ഏത് തെരഞ്ഞെടുക്കും?
കമ്പ്യൂട്ടറില്‍ നിന്ന് ഒരു ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ `അതു വേണോ?' എന്ന് കമ്പ്യൂട്ടര്‍ ചോദിക്കും. `ഇതൊഴിവാക്കിയാല്‍ പിന്നെ കിട്ടില്ല' എന്ന് പറഞ്ഞുതരും. എന്നിട്ടും നമ്മള്‍ഒഴിവാക്കിയാലും ആ ഫയല്‍ മറ്റൊരിടത്ത് ബാക്കിവെക്കും. നല്ലൊരു കൂട്ടുകാരനെപ്പോലെയുള്ള പെരുമാറ്റം, അല്ലേ? എന്നാല്‍ ഇതേ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഒരു തിന്മ ചെയ്യുമ്പോള്‍ കമ്പ്യൂട്ടര്‍ ഒന്നും ഗുണദോഷിക്കാറില്ല. `അത് മോശമല്ലേ?' എന്ന ചോദ്യമുയരില്ല. നമ്മള്‍ എന്ത് തെരെഞ്ഞെടുക്കുന്നുവോ അതിനെല്ലാം കമ്പ്യൂട്ടര്‍ വഴങ്ങിത്തരും.
പക്ഷേ, അങ്ങനെയൊരു ചോദ്യം ഉയരേണ്ടത് നമ്മുടെ ഉള്ളില്‍ നിന്നു തന്നെയാണ്. ഓരോ ചലനത്തിലും നടപ്പിലും നോട്ടത്തിലും ആ ചോദ്യമുയരണം. ഈമാന്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്.
സത്യവും അസത്യവും തമ്മില്‍ വലിയ ദൂരമില്ല. നന്മയുടെ തൊട്ടടുത്ത് തന്നെയാണ് തിന്മയുടേയും താമസം. നമ്മള്‍ ഏത് തെരെഞ്ഞെടുക്കുന്നു എന്നതാണ് പ്രധാനം. പഴങ്ങള്‍,വീട്ടുപകരണങ്ങള്‍, വസ്‌ത്രം... ഏന്തു വാങ്ങുമ്പോഴും നല്ലതു മാത്രം തെരഞ്ഞെടുത്തേ നമ്മള്‍ വാങ്ങൂ. എങ്കിലേ അതിന് ഈടും ഉറപ്പുമുണ്ടാകൂവെന്നതുറപ്പ്. വാക്കിലും നോക്കിലും കര്‍മങ്ങളിലും സൗഹൃദങ്ങളിലുമൊക്കെ ഈ രീതി ഉപയോഗപ്പെടുത്തിയാല്‍ജീവിതവും വിജയകരമാകും.
നല്ലതും ചീത്തയും നന്നായി അറിയുന്നവരാണ് നമ്മള്‍. പക്ഷേ, ചീത്ത നമ്മെ വശീകരിക്കുകയും കൊതിപ്പിക്കുകയും ചെയ്യും. ചീത്തയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അതിലേക്ക് മനസ്സ് ചാഞ്ഞുപോകും. അങ്ങനെ സ്വയം മലിനപ്പെടും. ഗുണവും മേന്മയും നോക്കിയാണ് എല്ലായിടത്തും നീങ്ങുന്നതെങ്കില്‍ ജീവിതത്തിലാകെ അതിന്റെ നന്മയും ഈടുറപ്പും നമ്മളനുഭവിക്കും.
എപ്പോഴും ഒരു തെരഞ്ഞെടുപ്പിന്റെ നടുവിലാണ് നമ്മള്‍. കാണുന്നിടത്തും കേള്‍ക്കുന്നിടത്തും പറയുന്നിടത്തും വായിക്കുന്നിടത്തും കൂട്ടുകൂടുന്നിടത്തും നന്മതിന്മകളുടെ തെരഞ്ഞെടുപ്പുണ്ട്. കമ്പ്യൂട്ടറിനും ഇന്റര്‍നെറ്റിനും മുന്നിലിരിക്കുമ്പോള്‍ അതുണ്ട്. ആത്മീയ കാര്യങ്ങളില്‍ തീര്‍ച്ചയായും അതുണ്ട്. എവിടെയാണ് അങ്ങനെയൊന്ന് ഇല്ലാത്തത്?
നന്മയുടെ വേഷമിട്ടെത്തുന്ന തിന്മകളാണ് നമ്മെ പലപ്പോഴും കുഴപ്പത്തിലാക്കുന്നത്. നന്മയും തിന്മയും രണ്ടു വഴികളാണ്. ഒരു വഴി മനോഹരമാണ്. മനസ്സിനെ മദിപ്പിക്കുന്ന ഭംഗിയുണ്ടതിന്. കണ്ണിനു കുളിരേകുന്ന കാഴ്‌ചയുണ്ടതില്‍. പക്ഷേ, ഭംഗി കണ്ട് ആ വഴി സ്വീകരിച്ചാല്‍ ചെന്നെത്തുന്നത് നിരാശയിലായിരിക്കും.
സത്യത്തിന്റെ വഴി അത്രയൊന്നും സുഖപ്രദമല്ലെങ്കിലും ചെന്നവസാനിക്കുമ്പോള്‍ ആനന്ദമേറും. അയല്‍പക്കത്തെ വീട്ടിലേക്കുള്ള മനോഹരമായ വഴിയിലൂടെ പോയാല്‍ നമ്മുടെ വീട്ടിലെത്തില്ലല്ലോ. നന്മ ചെയ്യുന്നതിലേറെ പ്രയാസകരമാണ് തിന്മയില്‍ നിന്നുള്ള ഒഴിഞ്ഞുനില്‍ക്കല്‍. കൂടുതല്‍ സഹനവും സ്വയംനിയന്ത്രണവും ആവശ്യമുള്ളത്‌തിന്മകളില്‍ നിന്ന് അകലാനാണെന്നത് നമ്മുടെയൊക്കെ അനുഭവമാണല്ലോ.
കുടിനീരും ഭക്ഷണവും ഒഴിവാക്കി നോമ്പനുഷ്‌ഠിക്കുന്നവര്‍ പോലും ചീത്ത വാക്കില്‍ നിന്നും നോക്കില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാത്തത് അതുകൊണ്ടാണല്ലോ. നന്മ ചെയ്യാന്‍ ആവശ്യമുള്ളതിന്റെ പത്തിരട്ടിയെങ്കിലും ദൈവഭയമുണ്ടെങ്കിലേ തിന്മയില്‍ നിന്നകലാന്‍ കഴിയൂ.
വിശ്രുത പണ്ഡിതന്‍ അത്വാഉബ്‌നു അബീ റബീഅ പുത്രനു നല്‍കുന്ന ഉപദേശം നോക്കൂ; ``മകനേ, നമ്മുടെ മുന്‍ഗാമികള്‍ അനാവശ്യ കര്‍മങ്ങളോ സംസാരമോ ഇഷ്‌ടപ്പെട്ടിരുന്നില്ല. ഓരോ സമയവും ഗുണപ്രദമായ കാര്യങ്ങള്‍ക്കാണ് അവര്‍ വിനിയോഗിച്ചത്. ഖുര്‍ആന്‍ അര്‍ഥമറിഞ്ഞ് ഉള്‍ക്കൊണ്ട് പാരായണം ചെയ്യുക. നല്ല പുസ്‌തകങ്ങള്‍ വായിക്കുക. നന്മയെക്കുറിച്ച് സംസാരിക്കുക. തിന്മകളോട് സമരം ചെയ്യുക.''
നന്മയേത് തിന്മയേത് എന്നത് പുരാതനമായൊരു പ്രശ്‌നമാണ്. ആ പ്രശ്‌നത്തിന്റെ പരിഹാരമാണ് യഥാര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആന്‍.
ഒരു തിരുവചനം കൊണ്ട് ഇവ്വിഷയം സംഗ്രഹിക്കാം: ``നാഥന്റെ സാന്നിധ്യത്തെ ഭയക്കുകയും ആത്മാവിനെ ദുര്‍മോഹങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്യുന്നതാരോ, ഉറപ്പായും അവരുടെ അഭയമാണ് സ്വര്‍ഗപ്പൂന്തോപ്പ്.'' (79:40,41)
0 comments: