നിയമവും മനുഷ്യനും
വിശേഷബുദ്ധിയുള്ള മനുഷ്യന്‍ ഇതര ജന്തുജാലങ്ങളില്‍ നിന്ന് വ്യതിരിക്തമാകുന്ന നിരവധി ഘടകങ്ങളുണ്ട്. നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് ജീവിക്കണമെന്നത് അവയിലൊന്നു മാത്രമാണ്. മനുഷ്യന്‍ സമൂഹജീവിയാണ്. ഇതര ജന്തുജാലങ്ങളില്‍ പലതും സമൂഹമായി ജീവിക്കുന്നുണ്ട്.
വിശേഷബുദ്ധിയുള്ള മനുഷ്യന്‍ ഇതര ജന്തുജാലങ്ങളില്‍ നിന്ന് വ്യതിരിക്തമാകുന്ന നിരവധി ഘടകങ്ങളുണ്ട്. നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് ജീവിക്കണമെന്നത് അവയിലൊന്നു മാത്രമാണ്. മനുഷ്യന്‍ സമൂഹജീവിയാണ്. ഇതര ജന്തുജാലങ്ങളില്‍ പലതും സമൂഹമായി ജീവിക്കുന്നുണ്ട്.
തേനീച്ചയും ഉറുമ്പും ചിതലും മാത്രമല്ല, വിവിധയിനം പക്ഷികളും അതില്‍ പെടുന്നു. എന്നാല്‍ മനുഷ്യന്റെ `സാമൂഹികത' തിര്യക്കുകളെപ്പോലെ നിയതവും മാറ്റമില്ലാതെ തലമുറകളിലേക്ക് നീളുന്നതുമല്ല. കാലത്തിനൊപ്പം മാറ്റം വന്നുകൊണ്ടിരിക്കുന്നതും എന്നാല്‍ മാറ്റമില്ലാത്ത ചില അടിസ്ഥാനമൂല്യങ്ങളില്‍ ബന്ധിതമായതുമാണ്. പ്രഥമവും പ്രധാനവുമായി മനുഷ്യന്‍ കുടുംബമായി ജീവിക്കുന്നു. കുടുംബങ്ങള്‍ ചേര്‍ന്ന് സമൂഹങ്ങളും സമൂഹങ്ങള്‍ ചേര്‍ന്ന് രാഷ്‌ട്രങ്ങളും ഉണ്ടായിത്തീരുന്നു. രാഷ്‌ട്രങ്ങള്‍ക്കുതന്നെ കാലക്രമത്തില്‍ പല തരത്തില്‍ മാറ്റങ്ങള്‍ വരുന്നു. സംയോജനവും വിഭജനവും നടക്കുന്നു. രാഷ്‌ട്രാന്തര കൂട്ടായ്‌മകളും സഹവര്‍ത്തനങ്ങളും ഉടമ്പടികളും ഉണ്ടാകുന്നു. ഇങ്ങനെയുള്ള വ്യത്യസ്‌ത കൂട്ടായ്‌മകളുമായി നീങ്ങുമ്പോഴും ഓരോ മനുഷ്യനും അസ്‌തിത്വത്തിന്റെ സ്വാതന്ത്ര്യം അനുഭവിക്കുന്ന പൂര്‍ണ സ്വതന്ത്ര ജീവിയാണ്. ഈ വ്യക്തിസ്വാതന്ത്ര്യത്തോടൊപ്പം പൊതുവായ ചില നിയമങ്ങള്‍ സമൂഹത്തിനുവേണ്ടിസൃഷ്‌ടിക്കപ്പെടുന്നുണ്ട്. ആ നിയമങ്ങള്‍ ഏതാണ്ടൊക്കെ പാലിക്കപ്പെടുമ്പോഴാണ് സമൂഹജീവിതം ശക്തമായൊഴുകുന്നത്.
സമൂഹ ജീവിതത്തില്‍ നിയമങ്ങള്‍ നിര്‍മിക്കുന്നത് മനുഷ്യന്‍ തന്നെയാണ്. എങ്കിലും അത് അനുസരിക്കപ്പെടുമ്പോള്‍ ജീവിതം സുഗമമാകുന്നതുപോലെത്തന്നെ നിയമങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നു. സ്വാസ്ഥ്യം നഷ്‌ടപ്പെടുന്നു. അരാജകത്വത്തിനു വഴിവയ്‌ക്കുന്നു. കോടിക്കണക്കിന് മനുഷ്യര്‍ ജീവിക്കുന്ന ഒരു രാഷ്‌ട്രത്തിന് മര്‍മപ്രധാനമായ ഭരണഘടനയും അതിനു കീഴില്‍ നൂറുകണക്കില്‍ വകുപ്പുകളും ഓരോന്നിനും നിശ്ചിതമായ നിയമങ്ങളും വ്യവസ്ഥകളും ചട്ടങ്ങളും ഉണ്ടാക്കിവച്ചിട്ടുണ്ടാകും. അതില്‍ നിന്ന് താഴോട്ടു പോന്നാല്‍ ഓരോ സ്ഥാപനത്തിനും കൂട്ടായ്‌മയുടെ ഓരോ ചെറിയ യൂണിറ്റിനും അതിന്റേതായ ചട്ടങ്ങളും കാണും. എത്രത്തോളമെന്നാല്‍ ഒന്നിലേറെ പേര്‍ ചേരുന്ന ഏതു സംരംഭത്തിനും ഒരു കൂടുംബത്തിനകത്തുപോലും അലിഖിതമെങ്കിലും നിയമങ്ങളും ധാരണകളും ഉണ്ടാകും. ഇതെല്ലാം ഏറെക്കുറെ പാലിക്കപ്പെടുക എന്നതാണ് മാനവികതയുടെ തേട്ടം. ഈ സ്ഥിതി മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ നിലവിലുള്ളതാണ്. മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം മേല്‌പറഞ്ഞ സാമൂഹിക വ്യവസ്ഥയ്‌ക്കു പുറമെ തങ്ങളുടെ ജീവിതത്തെ ആമൂലാഗ്രം സ്‌പര്‍ശിക്കുന്ന മതനിയമങ്ങളും ധാര്‍മികമായ നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട്. അവിടെയാണ് നിഷിദ്ധവുംഅനുവദനീയവും നോക്കുന്നത്. അഭികാമ്യവും അനഭിലഷണീയവും പരിഗണിക്കുന്നത്. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം മതനിയമങ്ങള്‍ എന്നത് ദൈവിക കല്‌പനകളാണ്. സ്രഷ്‌ടാവിന്റെ നിയന്ത്രണങ്ങളാണ്. അതുകൊണ്ടു തന്നെ മതനിയമങ്ങള്‍ ലംഘിക്കുന്നത് ഇഹത്തിലും പരത്തിലും നഷ്‌ടത്തിനു കാരണമായിത്തീരുന്നതാണ്.
മതപരവും ഭൗതികവുമായ നിയമങ്ങള്‍ പാലിക്കപ്പെടുന്ന കാര്യമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ നിയമങ്ങള്‍ അനുസരിക്കാനും നിയമത്തിനതീതമായി കാര്യങ്ങള്‍ നീക്കാനുമുള്ള ത്വര മനുഷ്യസഹജമാണ്. ശക്തമായ ധാര്‍മിക ചിന്തയും ഉന്നതമായ സാമൂഹിക ബോധവും ഉണ്ടെങ്കില്‍ മാത്രമേ സഹജമായ ആ ദൗര്‍ബല്യത്തെ മറികടന്ന് നിയമങ്ങള്‍ക്കു വിധേയമായി ജീവിക്കാന്‍ കഴിയൂ. ഒരു ചെറിയ ഉദാഹരണം നോക്കാം: പെരുകിവരുന്ന വാഹനങ്ങളും വികസിക്കാത്ത റോഡുകളും ഇന്നത്തെ ഒരു പ്രശ്‌നമാണ്. എന്നാല്‍ നാട്ടില്‍ വ്യക്തമായ ട്രാഫിക് നിയമങ്ങളുണ്ട്. ആ നിയമങ്ങള്‍ മിക്കവാറും പാലിക്കപ്പെടുകയാണെങ്കില്‍ ഇന്നുണ്ടാകുന്ന വാഹനാപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയും. നിയമത്തിന്റെ കമ്മിയല്ല അത് അനുസരിക്കാനുള്ള വിനയത്തിന്റെ കുറവാണ് നാടിനെ നാശത്തിലേക്ക് നയിക്കുന്നത്. അറുപത് കഴിഞ്ഞ ഒരു സഹോദരന്‍ എടുത്തുപറഞ്ഞ ഒരനുഭവം ശ്രദ്ധേയമാണ്. `താന്‍ ബൈക്കോടിച്ചുവരുന്നു. ഹെല്‍മെറ്റെടുക്കാന്‍ വിട്ടുപോയി. അത് സാധാരണ ഉപയോഗിക്കുന്ന ആളാണ്. വഴിയില്‍ വച്ച് കുട്ടിപ്പോലീസ് (എസ് പി ജി) കൈകാണിച്ചു. വണ്ടി നിര്‍ത്തി. പുഞ്ചിരി തൂകിക്കൊണ്ട് രണ്ടു കുട്ടികള്‍ അടുത്തുവന്നു. കൈപിടിച്ചുകൊണ്ട് ചോദിച്ചു: ``താങ്കള്‍ ഹെല്‍മെറ്റെടുത്തില്ല അല്ലേ? മറന്നതായിരിക്കും. നമ്മുടെ ജീവന്‍ വലുതാണ്. ശ്രദ്ധിക്കണം ട്ടോ.'' ഇത്രയും പറഞ്ഞ് ഒരു മിഠായി എടുത്ത് എന്റെ കൈയില്‍ തന്നിട്ട് പോകാന്‍ പറഞ്ഞു. ഞാന്‍ ചെറുതായി. പാതാളത്തോളം താണുപോയി. എന്നെ പോലീസുകാരന്‍ നടുറോട്ടിലിട്ട് അടിക്കുകയോ പതിനായിരം രൂപ പിഴ ചുമത്തുകയോ ചെയ്‌തതിനേക്കാള്‍ വലിയ ശിക്ഷയായി ആ കുഞ്ഞുങ്ങളുടെ പെരുമാറ്റം ഞാന്‍ അനുഭവിക്കുകയായിരുന്നു.'' നിയമങ്ങളോടുള്ള മതിപ്പും തെറ്റുപറ്റിയതില്‍ ഖേദവും തോന്നുന്നത് മനുഷ്യന്റെ മഹത്വത്തിന്റെ മകുടോദാഹാരണമാണ്.
`ട്രാഫിക് നിയമം കര്‍ശനമാക്കി' എന്ന വാര്‍ത്ത വന്നാല്‍ വാഹനമുള്ളവര്‍ക്കെല്ലാം പരിഭ്രമം. എന്താണു കാരണം. നിയമം നേരത്തെ ഉണ്ടല്ലോ. കര്‍ശനമാക്കിയതെന്തിന്? അതുവരെ കര്‍ശനമല്ലാത്ത നിയമമായിരുന്നോ? മനുഷ്യന്റെ മനോഭാവത്തിന്റെ തകരാറാണിത്. കര്‍ശനമാക്കുകയും നോക്കാന്‍ ആളു നില്‌ക്കുകയും പിടിച്ചാല്‍ കഠിന ശിക്ഷ ലഭിക്കുകയും ചെയ്‌തെങ്കിലേ നിയമം പാലിക്കൂ എന്ന നിലപാട് ശരിയല്ലല്ലോ. നാമുള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ നന്മയ്‌ക്കുവേണ്ടി നാം തന്നെ ഉണ്ടാക്കിയതാണ് പൊതു നിയമങ്ങള്‍. നാം തന്നെ അതു ലംഘിച്ചാലോ! നിയമലംഘനമെന്ന ദൗര്‍ബല്യത്തെ കരുതിയിരിക്കാനാണ് നിയമപാലകരും നീതിന്യായ വ്യവസ്ഥകളുമെല്ലാം നിലനില്‌ക്കുന്നത്. ഒരു സത്യവിശ്വാസി മതനിയമങ്ങളും പൊതുനിയമങ്ങളും പാലിക്കാന്‍ ബാധ്യസ്ഥനാണ്. നിയമത്തെ വ്യവസ്ഥാപിതമായി എതിര്‍ക്കാം. എന്നാല്‍ ആ നിയമം നിലനില്‌ക്കുന്നേടത്തോളം അനുസരിച്ചേ പറ്റൂ.
സുഊദി അറേബ്യ നിത്വാഖാത്ത് നിയമം കര്‍ശനമാക്കി എന്ന വാര്‍ത്ത വന്നു. കേരളം നടുങ്ങി. മീഡിയ ആവശ്യമില്ലാത്ത ആശങ്ക പരത്തിവിട്ടു. ഒരു രാജ്യം അതിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിന് നിശ്ചയിച്ച നിയമത്തില്‍ നമുക്ക് എന്തിന് ആശങ്ക? പത്തില്‍ ഒന്ന് തൊഴിലാളികള്‍ സ്വദേശികളാകണമെന്ന നിയമം ഒന്നു രണ്ടു വര്‍ഷം മുന്‍പ് നടപ്പിലാക്കിയതാണ്. അത് കര്‍ശനമാക്കിയാല്‍ കുറേ പേരുടെ ജോലിക്ക് ഭംഗം നേരിടുമെന്നത് ശരിയാണ്. അതിലുള്ള ആശങ്ക നമ്മുടെ ഗവണ്‍മെന്റ് ഔദ്യോഗികമായിഅറിയിക്കുകയും സുഊദി ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ആകാവുന്നത്ര ഇളവുകള്‍ ചെയ്‌തുതരാമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരിക്കുകയാണ്. എന്നാല്‍ സുഊദി അറേബ്യയില്‍ ജോലി ചെയ്യുന്നതിനായി ലക്ഷക്കണക്കിന് ആളുകള്‍ക്ക് ശരിയായ വിസയില്ല. സ്‌പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നത് ഒരു രാജ്യത്തുംനിയമവിധേയമല്ല. ഇന്ത്യ അംഗീകരിക്കാത്ത ഒരു കാര്യം ഇന്ത്യക്കാരന് ഇതര രാജ്യങ്ങളില്‍ കിട്ടണമെന്ന് പറയുന്നത് ന്യായമല്ലല്ലോ. വര്‍ക്ക്‌പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ ജോലി ചെയ്യുന്ന എത്ര പേരു കാണും! ഹൗസ്‌ഡ്രൈവര്‍ വിസയില്‍ അക്കരെക്കടന്ന്, ഡ്രൈവിംഗ് ലൈസന്‍സ് പോലുമില്ലാതെ, കാല്‍നൂറ്റാണ്ടുകാലം കച്ചവടം ചെയ്‌ത് പണമുണ്ടാക്കിയ ആള്‍ക്ക് നിയമം കര്‍ശനമാക്കിയതില്‍ ആശങ്കപ്പെടാന്‍ ധാര്‍മിക അവകാശമില്ലല്ലോ. നാം തന്നെ അറിഞ്ഞുകൊണ്ട് നിരന്തരമായി ചെയ്‌തുകൊണ്ടിരിക്കുന്ന നിയമ ലംഘനത്തിന് തടസ്സംവരുമ്പോള്‍ നമുക്ക് ആരെ പഴിക്കാന്‍ പറ്റും! അമേരിക്കയിലോ ബ്രിട്ടണിലോ ആസ്‌ത്രേലിയയിലോ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളില്ലല്ലോ. അപ്പോള്‍ സുഊദി ഗവണ്‍മെന്റിന്റെ സോഫ്‌റ്റ് കോര്‍ണര്‍ മനോഭാവം മുതലെടുത്ത് നാം ചെയ്‌തുകൂട്ടിയ നിയമലംഘന ശൃംഖലകളാണ്, നിയമം കര്‍ശനമാക്കുന്നു എന്നു കേട്ടപ്പോള്‍ നമ്മെ അതിയായ ആശങ്കയിലാഴ്‌ത്തിയത്.
ചുരുക്കത്തില്‍ നിയമപാലനത്തെക്കാള്‍ നിയമലംഘനത്തിനാണ് മാനുഷിക ദൗര്‍ബല്യങ്ങള്‍ മുന്‍ഗണന നല്‌കുന്നത്. മൂല്യബോധവും സാമൂഹ്യ ബോധവുമാണ് മനുഷ്യനെ നിയമം ലംഘിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. മതനിയമങ്ങളും അങ്ങനെത്തന്നെ. അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്നവര്‍ മതനിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നു. നിയമപാലകരെയും കോടതിയെയും ഭയമുണ്ടാവുകയും ഉയര്‍ന്ന പൗരബോധം കൈമുതലായുണ്ടാവുകയും ചെയ്‌തെങ്കിലേ ഭൗതികനിയമങ്ങള്‍ പാലിക്കപ്പെടൂ. പക്ഷേ, നിയമം നടപ്പിലാക്കേണ്ടവര്‍ നിയമം ലംഘിക്കുന്ന, രാഷ്‌ട്രത്തെ നയിക്കുന്നവര്‍ രാഷ്‌ട്രത്തെ ഒറ്റിക്കൊടുക്കുന്ന, രാഷ്‌ട്രത്തിന്റെ പേരില്‍ പേരു സമ്പാദിച്ച താരങ്ങള്‍ ഗുരുതരമായി നിയമലംഘനം നടത്തുന്ന, കോഴ വാങ്ങുന്ന സാമൂഹിക സാഹചര്യങ്ങള്‍ ഏതു രാജ്യത്തിനും ആശാവഹമായ കാര്യമല്ല, ഇന്ത്യക്കാരായ നമുക്കും.
0 comments: