തെക്കെ ഇന്ത്യയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ വിദഗ്‌ധ ചികിത്സ തേടിയെത്തുന്നവരില്‍ മലബാറിലെ മുസ്‌ലിംകളുടെ എണ്ണം താരതമ്യേന കൂടുതലാണെന്ന് പല നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ ഹൃദയമോ കിഡ്‌നിയോ കരളോ പാന്‍ക്രിയാസോ പണിമുടക്കുകയോ മെല്ലെപ്പോക്ക് നയം
സ്വീകരിക്കുകയോ ചെയ്‌തതിനാലാണ് ഇവരില്‍ പലരും ആശുപത്രികളിലെത്തുന്നത്. എവിടെയും എപ്പോഴും ഒളിയാക്രമണം തുടങ്ങുന്ന കാന്‍സറാണ് വേറെ ഒരു വലിയ വിഭാഗത്തെ അവിടെയെത്തിക്കുന്നത്. ലക്ഷങ്ങളും ദശലക്ഷങ്ങളും അതിലപ്പുറവും ചെലവുവരുന്ന ചികിത്സകൊണ്ട് പലരും പാപ്പരാകുന്നു. അവരുടെ ചികിത്സാഭാരവും കുടുംബഭാരവും ഏറ്റെടുക്കാന്‍ വേണ്ടി ഫണ്ട് സ്വരൂപിക്കുന്ന മനുഷ്യസ്‌നേഹികളും ഏറെ വിഷമിക്കേണ്ടിവരുന്നു.
ഈ രോഗങ്ങളൊക്കെ ആകാശത്തുനിന്നുള്ള ഉല്‍ക്കാപിണ്ഡങ്ങളുടെ പതനംപോലെ തടുക്കാന്‍ പറ്റാത്ത ദുരന്തമാണോ? മുകളില്‍ പറഞ്ഞ മിക്കരോഗങ്ങളും മൂളിപ്പാട്ടുമായി പാടിവരുന്ന കൊതുകുകളുടെ സംഭാവനയല്ലെന്നുറപ്പാണ്. നമ്മുടെ ജീവിത വീക്ഷണത്തിലെയും ജീവിതരീതിയിലെയും കുഴപ്പമാണ് താങ്ങാനാകാത്ത ചികിത്സ വേണ്ടിവരുന്ന ഗുരുതര രോഗങ്ങളിലേക്ക് നമ്മെ ക്രമേണ എത്തിക്കുന്നത്. `ജീവിത ശൈലീരോഗങ്ങള്‍' എന്ന വാക്ക് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷേ അവെയ മാറ്റിനിര്‍ത്താന്‍ ജീവിതശൈലി എങ്ങനെ പുനക്രമീകരിക്കണം എന്നതിനെക്കുറിച്ച് അധികമാരും ഗൗരവപൂര്‍വം ചിന്തിക്കുന്നില്ലെന്നാണ് തോന്നുന്നത്. ഗുരുതരമായ ആരോഗ്യപ്രതിസന്ധിയില്‍ അകപ്പെടാതെ ഇരിക്കാന്‍ യഥാര്‍ഥത്തില്‍ വലിയ പ്രയാസമൊന്നുമില്ല. അതിന് പണം ചെലവാക്കേണ്ട ആവശ്യവുമില്ല. കാരണം ആരോഗ്യകരമായ ജീവിതത്തില്‍ വേണ്ടതെല്ലാം അല്ലാഹു ഒരുക്കിത്തന്നിട്ടുണ്ട്. അതൊക്കെ വിലയിരുത്താനും വിലമതിക്കാനും സന്നദ്ധരാകാതെ കബളിപ്പിക്കുന്ന ആരോഗ്യവിപണി തേടിപ്പോവുകയാണ് പലരും.
നമ്മുടെ സൗഖ്യത്തിന്റെയും ആരോഗ്യത്തിന്റെയും ഒന്നാമത്തെ ഉപാധി ശ്വസനമാണ്. നാം ശ്വസിക്കുന്ന ശുദ്ധവായുവിന്റെ സാന്നിധ്യത്തിലാണ് നമ്മുടെ രക്തം ശുദ്ധീകരിക്കപ്പെടുന്നതും നമ്മുടെ ശരീരകോശങ്ങള്‍ ഊര്‍ജസ്വലത നേടുന്നതും. ഇതിന്, ശ്വസിക്കുന്നത് ശുദ്ധവായു തന്നെയാണെന്ന് ഉറപ്പുവരുത്തണം. വേണ്ടത്ര ശുദ്ധവായു ശരീരത്തിനകത്ത് എത്തുന്നുണ്ടെന്നുറപ്പാക്കണം. ഇതൊരാനക്കാര്യമാണോ എന്ന് പലരും സംശയിച്ചേക്കും. എന്നാല്‍ ബഹുഭൂരിപക്ഷം പേരും ആരോഗ്യകരമായ ശ്വസനം നിര്‍വഹിക്കുന്നില്ല എന്നതാണ് സത്യം. അടച്ചുപൂട്ടിയ മുറികളില്‍ ജോലി ചെയ്യുന്നവരും ഉറങ്ങുന്നവരും തങ്ങള്‍ ഉച്ഛ്വസിച്ച, കാര്‍ബണ്‍ ഡയോക്‌സൈഡ് കലര്‍ന്ന മലിനവായു തന്നെയാണ് വീണ്ടും വീണ്ടും ശ്വസിക്കുന്നത്. അതിനാല്‍ അവരുടെ രക്തം ഏറ്റവും ഉചിതമായ നിലയില്‍ ശുദ്ധീകരിക്കപ്പെടുകയില്ല. അതുകൊണ്ടുതന്നെ അവരുടെ രോഗപ്രതിരോധ സംവിധാനം തികച്ചും കാര്യക്ഷമമായിരിക്കുകയില്ല. വായുപ്രവാഹമുള്ള മുറിയിലോ എക്‌സോസ്റ്റ് ഫാന്‍ ഘടിപ്പിച്ച മുറിയിലോ മാത്രമേ ഉറങ്ങൂ എന്ന് തീരുമാനിച്ചാല്‍ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് മുക്തിലഭിക്കും. പൊടിയും പുകയും -വിശിഷ്യാ വിഷപ്പുക-കലര്‍ന്ന വായു പതിവായി ശ്വസിക്കുന്നവരുടെ രോഗപ്രതിരോധ ശേഷി താരതമ്യേന ദൂര്‍ബലമായിരിക്കും. വ്യായാമം, അഗാധശ്വസനം (Deep Breathing) എന്നിവ മുഖേന ശരീരത്തിനകത്ത് എത്തുന്ന ശുദ്ധവായുവിന്റെ അളവ് വര്‍ധിപ്പിച്ചാല്‍ പ്രതിരോധശേഷി കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നുറപ്പാണ്.
നമ്മുടെ രോഗപ്രതിരോധശേഷി ദുര്‍ബലമാകുന്നതിന് ഒരു പ്രധാനകാരണം നമ്മുടെ ആന്തരാവയവങ്ങളില്‍ മാലിന്യങ്ങളും വിഷാംശങ്ങളും അടിഞ്ഞുകൂടുന്നതാണ്. ഇതൊഴിവാകാന്‍ ധാരാളം ശുദ്ധജലം കുടിക്കുകതന്നെ വേണം. ഉപ്പോ പഞ്ചസാരയോ കൃത്രിമ രുചിലായനികളോ കലക്കിയ വെള്ളം ആന്തരാവയവങ്ങളെ ശുദ്ധീകരിക്കുകയില്ലെന്ന് മാത്രമല്ല, കൂടുതല്‍ ദൂഷിതമാക്കുക കൂടി ചെയ്യും. പെപ്‌സി, കോള വര്‍ഗത്തില്‍പെട്ട പാനീയങ്ങള്‍ ആന്തരാവയവങ്ങളെ ഏറെ കളങ്കിതമാക്കുമെന്ന കാര്യം ഇപ്പോള്‍ പരക്കെ അംഗീകരിക്കപ്പെട്ടുവരുന്നുണ്ട്. ഇടക്കിടെ ചായയും കാപ്പിയും കുടിച്ചുകൊണ്ടിരുന്നാല്‍, ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുമെന്ന് കരുതുന്നവര്‍ വലിയ മൗഢ്യത്തിലാണ് കുടങ്ങിയിട്ടുള്ളത്. ഇതിലൊക്കെ അടങ്ങിയിട്ടുള്ള വിഷാംശങ്ങള്‍ പുറന്തള്ളപ്പെടണമെങ്കില്‍ വളരെക്കൂടുതല്‍ ശുദ്ധജലം കഴിക്കേണ്ടിവരുമെന്നതാണ് യാഥാര്‍ഥ്യം.
നമ്മെ ക്രമേണ നിത്യരോഗികളാക്കി മാറ്റുന്ന മറ്റൊരു മുഖ്യഘടകം, അമിതമോ അഹിതമോ ആയ ആഹാരമാണ്. കൊച്ചു കുട്ടികള്‍ക്കുപോലും പലരും ഭക്ഷിക്കാന്‍ കൊടുക്കുന്നത് രുചിയും മണവും നിറവും ആകര്‍ഷകമാക്കാന്‍വേണ്ടി പലതരം വിഷപദാര്‍ഥങ്ങള്‍ ചേര്‍ത്ത മിഠായികളും ബേക്കറി പലഹാരങ്ങളുമാണ്. കുട്ടികളുടെ ഹൃദയവും കരളും കിഡ്‌നിയും കുഴപ്പത്തിലാക്കുന്നതിനും ബാല്യവും കൗമാരവും പ്രമേഹത്തിന്റെ പിടിയിലമരുന്നതിനും കൃത്രിമ പലഹാരങ്ങളും ഫാസ്റ്റ് ഫുഡും എത്രത്തോളം നിമിത്തമാകുന്നു എന്നതിനെക്കുറിച്ച് മൗലികമായ പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്. മുതിര്‍ന്നവര്‍ക്കിടയില്‍ വ്യാപകമാകുന്ന ജീവിതശൈലീ രോഗങ്ങള്‍ക്ക് പ്രധാനകാരണം, അമിതമായി ഭക്ഷിക്കുന്നതും വിഷാംശം കലര്‍ന്ന ഭക്ഷ്യവസ്‌തുക്കള്‍ കഴിക്കുന്നതുമാണെന്ന് ഇപ്പോള്‍ പല ഡോക്‌ടര്‍മാരും തുറന്നുപറയാന്‍ തുടങ്ങിയിട്ടുണ്ട്.
വിഷാംശം കലരാത്ത മിതമായ അളവിലുള്ള ഭക്ഷണം സ്വയം ശുദ്ധീകരിക്കാനുള്ള ശരീരത്തിന്റെ കഴിവ് തത്വരിതപ്പെടുത്തും. നല്ല ഭക്ഷണം തന്നെ അമിതമായാല്‍ ആന്തരികാവയവങ്ങള്‍ അധികഭാരം വഹിക്കേണ്ടിവരികയും അവയുടെ പ്രവര്‍ത്തനക്ഷമത പ്രതികൂലമായി ബാധിക്കപ്പെടുകയും ചെയ്യും. അധികമായാല്‍ അമൃതും വിഷമാകുമല്ലോ. പഴങ്ങളും വേവിക്കാത്ത പച്ചക്കറികളും ശരീരത്തിന്റെ സ്വയം ശുദ്ധീകരണ പുനരുജ്ജീവന ശേഷി വര്‍ധിപ്പിക്കാന്‍ ഉപകരിക്കും. പക്ഷേ ഇവയില്‍ തന്നെ വിഷാംശം കലര്‍ന്നിട്ടുണ്ടെങ്കില്‍ എന്തുചെയ്യുമെന്ന് പലരെയും ആശങ്കാകുലരാക്കുന്നു. ഏറ്റവും ഉചിതമായ പരിഹാരം കീടനാശിനികളും രാസവളങ്ങും ഒഴിവാക്കി ജൈവകൃഷി വ്യാപകമാക്കുകയാണ്. വിഷങ്ങളുടെ പിന്‍ബലത്തിലേ കൃഷി ആദായകരമാവുകയുള്ളൂ എന്നത് അല്‌പജ്ഞാനികള്‍ പ്രചരിപ്പിച്ച അസംബന്ധമാണ്. മഞ്ഞള്‍ കലക്കിയ വെള്ളത്തില്‍ പച്ചക്കറികള്‍ മുക്കിവെച്ചാല്‍ അവയെ വിഷമുക്തമാക്കാന്‍ കഴിയുമെന്നും ചില വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വായുവും കുടിനീരും ഭക്ഷണവും സംശുദ്ധമാക്കിക്കൊണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് അധികച്ചെലവൊന്നും വരുത്തിവെക്കുകയില്ല. അല്‌പം ശ്രദ്ധയും കരുതലും വേണമെന്നേയുള്ളൂ. അതിനുവേണ്ടി എല്ലാം വിറ്റുതുലക്കേണ്ടിവരില്ല എന്ന കാര്യം അവിതര്‍ക്കിതമാണ്.
0 comments: