ത്വാലിബാന്‍ എന്നുമുതലാണ്‌ ഗാന്ധിസത്തിലേക്ക്‌ മതം മാറിയത്‌?!

  • Posted by Sanveer Ittoli
  • at 10:16 PM -
  • 0 comments
ത്വാലിബാന്‍ എന്നുമുതലാണ്‌ ഗാന്ധിസത്തിലേക്ക്‌ മതം മാറിയത്‌?!

അഫ്‌ഗാനില്‍ സമാധാന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനു വേണ്ടിയുള്ള സംഭാഷണങ്ങള്‍ക്ക്‌ ത്വാലിബാന്‍ ഖത്തറില്‍ ഓഫീസ്‌ തുറന്നിരിക്കുന്നു. താലിബാന്‍ ദോഹയില്‍ ഓഫീസ്‌ തുറന്നതിനെ, ജി-8 രാഷ്‌ട്രങ്ങളുടെ ഉച്ചകോടിയില്‍ വെച്ച്‌ യു എസ്‌ പ്രസിഡന്റ്‌ ഒബാമ സ്വാഗതം ചെയ്യുകയുണ്ടായി. അഫ്‌ഗാനെ സമാധാനത്തിലേക്കു പുനരാനയിക്കാനുള്ള സുപ്രധാന കാല്‍വെപ്പാണ്‌ ത്വാലിബാന്റെ നടപടിയെന്ന്‌ യു എസ്‌ പ്രസിഡന്റ്‌ പ്രതികരിച്ചത്‌. യു എസ്‌, നാറ്റോ പ്രതിനിധികള്‍ ഈ ആഴ്‌ചതന്നെ താലിബാനുമായി ഖത്തറില്‍ സംഭാഷണം നടത്തുമെന്നാണറിയുന്നത്‌.
ഒരു ദശകത്തിലേറെയായി യു എസ്‌ പട്ടാളത്തോട്‌ കഠിനമായി പോരാടുന്ന ത്വാലിബാന്‍, പോരാട്ടത്തില്‍ നിന്ന്‌ പിന്മാറാന്‍ തയ്യാറാവുകയോ ആയുധം താഴെ വെക്കുകയോ തീവ്രവാദം കൈവെടിഞ്ഞ്‌ ഗാന്ധിയന്‍ വഴിയിലേക്ക്‌ നീങ്ങുകയോ ചെയ്‌തിട്ടില്ല. ലോകത്തെ ഏറ്റവും കൊടിയ മതമൗലിക തീവ്രവാദികളും അപരിഷ്‌കൃതരും പിന്തിരിപ്പന്മാരുമാണ്‌ താലിബാന്‍ എന്ന്‌ നിരന്തരം ലോകത്ത്‌ പ്രചരിപ്പിക്കുകയും, താലിബാനെ അഫ്‌ഗാന്‍ മണ്ണില്‍ നിന്ന്‌ വേരോടെ പിഴുതുമാറ്റാന്‍ പതിറ്റാണ്ടു നീണ്ട യുദ്ധം തുടരുകയും ചെയ്യുന്ന അമേരിക്കയും കൂട്ടാളികളും അവരോട്‌ സമാധാന സംഭാഷണം നടത്താന്‍ മാത്രമുള്ള എന്തു മാറ്റമാണ്‌ ഇപ്പോള്‍ അവരില്‍ കണ്ടത്‌?
അഫ്‌ഗാനില്‍ ഔദ്യോഗികമായ ഒരു ഭരണകൂടവും അതിന്റെ നയതന്ത്ര സംവിധാനങ്ങളുമുണ്ട്‌. ത്വാലിബാനാകട്ടെ, ലോകവേദിയില്‍ പ്രതിലോമകാരിയായ ഒരു തീവ്രവാദി പ്രസ്ഥാനം മാത്രമാണ്‌. ഈ പ്രസ്ഥാനം സ്വന്തം പതാകയും ഇസ്‌ലാമിക എമിറേറ്റ്‌സ്‌ ഓഫ്‌ അഫ്‌ഗാന്‍ എന്ന പേരും വെച്ചാണ്‌ ദോഹയില്‍ ഓഫീസ്‌ തുറന്നിരിക്കുന്നത്‌. നിലവിലെ അഫ്‌ഗാന്‍ ഭരണകൂടത്തെ ഒട്ടും കൂസ്സാത്ത ത്വാലിബാന്‌ ഒരു നയതന്ത്ര കേന്ദ്രം അനുവദിക്കപ്പെട്ടു എന്നത്‌ തികച്ചും കൗതുകകരമായ വാര്‍ത്തയാണ്‌. അമേരിക്കയുടെ താല്‌പര്യപ്രകാരമല്ലാതെ ഖത്തര്‍ ത്വാലിബാന്‌ ഓഫീസ്‌ അനുവദിക്കുമെന്ന്‌ കരുതാനും ന്യായമില്ലല്ലോ.
2010ല്‍ തന്നെ, കര്‍സായിയുടെ പാവഭരണകൂടം ത്വാലിബാനുമായുള്ള സമാധാന സംഭാഷണമാഗ്രഹിച്ച്‌ ഒരു ഉന്നത കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. എന്നാല്‍, കര്‍സായി വെറും പാവ മാത്രമാണെന്നും നിയമവിരുദ്ധമായ ഒരു ഭരണകൂടവമായി തങ്ങള്‍ ഒരു സംഭാഷണത്തിനുമില്ലെന്നും പുച്ഛിച്ച്‌, അഫ്‌ഗാനിനകത്തു വെച്ചുള്ള സമാധാന ശ്രമങ്ങളെ ത്വാലിബാന്‍ തള്ളിക്കളയുകയാണുണ്ടായത്‌. ത്വാലിബാനുമായി യു എസ്‌, നാറ്റോ പ്രതിനിധികള്‍ സംഭാഷണത്തിനൊരുങ്ങുന്നതിനെതിരെ ഹമീദ്‌ കര്‍സായി പൊട്ടിത്തെറിച്ചത്‌ ഈ പശ്ചാത്തലത്തിലാണ്‌.
ഖത്തറില്‍ തുറന്നത്‌ സമാധാന ശ്രമങ്ങള്‍ക്കുള്ള ഔട്ട്‌ പോസ്റ്റല്ല, എമ്പസി തന്നെയാണെന്ന്‌ ആക്ഷേപിച്ച കര്‍സായി അമേരിക്കയും കൂട്ടാളികളും തങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന്‌ തുറന്നടിക്കുകയുണ്ടായി. കര്‍സായിയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താതെ ത്വാലിബാനുമായി കരാറുണ്ടാക്കാന്‍ യു എസ്‌ മുതിര്‍ന്നാല്‍ അതിന്നര്‍ഥം, അവര്‍ 2001ല്‍ പിഴുതെറിഞ്ഞ ത്വാലിബാന്‍ ഭരണകൂടത്തെ അംഗീകരച്ചു എന്നാണ്‌. അപ്പോള്‍ പിന്നെ താന്‍ പ്രസിഡന്റായിരിക്കുന്നതില്‍ എന്തര്‍ഥമാണുള്ളതെന്ന കര്‍സായിയുടെ ചോദ്യവും ന്യായമാണ്‌. ത്വാലിബാന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ അടിയറവ്‌ വെക്കുകയല്ലാതെ നിര്‍വാഹമില്ലെന്ന ദയനീയ ഘട്ടത്തിലാണിപ്പോള്‍ യു എസ്‌ എത്തിയിരിക്കുന്നത്‌ എന്നാണ്‌, ഖത്തറിലെ ത്വാലിബാന്‍ ഓഫീസ്‌ ലോകത്തോട്‌ വിളിച്ചുപറയുന്നതെന്ന്‌ ചുരുക്കം.
2001 ല്‍ അഫ്‌ഗാനിലേക്ക്‌ പട്ടാളത്തെ അയച്ച ബുഷും കൂട്ടരും മനക്കണക്കു കൂട്ടിയത്‌, ഏതാനും മാസത്തെ ആകാശ ബോംബിങുകൊണ്ട്‌ താലിബാനെ തവിടുപൊടിയാക്കി സ്വന്തം പാവഭരണകൂടം അവരോധിച്ച്‌ നാടുപിടിക്കാം എന്നായിരുന്നു. എന്നാല്‍ പത്തുവര്‍ഷം കടുത്ത യുദ്ധം തുടര്‍ന്നിട്ടും, അഫ്‌ഗാനിലെ തോറ ബോറ മലമാടങ്ങളില്‍ നിന്ന്‌ വര്‍ധിത വീര്യത്തോടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന ത്വാലിബാന്‍ പുലിക്കുട്ടികള്‍ക്കു മുന്നില്‍ യു എസ്‌ - നാറ്റോ സേന അടിപതറുകയായിരുന്നു. അധിനിവേശ സേനയാകട്ടെ, മനോവീര്യം ചോര്‍ന്ന്‌ ശക്തി ക്ഷയിച്ച്‌ തോല്‍വിയുടെ വക്കിലുമെത്തിയിരിക്കുന്നു.
2001 മുതല്‍ 2,243 ഭടന്മാരും 443 ബ്രിട്ടീഷ്‌, 653 ഇതര നാറ്റോ ഭടന്മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്‌ ഔദ്യോഗിക സ്ഥിരീകരണം. യു എസ്‌ ത്വാലിബാനുമായുള്ള ചര്‍ച്ച പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ്‌ കാബൂളിലുണ്ടായ മോര്‍ട്ടാര്‍ ആക്രമണത്തില്‍ 24 യു എസ്‌ ഭടന്മാര്‍ കൊല്ലപ്പെടുകയുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ താലിബാന്റെ പ്രഹര ശേഷി 47% വര്‍ധിച്ചിട്ടുണ്ടെന്ന്‌ ആക്രമണങ്ങളുടെ കണക്കുനിരത്തി യു എന്‍ വ്യക്തമാക്കുന്നു.
66,000 യു എസ്‌ ട്രൂപ്പുകളും 30,000 നാറ്റോ സഖ്യസേന ട്രൂപ്പുകളും ഇപ്പോഴും അഫ്‌ഗാനിലുണ്ട്‌. മനം മടുത്ത്‌, അധിനിവേശ നേതൃത്വത്തെ പഴിച്ചാണിവര്‍ അവിടെ കഴിയുന്നത്‌. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതി എന്ന മാനസികാവസ്ഥയിലാണ്‌ സേനയിലെ ഭൂരിപക്ഷവും. ഈ സാഹചര്യത്തില്‍ 2014 ഡിസംബറോടെ, അധിനിവേശ സേനയെ തിരിച്ചയക്കാനുള്ള പഴുതു തേടുകയാണ്‌ ഒബാമയും കൂട്ടരും. ത്വാലിബാനോടുള്ള പുതിയ പിരിശത്തിന്റെ ഉള്ളുകള്ളി ഇതാണ്‌.
യുദ്ധമവസാനിപ്പിക്കാന്‍ യു എസ്‌ മുന്നോട്ടുവെക്കുന്ന ഉപാധികള്‍ പ്രധാനമായും മൂന്നാണ്‌. ത്വാലിബാന്‍ അല്‍ഖാഇദയുമായുള്ള ബന്ധം അവസാനിപ്പിക്കുക, സായുധ പ്രതിരോധം നിര്‍ത്തുക, അഫ്‌ഗാന്‍ ഭരണഘടന അംഗീകരിക്കുക എന്നിവയാണവ. സത്യത്തില്‍, അല്‍ഖാഇദയുമായി താലിബാന്‌ എന്തെങ്കിലും ബന്ധമുണ്ടെന്ന്‌ ഇന്നുവരെ തെളിയിക്കാന്‍ അമേരിക്കക്ക്‌ കഴിഞ്ഞിട്ടില്ല. മേഖലയില്‍ തങ്ങളുടെ സൈനിക മേധാവിത്വം സ്ഥാപിക്കാന്‍ യു എസ്‌ കെട്ടിച്ചമച്ച മിത്തായിരുന്നു അല്‍ഖാഇദ -താലിബാന്‍ ബന്ധമെന്ന്‌ ഇന്ന്‌ എല്ലാവര്‍ക്കുമറിയാം.
മാത്രമല്ല, യുദ്ധം തുടങ്ങുന്നതിനു മുമ്പുതന്നെ ബിന്‍ലാദിനെ പിടിച്ചുകൊടുക്കാന്‍ തയ്യാറാണെന്ന്‌ ത്വാലിബാന്‍ നേതാക്കള്‍, ബുഷിന്‌ വാക്കുകൊടുത്തുവെന്നും എന്നാല്‍ അതിന്നവര്‍ ചെവികൊടുത്തില്ലെന്നും ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. യുദ്ധം മതിയാക്കാന്‍ യു എസ്‌ മുന്നോട്ടുവെച്ച ഉപാധികള്‍ ഇന്നത്തെ സാഹചര്യത്തില്‍ ത്വാലിബാന്‌ സ്വീകാര്യമായേക്കാം. അങ്ങനെ വന്നാല്‍ വീണ്ടും അഫ്‌ഗാന്റെ ഭരണം ത്വാലിബാന്‌ തിരികെ കിട്ടിയേക്കാം. അപ്പോള്‍ എന്തിനായിരുന്നു പന്ത്രണ്ട്‌ വര്‍ഷം നീണ്ട, ആയിരങ്ങളെ കുരുതികൊടുത്ത യുദ്ധം എന്ന ചോദ്യം ബാക്കിവായുന്നു

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: