മുസ്‌ലിം നവോത്ഥാനവും ദേശീയ പ്രസ്ഥാനവും

  • Posted by Sanveer Ittoli
  • at 9:51 AM -
  • 0 comments
മുസ്‌ലിം നവോത്ഥാനവും ദേശീയ പ്രസ്ഥാനവും

വി എസ്‌ എം കബീര്‍
മൊയ്‌തു മൗലവി നടന്നുപോയ വഴികള്‍
`നൂറ്റാണ്ടിന്റെ സാക്ഷി' ഇ മൊയ്‌തു മൗലവിയുടെ കുടുംബവേരുകളും സൗഹൃദബന്ധങ്ങളും പോരാട്ടവഴികളും ഓര്‍ത്തെടുക്കുന്നു, പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ മകന്‍ എം റഷീദ്‌
വെളിയങ്കോടിന്റെ മണ്ണില്‍ വീരചരിത്രങ്ങളുടെ ചേരുവ എമ്പാടുമുണ്ട്‌. വൈദേശിക ശക്തികളുടെ പേടിസ്വപ്‌നമായിരുന്ന ഉമര്‍ ഖാദിയും ക്രൈസ്‌തവ പാതിരിമാരുടെ കണ്ണിലെ കരടായ സയ്യിദ്‌ സനാഉല്ല മക്തിതങ്ങളും സ്വാതന്ത്ര്യ സമരഭടനും നൂറ്റാണ്ടിന്റെ സാക്ഷിയുമായ ഇ മൊയ്‌തുമൗലവിയും വെളിയങ്കോടിന്റെ മണ്ണില്‍ പിച്ചവെച്ചവരാണ്‌. ഇതേ വെളിയങ്കോട്ടെ, പഴഞ്ഞിമുള മുക്കിലെ വീട്ടില്‍ ചാരുകസേരയിലിരുന്ന്‌ ചരിത്രത്തിലൂടെ മനസ്സഞ്ചാരം നടത്തുമ്പോള്‍ എം റഷീദ്‌ എന്ന എണ്‍പത്തേഴുകാരന്റെ ഓര്‍മകളില്‍ വസന്തം വിരിഞ്ഞുനില്‌ക്കും. മൊയ്‌തു മൗലവിയുടെ ഈ മകന്‌ സ്വാതന്ത്ര്യസമരം വെറും കേട്ടുകേള്‍വിയല്ല; അനുഭവ പാഠങ്ങളാണ്‌.

എം റഷീദിന്‌ ജീവിതമെന്നാല്‍ വായനയാണ്‌. കടല പൊതിഞ്ഞു കിട്ടിയ കീറക്കടലാസുപോലും വായിച്ചിട്ടേ റഷീദ്‌ വലിച്ചെറിയൂ. അഭിമുഖത്തിനായി വീട്ടില്‍ കയറിച്ചെന്നപ്പോഴും ആ കൈകളില്‍ മറിയാന്‍ വെമ്പുന്ന പേജുകളോടെ ഒരു പുസ്‌തകമുണ്ടായിരുന്നു. സംസാരിച്ചു തുടങ്ങിയപ്പോള്‍, ഓര്‍മകള്‍ പതിഞ്ഞ സ്വരങ്ങളായി, അതില്‍ പലരും കയറിച്ചെന്നു. സ്വാതന്ത്ര്യസമരവും ദേശീയ പ്രസ്ഥാനവും, മൗലവിയും, സാഹിബും, കോണ്‍ഗ്രസ്സും, മുജാഹിദ്‌ പ്രസ്ഥാനവും എല്ലാം. പ്രായാധിക്യത്തിന്റെ തളര്‍ച്ചയിലും ക്ലാവു കയറാത്ത ഓര്‍മകളില്‍ ദേശസ്വാതന്ത്ര്യത്തിനും സമുദായ മോചനത്തിനും ആയുസ്സ്‌ പകരംവെച്ച കുറേ ധന്യജീവിതങ്ങള്‍ തെളിഞ്ഞു വന്നു. അതിങ്ങനെയായിരുന്നു:
പിതാമഹന്‍ മരക്കാര്‍ മുസ്‌ലിയാരെക്കുറിച്ച ഓര്‍മകള്‍കൊണ്ട്‌ എം റഷീദ്‌ തുടങ്ങി: കേരളക്കരയില്‍ ഇസ്‌ലാമിക നവോത്ഥാനം എത്തുന്നതിനു മുമ്പുള്ള കാലം. നേര്‍ച്ചകള്‍ കൊടികുത്തി വാഴുന്നു, ചന്ദനക്കുടങ്ങളും ഖബറുകളും ഇസ്‌ലാമിന്റെ ചിഹ്‌നങ്ങളായി വിരാജിക്കുന്നു, കാതുകുത്ത്‌ കല്യാണം പോലുള്ള ദുരാചാരങ്ങള്‍ നാടെങ്ങും അരങ്ങേറുന്നു. ഇവയിലെല്ലാം മനംനൊന്തു കഴിഞ്ഞിരുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു മരക്കാര്‍ മുസ്‌ലിയാര്‍. കാതുകുത്ത്‌ കല്യാണത്തിനെതിരെ ശബ്‌ദിച്ചുകൊണ്ടാണ്‌ മുസ്‌ലിയാര്‍ പ്രബോധനമാരംഭിച്ചത്‌. അറബി മലയാളത്തില്‍ ദുരാചാര മര്‍ദനം എന്ന കാവ്യം തന്നെ അടിച്ചിറക്കി അദ്ദേഹം.
കൂടുതല്‍ മതവിദ്യാഭ്യാസം നേടാന്‍ കൊച്ചി പള്ളുരുത്തിയില്‍ പോയി. അവിടെ കൊച്ചുണ്ണി മാസ്റ്ററുടെ വീട്ടിലായിരുന്നു താമസം. അവിടെവെച്ചാണ്‌ ശൈഖ്‌ മാഹിന്‍ ഹമദാനി തങ്ങളെ പരിചയപ്പെടുന്നത്‌. കേരളത്തില്‍ ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്ക്‌ അടിത്തറയൊരുക്കിയവരില്‍ പ്രധാനിയാണ്‌ തങ്ങള്‍. തങ്ങളുമായുള്ള ബന്ധം മരക്കാര്‍ മുസ്‌ലിയാരെ മുഴുസമയ പ്രബോധകനും പോരാളിയുമാക്കി.
മതപണ്ഡിതനായിരുന്ന മരക്കാര്‍ മുസ്‌ലിയാര്‍ സ്വാതന്ത്ര്യസമരത്തിലും പ്രത്യേകിച്ച്‌ ഖിലാഫത്ത്‌ പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്തു. 1920-ലാണെന്നു തോന്നുന്നു, അദ്ദേഹത്തെ പൊലീസ്‌ അറസ്റ്റു ചെയ്‌തു കോടതിയില്‍ ഹാജരാക്കി. ബ്രിട്ടീഷ്‌ രാജിനെതിരെ പട നയിക്കാന്‍ ആയുധം ശേഖരിച്ചു എന്നായിരുന്നു കുറ്റപത്രത്തിലുണ്ടായിരുന്നത്‌. മജിസ്‌ട്രേറ്റിനു തന്നെ ഇതു വിശ്വസിക്കാനായില്ല. മുസ്‌ലിയാര്‍ ചെയ്‌ത തെറ്റെന്താണെന്നായി മജിസ്‌ട്രേറ്റ്‌. മുസ്‌ലിയാര്‍ പറഞ്ഞിതങ്ങനെ: `മൊയ്‌തു എന്നു പേരുള്ള ഒരു മകന്‌ ജന്മം നല്‌കിയെന്ന തെറ്റ്‌ ഞാന്‍ ചെയ്‌തിട്ടുണ്ട്‌ (മൊയ്‌തു മൗലവിയെ കോഴിക്കോട്ടുവെച്ച്‌ ഇതേ ദിവസം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു).
മജിസ്‌ട്രേറ്റ്‌: മൊയ്‌തുവിന്‌ നേര്‍വഴി പറഞ്ഞുകൊടുത്തുകൂടേ താങ്കള്‍ക്ക്‌?
മുസ്‌ലിയാര്‍: മൊയ്‌തുവിന്റെ ഇപ്പോഴത്തെ വഴി തെറ്റാണെന്ന്‌ എനിക്കു തോന്നിയിട്ടില്ല.
അങ്ങനെ പിതാവിന്‌ ആറു മാസവും മകന്‌ രണ്ടര വര്‍ഷവും തടവ്‌ വിധിക്കപ്പെട്ടു. ഇരുവരെയും ബെല്ലാരി ജയിലിലടച്ചു.
ഹമദാനി തങ്ങളില്‍നിന്നു മതജ്ഞാനം നേടിയ മുസ്‌ലിയാര്‍ മകന്‍ മൊയ്‌തു മൗലവിയെയും തങ്ങളുടെ ശിഷ്യനാക്കി. സമുദായ സേവനത്തിന്റെ ബാലപാഠങ്ങള്‍ ഇരുവരും സ്വായത്തമാക്കിയത്‌ ശൈഖ്‌ ഹമദാനിയില്‍ നിന്നും നാട്ടുകാരനായ സനാഉല്ലാ മക്‌തി തങ്ങളില്‍ നിന്നുമായിരുന്നു.
മരക്കാര്‍ മുസ്‌ലിയാരുടെ ഭാര്യ ഉമ്മത്തി ഉമ്മ വസൂരിക്കാരെ പോലും പരിചരിക്കാന്‍ മുന്നിട്ടിറങ്ങിയ ധീര വനിതയായിരുന്നു. അക്കാലത്ത്‌, വസൂരിയെന്നു കേള്‍ക്കുന്നതു തന്നെ പേടിയായിരുന്നു സമൂഹത്തിന്‌.
മൊയ്‌തു മൗലവി
ശൈഖ്‌ ഹമദാനി തങ്ങളുടെ ശിഷ്യത്വം വഴി ഇസ്വ്‌ലാഹീ പ്രവര്‍ത്തനരംഗത്ത്‌ നിറഞ്ഞുനില്‌ക്കാന്‍ പിതാവ്‌ മൊയ്‌തു മൗലവിക്ക്‌ കഴിഞ്ഞതായി റഷീദ്‌ ഓര്‍മിച്ചു. വെളിയങ്കോട്ടും വളപട്ടണത്തും മദ്‌റസാധ്യാപകനായിട്ടുണ്ട്‌. 1922 -ല്‍ ഏറിയാട്‌ വെച്ച്‌ രൂപംകൊണ്ട കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പിറവിക്ക്‌ സാക്ഷിയായ ചുരുക്കം നേതാക്കളില്‍ ഒരാളായിരുന്നു ബാപ്പ. സീതി സാഹിബ്‌, കെ എം മൗലവി, അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ തുടങ്ങിയവരും കൂട്ടത്തിലുണ്ടായിരുന്നു.
മാതൃഭാഷാ പഠനത്തിനും വിദ്യാഭ്യാസം നേടാനും മൗലവി നിരന്തരം സമൂഹത്തെ പ്രേരിപ്പിച്ചു. സഹോദരന്‍ അബ്‌ദുവിന്റെ സഹായത്തോടെ മാറഞ്ചേരിയില്‍ ഒരു സ്‌കൂള്‍ ആരംഭിക്കുകയും ചെയ്‌തു. പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇറങ്ങിയിരുന്ന അല്‍ഇസ്വ്‌ലാഹ്‌ വാരികയുടെ പത്രാധിപ സ്ഥാനം മൗലവിയെയാണ്‌ നേതാക്കള്‍ ഏല്‌പിച്ചത്‌.
മുസ്‌ലിം സമുദായ സമുദ്ധാരണത്തിനായി അന്ധവിശ്വസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ്‌ രാജിനെതിരെയും വിശ്രമമില്ലാതെ പണിയെടുത്ത മൗലവിക്ക്‌ നിരവധി എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. ഏറെ ദുരനുഭവങ്ങളും നഷ്‌ടങ്ങളുമുണ്ടായി. യൗവനകാലമത്രയും നാടും വീടും വിട്ട്‌ സമരപാതയിലായിരുന്നു ഉപ്പ.
മാറഞ്ചേരിയില്‍ ഏക്കര്‍ കണക്കിന്‌ ഭൂമി കുടിയാന്‍ വ്യവസ്ഥയില്‍ ലഭിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത്‌ ജയിലില്‍ പോയതോടെ ബ്രിട്ടീഷ്‌ അനുകൂലിയായ ജന്മി കുടിയാന്‍ സ്ഥാനത്തു നിന്ന്‌ ഒഴിവാക്കി.
അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനോടൊപ്പം ചേര്‍ന്ന്‌ അല്‍അമീന്‍ പത്രം ആരംഭിച്ചതും അതില്‍ സേവനമെന്ന നിലയില്‍ ജോലി ചെയ്‌തതും സമുദായ നന്മ കാംക്ഷിച്ചുകൂടിയായിരുന്നു. സമുദായത്തിലെ ദുരാചാരങ്ങള്‍ക്കെതിരെയും ആര്‍ഭാടങ്ങള്‍ക്കെതിരെയും അല്‍അമീനിലൂടെ മൗലവി ആഞ്ഞടിച്ചിരുന്നു.
ഒരു ദിവസം പത്രം അടിക്കാന്‍ കടലാസില്ല. വാങ്ങാന്‍ പണവുമില്ല. അമീന്‍ ലോഡ്‌ജിലാകട്ടെ, പുകയെരിഞ്ഞിട്ട്‌ ദിവസങ്ങളുമായി. വിശപ്പ്‌ വകവെക്കാതെ മൗലവി എന്‍ പി അബുവിനെയും കൂട്ടി കാശുണ്ടാക്കാനിറങ്ങി. വൈകുന്നേരമായപ്പോള്‍ കടലാസിനുള്ള പണം കിട്ടി. അതില്‍ മിച്ചം വന്ന പണം കൊണ്ട്‌ പച്ചരി വാങ്ങി കഞ്ഞിവെച്ച്‌ ചമ്മന്തിയും കൂട്ടി കഴിച്ച കഥ ഉപ്പ ഒരിക്കല്‍ പറഞ്ഞിരുന്നു.
മൗലവിയുടെ ജീവിതം, പ്രബോധനം ചെയ്‌തിരുന്ന ആദര്‍ശത്തിലധിഷ്‌ഠിതമായിരുന്നു. വാക്കാട്ട്‌ തറവാട്ടുകാരിയായ പാത്തുണ്ണിമ്മയെ സ്‌ത്രീധനമില്ലാതെയാണ്‌ വിവാഹം ചെയ്‌തത്‌. മക്കളെയെല്ലാം വിദ്യാ സമ്പന്നരാക്കാന്‍ ശ്രമിച്ചു. പൊന്നാനി താലൂക്കിലെ എം എ ബിരുദധാരിയായ ആദ്യമുസ്‌ലിം പെണ്‍കുട്ടി മൗലവിയുടെ മകള്‍ ആയിശക്കുട്ടിയായിരുന്നു.
ഐക്യസംഘത്തിന്റെ സ്ഥാപക നേതാവായിരുന്നു ഉപ്പ എന്നു പറഞ്ഞല്ലോ. എന്നാല്‍ ഐക്യസംഘ നേതൃത്വത്തിന്റെ ചില നയങ്ങളെ എതിര്‍ക്കാന്‍ മൗലവി യാതൊരു മടിയും കാണിച്ചില്ല. അതിലൊന്നായിരുന്നു മുസ്‌ലിം ബേങ്ക്‌ തുടങ്ങാനുള്ള തീരുമാനം. മുസ്‌ലിംകളുടെ ദയനീയമായ സാമ്പത്തികസ്ഥിതി മാറ്റിയെടുക്കുക എന്ന സദുദ്ദേശ്യപരമായ ഒരു തീരുമാനമാകാം അത്‌. പക്ഷെ, ഇസ്‌ലാം വെറുക്കുന്ന പലിശയുമായി ബന്ധമുള്ളതിനാല്‍ മൗലവി ആ സംവിധാനത്തെ എതിര്‍ത്തു. അബ്‌ദുര്‍റഹ്‌മാന്‍ സാഹിബും എം സി സി അബ്‌ദുര്‍റഹ്‌മാന്‍ മൗലവിയും മൊയ്‌തു മൗലവിയും ഇത്‌ സംബന്ധിച്ച്‌ അല്‍അമീനില്‍ ലേഖനങ്ങളെഴുതി. അധികം വൈകാതെ ആ സ്ഥാപനവും പൊളിഞ്ഞു. ഐക്യസംഘത്തിനു പോലും പിടിച്ചു നില്‌ക്കാനായില്ല.
ബേങ്കിനു പിന്നില്‍ സീതി സാഹിബ്‌, കെ എം മൗലവി എന്നിവരെല്ലാമുണ്ട്‌ എന്നത്‌ എതിര്‍പ്പിന്‌ തടസ്സമായി മൗലവി കണ്ടില്ല. മജ്‌ലിസുല്‍ ഉലമ എന്ന പണ്ഡിത സംഘടനകളുടെ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു മൗലവി. മുസ്‌ലിംകളെ മതപരമായി ഉയര്‍ത്തുക, സ്വാതന്ത്ര്യ സമരത്തില്‍ അവരെ അണിനിരത്തുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു സംഘടനക്കുണ്ടായിരുന്നത്‌. സ്വാതന്ത്ര്യ സമരത്തിനെതിരെ മുസ്‌ലിംകളെത്തന്നെ രംഗത്തുകൊണ്ടുവന്ന്‌ നേതാക്കളെ മാനസികമായി തളര്‍ത്താനുള്ള നീക്കവും ബ്രിട്ടീഷുകാര്‍ നടത്തിയിരുന്നു. ആമു സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പലയിടങ്ങളിലും ഇതിനായി മുസ്‌ലിം സമ്മേളനങ്ങള്‍ തന്നെ നടത്തിയിരുന്നു. മൗലവിയുടെ നാടായ പൊന്നാനിയിലെ പാതാറില്‍ ഇങ്ങനെയൊരു സമ്മേളനം സൂപ്രണ്ട്‌ വിളിച്ചുകൂട്ടി.
എന്നാല്‍ പുതുപൊന്നാനിയില്‍ അതേ ദിവസം മുസ്‌ലിം മജ്‌ലിസിന്റെ വമ്പിച്ച സമ്മേളനം നടത്തി, മൗലവി. മജ്‌ലിസ്‌ സമ്മേളനം വന്‍ വിജയമായപ്പോള്‍ സൂപ്രണ്ടിന്റെ സമ്മേളനം അമ്പേ പരാജയപ്പെട്ടു. മജ്‌ലിസ്‌ സമ്മേളനത്തില്‍ ആലി മുസ്‌ലിയാരും അബ്‌ദുര്‍റഹ്‌മാന്‍ സാഹിബും പ്രസംഗിച്ചിരുന്നു.
ബ്രിട്ടീഷ്‌ രാജില്‍ മര്‍ദനമുറകള്‍ നിരന്തരം അരങ്ങേറിയ ഘട്ടത്തില്‍, സ്വാതന്ത്ര്യസമരം സായുധ പോരാട്ടത്തിലേക്ക്‌ മാറുമോ എന്ന ആശങ്ക നിലനിന്നിരുന്നു. മലബാര്‍ മേഖലയിലായിരുന്നു ഇതിന്‌ കൂടുതല്‍ സാധ്യതയുണ്ടായിരുന്നത്‌. ബ്രിട്ടീഷ്‌ വിരോധവും സ്വാതന്ത്ര്യവാഞ്‌ഛയും ഇത്തരമൊരു നീക്കത്തിന്‌ പ്രേരണയായി. കോണ്‍ഗ്രസ്‌ നേതൃത്വം മുസ്‌ലിംകളെ കുറ്റപ്പെടുത്താനും അവരുടെ ആത്മാര്‍ഥതയില്‍ സംശയിക്കാനും വരെ തുടങ്ങി. എന്നാല്‍ സാഹിബും മൗലവിയും ഇതംഗീകരിച്ചില്ല.
സായുധസമരം കൊണ്ട്‌ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താനാവില്ലെന്ന്‌ ഇരുവരും സമുദായത്തെ ഉണര്‍ത്തി. പ്രശ്‌നങ്ങളുണ്ടാവുന്നിടത്ത്‌ ഇവര്‍ കുതിച്ചെത്തി. സമരക്കാരെ പിന്തിരിപ്പിച്ചു. എന്നാല്‍ അവരുടെ സമരവീര്യത്തെയോ ആത്മാര്‍ഥതയെയോ സാഹിബും മൗലവിയും ചോദ്യം ചെയ്‌തില്ല. ആയുധങ്ങള്‍ താഴെവെച്ച്‌ വൈദേശിക ഭരണത്തിനെതിരെ സമരകാഹളം മുഴക്കാന്‍ സമുദായത്തെ അവര്‍ പഠിപ്പിച്ചു.
പാകിസ്‌താന്‍ വാദവുമായി മുസ്‌ലിംലീഗ്‌ രംഗത്തെത്തിയപ്പോഴും മൗലവി പ്രതികരിച്ചു. അതിനുവേണ്ടി മാത്രം തുടങ്ങിയ പത്രമാണ്‌ അമീന്‍. കോഴിക്കോട്‌ നിന്നു അനുമതി ലഭിക്കാതായപ്പോള്‍ തൃശൂരില്‍ നിന്നാണ്‌ മൗലവി അമീന്‍ പ്രസിദ്ധീകരിച്ചത്‌. കുറച്ചുകാലം ഞാനും ഇതില്‍ ജോലിചെയ്‌തിരുന്നു.
കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായി സ്വാതന്ത്ര്യസമര ഭൂമിയിലും ഇസ്വ്‌ലാഹി പ്രബോധകനായി മതസാമൂഹ്യ രംഗത്തും നിറസാന്നിധ്യമായി നിന്ന ഉപ്പ നൂറ്റാണ്ടിന്റെ സാക്ഷിയായാണ്‌ ചരിത്രമായത്‌. സ്വാതന്ത്ര്യാനന്തരവും അദ്ദേഹം ആശയാദര്‍ശങ്ങളെ കൈവിട്ടില്ല. എ ഐ സി സി അംഗമായും കെ പി സി സി വര്‍ക്കിംഗ്‌ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചു. മുജാഹിദ്‌ പ്രസ്ഥാന പ്രവര്‍ത്തന രംഗത്തും സജീവമായി നിലകൊണ്ടു.
അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌
കേരളചരിത്രത്തില്‍, ഞാന്‍ കണ്ട വിസ്‌മയ വ്യക്തിയായിരുന്നു മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌. മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ ഓണേഴ്‌സിനു പഠിക്കവേ, അബുല്‍കലാം ആസാദിന്റെ ഖിലാഫത്ത്‌ ഔര്‍ ജസീറതുല്‍ അറബ്‌ എന്ന ഗ്രന്ഥം വായിച്ചു സാഹിബ്‌. ഒന്നല്ല, മൂന്നുവട്ടം. ഐ സി എസ്‌ സ്വപ്‌നം വലിച്ചെറിഞ്ഞ്‌ കേരളത്തിലേക്ക്‌ വണ്ടി കയറി അബ്‌ദുര്‍റഹ്‌മാന്‍. ആസാദിന്റെ ഭാഷയ്‌ക്ക്‌ അത്രമേല്‍ ശക്തിയുണ്ടായിരുന്നു.
1921 ഏപ്രില്‍ 24-ന്‌ ഒറ്റപ്പാലത്തു നടന്ന സമ്മേളനത്തിലൂടെയാണ്‌ സാഹിബ്‌ ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും രംഗപ്രവേശം നടത്തുന്നത്‌. സമ്മേളനാനന്തരം നേരെപോയത്‌ മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ടേക്ക്‌. കൂടെയുണ്ടായിരുന്നത്‌ മൊയ്‌തു മൗലവി. കോഴിക്കോടിനെയും മൊയ്‌തു മൗലവിയെയും വിട്ടുപിരിഞ്ഞത്‌ പിന്നീട്‌ മരിക്കുമ്പോഴാണ്‌.
സാഹിബിന്റെ ചരിത്രം പറയുന്നത്‌ അധികപ്പറ്റാവും ഇവിടെ. പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യവും വിശ്വസിക്കുന്ന ആദര്‍ശത്തിന്റെ പ്രബോധനവും ജീവിതനിയോഗമായിക്കരുതിയ സാഹിബ്‌ കോണ്‍ഗ്രസിലും ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിലും ഒരുപോലെ പ്രവര്‍ത്തിച്ചു. ബ്രിട്ടീഷുകാരന്റെ കിരാത ഭരണത്തിനെതിരെ വിരല്‍ചൂണ്ടിയ അല്‍അമീന്‍ സമുദായത്തിലെ അനാചാരങ്ങള്‍ക്കും ജീര്‍ണതകള്‍ക്കും എതിരെ അച്ചുനിരത്തി.
അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ മതമൗലികവാദിയായിരുന്നു. മതത്തിന്റെ മൗലിക സിദ്ധാന്തങ്ങളെ അതേപടി അനുഷ്‌ഠിച്ചിരുന്നയാള്‍. പൊതുപ്രവര്‍ത്തനനിരതനായിരിക്കുമ്പോള്‍, ബാങ്ക്‌ വിളികേട്ടാല്‍ തിരക്കുമാറ്റിവെച്ച്‌ നമസ്‌കരിക്കും. അത്‌ അമുസ്‌ലിംകളുടെ വീട്ടിലാണെങ്കില്‍പോലും വുദൂ ചെയ്‌ത്‌ അവിടെവെച്ച്‌ നമസ്‌കരിക്കുമായിരുന്നു.
ജനപ്രതിനിധിയായിരിക്കവെ, മണ്ഡല സന്ദര്‍ശനത്തിനുപോകും. ചിലപ്പോള്‍ വീടുകളില്‍ ഭക്ഷണമൊരുക്കും ചിലര്‍. പ്രവര്‍ത്തകര്‍ക്കൊപ്പം സാഹിബും ഇരിക്കും. എല്ലാവരുടെയും പ്ലേറ്റ്‌ നീക്കിവെച്ചുകൊടുക്കും. ഭക്ഷണം വിളമ്പലും സാഹിബ്‌ തന്നെയാവും. എല്ലാവരോടും കഴിക്കാനാവശ്യപ്പെട്ട ശേഷം, തന്റെ മുന്നിലെ പ്ലേറ്റ്‌ കമഴ്‌ത്തിവെക്കും. എന്നിട്ട്‌ പറയും: ``ഇന്ന്‌ വ്യാഴാഴ്‌ചയാണ്‌ എനിക്ക്‌ നോമ്പാണ്‌''. വ്യാഴാഴ്‌ചകളില്‍ സ്ഥിരമായി ഐച്ഛികവ്രതം അനുഷ്‌ഠിച്ചിരുന്നു സാഹിബ്‌.
അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ അടുത്ത സുഹൃത്തും ബന്ധുവുമായിരുന്നു സീതിസാഹിബ്‌. കെ എം മൗലവിയും ആദരണീയ വ്യക്തിയായിരുന്നു. പക്ഷേ, മുസ്‌ലിം ബേങ്ക്‌ തുടങ്ങുകയും ഐക്യസംഘം അതിനു നേതൃത്വം നല്‍കുകയും ചെയ്‌തപ്പോള്‍ സാഹിബ്‌ അതംഗീകരിച്ചില്ല. 
അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ ദേശീയ പ്രസ്ഥാനത്തിലേക്ക്‌ വരുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭൂരിഭാഗം പേരും സവര്‍ണ വിഭാഗക്കാരായിരുന്നു. മുസ്‌ലിംകള്‍ നേതൃനിരയിലെത്തുന്നത്‌ ഈ സവര്‍ണവിഭാഗം ഇഷ്‌ടപ്പെട്ടിരുന്നില്ലെന്നുവേണം കരുതാന്‍. മുസ്‌ലിംകള്‍ എല്ലായ്‌പ്പോഴും അണികളായി നിന്നാല്‍ മതിയെന്നതായിരുന്നു അവരുടെ നിലപാട്‌. ഇതിനിടയിലാണ്‌ സാഹിബിന്റെയും മൗലവിയുടെയും രംഗപ്രവേശം. അവര്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്‌തു. നേതാക്കള്‍ക്കെതിരെ വിരല്‍ചൂണ്ടി. ഇത്‌ പലര്‍ക്കും ഇഷ്‌ടപ്പെട്ടില്ല.
ആദ്യ ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയാല്‍ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ ദേശീയപ്രസ്ഥാനം വിട്ട്‌ വീണ്ടും പഠനത്തിേലക്ക്‌ തിരിയും എന്നുവരെ കണക്കുകൂട്ടിയവരുണ്ടായിരുന്നു. എന്നാല്‍ ജയില്‍ശിക്ഷ ആവേശമാക്കി സ്വാതന്ത്ര്യസമര ഭൂമിയില്‍ അടിയുറച്ചുനില്‍ക്കാനായിരുന്നു ആ ദേശാഭിമാനിയുടെ തീരുമാനം. അല്‍അമീന്‍ പിറക്കുന്നത്‌ അങ്ങനെയായിരുന്നു.
സ്‌കൂളില്‍നിന്ന്‌ ജയിലിലേക്ക്‌
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാവുകയും ജയില്‍ശിക്ഷയനുഭവിക്കുകയും ചെയ്‌ത മൂന്നു തലമുറകള്‍ ഒരുപക്ഷെ ചരിത്രത്തില്‍ അപൂര്‍വമാകും. പിതാമഹന്‍ മരക്കാര്‍ മുസ്‌ല്യാരും പിതാവ്‌ മൊയ്‌തുമൗലവിയും മകനായ ഞാനും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത്‌ ജയിലില്‍ പോയിട്ടുണ്ട്‌.
ഹൈസ്‌കൂള്‍ പഠനം കോഴിക്കോട്‌ ഗണപത്‌ സ്‌കൂളിലായിരുന്നു. അന്ന്‌ പിതാവ്‌ മൊയ്‌തു മൗലവി സാഹിബിന്റെ കൂടെ അല്‍അമീന്‍ ലോഡ്‌ജിലായിരുന്നു. എന്റെ താമസവും അവരോടൊപ്പം തന്നെ. സാഹിബും അല്‍അമീനും ദേശീയപ്രസ്ഥാനവും അതിന്റെ നേതാക്കളും എന്റെ കൗമാരമനസ്സില്‍ വിസ്‌മയം നിറച്ചു.
വിദ്യാര്‍ഥിയായിരിക്കെ, 1944-ലെ ക്വിറ്റ്‌ഇന്ത്യാ സമരം നടക്കുമ്പോഴാണ്‌ എന്റെ മൂന്നുമാസ ജയില്‍വാസം. സമരത്തിന്റെ ഭാഗമായുള്ള ലഘുലേഖകള്‍ ഞാന്‍ കോഴിക്കോട്ട്‌ വിതരണം ചെയ്‌തിരുന്നു. അടുത്ത ദിവസം പൊന്നാനി, വള്ളുവനാട്‌ താലൂക്കുകളിലും നോട്ടീസ്‌ വിതരണം നടത്തി. ഇതിനിടെയാണ്‌ പോലീസ്‌ പിടിയിലായത്‌. വിചാരണയും ജയില്‍ശിക്ഷയും കോഴിക്കോട്ടായിരുന്നു. എനിക്ക്‌ 17 വയസ്സാണ്‌ അന്ന്‌.
ശിക്ഷയനുഭവിച്ചതോടെ സ്‌കൂളില്‍ നിന്ന്‌ പുറത്താക്കി. മദ്രാസ്‌ വിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക്‌ മാപ്പപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കാമെന്ന്‌ അറിയിച്ചു. സാഹിബിനോടും ഉപ്പയോടും വിവരം പറഞ്ഞു. ബ്രിട്ടീഷുകാരോട്‌ മാപ്പപേക്ഷിക്കാന്‍ മാത്രമുള്ള തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും മാപ്പ്‌ പറയേണ്ടെന്നുമായി സാഹിബ്‌. പിന്നീട്‌ സ്വന്തമായി പഠിച്ച്‌ പത്താം ക്ലാസ്‌ പാസായി.
സ്വാതന്ത്ര്യലബ്‌ധി വരെ കോണ്‍ഗ്രസുകാരനായിത്തന്നെ നിലകൊണ്ടു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിന്റെ നിലപാടിനോട്‌ യോജിക്കാനായില്ല. മുന്നണിയും മുന്നണി മാറ്റങ്ങളുമായി കോണ്‍ഗ്രസ്‌ നിരാശപ്പെടുത്തി. അങ്ങനെയാണ്‌ എന്റെ തന്നെ നേതൃത്വത്തില്‍ റവല്യൂഷണറി സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ കേരള ഘടകം രൂപീകൃതമാവുന്നത്‌. അതിന്‌ സഖാവ്‌ എന്ന പേരില്‍ ഒരു മുഖപത്രവും തുടങ്ങി. അതിന്റെ പത്രാധിപരും ഞാനായിരുന്നു.
അല്‍അമീനില്‍ നിന്ന്‌ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച എന്റെ വഴിയും പത്രപ്രവര്‍ത്തനമായിരുന്നു. തൃശൂരില്‍നിന്ന്‌ ഉപ്പ പ്രസിദ്ധീകരിച്ച അമീന്‍, എറണാകുളത്തു നിന്ന്‌ പുറത്തിറങ്ങിയിരുന്ന ജയ്‌ഹിന്ദ്‌ ഈവനിംഗ്‌ പത്രം എന്നിവയിലൂം ജോലിചെയ്‌തു.
എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയായിരുന്നു അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌. പ്രത്യാശയുടെ ചൈതന്യഭാവം സദാ സ്‌ഫുരിച്ചുനില്‍ക്കുന്ന ആ മുഖം ഇന്നും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു. സാഹിബിന്റെ മരണവാര്‍ത്ത എന്റെ ഹൃദയത്തില്‍ സൃഷ്‌ടിച്ച വല്ലാത്തൊരു ശൂന്യത ഇന്നും നികത്തപ്പെട്ടിട്ടില്ല. മരണവിവരം അറിയിച്ച്‌ സാഹിബിന്റെ സുഹൃത്തുക്കള്‍ക്കും പ്രധാന നേതാക്കള്‍ക്കും കമ്പിയടിച്ചത്‌ ഞാനായിരുന്നു. അന്ന്‌ ഞാനനുഭവിച്ച ഹൃദയവേദന വാക്കുകള്‍ക്കപ്പുറമായിരുന്നു. പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ജീവിതത്തില്‍ തന്നെയും സാഹിബും എന്റെ പിതാവും പകര്‍ന്നു തന്ന മൂല്യബോധം ഇന്നും ഞാന്‍ കാത്തുസൂക്ഷിക്കുന്നുണ്ട്‌.
മുസ്‌ലിം സമൂഹം
കേരള മുസ്‌ലിംകളില്‍ നവോത്ഥാനമുണ്ടാക്കിയത്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനമാണ്‌. പില്‍ക്കാലത്ത്‌ കടന്നുവന്ന സംഘടനകളും സമുദായപുരോഗതിയില്‍ അവരുടേതായ പങ്കുവഹിച്ചു.
ഇന്ന്‌ സാമുദായികമായി പുരോഗതി കൈവരിച്ചപ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ അനൈക്യം വര്‍ധിക്കുന്നുണ്ടെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അനൈക്യം നല്ലതല്ല. ഐക്യത്തിനുവേണ്ടിയുള്ള ഐക്യവും വേണമെന്നില്ല. ഐക്യപ്പെടാവുന്ന മേഖലകളില്‍ ആത്മാര്‍ഥമായ ഐക്യമാണുണ്ടാവേണ്ടത്‌. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പൊതുവിഷയങ്ങളില്‍ യോജിപ്പുണ്ടാക്കിയാല്‍ ആര്‍ക്ക്‌, എന്താണ്‌ നഷ്‌ടപ്പെടുക?
വിദ്യാഭ്യാസരംഗത്ത്‌ ഇനിയും മുന്നേറേണ്ടതുണ്ട്‌. വൈവാഹിക-നിര്‍മാണ രംഗങ്ങളില്‍ ആര്‍ഭാടവും ധൂര്‍ത്തും ഏറിവരികയാണ്‌. സാമൂഹ്യദുരാചാരങ്ങള്‍ പുതിയ രൂപത്തില്‍ എത്തിക്കൊണ്ടിരിക്കുകയാണ്‌. സമുദായ ഐക്യത്തിലൂടെ മാത്രമേ ഇവയെ പ്രതിരോധിക്കാനാവൂ.
ജിന്നും മുടിയും
സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ തിരുമുടിയും മുജാഹിദു വിഭാഗങ്ങള്‍ക്കിടയില്‍ ജിന്നും പുതിയ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന്‌ കേട്ടു. ഇത്‌ രണ്ടും അനാവശ്യവിവാദങ്ങളാണ്‌. സമുദായത്തെ അപഹാസ്യമാക്കാനേ ഇവയുപകരിക്കൂ. നിലവിലുള്ള അന്ധവിശ്വാസങ്ങളെ വിപാടനം ചെയ്യാന്‍ ബാധ്യതപ്പെട്ട മുജാഹിദുകള്‍ക്കെങ്ങനെ പുതിയ അന്ധവിശ്വാസങ്ങളെ സ്വീകരിക്കാനാവും. പ്രസ്ഥാനത്തിന്റെ അടിവേരിന്‌ കത്തിവെക്കലാണിത്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: