നവോത്ഥാന പ്രസ്ഥാനത്തിന്റെ ധര്‍മവും ദൗത്യവും

  • Posted by Sanveer Ittoli
  • at 8:18 PM -
  • 0 comments
നവോത്ഥാന പ്രസ്ഥാനത്തിന്റെ ധര്‍മവും ദൗത്യവും

കണ്ണില്ലാതാവുമ്പോള്‍ മാത്രമേ കണ്ണിന്റെ വിലയറിയൂ എന്ന പഴമൊഴി എത്ര അര്‍ഥവത്താണ്‌! ഇസ്‌ലാഹീ പ്രസ്ഥാനരംഗത്ത്‌ അടുത്ത കാലത്ത്‌ സംഭവിച്ച ചില അപചയങ്ങളും അരുതായ്‌മകളും കേരളത്തെ, പ്രത്യേകിച്ചും മുസ്‌ലിം സമൂഹത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല.

കേരള മുസ്‌ലിംകളെ ഇന്ത്യയില്‍ മറ്റേതു സംസ്ഥാനത്തുള്ള മുസ്‌ലിംകളെക്കാളും എല്ലാ രംഗത്തും മുന്‍നിരയിലേക്കെത്തിച്ചതില്‍ കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പങ്ക്‌ എത്ര വലുതാണെന്ന്‌ ചരിത്രബോധമുള്ള ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ലോകത്തു തന്നെ `മുജാഹിദ്‌' എന്ന പദം ഏറെ തെറ്റിദ്ധാരണകള്‍ക്ക്‌ വിധേയമായപ്പോള്‍ കേരളത്തിലെ മുജാഹിദുകള്‍ സമൂഹസമുദ്ധാരണത്തിന്റെയും രാഷ്‌ട്ര പുനര്‍നിര്‍മാണത്തിന്റെയും സര്‍വോപരി മതകീയ ആദര്‍ശത്തനിമയുടെയും അടയാളമായി അംഗീകരിക്കപ്പെട്ടത്‌ യാദൃച്ഛികമോ അവിഹിത മാര്‍ഗത്തിലോ അല്ല. ആറു പതിറ്റാണ്ടുകാലം മുജാഹിദ്‌ എന്ന പേര്‌ സ്വയം സ്വീകരിച്ചവര്‍ ഇവിടെ എന്തുചെയ്‌തുവെന്ന്‌ ജനങ്ങള്‍ കണ്ടറിഞ്ഞ പരമാര്‍ഥമാണ്‌. അതുകൊണ്ടു തന്നെയാണ്‌ ആ മുന്നേറ്റത്തിനു മുന്നില്‍ തടസ്സങ്ങള്‍ നേരിട്ടപ്പോള്‍ എതിര്‍ത്തിരുന്നവര്‍ പോലും പരിതപിക്കാന്‍ കാരണമായത്‌.

ഇസ്‌ലാമിന്റെ ആദര്‍ശത്തനിമയില്‍ പ്രമാണബദ്ധമായി നിലയുറപ്പിച്ചുകൊണ്ട്‌ പരമാവധി സ്ഥലകാല സാഹചര്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന സമൂഹത്തിന്റെ ബഹുസ്വരത കണക്കിലെടുത്തും അഭിപ്രായാന്തരങ്ങള്‍ സഹിഷ്‌ണുതയോടെ ഉള്‍ക്കൊണ്ടും പ്രവര്‍ത്തിച്ചു മുന്നേറി. പ്രമാണങ്ങളുടെ അക്ഷരത്തോടൊപ്പം അര്‍ഥവും ആശയവും സന്ദര്‍ഭവും കണക്കിലെടുത്ത്‌ സമൂഹത്തോടൊപ്പം മുന്നേറാനും ആദര്‍ശത്തില്‍ കടുകിട വിട്ടുവീഴ്‌ച ചെയ്യാതെ സ്വത്വം കാത്തുസൂക്ഷിച്ചുകൊണ്ട്‌ നിലനില്‍ക്കാനും അവര്‍ക്കു മുന്നിലുണ്ടായിരുന്ന റോള്‍മോഡലുകള്‍ സ്വഹാബികളായിരുന്നു. പ്രവാചകചര്യയും സ്വഹാബത്തിന്റെ ജീവിതക്രമവും. ചരിത്രപരമായ നിയോഗമെന്നോണം സ്വയം ഏറ്റെടുത്ത ഈ ദൗത്യവുമായി മുജാഹിദുകള്‍ മുന്നേറിയത്‌ ഏറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്‌തുകൊണ്ടായിരുന്നു. മുജാഹിദുകള്‍ക്ക്‌ പടപൊരുതാനുണ്ടായിരുന്നത്‌ ബാഹ്യ ശത്രുക്കളോടായിരുന്നില്ല. കഥയറിയാത്ത സഹോദരങ്ങളോടായിരുന്നു. അജ്ഞതയും അന്ധവിശ്വാസവും മാത്രമേ മുജാഹിദുകള്‍ ശത്രുക്കളായി കണ്ടുള്ളൂ. വിജ്ഞാനപ്രഭ കടന്നു ചെന്നപ്പോള്‍ അന്ധവിശ്വാസത്തിന്റെ തമസ്സ്‌ നീങ്ങിത്തുടങ്ങി. സ്രഷ്‌ടാവ്‌ ഏല്‍പിച്ച ദൗത്യം എന്ന നിലയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ വിജയം അടുത്തുവരുന്നത്‌ നോക്കിക്കാണാമായിരുന്നു.

ാകും. നാട്ടുനടപ്പും പാരമ്പര്യവും കൈയൊഴിക്കാന്‍ തയ്യാറില്ലാത്ത, പ്രകാശത്തിനു നേരെ കണ്ണുതുറന്നു നോക്കാന്‍ കൂട്ടാക്കാത്ത, യാഥാസ്ഥിതികത്വം തീര്‍ത്ത മതില്‍ക്കെട്ടുകള്‍ മിക്കതും പൊട്ടിച്ചെറിഞ്ഞത്‌ മുജാഹിദുകളല്ല, മതിലിനിപ്പുറത്തെ സത്യത്തിന്റെ കിരണങ്ങളേറ്റ സ്വന്തം മക്കള്‍ തന്നെയായിരുന്നു. വിശുദ്ധ ഖുര്‍ആനിലേക്കുള്ള തിരിച്ചുപോക്ക്‌ `കുഫ്‌റ്‌' ആണെന്ന്‌ ഫത്‌വ നല്‍കിയവര്‍ ചില്ലറക്കാരായിരുന്നില്ല. പക്ഷേ കാലം അവരെയും കൊണ്ട്‌ കറങ്ങി. യാഥാസ്ഥിതികത്വത്തോടും അന്ധവിശ്വാസത്തോടും പൊരുതിയ ആദര്‍ശപ്പട (മുജാഹിദുകള്‍)യെ നോക്കി ശ്‌മശാന വിപ്ലവക്കാര്‍ എന്നാക്ഷേപിച്ച്‌ വരമ്പത്ത്‌ കയറിനിന്ന്‌ ആത്യന്തിക മതരാഷ്‌ട്ര തീവ്രവാദികളുടെ മക്കള്‍ ഇസ്‌ലാഹിന്റെ ഇളംകാറ്റേറ്റ്‌ വന്നപ്പോള്‍ അവര്‍ക്കും കാര്യം പിടികിട്ടി. ജനാധിപത്യ രാജ്യത്ത്‌ നൂറുശതമാനം മുസ്‌ലിമായി ജീവിക്കാന്‍ കഴിയും എന്ന്‌ പഠിപ്പിച്ച മുജാഹിദുകളെ അപഹസിച്ച മതരാഷ്‌ട്ര വാദത്തിന്റെ പിന്‍മുറക്കാര്‍ ആത്യന്തിക തീവ്രവാദത്തിലേക്കു നീങ്ങിയപ്പോള്‍ ആ വാല്‍ മുറിച്ചു. അവശേഷിച്ച ദുര്‍ബല മനസ്‌കരായ ചെറുപ്പക്കാര്‍ മതരാഷ്‌ട്രവാദത്തില്‍ നിന്ന്‌ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിന്റെ നടുവിലേക്ക്‌ എടുത്തുചാടി.

മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ വളര്‍ച്ച അസൂയാര്‍ഹമാം വിധം വ്യാപിച്ചു തുടങ്ങി. അതിന്റെ കീര്‍ത്തി രാജ്യത്തും പുറത്തും എത്തി. ദൗര്‍ഭാഗ്യവശാല്‍ മനുഷ്യന്റെ ദൗര്‍ബല്യങ്ങളെ പിശാച്‌ കീഴടക്കി. ആദര്‍ശ പ്രസ്ഥാനത്തില്‍ ശിഥിലത തലപൊക്കി. അത്‌ പിളര്‍ന്നു. കാരണങ്ങള്‍ പലതാണ്‌. മാനുഷികമായ അപൂര്‍ണത, പിശാചിന്റെ പ്രവര്‍ത്തനം, ആദര്‍ശക്കൂട്ടായ്‌മയെ മൗലികമായി തന്നെ ശത്രുവായി കരുതിയ ബാഹ്യശക്തികള്‍, ചരിത്രമറിയാത്ത -വകതിരിവില്ലാത്ത നവതലമുറ.... പ്രസ്ഥാനത്തിന്റെ ദുര്യോഗത്തില്‍ എതിരാളികള്‍ പോലും നടുക്കം രേഖപ്പെടുത്തി. യാഥാസ്ഥിതികര്‍ ആഘോഷിച്ചു. നവോത്ഥാനത്തിന്റെ കണ്‌ഠകോടാലികളുടെ പിന്മുറക്കാര്‍ അതിന്റെ പിതൃത്വം അവകാശപ്പെട്ടു. സമുദായത്തിനകത്തും പുറത്തുമുള്ളവര്‍ പരിതപിച്ചു. ഏതു പിളര്‍പ്പിലാണ്‌ മഷി പതിക്കാവുന്ന കൂടുതല്‍ കൈവിരലുകള്‍ എന്നു നോക്കിനിന്നവര്‍ ചേരിചേരാതെ ഓരം ചാരി നിന്നു. പ്രസ്ഥാനം പിളര്‍ന്നത്‌ ആദര്‍ശപരമായ കാഴ്‌ചപ്പാടിലെ വ്യതിയാനമായിരുന്നു. ആഗോള സലഫിസത്തിന്റെ കാഴ്‌ചപ്പാടും ബഹുസ്വര സമൂഹത്തിലെ നവോത്ഥാന ശൈലിയും രണ്ടു ചിന്താധാരകളായി മാറി.

കാലക്രമത്തില്‍ നവയാഥാസ്ഥിതികത പിടിമുറുക്കിയ വിഭാഗം പത്തുവര്‍ഷത്തിനുള്ളില്‍ വീണ്ടും പിളര്‍ന്നു. ആത്യന്തിക യാഥാസ്ഥിതികതയെ കടത്തിവെട്ടിയ നവയാഥാസ്ഥിതികത മതാന്തര സൗഹൃദത്തെ മാത്രമല്ല, അഭിപ്രായാന്തര വിഭാഗങ്ങളെപ്പോലും അകറ്റാന്‍ ശ്രമിച്ചു. പ്രതിലോമപരമായ തീവ്ര നിലപാടുകള്‍ക്ക്‌ മേല്‍ക്കൈ വന്നുവീഴുന്നു. ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളുടെ പിടിപ്പുകേടും അധികാരതാല്‍പര്യവും കടുംപിടുത്തവുമെല്ലാം പിളര്‍പ്പിന്‌ ആക്കംകൂട്ടി. എന്നാല്‍ കൂട്ടായ്‌മയില്‍ ബലഹീനത സംഭവിച്ചുവെങ്കിലും ഒമ്പത്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ പ്രവര്‍ത്തനം ആരംഭിച്ച്‌ മുന്നറിയ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ആദര്‍ശത്തിലോ സമീപനത്തിലോ നയനിലപാടുകളിലോ ഒരു മാറ്റവും വരുത്താതെ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയ്‌ക്ക്‌ ഇടര്‍ച്ച സംഭവിക്കാതെ മുന്നോട്ടുനീങ്ങുന്ന ഒരു വിഭാഗമെങ്കിലും ഇവിടെ അടിയുറച്ചു നില്‍പുണ്ട്‌ എന്നത്‌ എല്ലാവര്‍ക്കുമറിയാവുന്ന സത്യമാണ്‌. `എന്റെ സമുദായത്തില്‍ ഒരു വിഭാഗം എന്നും സത്യത്തില്‍ ഉറച്ചുനില്‍ക്കു'മെന്ന്‌ പ്രവാചകന്‍ പ്രവചിച്ച വിഭാഗത്തില്‍ പെടാന്‍ നാം പ്രാര്‍ഥിക്കുന്നു. ശബാബ്‌ ആ ഉറച്ച വിഭാഗത്തെ പ്രതിനിധീകരിക്കുന്നു.

പ്രസ്ഥാനത്തിലെ പിളര്‍പ്പുകള്‍ ഇന്ന്‌ സജീവ ചര്‍ച്ചയാണ്‌. യാഥാസ്ഥിതിക വിഭാഗത്തിന്റെ ഒരു ഡസന്‍ പ്രസിദ്ധീകരണങ്ങള്‍ ഈ പ്രതിസന്ധി ആഘോഷിക്കുന്നു. സമകാലിക മലയാളം വാരിക പോലുള്ള പൊതു മീഡിയ പ്രശ്‌നം വിലയിരുത്തുന്നു. പച്ചക്കുതിര പോലുള്ള ചില പ്രസിദ്ധീകരണങ്ങള്‍ ഈ `ദുര്‍ബലവേള'യില്‍ നവോത്ഥാനത്തെ തന്നെ പ്രതിലോമപരമെന്ന്‌ വിശേഷിപ്പിച്ചുകൊണ്ട്‌ യാഥാസ്ഥിതികത്വത്തിന്‌ ഊര്‍ജം പകരുന്നു. അനുതാപവും ഉപദേശവുമായി മാധ്യമം ദിനപത്രം എഡിറ്റോറിയല്‍ തന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നു (29-03-13). നാട്ടിലുള്ള ഒരു പ്രധാന സംഭവത്തോട്‌ സ്വാഭാവികമായി പ്രതികരിക്കുന്നത്‌ പത്ര ധര്‍മമാണെങ്കിലും പത്തുവര്‍ഷം മുമ്പ്‌ പറയേണ്ടത്‌ ഇപ്പോഴെങ്കിലും പറഞ്ഞതിന്‌ മാധ്യമത്തിന്‌ നന്ദിപറയുന്നു. അതേസമയം, മാധ്യമവും പ്രബോധനവും പ്രതിനിധീകരിക്കുന്ന മതരാഷ്‌ട്രവാദ സമൂഹത്തോട്‌ വിനീതമായി ചില കാര്യങ്ങള്‍ ഉണര്‍ത്താനുണ്ട്‌.

ജീവിച്ചിരിക്കുന്ന കാലത്ത്‌ ഒരു നന്ദിവാക്കു പോലും പറയാത്തവരും ചരമക്കുറിപ്പില്‍ നന്മകള്‍ എണ്ണിയെണ്ണി പറയുമല്ലോ. ഇസ്‌ലാഹി പ്രവര്‍ത്തനം കേവലം ശ്‌മശാന വിപ്ലവമെന്ന്‌ ആക്ഷേപിച്ച്‌ കൊച്ചാക്കിയ ചരിത്രം മാത്രമുള്ളവര്‍, കേരള മുസ്‌ലിം സമുദായ രൂപവത്‌കരണത്തിലും പരിഷ്‌കരണത്തിലും മുജാഹിദ്‌ പ്രസ്ഥാനത്തിനുള്ള പങ്ക്‌ ഏറ്റവും കടുത്ത എതിരാളികള്‍ക്ക്‌ പോലും നിഷേധിക്കാനാവാത്തതാണ്‌, എന്ന്‌ എഡിറ്റോറിയല്‍ എഴുതിയതിന്‌ കൃതജ്ഞത രേഖപ്പെടുത്തട്ടെ. പക്ഷേ, ഇസ്‌ലാഹീ പ്രസ്ഥാനം മരിച്ചിട്ടില്ല. ഒരു പോറലുമേല്‍ക്കാതെ നിലനില്‍ക്കുന്നു. പൂര്‍വാധികം ഊര്‍ജസ്വലമായി തിരിച്ചുവരും. തീര്‍ച്ച. (ഇ.അ). മാധ്യമം എഡിറ്റോറിയലിന്റെ അവസാനവാക്യം ഇങ്ങനെയാണ്‌:

``ദീര്‍ഘവീക്ഷണമോ ദാര്‍ശനിക ഔന്നത്യമോ കാണിക്കാത്ത ഒരുപറ്റം അത്യാവേശക്കാരുടെയും ആത്യന്തികവാദികളുടെയും പ്രഘോഷണങ്ങള്‍ക്ക്‌ നമ്മുടെ മതങ്ങളെയും സമുദായങ്ങളെയും നാം വിട്ടുകൊടുക്കാന്‍ പാടില്ല.'' മീഡിയ സഹജീവിയെ സ്‌നേഹപൂര്‍വം ഉണര്‍ത്തട്ടെ: പത്തു പന്ത്രണ്ട്‌ വര്‍ഷമായി ഇക്കാര്യം പറഞ്ഞു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ഥ ഇസ്‌ലാഹി പ്രസ്ഥാനത്തെ ധാര്‍മികമായി പിന്തുണയ്‌ക്കാന്‍ പോകട്ടെ, മര്യാദയ്‌ക്കു ഒരു വാര്‍ത്ത പോലും നല്‍കി സഹകരിക്കാന്‍ തയ്യാറാകാത്തവര്‍ അന്ത്യകൂദാശ അടുത്തു എന്നു കരുതിയിട്ടാണോ പരമാര്‍ഥം വിളിച്ചുപറഞ്ഞത്‌? അതോ, സേട്ടുസാഹിബിനെ വീഴ്‌ത്തിയ, ജെ ഡി റ്റിയെ നശിപ്പിച്ച, മഅ്‌ദനിയെ വെടക്കാക്കിയ പത്രധര്‍മം തുടരുകയോ? അതോ നവോത്ഥാനത്തിന്റെ ഒന്നാംപാദത്തെ മുക്തകണ്‌ഠം പ്രശംസിക്കുകയും അതിവിടെ തീര്‍ന്നിരിക്കുന്നു എന്നു ഘോഷിക്കുകയും രണ്ടാം ഘട്ടത്തിന്‌ മുഖവുര (ജമാഅത്ത്‌ ലഘുലേഖ) ഒരുക്കാന്‍ സ്വയം ഇറങ്ങിത്തിരിക്കുകയുമാണോ?

പ്രിയപ്പെട്ട സഹോദരങ്ങളേ, പുറത്തുനിന്നുള്ള ഭത്സനങ്ങളും കുത്തുവാക്കുകളും സ്വാഭാവികം; സഹിക്കാം. നാം വേദനിക്കുന്നു. അല്‍പം വിവേകവും വിചാരപരമായ സമീപനവും സര്‍വോപരി പരലോകചിന്തയും ഉണ്ടെങ്കില്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നഷ്‌ടപ്രതാപം വീണ്ടെടുക്കാന്‍ സാധിക്കും. ആ ചരിത്രദൗത്യത്തിന്‌ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: