ബംഗാളിന്റെ ഇസ്‌ലാഹി വിപ്ലവം

  • Posted by Sanveer Ittoli
  • at 8:25 PM -
  • 0 comments
ബംഗാളിന്റെ ഇസ്‌ലാഹി വിപ്ലവം


- ഫീച്ചര്‍ -
മൗലാന അമീനുദ്ദീന്‍
കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക്‌ പല കാര്യങ്ങളിലും മാതൃകയാണ്‌. `കേരള മോഡല്‍' എന്നൊരു സംജ്ഞ തന്നെ രൂപപ്പെട്ടിട്ടുണ്ട്‌. സാക്ഷരത, വിദ്യാഭ്യാസം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ കാര്യങ്ങളിലെന്ന പോലെ വഖഫ്‌ പരിപാലനം, മദ്‌റസ സംവിധാനം, അരബിഭാഷാ പഠനം, പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കേരള മുസ്‌ലിംകള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ക്ക്‌ മാതൃകയാണ്‌. കേരളത്തില്‍ നടന്ന മുസ്‌ലിം നവോത്ഥാന മുന്നേറ്റങ്ങളും അതിനു നേതൃത്വംവഹിച്ച ഇസ്‌ലാഹി പ്രസ്ഥാനവും മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ പ്രചോദനമാകുന്നുണ്ട്‌.
കേരള മാതൃകയിലെ വിദ്യാഭ്യാസ-സാമൂഹിക മുന്നേറ്റങ്ങള്‍ സൃഷ്‌ടിക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ പണ്ഡിത നേതൃത്വവും സമുദായസ്‌നേഹികളും രംഗത്തുവരുന്നത്‌ പ്രശംസാര്‍ഹമാണ്‌. അവര്‍ക്ക്‌ പ്രചോദനമാകുന്നത്‌, കേരളത്തില്‍ സജീവ സാന്നിധ്യമറിയിക്കുന്ന പ്രബോധന പ്രവര്‍ത്തനങ്ങളും ഇവിടത്തെ മുസ്‌ലിംകളുടെ ജീവിതനിലവാരത്തിലുള്ള ഉന്നതിയുമാണെന്നതില്‍ സംശയമില്ല. കേരളത്തിലെ ഇസ്‌ലാഹി പ്രവര്‍ത്തനം മാതൃകയാക്കി ഉത്തരേന്ത്യയില്‍ പ്രവര്‍ത്തന ഗോദയിലിറങ്ങിയ നിരവധി പേരുണ്ട്‌. അവരില്‍ പ്രമുഖനാണ്‌ മൗലാന അമീനുദ്ദീന്‍ സാഹിബ്‌.
ക്രമപ്പെടുത്തിയ പ്രവര്‍ത്തന രീതിയിലേക്കുള്ള അമീനുദ്ദീന്റെ വരവ്‌ തികച്ചും യാദൃച്ഛികമായിരുന്നു. കേരള മാതൃകയിലുള്ള പ്രവര്‍ത്തനം സ്വീകരിച്ചു കൊണ്ടാണ്‌ അമീനുദ്ദീനും സംഘവും ബംഗാളിലെ മുസ്‌ലിംകള്‍ക്കിടയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. 2004 ആയിരുന്നു അമീനുദ്ദീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ദിശ നല്‌കിയ വര്‍ഷം. അതിനുമുമ്പും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നെങ്കിലും അതിന്‌ കൃത്യമായ മാര്‍ഗ്ഗരേഖകള്‍ അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്നില്ല. 2004 ജനുവരിയില്‍ സുഹൃത്തുക്കളെ കാണാന്‍ കേരളത്തിലെത്തിയ അമീനുദ്ദീന്‍ തീര്‍ത്തും യാദൃശ്ചികമായി കോഴിക്കോട്‌ ടൗണ്‍ഹാളില്‍ നടക്കുന്ന ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂളിന്റെ വാര്‍ഷിക സമ്മേളന പരിപാടി വീക്ഷിക്കാന്‍ എത്തിച്ചേരുകയായിരുന്നു. ഡോ. ഹുസൈന്‍ മടവൂര്‍, എം പി അബ്‌ദുസ്സമദ്‌ സമദാനി തുടങ്ങിയവര്‍ ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മുന്‍ സീറ്റില്‍ ഇരിപ്പുറപ്പിച്ചിരുന്ന അമീനുദ്ദീന്‍ വേദിയിലേക്ക്‌ ഡോ. ഹുസൈന്‍ മടവൂരിന്‌ ഒരു കുറിപ്പ്‌ കൊടുത്തയച്ചു- താന്‍ ബംഗാളില്‍ നിന്നും വരികയാണെന്നും സംസാരിക്കാന്‍ താത്‌പര്യമുണ്ടെന്നുമായിരുന്നു കുറിപ്പിലെ ഉള്ളടക്കം. പരിപാടിക്ക്‌ ശേഷം ഹുസൈന്‍ മടവൂരും അമീനുദ്ദീനും തമ്മില്‍ സംസാരിച്ചു. പിന്നീട്‌ ഡോ. ഹുസൈന്‍ മടവൂര്‍ 2004 മാര്‍ച്ചില്‍ ബംഗാള്‍ സന്ദര്‍ശിച്ചു.
വിദ്യാഭ്യാസ രംഗത്ത്‌ പ്രവര്‍ത്തിക്കാനായിരുന്നു അമീനൂദ്ദീന്‌ താത്‌പര്യം. കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ 2004ല്‍ അല്‍ ഫലാഹ്‌ എഡുക്കേഷണല്‍ സെന്റര്‍ നിലവില്‍ വന്നു. അല്‍ ഫലാഹിന്‌ കീഴില്‍ സ്ഥാപിച്ച സ്‌കൂളില്‍ ഇപ്പോള്‍ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലായി മുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്‌.
അമീനുദ്ദീനുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ബംഗാളിലെ മുസ്‌ലിം നേതാക്കള്‍ക്ക്‌ സാമൂഹ്യ സേവനത്തിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും കോഴിക്കോട്‌ പരിശീലനം നല്‌കി. മടങ്ങിപ്പോയ ശേഷം അവര്‍ ബംഗാളിലെ ഗ്രാമങ്ങളില്‍ നിശ്ശബ്‌ദ വിപ്ലവത്തിന്‌ തിരികൊളുത്തുകയായിരുന്നു. തീരെ പിന്നാക്ക പ്രദേശമായിരുന്നിട്ടും അവിടെ ഒരു ഗേള്‍സ്‌ സ്‌കൂളിന്‌ തുടക്കം കുറിച്ചു. ജാതി- മത ചിന്തകള്‍ക്കതീതമായി, വെള്ളം കിട്ടാതെ കഷ്‌ടപ്പെടുന്ന വിവിധ ഗ്രാമങ്ങളിലായി അഞ്ഞൂറോളം കുഴല്‍ കിണറുകള്‍ കുഴിച്ചുകൊടുത്തു. അടിസ്ഥാന സൗകര്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഏതൊരു സമൂഹവും വിദ്യാഭ്യാസത്തിലേക്കും പുരോഗമനത്തിലേക്കും കടക്കുകയുള്ളുവെന്ന്‌ അവര്‍ മനസ്സിലാക്കിയിരുന്നു. അതിന്റെ ഭാഗമായാണ്‌ മണിക്കൂറുകള്‍ നീളുന്ന വെള്ളത്തിനായിരുന്ന നടത്തവും കാത്തിരിപ്പും അവസാനിപ്പിക്കാന്‍ കുഴല്‍ കിണറുകള്‍ കുഴിച്ചുകൊണ്ട്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. പ്രാര്‍ഥനകള്‍ നടത്താനായി അറുപതോളം പള്ളികള്‍ വിവിധ ഗ്രാമങ്ങളില്‍ നിര്‍മിച്ചു.
മൂന്നരപ്പതിറ്റാണ്ടിലേറെ കാലം കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ചിട്ടും ബംഗാള്‍ വിദ്യാഭ്യാസപരമായി തീരെ പിറകിലായിരുന്നു- പ്രത്യേകിച്ച്‌ മുസ്‌ലിംകള്‍. പുതിയ മുസ്‌ലിം മദ്‌റസകള്‍ അനുവദിക്കാന്‍ അവിടെ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല, സര്‍ക്കാറിന്റെ സ്‌കൂളുകളില്‍ പഠിക്കാന്‍ പോകാന്‍ മുസ്‌ലിംകളും അമാന്തം കാണിച്ചിരുന്നു. ഈ അവസ്ഥയ്‌ക്ക്‌ മാറ്റം വരുത്താനാണ്‌ അമീനുദ്ദീന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചത്‌. തീര്‍ത്തും കഷ്‌ടപ്പെട്ട കുടുംബമായിരുന്നു അമീനുദ്ദീന്റേത്‌. ചെറുപ്പത്തില്‍ പകല്‍ ജോലി ചെയ്‌തും രാത്രി മദ്‌റസയില്‍ പഠിച്ചുമാണ്‌ അദ്ദേഹം വിദ്യാഭ്യാസം നേടിയത്‌. ക്ലാസില്‍ നന്നായി പഠിക്കുമെന്നതിനാല്‍ മികച്ച വിദ്യാഭ്യാസം നേടണമെന്ന ഉസ്‌താദിന്റെ ഉപദേശത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ അമീനുദ്ദീന്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയത്‌.
ഉത്തര്‍പ്രദേശ്‌ ജാമിഅ ഇസ്‌ലാമിയ ഫായിസെ ആമില്‍ നിന്നുമാണ്‌ മൗലാനാ അമീനുദ്ദീന്‍ ബിരുദം നേടിയത്‌. അദ്ദേഹത്തിന്റെയും കൂട്ടാളികളുടേയും പ്രവര്‍ത്തനങ്ങള്‍ക്ക്‌ ബംഗാളില്‍ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്‌. അവിടുത്തെ വിദൂര ഗ്രാമങ്ങളില്‍ പോലും വിദ്യയുടെ വെള്ളിവെളിച്ചം സാവകാശം എത്തിത്തുടങ്ങിയിട്ടുണ്ട്‌. അധികം സംസാരിക്കാതെ പ്രവര്‍ത്തിച്ചു മാതൃക കാണിക്കുകയെന്നതാണ്‌ അമീനുദ്ദീന്റെ രീതി.
തയ്യാറാക്കിയത്‌ കെ ഷഹര്‍ബാന്‍

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: