‌പനചെയ്‌തവയുമുണ്ട്‌. കൃഷിപ്പണിക്കും വിളവെടുപ്പിനും സംസ്‌കരണത്തിനുമൊക്കെ വിവിധ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌.
സ്ലറി മിക്‌സിംഗ്‌ യൂണിറ്റ്‌ (ബയോഗ്യാസ്‌ പ്ലാന്റില്‍ നിന്നുള്ള ചാണകക്കുഴമ്പ്‌ കലക്കിയെടുക്കുന്നത്‌), സ്ലറി പമ്പിംഗ്‌ സിസ്റ്റം (ചാണകക്കുഴമ്പ്‌ കൃഷിയിടത്തിലേക്ക്‌ പമ്പ്‌ ചെയ്യാന്‍ ഉപയോഗിക്കുന്നത്‌), തീറ്റപ്പുല്ല്‌ ചെറു കഷ്‌ണങ്ങളാക്കുന്ന ചാഫ്‌ കട്ടര്‍, കൊപ്രാ ഡ്രയര്‍, വെളിച്ചെണ്ണ ഫില്‍ട്ടര്‍, മുട്ട വിരിയിക്കാനുള്ള മിനി ഇന്‍ക്യൂബേറ്റര്‍, കറവയന്ത്രം, വെളിച്ചെണ്ണ, പാല്‍ പാക്കിംഗ്‌ യന്ത്രം, തുള്ളി നനയ്‌ക്കുള്ള വാട്ടര്‍ ഫില്‍ട്ടര്‍, മണ്ണിര കമ്പോസ്റ്റ്‌ അരിപ്പ, സ്‌റ്റമ്പ്‌ കട്ടര്‍ തുടങ്ങി മരങ്ങളുടെ കൊമ്പ്‌ കോതാന്‍ വരെയുള്ള ഉപകരണങ്ങള്‍ ഈ പട്ടികയിലുണ്ട്‌.
കൃഷിരംഗം ആധുനികവത്‌കരിക്കപ്പെട്ടെങ്കിലും പുതുതലമുറ ഇതിനോട്‌ വിമുഖത കാണിക്കുകയാണല്ലോ?
ലോകം പൊതുവില്‍ കാര്‍ഷിക വൃത്തിയില്‍ നിന്ന്‌ പുറം തിരിഞ്ഞുനില്‌ക്കുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌. കര്‍ഷകരായ രക്ഷിതാക്കള്‍ പോലും മക്കളെ കര്‍ഷകരായി കാണാന്‍ ആഗ്രഹിക്കുന്നില്ല. യുവാക്കളെല്ലാവരും എം ബി എ എടുക്കാനുള്ള തത്രപ്പാടിലാണ്‌! പഠനത്തോടൊപ്പം നമ്മുടെ മക്കള്‍ മണ്ണിനെ അറിയണം, സ്‌നേഹിക്കണം. ഒരു പാഠഭാഗം വായിച്ചുതീര്‍ക്കുന്ന അതേ ഇഷ്‌ടത്തോടെ ഒരു ചെടിയെ പരിപാലിക്കാന്‍ പുതിയ തലമുറയ്‌ക്ക്‌ കഴിയണം.
പരമ്പരാഗതവും കൂടുതല്‍ പ്രകൃതിക്ക്‌ അനുയോജ്യവുമായ പല കൃഷിരീതികളും അന്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. മനുഷ്യ വംശത്തിന്റെ സുസ്ഥിരമായ നിലനില്‌പ്‌ ഉറപ്പുവരുത്തി ഭൂമിയിലെ അമിതചൂഷണം ഉപേക്ഷിച്ച്‌ ജൈവകൃഷി അവലംബിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണം. എങ്കിലേ വരും തലമുറകള്‍ക്കും ഉപജീവനം ഈ ഭൂമിയില്‍ നിന്നുതന്നെ കണ്ടെത്താനാകൂ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: