തിരുത്തപ്പെടേണ്ടത്‌ നാസ്‌തികശാസ്‌ത്രം

  • Posted by Sanveer Ittoli
  • at 9:42 AM -
  • 0 comments
തിരുത്തപ്പെടേണ്ടത്‌ നാസ്‌തികശാസ്‌ത്രം


ഇ ഒ ഫൈസല്‍
പകരം തെളിയിക്കപ്പെട്ട നിരീക്ഷണങ്ങള്‍ പകര്‍ന്നുനല്‍കണം
ശാസ്‌ത്രസത്യങ്ങള്‍ കുഴിച്ചു കഴിഞ്ഞ കിണര്‍പോലെയാണ്‌, ആര്‍ക്കും അത്‌ ഉപയോഗപ്പെടുത്താം. തെളിയിക്കപ്പെട്ട നിരീക്ഷണങ്ങളാണ്‌ ശാസ്‌ത്രസത്യങ്ങള്‍. അതുകൊണ്ടുതന്നെ കുറെ വിശ്വാസങ്ങള്‍ ശാസ്‌ത്രജ്ഞന്റെ വായിലൂടെയോ വരിയിലൂടെയോ പ്രത്യക്ഷപ്പെട്ടു എന്നതുകൊണ്ട്‌ മാത്രം ആ വിശ്വാസങ്ങള്‍ ശാസ്‌ത്രമാകാന്‍ പാടില്ല. ഭൗതിക വിഷയങ്ങളാണ്‌ ശാസ്‌ത്ര പഠനത്തിന്റെ പരിധിയില്‍ വരുന്നത്‌. 
ദൈവവിശ്വാസം പൂര്‍ണമായും പരീക്ഷണങ്ങളിലൂടെ തെളിയിക്കേണ്ടതില്ല. കാരണം, അഭൗതികമായ വിഷയങ്ങളുടെ അളവുകോല്‍ മനുഷ്യനു നിര്‍മിക്കാന്‍ സാധ്യമല്ല. സത്യമെന്ന്‌ തെളിയിക്കാന്‍ സാധിക്കാത്ത കുറേ വിശ്വാസങ്ങളും നിരീക്ഷണങ്ങളും പ്രപഞ്ചവായനയ്‌ക്ക്‌ ഉപയോഗിച്ച്‌ അബദ്ധങ്ങളില്‍ എത്തിപ്പെടുകയും തെറ്റുകളില്‍ നിന്ന്‌ കടുത്ത തെറ്റിലേക്ക്‌ പതിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ശാസ്‌ത്രത്തിന്‌ തികഞ്ഞ ഒരു നാസ്‌തികന്റെ മുഖമാണുള്ളത്‌. നാസ്‌തികശാസ്‌ത്രം ലോകത്തെവിടെയുമുള്ള പാഠപുസ്‌തകങ്ങളെ നിയന്ത്രണത്തിലാക്കുകയും ശുദ്ധശാസ്‌ത്രത്തെ പുറംതള്ളുകയും ചെയ്‌തിരിക്കുന്നു.
മൂല്യമില്ലാത്ത ബോധനം
`കുട്ടികളിലും പ്രായപൂര്‍ത്തിയായവരിലും ഉത്തമമായുള്ളതിനെ പുറത്തുകൊണ്ടുവരലാണ്‌ വിദ്യാഭ്യാസം' എന്ന്‌ ഗാന്ധിജിയും `ധാര്‍മികവും വൈജ്ഞാനികവുമായ ആത്യന്തിക മൂല്യങ്ങള്‍ ഒരു വ്യക്തിക്ക്‌ അനുഭവിപ്പിക്കാനുള്ള പരിശീലനമാണ്‌ വിദ്യാഭ്യാസ ലക്ഷ്യം' എന്ന്‌ ഡോ. സാക്കിര്‍ ഹുസൈനും പറഞ്ഞുവച്ചിരിക്കുന്നു. മുകളില്‍പറഞ്ഞ എല്ലാ ഗുണങ്ങളും കുട്ടികള്‍ക്ക്‌ വിനിമയം ചെയ്യേണ്ട പാഠപുസ്‌തകങ്ങള്‍ മൂല്യബോധവും ഉത്‌കൃഷ്‌ട വ്യക്തിത്വ വികസനങ്ങളും പഠിപ്പിക്കേണ്ടതാണെന്ന്‌ പൊതുവിദ്യാഭ്യാസത്തിന്റെ ഒരു വകുപ്പിലും പരാമര്‍ശിക്കപ്പെട്ടിട്ടില്ല.
പ്രകൃതിയോടും മനുഷ്യനോടും നീതിപുലര്‍ത്താത്ത സാങ്കേതിക വിദ്യകളും ലാഭക്കൊതിയില്‍ മാത്രം അധിഷ്‌ഠിതമായ വികസനാസൂത്രണങ്ങളും നാസ്‌തികശാസ്‌ത്ര സാങ്കേതികവിദ്യയുടെ ഫലമാണ്‌. ഉപയോഗിച്ച്‌ തീര്‍ക്കാന്‍ വേണ്ടി പണിയെടുപ്പിക്കുകയും പണിയെടുപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ചുതീര്‍ക്കുകയും ചെയ്യുന്ന നാസ്‌തിക സംസ്‌കാരത്തില്‍ ഫ്രാന്‍സിസ്‌ ബേക്കണ്‍ പറയുന്നതുപോലെ, ``ശാസ്‌ത്രം സത്യത്തിനുവേണ്ടിയുള്ള അന്വേഷണം പരിത്യജിച്ച്‌ അധീശത്വത്തിനു വേണ്ടിയുള്ള അന്വേഷണത്തില്‍ വ്യാപൃതമാകുന്നു.''
കണികാ പരീക്ഷണങ്ങളും നാനോ ടെക്‌നോളജിയും തന്മാത്രാ ജീവശാസ്‌ത്രവും ജനിതകവുമെല്ലാം ഏതെങ്കിലുമൊരു രൂപത്തിലുള്ള അടക്കി വാഴലുകള്‍ക്കായാണ്‌ മത്സരിക്കുന്നത്‌.
നിഗമനങ്ങള്‍ ശാസ്‌ത്രമോ?
പ്രപഞ്ചത്തിന്റെ ആവിര്‍ഭാവം, ജീവന്റെ ഉല്‌പത്തി വികാസം, ജീവപരിണാമം തുടങ്ങിയ വിഷയങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ള നിരീക്ഷണങ്ങള്‍ ഒന്നും ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അഥവാ ശുദ്ധശാസ്‌ത്രമല്ല ഇവയൊന്നും. എല്ലാ സിദ്ധാന്തങ്ങളെയും കോര്‍ത്തിണക്കി ഒരു സാര്‍വത്രിക സിദ്ധാന്തം (Theory of everything) രൂപീകരിക്കാന്‍ ഭൗതിക ശാസ്‌ത്രജ്ഞന്മാര്‍ വര്‍ഷങ്ങളായി ശ്രമിക്കുന്നു. ഇതിന്റെ ഫലമായി പുറത്തുവന്ന സ്‌ട്രിംഗ്‌ തിയറി പ്രകാരം പ്രപഞ്ചത്തിന്‌ അഞ്ച്‌ വ്യത്യസ്‌ത മാതൃകകള്‍ ഉണ്ട്‌. ഇവയുടെ സംഘാതമായ മാതൃസിദ്ധാന്തം (mother theory) അനേകം പ്രപഞ്ചങ്ങളെ നിര്‍ദേശിക്കുന്നുണ്ട്‌. ഇതുപോലെ തന്നെ നാസ്‌തിക ശാസ്‌ത്രത്തെ തകിടംമറിച്ച ക്വാണ്ടം ബലതന്ത്രം വിശദീകരിച്ചുകൊണ്ട്‌ നില്‍സ്‌ബോര്‍ പറയുന്നത്‌, ``പ്രകൃതി എങ്ങനെയാണെന്നു കണ്ടുപിടിക്കുകയെന്നതാണ്‌ ഭൗതികശാസ്‌ത്രത്തിന്റെ ധര്‍മമെന്ന്‌ ചിന്തിക്കുന്നത്‌ തെറ്റാണ്‌. പ്രകൃതിയെക്കുറിച്ച്‌ എന്തുപറായന്‍ കഴിയുമെന്നതിനെക്കുറിച്ചു മാത്രമാണ്‌ ഭൗതികശാസ്‌ത്രം താല്‍പര്യപ്പെടുന്നത്‌.''
ഭൗതിക ശാസ്‌ത്രത്തെ പൂര്‍ണ നാസ്‌തികതയുടെ ആലയില്‍ കെട്ടാനുള്ള ശ്രമങ്ങളെ തകര്‍ത്തെറിയാന്‍ പുതിയ അറിവുകള്‍ക്കും അഹങ്കാരമില്ലാത്ത ശാസ്‌ത്രജ്ഞന്മാര്‍ക്കും സാധിച്ചിരുന്നുവെങ്കിലും ഒരു അടക്കിവാഴലിന്റെ കരുത്തോടെയാണ്‌ നാസ്‌തികശാസ്‌ത്രം പിടിമുറുക്കിയത്‌.
പിടിതരാത്ത പ്രപഞ്ച രഹസ്യങ്ങള്‍
``പ്രപഞ്ചത്തിലെ ഒരു ഗാലക്‌സി നമ്മില്‍ നിന്ന്‌ എത്ര ദൂരെയാണ്‌ എന്നതിന്റെ അനുപാതത്തിലാണ്‌ അത്‌ അതിവേഗം നമ്മില്‍ നിന്ന്‌ അകന്നോടുന്നത്‌'' എന്ന ഹബ്‌ര്‍ നിയമം സ്ഥൂലപ്രപഞ്ച പഠനത്തെ സ്‌തംഭനാവസ്ഥയിലാക്കിയിരിക്കുകയാണ്‌.
ദൈ്വതസ്വഭാവിയായ ഇലക്‌ട്രോണിന്റെ സ്ഥാനമോ പ്രവേഗമോ ഒരേ സമയം കണക്കാക്കാന്‍ സാധ്യമല്ല. കാരണം അവ നിരീക്ഷണ വിധേയമാകുമ്പോള്‍ തന്നെ പരസ്‌പരം സ്വാധീനിക്കപ്പെട്ട്‌ മാറിക്കൊണ്ടിരിക്കുന്നു. സൂക്ഷ്‌മലോകത്തെ അനിശ്ചിതത്വങ്ങള്‍ ഇപ്രകാരമാണ്‌ വര്‍ധിച്ചുവരുന്നത്‌. എങ്കില്‍ തന്നെയും ചില പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തോടെ ചില നിരീക്ഷണങ്ങളെ തിരഞ്ഞുപിടിച്ച്‌ ശാസ്‌ത്ര പഠനപുസ്‌തകങ്ങളില്‍ ഇടം നല്‍കുന്നതിന്‌ പുറകിലെ ഒളിയജണ്ടകള്‍ പഠനവിധേയമാക്കേണ്ടതാണ്‌.
1373 കോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പുണ്ടായ ഒരു മഹാവിസ്‌ഫോടനം (Bigbang theory) പ്രപഞ്ചോല്‌പത്തിക്കു തുടക്കംകുറിച്ചതായി കരുതപ്പെടുന്നു. ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി ഭൗതികശാസ്‌ത്ര പാഠപുസ്‌തകങ്ങളില്‍ ഈ തിയറി പഠിപ്പിക്കുന്നുണ്ട്‌. ഇതു പ്രകാരം അതികഠിനമായ ചൂടില്‍ അനന്ത സാന്ദ്രതയുള്ളതും എന്നാല്‍ ഏതാനും മില്ലീമീറ്റര്‍ മാത്രം വ്യാസമുള്ളതുമായ ഒരു വസ്‌തു പൊട്ടിത്തെറിച്ച്‌ ഉരുത്തിരിഞ്ഞതത്രെ ഈ അനന്തമായി വികസിക്കുന്ന പ്രപഞ്ചം. ആദി മുതല്‍ അസ്‌തിത്വമുള്ള ഈ `കോസ്‌മിക്‌ മുട്ട' (cosmic egg) യെക്കുറിച്ച്‌ മഹാ വിസ്‌ഫോടന സിദ്ധാന്തം വിഷയമാക്കുന്നില്ലെങ്കിലും തുടര്‍ന്നുള്ള സംഭവവികാസങ്ങളിലേക്ക്‌ അത്‌ വെളിച്ചം നല്‍കുന്നുണ്ട്‌. ഈ സിദ്ധാന്തത്തിന്റെ തുടക്കം മുതലേ സംശയങ്ങള്‍ ചോദിക്കാനും ഉത്തരംകിട്ടാതെ നിരാശരാവാനുമുള്ള വകുപ്പുകള്‍ ഏറെയുണ്ട്‌. നാസ്‌തികശാസ്‌ത്രത്തെ സംശയത്തില്‍ നിര്‍ത്തുന്ന ആദി കാരണങ്ങളെ ഒഴിവാക്കി പ്രപഞ്ചത്തിന്‌ ഒരു സ്ഥിരസ്ഥിതി മാതൃക (steady state theory) സംഭാവന ചെയ്യാന്‍ നാസ്‌തികസമൂഹം ശ്രമിച്ചെങ്കിലും `യുക്തി' കൂടിയവരുടെ അഭാവംകൊണ്ട്‌ തള്ളിപ്പോയി. പക്ഷെ, ഈ സിദ്ധാന്തത്തെ പാഠപുസ്‌തകത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഇവര്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌.
വിശ്വാസത്തിലുള്ള വിശ്വാസം
ജീവന്റെ ഉല്‌പത്തി, വികാസം, പരിണാമം തുടങ്ങിയ വിഷയങ്ങള്‍ സ്‌കൂള്‍ ജീവശാസ്‌ത്ര പാഠപുസ്‌തകങ്ങളില്‍ ചര്‍ച്ച ചെയ്‌തിരിക്കുന്നത്‌ തികച്ചും നാസ്‌തിക കടുംപിടുത്തക്കാരന്റെ ഭാഷയിലാണ്‌. പരിണാമം ശാസ്‌ത്ര ദൃഷ്‌ടിയില്‍ എന്ന ഗ്രന്ഥത്തില്‍ ആര്‍തര്‍ കെയ്‌റ്റ്‌ എല്ലാ ഒളിയജണ്ടകളും തുറന്നെഴുതുന്നത്‌ ശ്രദ്ധേയമാണ്‌: ``പരിണാമവാദം തെളിയിക്കപ്പെട്ടിട്ടില്ല. തെളിയിക്കപ്പെടുകയുമില്ല. ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നതിന്‌ കാരണം അത്‌ വിശ്വസിച്ചില്ലെങ്കില്‍ ദൈവം എല്ലാം സൃഷ്‌ടിച്ചു എന്ന്‌ വിശ്വസിക്കേണ്ടിവരും. അത്‌ ഞങ്ങള്‍ക്ക്‌ ചിന്തിക്കാനേ വയ്യ.''
പത്ത്‌, പന്ത്രണ്ട്‌ ക്ലാസുകളിലെ ജീവശാസ്‌ത്ര പാഠപുസ്‌തകങ്ങളില്‍ ഇപ്രകാരം വായിക്കാം: ``ആദിയില്‍ ഭൂമി ചൂടുള്ള ഒരു വാതകഗോളമായിരുന്നു. തണുത്തപ്പോള്‍ ആറ്റങ്ങള്‍ സംയോജിച്ച്‌ തന്മാത്രകള്‍ ഉണ്ടായി. വാതകങ്ങള്‍ ദ്രാവകങ്ങളായും ദ്രാവകങ്ങള്‍ ഖരങ്ങളായും മാറി. ജലം ബാഷ്‌പീകരിച്ച്‌ ഭൂമിക്കു ചുറ്റും നീരാവിയുടെ ആവരണമുണ്ടായി.... തണുത്ത്‌ മഴയായി പെയ്‌തു. ഭൂമി ജലത്തിന്നടിയിലായി.... രാസപരിണാമ സിദ്ധാന്തപ്രകാരം ലഘുവായ അജൈവിക തന്മാത്രകളുടെ `ആകസ്‌മിക' സംയോജനത്തിന്റെ ഫലമായി ജീവനുണ്ടായി.....''
ഫോസ്‌ഫറസ്‌, പഞ്ചസാര, കാര്‍ബണ്‍, നൈട്രജന്‍ സംയുക്തങ്ങള്‍ ചേര്‍ന്നുണ്ടായ ന്യൂക്ലിക്‌ അമ്ലങ്ങള്‍ പ്രോട്ടീനുമായി സഹകരിച്ച്‌ ആദ്യ ജീവവസ്‌തുവായ `ന്യൂക്ലിയോ പ്രോട്ടീന്‍' ഉണ്ടാക്കി. ഇവ സ്വയം ഇരട്ടിക്കും. 1953-ല്‍ മില്ലറും യുറേയും ചേര്‍ന്ന്‌ ലബോറട്ടറിയില്‍ അമിനോ അമ്ലം നിര്‍മിച്ചു. ഇത്‌ ന്യൂക്ലിയോ പ്രോട്ടോണോ സ്വയം ഇരട്ടിക്കുന്ന ജീവകണമോ ആയില്ല. ആദ്യജീവിയെന്ന്‌ പറയാനും ഇതുവരെ കഴിഞ്ഞില്ല. പക്ഷെ, ജീവന്റെ ഉല്‍പത്തി രാസപരിണാമശാസ്‌ത്ര പ്രകാരമാണെന്ന്‌ വിശ്വസിക്കണമെന്ന്‌ നാസ്‌തികശാസ്‌ത്രം നിര്‍ബന്ധപൂര്‍വം പഠിപ്പിക്കുന്നു.
``ആദിയില്‍ ഓക്‌സിജന്‍ സ്വതന്ത്രരൂപത്തില്‍ ഇല്ലായിരുന്നു. പ്രകാശസംശ്ലേഷണത്തിലൂടെ ആദി സസ്യങ്ങള്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിച്ചു. ഇവ ചേര്‍ന്ന്‌ ഓസോണ്‍ പാളിയുണ്ടായി...'' പ്രകാശസംശ്ലേഷണം നടക്കാന്‍, ജീവന്റെ നിലനില്‌പിന്‌ ഓക്‌സിജന്‍ നിര്‍ബന്ധമാണെന്ന, തെളിയിക്കപ്പെട്ട ശാസ്‌ത്രസത്യത്തെ നാസ്‌തികശാസ്‌ത്രം തള്ളിക്കളയുന്നു. ഓസോണ്‍ പാളിയാണ്‌ ഭൂമിയിലെ ജീവന്‍ നിലനിര്‍ത്തുന്നത്‌. എന്നാല്‍ പരിണാമത്തിലെ പ്രാരംഭദശയിലെ `ശേഷികുറഞ്ഞ' ജീവികള്‍ക്ക്‌ മാരകമായ അള്‍ട്രാവയലറ്റ്‌ വികിരണങ്ങളെ വരെ ചെറുക്കാമായിരുന്നുവത്രേ...!! സര്‍വൈവല്‍ ഓഫ്‌ ദി ഫിറ്റസ്റ്റും ചെറുതില്‍ നിന്ന്‌ വലുതിലേക്കും ലളിതത്തില്‍ നിന്ന്‌ സങ്കീര്‍ണതയിലേക്കുമാണ്‌ ലാമാര്‍ക്കും ഡാര്‍വിനുമെല്ലാം അവതരിപ്പിച്ച നാസ്‌തികശാസ്‌ത്രം അടിസ്ഥാന വിശ്വാസമായി കരുതുന്ന പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നത്‌. പക്ഷെ മുകളില്‍ പറഞ്ഞ വൈരുധ്യങ്ങള്‍ എങ്ങനെ വിശദമാക്കും
മനുഷ്യന്‍ എന്ന മൃഗം
നാലുകാലില്‍ പൂര്‍ണ കുരങ്ങനായി നടന്ന്‌ ക്രമേണ നടുനിവര്‍ത്തി ആള്‍കുരങ്ങായി അവസാനം രണ്ടുകാലില്‍ നടക്കുന്ന മനുഷ്യനായി മാറുന്ന പ്രതീകാത്മക ചിത്രം പാഠപുസ്‌തകങ്ങളിലെ ഒഴിവാക്കാനാവാത്ത ഭാഗമാണ്‌. നാസ്‌തിക ശാസ്‌ത്രപഠനത്തിലൂടെ പുറത്തുവരുന്ന ഓരോ കുട്ടിയിലും താനൊരു മൃഗമായിരുന്നു എന്ന ബോധം കുത്തിവെയ്‌ക്കപ്പെടുന്നു. ഈ വിദ്യാര്‍ഥി അനുയോജ്യ സാഹചര്യങ്ങളില്‍ മൃഗീയത പ്രകടമാക്കിയാല്‍, അത്‌ സഹജമാണെന്ന തെറ്റായ ധാരണ അബോധത്തില്‍ കൊണ്ടുനടക്കുന്നു.
ഡാര്‍വിന്റെ സമകാലികരായ മാര്‍ക്‌സും ഏംഗല്‍സും തങ്ങളുടെ ദാര്‍ശനികാടിത്തറ രൂപപ്പെടുത്താനും തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ഡാര്‍വിനിസത്തെ ഉപയോഗിച്ചിട്ടുണ്ട്‌. മാര്‍ക്‌സിന്റെ മൂലധനത്തിന്റെ ഒന്നാം വാള്യം ഡാര്‍വിന്‌ അയച്ചുകൊടുത്തതായും രണ്ടാംവാള്യം ഡാര്‍വിന്‌ സമര്‍പ്പിച്ചതായും ചരിത്രമുണ്ട്‌. കൂടാതെ 1862 ജനുവരി 16-ന്‌ തന്റെ സുഹൃത്തായ സ്റ്റാലിന്‌ എഴുതിയ കത്തില്‍ മാര്‍ക്‌സ്‌ പറയുന്നു:
``ഡാര്‍വിന്റെ കൃതി അതിപ്രധാനമാണ്‌, ചരിത്രത്തിലെ വര്‍ഗസമരത്തിന്‌ പ്രകൃതിശാസ്‌ത്രപരമായ അടിസ്ഥാനം അത്‌ പ്രദാനം ചെയ്യുന്നു.'' തങ്ങള്‍ക്ക്‌ അടിസ്ഥാനമുണ്ടാക്കാന്‍ ഇവരുടെ പിന്‍ഗാമികള്‍ പാഠപുസ്‌തകങ്ങളിലെല്ലാം നാസ്‌തികശാസ്‌ത്ര വിശ്വാസങ്ങള്‍ കുത്തിനിറച്ചു. പഴയകാലത്തെ മതപൗരോഹിത്യവും കൊളോണിയലിസവുമെല്ലാം ഇവര്‍ക്ക്‌ സഹായകരമായി.
കേരളത്തിലും പുറത്തും പാഠപുസ്‌തക നിര്‍മിതിയില്‍ ഇത്തരമൊരു മണ്ണൊരുക്കല്‍ തുടരുകയാണ്‌. തെളിയിക്കപ്പെട്ട സത്യങ്ങള്‍ മാത്രമുള്ള ശുദ്ധശാസ്‌ത്രബോധം തകര്‍ത്തുകളഞ്ഞ്‌ നിഷേധത്തിന്റെയും നിരാസത്തിന്റെയും നാസ്‌തികവിശ്വാസങ്ങള്‍ കുത്തിനിറച്ച പാഠപുസ്‌തകങ്ങള്‍ ഇവരുടെ ബുദ്ധിസഞ്ചിയില്‍ വളര്‍ന്നുപന്തലിക്കുന്നു.
അന്വേഷണത്വര വര്‍ധിപ്പിക്കണം
ഡാര്‍വിന്റെ പരിണാമസിദ്ധാന്തം വ്യക്തമായ ശാസ്‌ത്രീയസത്യം എന്ന നിലക്ക്‌ ഹൈസ്‌കൂള്‍ ക്ലാസ്സുകളിലും (പത്താംക്ലാസ്‌ ബയോളജി) പ്ലസ്‌ടു ക്ലാസുകളിലെ സുവോളജി പുസ്‌തകത്തിലും പഠിപ്പിക്കുന്നുണ്ട്‌. ഡാര്‍വിന്‍ തന്നെയും, അതുപോലെ ഡാര്‍വിനിസത്തിന്റെ ശക്തരായ വക്താക്കളും തങ്ങളുടെ പുസ്‌തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പരിണാമവാദത്തിന്‌ വിരുദ്ധമായി കുറെ പ്രകൃതിസത്യങ്ങള്‍ ഉന്നയിക്കാറുണ്ട്‌. അതൊന്നും പാഠപുസ്‌തകങ്ങളിലോ അധ്യാപകര്‍ക്കുള്ള കൈപ്പുസ്‌തകങ്ങളിലോ പരാമര്‍ശിക്കുന്നില്ല. മഹാവിസ്‌ഫോടന സിദ്ധാന്തത്തോടൊപ്പം ഇപ്പോള്‍ ശാസ്‌ത്രലോകം പുറംതള്ളിയ സ്ഥിരസ്ഥിതിവാദം പരാമര്‍ശിക്കുന്നുണ്ട്‌. എന്നാല്‍, ഈയൊരു വിശാലത മുമ്പ്‌ പറഞ്ഞ കാര്യങ്ങളില്‍ പാലിക്കാതെ പോകുന്നു. ജീവപരിണാമം, ജ്യോതിഷം, പ്രപഞ്ചോല്‍പത്തി തുടങ്ങിയ വിഷയങ്ങള്‍ പഠനവിധേയമാക്കുന്നതിന്‌ ശാസ്‌ത്രത്തിനുള്ള പരിമിതികള്‍ ബോധ്യപ്പെടുത്താന്‍ പാഠപുസ്‌തകങ്ങള്‍ ശ്രമിക്കുന്നില്ല. യഥാര്‍ഥത്തില്‍ ഇത്തരം ബോധ്യപ്പെടുത്തലുകള്‍ വിദ്യാര്‍ഥിയുടെ അന്വേഷണ ത്വരയെ വര്‍ധിപ്പിക്കുന്നതിനും വിദ്യാഭ്യാസം ജനാധിപത്യവത്‌കരിക്കുന്നതിനും അനിവാര്യമാണ്‌.
മതമില്ലാത്ത ജീവന്‍
മതേതരത്വം മതനിരാസമായും ശാസ്‌ത്രപഠനം അതിനുള്ള ആയുധമായും ഉപയോഗപ്പെടുത്തി ഇവര്‍ ഭാരതത്തിലെ 99 ശതമാനം വരുന്ന മതവിശ്വാസികളെ അവഗണിച്ച്‌ ഒരു ശതമാനത്തില്‍ താഴെയുള്ള മതമില്ലാത്ത ജീവനുകള്‍ക്കുവേണ്ടി പൊരുതുന്നു. നാസ്‌തികശാസ്‌ത്രം വിശ്വാസങ്ങളിലൂടെ മാത്രം പ്രപഞ്ചത്തെ നിര്‍ബന്ധപൂര്‍വം വായിപ്പിക്കാന്‍ ശ്രമിക്കുന്നു.
എന്നാല്‍ ശുദ്ധശാസ്‌ത്രം തെളിയിക്കപ്പെട്ട ശാസ്‌ത്രസത്യങ്ങള്‍ വിനിമയം ചെയ്‌ത്‌ വിവിധ വീക്ഷണങ്ങളെയും ആശയങ്ങളെയും മനുഷ്യബുദ്ധിക്കു മുമ്പില്‍ വരച്ചുകാണിക്കുന്നു. യാഥാര്‍ഥ്യബോധത്തോടെ ഇനിയും മുന്നേറാന്‍ അത്‌ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ചലനാത്മകമായ പ്രപഞ്ചം അലക്ഷ്യമായ ഒരു പ്രയാണല്ല നടത്തുന്നത്‌. ജീവനും ജീവിതവും ആകസ്‌മികതയുടെ അസംബന്ധമല്ല. സൂക്ഷ്‌മവും സ്ഥൂലവുമായ ഭൗതിക പ്രപഞ്ച സത്യങ്ങളെല്ലാം അത്യന്തം കണിശമായ നിയമവ്യവസ്ഥയാല്‍ ബന്ധിതമാണെന്നും അതിസൂക്ഷ്‌മ നിയന്ത്രണത്താല്‍ സന്തുലിതമായി വര്‍ത്തിക്കുകയാണെന്നും പഠിച്ചറിയാനുള്ളതാണ്‌ ശാസ്‌ത്രബോധം.
``നിന്നെ സൃഷ്‌ടിക്കുകയും സംവിധാനിക്കുകയും ശരിയായ അവസ്ഥയിലാക്കുകയും താനുദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കുകയും ചെയ്‌തവനത്രെ അവന്‍.'' (വി.ഖു)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: