വീണുടയുന്ന വിഗ്രഹങ്ങള്‍

  • Posted by Sanveer Ittoli
  • at 9:46 AM -
  • 0 comments
വീണുടയുന്ന വിഗ്രഹങ്ങള്‍

- കുറിപ്പുകള്‍ -
പ്രഗത്‌ഭനായ രാഷ്‌ട്രമീമാംസകന്‍, അനുഗൃഹീത ഗായകന്‍, ഉന്നതനായ ശാസ്‌ത്രജ്ഞന്‍, പ്രതിഭാധനനായ സര്‍ഗസാഹിത്യകാരന്‍, കളിക്കളത്തിലെ വിസ്‌മയമായ കളിക്കാരന്‍, ലബ്‌ധപ്രതിഷ്‌ഠനായ അഭിനേതാവ്‌ തുടങ്ങിയവരില്‍ ആരാണ്‌ കേമന്‍ എന്നു ചോദിച്ചാല്‍ ഓരോരുത്തരും ഓരോരോ തലത്തില്‍ പ്രതിഭകളാണ്‌ എന്നാണല്ലോ സത്യസന്ധമായ ഉത്തരം. കാരണം ഇവരില്‍ പലരും തങ്ങളുടേതല്ലാത്ത മേഖലകളില്‍ ചിലപ്പോള്‍ പൂജ്യമായിരിക്കാം.
ഇത്‌ പ്രകൃതി നിയമവും അനുഭവ യാഥാര്‍ഥ്യവുമാണ്‌. ഈ സത്യം ഉള്‍ക്കൊള്ളാന്‍ മാത്രം തന്റേടമില്ലാത്തവരാണ്‌ താരാരാധനയും വീരാരാധനയുമായി നടക്കുന്നതും പലരുടെയും പേരില്‍ `ഫാന്‍സ്‌' രൂപീകരിക്കുന്നതും. പ്രതിഭകളെ ആദരിക്കാത്തവരില്ല. അംഗീകരിക്കാത്തവരില്ല. എന്നാല്‍ ഏത്‌ `താര'ത്തെയും `ആരാധി'ക്കേണ്ടതില്ല. തനിക്ക്‌ സ്രഷ്‌ടാവ്‌ നല്‌കിയ കഴിവുപയോഗപ്പെടുത്തി മികവു കാട്ടിയാല്‍, ജനങ്ങള്‍ തന്റെ പ്രകടനം സ്വീകരിച്ചാസ്വദിച്ചാല്‍, തന്റെ പ്രകടനത്തില്‍ ഹിയര്‍ വിളിച്ചാല്‍... ലോകം തന്റെ കാല്‍ക്കീഴിലാണ്‌ എന്നു കരുതി അഹങ്കരിക്കുന്നവന്‍ വിവേകശാലിയല്ല. അര്‍ഹതയ്‌ക്കുള്ള അംഗീകാരം തേടുകയും നേടുകയും ആവാം. അതില്‍ അപാകമില്ല.
എന്നാല്‍ കലയുടെ ഒരുഭാഗം മാത്രമായ അഭിനയരംഗത്ത്‌ മികവ്‌ പുലര്‍ത്തിയവരും കളിക്കളത്തില്‍ ശോഭിച്ചവരും അഥവാ സിനിമാനടന്‍മാരും, ഫുട്‌ബാള്‍, ക്രിക്കറ്റ്‌ മുതലായ കളിക്കാരും ഈ പരിധിക്കപ്പുറം വാഴ്‌ത്തപ്പെടുകയും സമൂഹത്തിനു മുന്നില്‍ വാഴ്‌ത്തപ്പെടാനായി ഞെളിഞ്ഞുനില്‌ക്കുന്നവരുമാണ്‌. സിനിമാ പ്രേമികളും പരസ്യക്കച്ചവടക്കാരും മള്‍ട്ടിമീഡിയ ഉണ്ടാക്കിയ ആരവത്തോടെ ത ങ്ങള്‍ക്കു നല്‌കിയ പോപ്പുലാരിറ്റി താരങ്ങള്‍ വിറ്റുകാശാക്കി കോടികള്‍ സമ്പാദിക്കുന്നു. അതാണ്‌ ഓരോ കുത്തക കമ്പനിക്കാരുടെയും ബ്രാന്റ്‌ അംബാസഡര്‍മാരായി താരങ്ങ ള്‍ രംഗത്തുവരുന്നത്‌. താരങ്ങളും പരസ്യക്കാരും മീഡിയയും ചേര്‍ന്നൊരുക്കുന്ന ആസൂത്രിതമായ പൊങ്ങച്ചത്തിന്റെ ദൂഷിത വലയങ്ങളില്‍ `പൊതുജനം' കണ്ണുമിഴിച്ച്‌ കുത്തിയിരിക്കുകയാണ്‌. ഈ താരങ്ങള്‍ ജനമനസ്സുകളില്‍ വിഗ്രഹങ്ങളായി പ്രതിഷ്‌ഠിക്കപ്പെടുകയാണ്‌. പിന്നെ ഈ വിഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞുകൂടാത്തതില്ല; ചെയ്‌തുകൂടാത്തതുമില്ല. സമകാലിക സംഭവങ്ങള്‍ തരുന്ന പാഠങ്ങളിലൊന്ന്‌, ഇത്തരം താരങ്ങളധികവും ജീര്‍ണതയുടെ ബ്രാന്റ്‌ അംബാസഡര്‍മാരാണ്‌ എന്നതാണ്‌.
ഇക്കാര്യം ഇപ്പോള്‍ എടുത്തുപറയാന്‍ ഒരു പശ്ചാത്തലമുണ്ട്‌. ബോളിവുഡിലെ അതികായകരിലൊരാള്‍, സഞ്‌ജയ്‌ ദത്ത്‌, മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റക്കാരനാണെന്ന്‌ തെളിഞ്ഞതിനാല്‍ കോടതി അയാള്‍ക്ക്‌ അഞ്ചുവര്‍ഷം തടവ്‌ ശിക്ഷയായി വിധിച്ചിരിക്കുന്നു. 1993 മാര്‍ച്ച്‌ 12-ന്‌ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ ബോംബ്‌ സ്‌ഫോടനത്തില്‍ 257 പേര്‍ മരണപ്പെടുകയും എഴുന്നൂറിലേറെ പേര്‍ക്ക്‌ പരുക്ക്‌ പറ്റുകയും ചെയ്‌തതായാണ്‌ റിപ്പോര്‍ട്ട്‌. മുംബൈ അധോലോക നായകന്‍ ദാവൂദ്‌ ഇബ്‌റാഹീമും സംഘവും പാക്‌ചാരസംഘം ഐ എസ്‌ ഐയുടെ പിന്തുണയോടെ സ്‌ഫോടനപരമ്പര നടത്തി എന്നാണ്‌ കേസ്‌. ആ സ്‌ഫോടനത്തിനായി ഉപയോഗിച്ചവയില്‍പെട്ട 9 എം എം പിസ്റ്റളും എ കെ 56 തോ ക്കും കൈവശം വയ്‌ക്കുകയും പിന്നീട്‌ അത്‌ നശിപ്പിക്കുകയും ചെയ്‌തതിനാണ്‌ കോടതി സഞ്‌ജയ്‌ ദത്തിനെ ശിക്ഷിച്ചത്‌. സിനിമാരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരു കലാകാരന്‍ രാജ്യദ്രോഹകുറ്റത്തിന്‌ ശിക്ഷിക്കപ്പെട്ടത്‌ ബോളിവുഡിന്‌ നാണക്കേടായത്രെ. ആരാധകര്‍ക്ക്‌ സഹിക്കുന്നില്ലത്രെ. വാസ്‌തവം മുഖാമുഖം കാണുമ്പോള്‍ വിഗ്രഹങ്ങള്‍ വീണുടഞ്ഞുകൊണ്ടിരിക്കും.
അവിവേകികളുടെ മനസ്സില്‍ കള്‍ട്ടുകളായി രൂപന്തരപ്പെട്ടുകഴിഞ്ഞ രജനീകാന്തും മലയാളത്തിലെ `സൂപ്പര്‍സ്റ്റാര്‍' മോഹന്‍ലാലും കോടതി ശിക്ഷിച്ച സഞ്‌ജയ്‌ ദത്തിന്‌ സോഷ്യല്‍ മീഡിയ വഴി പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കാനും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ വെള്ളപൂശാനും ഇവര്‍ക്കു ധൈര്യം പകര്‍ന്നത്‌ തങ്ങളുടെ പോപ്പുലാരിറ്റിയോ സാമ്പത്തിക പിന്‍ബലത്തിന്റെ സെക്യൂരിറ്റിയോ? 
ആരാണീ മോഹന്‍ലാല്‍? മലയാളിയുടെ അഭിമാനത്തിന്റെ പുറത്തുകയറി കൊഞ്ഞനംകുത്തി കള്ളു കമ്പനിയുടെ ബ്രാന്റ്‌ അംബാസഡറായി രംഗത്തുവന്നവയാളാണ്‌. നാടുനീളെ `വൈകീട്ടെന്താ പരിപാടി!' എന്ന ദുര്‍മന്ത്രണവുമായി ഫ്‌ളെക്‌സില്‍ നിറഞ്ഞുനിന്ന ആളാണ്‌. രാജ്യനിയമങ്ങള്‍ക്ക്‌ വിരുദ്ധമായി ആനക്കൊമ്പ്‌ കൈവശം വച്ചതിന്‌ കേസില്‍ കുടുങ്ങിയവനാണ്‌. ആദായനികുതി വകുപ്പിന്റെ മുന്നില്‍ ഇവരൊക്കെ എത്രമാത്രം കുറ്റക്കാരാണ്‌?
അമിതാഭ്‌ ബച്ചനുള്‍പ്പെടെയുള്ള വന്‍കിട താരങ്ങള്‍ തങ്ങളുടെ നികുതി കുടിശ്ശിക അടച്ചാല്‍ ഗവണ്‍മെന്റിന്റെ ലോകബാങ്കിലെ പലിശ തീര്‍ക്കാം. എന്നിട്ട്‌ സഹപ്രവര്‍ത്തകന്‍ രാജ്യദ്രോഹക്കുറ്റത്തില്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ കോടതിക്കെതിരെ അസഹിഷ്‌ണുത കാണിക്കുകയോ? കാശ്‌മീരില്‍ കൊല്ലപ്പെട്ട തന്റെ മകന്‍ ഭീകരവാദിയാണെങ്കില്‍ അവന്റെ മയ്യിത്ത പോലും തനിക്ക്‌ കാണേണ്ട എന്നു പ്രതികരിച്ച കണ്ണൂരിലെ, വിവരമേറെയില്ലാത്ത, മുസ്‌ലിം സ്‌ത്രീയുടെ രാജ്യസ്‌നേഹവും ഈ `നക്ഷത്ര'ങ്ങളുടെ രാജ്യദ്രോഹ മനോഭാവവും താരതമ്യപ്പെടുത്താന്‍ ഏതെങ്കിലും മീഡിയ ശ്രമിച്ചുവോ?
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട്‌ ഒന്‍പതു വര്‍ഷം ജയില്‍വാസം അനുഭവിച്ചശേഷം അപരാധിയല്ല എന്ന്‌ തീര്‍പ്പു കല്‌പിച്ചു വിടപ്പെട്ട അബ്‌ദുന്നാസര്‍ മഅ്‌ദനിയെ വീണ്ടും ബംഗളൂരു ബോംബ്‌ സ്‌ഫോടനത്തില്‍ കുറ്റംചാര്‍ത്തി കര്‍ണാടക ജയിലിലടച്ചതിന്റെ പുകില്‍ നാം കേള്‍ക്കുന്നു. അദ്ദേഹം സാക്ഷികളെ സ്വാധീനിച്ചു എന്ന നിഗമനം ശരിയല്ലെന്ന അഭിപ്രായം പറഞ്ഞ പത്രപ്രവര്‍ത്തക ഷാഹിന ക്രൂശിക്കപ്പെടുന്നു.
ഹൈദരാബാദ്‌ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട്‌ വര്‍ഷങ്ങള്‍ ജയിലിലടക്കപ്പെട്ട ചെറുപ്പക്കാര്‍ നിരപരാധികളെന്ന്‌ മാത്രമല്ല, കെട്ടിച്ചമച്ച കേസായിരുന്നു അതെന്ന്‌ തെളിയുകയും ചെയ്‌തു. എന്നിട്ടോ? അതേസമയം മുംബൈ സ്‌ഫോടനക്കേസില്‍ തൊണ്ടിസഹിതം പിടികൂടപ്പെട്ട്‌ സാക്ഷിവിസ്‌താരം കഴിഞ്ഞ്‌ ശിക്ഷിക്കപ്പെട്ട വ്യക്തിക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയോ? ന്യായമായ അപ്പീലും മറ്റു നടപടികളും സ്വീകരിക്കുക എന്നല്ലാതെ! ബോംബ്‌ സ്‌ഫോടനത്തിലും വിഭാഗീയതയോ? ഇതിന്റെ പേരാണ്‌ മിതമായി പറഞ്ഞാല്‍ വിവേചനം.
ചേര്‍ത്തു വായിക്കേണ്ട ഒന്നുകൂടിയുണ്ട്‌. നിരപരാധികളാണെന്നറിഞ്ഞുകൊണ്ടു തന്നെ മുസ്‌ലിം യുവാക്കളെ ഭീകരവാദമാരോപിച്ച്‌ തടവില്‍ വയ്‌ക്കാന്‍ ശ്രമിക്കുന്ന ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വെളിപ്പെടുത്തിയത്‌ മാര്‍ച്ച്‌ ഇരുപത്തി നാലിനാണ്‌. 
ഒരു ഭാഗത്ത്‌ AFSPA യും UAPA യും ദുരുപയോഗപ്പെടുത്തി പാവപ്പെട്ടവരെ പീഡിപ്പിക്കുക. മറുഭാഗത്ത്‌ കുറ്റവാളികളെ ശിക്ഷിച്ചാല്‍ സാംസ്‌കാരിക നായകന്മാര്‍ ധര്‍മരോഷം കൊള്ളുക. ഇത്തരക്കാരെ താരപരിവേഷമണിയിക്കുക. ഭാരത സംസ്‌കാരത്തിന്‌ യോജിച്ചതല്ല ഈ പ്രവണത. എന്നു മാത്രമല്ല, രാജ്യസുരക്ഷിതത്വത്തിനു തന്നെ ഈ നിലപാടുകള്‍ ഭീഷണിയായിത്തീരുമെന്നതില്‍ സംശയമില്ല. പ്രബുദ്ധ കേരളം ഉണരുക. വായില്‍ വരുന്നതെല്ലാം വിളിച്ചുപറയുന്നത്‌ വിവേകമല്ല. മിഥ്യയുടെ മേല്‍ സ്ഥാപിക്കപ്പെട്ട വിഗ്രഹങ്ങള്‍ വീണുടയുക തന്നെ ചെയ്യും.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: