ലൈലതുല്‍ ബറാഅത്തും അനാചാരങ്ങളും
മിഅ്‌റാജ് രാവിനെപ്പോലെ, ശഅ്‌ബാന്‍ പാതിരാവിലും ചില അനാചാരങ്ങള്‍ നടത്തപ്പെടാറുണ്ട്. കേരളത്തില്‍ തന്നെ വ്യത്യസ്‌ത രീതിയിലും സ്വഭാവത്തിലുമാണ് ഈ രണ്ടു ദിനങ്ങളിലെ അനാചാരങ്ങള്‍ നടന്നുവരുന്നത്. ചില പ്രദേശങ്ങളില്‍ `മിഅ്‌റാജ്' രാവിന് അമിതമായ നിലയില്‍ പുണ്യംനല്‌കി ആചരിക്കപ്പെടുമ്പോള്‍ മറ്റു ചില ഭാഗങ്ങളില്‍ `ബറാഅത്ത്' രാവിനാണ് അമിതമായ പുണ്യം നല്‌കുന്നത്. വ്യത്യസ്‌ത രീതിയിലും സ്വഭാവത്തിലും ആയിത്തീരുക എന്നത് അനാചാരങ്ങളുടെ പൊതുസ്വഭാവമാണല്ലോ. `ബറാഅത്ത്' ദിനാചരണഭാഗമായി ചിലേടങ്ങളില്‍ യാസീന്‍ മൂന്ന് തവണ പാരായണം ചെയ്യുന്നു. അതില്‍ ഒരു യാസീന്‍ പാപം പൊറുക്കാനാണ്. ഈ ദിനത്തിന് നല്‌കിയിട്ടുള്ള പേരുതന്നെ അതിനെ കുറിക്കുന്നു; `ലൈലതുല്‍ ബറാഅത്ത്' (പാപത്തില്‍ നിന്നും മുക്തമാകുന്ന രാവ്). മറ്റൊരു യാസീന്‍ ആയുസ്സ് ദീര്‍ഘിപ്പിച്ചു കിട്ടാന്‍ വേണ്ടിയുള്ളതാണ്. മൂന്നാമത്തെ യാസീന്‍ ഓരോവര്‍ഷവും രിസ്‌ഖ് (ഭക്ഷണം) ലഭിക്കാന്‍ വേണ്ടിയുള്ളതാണ്. ചുരുക്കത്തില്‍ ഓരോ വര്‍ഷവും ഒരാള്‍ മൂന്നു യാസീന്‍ ഓതിയാല്‍ ദുനിയാവും ആഖിറവും ധന്യമായിത്തീരും! ഈ യാസീന്‍ പാരയണം വിശ്വാസികള്‍ നേരിട്ടല്ല ചെയ്യാറുള്ളത്. മുസ്‌ലിയാക്കളെക്കൊണ്ട് നിര്‍വഹിപ്പിക്കുകയും അവര്‍ക്ക് `കൈമടക്ക്' കൊടുക്കുകയുമാണ് പതിവ്!
മിഅ്‌റാജ് രാവിനെപ്പോലെ, ശഅ്‌ബാന്‍ പാതിരാവിലും ചില അനാചാരങ്ങള്‍ നടത്തപ്പെടാറുണ്ട്. കേരളത്തില്‍ തന്നെ വ്യത്യസ്‌ത രീതിയിലും സ്വഭാവത്തിലുമാണ് ഈ രണ്ടു ദിനങ്ങളിലെ അനാചാരങ്ങള്‍ നടന്നുവരുന്നത്. ചില പ്രദേശങ്ങളില്‍ `മിഅ്‌റാജ്' രാവിന് അമിതമായ നിലയില്‍ പുണ്യംനല്‌കി ആചരിക്കപ്പെടുമ്പോള്‍ മറ്റു ചില ഭാഗങ്ങളില്‍ `ബറാഅത്ത്' രാവിനാണ് അമിതമായ പുണ്യം നല്‌കുന്നത്. വ്യത്യസ്‌ത രീതിയിലും സ്വഭാവത്തിലും ആയിത്തീരുക എന്നത് അനാചാരങ്ങളുടെ പൊതുസ്വഭാവമാണല്ലോ. `ബറാഅത്ത്' ദിനാചരണഭാഗമായി ചിലേടങ്ങളില്‍ യാസീന്‍ മൂന്ന് തവണ പാരായണം ചെയ്യുന്നു. അതില്‍ ഒരു യാസീന്‍ പാപം പൊറുക്കാനാണ്. ഈ ദിനത്തിന് നല്‌കിയിട്ടുള്ള പേരുതന്നെ അതിനെ കുറിക്കുന്നു; `ലൈലതുല്‍ ബറാഅത്ത്' (പാപത്തില്‍ നിന്നും മുക്തമാകുന്ന രാവ്). മറ്റൊരു യാസീന്‍ ആയുസ്സ് ദീര്‍ഘിപ്പിച്ചു കിട്ടാന്‍ വേണ്ടിയുള്ളതാണ്. മൂന്നാമത്തെ യാസീന്‍ ഓരോവര്‍ഷവും രിസ്‌ഖ് (ഭക്ഷണം) ലഭിക്കാന്‍ വേണ്ടിയുള്ളതാണ്. ചുരുക്കത്തില്‍ ഓരോ വര്‍ഷവും ഒരാള്‍ മൂന്നു യാസീന്‍ ഓതിയാല്‍ ദുനിയാവും ആഖിറവും ധന്യമായിത്തീരും! ഈ യാസീന്‍ പാരയണം വിശ്വാസികള്‍ നേരിട്ടല്ല ചെയ്യാറുള്ളത്. മുസ്‌ലിയാക്കളെക്കൊണ്ട് നിര്‍വഹിപ്പിക്കുകയും അവര്‍ക്ക് `കൈമടക്ക്' കൊടുക്കുകയുമാണ് പതിവ്!
യഥാര്‍ഥത്തില്‍ പാപം പൊറുക്കാന്‍ ആത്മാര്‍ഥമായ പശ്ചാത്താപം വേണമെന്ന് അല്ലാഹു നിരവധി തവണ ഓര്‍മിപ്പിക്കുന്നുണ്ട്. ആയുസ്സ് ദീര്‍ഘിപ്പിച്ചുകിട്ടാനോ മരിക്കാനോ വേണ്ടി പ്രാര്‍ഥിക്കരുതെന്നും ഉള്ള ആയുസ്സിന്നിടയില്‍ ജീവിതം നന്നാക്കിത്തീര്‍ക്കാനാണ് പ്രാര്‍ഥിക്കേണ്ടതെന്നും, ആയുസ്സ് അല്ലാഹു കൃത്യമായി നിശ്ചയിച്ചതാണെന്നും അത് യാസീന്‍ ഓതിയതുകൊണ്ട് നീളുകയില്ലെന്നും വിശ്വാസികള്‍ മനസ്സിലാക്കണം. രിസ്‌ഖ് അഥവാ ഭക്ഷണം അവന്റെ ഗര്‍ഭാശയത്തില്‍ വെച്ചു അല്ലാഹു മുന്‍കൂട്ടി നിശ്ചയിച്ചതാണ്. അത് ഒരു യാസീന്‍ കൊണ്ട് ഓരോ വര്‍ഷവും നിശ്ചയിക്കുന്ന കാര്യമല്ല.
മറ്റൊരു അന്ധവിശ്വാസം വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി ഭൂമിലോകത്തേക്കിറിക്കയത് ശഅ്‌ബാന്‍ പാതിരാവിനാണ് എന്നതാണ്. ഈ വാദം ആദ്യത്തേതിലും വലിയഅബദ്ധമാണ്. ഇക്‌രിമതിനെ(റ) പോലെയുള്ളവരാണ് ഈ വാദം ആദ്യമായി ഉന്നയിച്ചത്. ഖുര്‍ആന്‍ പറയുന്നത് നോക്കുക: ``തീര്‍ച്ചയായും നാം അതിനെ (ഖുര്‍ആനിനെ) ഒരനുഗൃഹീത രാത്രിയില്‍ ഇറക്കിയിരിക്കുന്നു'' (ദുഖാന്‍ 3). അനുഗൃഹീത രാവിനെ ജലാലൈനി വിശേഷിപ്പിക്കുന്നത് ശ്രദ്ധിക്കുക: ``അത് ലൈലതുല്‍ ഖദ്‌റാണ്. അല്ലെങ്കില്‍ ശഅ്‌ബാന്‍ പാതിരാവാണ്'' (ജലാലൈനി 2:562). ഇവിടെ ലൈലതുല്‍ ഖദ്‌റാണ് എന്ന് പറഞ്ഞതിന്നു ശേഷം അല്ലെങ്കില്‍ ശഅ്‌ബാന്‍ പാതിരാവാണ് എന്ന നിലയില്‍ ഒരു സംശയം ഉന്നയിച്ചു. ഇത് വിശുദ്ധ ഖര്‍ആനിനും മുതവാതിറായ ഹദീസുകള്‍ക്കും വിരുദ്ധമാണ്.
വിശുദ്ധ ഖുര്‍ആനിന്റെ ആദ്യത്തെ അവതരണം റമദാനിലാണ്. ലൈലതുല്‍ ഖദ്‌ര്‍ എന്ന രാവ് റമദാനിലെ അവസാനത്തെ പത്തിലാണ്. അല്ലാഹു പറയുന്നു: ``വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍'' (അല്‍ബഖറ 185). റമദാനില്‍ ഏത് രാവിലാണെന്ന് അല്ലാഹു വിശദീകരിച്ചുതരുന്നു: ``തീര്‍ച്ചയായും ഇതിനെ (ഖുര്‍ആനിനെ) ലൈലതുല്‍ ഖദ്‌റില്‍ ഇറക്കിയിരിക്കുന്നു'' (ഖദ്‌ര്‍ 1). ഇമാം ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തി: ``ഇക്‌രിമയെ(റ) പോലെ ആരെങ്കിലും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചത് ശഅ്‌ബാന്‍പാതിരാവിലാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ തെളിവില്‍ നിന്നും വളരെ വിദൂരമാണ്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത് റമദാനിലാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു'' (ഇബ്‌നുകസീര്‍ 4:137).
ഇമാം ഖുര്‍ത്വുബി സൂറതുദ്ദുഖാനില്‍ പറഞ്ഞ `അനുഗൃഹീതരാവ്' ലൈലുതുല്‍ ഖദ്‌റാണെന്ന് വ്യക്തമാക്കിയതിനു ശേഷം രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ``ആരെങ്കിലും അത് ശഅ്‌ബാന്‍ പാതിരാവാണെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അലാസ്‌തവമാണ്. തീര്‍ച്ചയായും ഖുര്‍ആന്‍ ഇറക്കപ്പെട്ടത് റമദ്വാനിലാണെന്ന് അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ അരുളിയിരിക്കുന്നു'' (അല്‍ജാമിഉ ലിഅഹ്‌കാമില്‍ ഖുര്‍ആന്‍ 16:27,128). ഇമാം റാസി രേഖപ്പെടുത്തുന്നു: ``ലൈലത്തുല്‍ ഖദ്‌ര്‍ സംഭവിച്ചത് റമദാനിലാണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. അതേരാവില്‍ തന്നെയാണ് ഖുര്‍ആന്‍ ഇറക്കപ്പെട്ടതും. എന്നാല്‍ സൂറത്തുദ്ദുഖാനില്‍ പറഞ്ഞ `അനുഗൃഹീതരാവ്' ശഅ്‌ബാന്‍ പാതിരാവാണെന്ന് പറഞ്ഞവര്‍, ആ വിഷയത്തില്‍ യാതൊരുവിധ തെളിവും കണ്ടിട്ടില്ല.'' (തഫ്‌സീറുല്‍കബീര്‍ 7:316)
ബൈദ്വാവി, ഇബ്‌നുജരീറിത്ത്വബ്‌രീ, സ്വാവി തുടങ്ങി ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ അവതരണം റമദാനിലെ ലൈലതുല്‍ ഖദ്‌റിലാണെന്ന് വിശദീകരിച്ചിട്ടുണ്ട്. കൂടാതെ ദുഖാന്‍ സൂറത്തിലെ `അനുഗൃഹീതരാവ്' ലൈലതുല്‍ ഖദ്‌റിനെ സംബന്ധിച്ചാണെന്ന്, സുന്നീ പരിഭാഷകന്മാരായ കെ വി മുഹമ്മദ് മുസ്‌ലിയാര്‍ ഫത്‌ഹുര്‍റഹ്‌മാന്‍ 5:208ലും അബ്‌ദുര്‍റഹ്‌മാന്‍ മഖ്‌ദൂമി ഫത്‌ഹുല്‍അലീം 2:1339ലും രേഖപ്പെടുത്തിയിട്ടുണ്ട്.
`ബറാഅത്ത്' രാവിലെ അനാചാരങ്ങള്‍ നിര്‍മിച്ചുണ്ടാക്കാന്‍ ആരംഭം കുറിച്ചത് ശാമുകാരായ താബിഉകളില്‍ പെട്ട ചിലരാണെന്ന് സമസ്‌തക്കാര്‍ തങ്ങളുടെ അംഗീകൃത പണ്ഡിതനായ ഇബ്‌നുഹജറുല്‍ ഹൈതമി(റ) തന്നെ വിശദീകരിക്കുന്നുണ്ട്. ``ശാമുകാരായ താബിഉകളില്‍ പെട്ട ചിലര്‍ ശഅ്‌ബാന്‍ പാതിരാവിനെ ബഹുമാനിക്കുകയും ആ രാവില്‍ ആരാധനാകര്‍മങ്ങളില്‍ മുഴുകിയിരുന്നെങ്കിലും ശരി, അവര്‍ നിര്‍മിച്ചുണ്ടാക്കിയ അനാചാരങ്ങളാണ് ജനങ്ങള്‍ (പിന്നീട്) ആചരിച്ചുപോന്നത്. അത്തരം ആചാരങ്ങള്‍ക്ക് അവര്‍ ശരിയായ തെളിവ് അവലംബിച്ചിട്ടില്ല. മറിച്ച്, അവര്‍ അവലംബിച്ചത് ഇസ്‌റാഈലീ കഥകളാണെന്ന് പറയപ്പെടുന്നു. ശാഫിഈകളുടെയും മാലിക്കികളുടെയും മറ്റുള്ളവരുടെയും ഈ വിഷയത്തിലുള്ള അഭിപ്രായം ഇതാണ്. നബി(സ)യില്‍ നിന്നോ, നബി(സ)യുടെ ഒരു സ്വഹാബിയില്‍ നിന്നുപോലുമോ, ആ ദിവസത്തിന്റെ പുണ്യത്തെക്കുറിച്ച് യാതൊന്നും തന്നെ സ്ഥിരപ്പെട്ടുവരാത്തതിനാല്‍, പ്രസ്‌തുത ദിവസം നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ കര്‍മങ്ങളും ബിദ്‌അത്തുകളാണെന്ന് അവര്‍ ഒന്നടങ്കം പ്രസ്‌താവിച്ചിരിക്കുന്നു'' (ഫതാവല്‍കുബ്‌റാ 2:80)
ഇബ്‌നുഹജറില്‍ ഹൈതമി(റ) വീണ്ടും രേഖപ്പെടുത്തുന്നു: ``റജബ് മാസം 27-ന്റെയും ശഅ്‌ബാന്‍ പാതിരാവിന്റെയും പോരിശകളെ സംബന്ധിച്ച വാറോലകള്‍ അടിസ്ഥാനരഹിതവും അവാസ്ഥവവുമാകുന്നു.'' (ഫതാവല്‍ കുബ്‌റാ 1:184)
ശാഫിഈ മദ്‌ഹബിലെ ഏറ്റവും പ്രമുഖ പണ്ഡിതനായ നവവി(റ)യുടെ ഗുരുനാഥനായ, അബൂശാമാ(റ) പറയുന്നു: ``ഇബ്‌നുവല്ലാഅ്(റ) സൈദുബ്‌നു അസ്‌ലമില്‍(റ) നിന്ന് ഉദ്ധരിക്കുന്നു: ``ഞങ്ങളുടെ മതനേതാക്കളെയോ കര്‍മശാസ്‌ത്ര പണ്ഡിതന്മാരെയോ ശഅ്‌ബാന്‍ രാവിന് മറ്റുള്ള രാവുകളെക്കാള്‍ പുണ്യം നല്‍കുന്നതായി ഞങ്ങളില്‍ ആരും തന്നെ, അവരില്‍ ഒരാളെയും കണ്ടിട്ടില്ല. ശഅ്‌ബാന്‍ പാതിരാവിന്റെ പുണ്യത്തെക്കുറിക്കുന്ന ഒരു ഹദീസു പോലും സ്വഹീഹായി വന്നിട്ടില്ല. അതിനാല്‍ അല്ലാഹുവിന്റെ അടിമകളേ ഹദീസുകള്‍ നിര്‍മിക്കുന്നവരെ നിങ്ങള്‍ സൂക്ഷിക്കണം. ഒരു റിപ്പോര്‍ട്ട് അവാസ്‌തവമാണെന്ന് ബോധ്യപ്പെട്ടാല്‍ അത് ദീനില്‍ നിന്നും പുറത്താണ്.'' (അല്‍ബാഇസ്, പേജ് 127)
ശഅ്‌ബാന്‍ പാതിരാവിന്റെ ശ്രേഷ്‌ഠതകളെക്കുറിച്ചു വന്ന ഹദീസുകളും അതിന്റെ നിജസ്ഥിതിയും വിവരിക്കാം: ഒന്ന്: ``ശഅ്‌ബാന്‍ പാതിരാവു വന്നാല്‍ നിങ്ങള്‍ രാത്രി നമസ്‌കരിക്കണമെന്നും പകല്‍ നോമ്പനുഷ്‌ഠിക്കണമെന്നും നബി(സ) അരുളിയിരിക്കുന്നു'' (ഇബ്‌നുമാജ)
രണ്ട്: നബി(സ) പറയുന്നു: ശഅ്‌ബാന്‍ പാതിരാവു വന്നുകഴിഞ്ഞാല്‍ അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരികയും കല്‍ബു ഗോത്രക്കാരുടെ ആടുകളുടെ രോമത്തെക്കാള്‍ അധികം എണ്ണം പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും'' (അഹ്‌മദ്)
മൂന്ന്: നബി(സ) പറയുന്നു: ശഅ്‌ബാന്‍ പാതിരാവില്‍ അല്ലാഹു തീര്‍ച്ചയായും പ്രത്യക്ഷപ്പെടുകയും, ബഹുദൈവവിശ്വാസിയും കുടുംബബന്ധം മുറിച്ചുകളയാത്തവരുമായ എല്ലാ സൃഷ്‌ടികള്‍ക്കും അവന്‍ പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നതുമാണ്.'' (ഇബ്‌നുമാജ)
മേല്‍പറഞ്ഞ മൂന്ന് ഹദീസുകളെക്കുറിച്ച് ഇമാം അബൂശാമാ(റ) രേഖപ്പെടുത്തുന്നു: ``മേല്‍ ഹദീസുകളെല്ലാം ദുര്‍ബലമായ പരമ്പരയോടുകൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളവയാണ്. ഒന്നാമത്തെ ഹദീസിന്റെ പരമ്പരയില്‍ ഇബ്‌നു അബീസുബ്‌റയും രണ്ടാമത്തെ ഹദീസിന്റെ പരമ്പരയില്‍ ഹജ്ജാജുബ്‌നു അര്‍ത്വഅത് എന്ന വ്യക്തിയും മൂന്നാമത്തെ ഹദീസിന്റെ പരമ്പരയില്‍ ഇബ്‌നു ലുഹൈഅത്ത് എന്ന വ്യക്തിയും ഉണ്ട്.'' (കിതാബുല്‍ ബാഇസ് പേജ് 131).
ചുരുക്കത്തില്‍ `ബറാഅത്ത് രാവി'ന്റെ പുണ്യം പൂര്‍വിക മുസ്‌ലിംകളോ മദ്‌ഹബ് പണ്ഡിതന്മാര്‍ പോലുമോ അംഗീകരിച്ചിട്ടില്ല എന്നതാണ് വസ്‌തുത.
0 comments: