അനുഗ്രഹവര്‍ഷമായി മഴമേഘങ്ങള്‍

  • Posted by Sanveer Ittoli
  • at 9:57 AM -
  • 0 comments
അനുഗ്രഹവര്‍ഷമായി മഴമേഘങ്ങള്‍

അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി

മനുഷ്യന്‍ മഴത്തുള്ളികള്‍ക്കായി വേഴാമ്പലു പോലെ മേലോട്ടു നോക്കിക്കൊണ്ടിരുന്ന വേനല്‍ദിനങ്ങള്‍ക്കറുതിയായി. ആകാശം കറുത്തു. മഴ പെയ്‌തു തുടങ്ങി. കാലവര്‍ഷം വന്നെത്താന്‍ അല്‍പം വൈകിയാല്‍ ജലക്ഷാമം രൂക്ഷമാവുക സാധാരണമാണെങ്കിലും ഈ വര്‍ഷത്തെ അനുഭവം കഠിനമായിരുന്നു. കിണറുകള്‍ വറ്റി വരണ്ടു. വേനല്‍കൃഷി നിലച്ചു. നിര്‍മാണജോലികള്‍ പലതും നിര്‍ത്തിവെച്ചു. ദൂരെ ദിക്കുകളില്‍ നിന്ന്‌ വാഹനങ്ങളില്‍ കുടിവെള്ളമെത്തിച്ചു തുടങ്ങി പലേടത്തും. ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ വെള്ളത്തിന്റെ വിലയറിഞ്ഞു. മലയാളി പാഠംപഠിക്കാന്‍ തുടങ്ങി.മനുഷ്യര്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി. ജാതിമത ഭേദമന്യെ അവരവരുടെ രീതിയനുസരിച്ച്‌ മഴയ്‌ക്കു വേണ്ടി ദൈവത്തോട്‌ യാചിച്ചു. മുസ്‌ലിംകള്‍ പല സ്ഥലങ്ങളിലും നബിചര്യയനുസരിച്ച്‌ മഴ തേടിക്കൊണ്ടുള്ള പ്രത്യേക നമസ്‌കാരം നിര്‍വഹിച്ചു. വേനല്‍മഴ കിട്ടാതെ വലഞ്ഞ മലയാളികള്‍ക്ക്‌ കാലവര്‍ഷം സമയത്തു തന്നെ നല്‍കി അല്ലാഹു അനുഗ്രഹിച്ചു. അല്ലാഹുവിന്‌ സ്‌തുതി. വെള്ളമില്ലാതെ കഷ്‌ടപ്പെടുമ്പോള്‍കേഴുന്ന മനുഷ്യന്‍ ജലസമൃദ്ധിയില്‍ ദൈവത്തെ സ്‌തുതിക്കാന്‍ മറക്കരുത്‌. അല്‍ഹംദുലില്ലാഹ്‌.
വേനല്‍ ദിവസങ്ങളില്‍ നടത്തപ്പെട്ട മഴപ്രാര്‍ഥനകളും സമൂഹത്തിലെ ചില അല്‍പന്മാരുടെ പ്രതികരണങ്ങളും ശ്രദ്ധയില്‍ പെട്ടതിനാലാണ്‌ ഈ കുറിപ്പെഴുതുന്നത്‌. മഴയ്‌ക്കു വേണ്ടിയുള്ള നമസ്‌കാരങ്ങള്‍ നടന്നതായി ചില ഭാഗങ്ങളില്‍ നിന്ന്‌ വാര്‍ത്തകള്‍ വന്നപ്പോള്‍ അതിനെ കളിയാക്കിക്കൊണ്ട്‌ യുക്തിവാദികള്‍ എന്നഭിമാനിക്കുന്നവര്‍ `നമസ്‌കരിച്ചിട്ട്‌ മഴ പെയ്‌തോ?' എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതികരിച്ചുകണ്ടു. മതത്തെ തള്ളി, വിശ്വാസത്തെ നിരാകരിച്ച്‌, ശാസ്‌ത്രത്തെ`ദൈവ'മാക്കി വിരാജിക്കുന്ന ഭൗതികവാദികളുണ്ടെങ്കില്‍ വേണ്ടതെന്താണ്‌? ``ഹേ, മതഭക്തരേ, നിങ്ങളുടെ അന്ധവിശ്വാസം കൈവെടിയൂ. നമസ്‌കരിച്ചാല്‍ മഴ പെയ്യില്ല. മഴ ഭൗതിക പ്രതിഭാസമാണ്‌. അതിന്‌ ഇതാ ശാസ്‌ത്രീയമായ ഇന്ന മാര്‍ഗം സ്വീകരിക്കൂ. ഞങ്ങളെ കണ്ടുപഠിക്കൂ...'' എന്നായിരുന്നു പ്രതികരണമെങ്കില്‍ അതില്‍ ആര്‍ജവമുണ്ടായിരുന്നു. അതിനു കഴിയില്ലെന്നവര്‍ക്കു തന്നെ പൂര്‍ണ ബോധ്യം.
മതവിശ്വാസികളുടെ (വിശിഷ്യാ മുസ്‌ലിംകളുടെ) നിലപാട്‌ എന്തെന്നല്ലേ? ജീവന്റെ അടിത്തറയായ ജലപാതമെന്ന ഭൗതികപ്രതിഭാസം ദുന്‍യാവില്‍ ഒരു ശക്തിക്കും നിയന്ത്രണമില്ലാത്ത, ദൈവത്തിന്റെ മാത്രം കഴിവില്‍ പെട്ടതാണ്‌. മഴ നല്‍കി അനുഗ്രഹിക്കുന്ന ദൈവം മഴ കുറവുവരുത്തി പരീക്ഷിക്കുകയും ചെയ്യും. ജലദൗര്‍ലഭ്യം കൊണ്ട്‌ പരീക്ഷിക്കപ്പെട്ടാല്‍ വിനീത വിധേയരായി ദൈവത്തിന്റെ മുന്നില്‍ കനിവിനു വേണ്ടി പ്രാര്‍ഥിക്കുകയല്ലാതെ യാതൊരു പോംവഴിയുമില്ല. ആയതിനാല്‍, ദൈവമേ, മഴ വര്‍ഷിപ്പിച്ച്‌ സഹായിക്കണമേ എന്ന്‌ വിശ്വാസി പ്രാര്‍ഥിക്കുന്നു. ഭൗതികവിശ്വാസിയാകട്ടെ, താന്‍ നെയ്‌തെടുത്ത ദൈവ നിഷേധമെന്ന അഹന്തയില്‍ പെട്ട്‌ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനോ ഈ പ്രതിഭാസം എന്തുകൊണ്ട്‌ എന്ന്‌ വിശദീകരിക്കാന്‍ പോലുമോ കഴിയാതെ ഉഴലുകയും ചെയ്യുന്നു. വിശ്വാസിയുടെ മനസ്സമാധാനവും നിഷേധിയുടെ നിസ്സഹായതയും!
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, വിശ്വാസികളെന്നു പറയുന്നവരുടെ സ്ഥിതി ഇതിലും കഷ്‌ടം! പ്രാര്‍ഥിക്കുന്ന കാര്യത്തില്‍ പോലും വിവാദം! ഞങ്ങള്‍ പ്രാര്‍ഥിച്ചിട്ടാണ്‌ മഴ കിട്ടിയതെന്ന്‌ ചിലര്‍. മുസ്‌ലിംകള്‍ ഭിന്നിച്ചതുകൊണ്ടാണ്‌ പ്രാര്‍ഥനയ്‌ക്ക്‌ ഫലം കാണാത്തതെന്ന്‌ വേറെ ചിലര്‍. മഴയ്‌ക്കു വേണ്ടിയുള്ള നമസ്‌കാരം (ഇസ്‌തിസ്‌ഖാഅ്‌) നടത്തിയിട്ടും മഴ പെയ്യാത്തതെന്തേ, എന്ന്‌ ചില സാധാരണക്കാര്‍. നമ്മുടെ പ്രാര്‍ഥന അവഗണിക്കപ്പെടുകയോ എന്ന്‌ ചില സാത്വികര്‍... എന്താണ്‌ വസ്‌തുത?
മഴ അല്ലാഹുവിന്റെ അനുഗ്രഹമാണ്‌. ചിലപ്പോള്‍ പരീക്ഷിക്കപ്പെട്ടേക്കാം. മഴയുടെ ദാതാവിനോട്‌ (അല്ലാഹു) വിനയാന്വിതരായി ചോദിക്കുക മാത്രമാണ്‌ ഏക പോംവഴി. അതിനുള്ള നിശ്ചിത രൂപമാണ്‌ ഇസ്‌തിസ്‌ഖാഅ്‌ നമസ്‌കാരം. അങ്ങനെയല്ലാതെയും പതിനായിരങ്ങള്‍ നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു. നമസ്‌കാരസ്ഥലത്തു നിന്നു പിരിയുമ്പോഴേക്ക്‌ മഴ പെയ്‌തെന്നു വരാം. അങ്ങനെ അനുഭവങ്ങളുണ്ട്‌. വൈകാതെ മഴ കിട്ടിയെന്നു വരാം. പ്രാര്‍ഥന നടത്തിയിട്ടും ഉടനെയൊന്നും മഴ പെയ്‌തില്ലെന്നും വരാം. നമുക്കതില്‍ നിയന്ത്രണമില്ല. അല്ലാഹുവിന്റെ ഔദാര്യം. നാം മനുഷ്യര്‍, ദൈവത്തിന്റെ മുന്നില്‍ ദുര്‍ബലര്‍. പ്രാര്‍ഥിക്കുക എന്ന ബാധ്യത നിര്‍വഹിക്കുക. അതിന്‌ അല്ലാഹു പ്രത്യേക പ്രതിഫലം തരും; തീര്‍ച്ച. മഴയും വെയിലും മഞ്ഞും നിലാവുമെല്ലാം അല്ലാഹുവിന്റെ തീരുമാനമനുസരിച്ച്‌ വന്നുകൊണ്ടിരിക്കും. അല്ലാഹുവിന്റെ അനുഗ്രഹത്തെ പറ്റി ഒരിക്കലും നിരാശരാകരുത്‌. കാലത്തെ പഴിക്കരുത്‌. അത്‌ അല്ലാഹുവിനെ ദുഷിക്കുന്നതിനു തുല്യം. കാലക്കേട്‌ എന്ന പ്രയോഗം പോലും ശരിയല്ല. ഈ യാഥാര്‍ഥ്യബോധമാണ്‌ പ്രവാചകന്‍ പഠിപ്പിച്ചത്‌. ക്ഷാമത്തില്‍ നാം ചോദിക്കുന്നു, ക്ഷേമത്തില്‍ ധൂര്‍ത്തടിക്കുന്നു. ഇത്‌ അല്ലാഹു പൊറുക്കുന്ന കാര്യമല്ല. വെള്ളത്തിന്റെ കാര്യത്തിലും ദുര്‍വ്യയം അരുത്‌.
മുസ്‌ലിംകള്‍ക്ക്‌ ജീവിതമാതൃക മുഹമ്മദ്‌ നബിയാണ്‌. നബി(സ)യുടെ കാലഘട്ടത്തില്‍ ക്ഷാമവും വരള്‍ച്ചയുമുണ്ടായിട്ടുണ്ട്‌. ഒരിക്കല്‍ നബി(സ) ജുമുഅ ഖുത്വ്‌ബ നിര്‍വഹിച്ചുകൊണ്ടിരിക്കെ, ഒരാള്‍ പള്ളിയില്‍ കടന്നുവന്നു. രൂക്ഷമായ വരള്‍ച്ച അനുഭവിക്കുന്നതിനാല്‍ മഴയ്‌ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ പ്രവാചകനോടാവശ്യപ്പെട്ടു. പ്രവാചകന്‍ തത്സമയം മിന്‍ബറില്‍ നിന്നുകൊണ്ടു തന്നെ ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി ദീര്‍ഘമായി പ്രാര്‍ഥിച്ചു. ജുമുഅ കഴിഞ്ഞ്‌ ജനങ്ങള്‍ പിരിഞ്ഞപ്പോഴേക്ക്‌ മഴ പെയ്‌തു. എന്നാല്‍ ഒരാഴ്‌ചയോളം ദീര്‍ഘിച്ച മഴയുടെ ആധിക്യവും ജനങ്ങള്‍ക്ക്‌ വിഷമമായി. ഇക്കാര്യം ജുമുഅ ഖുത്വ്‌ബക്കിടയില്‍ തന്നെ ഉണര്‍ത്തപ്പെട്ടു. പ്രവാചകന്‍(സ) മിന്‍ബറില്‍ നിന്നു തന്നെ ദുആ ചെയ്‌തു. (മഴയെ പഴിച്ചുകൊണ്ട്‌ കാലക്കേടിന്റെ കെടുതി എന്നു പറഞ്ഞുകൊണ്ടല്ല). അല്ലാഹുവേ, ഈ മഴയെ ചുറ്റുപാടുകളിലേക്കും മലമേടുകളിലേക്കും തിരിക്കേണമേ. ഞങ്ങള്‍ക്ക്‌ പ്രയാസരഹിതമാക്കിത്തരേണമേ. അന്ന്‌ ജുമുഅ കഴിഞ്ഞ്‌ ആളുകള്‍ പിരിഞ്ഞുപോയത്‌ വെയിലത്തായിരുന്നു. (ബുഖാരി, മുസ്‌ലിം)
വരള്‍ച്ച രൂക്ഷമായ സന്ദര്‍ഭത്തില്‍ നബി(സ) ഒരു പ്രത്യേക നമസ്‌കാരം നിര്‍വഹിച്ചു കാണിച്ചുതന്നിട്ടുണ്ട്‌. മഴ തേടല്‍ (ഇസ്‌തിസ്‌ഖാഅ്‌) എന്നാണതിനു പേര്‍. വിനയത്തോടെ പശ്ചാത്താപ വിവശമായ മനസ്സുമായി ആബാല വൃദ്ധം മൈതാനിയില്‍ ഒത്തുചേര്‍ന്നു. പ്രാര്‍ഥനാ നിര്‍ഭരമായ പ്രഭാഷണം പ്രവാചകന്‍ നിര്‍വഹിച്ചു. ഖുത്വ്‌ബക്കിടയില്‍ ഖിബ്‌ലയ്‌ക്കു അഭിമുഖമായി നിന്നും പ്രാര്‍ഥിക്കുകയുണ്ടായി. ശേഷം എല്ലാവരും രണ്ട്‌ റക്‌അത്ത്‌ നമസ്‌കാരം നിര്‍വഹിച്ചു. നന്മകള്‍ ചെയ്‌തും തിന്മകളില്‍ നിന്ന്‌ വിട്ടുനിന്നും പാപമോചനത്തിന്‌ തേടിയും അല്ലാഹുവിനോട്‌ കൂടുതല്‍ ഭക്തരായിക്കൊണ്ടാണ്‌ ഇസ്‌തിസ്‌ഖാഇനു പുറപ്പെടേണ്ടത്‌. (മുസ്‌ലിം).
നബി(സ)യുടെ വിയോഗാനന്തരം ഖലീഫ ഉമറിന്റെ ഭരണകാലത്ത്‌ നബിയുടെ പിതൃസഹോദരനും മുതിര്‍ന്ന സ്വഹാബിയുമായ അബ്ബാസിന്റെ(റ) നേതൃത്വത്തില്‍ മഴയ്‌ക്കു വേണ്ടിയുള്ള നമസ്‌കാരം (ഇസ്‌തിസ്‌ഖാഅ്‌) നിര്‍വഹിച്ചതായി ഹദീസുകളില്‍ കാണാം (ബുഖാരി). മഴ തേടിക്കൊണ്ടുള്ള നിരവധി പ്രാര്‍ഥനകള്‍ നബി(സ)യില്‍ നിന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ജീവിതത്തിന്റെ ഏതു സന്ദര്‍ഭത്തിലും പ്രവാചകമാതൃക പിന്‍പറ്റുന്ന വിശ്വാസികള്‍ക്ക്‌ ക്ഷാമത്തിലും ക്ഷേമത്തിലും നിരാശപ്പെടേണ്ടിവരില്ല. ഐശ്വര്യത്തില്‍ മതിമറക്കാതിരിക്കുക. പരീക്ഷണത്തില്‍ പതറാതിരിക്കുക. വിജയം തീര്‍ച്ച.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: