ജീവിതവിശുദ്ധി നേടാന്‍ വന്‍പാപങ്ങള്‍ വര്‍ജിക്കുക
ജീവിതവിശുദ്ധിയിലൂടെ വിജയം കൈവരിക്കുക എന്നതാണ് ഇസ്‌ലാമിന്റെ ജീവിത വീക്ഷണത്തിന്റെ അടിത്തറ. ഈ ലോകജീവിതം വിജയകരമായി മുന്നോട്ടുനീക്കുക എന്ന താത്‌ക്കാലിക സംവിധാനത്തിനപ്പുറം മരണാനന്തര ജീവിതം കൂടി ധന്യമാക്കാന്‍ ഉതകുംവിധം ജീവിതം നയിക്കുക എന്നതാണ് സത്യവിശ്വാസിയുടെ ബാധ്യത.
നന്മകള്‍ ധാരാളമായി ചെയ്യുകയും തിന്മകള്‍ വെടിയുകയും ചെയ്യുക എന്നതാണല്ലോ ജീവിതവിശുദ്ധി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം നന്മതിന്മകള്‍ അവനവന്‍ തീരുമാനിക്കുന്നതല്ല. ദൈവികമായ അറിയിപ്പുകള്‍ അനുസരിച്ചാണ് ആത്യന്തികമായി നന്മയേത് തിന്മയേത് എന്ന് വ്യവച്ഛേദിക്കപ്പെടേണ്ടത്. എല്ലാ മതങ്ങളും-അല്ല, മാനവസമൂഹം ഒന്നടങ്കം- അംഗീകരിക്കുന്ന ചില നന്മകളുണ്ട്. അതുപോലെ തന്നെ ഒരാള്‍ക്കും പക്ഷാന്തരമില്ലാത്ത ചില ചീത്ത കാര്യങ്ങളുമുണ്ട്. ഇസ്‌ലാമാകട്ടെ, ചെറുതും വലുതുമായ നന്മതിന്മകളുടെയൊക്കെ വിശദാംശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലൂടെയും നബിചര്യയിലൂടെയും വ്യക്തമാക്കിയിട്ടുണ്ടുതാനും. ഈയടിസ്ഥാനത്തില്‍ നന്മകള്‍ ഏറെ ചെയ്‌തുകൂട്ടിയവര്‍ക്ക് മരണാനന്തരജീവിതത്തില്‍ രക്ഷയും -സ്വര്‍ഗപ്രവേശം- തിന്മകള്‍ ഏറെ ചെയ്‌തുകൂട്ടിയവര്‍ക്ക് ശിക്ഷയും-നരകം- ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തിട്ടുണ്ട്.
ഒരുപാട് പുണ്യം ചെയ്‌ത് ജീവിതം ധന്യമാക്കി ആത്മീയതയുടെ അത്യുന്നതിയിലെത്തുന്നവരുണ്ട്. എന്നാല്‍ വിശുദ്ധ ജീവിതത്തിന്റെ ഏറ്റവും ചുരുങ്ങിയ രൂപമെങ്കിലും കാഴ്‌ചവയ്‌ക്കാന്‍ നമുക്ക് കഴിയണം. വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്: വന്‍പാപങ്ങളും (കബാഇര്‍) മ്ലേച്ഛവൃത്തികളും (ഫവാഹിശ്) വെടിഞ്ഞു ജീവിക്കാന്‍ തയ്യാറാകുന്നവരില്‍ വന്നുപോയേക്കാവുന്ന ചെറുതിന്മകള്‍ ദയാലുവായ അല്ലാഹു പൊറുത്തുരും (53:33). അഥവാ മാനുഷികമായി വന്നുഭവിച്ചേക്കാവുന്ന ദോഷങ്ങളല്ലാത്ത വന്‍പാപങ്ങള്‍ വെടിഞ്ഞ് ജീവിക്കുക എന്നതാണ് ഉദ്ദേശ്യം.
പ്രവാചകന്‍ ഒരിക്കല്‍ പറയുകയുണ്ടായി: `നിങ്ങള്‍ വന്‍പാപങ്ങള്‍ വെടിയുക' അപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു: `ഏതാണ് പ്രവാചകരേ, വന്‍പാപങ്ങള്‍?' അദ്ദേഹം ഏഴ് കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു: `അല്ലാഹുവില്‍ പങ്കുചേര്‍ക്കുക (ശിര്‍ക്ക്), മാരണവും കൂടോത്രവും (സിഹ്‌റ്) ചെയ്യുക, അല്ലാഹു ആദരണീയമാക്കിയ മനുഷ്യാത്മാവിനെ അന്യായമായി വധിച്ചുകളയുക, പലിശ ഭക്ഷിക്കുക, അനാഥയുടെ ആസ്‌തി അന്യായമായി അനുഭവിക്കുക, ഇസ്‌ലാമിക സമൂഹത്തിന്റെ രക്ഷയ്‌ക്കായുള്ള പൊതുമുന്നേറ്റത്തില്‍നിന്ന് പിന്‍വലിയുക, പതിവ്രതകളായ വിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കുക'. അതുപോലെ ഇസ്‌ലാം നിര്‍ണിതശിക്ഷ (ഹദ്ദ്) നിശ്ചയിച്ച വ്യഭിചാരം, മോഷണം മുതലായവ ഉള്‍പ്പെടെയുള്ള വന്‍പാപങ്ങളും (കബാഇര്‍) സ്വവര്‍ഗരതി മുതലായ ലൈംഗിക അരാജകത്വങ്ങളും (ഫവാഹിശ്) പാപങ്ങളുടെ താക്കോലായ മദ്യപാനവും പൂര്‍ണമായും വെടിഞ്ഞാല്‍ തന്നെ ഒരളവോളം ജീവിതവിശുദ്ധി കൈവരിക്കാനാവും.
മനുഷ്യര്‍ മാലാഖമാരെപ്പോലെ പാപം ചെയ്യാത്തവരോ ദൈവദൂതന്മാരായ മനുഷ്യരെപ്പോലെ പാപസുരക്ഷിതത്വം (ഇസ്‌മത്) ലഭിച്ചവരോ അല്ല. തെറ്റുകള്‍ ചെയ്യാന്‍ സാധ്യതയുള്ള പ്രകൃതമാണ് മനുഷ്യരുടേത്. ഇങ്ങനെ സഹജമായ ദൗര്‍ബല്യത്താല്‍ ഒരുപാട് വീഴ്‌ചകള്‍ വന്നുപോകാനിടയുണ്ട്. എന്നാല്‍ ബോധപൂര്‍വം ചെയ്യുന്ന നന്മകള്‍കൊണ്ട് അവയെ മറികടക്കാനാവും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: `തീര്‍ച്ചയായും സല്‍പ്രവര്‍ത്തനങ്ങള്‍ ചീത്ത കാര്യങ്ങളെ ഇല്ലാതാക്കിക്കളയും' (11:115). നബി(സ) ഇക്കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കുന്നത് നോക്കൂ: `നിഷിദ്ധ കാര്യങ്ങളെ നീ സൂക്ഷിക്കുക; നീ ജനങ്ങളില്‍ വച്ച് ഏറ്റവും നല്ല ഭക്തനായിത്തീരും' (അഹ്‌മദ്). വ്യക്തി ജീവിതത്തിലെ വിശുദ്ധിയാണ് ഓരോ മനുഷ്യനെയും സ്വര്‍ഗാവകാശിയാക്കിത്തീര്‍ക്കുന്നത്.
വ്യക്തി വിശുദ്ധി എല്ലാ മതങ്ങളും ഊന്നിപ്പറഞ്ഞ കാര്യമാണ്. ഇസ്‌ലാമാകട്ടെ, വിശുദ്ധജീവിതം നയിക്കുന്ന വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിനും സാമൂഹിക ജീവിതത്തിനും ഏറെ പ്രാധാന്യം കല്‌പിക്കുന്നുണ്ട്. മുകളില്‍ സൂചിപ്പിച്ച വന്‍പാപങ്ങളില്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്ന മഹാപാതകം (ശിര്‍ക്ക്) തികച്ചും വ്യക്‌തിപരമാണ്. അതേസമയം, മറ്റുള്ളവയെല്ലാം ശാന്തിയും സമാധാനവും നിലനില്‌ക്കുന്ന സമൂഹത്തിനാവശ്യമുള്ളതു കൂടിയാണ്. സമൂഹക്ഷേമത്തിനു വേണ്ടി ചെയ്യുന്ന ഓരോ കാര്യവും ഏറെ പ്രതിഫലാര്‍ഹമാണ്. മാത്രമല്ല, പുണ്യമെന്ന് പറയുന്നത് ദുന്‍യാവിന്റെ ഒരു മൂലയില്‍ ഒരാള്‍ ഒറ്റക്കിരുന്ന് നാമം ജപിക്കുകയോ, തപസ്സു ചെയ്യുകയോ അല്ല. മറിച്ച്, താനല്ലാത്ത ഇതര മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും പരിസ്ഥിതിക്കുപോലും പോറലേല്‍പിക്കാതെ ജീവിക്കാന്‍ സാധിക്കുക എന്നതാണ് പുണ്യം. വ്യഷ്‌ടിയെയും സമഷ്‌ടിയെയും സമ്യക്കായി കണ്ടുകൊണ്ടുള്ള ഇസ്‌ലാമിന്റെ പുണ്യവിചാരം വിശുദ്ധ ഖുര്‍ആന്‍ സംക്ഷിപ്‌തമായി വിവരിക്കുന്നതുകാണാം.
`നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടെ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കനും ചോദിച്ചുവരുന്നവര്‍ക്കും അടിമമോചനത്തിനും നല്‌കുകയും, കരാറിലേര്‍പ്പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്നവരാരോ അവരാണ് പുണ്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍' (2:177)
ജീവിതവിശുദ്ധിക്കായി നാം ചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക് വ്യക്തിപരമായിട്ടാണ് പ്രതിഫലം ലഭിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്ന പാതകങ്ങള്‍ക്ക് ശിക്ഷ ലഭിക്കുന്നതും അങ്ങനെത്തന്നെ. എന്നാല്‍ ഒരാളുടെ ചെയ്‌തികള്‍ സമൂഹത്തിന് ദോഷകരമായി ഭവിക്കുമ്പോള്‍ അയാള്‍ ഭൗതികമായി ശിക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. ഇസ്‌ലാം നിശ്ചയിച്ച ശിക്ഷാ സമ്പ്രദായങ്ങള്‍ സമൂഹസുരക്ഷയ്‌ക്കാണ്. ജീവിതവിശുദ്ധിയിലൂടെ മറ്റൊരുവശം കൂടിയുണ്ട്. അറിവില്ലായ്‌മ മൂലമോ മറ്റു കാരണത്താലോ പുണ്യം ചെയ്യാത്ത, പാപങ്ങള്‍ ചെയ്‌തുകൂട്ടിയ, മനുഷ്യര്‍ക്കു പോലും നിരാശ വേണ്ട. ആത്മാര്‍ഥമായ കുറ്റബോധവും ആത്മവിചാരവും നിമിത്തമായി അല്ലാഹുവിനോട് പാപമോചനത്തിന് തേടിയാല്‍ കുറ്റവാളികള്‍ പോലും പുണ്യവാന്മാരായിത്തീരുകയും സ്വര്‍ഗപ്രവേശം സാധ്യമാവുകയും ചെയ്യുമെന്നതാണ് ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട് (39:53).
സത്യവിശ്വാസിയുടെ ജീവിതലക്ഷ്യം ആത്യന്തിക വിജയം അഥവാ പരലോകമോക്ഷമാണ്. ഈ ലക്ഷ്യത്തിനായി ജീവിതം ക്രമപ്പെടുത്തിയവന്‍ ഈ ലോകത്തിനു വേണ്ടപ്പെട്ടവനാകും. അത്തരം വ്യക്തികള്‍ ചേര്‍ന്ന സമൂഹം മാതൃകാ യോഗ്യമാവുമെന്നതില്‍ സംശയമില്ല. അതായിരുന്നു പ്രവാചകശിഷ്യരായ സ്വഹാബത്തിന്റെ മാതൃക.
0 comments: