പ്രവാചകന്റെ രാപ്രയാണം ചരിത്രവും സന്ദേശവും

  • Posted by Sanveer Ittoli
  • at 12:54 AM -
  • 1 comments
പ്രവാചകന്റെ രാപ്രയാണം ചരിത്രവും സന്ദേശവും


- പഠനം -
പി മുസ്‌തഫ നിലമ്പൂര്‍

പ്രവാചകത്വത്തിന്‌ ശേഷം നബി(സ)ക്കുണ്ടായ സുപ്രധാനങ്ങളായ ദൃഷ്‌ടാന്തങ്ങളാണ്‌ ഇസ്‌റാഅ്‌-മിഅ്‌റാജ്‌. സമൂഹത്തിന്‌ ദൃഢവിശ്വാസത്തിനുതകുന്ന ദൃഷ്‌ടാന്തങ്ങള്‍ എല്ലാ പ്രവാചകന്മാര്‍ക്കും അല്ലാഹു നല്‌കിയിട്ടുണ്ട്‌. നബി(സ) പറഞ്ഞു: ``എല്ലാ പ്രവാചകന്മാര്‍ക്കും വിശ്വസനീയമായ ദൃഷ്‌ടാന്തങ്ങള്‍ നല്‌കാതിരുന്നിട്ടില്ല'' (ബുഖാരി). അത്തരത്തില്‍ നബി(സ)ക്ക്‌ നല്‍കപ്പെട്ട ദൃഷ്‌ടാന്തങ്ങളാണ്‌ ഇസ്‌റാഅ്‌ മിഅ്‌റാജ്‌ സംഭവങ്ങള്‍.
പിതൃവ്യന്‍ അബൂത്വാലിബിന്റെയും പ്രിയപത്‌നി ഖദീജ(റ)യുടെയും വേര്‍പാടുകളുടെ നൊമ്പരങ്ങളും അതിനുശേഷം മക്കക്കാരുടെ ക്രൂരമായ പീഡനങ്ങളും സഹിക്കേണ്ടിവന്ന നബി(സ) ത്വാഇഫില്‍ അഭയം തേടിയെങ്കിലും അവിടത്തുകാര്‍ അപ്രതീക്ഷിതവും തുല്യതയില്ലാത്തതുമായ അതിക്രമങ്ങള്‍ കാട്ടുകയും ആട്ടിയോടിക്കുകയും ചെയ്‌തു. സഹനത്തിന്റെയും പരീക്ഷണത്തിന്റെയും ഈ നിര്‍ണായക സാഹചര്യത്തില്‍, തിരുനബി(സ)ക്ക്‌ വരാനിരിക്കുന്ന വിജയത്തിന്റെയും ദൗത്യപൂര്‍ത്തീകരണത്തിന്റെയും സുവിശേഷം കൂടിയായിരുന്നു ഈ മഹാസംഭവങ്ങള്‍.
വിശുദ്ധ ഖുര്‍ആനില്‍ ഹ്രസ്വമായും തിരുവചനങ്ങളില്‍ വിശദമായും വിവരിച്ച അനേകം തെളിവുകളുണ്ട്‌. അനേകം സ്വഹാബിമാരില്‍ നിന്ന്‌ ഈ സംഭവം വിവിധ രൂപത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പൂര്‍വികരും ആധുനികരുമായ പണ്ഡിതന്മാരില്‍ ചിലര്‍ വിവിധങ്ങളായ നിലയില്‍ ഇവയെ വിലയിരുത്തിയിട്ടുണ്ട്‌. എല്ലാ വിലയിരുത്തലുകളിലും അവ ദൈവിക ദൃഷ്‌ടാന്തങ്ങളായിരുന്നുവെന്നതാണ്‌ വ്യക്തമാകുന്നത്‌. അതുകൊണ്ടുതന്നെ അത്‌ ആത്മീയമോ ശാരീരികമോ അതോ രണ്ടും ചേര്‍ന്നതോ എന്നതിനെക്കാള്‍ പ്രസക്തം അതിന്റെ സന്ദേശമെന്ത്‌ എന്നതാണ്‌.
അല്ലാഹു പറയുന്നു: ``തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്‌ജിദുല്‍ ഹറാമില്‍ നിന്ന്‌ മസ്‌ജിദുല്‍ അഖ്‌സ്വായിലേക്ക്‌ -അതിന്റെ പരിസരം നാം അനുഗൃഹീതമക്കിയിരിക്കുന്നു -നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍ ചിലത്‌ അദ്ദേഹത്തിന്‌ നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.'' (ഇസ്‌റഅ്‌ 1)
മക്കയിലെ മസ്‌ജിദുല്‍ ഹറാമില്‍ കിടന്നുറങ്ങുന്ന നബി(സ)യുടെ നെഞ്ചുകീറി ഹൃദയം കഴുകി ശുദ്ധിയാക്കുകയും ഈമാനും ഹിക്‌മതും നിറച്ച്‌ മുറിവ്‌ ചേര്‍ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ജിബ്‌രീല്‍(അ) കൊണ്ടുവന്ന `അല്‍ബുറാഖ്‌' എന്ന (കുതിരയെക്കാള്‍ ചെറുതും കഴുതയെക്കാള്‍ വലുതുമായ) അത്ഭുതവാഹനത്തില്‍ ഫലസ്‌തീനിലെ മസ്‌ജിദുല്‍ അഖ്‌സ്വായിലേക്ക്‌ പോയി. ഈ പ്രയാണത്തെയാണ്‌ ഇസ്‌റാഅ്‌ എന്ന്‌ പറയുന്നത്‌. അവിടെ രണ്ട്‌ റക്‌അത്ത്‌ തഹിയ്യത്‌ നമസ്‌കരിച്ചു. ശേഷം നബി(സ)ക്ക്‌ പാലും കള്ളും ഹാജരാക്കപ്പെട്ടു. നബി(സ) പാല്‍ തെരഞ്ഞെടുത്തു. തുടര്‍ന്ന്‌ പല പടികളുള്ള കോണി (മിഅ്‌റാജ്‌) വഴി ആകാശാരോഹണം നടത്തി. ഏഴ്‌ ആകാശങ്ങളും സിദ്‌റതുല്‍ മുന്‍തഹായും ബൈത്തുല്‍ മഅ്‌മൂറും സ്വര്‍ഗവും നരകവും പല അത്ഭുത ദൃശ്യങ്ങളും കാഴ്‌ചകളും ദര്‍ശിച്ചു. ഇതാണ്‌ മിഅ്‌റാജ്‌.
കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ ആകാശത്തിന്റെ കാവല്‍ക്കാരായ മലക്കുകള്‍ ഓരോ ആകാശവും തുറക്കുകയും അവിടങ്ങളില്‍ പൂര്‍വികരായ പ്രവാചകന്മാരില്‍ ചിലരെ കാണുകയും അഭിവാദ്യം ചെയ്യുകയും ചെയ്‌തു. പരിശുദ്ധനായ അല്ലാഹുവുമായി നബി(സ) സംസാരിച്ചു. ജിബ്‌രീലിന്‌ പ്രവേശനമില്ലാത്തിടത്തേക്ക്‌ പോലും നബി(സ)യെ അല്ലാഹു ഉയര്‍ത്തി. എന്നാല്‍ അല്ലാഹുവിനെ നബി(സ) ദര്‍ശിച്ചുവെന്ന ചിലരുടെ വാദത്തെ ആഇശ(റ) വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. ആഇശ(റ) പറയുന്നു: ``ആരെങ്കിലും മുഹമ്മദ്‌ നബി(സ) തന്റെ രക്ഷിതാവിനെ കണ്ടു എന്ന്‌ വാദിക്കുകയാണെങ്കില്‍ അവന്‍ അല്ലാഹുവിന്റെ മേല്‍ ഏറ്റവും വലിയ കുറ്റാരോപണമാണ്‌ നടത്തുന്നത്‌.'' (ബുഖാരി)
അല്ലാഹു പറയുന്നു: ``മറ്റൊരു ഇറക്കത്തിലും അദ്ദേഹം ആ മലക്കിനെ കണ്ടിട്ടുണ്ട്‌. അറ്റത്തെ ഇലന്തമരത്തിനടുത്തുവെച്ച്‌. അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം. ആ ഇലന്ത മരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്‌തിരുന്നപ്പോള്‍. (നബിയുടെ) ദൃഷ്‌ടി തെറ്റിപ്പോയിട്ടില്ല. അതിക്രമിച്ചു പോയിട്ടുമില്ല. തീര്‍ച്ചയായും തന്റെ രക്ഷിതാവിന്റെ അതി മഹത്തായ ദൃഷ്‌ടാന്തങ്ങളില്‍ ചിലത്‌ അദ്ദേഹം കാണുകയുണ്ടായി. (നജ്‌മ്‌ 13-18)
നമസ്‌കാരം നിര്‍ബന്ധമാക്കുന്നു
മനുഷ്യന്‍ സ്രഷ്‌ടാവുമായി അഭിമുഖഭാഷണം നടത്തുന്ന മഹത്തായ സന്ദര്‍ഭമാണ്‌ നമസ്‌കാരം. പൂര്‍വിക സമൂഹത്തിനും നിര്‍ബന്ധമായിരുന്നു നമസ്‌കാരം. നബി(സ)യുടെ സമൂഹത്തിന്‌ ഈ ആരാധനാകര്‍മം നിര്‍ബന്ധമാക്കുന്നത്‌ ഈ അത്ഭുത ദൃഷ്‌ടാന്തത്തില്‍ ആകാശത്ത്‌ വെച്ചാണെന്നത്‌ നമസ്‌കാരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു. രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്‌ടാന്തങ്ങള്‍ക്ക്‌ അവന്റെ സമ്മാനമായ അന്‍പത്‌ നേരത്തെ നമസ്‌കാരവുമായി നബി(സ) തിരിച്ചുവരുമ്പോള്‍ ഏറെ അനുഭവസമ്പത്തുള്ള മൂസാ(അ), അത്‌ അങ്ങയുടെ സമൂഹത്തിന്‌ പ്രയാസവും അസാധ്യവുമാകുമെന്നും അതിനാല്‍ അത്‌ ലഘൂകരിക്കാനായി റബ്ബിനോട്‌ ആവശ്യപ്പെടണമെന്നും നിര്‍ദേശിച്ചു. ജിബ്‌രീലിന്റെ അനുവാദത്തോടെ റബ്ബിനോട്‌ ലഘൂകരണത്തിനായി അപേക്ഷിക്കുകയും പല പ്രാവശ്യമായി ലഘൂകരിച്ച്‌ അഞ്ച്‌ വഖ്‌ത്‌ നിയമമാക്കുകയും ചെയ്‌തു. അഞ്ച്‌ വഖ്‌ത്‌ യഥാവിധം നിര്‍വഹിച്ചാല്‍ ഓരോന്നിനും പത്ത്‌ ഇരട്ടി വീതം 50 വഖ്‌തിന്റെ പ്രതിഫലം പരമകാരുണികന്‍ വാഗ്‌ദാനം ചെയ്‌തു.
മൂസാ(അ)യുടെ സഹായം
ഈ സംഭവത്തെ മുന്‍നിര്‍ത്തി, ജീവിച്ചിരിക്കുന്ന നബി(സ)യെ മരണപ്പെട്ട മൂസാ(അ) സഹായിച്ചിട്ടുണ്ടെന്നും അതിനാല്‍ മരിച്ചവര്‍ സഹായിക്കുമെന്നും അവരോട്‌ സഹായം തേടാമെന്നും ജല്‌പിക്കുന്നവര്‍ കടുത്ത അപരാധമാണ്‌ ചെയ്യുന്നത്‌.
മിഅ്‌റാജ്‌ വേളയില്‍ നബി(സ) മൂസാ(അ)യോട്‌ സഹായംതേടുകയോ മൂസാ(അ) സഹായിക്കുകയോ ചെയ്‌തിട്ടില്ല. മിഅ്‌റാജ്‌ വേളയില്‍ ചില പ്രവാചകന്മാരുമായി അഭിമുഖീകരിക്കുകയും സംസാരിക്കുകയും ചെയ്‌തതുപോലെ തിരിച്ചുപോരുമ്പോള്‍ ആറാം ആകാശത്തുള്ള മൂസാ(അ), കാലങ്ങളോളം ബനൂഇസ്‌റായീല്യരെ പ്രബോധനം ചെയ്‌ത അനുഭവം പങ്കുവെക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ അമാനുഷിക സംഭവമായിരുന്നു. സാധാരണ കാര്യങ്ങളെ ഈ അടിസ്ഥാനത്തില്‍ വിലയിരുത്താവതല്ല.
ഇബ്‌നുഹജറുല്‍ അസ്‌ഖലാനി(റ) വ്യക്തമാക്കുന്നത്‌ നോക്കുക: ``രാപ്രയാണ യാത്രയില്‍ പ്രവാചകന്മാര്‍ നബിയെ കണ്ടപ്പോള്‍ അവരുടെ അവസ്ഥയെ സംബന്ധിച്ച്‌ ഭിന്നാഭിപ്രായമുണ്ട്‌. നബി(സ)യുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു വേണ്ടി, ശരീരസഹിതം അവര്‍ക്കും ഇസ്‌റാഅ്‌ ഉണ്ടായതാണോ അല്ലെങ്കില്‍ അബുല്‍ വഫാഇബ്‌നു ഉഖൈല്‍(റ) സമര്‍ഥിച്ചതു പോലെ അവരുടെ ആത്മാക്കള്‍ക്ക്‌ നബി(സ)യെ കാണുന്നതിനു വേണ്ടി ശരീരരൂപം നല്‌കി എത്തിക്കപ്പെട്ടതാണോ എന്നും (അഭിപ്രായവ്യത്യാസമുണ്ട്‌). എന്നാല്‍ നമ്മുടെ ചില ഗുരുനാഥന്മാര്‍ ആദ്യത്തെ അഭിപ്രായമാണ്‌ തെരഞ്ഞെടുത്തത്‌.'' (ഫത്‌ഹുല്‍ബാരി 7:213)
ശാഫിഈ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത്‌, നബി(സ)ക്ക്‌ ഇസ്‌റാഅ്‌ നടന്ന ദിവസം മറ്റു പ്രവാചകന്മാര്‍ക്കും ഇസ്‌റാഅ്‌ ഉണ്ടായി എന്നാണ്‌. അബുല്‍ വഫാഅ്‌ (റ)നെ പോലുള്ളവര്‍ പറയുന്നത്‌ നബിമാരുടെ ആത്മാക്കളില്‍ ശരീരരൂപം പ്രവേശിപ്പിച്ചതാണെന്നാണ്‌. രണ്ടായാലും അത്‌ അസാധാരണവും മുഅ്‌ജിസത്തില്‍ പെട്ടതുമാണ്‌. അല്ലാഹുവിന്റെ മഹാത്ഭുതങ്ങള്‍!~
നബി(സ)യുടെ നെഞ്ച്‌ കീറി ഹൃദയം പുറത്തെടുത്ത സംഭവം മുതല്‍ ഉള്ള എല്ലാ കാര്യങ്ങളും അസാധാരണ സംഭവങ്ങളും അത്‌ അംഗീകരിക്കല്‍ നിര്‍ബന്ധവുമാണ്‌. അതിന്റെ യാഥാര്‍ഥ്യത്തില്‍ നിന്ന്‌ മാറ്റംവരുത്താതെ അംഗീകരിക്കേണ്ടതും അത്‌ അവന്റെ ശക്തി മാഹാത്മ്യത്തിന്‌ വിധേയമാണെന്ന്‌ വിശ്വസിക്കേണ്ടതുമാണ്‌.'' (ഫത്‌ഹുല്‍ബാരി 7:205)
നബി(സ)യുടെ ജീവിതത്തില്‍ ഏറെ പ്രതിസന്ധികള്‍ പിന്നീട്‌ ഉണ്ടായിട്ടും മൂസാ(അ)യോടോ മറ്റു പൂര്‍വിക പ്രവാചകന്മാരോടോ സഹായം തേടിയ ഒരു ചെറുസംഭവം പോലും ഇസ്‌ലാമിക ചരിത്രത്തിലില്ലായെന്നതും ചിന്തനീയമാണ്‌.
രാപ്രയാണത്തിലെ ചില കാഴ്‌ചകള്‍
അനാഥകളുടെ സമ്പത്ത്‌ അന്യായമായി തിന്നവര്‍ ഒട്ടകച്ചുണ്ടുകള്‍ കൊണ്ട്‌ തീക്കനലുകള്‍ വിഴുങ്ങുകയും അതേപോലെ മലദ്വാരത്തിലൂടെ പുറത്തേക്കു പോകുകയും ചെയ്യുന്നു.
പലിശ തിന്നുന്നവര്‍ വലിയ വീടുകള്‍ പോലെയുള്ള വന്‍ ഉദരങ്ങളുമായി അനങ്ങാന്‍ കഴിയാതെ പ്രയാസപ്പെടുകയും ഉദരങ്ങളിലൂടെ വന്‍ സര്‍പ്പങ്ങള്‍ ഇഴഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു.
വ്യഭിചാരികളുടെ മുമ്പില്‍ തടിച്ചവയുടെ നല്ല മാംസങ്ങളും മെലിഞ്ഞവയുടെ ചീത്ത മാംസവും ഉണ്ടെങ്കിലും ചീഞ്ഞതില്‍ നിന്നും ഭക്ഷിച്ചുകൊണ്ടിരിക്കുന്നു.
വഞ്ചകരായ സ്‌ത്രീകളുടെ സ്‌തനങ്ങള്‍ തമ്മില്‍ പരസ്‌പരം ബന്ധിപ്പിക്കപ്പെട്ട നിലയില്‍ തീയില്‍ എറിയപ്പെടുകയും അട്ടഹസിക്കുകയും ചെയ്യുന്നു.
ജനങ്ങളോട്‌ നല്ലത്‌ കല്‌പിക്കുകയും സ്വയം അവഗണിക്കുകയും ചെയ്‌ത പ്രാസംഗികര്‍: തീ കൊണ്ടുള്ള കത്രികകൊണ്ട്‌ അവരുടെ ചുണ്ടുകള്‍ കത്രിച്ചുകൊണ്ടിരിക്കുന്നു.
ജനങ്ങളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുകയും അവരുടെ മാംസം തിന്നുകയും ചെയ്യുന്നവര്‍ ചെമ്പുകൊണ്ടുള്ള നഖങ്ങള്‍ കൊണ്ട്‌ മുഖവും മാറിടവും പിച്ചിച്ചീന്തിക്കൊണ്ടിരിക്കുന്നു.
നാല്‌ നദികള്‍: പ്രത്യക്ഷമായ രണ്ട്‌ നദികള്‍ നൈലും യൂഫ്രട്ടീസും പരോക്ഷമായ രണ്ട്‌ സ്വര്‍ഗീയ നദികളും.
മക്കക്കാരുടെ സാര്‍ഥ വാഹകസംഘത്തെയും അവരെത്തിയ സ്ഥലവും അവരില്‍ മുമ്പിലുള്ളവരെയുമെല്ലാം വ്യക്തമായി ദര്‍ശിച്ചു.
പല അത്ഭുത ദൃഷ്‌ടാന്തങ്ങളും കാണുകയും തന്റെ ദൗത്യവിജയവും റബ്ബില്‍ നിന്ന്‌ ലഭിക്കുന്ന സഹായമാണെന്ന്‌ മനസ്സിലാക്കുകയും ചെയ്‌ത നബി(സ) തിരിച്ചുവന്നു ബൈതുല്‍ മുഖദ്ദസില്‍ മറ്റു പ്രവാചകന്മാര്‍ക്ക്‌ ഇമാമായി നമസ്‌കരിക്കുകയും മക്കയില്‍ തിരിച്ചെത്തുകയും ചെയ്‌തു.
അവിശ്വാസികളുടെ പരിഹാസം
വാഹനപ്പുറത്ത്‌ മാസങ്ങളോളം യാത്ര ചെയ്യേണ്ട ദൂരത്തേക്ക്‌ ഒരു രാത്രിയുടെ ഏതാനും യാമങ്ങള്‍ക്കുള്ളില്‍ പോയിവരിക, ആകാശലോകത്തെ ദൃഷ്‌ടാന്തങ്ങള്‍ ദര്‍ശിക്കുക -ഈ കാര്യങ്ങളൊന്നും സത്യനിഷേധികള്‍ക്കു ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. അവര്‍ അദ്ദേഹത്തെ പരിഹസിച്ചു. ഭ്രാന്തനെന്ന്‌ വിളിച്ചു. സിഹ്‌ര്‍ ബാധിച്ചവന്‍ എന്ന്‌ ആക്ഷേപിച്ചു. ഇതു തന്നെ അനുയോജ്യ സമയമെന്ന്‌ കരുതി അവര്‍ അബൂബക്കറിന്റെ(റ) അടുക്കലേക്ക്‌ ഓടി. അവര്‍ ചോദിച്ചു: നിന്റെ കൂട്ടുകാരന്‍ ഇന്നയിന്ന കാര്യങ്ങള്‍ പറയുന്നു. താങ്കളുടെ അഭിപ്രായമെന്താണ്‌? അദ്ദേഹം പറഞ്ഞു: മുഹമ്മദ്‌(സ) അത്‌ പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ അത്‌ വിശ്വസിക്കുന്നു. അദ്ദേഹത്തിന്‌ ആകാശത്തു നിന്ന്‌ വഹ്‌യ്‌ വരുന്നുവെന്ന അത്യത്ഭുത കാര്യങ്ങള്‍ വിശ്വസിക്കുന്ന ഞങ്ങള്‍ ഇതെന്തിന്‌ അവിശ്വസിക്കണം. ഇതുകേട്ട അവര്‍ അതിശയംപൂണ്ടു. ഇളിഭ്യരായ അവര്‍ മുഹമ്മദ്‌ നബി(സ)യെ ചോദ്യം ചെയ്‌തു.
ഇതിന്‌ മുമ്പ്‌ ഒരിക്കലും ബൈതുല്‍ മുഖദ്ദസ്‌ കണ്ടിട്ടില്ലാത്ത നബി(സ), മുമ്പ്‌ അത്‌ കണ്ടവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി പറഞ്ഞു. അവരുടെ സാര്‍ഥവാഹക സംഘത്തെക്കുറിച്ചും അവര്‍ തിരിച്ചെത്തുന്നതിനെ സംബന്ധിച്ചും കൃത്യമായ മറുപടി പറഞ്ഞിട്ടും അവിശ്വാസികളുടെ മനസ്സില്‍ ഈമാന്‍ പ്രവേശിച്ചില്ല. അവര്‍ പരിഹാസം തുടര്‍ന്നു.
റജബിന്റെ പോരിശ?!
ഇസ്‌ലാമിന്റെ മുമ്പും അറബികള്‍ നാല്‌ മാസങ്ങള്‍ പവിത്രമായി കണ്ടിരുന്നു. ആവശ്യാനുസരണം അവര്‍ അത്‌ മാറ്റിമറിച്ചിരുന്നെങ്കിലും നാല്‌ മാസത്തിന്‌ അവരും പവിത്രത കല്‌പിച്ചിരുന്നു. പവിത്ര മാസങ്ങളില്‍ റജബില്‍, മറ്റു മാസങ്ങളെപ്പോലെ അവര്‍ പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുലര്‍ത്തിപ്പോന്നിരുന്നു. എന്നാല്‍ നാല്‌ മാസത്തെപ്പോലെ റജബിന്റെ പവിത്രത നബിയും അംഗീകരിച്ചു, അതിന്റെ പേരിലുള്ള അനാചാരങ്ങളെല്ലാം നിഷ്‌കാസനം ചെയ്‌തു. മുദ്വര്‍ ഗോത്രക്കാരായിരുന്നു റജബിനെ ഏറെ വിശേഷപ്പെടുത്തിയത്‌.
നബി(സ) വിരോധിച്ച അനാചാരങ്ങള്‍ പിന്നീട്‌ ഇസ്‌ലാമിന്റെ പേരില്‍ കടത്തിക്കൂട്ടപ്പെട്ടു. ജൂതായിസത്തിന്റെ സ്വാധീനവും സൂഫികളുടെ പ്രചാരണവും ഇതിന്‌ ശക്തിയേകി. റജബിന്റെ പേരില്‍ ചിലര്‍ നോമ്പെടുക്കുന്നു. ചിലര്‍ റഗാഇബ്‌ നമസ്‌കാരം നിര്‍വഹിക്കുന്നു. ചിലര്‍ പ്രത്യേക ഭക്ഷണങ്ങളുണ്ടാക്കി ആഘോഷിക്കുന്നു. ഇത്തരം സമ്പ്രദായങ്ങളൊന്നും ഇസ്‌ലാമികമല്ല.
മിഅ്‌റാജ്‌ നടന്ന വര്‍ഷവും മാസവും ദിവസവും സംബന്ധിച്ച്‌ പോലും ഭിന്നാഭിപ്രായമാണുള്ളത്‌. പ്രവാചകലബ്‌ധിക്കു ശേഷം 10-ാം വര്‍ഷം, 12-ാം വര്‍ഷം, 13-ാം വര്‍ഷം എന്നിങ്ങനെ വര്‍ഷത്തില്‍ വിവിധ അഭിപ്രായങ്ങളുള്ളപ്പോള്‍ മുഹര്‍റം, റമദാന്‍, റജബ്‌, റബീഉല്‍ അവ്വല്‍ എന്നിങ്ങനെ മാസത്തിലും ഭിന്നാഭിപ്രായങ്ങളുണ്ട്‌.
3887-ാം നമ്പര്‍ ഹദീസിന്റെ വ്യാഖ്യാനത്തില്‍ പത്തിലേറെ അഭിപ്രായങ്ങള്‍ ഫത്‌ഹുല്‍ ബാരിയില്‍ ഉദ്ധരിച്ചിട്ടുണ്ട്‌. മിഅ്‌റാജ്‌ നടന്ന ദിവസത്തിലും മാസത്തിലും വര്‍ഷത്തിലും ഭിന്നവീക്ഷണങ്ങളുണ്ടായത്‌, മിഅ്‌റാജിന്‌ പൂര്‍വികര്‍ പ്രത്യേക മഹത്വം നല്‌കിയിട്ടില്ലായെന്നതിന്‌ തെളിവാണ്‌. അവര്‍ മഹത്വം കല്‌പിച്ചിരുന്നുവെങ്കില്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഈ കാര്യത്തില്‍ ഉണ്ടാകുമായിരുന്നില്ല. മിഅ്‌റാജിന്‌ ശേഷം 10 വര്‍ഷത്തിലേറെ നബി(സ) ജീവിച്ചിരുന്നിട്ടും എന്തെങ്കിലും ഒരു വിശേഷം ആ ദിവസത്തിന്‌ കല്‌പിച്ചിട്ടില്ല. ഖുലഫാഉര്‍റാശിദുകളോ സലഫുസ്സ്വാലിഹുകളോ ഈ ദിവസത്തിന്‌ വിശേഷത നല്‌കിയിട്ടില്ല.
റജബിലും ശഅ്‌ബാനിലും ഉള്ള പ്രത്യേക നമസ്‌കാരത്തിന്‌ തുടക്കം കുറിച്ചത്‌ ഹിജ്‌റ 448-ല്‍ നാബല്‍സുകാരനായ ഇബ്‌നുല്‍ ഹംറാഅ്‌ എന്നയാളാണ്‌. ഇയാള്‍ ഭംഗിയായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വ്യക്തിയായിരുന്നു. അങ്ങനെ ആളുകള്‍ അയാളില്‍ വഞ്ചിതരായി. ഹിജ്‌റ 5-ാമാണ്ടില്‍ ജീവിച്ച അബൂബക്കര്‍ ത്വര്‍ത്വൂശി(റ)യോട്‌ അബൂ മുഹമ്മദുല്‍ മഖ്‌ദിസി പറഞ്ഞു: ``റജബിലെ നമസ്‌കാരം ഹിജ്‌റ 480 വരെ ബൈതുല്‍ മുഖദ്ദസില്‍ നടന്നിരുന്നില്ല. അതിനുമുമ്പ്‌ ഞങ്ങളത്‌ കാണുകയോ കേള്‍ക്കുകയോ ചെയ്‌തിട്ടില്ല.'' (അല്‍ഹവാദിസു വല്‍ ബിദ്‌അ: 132)
പില്‌ക്കാലത്ത്‌ രണ്ടു നൂറ്റാണ്ട്‌ കാലത്തോളം ഈ അനാചാരം ബൈതുല്‍ മുഖദ്ദസില്‍ നടമാടി. പിന്നീട്‌ ഹിജ്‌റ 637-ല്‍ ദമസ്‌കസ്‌ ജുമാമസ്‌ജിദ്‌ ഖത്തീബ്‌ അസീസുബ്‌നു അബ്‌ദുസ്സലാം ഇത്‌ നിര്‍ത്തലാക്കാന്‍ ശ്രമിച്ചുവെങ്കിലും അന്നത്തെ ഭരണാധികാരികള്‍ അതിനോട്‌ അനുകൂലിച്ചില്ല. (അല്‍ബാഇസ്‌ 42, 43)
പില്‍ക്കാലത്ത്‌ ഈ അനാചാരങ്ങള്‍ക്ക്‌ തെളിവായി ഹദീസുകള്‍ നിര്‍മിക്കപ്പെട്ടു. അജ്ഞരായ റിപ്പോര്‍ട്ടര്‍മാരുടെ പേരുകള്‍ വെച്ചുകൊണ്ട്‌ സൂഫിക്കാരനായ അലിയ്യുബ്‌നു അബ്‌ദുല്ലാഹിബ്‌നു ജഹ്‌ദ്വം ആണ്‌ ഈ വ്യാജഹദീസിന്റെ പ്രചാരകനെന്ന്‌ ഹാഫിദ്വ്‌ അബ്‌ദുല്‍ ഖിതാബില്‍ നിന്നും ഇമാം സുയൂഥി(റ) രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇമാം ശീറാസി(റ) സിഫ്‌റുസ്സആദയില്‍ നല്‌കിയ തലവാചകം തന്നെ `മിഅ്‌റാജു രാത്രിയിലെ നമസ്‌കാരത്തെ സംബന്ധിച്ച്‌ ഒന്നും സ്വഹീഹായി വന്നിട്ടില്ല.' എന്നാണ്‌
ഇമാം അബൂശാമ വ്യക്തമാക്കുന്നത്‌ നോക്കൂ: ``റജബിന്റെ ശ്രേഷ്‌ഠതയെ സംബന്ധിച്ചോ അതിലെ നോമ്പിനെക്കുറിച്ചോ നബി(സ)യില്‍ നിന്ന്‌ ഒന്നും സ്വഹീഹായി വന്നിട്ടില്ല. അബൂബക്കര്‍(റ), ഉമര്‍(റ) ഉള്‍പ്പെടെ സ്വഹാബാസംഘം ഇതിനെ വെറുത്തിരുന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. അന്ന്‌ നോമ്പെടുക്കുന്നവരെ ഉമര്‍(റ) ചാട്ടവാറുകൊണ്ട്‌ അടിക്കാറുണ്ടായിരുന്നു.'' (അല്‍ബാഇസ്‌ 48,49)
ഇതു സംബന്ധമായ ഉദ്ധരണികള്‍ പരാമര്‍ശിച്ചുകൊണ്ട്‌ ഇമാം ത്വര്‍ത്വുശി(റ) പറയുന്നു: ``തീര്‍ച്ചയായും അതിനെ മഹത്വപ്പെടുത്തിയത്‌ ജനങ്ങളാണെന്നും തീര്‍ച്ചയായും അവയെല്ലാം ജാഹിലിയ്യ വിശ്വാസത്തില്‍ നിന്ന്‌ ശേഷിക്കുന്ന പൊടിപടലങ്ങളാണെന്നും ഈ തെളിവുകളെല്ലാം നമ്മെ അറിയിക്കുന്നു.'' (അല്‍ഹവാദിസ്‌ 141)
ഇബ്‌നു തൈമിയ(റ) പറയുന്നു: ഈ നമസ്‌കാരം (സ്വലാതു റഗാഇബ്‌) റസൂലോ(സ) അദ്ദേഹത്തിന്റെ സ്വഹാബിമാരില്‍ ആരെങ്കിലുമോ താബിഉകളോ മുസ്‌ലിംകളിലെ ഇമാമുകളോ നമസ്‌കരിച്ചിട്ടില്ല. നബി(സ)യോ പൂര്‍വികരില്‍ (സച്ചരിതരായ) ആരെങ്കിലുമോ ഇമാമുകളോ അതിന്‌ പ്രേരിപ്പിച്ചിട്ടില്ല. ഈ രാത്രിക്ക്‌ പ്രത്യേകമായി ശ്രേഷ്‌ഠതയുണ്ടെന്ന്‌ അവര്‍ പറഞ്ഞിട്ടില്ല. നബി(സ)യില്‍ നിന്നെന്ന നിലയില്‍ ഉദ്ധരിക്കപ്പെട്ടവ വ്യാജവും നിര്‍മിതവുമാണെന്നതില്‍ വിജ്ഞാനികളായവരുടെ യോജിപ്പുണ്ട്‌. അതുകൊണ്ടാണ്‌ കാര്യം ഗ്രഹിച്ചവര്‍ തീര്‍ച്ചയായും അത്‌ (സ്വലാതുറഗാഇബ്‌) വെറുക്കപ്പെട്ടതും നബിചര്യയില്‍ പെട്ടതല്ലാത്തതുമാണെന്ന്‌ പറഞ്ഞത്‌.'' (മജ്‌മൂഅ്‌ ഫതാവാ, ഇബ്‌നുതൈമിയ)

Author

Written by Sanveer A Rahman Ittoli

welcome to my blog

1 അഭിപ്രായം: