ദൈവസ്‌മരണ വിശ്വാസത്തിന്റെ കാതല്‍

  • Posted by Sanveer Ittoli
  • at 9:48 AM -
  • 0 comments
ദൈവസ്‌മരണ വിശ്വാസത്തിന്റെ കാതല്‍

മുഹമ്മദ്‌ വാളറ
പ്രാചീന മനുഷ്യര്‍ അനുഭവിച്ച ദുരിതങ്ങളില്‍ നിന്നും കഷ്‌ടതകളില്‍ നിന്നും വ്യത്യസ്‌തമായി ആധുനിക മനുഷ്യന്‍ ആര്‍ഭാടങ്ങളിലും സുഖലോലുപതകളിലും ലയിച്ചിരിക്കുകയാണ്‌. ശാസ്‌ത്ര സാങ്കേതിക രംഗങ്ങളില്‍ ഗണ്യമായ പുരോഗതി നേടിയെങ്കിലും മാനസിക സംഘര്‍ഷത്തിലും അസ്വസ്ഥതയിലും ആധുനിക മനുഷ്യന്‍ ആപതിച്ചിരിക്കുന്നു. മനുഷ്യന്‍ തന്റെ കുട്ടിക്കാലം തൊട്ട്‌ അറിഞ്ഞോ അറിയാതെയോ നിയതവും അന്യൂനവുമായ പദ്ധതിയും ആസൂത്രണവും മാനദണ്ഡമാക്കി ജീവിതം ചിട്ടപ്പെടുത്തുന്നത്‌ കാണാം.
സസ്യങ്ങള്‍ ഇലപൊഴിക്കുന്നതും പൂക്കള്‍ പരിമളം പരത്തുന്നതും സവിശേഷമായ അതിന്റെ തനത്‌ രീതിക്കനുസരിച്ച്‌ മുടക്കം കൂടാതെ നടന്നുവരുന്നു. പ്രകൃതിയുടെ നിയമം കൃത്യമായും വളച്ചുകെട്ടില്ലാതെയും അനുസ്യൂതം തുടരുമ്പോള്‍ ഒരു മുന്‍ ആസൂത്രണത്തിന്റെ അനിവാര്യത ബോധ്യപ്പെടുകയാണ്‌. ഇത്തരത്തിലുള്ള പ്രകൃതിവ്യവസ്ഥയെ മനുഷ്യന്‍ പിന്തുടരുകയും അച്ചടക്കത്തിലും ആസൂത്രണത്തിലും ജീവിതം ക്രമപ്പെടുത്തുകയും ചെയ്‌താല്‍ വരുംതലമുറയ്‌ക്ക്‌ സുരക്ഷിതത്വം കൈവരിക്കാന്‍ കഴിയും. ആഗോളതലത്തില്‍ തന്നെ സമാധാനം സ്ഥാപിക്കാനും സാധിക്കും.
മനുഷ്യന്‍ സമാധാനം അന്വേഷിച്ച്‌ അലയുകയാണ്‌. വ്യക്തി ജീവിതത്തിലും സമൂഹജീവിതത്തിലും ശാന്തി കളിയാടുന്നില്ല. മനുഷ്യന്‍ മനുഷ്യനെ ഭയപ്പെട്ടാണ്‌ ജീവിക്കുന്നത്‌. പലതരത്തിലുള്ള ഭയപ്പാടുകള്‍ അവനെ അലട്ടുന്നു. ദാരിദ്ര്യം, പട്ടിണി, യുദ്ധം, ആണവ പ്രസരണഭയം, വ്യാധി, മരണം, ചതി തുടങ്ങി ഒട്ടനവധി ഭയപ്പാടുകള്‍ അവനെ വേട്ടയാടുന്നു. ഒരു രോഗിക്ക്‌ യഥാവിധി ചികിത്സ ലഭിക്കുമെന്നും താന്‍ സ്‌നേഹിക്കപ്പെടുമെന്നുമുള്ള പ്രതീക്ഷ കൈവരിക്കാന്‍ കഴിഞ്ഞാല്‍ ഭയപ്പാട്‌ കുറഞ്ഞുവരും. 
ഇന്നത്തെ അരക്ഷിതാവസ്ഥയ്‌ക്ക്‌ ഒരു മാറ്റം അനിവാര്യമാണ്‌. ദൈവികമായ ദര്‍ശനം തന്നെയാണ്‌ സര്‍വപ്രശ്‌നങ്ങള്‍ക്കും പരിഹാരം. മനുഷ്യകുലത്തിന്റെ ആഗമനോദ്ദേശ്യത്തിന്റെയും ആദിമ മനുഷ്യന്റെ സ്വര്‍ഗഭ്രഷ്‌ടിന്റെയും വിവരണം ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം: ``അല്ലാഹു പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും ഒന്നിച്ച്‌ ഇവിടെനിന്ന്‌ ഇറങ്ങുക. എന്നാല്‍ എന്നില്‍ നിന്നുള്ള മാര്‍ഗദര്‍ശനമെങ്ങാനും നിങ്ങള്‍ക്ക്‌ വന്നാല്‍, അപ്പോള്‍ എന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റിയവനാരോ അവന്‍ പിഴച്ച്‌ പോവുകയില്ല, കഷ്‌ടപ്പെടുകയുമില്ല.'' (20:123-124)
ആധുനിക മനുഷ്യന്‍ തൊട്ടുമുമ്പിലുള്ള സംഭവങ്ങളെയാണ്‌ കാണുന്നത്‌. ശാസ്‌ത്രീയമായി മനസ്സും ശരീരവും പാകപ്പെടുത്തിയെന്നഭിമാനിക്കുന്നവര്‍ മനുഷ്യനെ വരിഞ്ഞു മുറുക്കിയിരിക്കുന്ന ശാശ്വതമായ പ്രശ്‌നങ്ങള്‍ കാണുന്നില്ല. കഠിനഹൃദയത്തോടെ സത്യത്തിനെതിരെ ചരിക്കുന്ന യന്ത്രമനുഷ്യന്‍ അവന്റെ സ്വാര്‍ഥതയെ തൃപ്‌തിപ്പെടുത്താന്‍ വെമ്പല്‍കൊള്ളുകയാണ്‌. സ്വാര്‍ഥതയാവട്ടെ പൈശാചികവുമാണ്‌. സ്വാര്‍ഥതയുള്ളവരുടെ മനസ്സിലേക്ക്‌ നന്മ എത്തിനോക്കുക പോലുമില്ല. ഖുര്‍ആന്‍ പറയുന്നു: ``അങ്ങനെ അവര്‍ക്ക്‌ നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരെന്താണ്‌ വിനീതരാകാതിരുന്നത്‌? എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ പരുഷമായിപ്പോവുകയാണുണ്ടായത്‌. അവര്‍ ചെയ്‌തുകൊണ്ടിരുന്നത്‌ പിശാച്‌ അവര്‍ക്ക്‌ ഭംഗിയായി തോന്നിക്കുകയും ചെയ്‌തു.'' (6:43)
സ്‌നേഹമെന്ന വികാരം ശരീരാരാധനയുടെ രൂപത്തിലേക്ക്‌ തരം താണിരിക്കുന്നു. സത്‌വിചാരങ്ങളും പരസ്‌പര ബഹുമാനവും ഇന്ന്‌ ഇല്ലാതായിരിക്കുന്നു. ആത്മഹത്യകള്‍, ബാലപീഡനം, മാതാപിതാക്കളെ അവഗണിക്കല്‍ തുടങ്ങിയ ക്രൂരതകള്‍ പ്രാചീനയുഗത്തിലെ അപരിഷ്‌കൃതരുടെ ചെയ്‌തികളുടെ തുടര്‍ച്ചയല്ല, മറിച്ച്‌ നമ്മുടെ ഈഗോയുടെ ഭാഗമായി മാറിയിരിക്കുന്നു. സ്വയം നിയമം നിര്‍മിച്ച്‌ തന്നിഷ്‌ടം നടത്തുന്നവരെ പരിഹസിച്ചുകൊണ്ട്‌ ഖുര്‍ആന്‍ ഇങ്ങനെ ഉണര്‍ത്തുന്നു. ``തന്റെ തന്നിഷ്‌ടത്തെ (ദേഹേച്ഛയെ) ദൈവമാക്കിയവനെ നീ കണ്ടുവോ? കാര്യം ഇങ്ങനെയായിരിക്കെ നീ അവന്റെ കാര്യത്തിനു ചുമതലപ്പെട്ടവനാകുമോ?'' (25:43)
മനുഷ്യന്റെ ഹൃദയകാഠിന്യത്തെ സംബന്ധിച്ച വിവരണമാണ്‌ അല്ലാഹു നല്‍കിയിരിക്കുന്നത്‌. പിന്നീട്‌ നിങ്ങളുടെ ഹൃദയങ്ങള്‍ പാറ പോലെയും അതിലും കഠിനതരവുമായി മാറുകയാണ്‌. ``പിന്നീട്‌ അതിനു ശേഷവും അവരുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറ പോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു. പാറകളില്‍ ചിലതില്‍ നിന്ന്‌ നദികള്‍ പൊട്ടിയൊഴുകാറുണ്ട്‌. ചിലത്‌ പിളര്‍ന്ന്‌ വെള്ളം പുറത്തുവരുന്നു. ചിലത്‌ ദൈവഭയത്താല്‍ താഴോട്ടുരുണ്ട്‌ വീഴുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനല്ല.'' (2:174)
മനുഷ്യമനസ്സില്‍ ആത്മീയ ഹര്‍ഷത്തിന്റെ അഭാവം അവനെ പരുക്കനാക്കി മാറ്റുക സ്വാഭാവികമാണ്‌. അവന്‍ അവന്റെ മനസ്സിന്റെ വിശപ്പ്‌, തന്‍പ്രമാണിത്തവും കാപട്യവും കൊണ്ട്‌ മറക്കാനുള്ള ശ്രമത്തിലാണ്‌. ഈ ശ്രമത്തില്‍ ധനസമാഹരണവും ആര്‍ത്തിയും നിമിത്തം അക്രമത്തിലേക്കും ചെന്നെത്തിയേക്കാം. മനുഷ്യര്‍ മാലാഖമാരല്ല. എന്നാല്‍ നിര്‍മല വികാരംകൊണ്ടും ധാര്‍മിക നിഷ്‌ഠകൊണ്ടും അവരുടെ ജീവിതത്തിന്‌ ഒരു മാനവമുഖം നല്‍കാന്‍ കഴിയും. അതിനുള്ള ഏകമാര്‍ഗം ഏകനായ അല്ലാഹുവുമായുള്ള ബന്ധം പുതുക്കുകയാണ്‌. അതായത്‌ സൃഷ്‌ടിയും സ്രഷ്‌ടാവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരുപാത തുറക്കേണ്ടതുണ്ട്‌. സ്‌നേഹത്തില്‍, ഭയപ്പാടില്‍ പോലും അല്ലാഹുവിനെ അവന്‍ തിരിച്ചറിയേണ്ടതുണ്ട്‌. ഇന്ന്‌ പ്രപഞ്ചത്തില്‍ ഒട്ടനവധി പ്രതീകങ്ങളെയും സവിശേഷ വസ്‌തുക്കളെയും തെറ്റിദ്ധാരണമൂലം `ദൈവങ്ങള്‍' എന്ന്‌ വിളിച്ചിരിക്കുന്നു. എന്നാല്‍ സര്‍വാധികാരങ്ങളുമുള്ള ഒരു സ്രഷ്‌ടാവ്‌, അവന്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഈ പ്രപഞ്ചത്തില്‍ വൈരുധ്യങ്ങളുണ്ടാവുകയും സുഗമമായ സഹവര്‍ത്തിത്വം അസാധ്യമാവുകയും ചെയ്യും.
വാക്കിലും പ്രവൃത്തിയിലും ചിന്തയിലും അല്ലാഹു അവനെ ആരാധിക്കാനാണ്‌ ആവശ്യപ്പെടുന്നത്‌. വിശ്വാസത്തിന്റെ നട്ടെല്ലാണ്‌ അവനെ സ്‌മരിക്കുക എന്നത്‌. ``തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്‌ടിപ്പിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്‌ടാന്തങ്ങളുണ്ട്‌. നിന്നുകൊണ്ടും കിടന്നുകൊണ്ടും ഇരുന്നുകൊണ്ടും അല്ലാഹുവെ ഓര്‍ക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്‌ടിപ്പിനെ സംബന്ധിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായി സൃഷ്‌ടിച്ചതല്ല ഇത്‌. നീ എത്ര പരിശുദ്ധന്‍! അതുകൊണ്ട്‌ നരകശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ നീ കാത്തുകൊള്ളേണമേ.'' (3:190-191)
അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ ഒരു മനുഷ്യന്റെ ജീവിതത്തിന്‌ അര്‍ഥം നല്‍കുകയും, അവനേറ്റവും ആവശ്യമായിട്ടുള്ള സമാധാനവും ആശ്രയവും ഉറപ്പാക്കുകയും ചെയ്യും. അതവന്‌ ശരിയായ വീക്ഷണത്തില്‍ വസ്‌തുക്കളെ കാണിച്ച്‌ കൊടുക്കുകയും ചെയ്യും. മനുഷ്യന്‍ സദാ സജീവവും പോസിറ്റീവുമായിരിക്കണം. അതോടൊപ്പം നിസ്വാര്‍ഥനുമായിരിക്കണം. ഖുര്‍ആന്‍ പറയുന്നു: ``കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക്‌ യാതൊരവകാശവുമില്ല'' (3:128). ``സര്‍വകാര്യവും അല്ലാഹുവിന്റെ കരങ്ങളിലാണ്‌'' (3:154)
ഇപ്രകാരം സ്രഷ്‌ടാവില്‍ വിശ്വാസമര്‍പ്പിക്കുന്നതുമൂലം ഒരാളുടെ ജീവിതം മാറ്റത്തിന്‌ വിധേയമാവുന്നതാണ്‌. അല്ലാഹുവിനെ ഓര്‍ക്കുന്ന ഹൃദയങ്ങള്‍ തീര്‍ച്ചയായും ആശ്വാസമടയുന്നതാണ്‌. അവലംബമില്ലാതെ അലയുന്ന മനസ്സുകള്‍ക്ക്‌ പുത്തന്‍ പ്രതീക്ഷയും ഉണര്‍വും നല്‌കാന്‍ അല്ലാഹുവിന്റെ സ്‌മരണ ഉപകരിക്കും. ``വിശ്വസിക്കുകയും അല്ലാഹുവിനെപ്പറ്റിയുള്ള ഓര്‍മ കൊണ്ട്‌ മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ, ശ്രദ്ധിക്കുക; അല്ലാഹുവിനെപ്പറ്റിയുള്ള ഓര്‍മകള്‍ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തവരാരോ അവര്‍ക്കാണ്‌ മംഗളം! മടങ്ങിച്ചെല്ലാനുള്ള നല്ല സങ്കേതവും.... അവനിലേക്കാണ്‌ എന്റെ മടക്കം'' (വി.ഖു. 13:28-30).
ഇതാണ്‌ അല്ലാഹു മനുഷ്യ സമുദായത്തിന്‌ അയച്ച അനശ്വരമായ സന്ദേശത്തിന്റെ ആകെത്തുക. മുഹമ്മദ്‌ നബി(സ) ഈ സന്ദേശം സുതാര്യവും സുന്ദരവുമായി മുഴുവന്‍ ജനങ്ങള്‍ക്കും എത്തിച്ചുകൊടുക്കുകയും ചെയ്‌തു. പ്രസ്‌തുത സന്ദേശം സ്വീകരിക്കല്‍ സര്‍വ മനുഷ്യരുടെയും അവകാശവും അത്‌ പ്രഖ്യാപിക്കല്‍ മുസ്‌ലിംകളുടെ ചുമതലയുമാണ്‌. മുഹമ്മദ്‌ നബി(സ) കൊണ്ടുവന്ന സന്ദേശം -ഇസ്‌ലാം- വാക്കുകള്‍കൊണ്ട്‌ മാത്രം കൈമാറ്റം ചെയ്യപ്പെടേണ്ട ഒന്നല്ല. ആദ്യമായി ആശയങ്ങള്‍ പ്രയോഗവല്‌ക്കരിക്കുകയും പിന്നീട്‌ പ്രബോധനം നടത്തുകയും വേണം.
മുസ്‌ലിംകള്‍ നൂറ്റാണ്ടുകളായി ഇസ്‌ലാമിന്റെ യഥാര്‍ഥ സത്ത വെടിഞ്ഞിരിക്കുകയാണ്‌. ഈ ദുരന്തം അവര്‍ക്ക്‌ മാത്രമല്ല, മാനവതക്ക്‌ പൊതുവിലും ദുരന്തമായിത്തീര്‍ന്നിരിക്കുകയാണ്‌. ഇസ്‌ലാമിക സന്ദേശം പ്രഖ്യാപിച്ചവര്‍ പോലും പല കാര്യങ്ങളും മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്‌. ഈ കാലഘട്ടത്തില്‍ ലോകത്ത്‌ ഉദയം ചെയ്‌തിട്ടുള്ള ആശയ സംഘട്ടനങ്ങള്‍ കാരണം അവര്‍ ഇസ്‌ലാമിനെ മറ്റൊരു ആശയ സിദ്ധാന്തത്തിലേക്ക്‌ പരിവര്‍ത്തിപ്പിക്കുകയാണ്‌. ദിവ്യമായ ഒരു സ്രോതസ്സില്‍ നിന്നും കൈമാറ്റം ചെയ്യപ്പെട്ട ഒരു വിശ്വാസപ്രമാണമാണ്‌ ഇസ്‌ലാം എന്ന സത്യം പോലും അവരില്‍ ചിലര്‍ വിസ്‌മരിച്ചുപോകുന്നു. ഇസ്‌ലാമിക സാമ്പത്തിക സിദ്ധാന്തവും രാഷ്‌ട്രമീമാംസയും വിശദീകരിക്കുന്നതിനു മുമ്പായി നാം വിശ്വാസം ഉറപ്പിക്കുകയും അല്ലാഹുവുമായുള്ള മനുഷ്യന്റെ ബന്ധത്തെ ശക്തിപ്പെടുത്തുകയും വേണം. 
പ്രവാചകന്‍(സ) പതിമൂന്നു വര്‍ഷക്കാലം മക്കയില്‍ വിശ്വാസം പ്രചരിപ്പിച്ചില്ലേ? അവിടെ, മക്കയില്‍ അസത്യത്തെ തകര്‍ക്കുകയും തദ്ദേശീയരുടെ മനസ്സുകളില്‍ ദീന്‍ പടുത്തുയര്‍ത്തുകയും ചെയ്‌തു. ഹൃദയങ്ങളില്‍ അല്ലാഹുവോടുള്ള സ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ കഠിനയത്‌നവും നടത്തി. സമൂഹത്തില്‍ ദൃഢമായ വിശ്വാസം വേരുറച്ചപ്പോള്‍ മാത്രമാണ്‌ മദീനയില്‍ ഭരണവ്യവസ്ഥയും ഇസ്‌ലാമിക സാമൂഹിക സംവിധാനവും അനാവരണം ചെയ്യപ്പെടാന്‍ തുടങ്ങിയത്‌. ഈ ചരിത്രയാഥാര്‍ഥ്യത്തെ ജനങ്ങള്‍ വ്യത്യസ്‌ത മാര്‍ഗത്തില്‍ വ്യാഖ്യാനിച്ചേക്കാം. അല്ലാഹുവിലുള്ള വിശ്വാസം (ഏകദൈവ സിദ്ധാന്തം) ഊട്ടിയുറപ്പിക്കാതെ ഒരു സമൂഹത്തില്‍ ഇസ്‌ലാമിക ശരീഅത്ത്‌ നടപ്പാക്കാന്‍ ശ്രമിക്കുന്നത്‌ വിരോധാഭാസമാണ്‌. ഇന്ന്‌ സമൂഹത്തില്‍ വേദികള്‍ പങ്കിടുമ്പോള്‍ `ഇസ്‌ലാം ആവശ്യപ്പെടുന്നു', `ഇസ്‌ലാം പറയുന്നു', `ഇസ്‌ലാം കല്‌പിക്കുന്നു' തുടങ്ങിയ വാചകങ്ങള്‍ ചിലര്‍ ഉരുവിടുന്നത്‌ കാണാം. ഇത്തരം പ്രകടനപരത വിപരീതഫലമാണുളവാക്കുക. ഇസ്‌ലാം അല്ലാഹുവിനുള്ള സമര്‍പ്പണമാണ്‌. അല്ലാഹുവിന്റെ ഇച്ഛ, അവന്റെ കല്‌പന, അവന്റെ സ്‌നേഹവും വെറുപ്പും തുടങ്ങി ഒട്ടേനവധി കാര്യങ്ങള്‍ വളരെ വ്യക്തമായും ദൃഢമായും ഖുര്‍ആന്‍ പ്രതിപാദിച്ചിട്ടുണ്ട്‌. 
അല്ലാഹു എല്ലാത്തിനെയും സൃഷ്‌ടിക്കുകയും സഹായിക്കുകയും ചെയ്യുന്നു. നാം കണക്ക്‌ ബോധിപ്പിക്കേണ്ടത്‌ അല്ലാഹുവിനോട്‌ മാത്രമാണ്‌. അല്ലാഹുവിനെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ വിശുദ്ധ ഖുര്‍ആനിലെ ഈ വചനം നാം നമ്മുടെ ചിന്തക്ക്‌ വിധേയമാക്കേണ്ടതാണ്‌. ``അവന്‌ തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു'' (വി.ഖു 42:11). സ്രഷ്‌ടാവിന്റെ ഒരു പ്രതിബിംബവും നമുക്ക്‌ കാണാന്‍ കഴിയുകയില്ല. അതേസമയം അവന്‍ സര്‍വതും കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ തന്നെ അവന്‌ സവിശേഷമായ ചില ഗുണങ്ങളുണ്ട്‌. ഈ ഗുണങ്ങള്‍ ഖുര്‍ആന്‍ എടുത്തുപറയുകയും ചെയ്യുന്നു. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ പ്രതിപാദിക്കാത്തതും റസൂലിന്റെ(സ) ഹദീസില്‍ വിവരിക്കാത്തതുമായ വൃത്താന്തങ്ങള്‍ ആധികാരികമല്ലാത്തതിനാല്‍ തള്ളപ്പെടേണ്ടതാണ്‌. മതത്തിന്റെ മൂലസ്രോതസ്സുകള്‍ വെടിഞ്ഞ്‌ മഹത്തുക്കളുടെ അഭിപ്രായങ്ങള്‍ വേദവാക്യമാക്കിയതുകൊണ്ടാണ്‌ ഇന്ന്‌ തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരുന്നത്‌.
അല്ലാഹുവിന്റെ പരമാധികാരം ഭൗതികചിന്തക്ക്‌ ഊഹിക്കാന്‍ പോലും കഴിയാത്ത ഒന്നാണ്‌. സമകാലിക രാഷ്‌ട്രീയ വ്യവസ്ഥയ്‌ക്കോ ലോക ഭരണക്രമത്തിനോ അല്ലാഹുവിന്റെ സിംഹാസനത്തോട്‌ സന്ധിചേരാന്‍ കഴിയില്ല. ``അല്ലാഹു അവന്റെ സിംഹാസനത്തില്‍ ഉപവിഷ്‌ടനായി'' (വി.ഖു 4:54) എന്ന വചനം വിശദീകരിച്ചവര്‍ ഈ അദൃശ്യവൃത്താന്തത്തിന്റെ ആധികാരികത തന്നെ വീക്ഷണവ്യത്യാസത്തോടെയാണ്‌ അവതരിപ്പിക്കുന്നത്‌.
ഈ പ്രപഞ്ചത്തില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ള ജീവജാലങ്ങളും തന്നെ അതീവ രഹസ്യവും നിഗൂഢതകള്‍ നിറഞ്ഞതുമാണ്‌. മനുഷ്യബുദ്ധിക്ക്‌ എത്തിപ്പെടാന്‍ വയ്യാത്തത്ര രഹസ്യങ്ങള്‍ പ്രപഞ്ചത്തെ ചൂഴ്‌ന്നുനില്‌ക്കുന്നു. അപ്പോള്‍ അവ നിര്‍മിച്ചെടുത്ത ഒരു നാഥന്റെ കാര്യം പറയേണ്ടതില്ലല്ലോ? എല്ലാ സമാധാനവും അല്ലാഹുവില്‍ നിന്നുമാണ്‌. അല്ലാഹു സമാധാനത്തിന്റെ സ്രോതസ്സാണ്‌. 
നാം മനുഷ്യര്‍ മിഥ്യാധാരണയില്‍ സമയം ചെലവഴിക്കുന്നു. മനുഷ്യകരങ്ങള്‍ നിര്‍മിച്ചെടുത്ത കൃത്രിമ സമാധാന മാര്‍ഗങ്ങള്‍ മനസ്സിനു കുളിര്‍മ നല്‌കുന്നതിനു പകരം അരക്ഷിതാവസ്ഥയും അസ്വസ്ഥതയും പ്രദാനം ചെയ്യുന്നു. ഏതാനും നാളത്തെ ഐഹിക ജീവിതത്തിലും ശേഷം ശാശ്വത വിശ്രമ കേന്ദ്രമായ പരലോകത്തും സംതൃപ്‌തമായ ജീവിതം നയിക്കാന്‍ അല്ലാഹുവിനെ സ്‌നേഹിക്കുക. അവന്റെ ഇഷ്‌ടദാനമായി മാറാന്‍ കര്‍മനിരതരാവുക.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: