ഇസ്‌ലാമും ലോകവും പത്തു മികച്ച പുസ്‌തകങ്ങള്‍

  • Posted by Sanveer Ittoli
  • at 12:46 AM -
  • 0 comments
ഇസ്‌ലാമും ലോകവും പത്തു മികച്ച പുസ്‌തകങ്ങള്‍
ആഗോള വായനാസമൂഹത്തില്‍ ഇസ്‌ലാമും മുസ്‌ലിംകളും കേന്ദ്രസ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്‌. ശക്തമായ വിമര്‍ശനങ്ങളിലും ആത്മാര്‍ഥമായ സത്യാന്വേഷണങ്ങളിലും വായനാലോകത്ത്‌ ഇസ്‌ലാം കടന്നുവരുന്നു. അറബ്‌-ഇസ്‌ലാമിക ലോകത്തെന്ന പോലെ ഒരുപക്ഷേ, അതിലേറെ ഇസ്‌ലാം പ്രശ്‌നവത്‌കരിക്കപ്പെടുന്നത്‌ യൂറോപ്പിലും അമേരിക്കയിലുമാണെന്നത്‌ മറ്റൊരു വസ്‌തുത.

എഴുത്തിലും വായനയിലും നിരതരായ പ്രമുഖരായ പത്തുപേര്‍ 2010-നു ശേഷം പ്രസിദ്ധീകൃതമായ പത്ത്‌ പുസ്‌തകങ്ങള്‍ ശബാബ്‌ വായനക്കാര്‍ക്കു വേണ്ടി തെരഞ്ഞെടുത്ത്‌ അവതരിപ്പിക്കുന്നു. പുതിയ കാലത്ത്‌ ഇസ്‌ലാം ചര്‍ച്ചചെയ്യപ്പെടുന്നതെങ്ങനെയെന്നു ഉള്‍ക്കാഴ്‌ച പകരാന്‍ ഈ പുസ്‌തകങ്ങള്‍ സഹായിക്കുമെന്നുറപ്പ്‌.

സമഗ്രതയുടെ പാഠപുസ്‌തകം
ഈ വര്‍ഷം വായിക്കാന്‍ കഴിഞ്ഞ മികച്ച ഇസ്‌ലാമിക കൃതി പ്രഫ. പി മുഹമ്മദ്‌ കുട്ടശ്ശേരിയുടെ `ഇസ്‌ലാമിക ചരിത്ര പാതയിലൂടെ പതിനാല്‌ നൂറ്റാണ്ട്‌' എന്ന പുസ്‌തകമാണ്‌. ചരിത്രത്തിന്റെ കരപിടിച്ച്‌ ഇസ്‌ലാമിന്റെ ഭൂതകാലങ്ങളിലേക്ക്‌ സൂക്ഷ്‌മമായി നടത്തുന്ന ചുവടുവെപ്പുകളാണ്‌ അതിലെ ഓരോ അധ്യായങ്ങളും. ഖുര്‍ആനും പ്രവാചകചര്യയും ചരിത്രവും കോര്‍ത്തിണക്കി ഏതൊരു ചരിത്രാന്വേഷകനും അണിഞ്ഞു നടക്കാവുന്ന അഴകാര്‍ന്ന മുത്തുമാല പോലെയാണ്‌ ഓരോ അധ്യായങ്ങളും ക്രമീകരിച്ചിരിക്കുന്നത്‌. ഇസ്‌ലാമിനെ പഠിക്കാനും ഇസ്‌ലാമിക ചര്യകള്‍ അടുത്തറിയാനും ആധികാരിക രേഖകള്‍ മാത്രം അവലംബിച്ചും അല്ലാത്തിടങ്ങളില്‍ അതിന്റെ സന്ദര്‍ഭം വിശകലനം ചെയ്‌തും അഭിപ്രായ വൈരുധ്യങ്ങളില്‍ കടുംപിടുത്തമില്ലാത്ത സമീപനം സ്വീകരിക്കുക വഴി ചരിത്രത്തെ അകളങ്ക ഭാവത്തില്‍ അവതരിപ്പിക്കുകയാണ്‌ കുട്ടശ്ശേരി മൗലവി ചെയ്‌തിട്ടുള്ളത്‌.
പതിനാല്‌ നൂറ്റാണ്ട്‌ മുമ്പത്തെ പ്രാചീന സംസ്‌കാരങ്ങള്‍ തൊട്ടുരുമ്മി അന്ധകാര നിബിഡമായ ഗുഹാമുഖത്ത്‌ നിന്ന്‌, ചരിത്രത്തിന്റെ തിരിതെളിയിച്ച്‌ നടന്ന ഇസ്‌ലാം കേരളത്തിലെത്തിഅറുവാചീന കാലംവരെയും തുടരുകയാണ്‌. ശാസ്‌ത്രം, വൈദ്യം, ആകാശം, ഭൂമി, നരകം, സ്വര്‍ഗം, പ്രവാചകന്‍, പൂര്‍വസൂരികള്‍, ജീവിതം, മരണം തുടങ്ങി ജീവിതത്തിലെ ആസകലം പൊതിഞ്ഞുനില്‌ക്കുന്ന സമഗ്രതയുടെ പാഠപുസ്‌തകമായി ഈ കൃതിയെ കാണാം.
(ഇസ്‌ലാമിന്റെ ചരിത്രപാതയിലൂടെ പതിനാല്‌ നൂറ്റാണ്ട്‌, പ്രൊഫ. പി മുഹമ്മദ്‌ കുട്ടശ്ശേരി, അല്‍ഫാറൂഖിയ പബ്ലിക്കേഷന്‍)
പുതുകാലത്തെ മുസ്‌ലിം
ഒരു പാശ്ചാത്യാനന്തരലോകത്ത്‌ മുസ്‌ലിം ആയിരിക്കുക എന്നതിന്റെ അര്‍ഥം തേടുന്ന പുസ്‌തകമാണിത്‌. പാശ്ചാത്യ-പൗരസ്‌ത്യ ഭേദത്തിന്റെ അടിസ്ഥാനത്തില്‍ കൊളോണിയല്‍ പൗരസ്‌ത്യ വാദരീതിയില്‍ കെട്ടിപ്പടുത്തിട്ടുള്ള ലോക വിഭജനം ഇല്ലാതാവുകയാണ്‌. പുതിയലോകത്ത്‌ നവീനമായ ഒരസ്‌തിത്വം തേടേണ്ടത്‌ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അനിവാര്യമായിരിക്കുകയാണ്‌. ഇത്തരമൊരു അന്വേഷണത്തില്‍ മുസ്‌ലിം ബുദ്ധീജീവിയുടെ പങ്ക്‌ വളരെ വലുതാണെന്ന്‌ ഹാമിദ്‌ ദബാഷി അഭിപ്രായപ്പെടുന്നു. പാശ്ചാത്യ കേന്ദ്രീകൃതമായ ലോകത്തുനിന്നുള്ള മാറ്റം വ്യക്തമാക്കുന്ന ഒരു നൂതനമായ ഭാഷ വികസിപ്പിക്കേണ്ടതുണ്ട്‌. പാശ്ചാത്യ-പൗരസ്‌ത്യ ദ്വന്ദത്തെ മറികടക്കാന്‍ പുതിയ ലോകവീക്ഷണം അനിവാര്യമാണ്‌. അത്തരം ഒരു വീക്ഷണത്തിന്‌ പാശ്ചാത്യ ആധിപത്യത്തിന്‌ മുമ്പുള്ള ഇസ്‌ലാമിക കോസ്‌മോ പൊളിറ്റനിസം പുനര്‍വിചിന്തനം ചെയ്യേണ്ടതായിട്ടുണ്ട്‌. വ്യത്യസ്‌ത ലോകങ്ങളുമായുള്ള ചരിത്രപരവും ദാര്‍ശനികവും ശാസ്‌ത്രസംബന്ധിയുമായ പാശ്ചാത്യ പൂര്‍വ ഇസ്‌ലാമിക സംഭാവനകള്‍ പുതിയ ലോകവീക്ഷണത്തിന്‌ വലിയൊരു വിഭവമാകും. എന്നാല്‍ ഏറ്റവും മുഖ്യമായത്‌ ഇന്ന്‌ മുസ്‌ലിമായിരിക്കുക എന്നാല്‍ എന്താണ്‌ എന്ന അന്വേഷണമാണ്‌. അത്‌ ജ്ഞാനത്തെയും അധികാരത്തെയും സംബന്ധിക്കുന്ന വിമര്‍ശനാത്മക വീക്ഷണങ്ങളും പുതിയൊരു സ്വയംബോധവും സമകാലീനതയെ ആവിഷ്‌കരിക്കാനുള്ള പുതിയൊരു ഭാഷയും ആവശ്യപ്പെടുന്നു. ദീന്‍, ദൗലത്ത്‌, ദുനിയാ എന്ന മൂന്ന്‌ വിവക്ഷകളും അവ തമ്മിലുള്ള ചേര്‍ച്ചകളും അകലങ്ങളും പുതിയ വീക്ഷണത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കും. ഇഹലോകത്തെ അസ്‌തിത്വ പ്രശ്‌നങ്ങളെ സാര്‍വലൗകികമായ അന്യോന്യതയിലൂടെ ബന്ധപ്പെടുത്തുന്ന പരലോകവീക്ഷണം ഇസ്‌ലാം പ്രദാനം ചെയ്യുന്നു. ഇന്നിന്റെ സന്നിഗ്‌ധതകളെ മറികടക്കാന്‍ ആത്മപരിശോധനയിലൂന്നിയ പുതിയൊരു ലോകവീക്ഷണവും വിശ്വാസിയും അവര്‍ ജീവിക്കുന്ന ലോകവും തമ്മിലുള്ള പുതിയ സന്ധിയും രൂപപ്പെടുത്തേണ്ടതുണ്ട്‌.
(Being a muslim in the world, Hamid Dabashi, Palgrave Macmillan-2012)
സത്യം വെളിപ്പെടുത്തുന്ന ഒരു പുസ്‌തകം
നാഗരികതയുടെയും വൈജ്ഞാനിക ഉണര്‍വിന്റെയുമെല്ലാം ആധാരം ഉറപ്പിച്ചിട്ടുള്ളത്‌ പടിഞ്ഞാറന്‍ ശിലയിലാണ്‌ എന്ന്‌ സ്ഥാപിക്കാന്‍ പുരാതന ഗ്രീസിനെ കേന്ദ്രസ്ഥാനത്ത്‌ പ്രതിഷ്‌ഠിച്ചുകൊണ്ടുള്ള ചരിത്രവിജ്ഞാനമാണ്‌ നാമിപ്പോഴും പഠിച്ചും പഠിപ്പിച്ചും കൊണ്ടിരിക്കുന്നത്‌. വ്യാവസായിക വിപ്ലവത്തിന്‌ ശേഷം പടിഞ്ഞാറിന്‌ ലഭിച്ച മേല്‍ക്കൈകൊണ്ട്‌ തങ്ങളാണ്‌ അറിവിന്റെ താക്കോല്‍ സൂക്ഷിപ്പുകാരെന്നും നാഗരികതയും ആധുനികതയുമെല്ലാം കടപ്പെട്ടിരിക്കുന്നത്‌ പാശ്ചാത്യ സംസ്‌കൃതിയോടാണ്‌ എന്നെല്ലാമുള്ള മിഥ്യാബോധം കേവല സത്യമായി ലോകത്തെ വിശ്വസിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു. വിജ്ഞാനത്തിന്റെ നിര്‍മാണവും നിയന്ത്രണവുമെല്ലാം തങ്ങളുടെ കുത്തകയായപ്പോള്‍ ഇത്തരം പൊതുസങ്കല്‌പനങ്ങളെ ചോദ്യം ചെയ്യുന്നവര്‍ ഒറ്റപ്പെട്ട ശബ്‌ദമായി അവഗണിക്കപ്പെട്ടു.
എന്നാല്‍ അന്‍പതുകള്‍ക്ക്‌ ശേഷമുണ്ടായ ഉത്തരകൊളോണിയല്‍ ജ്ഞാനസിദ്ധാന്തങ്ങള്‍ അറിവിന്റെ കുത്തകവത്‌കരണത്തെയും ആധിപത്യ സമീപനങ്ങളെയും ചോദ്യം ചെയ്‌തുതുടങ്ങി. അമേരിക്കന്‍ ചരിത്രകാരനായ ജോര്‍ജ്‌ ജയിംസ്‌ 1954-ല്‍ `സ്റ്റോളന്‍ലഗസി'യിലൂടെ അറിവിന്റെ മേലുള്ള ഗ്രീസിന്റെ പകര്‍പ്പവകാശം പടിഞ്ഞാറന്‍ മേല്‍ക്കോയ്‌മയുടെ വ്യാജ നിര്‍മിതിയാണ്‌ എന്നും പുരാതന ഈജിപ്‌താണ്‌ തറവാടെന്നും പ്രഖ്യാപിച്ചു. സമഗ്രവും ശാസ്‌ത്രീയവുമായ തെളിവുകളോടെയാണ്‌ മോഷ്‌ടിക്കപ്പെട്ട പൈതൃകം പുറത്തുവന്നതെങ്കിലും അക്കാദമിക ലോകത്ത്‌ പ്രതീക്ഷിച്ച ചലനങ്ങള്‍ ഈ പുസ്‌കതകത്തിനുണ്ടാക്കാനായില്ല. എന്നാല്‍ 1987ല്‍ പ്രസിദ്ധീകരിച്ച മാര്‍ട്ടിന്‍ ബര്‍ണാലിന്റെ `ബ്ലാക്ക്‌ അഥീന' അക്ഷരാര്‍ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചു. ഗ്രീസ്‌ വ്യാജ നിര്‍മിതിയാണ്‌ എന്ന്‌ സമര്‍ഥിച്ചുകൊണ്ടുള്ള ആഫ്രോ ഏഷ്യാറ്റിക്‌ റൂട്ട്‌സ്‌ ഓഫ്‌ ക്ലാസ്‌ സിവിലൈസേഷന്‍ എന്ന ആദ്യ വാള്യം പടിഞ്ഞാറിനെ വല്ലാതെ അരിശംകൊള്ളിച്ചു. ബര്‍ണാലിനെതിരെ വിമര്‍ശനങ്ങളുടെ പെരുമഴ തന്നെയുണ്ടായി. അദ്ദേഹം തന്റെ വാദം ഒന്നുകൂടി ഉറപ്പിച്ചുകൊണ്ട്‌ ആര്‍ക്കിയോളജിയുടെയും ഭാഷാ ശാസ്‌ത്രത്തിന്റെയും പിന്‍ബലത്തില്‍ `അഥീന'യുടെ രണ്ടാം വാള്യം 1991-ലും മൂന്നാംവാള്യം 2006-ലും പ്രസിദ്ധീകരിച്ചു. ബര്‍ണാലിന്റെ പ്രഹരം കൊള്ളേണ്ടിടത്ത്‌ കൊണ്ടു എന്നതിന്റെ തെളിവാണ്‌ ഇക്കഴിഞ്ഞ ജൂണ്‍ 9ന്‌ ആ ചരിത്ര പണ്ഡിതന്‍ മരണപ്പെട്ടത്‌ മാധ്യമ ലോകം തമസ്‌കരിച്ചത്‌.
ഈ വിഷയം സമഗ്രമായും സരളമായും മലയാളത്തില്‍ അവതരിപ്പിച്ചുകൊണ്ട്‌ ഡോ. ആരിഫ്‌ അലി കൊളത്തെക്കാട്ട്‌ എഴുതിയ പുസ്‌തകമാണ്‌ `അറിയപ്പെടാത്ത പൗരസ്‌ത്യലോകം മറച്ചുവെക്കപ്പെട്ട സത്യങ്ങള്‍'. വൈദ്യശാസ്‌ത്രത്തില്‍ നിരവധി ബിരുദങ്ങള്‍ നേടിയിട്ടുള്ള ആരിഫലി `ബ്ലാക്‌ അഥീന'യില്‍ നിന്നും ഏറെ മുന്നോട്ട്‌ സഞ്ചരിച്ചിട്ടുണ്ട്‌. ആധുനിക യൂറോപ്പിന്റെ സൃഷ്‌ടിയില്‍ ഇസ്‌ലാമിക നാഗരികതയുടെ സംഭാവന അദ്ദേഹം അക്കമിട്ട്‌ നിരത്തിയിട്ടുണ്ട്‌. നമ്മുടെ സ്‌കൂളുകളിലും സര്‍വകലാശാലകളിലും പഠിപ്പിക്കുന്നത്‌ നുണകളാണ്‌ എന്ന്‌ പുസ്‌തകത്തിന്റെ ഓരോ പുറവും സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. ഈ പുസ്‌തകം 2010 സപ്‌തംബറില്‍ പുറത്തിറങ്ങി - ഒക്‌ടോബറില്‍ വായിച്ചു- അതിനുശേഷം ഈ വിഷയവുമായി ബന്ധപ്പെട്ട്‌ സംസാരിച്ച വേദികളിലെല്ലാംആരിഫ്‌ അലിയുടെ 400 പേജ്‌ വരുന്ന പുസ്‌തകത്തെ പരിചയപ്പെടുത്താറുണ്ട്‌. എന്റെ സുഹൃത്തുക്കളോടെല്ലാം കണിശതയോടെ പുസ്‌തകം ശിപാര്‍ശ ചെയ്യും. ഏറ്റവുമൊടുവില്‍ ശിഹാബുദ്ദീന്‍ പൊയ്‌തുംകടവിനെയും വിട്ടില്ല. അങ്ങനെ അദ്ദേഹവും `മറച്ചുവെക്കപ്പെട്ട സത്യങ്ങളുടെ' (രണ്ടാം പതിപ്പ്‌) വായനയിലാണ്‌.
(അറിയപ്പെടാത്ത പൗരസ്‌ത്യലോകം മറച്ചുവെക്കപ്പെട്ട സത്യങ്ങള്‍, ഡോ. ആരിഫ്‌ അലി കൊളത്തെക്കാട്ട്‌, ചിന്ത പബ്ലിഷേഴ്‌സ്‌)
ഇസ്‌ലാംവിരുദ്ധതയുടെ പാശ്ചാത്യവീക്ഷണം
പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ രാഷ്ട്രമീമാംസ പ്രഫസറായ ആന്‍ നോര്‍ട്ടന്‍ എഴുതിയ ഒണ്‍ ദ മുസ്‌ലിം ക്വസ്‌റ്റിയന്‍ എന്ന പുസ്‌തകം ബുദ്ധിപരമായ സത്യസന്ധത കൊണ്ടും ഭിന്നസാമൂഹികതയോടുള്ള ഉദാരത കൊണ്ടും ശ്രദ്ധേയമാണ്‌. വര്‍ത്തമാനകാലസാഹചര്യങ്ങളെ മുന്‍നിര്‍ത്തി ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള ബന്ധത്തിലെ ഇരുളും വെളിച്ചവും പരിശോധിക്കുകയാണ്‌ അമേരിക്കന്‍-യൂറോപ്യന്‍ രാഷ്ട്രമീമാംസ ചരിത്രത്തില്‍ അഗാധപാണ്ഡിത്യമുള്ള ഗ്രന്ഥകാരി. അസാധാരണമായ ഗ്രന്ഥം എന്നാണ്‌ ഒരു നിരൂപകന്‍ ഈ കൃതിയെ വിശേഷിപ്പിച്ചത്‌. അസാധാരണം എന്നു പറയാന്‍ കാരണം, ഈ കൃതിയുടെ നിശിതമായ യാഥാര്‍ഥ്യബോധമാണ്‌.
ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള സമീപനത്തില്‍ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും പ്രകടിപ്പിക്കുന്ന കടുത്ത അസഹിഷ്‌ണുതയും മുന്‍വിധികളും പാശ്ചാത്യര്‍ പ്രതിനിധാനം ചെയ്യുന്നുവെന്നു പറയുന്ന പൗരസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യമൂല്യങ്ങളുടെയും അടിസ്ഥാനസംഹിതകള്‍ക്കു കടകവിരുദ്ധമാണെന്ന വാദമാണ്‌ നോര്‍ട്ടന്‍ ഉന്നയിക്കുന്നത്‌.
ഇന്നത്തെ ലോകത്തില്‍ പടിഞ്ഞാറന്‍ യൂറോപ്പും അമേരിക്കയും ഏറ്റവും വലിയ ഭീഷണിയായി കാണുന്നത്‌ മുസ്‌ലിംകളെയാണ്‌. ഭരണകൂടവ്യവസ്ഥ മുതല്‍ ക്രിസ്‌തുമതം വരെ മുസ്‌ലിംകളുടെ ഭീഷണിയിലാണ്‌. ജൂതന്മാരും മതേതരമാനവികതാവാദികളും സ്‌ത്രീകളുമെല്ലാം ഇസ്‌ലാമില്‍ നിന്നു ഭയങ്കരഭീഷണി നേരിടുന്നുവെന്നാണ്‌ പൊതുവാദം. പ്രബോധനോദയ കാലത്തിന്റെ ഉദാരമൂല്യങ്ങള്‍ക്കെതിരാണ്‌ ഇസ്‌ലാം എന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ്‌ പൗരാവകാശലംഘനങ്ങള്‍ക്കും അന്യായതടങ്കലിനും പീഡനമുറകള്‍ക്കും ന്യായീകരണം ചമയ്‌ക്കുന്നത്‌. രാഷ്ട്രത്തലവന്മാര്‍ വരെ ഇസ്‌ലാമിനെതിരെ നിന്ദാപൂര്‍ണമായ പരാമര്‍ശങ്ങള്‍ നടത്താന്‍ മടിക്കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം അടക്കം ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനഘടകങ്ങളെ വരെ ചവിട്ടിയരയ്‌ക്കുന്നവരാണത്രെ മുസ്‌ലിംകള്‍. ഇതിനാല്‍ അവരോടു ദണ്ഡനീതി മതിയെന്നും. ഇതിനുദാഹരണമായി സല്‍മാന്‍ റുഷ്‌ദിക്കെതിരായ ഫത്‌വ, ഡച്ച്‌ സംവിധായകന്‍ തീയോ വാന്‍ ഗോഗിന്റെ കൊലപാതകം, പ്രവാചകനെ കഥാപാത്രമാക്കി കാര്‍ട്ടൂണ്‍ വരച്ചതിനെത്തുടര്‍ന്നുണ്ടായ കലാപം തുടങ്ങി സമകാലികലോകത്തില്‍ നിന്നുള്ള വിവിധ സംഭവങ്ങള്‍ എടുത്തുകാട്ടുകയും ചെയ്യുന്നു. 
മുസ്‌ലിംകള്‍ ഒരു വലിയ തിന്മയായി, ഒരു ചോദ്യചിഹ്നമായി പാശ്ചാത്യലോകത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ അതു മുന്‍പ്‌ യൂറോപ്പിന്റെ ചിന്തകളില്‍ ജൂതന്മാര്‍ അന്യരായി, തിന്മയുടെ വാഹകരായി നിന്നതു പോലെയാണെന്ന്‌ ആന്‍ നോര്‍ട്ടന്‍ ചൂണ്ടിക്കാട്ടുന്നു. ജൂതര്‍ക്ക്‌ പൊതുസമൂഹത്തില്‍ തുല്യതയും അംഗീകാരവും നേടിയെടുക്കുന്നതിനു വേണ്ടി നടന്ന നിരന്തരമായ കലഹങ്ങളും സംഘര്‍ഷങ്ങളുമാണ്‌ ഇരുപതാം നൂറ്റാണ്ടിലെ ഹോളോകോസ്‌റ്റില്‍ എത്തിയത്‌. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ യൂറോപ്പിന്റെ പൗരാവകാശ ചിന്തകളില്‍ കേന്ദ്രമായത്‌ ജൂതപ്രശ്‌നമായിരുന്നു. ജൂതര്‍ക്ക്‌ തുല്യതയും അവകാശവും നേടിയെടുത്തതിലൂടെയാണ്‌ പാശ്ചാത്യലോകം അതിന്റെ രാഷ്ട്രീയ-സാമൂഹിക മൂല്യങ്ങളെ നവീകരിച്ചത്‌. ഇതാണു കാള്‍ മാര്‍ക്‌സ്‌ എഴുതിയത്‌, ജൂതരെ കേന്ദ്രബിന്ദുവാക്കിയാണ്‌ യൂറോപ്പ്‌ അതിന്റെ എല്ലാ രാഷ്ട്രീയചിന്തകളെയും വികസിപ്പിച്ചതെന്ന്‌. ഇതേപോലെ, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങള്‍ ആകുമ്പോഴേക്കും മുസ്‌ലിംകള്‍ ഒരു പ്രശ്‌നമായി പടിഞ്ഞാറിനെ വേട്ടയാടാന്‍ തുടങ്ങി. ഒരിക്കല്‍ ജൂതന്‍മാരെ പുറത്താക്കാന്‍ വേണ്ടി ഉയര്‍ന്ന ശബ്ദത്തിന്റെ അലകളാണു ഇപ്പോള്‍ മുസ്‌ലിം കുടിയേറ്റം തടയണമെന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ശബ്ദത്തിലും നാം കേള്‍ക്കുന്നത്‌. ആന്‍ നോര്‍ട്ടന്‍ പറയുന്നത്‌, യഥാര്‍ഥത്തില്‍ ഇത്‌ മുസ്‌ലിംകളുടെയും ഇസ്‌ലാമിന്റെയോ പ്രശ്‌നമല്ല, യൂറോപ്പിന്റെ തന്നെ ആത്മസത്തയുടെ നേര്‍ക്കുള്ള വെല്ലുവിളിയുടെ പ്രശ്‌നമാണെന്നാണ്‌. മുസ്‌ലിംകളെ നിരാകരിക്കുമ്പോള്‍, പാശ്ചാത്യര്‍ അവരുടെ നവോത്ഥാനമൂല്യസങ്കല്‍പ്പങ്ങളുടെ അന്തസ്സത്തയെയാണ്‌ ചോദ്യം ചെയ്യുന്നതെന്ന്‌ ആന്‍ നോര്‍ട്ടന്‍ വാദിക്കുന്നു. 
പാശ്ചാത്യസംസ്‌കൃതിയുടെ ജനാധിപത്യ ഉദാരതയുടെ കേന്ദ്രമാണു മുസ്‌ലിം വിരുദ്ധതയിലൂടെ ദുര്‍ബലമാകുന്നത്‌. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജൂത അരാജകവാദിയെ ഭീകരനായി മുദ്രയടിച്ചതുപോലെ മുസ്‌ലിംകളെയും ഇന്ന്‌ തീവ്രവാദിയും ഭീകരവാദിയുമായി അടയാളപ്പെടുത്തുന്നു. പൗരാവകാശത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്‌ഠിച്ചിട്ടുള്ള അമേരിക്കന്‍ സമൂഹം പക്ഷേ, അമേരിക്കയിലെ മുസ്‌ലിംകള്‍ക്ക്‌ ഇതൊന്നും അനുവദിച്ചുകൊടുത്തിട്ടില്ല. നിരന്തരം നിരീക്ഷിക്കപ്പെടുകയും സംശയിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ഒറ്റതിരിച്ചു നിര്‍ത്തപ്പെടുകയും ചെയ്യുന്നവരായി മുസ്‌ലിംകള്‍ മാറിയിരിക്കുന്നു. ജൂതരെപ്പോലെ, മുസ്‌ലിംകളും ഗോത്രസ്വഭാവക്കാരാണെന്നും അവര്‍ക്കു ജനാധിപത്യമൂല്യങ്ങള്‍ തിരിച്ചറിയാനാകില്ലെന്നുമുള്ള ഒരു മുന്‍വിധി പൊതുധാരണയായി ബലം നേടിക്കഴിഞ്ഞിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഭരണകൂടങ്ങള്‍ സ്വന്തം നിലയില്‍ ഭീകരത പ്രയോഗിക്കുന്നത്‌. അങ്ങനെ ഇസ്‌ലാം തന്നെയും അപകടകരമാണന്നും മുസ്‌ലിംകള്‍ ജനാധിപത്യലോകത്തിനു ഭീഷണിയാണെന്നുമുള്ള പൊതുധാരണ പരത്തുന്നതില്‍ പാശ്ചാത്യര്‍ വിജയിച്ചിട്ടുണ്ട്‌. ആന്‍ നോര്‍ട്ടന്റെ പുസ്‌തകം പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല അവരുടെ പബ്ലിക്‌ സ്‌ക്വയര്‍ പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്‌ എന്നത്‌ പുസ്‌തകത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 
ഇസ്‌ലാമും ഭയത്തിന്റെ രാഷ്‌ട്രീയവും മാര്‍ത്ത നുസ്‌ബാമിന്റെ ആലോചനകള്‍
കുറച്ചുവര്‍ഷം മുമ്പ്‌ ന്യൂയോര്‍ക്ക്‌ ടൈംസില്‍ യുറോപ്പിലെ വിശിഷ്യ ഫ്രാന്‍സ്‌, ബെല്‍ജിയം, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ ബുര്‍ഖാ നിരോധനത്തെ കുറിച്ച്‌ മാര്‍ത്ത നുസ്‌ബാം പ്രസിദ്ധീകരിച്ച ഒരു ലേഖനം ഏറെ ശ്രദ്ധേയമായിരുന്നു. അന്ന്‌ വായനക്കാര്‍ ആ ലേഖനത്തോടു നടത്തിയ പ്രതികരണവും അതിലൂടെ രൂപപ്പെട്ട ചോദ്യങ്ങളുമാണ്‌ മാര്‍ത്ത നുസ്‌ബാമിനെ ദി ന്യൂ റിലീജ്യസ്‌ ഇന്റോലറന്‍സ്‌: ഓവര്‍ കമിംഗ്‌ ദി പൊളിറ്റിക്‌സ്‌ ഓഫ്‌ ഫിയര്‍ ഇന്‍ ആന്‍ ആന്‍ക്‌ഷ്യസ്‌ ഏജ്‌ എന്ന പുസ്‌തകത്തിന്റെ രചനയിലേക്ക്‌ നയിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം അവസാനം ഹാവാര്‍ഡ്‌ സര്‍വകലാശാലയാണ്‌ പുസ്‌തകം പുറത്തിറക്കിയത്‌.
അനലിറ്റിക്കല്‍ ഫിലോസോഫിയിലെ ഇന്നത്തെ വലിയൊരു ശബ്‌ദമാണ്‌ മാര്‍ത്ത നുസ്‌ബാം. ഈ പുസ്‌തകത്തിലൂടെ മറ്റു പല സമകാലിക ചിന്തകരെയും പോലെ ഇസ്‌ലാമിനെ കുറിച്ചും മതവും പൊതുമണ്ഡലവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുമുള്ള പുതിയ സംവാദങ്ങളിലേക്ക്‌ നുസ്‌ബാം കണ്ണിചേരുകയാണ്‌. 280-ലധികം താളുകളുള്ള പുസ്‌തകം ആമുഖമൊഴിച്ച്‌ ഏഴു അധ്യായങ്ങളില്‍ പരന്നുകിടക്കുന്നു. മുസ്‌ലിംകളെ കുറിച്ചുള്ള പുതിയ ഭയത്തെ നേരിടാനും പരിഹാരം തേടാനും നുസ്‌ബാം പോകുന്നത്‌ യുറോപ്പിന്റെ തന്നെ ഗ്രീക്ക്‌ തത്വചിന്താ പാരമ്പര്യത്തിലേക്കും ഇന്ത്യയിലെ അശോകന്റെ ബുദ്ധപാരമ്പര്യത്തിലേക്കും മുഗള്‍ ഇസ്‌ലാമിക പാരമ്പര്യത്തിലേക്കുമാണ്‌. മുസ്‌ലിംകളെ കുറിച്ചുള്ള ചില ഭയങ്ങള്‍ യുക്തിപരമാണെന്ന അഭിപ്രായമുള്ള നുസ്‌ബാം എന്നാല്‍ അതിനെ മുസ്‌ലിംവിരുദ്ധ രാഷ്‌ട്രീയത്തിന്റെ ആയുധം ആക്കുന്നതിനെ വിമര്‍ശിക്കുന്നു. യൂറോപ്പിലും അമേരിക്കയിലും മുസ്‌ലിംകളെ കൂടി ഉള്‍പ്പെടുത്തി ജീവിക്കാനുള്ള നൈതികവും രാഷ്‌ട്രീയവും തത്വചിന്താപരവുമായ വഴികളാണ്‌ നുസ്‌ബാം കണ്ടെത്താന്‍ ശ്രമിക്കുന്നത്‌. ലിബറല്‍മൂല്യങ്ങളുടെ തന്നെ ശരിയായ നടത്തിപ്പാണ്‌ ഇന്ന്‌ യൂറോപ്പും അമേരിക്കയും അകപ്പെട്ടിട്ടുള്ള മുസ്‌ലിം പ്രശ്‌നത്തെ മറികടക്കാന്‍ നുസ്‌ബാം അടിസ്ഥാനപരമായി മുന്നോട്ടുവെക്കുന്നത്‌.
അനലിറ്റിക്കല്‍ ഫിലോസഫിയിലെ മറ്റു പല എഴുത്തുകളെയും പോലെ തന്നെ അങ്ങേയറ്റത്തെ പ്രായോഗികത, ആശയങ്ങളിലെ വ്യക്തത, പരിഹാര നിര്‍ദേശങ്ങളിലെ കൃത്യത ഒക്കെ പുസ്‌തകത്തെ വളരെവേഗം വായിക്കാനും മനസ്സിലാക്കാനും സഹായിക്കുന്നു. പുസ്‌തകത്തിന്റെ മാറ്റൊരു സാധ്യത, ഇന്നത്തെ മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ `ടോളറന്‍സ്‌' പോലുള്ള സംവര്‍ഗങ്ങളുടെ ലിബറല്‍ പ്രയോഗത്തെ കുറിച്ച്‌ വെന്‍ഡി ബ്രൗണ്‍ (റെഗുലേറ്റിങ്ങ്‌ അവേശന്‍: ടോളറന്‍സ്‌ ഇന്‍ ദി ഏജ്‌ ഓഫ്‌ ഐഡന്റിറ്റി ആന്‍ഡ്‌ എമ്പയര്‍ എന്ന പുസ്‌തകം കാണുക) അടക്കമുള്ളവര്‍ പുലര്‍ത്തുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ നുസ്‌ബാമിനെ വായിക്കുന്നത്‌ ലിബറല്‍ മൂല്യങ്ങളെ കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക്‌ സഹായകമാവുമെന്നു പ്രതീക്ഷിക്കാം.
(Martha C. Nussbaum. 2012. New Religious Intolerance : Overcoming the Politics of Fear in an Anxious Age. Cambridge : The Belknap Press of Harvard University Press)
ഇസ്‌ലാം ഇല്ലാത്ത ലോകം
സി ഐ എ-യുടെ നേഷനല്‍ ഇന്റലിജന്‍സ്‌ കൗണ്‍സില്‍ ചെയര്‍മാനായിരുന്ന ഗ്രഹാം ഇ ഫുള്ളറുടെ, A World Without Islam(2010) സമീപകാലത്ത്‌ ഇറങ്ങിയ മികച്ച പുസ്‌തകങ്ങളില്‍ ഒന്നാണ്‌. Future of Political Islam ആണ്‌ അദ്ദേഹത്തിന്റെ ഒന്നാമത്തെ കൃതി.
രണ്ട്‌ പതിറ്റാണ്ടിലേറെ തുര്‍ക്കി, സുഊദി അറേബ്യ, ലബനാന്‍, ഉത്തര യമന്‍, അഫ്‌ഗാനിസ്‌താന്‍ തുടങ്ങിയ നാടുകളില്‍ ജോലി ചെയ്‌തിട്ടുണ്ടദ്ദേഹം. ഈ രാജ്യങ്ങളുടെയും ജനതകളുടെയും പ്രശ്‌നങ്ങളില്‍ നിപുണനായിട്ടാണദ്ദേഹം ഗണിക്കപ്പെടുന്നത്‌. സമകാലീന ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം ഇസ്‌ലാമാണ്‌ എന്ന പ്രചാരണം തികച്ചും തെറ്റാണെന്നു പുസ്‌തകം സമര്‍ഥിക്കുന്നു. മുസ്‌ലിം സമൂഹങ്ങളുടെ അസംതൃപ്‌തിക്കും അമേരിക്കന്‍ വിരുദ്ധ വികാരത്തിനും ഉത്തരവാദി മുസ്‌ലിം നാടുകളോട്‌ അമേരിക്ക അനുവര്‍ത്തിച്ചുവരുന്ന പോളിസിയാണെന്നും പാശ്ചാത്യലോകം മധ്യപൂര്‍വ ദേശത്തെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി സംഭാഷണത്തിനു തയാറാകണമെന്നും നിര്‍ദേശിക്കുന്ന പുസ്‌തകം ജൂത-െ്രെകസ്‌തവ-ഇസ്‌ലാം മതങ്ങള്‍ അബ്രഹാമിക്‌ മതങ്ങളാണെന്ന്‌ വാദിക്കുന്നു.
പശ്ചിമേഷ്യയിലെ മുല്ലപ്പൂ വിപ്ലവം തികച്ചും വ്യവസ്ഥാപിതവും ക്ഷമാപൂര്‍വവുമായിരുന്നു. എന്നിട്ടും പാശ്ചാത്യ ലോകത്ത്‌ ഒരിക്കല്‍ കൂടി ഇസ്‌ലാമിനെക്കുറിച്ച്‌ ഗുരുതരമായ അപവാദങ്ങളും ആശങ്കകളും ഉയര്‍ത്തപ്പെട്ടിരിക്കുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു. പാശ്ചാത്യര്‍ ഇസ്‌ലാമിനെ നേരിട്ട്‌ പഠിക്കാത്തതാണതിനു കാരണം. ഇസ്‌ലാംവിരുദ്ധ മനോഭാവം പുലര്‍ത്തുന്നവരുടെ രചനകളില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നും മാത്രമാണ്‌ അവര്‍ ഇസ്‌ലാമിനെ മനസ്സിലാക്കുന്നത്‌. ഈ സാഹചര്യത്തില്‍ യാഥാര്‍ഥ്യനിഷ്‌ഠവും സൃഷ്‌ടിപരവുമായ ഇസ്‌ലാം വിശകലനമായി ഗ്രഹാം ഫുള്ളറിന്റെ പുസ്‌തകത്തെ കണക്കാക്കാം. ഗ്രഹാം ഇ ഫുള്ളറുടെ ഈ ഗ്രന്ഥം ഇസ്‌ലാം പഠനരംഗത്തെ പാശ്ചാത്യസമീപനത്തില്‍ ഒരു മാറ്റത്തിന്‌ തിരികൊളിത്താന്‍ കാരണമായേക്കാം.
(A World Without Islam, Graham E Fuller, Little, Brown and company-2010)
ആദ്യത്തെ മുസ്‌ലിം; കാലികമായി വായിക്കാവുന്ന പുസ്‌തകം
പ്രവാചകന്റെ ജീവചരിത്രം പല രീതിയില്‍ എഴുതപ്പെട്ടിട്ടുണ്ട്‌: ഗദ്യരൂപത്തിലാണധികവും. പ്രവാചക ജീവചരിത്രത്തിന്റെ കാവ്യാവിഷ്‌കാരമാണ്‌ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഖസീദകള്‍. ഗദ്യരൂപത്തില്‍ ആദ്യത്തേത്‌ എട്ടാം നൂറ്റാണ്ടില്‍ ഇബ്‌നു ഇസ്‌ഹാഖ്‌ എഴുതിയതാണെന്ന്‌ പറയപ്പെടുന്നു. ഇംഗ്ലീഷില്‍ പ്രവാചക ജീവചരിത്രത്തിന്‌ ലോകത്താദ്യമായി കാവ്യാവിഷ്‌കാരം നല്‍കിയത്‌ കേരളത്തിലാണെന്ന്‌ തോന്നുന്നു. ഉമര്‍ ഒ തസ്‌നീമിന്റെ സോള്‍ ഓഫ്‌ ദി ഡസേര്‍ട്ട്‌.?പ്രവാചകന്റെ ജീവചരിത്രം ശബ്ദരൂപത്തില്‍ യൂസുഫ്‌ ഇസ്‌ലാം ഒരെണ്ണമിറക്കിയിരുന്നു. മുസ്‌ലിം ജീവചരിത്രകാരന്മാര്‍ ഭക്ത്യാദരപൂര്‍വം എഴുതുമ്പോള്‍ മുസ്‌ലിംകളല്ലാത്തവരുടെ കൃതികളില്‍ സ്‌തുതിപാഠനം കാണാന്‍ കഴിയില്ല.
എട്ട്‌, ഒമ്പത്‌ നൂറ്റാണ്ടുകളിലെ അറബികൃതികളെ ആധാരമാക്കി ഇംഗ്ലീഷിലെഴുതിയ ഒരുത്തമ പ്രവാചക ജീവചരിത്ര ഗ്രന്ഥമായി മാര്‍ട്ടിന്‍ ലിംഗ്‌സ്‌ എഴുതിയ മുഹമ്മദ്‌ അറിയപ്പെടുന്നു. കാരന്‍ ആംസ്‌ട്രോംഗ്‌ എഴുതിയ മുഹമ്മദ്‌ എന്ന കൃതി വസ്‌തുനിഷ്‌ഠമായ മറ്റൊരു ജീവചരിത്ര കൃതിയാണ്‌. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകൃതമായ കൃതിയാണ്‌ ലെസ്‌ലി ഹാസില്‍ട്ടണ്‍ എഴുതിയ ദി ഫസ്റ്റ്‌ മുസ്‌ലിം, ദി സ്റ്റോറി ഓഫ്‌ മുഹമ്മദ്‌. (The First Muslim: The Story of Muhammad, Riverhead Books, New York, 2013.) 
ചരിത്രമെഴുതുന്നതോടൊപ്പം തന്നെ ആ മഹല്‍ ജീവിതത്തെ അതിന്റെ എല്ലാ സമഗ്രതയോടും ചടുലതയോടും കൂടി നമ്മുടെ കാലഘട്ടവുമായി ബന്ധപ്പെടുത്തുന്നു എന്നതാണ്‌ ഇതിലെ ആഖ്യാനരീതിയുടെ സവിശേഷത. ഈ പുസ്‌തകം വായിക്കുമ്പോള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പശ്ചാത്തലവുമായും യാഥാര്‍ഥ്യവുമായും ബന്ധപ്പെടുത്തിയാണ്‌ നാം വായിക്കുക. 
അജ്ഞാതനായിരിക്കുന്ന അവസ്ഥയില്‍ നിന്ന്‌ പ്രശസ്‌തിയിലേക്ക്‌, ഒട്ടും പ്രാധാന്യമില്ലായ്‌മയില്‍ നിന്ന്‌ ലോകാന്ത്യം വരെ നിലനില്‍ക്കുന്ന പ്രാധാന്യത്തിലേക്ക്‌, അധികാരമില്ലായ്‌മയില്‍ നിന്ന്‌ അധികാരത്തിലേക്ക്‌ എങ്ങനെ മുഹമ്മദ്‌ എത്തിച്ചേരുന്നു, പാര്‍ശ്വവല്‍ക്കരിക്കപ്പെടുമായിരുന്ന ഒരു കുഞ്ഞ്‌ എങ്ങനെ പില്‍ക്കാലത്ത്‌ ലോകത്തെ തന്നെ മാറ്റി മറിക്കുന്നു, വ്യാപാരിയായിരുന്ന ഒരാളെങ്ങനെ സാമൂഹ്യനീതിക്ക്‌ പുതിയ പാഠം രചിക്കുന്നു, എങ്ങനെ ഒരന്യന്‍ അവഗണിക്കാനാവാത്ത ഒരു സ്വന്തക്കാരനായി മാറുന്നു എന്നിവയെല്ലാം ഗ്രന്ഥകാരി പരിശോധിക്കുന്നു. 
നല്ല വായനാക്ഷമതയുള്ള ഈ പുസ്‌തകത്തിന്റെ ഒന്നാം അധ്യായം ഇന്ററാക്‌റ്റീവ്‌ വെബ്‌മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 
(http://islaminteractive.info/content/first-muslim-story-muhammad).
സ്വര്‍ഗംതേടി ഒരു ധിഷണാശാലി
സമകാലീന ഇസ്‌ലാമിക ലോകത്തെ അതുല്യ പ്രതിഭാശാലിയായ സിയാവുദ്ദീന്‍ സര്‍ദാറിന്റെ desperately seeking paradise എന്ന പുസ്‌തകത്തിന്റെ മലയാള പരിഭാഷയായ `സ്വര്‍ഗംതേടി നിരാശയോടെ' എന്ന കൃതി വ്യത്യസ്‌തമായ വായനാനുഭവം സമ്മാനിക്കുന്നു. ശാസ്‌ത്രം, മതം, സമകാലീന സംസ്‌കാരം തുടങ്ങിയവയെപ്പറ്റി നാല്‌പതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ച സര്‍ദാറിന്റെ ആത്മകഥാപരമായ കൃതിയാണിത്‌. ഇസ്‌ലാമിനകത്തു കൂടി സര്‍ദാര്‍ നടത്തിയ സഞ്ചാരമാണിതെന്നും പറയാം. കേരളീയമായ പല അനുഭവങ്ങളും ലണ്ടനിലും അല്ലെങ്കില്‍ അദ്ദേഹം സഞ്ചരിച്ച മറ്റു പല സ്ഥലങ്ങളിലും കാണാന്‍ സാധിക്കുന്നുവെന്നതാണ്‌ എന്നെ ഏറ്റവും ആകര്‍ഷിച്ച ഘടകം.
ഇരുപതാം നൂറ്റാണ്ടില്‍ മുസ്‌ലിം ലോകത്ത്‌ ഉദയംകൊണ്ട വിവിധ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സൂക്ഷ്‌മമായി പിന്തുടരാന്‍ സര്‍ദാര്‍ സമയം കണ്ടെത്തിയിട്ടുണ്ട്‌. തബ്‌ലീഗ്‌ ജമാഅത്ത്‌ മുതല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, ജമാഅത്തെ ഇസ്‌ലാമി വരെയുള്ള സംഘങ്ങളെ അദ്ദേഹം ശ്രദ്ധാപൂര്‍വം പിന്തുടരുന്നുണ്ട്‌. എവിടെയാണ്‌ ഇസ്‌ലാമിന്റെ മൗലികസൗന്ദര്യം ബാക്കി നില്‌ക്കുന്നത്‌ എന്ന്‌ അദ്ദേഹം തന്റെ യാത്രയില്‍ അന്വേഷിക്കുന്നു. സ്വര്‍ഗം തേടിയുള്ള സംഘടനകളുടെ മത്സരയോട്ടം സര്‍ദാറിന്‌ ഒരു കോമാളിക്കാഴ്‌ചയായാണ്‌ അനുഭവപ്പെടുന്നത്‌. ഈ കോമാളി മുഖങ്ങളില്‍ ഒന്നല്ലേ തന്റേതുമെന്ന്‌ ഒരു ഞെട്ടലോടെ സര്‍ദാറും തിരിച്ചറിയുന്നു.
ഈ പുസ്‌തകത്തില്‍ പല വിഷങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്‌. ആധുനിക ഇസ്‌ലാമിക സമൂഹങ്ങള്‍ നേരിടുന്ന പല ആശയപരമായ വെല്ലുവിളികളെയും തന്റേതായ വീക്ഷണകോണിലൂടെ അദ്ദേഹം നോക്കിക്കാണുന്നു. ഉദാഹരണത്തിന്‌ സെക്യുലറിസം മറ്റൊരു മതമാണെന്നാണ്‌ സര്‍ദാറിന്റെ നിരീക്ഷണം. സെക്യുലറസത്തിന്റെ ഉല്‌പന്നമായ ലിബറല്‍ ഹ്യൂമനിസത്തിന്‌ അതിന്റേതായ വിശ്വാസപദ്ധതികളുണ്ട്‌, മതവും രാഷ്‌ട്രീയവുമായുള്ള വിഭജനം, സമ്പൂര്‍ണമായ ആവിഷ്‌ക്കാര സ്വാതന്ത്ര്യം തുടങ്ങിയവ ഇതില്‍ ചര്‍ച്ചചെയ്യുന്നു. ഇവയില്‍ വളരെ വ്യത്യസ്‌തമായ നിലപാടുകളാണ്‌ അദ്ദേഹത്തിനുള്ളത്‌.
കേരളത്തിലെ സംഘടനകള്‍ക്കിടയില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ക്ക്‌ ഹേതുവായ കാര്യങ്ങളെ നാം നിസ്സാരമെന്ന്‌ വിശേഷിപ്പിക്കുമ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്‌ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെന്നത്‌ മറ്റൊരു കൗതുകമാണ്‌. എന്നാല്‍ ഈ പിടിവലികള്‍ സമുദായത്തിന്‌ എത്രത്തോളം ആരോഗ്യകരമാണ്‌ എന്ന സ്വയം വിചാരണക്ക്‌ ഈ കൃതി പ്രേരണ നല്‌കും. കേവല ആത്മീയത മാത്രം പ്രബോധനം ചെയ്യുന്ന തബ്‌ലീഗ്‌ ജമാഅത്തിനെ അദ്ദേഹം രൂക്ഷമായി വിചാരണ ചെയ്യുന്നുണ്ട്‌.
ഈ പുസ്‌തകത്തിന്റെ ഭാഷ എടുത്തുപറയേണ്ടതാണ്‌. വളരെ ഋജുവും ദൃഢവുമായ ഒരു ഗദ്യമാണ്‌ മൂലകൃതിക്കും വിവര്‍ത്തനത്തിനുമുള്ളത്‌. വളരെ മൗലികമായ കാഴ്‌ചപ്പാടുകള്‍ അദ്ദേഹം ഇതില്‍ മുന്നോട്ടുവെക്കുന്നുണ്ട്‌. ക്ലാസിക്കല്‍ ഇസ്‌ലാമിസ്റ്റുകളും തൊട്ടുമുമ്പ്‌ കടന്നുപോയ നവോത്ഥാനനായകരും അവതരിപ്പിച്ച ആശയങ്ങളെ കുറച്ചുകൂടി മുമ്പോട്ട്‌ കൊണ്ടുപോകാന്‍ അദ്ദേഹത്തിന്‌ സാധിച്ചിട്ടുണ്ട്‌. അജയ്‌ പി മങ്ങാടിന്റെ പ്രൗഢമായ അവതാരികയും ഈ വിവര്‍ത്തനത്തിന്‌ ഒരു മുതല്‍ക്കൂട്ടാണ്‌.
(സ്വര്‍ഗംതേടി നിരാശയോടെ, സിയാവുദ്ദീന്‍ സര്‍ദാര്‍, വിവ. കെ സി സലീം, അദര്‍ ബുക്‌സ്‌ കോഴിക്കോട്‌)
നബിചരിത്രരചനയുടെ രൂപവും ഭാവവും
ചരിത്രം പ്രചോദനത്തിന്റെ പ്രഭവകേന്ദ്രമാണ്‌. മാതൃകാധന്യമായ ജീവിതം നയിച്ച്‌ ലോകത്തിന്‌ സന്മാര്‍ഗത്തിന്റെ ദീപ്‌തിയേകിയ പ്രവാചകന്റെ ചരിത്രം പ്രചോദനങ്ങളുടെ കലവറയാണ്‌. പ്രവാചകചരിത്രം സ്‌ഫുടം ചെയ്‌തെടുക്കപ്പെട്ടതുപോലെ മറ്റൊരാളുടെ ചരിത്രവും വേര്‍തിരിക്കപ്പെട്ടിട്ടില്ല. പ്രവാചകചരിത്രത്തിന്റെ മനോഹരമായ ആഖ്യാനങ്ങള്‍ തീര്‍തിട്ടുള്ള പ്രഖ്യാതമായ മൂന്ന്‌ ഗ്രന്ഥങ്ങളാണ്‌ ഹുസൈന്‍ ഹയ്‌ക്കലിന്റെ ഹയാത്‌ മുഹമ്മദ്‌, അബുല്‍ഹസന്‍ അലി നദ്‌വിയുടെ തിരുദൂതന്‍, സഫിയ്യുര്‍റഹ്‌മാന്‍ മുബാറക്‌ പൂരിയുടെ നബിചരിത്രം എന്നിവ. ഈ ഗ്രന്ഥങ്ങളുടെ എല്ലാ സവിശേഷതകളും ഒന്നിച്ച്‌ ആവാഹിച്ചെടുത്തിട്ടുള്ള ഏറ്റവും കനപ്പെട്ട കൃതിയത്രെ അല്ലാമാ ശിബ്‌ലി നുഅ്‌മാനിയുടെ സീറതുന്നബി.
പ്രസ്‌തുത ഗ്രന്ഥത്തിന്റെ രണ്ട്‌ വാള്യങ്ങള്‍ മാത്രമേ അദ്ദേഹത്തിന്‌ രചിക്കാന്‍ സാധിച്ചിട്ടുള്ളൂ. ബാക്കി വാള്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രിയശിഷ്യന്‍ സയ്യിദ്‌ സുലൈമാന്‍ നദ്‌വിയാണ്‌ പൂര്‍ത്തിയാക്കിയിട്ടുള്ളത്‌.
അല്ലാമ ശിബ്‌ലി നുഅ്‌മാനി തന്റെ ചരിത്രരചനയുടെ രൂപരേഖയും ആമുഖവും കുറിച്ചിട്ടുള്ള അത്യധികം വൈജ്ഞാനിക മൂല്യമുള്ള കൊച്ചുഗ്രന്ഥമാണ്‌ നബിചരിത്ര രചന വളര്‍ച്ചയും വികാസവും എന്ന പുസ്‌തകം. യുവത ബുക്ക്‌ ഹൗസ്‌ പ്രസിദ്ധീകരിച്ചിട്ടുള്ള വിലപ്പെട്ട ഗ്രന്ഥങ്ങളിലൊന്നാണിത്‌. ഇതിന്റെ പരിഭാഷ നിര്‍വഹിച്ചിട്ടുള്ളത്‌ വായന ഒരു തപസ്യയാക്കിയിട്ടുള്ള അബ്‌ദുര്‍റഹ്‌മാന്‍ ആദൃശ്ശേരിയാണ്‌. നബിചരിത്ര രചനയുടെ ആഴങ്ങളിലേക്ക്‌ ആണ്ടിറങ്ങാന്‍ ആശിക്കുന്ന ഏതൊരു വ്യക്തിക്കും ഈ ഗ്രന്ഥം വ്യക്തമായ ഒരു വഴികാട്ടിയാണ്‌. നബിചരിത്രത്തിലെ നെല്ലും പതിരും വേര്‍തിരിക്കുന്നതിനുള്ള ഉരക്കല്ല്‌ പ്രദാനം ചെയ്യുന്ന ഈ ഗ്രന്ഥം വായിക്കാതിരിക്കുന്നത്‌ വലിയ നഷ്‌ടം തന്നെയായിരിക്കും.
ദി കണ്‍വെര്‍ട്ട്‌ മറിയം ജമീലയുടെ ജീവചരിത്രം
ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ ജനിച്ചുവളര്‍ന്ന ഒരു അമേരിക്കന്‍ ജൂത പെണ്‍കുട്ടിയായിരുന്നു മാര്‍ഗരെറ്റ്‌ മാര്‍കസ്‌. പിന്നീട്‌ ഇസ്‌ലാം സ്വീകരിച്ച ലോകപ്രശസ്‌ത എഴുത്തുകാരി മറിയം ജമീലയുടെ (1934-2012) ജീവിതം ഇന്നും വിസ്‌മയകരമായ പ്രഹേളികയാണ്‌. ഇസ്‌ലാംമതം സ്വീകരിച്ച്‌, ഒരു പാശ്ചാത്യസമൂഹത്തിന്റെ എല്ലാ സ്വാതന്ത്ര്യവും ഉപേക്ഷിച്ചു മാര്‍ഗരെറ്റ്‌ പാകിസ്‌താനിലേക്ക്‌ കുടിയേറിയത്‌ എന്തിനാണ്‌? ഒരു പാശ്ചാത്യ വനിതയെ സംബന്ധിച്ച്‌ ഏറ്റവും അസഹ്യമായ, പര്‍ദ്ദ തെരഞ്ഞെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്‌ എന്തായിരുന്നു? ഈ ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള ദെബോറ ബേക്കറുടെ യാത്രയാണ്‌ `ദി കണ്‍വേര്‍ട്ട്‌' എന്ന മര്‍യം ജമീലയുടെ ജീവചരിത്രം. ന്യൂയോര്‍ക്ക്‌ പബ്ലിക്‌ ലൈബ്രറിയുടെ ഏതോ മൂലയില്‍ നിന്ന്‌ അപ്രതീക്ഷിതമായി കണ്ടെടുത്ത മാര്‍ഗരെറ്റിന്റെ കത്തുകളും കുറിപ്പുകളും ലേഖനങ്ങളും ദെബോറ ബേക്കറുടെ മനസ്സില്‍ സൃഷ്‌ടിച്ച അസ്വസ്ഥതയാണ്‌ ഈ പുസ്‌തകത്തിന്റെ രചനയില്‍ കലാശിച്ചത്‌.
പാശ്ചാത്യ നാഗരികതയ്‌ക്കകത്തു കടുത്ത അതൃപ്‌തിയും ഏകാന്തതയും അനുഭവിച്ച മാര്‍ഗരെറ്റ്‌ മാര്‍കസ്‌ എന്ന യുവതി ഇസ്‌ലാമിലാണ്‌ ആശ്വാസം കണ്ടെത്തിയത്‌. അബുല്‍ അഅ്‌ലാ മൗദൂദിയുമായി നടത്തിയ കത്തിടപാടുകള്‍ക്കൊടുവില്‍ സ്വന്തം അച്ഛന്റെയും അമ്മയുടെയും അനുവാദം വാങ്ങി പാകിസ്‌താനിലേക്ക്‌ തിരിക്കുകയാണ്‌ മാര്‍ഗരെറ്റ്‌.
1962-ല്‍ ലാഹോറില്‍ എത്തി, മൗദൂദിയുടെ വീട്ടിലെ ഒരംഗമായി താമസം ആരംഭിക്കുന്നു. തനിക്ക്‌ തീര്‍ത്തും അപരിചിതമായ ആചാരങ്ങളും ദിനചര്യകളും പെരുമാറ്റരീതികളും മാര്‍ഗരെറ്റിന്റെ ജീവിതത്തില്‍ അലോസരങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌. അതെല്ലാം സഹിച്ചു തന്റെ സത്യാന്വേഷണം തുടരുകയാണ്‌ അവര്‍. ഒടുവില്‍ ഇസ്‌ലാം സ്വീകരിച്ചു മാര്‍ഗരെറ്റ്‌ ജമീലയായി മാറി. സ്വന്തം മനസ്സാക്ഷിയെ തൃപ്‌തിപ്പെടുത്താന്‍ വേണ്ടി ഇസ്‌ലാമിനെ കുറിച്ച്‌ നടത്തിയ അഗാധമായ അന്വേഷണം വിലപ്പെട്ട ഒട്ടേറെ കൃതികള്‍ രചിക്കാന്‍ പ്രേരണയായി തീര്‍ന്നു. പാശ്ചാത്യ ദര്‍ശനങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള ഏക മതം ഇസ്‌ലാമാണെന്ന്‌ സമര്‍ഥിച്ചു കൊണ്ട്‌ പടിഞ്ഞാറിനെതിരെ ഇസ്‌ലാം എന്ന ഗ്രന്ഥം രചിച്ചു.
അസാധാരണമായ പഠനവും വായനയും മര്‍യം ജമീലയെ മാനസിക സംഘര്‍ഷത്തില്‍ അകപ്പെടുത്തുന്നു. ആറു മാസത്തിനകം അവള്‍ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. എന്നാല്‍ അവളുടെ കത്തുകളില്‍ എവിടെയും ഈ മാനസിക സംഘര്‍ഷത്തെ കുറിച്ചുള്ള സൂചനകള്‍ ഇല്ലെന്നു ദെബോറ ബേക്കര്‍ പറയുന്നു. പഴയ മാര്‍ഗരെറ്റ്‌ വിവാഹം ഒട്ടും ആഗ്രഹിച്ചിരുന്നില്ല.
എന്നാല്‍, ഇസ്‌ലാം ദാമ്പത്യജീവിതമാണ്‌ ഉത്തമയായി കാണുന്നത്‌ എന്ന്‌ തിരിച്ചറിയുന്ന മര്‍യം ജമീല വിവാഹത്തിനു തയ്യാറാകുന്നു.ഏറെ അത്ഭുതകരം, ഒരു രണ്ടാം ഭാര്യയായി വിവാഹത്തില്‍ ഏര്‍പ്പെടാന്‍ അവര്‍ക്ക്‌ ഒട്ടും സങ്കോചം ഉണ്ടായില്ല എന്നതാണ്‌. മര്‍യം ജമീലയെ തേടിയെത്തുന്ന ഗ്രന്ഥകാരി, ജമീലയായി മാറിയ മാര്‍ഗരെറ്റിനെ കണ്ടു ശരിക്കും അത്ഭുതപ്പെടുന്നുണ്ട്‌. ഒരു പാശ്ചാത്യ ജൂതവനിത യാതൊരു ബാഹ്യ പ്രേരണയുമില്ലാതെ ഈ വിധം മാറിയത്‌ അസാധാരണമായി തോന്നുക സ്വാഭാവികം മാത്രം.
ഒരു നോവല്‍ വായിക്കുന്ന ഉദ്വേഗത്തോടെ മാത്രമേ ഈ പുസ്‌തകം വായിച്ചു തീര്‍ക്കാന്‍ കഴിയൂ. മറിയം ജമീലയുടെ ജീവിതം തീര്‍ച്ചയായും ഒരു പ്രഹേളികയായിത്തന്നെ നിലകൊള്ളുന്നു. `ദ കണ്‍വര്‍ട്ട്‌' വായിച്ചു തീരുമ്പോള്‍ ഒരു മലയാളിയുടെ മനസ്സില്‍ തെളിയുക, ഇന്നും വിവാദ നായികയായ കമല സുരയ്യ ആയിരിക്കും. 2011-ലെ ഏറ്റവും മികച്ച പുസ്‌തകങ്ങളുടെ കൂട്ടത്തില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട ദി കണ്‍വേര്‍ട്ട്‌, പെന്‍ഗ്വിന്‍ ആണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌.
(The convert: A tale of Exile and Extremism, Deborah Baker, Penguin, India)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: