പാഠ്യപദ്ധതി പരിഷ്‌കരണവും ഭാഷാ പഠനവും

  • Posted by Sanveer Ittoli
  • at 9:34 AM -
  • 0 comments
പാഠ്യപദ്ധതി പരിഷ്‌കരണവും ഭാഷാ പഠനവും


കുഞ്ഞുമുഹമ്മദ്‌ പുലവത്ത്‌
സൈദ്ധാന്തികതലത്തില്‍ ശക്തവും നവീനവുമായ കാഴ്‌ചപ്പാടുകളുണ്ടെങ്കിലും പുതിയ ഭാഷാസമീപനം പ്രയോഗതലത്തില്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്‌
കേരളത്തില്‍ മറ്റൊരു സ്‌കൂള്‍ പാഠ്യപദ്ധതി നവീകരണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 1997-98 മുതല്‍ സംസ്ഥാനത്ത്‌ പാഠ്യപദ്ധതി പരിഷകരണം നടപ്പാക്കിയതിന്റെ ഭാഗമായി ഭാഷാ പാഠപുസ്‌തകങ്ങള്‍, പഠനരീതി, മൂല്യനിര്‍ണയം എന്നിവയില്‍ സമഗ്രവും ശ്രദ്ധേയവുമായ മാറ്റങ്ങളാണ്‌ പ്രകടമായത്‌. ഇതേത്തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ ഭാഷാ പഠനത്തിന്റെ ക്ലാസ്‌റൂം സംസ്‌കാരം തന്നെ മാറുകയുണ്ടായി. ഭാഷ ഉത്‌പാദിപ്പിക്കാന്‍ സഹായകമായ അന്തരീക്ഷമൊരുക്കാനും പഠനപ്രവര്‍ത്തനങ്ങള്‍ സൂക്ഷ്‌മമായി ആസൂത്രണം ചെയ്യാനും അധ്യാപകര്‍ പ്രേരിതരായി. കുട്ടികളുടെ ഭാവനാശേഷികളും സര്‍ഗാത്മക കഴിവുകളും കൂടുതല്‍ വിലമതിക്കപ്പെട്ടു. 
മുമ്പത്തേതു പോലെ ഇനി നടക്കാനിരിക്കുന്ന സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിലും ഭാഷകളുടെ പ്രാധാന്യം ഗൗരവമായി പരിഗണിക്കപ്പെടേണ്ടതുണ്ട്‌. ആധുനിക ഭാഷാശാസ്‌ത്രവും മനശ്ശാസ്‌ത്രവും ഭാഷാ പഠനത്തിന്റെ വിശിഷ്യാ ബഹുഭാഷാ പഠനത്തിന്റെ സാധ്യതകള്‍ക്കും അടിവരയിടുന്നുണ്ട്‌. വൈകാരിക ഉദ്‌ഗ്രഥനത്തിനും ബൗദ്ധിക വികാസത്തിനും യുക്തിചിന്തകളുടെ പരിപോഷണത്തിനും ഭാഷാപഠനം വഴിയൊരുക്കുന്നു.
വെറും ആശയവിനിമയോപാധി മാത്രമല്ല ഭാഷ. ഒരു ജനതയുടെ സാമൂഹികവും സാംസ്‌കാരികവുമായ ജീവിതത്തിന്റെ പ്രതിഫലനമാണ്‌ ഭാഷ എന്ന തിരിച്ചറിവാണ്‌ ആദ്യം നമുക്കുണ്ടാവേണ്ടത്‌. ഭാഷ കൈവശമുണ്ടെങ്കിലേ അറിവുനേടാനാവൂ. ഭാഷയില്ലെങ്കില്‍ എന്താസ്വാദനം? അറിവിന്റെ അനന്തതകളിലേക്ക്‌ പഠിതാവിനു കടന്നുപോവാനാവണമെങ്കില്‍ ഭാഷ സ്വായത്തമാക്കിയേ മതിയാവൂ. വ്യവഹാര രൂപങ്ങള്‍ക്കകത്തെ ആശയങ്ങളിലന്തര്‍ഭവിച്ചു കിടക്കുന്ന സൗന്ദര്യവും സൗഭഗവും ആസ്വദിക്കണമെങ്കിലും ഭാഷ വേണം. ഭാഷയെക്കുറിച്ച സമഗ്രമായ പരിപ്രേക്ഷ്യത്തിന്റെ അഭാവം ഭാഷാ ക്ലാസ്‌മുറികളുടെ മേന്മകളെ ഇല്ലാതാക്കുന്നുണ്ട്‌.
മനുഷ്യന്‍ തന്റെ വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കുന്നതും സര്‍ഗാത്മകാവിഷ്‌കാരങ്ങള്‍ നടത്തുന്നതും കലാവിരുതുകള്‍ ആസ്വദിക്കുന്നതും ഭാഷ ഉപയോഗപ്പെടുത്തിയാണ്‌. സാമൂഹിക ജീവിതത്തിന്റെ പൊതുധാരയുടെ ഭാഗമാകാനും ലോകത്തെ അറിയാനും വ്യാഖ്യാനിക്കാനുമെല്ലാം മനുഷ്യന്‌ ഭാഷ തന്നെ വേണം. മനുഷ്യസമൂഹത്തിന്റെ ഇതപര്യന്തമുള്ള വളര്‍ച്ചാവികാസത്തിന്റെ ഗതി പരിശോധിച്ചാല്‍ ഭാഷ വഹിച്ച പങ്ക്‌ ഒരാള്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.
വ്യവഹാര മനശ്ശാസ്‌ത്രത്തിലധിഷ്‌ഠിതമായ ഭാഷാപഠനരീതിയില്‍ നിന്നും ജ്ഞാതൃമനശ്ശാസ്‌ത്രത്തിലധിഷ്‌ഠിതമായ ഭാഷാ പഠനരീതി ശാസ്‌ത്രത്തിലേക്കും വഴിതുറക്കാന്‍ മുന്‍കഴിഞ്ഞ പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ സാധിച്ചു എന്നത്‌ ഒരു മഹാകാര്യമാണ്‌. കാരണം, ലോകമെമ്പാടുമുള്ള ഭാഷാ ക്ലാസ്‌മുറികളെ ദീര്‍ഘകാലം നിയന്ത്രിച്ചിരുന്നത്‌ വ്യവഹാര മനശ്ശാസ്‌ത്രമായിരുന്നു. ഭാഷ ഉത്‌പാദിപ്പിക്കുന്നതിനുള്ള കുട്ടിയുടെ കഴിവുകളും സിദ്ധികളും ഉപയോഗപ്പെടുത്തുകയും ഭാഷ ഉപയോഗിച്ചു ദൈനംദിന വ്യവഹാരങ്ങളും സര്‍ഗാത്മക പ്രകടനങ്ങളും നടത്തുന്നതിന്‌ അവസരം നല്‍കുകയും ചെയ്യുന്നു എന്നതാണ്‌ പരിഷ്‌കരണ പാഠ്യപദ്ധതിയുടെ മേന്മകളില്‍ എടുത്തുപറയാവുന്ന ഒന്ന്‌. ലെവ്‌ വിഗോഡ്‌സ്‌കി, ജെറോം എസ്‌ ബ്യൂണര്‍ തുടങ്ങിയ സാമൂഹ്യജ്ഞാന നിര്‍മിതി വാദികളുടെ ആശയങ്ങളും ഭാഷാശാസ്‌ത്ര രംഗത്ത്‌ നോം ചോംസ്‌കി നടത്തിയ കണ്ടെത്തലുകളും പുതിയ ചുവടുമാറ്റത്തിന്റെ ആധാരശിലകളായി വര്‍ത്തിച്ചിട്ടുണ്ട്‌. ഭാഷയെക്കുറിച്ചു രൂപപ്പെട്ടുവന്ന ഏറ്റവും അധുനാതനം എന്ന്‌ പറയാവുന്ന സമഗ്രതാ ദര്‍ശനമാണ്‌ പുതിയ ഭാഷാ പഠനബോധന രീതിശാസ്‌ത്രത്തിന്റെ അടിത്തറയായി നിലകൊള്ളുന്നത്‌. സാമൂഹ്യജ്ഞാന നിര്‍മിതിവാദം, സര്‍വഭാഷാ വ്യാകരണ സിദ്ധാന്തം, ഗസ്റ്റാര്‍ട്ട്‌ മനശ്ശാസ്‌ത്രം, ശിശുകേന്ദ്രീകൃത വിദ്യാഭ്യാസ കാഴ്‌ചപ്പാടുകള്‍, മാനവികതാ ദര്‍ശനം എന്നിവയുടെ സമന്വയത്തില്‍ നിന്നാണ്‌ പുതിയ ഭാഷാ സമഗ്രതാദര്‍ശനം രൂപപ്പെട്ടുവന്നത്‌.
താഴെപ്പറയുന്ന ആശയങ്ങള്‍ സംയോജിപ്പിച്ചാല്‍ ഭാഷാസമഗ്രതാ ദര്‍ശനം എന്താണ്‌ എന്നതിനെക്കുറിച്ച്‌ നമുക്കൊരുള്‍ക്കാഴ്‌ച ലഭിക്കും.
* സ്വന്തം പ്രകൃതത്തോടും താല്‌പര്യത്തോടും കഴിവിനോടും പൊരുത്തപ്പെടുന്ന രീതിയിലുള്ള പഠനത്തില്‍ സജീവമായി ഏര്‍പ്പെടാനാവുമ്പോഴേ കുട്ടിക്ക്‌ ഏറ്റവും നന്നായി പഠിക്കാനാവൂ.
* സജീവമായ പഠനപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ കുട്ടികളില്‍ അച്ചടക്കരാഹിത്യമുണ്ടാവില്ല.
* പഠനം പുരോഗമിക്കുന്നത്‌ സാമൂഹ്യ ഇടപഴകലിലൂടെയാണ്‌. അതിനായി കുട്ടികളുടെ പാരസ്‌പര്യം ഉറപ്പുവരുത്തുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണം. വിവിധതരം സംഘപ്രവര്‍ത്തനങ്ങള്‍ക്ക്‌ അവസരം നല്‍കിയും പരീക്ഷണം, പ്രൊജക്‌ട്‌ തുടങ്ങിയവക്ക്‌ സാധ്യതകള്‍ സൃഷ്‌ടിച്ചും ഈ ലക്ഷ്യം നേടാനാവും. അനാരോഗ്യകരമായ മത്സരമുഹൂര്‍ത്തങ്ങള്‍ സൃഷ്‌ടിക്കുക വഴി കുട്ടികളില്‍ മാനസിക പിരിമുറുക്കം വര്‍ധിക്കുകയേ ഉള്ളൂ. ആരോഗ്യകരമായ സഹകരണ സന്ദര്‍ഭങ്ങളും സഹവര്‍ത്തനവേദികളും ഒരുക്കിക്കൊടുത്താല്‍ കുട്ടികളുടെ നൈസര്‍ഗിക കഴിവുകള്‍ വികസിക്കാനിടയാവും.
* അധ്യാപകര്‍ പഠിപ്പിക്കുന്നതുകൊണ്ടാണ്‌ കുട്ടികളെല്ലാം ഭാഷ പഠിക്കുന്നത്‌ എന്ന പൊതുബോധം തിരുത്തണം. മുതിര്‍ന്നവരോടൊപ്പം കൂടിക്കലരുന്നതിലൂടെയും സമൂഹവുമായി ഇടപെടുന്നതിലൂടെയും അബോധപൂര്‍വമായി കുട്ടി ഭാഷ സ്വായത്തമാക്കുന്നുണ്ട്‌!
* നിത്യജീവിതത്തില്‍ ഒട്ടേറെ ധര്‍മങ്ങള്‍ ഭാഷ നിറവേറ്റുന്നുണ്ട്‌. സന്ദര്‍ഭത്തിനനുസരിച്ച്‌ ഔചിത്യപൂര്‍വം ഭാഷ പ്രയോഗിക്കാന്‍ സാധിക്കുന്നതിലൂടെയാണ്‌ ഭാഷയ്‌ക്ക്‌ കൃത്യത കൈവരുന്നത്‌.
മുമ്പ്‌ നടന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തെ ശക്തമായി സ്വാധീനിച്ച ശ്രദ്ധേയമായൊരാശയം ബുദ്ധിയുടെ ബഹുതല (Multiple Intelligence Theory) സിദ്ധാന്തമാണ്‌. ബുദ്ധി ഏകമുഖമായ ഒന്നല്ലെന്നും മസ്‌തിഷ്‌കവുമായി ഉള്‍ച്ചേര്‍ന്ന്‌ വ്യത്യസ്‌ത കഴിവുകളും ധര്‍മങ്ങളും പ്രകടിപ്പിക്കുന്ന അമൂര്‍ത്തമായൊരു പ്രതിഭാസമാണ്‌ ബുദ്ധി എന്നുമുള്ള തിരിച്ചറിവു നേടാന്‍ ഈ സിദ്ധാന്തം കുറച്ചൊന്നുമല്ല സഹായിച്ചത്‌. മസ്‌തിഷ്‌ക വളര്‍ച്ച ഏറ്റവും വേഗത്തില്‍ നടക്കുന്നത്‌ ചെറുപ്രായത്തിലായതിനാല്‍ പ്രസ്‌തുത പ്രായത്തില്‍ കുട്ടികള്‍ക്ക്‌ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ നല്‍കേണ്ടതുണ്ട്‌.
2007-ല്‍ നടന്ന പാഠ്യപദ്ധതി നവീകരണം കേരളത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസഗതിയെ മൗലികമായി സ്വാധീനിച്ചു എന്ന വസ്‌തുത അംഗീകരിക്കുന്നതോടൊപ്പം അപരിഹാര്യമായി തുടരുന്ന ചില പരിമിതികളും പ്രായോഗിക പ്രശ്‌നങ്ങളും ഗൗരവപൂര്‍വം വിശകലന വിധേയമാക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഭാഷാ പഠനത്തിനു നിറംപകരുന്ന വിധത്തില്‍ പ്രക്രിയാധിഷ്‌ഠിതവും ആകര്‍ഷകവുമായ രീതിയിലേക്ക്‌ സംസ്ഥാനത്തെ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ മാറിയിട്ടില്ല എന്നതാണ്‌ എടുത്തുപറയേണ്ട വലിയൊരു പരിമിതി.
ആധുനിക ഭാഷാശാസ്‌ത്രത്തിന്റെയും നാഡീ മനശ്ശാസ്‌ത്രത്തിന്റെയും ബോധനശാസ്‌ത്രത്തിന്റെയും ഉത്‌പന്നമായ സാമൂഹ്യജ്ഞാനനിര്‍മിതി വാദത്തിലധിഷ്‌ഠിതമായ ഭാഷാപാഠ്യപദ്ധതി സൈദ്ധാന്തികമായി സ്വീകരിക്കപ്പെട്ടെങ്കിലും പ്രയോഗതലത്തില്‍ അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും സംശയരഹിതമായ ഇടപെടലിന്‌ അവസരമൊരുക്കുന്നില്ല. എന്ത്‌ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടാണോ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്‌, ആ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാക്ഷാത്‌കരിക്കാനുതകുംവിധത്തിലുള്ള ഉള്ളടക്കം അധ്യാപകപരിശീലനത്തില്‍ നഷ്‌ടപ്പെടുന്നു എന്നത്‌ ഗുരുതരമായ അക്കാദമിക പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്‌. മേലേ തട്ടില്‍ നിന്നും താഴേതട്ടിലേക്ക്‌ എത്തുന്നതോടെ വീര്യം ചോര്‍ന്ന അനുഷ്‌ഠാനങ്ങളായി അധ്യാപകപരിശീലനം മാറുന്നത്‌ ഗൗരവത്തോടെ കാണണം. പരിശീലന പരിപാടികളുടെ ഉള്ളടക്ക ഗാംഭീര്യം, സര്‍ഗാത്മകത, ഉത്‌പാദനക്ഷമത എന്നിവ കാര്യമായി പരിശോധിക്കപ്പെടുന്നില്ല എന്നതും ചേര്‍ത്തുവായിക്കണം.
സൈദ്ധാന്തികതലത്തില്‍ ഏറ്റവും ശക്തവും നവീനവുമായ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും പുതിയ ഭാഷാസമീപനം പ്രയോഗതലത്തില്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. ഏതൊരു പാഠ്യപദ്ധതിയുടെയും പരിഷ്‌കരണം പ്രധാനമായും പ്രതിഫലിക്കുന്നത്‌ പാഠപുസ്‌തകങ്ങളിലായിരിക്കുമല്ലോ. പാഠപുസ്‌തകങ്ങളുടെ ഉള്ളടക്കം മുന്നില്‍വച്ചുകൊണ്ടാണ്‌ വിവേകമതികള്‍ പാഠ്യപദ്ധതിയുടെ മേന്മയും വ്യാപ്‌തിയും വിലയിരുത്തുന്നത്‌. അങ്ങനെവരുമ്പോള്‍ കുറേയേറെ പരിമിതികള്‍ ഈ രംഗത്തും പ്രകടമായിട്ടുണ്ട്‌. ഭാഷാശേഷികളും ഭാഷാനുഭവങ്ങളും ഉദ്‌ഗ്രഥിക്കപ്പെടാനുള്ള സാധ്യതകള്‍ നഷ്‌ടപ്പെട്ട്‌ വേറിട്ടുനില്‍ക്കുന്നു എന്നതും പ്രത്യേകം പറയേണ്ട പരിമിതിയാണ്‌. പഠിതാക്കളെ സ്വയം പഠനത്തിനു പ്രേരിപ്പിക്കുന്ന പാഠഭാഗങ്ങളുടെ അഭാവമാണ്‌ മറ്റൊന്ന്‌. പഠിതാക്കളുടെ പക്ഷത്തു നിന്നുകൊണ്ട്‌ അവരുടെ അഭിരുചികളും മുന്നനുഭവങ്ങളും ബൗദ്ധികപരിസരവും പരിഗണിച്ചല്ല, പാഠപുസ്‌തക രചയിതാക്കളുടെ അറിവും അഭിരുചികളും മനോഭാവവും ശാഠ്യങ്ങളുമെല്ലാം പരിഗണിച്ചാണ്‌ പലപ്പോഴും പാഠഭാഗങ്ങളും പാഠ്യവിഭവങ്ങളും തെരഞ്ഞെടുക്കുന്നത്‌ എന്ന അവസ്ഥയും നിലനില്‍ക്കുന്നു.
പാഠ്യപദ്ധതി ഒരു ദിശയിലും പഠനപ്രക്രിയ മറ്റൊരു ദിശയിലുമായി എന്തുകൊണ്ട്‌ അപഥസഞ്ചാരം നടത്തുന്നു എന്ന്‌ ചോദിച്ചാല്‍ കാരണങ്ങള്‍ പലതുമുണ്ട്‌ പറയാന്‍. ഒരു അവധിക്കാല പരിശീലനം കൊണ്ടോ ഇടക്കാല പരിശീലനങ്ങള്‍കൊണ്ടോ ശാക്തീകരിക്കപ്പെടുന്നവരല്ല യഥാര്‍ഥത്തില്‍ അധ്യാപകര്‍. സ്വന്തമായി അന്വേഷിക്കുകയും കണ്ടെത്തുകയും പ്രയോഗിക്കുകയും ചെയ്യുന്ന സ്വയം ശാക്തീകരണക്ഷമതയുള്ള അധ്യാപകര്‍ക്കേ പരിഷ്‌കരിക്കപ്പെടുന്ന ഏതൊരു പാഠ്യപദ്ധതിയോടും നീതിപുലര്‍ത്താനാവൂ. ഇവിടെ അതിന്റെ കുറവാണ്‌ കാതലായ പ്രശ്‌നം. ക്ലാസ്‌ റൂം പ്രക്രിയകള്‍ ആസൂത്രണം ചെയ്യുന്നിടത്തും ക്ലാസ്‌റൂം പ്രശ്‌നങ്ങള്‍ മറികടക്കുന്നിടത്തും അധ്യാപകര്‍ക്ക്‌ കാലിടറുന്നു. കേരളത്തെ സംബന്ധിച്ചേടത്തോളം അധ്യാപകര്‍ ഒരേ സ്വരത്തില്‍ ആവര്‍ത്തിക്കുന്ന ഒരു പ്രശ്‌നമാണ്‌ സമയപരിമിതി, പഠനപ്രവര്‍ത്തനങ്ങളുടെ ആധിക്യം, വിദ്യാലയങ്ങളുടെയും ക്ലാസ്‌മുറികളുടെയും അനുകൂലമല്ലാത്ത ഭൗതികസാഹചര്യം, അയവില്ലാത്ത പിരീയഡ്‌ ഘടന, നഷ്‌ടപ്പെടുന്ന പ്രവൃത്തി ദിനങ്ങള്‍.... അങ്ങനെ പലതും.
കുട്ടിക്ക്‌ ഭാഷ കേള്‍ക്കാനും പ്രയോഗിക്കാനും ഉത്‌പാദിപ്പിക്കാനും പാഠ്യപദ്ധതി മാറ്റങ്ങള്‍ അവസരമൊരുക്കി എന്നത്‌ അഭിമാനകരമായൊരു കാര്യമാണ്‌. ഉത്‌പാദിപ്പിക്കപ്പെടുന്ന ഭാഷ ശുദ്ധീകരിക്കപ്പെട്ട്‌ വികാസം പ്രാപിക്കാന്‍ പക്ഷെ ക്ലാസ്‌മുറികളില്‍ ഇടംകിട്ടാതെ പോവുന്നു എന്ന പ്രശ്‌നം പരിഹരിക്കപ്പെടാതെ ഇപ്പോഴും കിടക്കുന്നു. ഭാഷയുടെ കൃത്യത, പദവിന്യാസത്തിലെ യുക്തിഭദ്രത, വാക്യഘടനയിലെ ലാളിത്യം, പ്രയോഗത്തിലെ ഔചിത്യം, അക്ഷരത്തെറ്റുകള്‍ എന്നിവ സ്വയം വിലയിരുത്താനും പരിശോധിക്കാനും മെച്ചപ്പെടുത്താനും കുട്ടികള്‍ക്ക്‌ അവസരം കിട്ടേണ്ടതുണ്ട്‌!
ഭാഷാ ക്ലാസ്‌മുറികളില്‍ ചിന്തയുടെ ഉദ്ദീപനത്തിന്‌ എത്രത്തോളം അവസരമുണ്ട്‌ എന്നതിനെയും ഭാഷയും ഭാഷാനുഭവങ്ങളും എത്ര അളവില്‍ കുട്ടികള്‍ക്ക്‌ ലഭിക്കുന്നു എന്നതിനെയും ആശ്രയിച്ചാണ്‌ യഥാര്‍ഥത്തില്‍ ഭാഷാര്‍ജനവും ഭാഷയുടെ ഉത്‌പാദനവും നടക്കുന്നത്‌. ചിന്തയും ഭാഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ജീന്‍ വിയാഷെ, ലെവ്‌ വിഗോഡ്‌സ്‌കി, നോം ചോംസ്‌കി തുടങ്ങിയ ചിന്തകര്‍ നടത്തിയ വിപ്ലവകരമായ നിരീക്ഷണങ്ങള്‍ നമുക്കിവിടെ ദിശാബോധം നല്‍കുന്നു. ചിന്തയുടെയും ഭാഷയുടെയും സമന്വയം നടക്കുമ്പോള്‍ പഠിതാവില്‍ സംഭവിക്കുന്ന വികാസം ചില്ലറയല്ല. പുതിയ പദങ്ങള്‍ തേടിയും പുത്തന്‍ വാക്യഘടന കണ്ടെത്തിയും നൂതന ശൈലികള്‍ സ്വയം വികസിപ്പിച്ചും പഠിതാവ്‌ മുന്നേറുമ്പോഴാണ്‌ ഭാഷ വികസിക്കുന്നത്‌. അതിനുള്ള പരിസരമാണ്‌ ഭാഷാ ക്ലാസ്‌മുറികളാല്‍ സൃഷ്‌ടിക്കപ്പെടേണ്ടത്‌.
പഠിതാവിന്റെ വ്യക്തിത്വത്തെ ശോഭനമാക്കുന്നതിലും പൂര്‍ണമാക്കുന്നതിലും ഭാഷക്ക്‌ നിഷേധിക്കാനാവാത്ത പങ്കുണ്ട്‌. ഈ പങ്ക്‌ കൂടുതല്‍ ഗൗരവത്തോടെ അംഗീകരിച്ചുകൊണ്ടായിരിക്കും പുതിയ പാഠ്യപദ്ധതി നവീകരണം എന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: