മഴജന്യരോഗങ്ങളോ?

  • Posted by Sanveer Ittoli
  • at 2:03 AM -
  • 0 comments
മഴജന്യരോഗങ്ങളോ?

കാലവര്‍ഷം തുടങ്ങി. മഴ കനത്തു. കിണറുകളും കുളങ്ങളും തോടുകളും പുഴകളും ജലസമൃദ്ധമായി. വേഴാമ്പലിനെപ്പോലെ ആകാശത്തേക്കു നോക്കിയിരുന്ന നമ്മള്‍ ആ അവസ്ഥാവിശേഷം മറന്നു! മനുഷ്യന്‍ പൊതുവെ അങ്ങനെയാണ്‌. ദുരന്തങ്ങളില്‍ ദൈവത്തെ ഓര്‍ക്കും. സഹായത്തിന്നായി സമസൃഷ്‌ടികളെ ആശ്രയിക്കുന്നു.
അതേസമയം സമൃദ്ധിയില്‍ എല്ലാം മറക്കും. വിവേകമതികള്‍ക്കും വിശ്വാസി സമൂഹത്തിനും അങ്ങനെയാവാന്‍ കഴിയില്ല. സ്രഷ്‌ടാവിന്റെ അപാരമായ വരദാനമാണ്‌ മഴ. അതിന്നായി പ്രാര്‍ഥിക്കുകയും അത്‌ ലഭിച്ചാല്‍ കൃതജ്ഞരാവുകയും ചെയ്യുക എന്നത്‌ അനിവാര്യമാണ്‌. വിശ്വാസികളായ മുസ്‌ലിം സമൂഹത്തിന്‌ മഴയെ സമീപിക്കുന്നതിലും ജലോപഭോഗത്തിലും വ്യക്തമായ കാഴ്‌ചപ്പാട്‌ ഉണ്ടാവണം. അല്ലാഹുവും റസൂലും അത്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.
മനുഷ്യര്‍ പരസ്‌പരം ഉപകാരങ്ങള്‍ക്ക്‌ നന്ദി ചെയ്യാറുണ്ട്‌. നല്ല വാക്കു പറയും. ദാതാവിനോട്‌ സ്‌നേഹവും, ഒരു പരിധിവരെ വിനയവും കാണിക്കും. അയാള്‍ക്ക്‌ ആവശ്യങ്ങള്‍ നേരിട്ടപ്പോള്‍ സഹായം നല്‌കി പ്രത്യുപകാരം ചെയ്യും. എന്നാല്‍ ഇതൊന്നും ആവശ്യമില്ലാത്ത അല്ലാഹു നമുക്ക്‌ നല്‌കുന്ന അനുഗ്രഹങ്ങള്‍ക്ക്‌ എങ്ങനെയാണ്‌ നന്ദിചെയ്യുക എന്ന്‌ ഓര്‍ത്തുനോക്കിയിട്ടുണ്ടോ? താന്‍ അനുഭവിക്കുന്ന ജീവിത സൗകര്യങ്ങള്‍ ദൈവത്തിന്റെ ദാനമാണെന്ന ബോധം ഉള്ളില്‍ ഉറയുമ്പോള്‍ മനുഷ്യന്‍ വിനയാന്വിതനായിത്തീരുന്നു. ആ അനുഗ്രഹങ്ങള്‍ ആവശ്യമെങ്കില്‍ പങ്കുവെയ്‌ക്കാന്‍ തയ്യാറാവുന്നു. അതിനേക്കാളുപരി ദാനമായി ലഭിച്ച വിഭവങ്ങള്‍ നന്മയ്‌ക്കുവേണ്ടി മാത്രം വിനിയോഗിക്കുക എന്നതാണ്‌ ഏറ്റവും വലിയ കൃതജ്ഞത.
നബി(സ) വിശ്വാസി സമൂഹത്തിന്‌ നല്‌കിയ പ്രസിദ്ധമായ ഒരു ഉപദേശമുണ്ട്‌: ``അഞ്ചു കാര്യങ്ങള്‍ അവയിലെ പ്രയാസഘട്ടം വരുന്നതിനു മുന്‍പായി സൗകര്യപ്രദമായ സന്ദര്‍ഭത്തില്‍ വേണ്ടത്‌ ഒരുക്കിവയ്‌ക്കുക. ജീവിതകാലത്ത്‌ മരണാനന്തര ജീവിതത്തിനു വേണ്ടത്‌ ഒരുക്കുക. ആരോഗ്യാവസ്ഥയില്‍ കിടപ്പിലാകാവുന്ന കാലത്തേക്കും യൗവനകാലത്ത്‌ വാര്‍ധക്യകാലത്തേക്കും എമ്പാടും ഒഴിവുസമയം കിട്ടുന്ന നേരത്ത്‌ ഒഴിവുകിട്ടാത്ത സമയത്തേക്ക്‌ വേണ്ടതും സമൃദ്ധിയുടെ കാലത്ത്‌ ക്ഷാമകാലത്തേക്കു വേണ്ടതും കരുതിവെക്കുക.'' ഭൗതികവും ആത്മീയവുമായ കാര്യങ്ങള്‍ കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രവാചകന്റെ ഈ ജീവിതവീക്ഷണം എത്രയോ ചിന്തോദ്ദീപകം! ഇത്‌ നമുക്ക്‌ ഓരോരുത്തര്‍ക്കും ജീവിതത്തിന്റെ ഓരോ ഭാഗത്തും പ്രയോഗിക്കാനുള്ളതാണ്‌. ഇതിന്റെ മറുവശമെന്താണ്‌? അങ്ങനെ ചെയ്‌തില്ലെങ്കില്‍ നഷ്‌ടസൗഭാഗ്യങ്ങളെപ്പറ്റി ഖേദിച്ച്‌ വിലപിക്കേണ്ടിവരും എന്നാണല്ലോ.
നാല്‌പത്തിനാലു നദികളും വര്‍ഷത്തില്‍ ആറു മാസം മഴയും ലഭിക്കുന്ന കേരളമെന്ന കൊച്ചു ഭൂപ്രദേശത്ത്‌ എന്തുകൊണ്ട്‌ രണ്ടു മാസം കടുത്ത വരള്‍ച്ചയും ജലക്ഷാമവും അനുഭവപ്പെടുന്നു എന്ന്‌ ആലോചിക്കാന്‍ നമുക്ക്‌ ബാധ്യതയില്ലേ? സമൃദ്ധമായി ആകാശത്തു നിന്ന്‌ വെള്ളം പെയ്‌തിറങ്ങുമ്പോള്‍ ഏപ്രില്‍, മെയ്‌ മാസങ്ങള്‍ വരുമെന്ന്‌ നമുക്ക്‌ ഓര്‍മ വേണം. അതാണ്‌ വിവേകം. ആകാശത്തു നിന്ന്‌ പെയ്‌തിറങ്ങുന്ന ജലമത്രയും ഒഴുകിയൊഴുകി കടലില്‍ ചെന്നു പതിക്കുകയാണ്‌. കടലില്‍ വെള്ളം അധികമില്ല. എന്നാല്‍ ആ വെള്ളത്തിന്റെ വലിയൊരംശം ഭൂമിയിലേക്ക്‌ ആഴ്‌ന്നിറങ്ങിയെങ്കിലേ ഭൂമിയുടെ ഉപരിതല ജലം നിലനില്‌ക്കുകയുള്ളൂ. തടയണ നിര്‍മിച്ച്‌ ജലം കെട്ടിനിര്‍ത്തി മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താം. പക്ഷേ, ഉള്ള ജലസ്രോതസ്സുകള്‍ പോലും നാം ഇല്ലാതാക്കി വരികയാണ്‌. ജനവാസം കൂടുന്തോറും കൂടുതല്‍ ഭൂമി ഉപയോഗ്യമാക്കേണ്ടി വരുമെന്ന യാഥാര്‍ഥ്യം വിസ്‌മരിക്കാവതല്ല. എന്നാല്‍ അതിനേക്കാള്‍ വലിയ യാഥാര്‍ഥ്യമാണ്‌ ജീവിതത്തിന്റെ അടിത്തറ വെള്ളമാണ്‌ എന്നത്‌.
ഭൂമിയില്‍ പെയ്യുന്ന വെള്ളം മണ്ണിന്റെ മാറിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ കര്‍ഷിക വൃത്തിയും വനവത്‌ക്കരണവും ജലസ്രോതസ്സ്‌ സംരക്ഷണം പോലുള്ള പരമ്പരാഗത മാര്‍ഗങ്ങള്‍ക്കു പുറമെ നമുക്ക്‌ ചെയ്യാവുന്ന നിരവധി മാര്‍ഗങ്ങള്‍ അധികൃതരും അറിവുള്ളവരും പറഞ്ഞുതരുന്നു. മഴക്കുഴികളും മഴവെള്ളസംഭരണികളും ടെറസ്സു വെള്ള ശേഖരണവും അതില്‍ പെടുന്നു. നൂറു കണക്കിനു കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ മൂന്നു നാലു മാസത്തേക്കു പൂര്‍ണമായും ഉപയോഗിക്കാവുന്ന മഴവെള്ള സംഭരണികള്‍ ഉദാഹരണം മാത്രം.
വ്യക്തികളും കുടുംബങ്ങളും സമൂഹവും സര്‍ക്കാറുകളുമെല്ലാം സന്നദ്ധതരാകേണ്ട ഒരു സംരംഭമാണ്‌ ജലശേഖരണം എന്നത്‌. നിര്‍ഭാഗ്യവശാല്‍ നാം ചെയ്യുന്നതെന്ത്‌? ടാറും കോണ്‍ക്രീറ്റുമായി ഭൂമിയെ ആവരണം ചെയ്യുന്ന റോഡുകള്‍ നാട്ടില്‍ വര്‍ധിക്കുക എന്നത്‌ സ്വാഭാവികം. എന്നാല്‍ നാട്ടിന്‍പുറങ്ങളില്‍ പോലും വര്‍ധിച്ചുവരുന്ന നഗരവത്‌കരണവും ആഡംബരജീവിതവും അതിന്റെ ഉപോല്‌പന്നമായ ഭവനനിര്‍മാണ മത്സരവും ഒരു തുള്ളിവെള്ളം പോലും ഭൂമിയിലേക്കിറങ്ങാന്‍ പറ്റാത്ത പരുവത്തിലേക്ക്‌ നീങ്ങിയിരിക്കുന്നു. ചില പഞ്ചായത്തുകളില്‍ പുതിയ വീടിന്‌ നമ്പര്‍ കിട്ടണമെങ്കില്‍ മഴവെള്ള സംഭരണി നിര്‍ബന്ധമാക്കി. കക്കൂസ്‌ ടാങ്കിനെടുത്ത കുഴി കാണിച്ചുകൊടുത്ത്‌ വീട്ടുനമ്പര്‍ സമ്പാദിക്കാന്‍ സാധിക്കുന്നുവെങ്കില്‍ ആരാണ്‌ ഉത്തരവാദി!
ജലസംഭരണത്തിന്‌ സൗകര്യമൊരുക്കാന്‍ സഹകരിക്കുന്നത്‌ സമൂഹിക ബാധ്യത (ഫര്‍ദ്‌കിഫാ) ആണെന്ന തിരിച്ചറിവ്‌ മുസ്‌ലിം സമൂഹത്തിനുവേണം. `ഞാനും എന്റെ കാര്യവും' എന്ന സ്വാര്‍ഥത കൈവെടിഞ്ഞ്‌ സാമൂഹ്യബോധം ഉള്‍ക്കൊള്ളുമ്പോഴാണ്‌ അപരന്റെ നന്മയില്‍ താത്‌പര്യമുണ്ടാവുക. കേരളത്തില്‍ ഈ വര്‍ഷം അനുഭവപ്പെട്ട രൂക്ഷമായ കുടിവെള്ളക്ഷാമം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്‌. മനുഷ്യന്റെ സ്വയം കൃതാനര്‍ഥങ്ങള്‍ അതിന്‌ വലിയ കാരണമായിട്ടുണ്ടെങ്കില്‍ താനെന്ന വ്യക്തിയും ആ കുറ്റത്തില്‍ കൂട്ടുപ്രതിയാണ്‌ എന്ന്‌ ഓരോരുത്തരും ഓര്‍ക്കേണ്ടതുണ്ട്‌.
മഴക്കാലത്ത്‌ വെള്ളം പാഴായിപ്പോകുന്നു എന്നത്‌ മാത്രമല്ല, ഉള്ള വെള്ളം ഉപയോഗിക്കുന്നതിലെ ശ്രദ്ധക്കുറവും ഒരു വലിയ പ്രശ്‌നമാണ്‌. വെള്ളത്തിന്റെ അമിതോപഭോഗവും ദുര്‍വ്യയവും ജലധൂര്‍ത്തും മലയാളിയുടെ മുഖമുദ്രയാണ്‌. വീടുകളിലെയും ഫ്‌ളാറ്റുകളിലെയും ബാത്ത്‌റൂമുകള്‍, വിദ്യാലയങ്ങള്‍, എന്തിനധികം പള്ളികള്‍ പോലും വെള്ളത്തിന്റെ അമിതോപയോഗ കേന്ദ്രങ്ങളാണ്‌. വളരെ ഉയരത്തിലുള്ള ടാങ്കും വണ്ണംകൂടിയ പൈപ്പും വീടുകളിലെ ജലോപയോഗം ആവശ്യമില്ലാതെ ഇരട്ടിയാക്കുന്നു. വാല്‍വുകള്‍ മുഖേന ഒഴുക്കിന്റെ ശക്തി കുറച്ചാല്‍ മാത്രം എത്രയോ വെള്ളം ലാഭിക്കാം. കുട്ടികളില്‍ ചെറുപ്പത്തില്‍ തന്നെ വെള്ളത്തിന്റെ മിതവ്യയ ശീലം വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കളും മദ്‌റസാ-സ്‌കൂള്‍ അധ്യാപകരും ബോധപൂര്‍വം ശ്രമം നടത്തിയാല്‍ ഒരു തലമുറയുടെ ജീവിത ശൈലി ആശാവഹമായിത്തീരും; തീര്‍ച്ച.
മനം നിറയെ കൊതിച്ച്‌ അക്ഷമയോടെ കാത്തിരുന്ന മഴയെന്ന അനുഗ്രഹം (നിഅ്‌മത്ത്‌) കടന്നുവരുമ്പോള്‍ ആത്മാര്‍ഥമായൊന്ന്‌ ആശ്വസിക്കാന്‍ മലയാളിക്കാകുന്നില്ല. മഴയെത്തും മുന്‍പേ `മഴജന്യരോഗ'ങ്ങളെപ്പറ്റിയുള്ള ഭീതിയാണ്‌ പടരുന്നത്‌. മഴ പെയ്‌ത പിറ്റേ ദിവസം മുതല്‍ `പനിച്ചുവിറയ്‌ക്കുന്ന കേരളം' ആണ്‌ മാധ്യമങ്ങളിലെ ചര്‍ച്ച! യഥാര്‍ഥത്തില്‍ മഴ ഒരു രോഗവും കൊണ്ടുവരുന്നില്ല. ആകാശത്തുനിന്ന്‌ കുത്തിച്ചൊരിയുന്നത്‌ പ്രകൃതിയുടെ ശുദ്ധമായ ജീവജലമാണ്‌. അത്‌ ഊഷരതയിലേക്ക്‌ കൊണ്ടുവരുന്നത്‌ ഉര്‍വരതയാണ്‌. വേനലിന്റെ പാരവശ്യം മാറ്റി സ്വാസ്ഥ്യം കൊണ്ടുവരുന്ന മഴയെ നാം രോഗാണുവായി പഴിക്കുന്നുവെങ്കില്‍ അതിനും കാരണക്കാര്‍ നാം തന്നെ.
മഴയെത്തും മുന്‍പേ മാലിന്യനിര്‍മാര്‍ജനത്തിന്‌ വഴിയൊരുക്കുക എന്നത്‌ വ്യക്തികളുടെയും സര്‍ക്കാറിന്റെയും ബാധ്യതയാണ്‌. മാരകമായ വസൂരിയും മലേറിയയും ഒരു കാലത്ത്‌ മരണദൂതനായിരുന്നു. അവയെ നാം പിടിച്ചുകെട്ടി. പക്ഷേ, പൊതുസ്ഥലത്ത്‌ മാലിന്യനിക്ഷേപം എന്ന സംസ്‌കാരം കേരളീയര്‍ ശീലമാക്കിയപ്പോള്‍ എന്തുണ്ടായി? മൂന്നു നേരം ചുക്കുകാപ്പി കുടിച്ചാല്‍ മാറിയിരുന്ന മഴക്കാല പനി മൂന്നാഴ്‌ച ആശുപത്രിയില്‍ കിടന്നാലും ഭേദമാകാത്തത്ര മാരകമായി മാറിയിരിക്കുന്നു. നൂറുകണക്കിനാളുകള്‍ പനിപിടിച്ച്‌ മരിച്ചുവീണപ്പോള്‍ മാത്രം കണ്ണുതുറക്കുന്ന സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ശുചിത്വമെന്നത്‌ എന്റെ ദേഹത്തെ അഴുക്ക്‌ അവന്റെ ദേഹത്തേക്കിടുക എന്നായി മാറിയിരിക്കുന്നു. കുളവും തോടും പുഴയും ഖരമാലിന്യങ്ങള്‍ കൊണ്ടും കീടനാശിനികള്‍ കൊണ്ടും മലിനമാക്കിയത്‌ പ്രകൃതിയല്ല, മഴയല്ല, ഇതര ജന്തുക്കളല്ല; മനുഷ്യര്‍ തന്നെ. സമൂഹ ചിന്തയും ധര്‍മബോധവും സ്രഷ്‌ടാവിനോടുള്ള കടപ്പാടും മാത്രമേ ഈ ദുരവസ്ഥയ്‌ക്ക്‌ മാറ്റം വരുത്തൂ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: