`കാഫര്‍ അബുവിന്‌ ചായയില്ല!'

  • Posted by Sanveer Ittoli
  • at 9:54 AM -
  • 0 comments
`കാഫര്‍ അബുവിന്‌ ചായയില്ല!'


എന്‍ പി ഹാഫിസ്‌ മുഹമ്മദ്‌
സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ കോണ്‍ഗ്രസ്‌ നേതാവും കോഴിക്കോട്ടെ നവോത്ഥാന നായകരില്‍ പ്രമുഖനുമായിരുന്ന എന്‍ പി അബു സാഹിബിനെ പേരമകന്‍ ഓര്‍മിക്കുന്നു.
കോളെജില്‍ അധ്യാപകനായിച്ചേര്‍ന്ന ശേഷം ഉപ്പാപ്പയോട്‌ പറയാനുള്ള വിശേഷം ആഹ്ലാദിച്ചറിയുന്ന അധ്യാപനത്തെക്കുറിച്ചായിരുന്നു.
ഞാനധ്യാപകനായതില്‍ ഏറ്റവുമേറെ സന്തോഷിച്ചിരുന്നത്‌ ഉപ്പാപ്പയാണെന്ന്‌ തോന്നിയിട്ടുണ്ട്‌. അതുകൊണ്ട്‌ കോളെജ്‌ കാര്യങ്ങള്‍ അപ്പപ്പോള്‍ ഉപ്പാപ്പയെ അറിയിച്ചു. ഒരിക്കല്‍ വ്യക്തിപരമായ ഒരു കാര്യം ഞാന്‍ ഉപ്പാപ്പയോട്‌ പറയാന്‍ ചെന്നു. മറ്റൊരാളോടും അഭിപ്രായമാരായാത്ത അക്കാര്യം അല്‍പം പേടിയോടെ ഞാനവതരിപ്പിച്ചു. `ഉപ്പാപ്പാ, ഞാന്‍ വെജിറ്റേറിയനാവാന്‍ തീരുമാനിച്ചു. ഉപ്പാപ്പയുടെ അഭിപ്രായമെന്താ?' -കോലായയിലെ ചാരുകസേരയില്‍ അല്‍പം മുന്നോട്ട്‌ കുനിഞ്ഞിരുന്ന്‌ നാവറ്റംകൊണ്ട്‌ മേല്‍ച്ചുണ്ട്‌ തൊട്ട്‌ എന്നോട്‌ ചോദിച്ചു: `തീരുമാനിച്ചോ?' ഞാന്‍ പറഞ്ഞു: `ഉം'. അടുത്ത ചോദ്യം: `ബോധ്യമായിട്ട്‌ തീരുമാനിച്ചതാണോ?' ഞാന്‍ അതെയെന്ന്‌ പറഞ്ഞു. ഉപ്പാപ്പയുടെ മറുപടി കിട്ടി: `നിനക്ക്‌ ബോധ്യമായെങ്കില്‍ അതുമായി മുന്നോട്ട്‌ പോയ്‌ക്കോ'. എന്റെ പുതിയ തീരുമാനത്തില്‍ സങ്കടമോ പരിഹാസമോ വെച്ചുപുലര്‍ത്തുന്നവരായിരുന്നു ചുറ്റും. ഉപ്പാപ്പയുടെ പ്രതികരണം വേറിട്ടുനിന്നു.
വേറിട്ടുനിന്ന ഒരു ജീവിതമായിരുന്നു ഉപ്പാപ്പയുടേത്‌. തനിക്ക്‌ ബോധ്യമായത്‌ പിന്തുടരുക. ആരെതിര്‍ത്താലും അതില്‍ കണിശത പാലിച്ച്‌ മുന്നോട്ട്‌ പോവുക. വിശ്വസിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്‌ചകളില്ലാതെ, നാട്യങ്ങളോ ശബ്‌ദഘോഷങ്ങളോ ഇല്ലാതെ മുന്നോട്ട്‌ നീങ്ങുക. അങ്ങനെയൊന്നും വേറിട്ട വഴിയിലൂടെ സഞ്ചരിക്കാനുള്ള ചുറ്റുവട്ടത്ത്‌ ജനിച്ച്‌ വളര്‍ന്നയാളല്ല ഉപ്പാപ്പ. നാരാപ്പറമ്പത്ത്‌ അബു 1900-ല്‍, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷം, പരപ്പനങ്ങാടിയിലെ യാഥാസ്ഥിതിക-ചെറുകിട കര്‍ഷക കുടുംബത്തിലാണ്‌ ജനിച്ചത്‌. ദാരിദ്ര്യത്തിലാണ്‌ കുട്ടിക്കാലത്തിന്റെ വേരുകള്‍. ഓത്തുപള്ളിയിലെ വിദ്യാഭ്യാസത്തിനപ്പുറമോ ഇപ്പുറമോ നീങ്ങിയിട്ടില്ല. കടുത്ത യാഥാസ്ഥിതിക മതപഠനവും ആചാരാനുഷ്‌ഠാനങ്ങളുടെ സാമൂഹിക ജീവിതവുമാണ്‌ കുട്ടിക്കാല സമ്പാദ്യം. കൗമാരകാലത്ത്‌ ഉപ്പാപ്പയെ ആകര്‍ഷിച്ച വ്യക്തിത്വങ്ങള്‍ പരപ്പനങ്ങാടിയിലോ പരിസരങ്ങളിലോ ഉണ്ടായിട്ടില്ല. ജന്മിത്വത്തിന്റെ പാര്‍ശ്വഭൂമിയില്‍ കണ്ടംമുറിച്ചിട്ട, അത്രയൊന്നും ഫലഭൂയിഷ്‌ഠതയില്ലാത്ത മണ്ണില്‍ വളര്‍ന്ന കശുമാവിന്‍ പറമ്പില്‍ ചെത്തിത്തേക്കാത്ത, ജനലുകളോ വാതിലുകളോ കൊണ്ട്‌ അടച്ചുറപ്പുണ്ടാക്കാത്ത വീട്ടിലായിരുന്നു കുട്ടിക്കാലം. എമ്പാടും വായിച്ചോ നാടാകെ ചുറ്റിനടന്നോ പുതുശബ്‌ദങ്ങള്‍ സ്വീകരിക്കാനും സ്വാംശീകരിക്കാനും അവസരമുണ്ടായിട്ടില്ല. എന്നിട്ടും നവോത്ഥാന പ്രസ്ഥാനത്തിന്റെയും പുരോഗമനപക്ഷത്തിന്റെയും കണിശതയില്‍ എത്തി. രാഷ്‌ട്രീയത്തിലും മതവിശ്വാസത്തിലും വെയിലേറ്റ്‌ വാടാത്ത, കാറ്റേറ്റ്‌ വീഴാത്ത ഒറ്റച്ചെടിയായി നിന്നു. ദേശീയ പ്രസ്ഥാനത്തിന്റെ എളിയ പ്രവര്‍ത്തകനായി ഉപ്പാപ്പ യൗവനകാലത്ത്‌, മുപ്പതുകളില്‍ കോഴിക്കോട്ടെത്തിച്ചേരുകയായിരുന്നു. ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും സജീവ പ്രവര്‍ത്തകനായി. അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ വിശ്വസ്‌ത സഹചാരികളിലൊരാളായി മാറി. മൊയ്‌തു മൗലവി, മാധവമേനോന്‍, കുട്ടിമാളുഅമ്മ തുടങ്ങിയവരുടെ സഹപ്രവര്‍ത്തകനായി. കീഴരിയൂര്‍ ബോംബ്‌ കേസില്‍ ഇടക്കാലത്ത്‌ ജയിലിലായി. സ്വാതന്ത്ര്യം കിട്ടിയ കാലത്തും യഥാര്‍ഥ കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിച്ചു; സ്ഥാനമാനങ്ങളിലോ അധികാരത്തിലോ വലിയ മോഹങ്ങളില്ലാതെ.
ഉപ്പാപ്പ എനിക്ക്‌ അത്ഭുതമായി മാറിയതിനു ഇനിയും കാരണങ്ങളുണ്ട്‌. എണ്‍പത്തിയെട്ടാം വയസ്സിലും പുരോഗമനാശയങ്ങളുടെ കെട്ടുപോവാത്ത ഒരു കൊച്ചുവിളക്കായിരുന്നു ഉപ്പാപ്പ. സ്വാതന്ത്ര്യസമരകാല പങ്കാളിത്തത്തെക്കാളേറെ എന്നെ അത്ഭുതപ്പെടുത്തിയത്‌ മതപരമായ കാര്യങ്ങളിലെ അചഞ്ചലമായ തീരുമാനങ്ങളായിരുന്നു. വക്കം മൗലവിയുമായോ, മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ അമരക്കാരുമായോ അടുപ്പമുണ്ടായിരുന്നോ എന്നറിയില്ല. എന്നാല്‍ ഉപ്പാപ്പ മുജാഹിദ്‌ ആശയക്കാരനായിരുന്നു. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആദ്യനാളുകളില്‍ കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും ഒത്തുതീര്‍പ്പുകളില്ലാതെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മുന്‍നിരയിലണിനിരന്നവരിലൊരാളായിരുന്നു. കോഴിക്കോട്ടെ ആദ്യകാല മുജാഹിദ്‌ പള്ളിയായ കുണ്ടുങ്ങല്‍ മൊഹ്‌യുദ്ദീന്‍ പള്ളിയുടെ നിര്‍മാണത്തിലും നടത്തിപ്പിലും, പാളയം മൊയ്‌തീന്‍പള്ളിയുടെ പുനര്‍നിര്‍മാണത്തിലും ഉപ്പാപ്പ സജീവമായി നേതൃത്വത്തിലുണ്ടായിരുന്നു. കോഴിക്കോട്ട്‌ നടത്തിയ ആദ്യകാല മതപഠനക്ലാസ്സുകളും സ്‌ത്രീകള്‍ക്കു വേണ്ടി പ്രത്യേകമായി നടത്തിയ ക്യാമ്പുകളും ഉപ്പാപ്പയുടെ കൂടി പ്രവര്‍ത്തനഫലമായാണ്‌ കടുത്ത എതിര്‍പ്പുകള്‍ക്കിടയില്‍ നടന്നത്‌.
യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ്‌ വിവാഹം കഴിച്ചത്‌. കോഴിക്കോട്ടെ കച്ചവടക്കാര്‍ക്കിടയില്‍ സ്വാധീനവും കൊളോണിയല്‍ ഭരണസംവിധാനങ്ങളുമായി അടുത്ത ബാന്ധവവും വെച്ചുപുലര്‍ത്തിയിരുന്ന അവരുടെ പ്രതാപത്തെ ചോദ്യം ചെയ്‌താണ്‌ ഉപ്പാപ്പ തന്റെ വഴിയില്‍ നിര്‍ഭയം നീങ്ങിയത്‌. യാഥാസ്ഥിതികതയുടെ കോട്ടയിലൊരിടത്താണ്‌, കല്ലായിപ്പുഴയോരത്തെ എണ്ണപ്പാടത്താണ്‌, ഉപ്പാപ്പ ചെറിയ വീടുവെച്ച്‌ കോഴിക്കോട്ട്‌ താമസം തുടങ്ങുന്നത്‌. കച്ചവടക്കാരായ കോയമാരുടെ വലിയ തറവാടുകളുടെ നിഴലില്‍ കഴിഞ്ഞവര്‍ പ്രതാപികളുടെ ആചാരാനുഷ്‌ഠാനങ്ങളെ ആഞ്ഞുപുല്‍കിയിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കുവേണ്ടി മരിക്കാനും തയ്യാറായ യാഥാസ്ഥിതികര്‍ക്കിടയില്‍ അവരില്‍ വേരുപിടിച്ച വിശ്വാസപ്രമാണങ്ങളെ ആദ്യമായി ചോദ്യം ചെയ്‌തവരില്‍ ഒരാളായി മാറിയത്‌ അത്ഭുതമാണ്‌. എതിര്‍ക്കേണ്ടതിനെ നിരാകരിച്ച്‌ വിമത ഹൃദയവുമായി, അതിനെപ്പൊതിഞ്ഞ മെലിഞ്ഞ്‌ കൊലുന്നനെയുള്ള ശരീരവുമായി, എന്നാല്‍ ഉറച്ച കാല്‍വെപ്പുകളുമായാണ്‌ ഉപ്പാപ്പ നടന്നിരുന്നത്‌. അയിശമ്മായി, ഉപ്പയുടെ മൂത്തപെങ്ങള്‍, പറഞ്ഞുതന്ന പഴയകാല കഥകളില്‍ ഉപ്പാപ്പയുടെ പുരോഗമനാശയങ്ങളോടുള്ള അടുപ്പം വിളിച്ചുവരുത്തിയ അനിഷ്‌ട സംഭവങ്ങളുമുണ്ട്‌: ഒരിക്കല്‍ ആണ്ടുനേര്‍ച്ചയുടെ പേരില്‍ നാട്ടില്‍ ഭക്ഷണമൊരുക്കപ്പെട്ടു. പുണ്യപുരുഷന്റെ ജാറത്തിങ്കല്‍ സമര്‍പ്പിച്ച ഭക്ഷണം ഉപ്പാപ്പയുടെ വീട്ടിലുമെത്തി. അനിഷേധ്യമായ ഒരവകാശത്തിന്റെ ധാര്‍ഷ്‌ട്യമായിരുന്നു ആ ഭക്ഷണ വിതരണം. ഉപ്പാപ്പ അത്‌ കൊണ്ടുവന്നവരോട്‌ പറഞ്ഞു: `ഇതിവിടെ വേണ്ട.' അവരുടെ കണ്ണുതള്ളിപ്പോയി. ഒരാളും ഉപേക്ഷിക്കാത്ത ഭക്ഷണത്തിന്റെ പോരിശയെക്കുറിച്ച്‌ അവരും പറഞ്ഞു: `എടുത്തുകൊണ്ടുപോയില്ലെങ്കില്‍ ഞാ ന്‍ വലിച്ചെറിയും. ഇത്‌ തിന്നവര്‍ക്ക്‌ നരകത്തിലേക്കുള്ള യാത്ര എളുപ്പമായിരിക്കും.' ഉപ്പാപ്പക്ക്‌ നേരെ ജനം ചീറിയടുത്തു. ഉപ്പാപ്പ കുലുങ്ങിയില്ല. വന്നവര്‍ക്ക്‌ അവരുടെ വഴിയില്‍ മടങ്ങേണ്ടിവന്നു.
ഒരിക്കല്‍ ഉപ്പാപ്പ വീട്ടിലെ കൊട്ടിലില്‍ (സിമന്റുതറ) നിന്ന്‌ നമസ്‌കരിച്ച്‌ സലാം വീട്ടിയപ്പോള്‍ ഉപ്പാപ്പയുടെ പെങ്ങള്‍ ഇള്ളായിയുടെ ചേദ്യം: `എന്താ അബൂ, ഇയ്യ്‌ പള്ളീപ്പോയി നിസ്‌കരിക്കാത്തേ?' ഉപ്പാപ്പയുടെ കണ്ണുനിറഞ്ഞു: `അക്കരെപ്പള്ളീലെന്നെ കേറ്റ്‌ണില്ല.' പള്ളിയില്‍ നിന്ന്‌ മാത്രമല്ല, ഹോട്ടലില്‍നിന്നും അക്കാലത്ത്‌ ഉപ്പാപ്പയെ ബഹിഷ്‌കരിച്ചിരുന്നു. കാഫര്‍ അബുവിന്‌ ചായ കൊടുത്തില്ല അവര്‍. ഒരു കൊച്ചുസമൂഹത്തില്‍ ബഹിഷ്‌കൃതനായിട്ടും, അപമാനിക്കപ്പെട്ടിട്ടും ഉപ്പാപ്പ മടങ്ങിപ്പോയില്ല.
മുക്കാല്‍ നൂറ്റാണ്ട്‌ മുമ്പ്‌ ഉപ്പാപ്പക്ക്‌ ഈ ചങ്കുറപ്പ്‌ എവിടെനിന്നു കിട്ടി? കാറ്റടിച്ചാല്‍ പാറിപ്പോകുമെന്ന്‌ തോന്നാവുന്ന ശരീര പ്രകൃതമാണ്‌. ബന്ധുബലമില്ല. കോഴിക്കോട്ട്‌ എമ്പാടും ചങ്ങാതിമാരില്ല. സഹപ്രവര്‍ത്തകര്‍ വിരലിലെണ്ണാവുന്നവര്‍ മത്രം. എന്നിട്ടും അചഞ്ചലമായിരുന്നു ഉപ്പാപ്പയുടെ വിശ്വാസബോധം. `ഞാനിതാ ഈ വഴിയിലൂടെ പോകുന്നു. ബോധ്യപ്പെട്ടെങ്കില്‍ കൂടെച്ചേരാം' -ഉപ്പാപ്പയുടെ ജീവിതസന്ദേശം മറ്റൊന്നായിരുന്നില്ല. എനിക്ക്‌ ഉപ്പാപ്പയോടൊപ്പം നീങ്ങാന്‍ ഇഷ്‌ടമായിരുന്നു.
ഉപ്പാപ്പയ്‌ക്കൊപ്പം ഒരിക്കല്‍ ആകാശവാണിയില്‍ പോകാന്‍ ഭാഗ്യമുണ്ടായി. കോളെജില്‍ പഠിക്കുന്ന കാലത്താണ്‌. ഉപ്പാപ്പയ്‌ക്ക്‌ റേഡിയോ നിലയത്തില്‍ എന്തോ റെക്കാര്‍ഡിംഗ്‌. ഞാന്‍ കൂടെക്കൂടി. കല്ലായി റോഡില്‍നിന്ന്‌ ഉപ്പാപ്പ ചോദിച്ചു: `നമുക്ക്‌ നടന്നാലോ?' അഞ്ച്‌ കിലോമീറ്ററോളമുണ്ടാവും. ഞാന്‍ ഉപ്പാപ്പയെ നോക്കി. ഉപ്പാപ്പയുടെ ചോദ്യം: `എന്താ നിനക്ക്‌ വിഷമമുണ്ടോ?' ഉപ്പാപ്പയ്‌ക്ക്‌ അത്രദൂരം നടക്കാനാവുമോ എന്ന ഭയമായിരുന്നു എനിക്ക്‌. ഞാന്‍ നടക്കാനുള്ള എന്റെ ഇഷ്‌ടമറിയിച്ചു. പ്രത്യേകിച്ച്‌, ഉപ്പാപ്പയുടെ കൂടെ. ഞാന്‍ പഠിച്ച സ്‌കൂളിന്‌ മുന്നിലൂടെ, കടപ്പുറത്തെ നിരത്തിലൂടെ ഉപ്പാപ്പയുമായി സംസാരിച്ചു നടന്നു. എനിക്ക്‌ ഉപ്പാപ്പയില്‍ നിന്ന്‌ കേള്‍ക്കാന്‍ ധാരാളം കാര്യങ്ങളുണ്ടായിരുന്നു.
ഉപ്പാപ്പയ്‌ക്ക്‌ നടത്തം ജീവിതമായിരുന്നു. എണ്‍പത്തിയെട്ടാം വയസ്സുവരെയും ഉപ്പാപ്പയത്‌ മുടക്കിയിട്ടില്ല. കണങ്കാലിന്‌ മീതെയുടുത്ത വെളുത്ത ഖദര്‍മുണ്ട്‌. വെളുത്തതോ ഇളംമഞ്ഞ നിറത്തിലോ ഉള്ള നീണ്ട ഖദര്‍ ജുബ്ബ. വെളുത്ത ഗാന്ധിത്തൊപ്പി അല്‌പം ഇടതുവശത്തേക്ക്‌ ചരിഞ്ഞ്‌ തലയില്‍ പറ്റിക്കിടക്കുന്നു. കയ്യില്‍ വളഞ്ഞ കാലുള്ള കുട. ഒക്കത്ത്‌ ചെറിയൊരു കറുത്ത ബാഗ്‌. കോഴിക്കോട്ടെ തെരുവുകള്‍ക്ക്‌, തെക്കെപ്പുറത്തെ ഇടവഴികള്‍ക്കുപോലും, ഉപ്പാപ്പയുടെ കാലടികള്‍ പരിചിതമായിരുന്നു. നിശ്ശബ്‌ദം നടന്നുനീങ്ങുന്ന ഉപ്പാപ്പ ഏതോ ഒരു ഉത്തരേന്ത്യന്‍ കോണ്‍ഗ്രസുകാരനായാണ്‌ പലരും കരുതിയിരുന്നത്‌. എന്റെ ഒരു സുഹൃത്ത്‌ ചോദിച്ചിട്ടുണ്ട്‌: `ആരിത്‌, ലാല്‍ബഹദൂര്‍ ശാസ്‌ത്രിയോ, മൊറാര്‍ജി ദേശായിയോ?' അയാള്‍ക്കത്‌ എന്റെ ഉപ്പാപ്പയാണെന്നറിയാമായിരുന്നില്ല.
ഉപ്പാപ്പയുടെ നടത്തത്തിനൊരു ലക്ഷ്യമുണ്ടാവും. ഒന്നുകില്‍ മാതൃഭൂമി ദിനപത്രത്തിന്റെ വരിസംഖ്യ പിരിക്കല്‍. അല്ലെങ്കില്‍ ഏതെങ്കിലും കോണ്‍ഗ്രസ്സനുഭാവിയുടെ വീട്‌. അതുമല്ലെങ്കില്‍ ആരുടെയെങ്കിലും പ്രശ്‌നത്തിന്‌ കോര്‍പറേഷന്‍ ഓഫീസിലേക്കോ താലൂക്കാപ്പീസിലേക്കോ യാത്ര. എണ്ണപ്പാടത്തെ വീട്ടില്‍ പലവിധ ആവശ്യങ്ങളുമായി ആളുകളെത്താറുണ്ട്‌. അവര്‍ ആവശ്യങ്ങളറിയിക്കുന്നു. അവര്‍ പടിയിറങ്ങിയാല്‍ ഉപ്പാപ്പയും പുറത്തിറങ്ങുന്നു. അവരുടെ ആവശ്യനിര്‍വഹണത്തിന്‌. ഓരോ നടത്തവും നിശ്വാസവും ഉപ്പാപ്പക്ക്‌ മതപ്രവര്‍ത്തനമായിരുന്നു. സുദൃഢമായ വിശ്വാസത്തിന്റെ പ്രതിഫലനം ഉപ്പാപ്പയുടെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഞാനെന്നും കണ്ടിട്ടുണ്ട്‌. ഇന്ദിരാ കോണ്‍ഗ്രസില്‍ നിന്ന്‌, മകന്‍ എന്‍ പി മൊയ്‌തീന്‍ അക്കൂട്ടത്തിലാണെന്നറിഞ്ഞിട്ടും, മാറിനിന്നത്‌ ആ വിശ്വാസത്തിന്റെ കെട്ടുറപ്പാലായിരുന്നു. രണ്ടോ മൂന്നോ തവണ കോര്‍പറേഷനില്‍ കൗണ്‍സിലറായി. തനിക്കിണങ്ങാത്ത പുതുരാഷ്‌ട്രീയ കാലം പിറന്നപ്പോള്‍ ദീര്‍ഘകാലം കൊണ്ടുനടന്ന രാഷ്‌ട്രീയ പ്രവര്‍ത്തനം തന്നെ മാറ്റിവെച്ചു. ക്ഷേമപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം മരണംവരെയും തുടര്‍ന്നു, വിശുദ്ധിയോടെ.
ഉപ്പാപ്പയുടെ ഈ കണിശതയുടെയും ആത്മവിശ്വാസത്തിന്റെയും വേരുകള്‍ എവിടെയാണെന്ന അന്വേഷണം, രാഷ്‌ട്രീയത്തിലും സമൂഹിക പ്രവര്‍ത്തനത്തിലും ആത്മീയ ഗുരുവായിട്ടുള്ള മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബില്‍ എത്തിച്ചേരുന്നു. സാഹിബ്‌ ഉപ്പാപ്പയുടെ വികാരമായിരുന്നു. കുട്ടിക്കാലം തൊട്ട്‌ കുടുംബ സദസ്സുകളില്‍ കേള്‍ക്കുന്ന പേരായിരുന്നു മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌. സാഹിബിന്റെ അല്‍അമീന്‍ ലോഡ്‌ജിലെ നിത്യസന്ദര്‍ശകനായിരുന്നു ഉപ്പാപ്പ. അനുയായിയായി. സാഹിബിന്റെ പ്രവര്‍ത്തനങ്ങളില്‍ അരുനില്‌ക്കുന്ന വിശ്വാസി. അല്‍അമീന്‍ ദിനപത്രത്തിന്റെ പണപ്പിരിവായിരുന്നു ഉപ്പാപ്പയുടെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളിലൊന്ന്‌. ലോഡ്‌ജിലെ കൗമാരസംഘത്തില്‍ എം റഷീദ്‌, കെ എ കൊടുങ്ങല്ലൂര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ഉപ്പ എന്‍ പി മുഹമ്മദ്‌. ഉപ്പാപ്പയും ഉപ്പയും സാഹിബിന്റെ വ്യക്തിത്വത്തിലെ സവിശേഷ ഘടകങ്ങളെക്കുറിച്ച്‌ പറയുമായിരുന്നു. ഇരുവരെയും ഇത്രയേറെ സ്വാധീനിച്ച ഒരാളില്ല. ദേശീയ ബോധവും പുരോഗമനാശയവും ഉപ്പാപ്പയ്‌ക്ക്‌ പകുത്ത്‌ കൊടുത്തതില്‍ സാഹിബിനുള്ള പങ്ക്‌ പ്രകടമായിരുന്നു. മതപരമായ കാര്യങ്ങളില്‍ ഉപ്പാപ്പയ്‌ക്ക്‌ മറ്റൊരു മാതൃകയില്ല. സ്വേച്ഛാധിപത്യത്തിനെതിരെ ഉപ്പ പറഞ്ഞതും എഴുതിയതും അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ അത്ഭുതസ്വാധീനം കൊണ്ടാണെന്ന്‌ തോന്നിയിട്ടുണ്ട്‌. മുസ്‌ലിം സമുദായത്തോട്‌ ഉപ്പ വെച്ചുപുലര്‍ത്തിയ സമീപനത്തിന്റെ വേരുകളും സാഹിബില്‍ എത്തിച്ചേരുന്നു. ഒരേ വ്യക്തിത്വം പിതാവിനെയും മകനെയും സ്വാധീനിക്കുകയും അവരുടെ ചിന്തയെയും പ്രര്‍ത്തനങ്ങളെയും രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക്‌ വഹിക്കുകയും ചെയ്‌തിരിക്കുന്നു. ഇരുവരുടെയും അസാധാരണമായ മാര്‍ഗദീപമായിരുന്നു സാഹിബ്‌.
ഉപ്പാപ്പയുടെ സഹപ്രവര്‍ത്തകന്‍ മൊയ്‌തു മൗലവിയായിരുന്നു. മൗലവി താമസിച്ചിരുന്ന അല്‍അമീന്‍ ദിനപത്രത്തോട്‌ ചേര്‍ന്ന `വീട്ടി'ല്‍ ഉപ്പാപ്പയോടൊപ്പം പോയിട്ടുണ്ട്‌. പിന്നീട്‌ നടുവട്ടത്തെ `സെഞ്ച്വറി'യില്‍ ഒറ്റക്കും. മൗലവിയുമായുള്ള മൂന്നാം തലമുറയില്‍ നിന്നുള്ള ബന്ധത്തില്‍ നിന്ന്‌ ഉപ്പാപ്പയോടും ഉപ്പയോടും വെച്ചുപുലര്‍ത്തിയ സ്‌നേഹസൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തിയിരുന്നു. അബുവിന്റെ മകന്‍ മുഹമ്മദിന്റെ മകന്‍, മൗലവിയുടെയും കൊച്ചുമകനായി മാറുന്ന നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.
ഒരിക്കല്‍ ഞാന്‍ ജോലിയെടുക്കുന്ന ഫാറൂഖ്‌ കോളെജിലെ നാല്‌പതാം വാര്‍ഷിക ആഘോഷ പരിപാടിയോടനുബന്ധിച്ച്‌ ഒരു പ്രതിസന്ധിയുണ്ടായി. യുവജന സമ്മേളനത്തിന്റെ ഉദ്‌ഘാടകന്‍, ഒരു രാഷ്‌ട്രീയ നേതാവ്‌, അവസാന നിമിഷം അസൗകര്യമറിയിച്ചു. സംഘാടകരായ അധ്യാപകര്‍ വിഷമസന്ധിയില്‍ തീരുമാനമെടുത്തു: മൊയ്‌തു മൗലവിയെ ക്ഷണിച്ചുവരുത്തിയാലോ? പകരക്കാരനാവേണ്ടയാളല്ല എന്ന്‌ ഞാന്‍ പറഞ്ഞു. പിറ്റേന്നുള്ള പരിപാടിയിലേക്ക്‌ തലേന്ന്‌ ക്ഷണിക്കപ്പെടേണ്ട വ്യക്തിയല്ലെന്ന്‌ പലര്‍ക്കും അറിയാമായിരുന്നു. ഒടുവില്‍, മറ്റൊരു വഴിയുമില്ലാതെ, ദൗത്യം എന്നെ ഏല്‌പിച്ചു. ശകാരം കേള്‍ക്കാനിട വന്നാല്‍, സാക്ഷി വേണ്ടെന്ന്‌ തീരുമാനിച്ചു ഒറ്റയ്‌ക്ക്‌ സെഞ്ച്വറിയിലെത്തി. സത്യം വെളിപ്പെടുത്തി. കുറച്ചുനേരം മിണ്ടാതിരുന്ന മൗലവി പറഞ്ഞു: ``അബുവിന്റെ പേരക്കുട്ടി, മുഹമ്മദിന്റെ മകന്‍ ക്ഷണിച്ചാല്‍ ഞാന്‍ വരും.'' അത്രക്ക്‌ ഉപ്പാപ്പയോടടുത്ത ബന്ധമായിരുന്നു മൗലവിയുമായുള്ളത്‌. 
1988-ല്‍ ഉപ്പാപ്പ മരിച്ചപ്പോള്‍, പതിവിന്‌ വിപരീതമായി പള്ളിത്തളം വിട്ട്‌ എം എം ഹൈസ്‌കൂളിലെ ഗ്രൗണ്ടില്‍ വെച്ച്‌ നടന്ന ഉപ്പാപ്പയുടെ ആയിരങ്ങളണിനിരന്ന മയ്യിത്ത്‌ നമസ്‌കാരത്തിന്‌ നേതൃത്വം കൊടുത്തത്‌ മൊയ്‌തു മൗലവിയായിരുന്നു. നമസ്‌കാരത്തിന്‌ മുമ്പ്‌ മൗലവി പറഞ്ഞു: ``എന്റെ കൂട്ടുകാരന്‍ അബു എന്നേക്കാള്‍ മുമ്പേ ഈ ലോകത്ത്‌ നിന്നുപോയി. എനിക്കാണ്‌ അബുവിന്റെ മയ്യിത്ത്‌ നമസ്‌കാരത്തിന്‌ നേതൃത്വം കൊടുക്കാന്‍ അല്ലാഹുവിന്റെ നിയോഗം. അബുവിന്‌ പരലോകത്ത്‌ നിത്യശാന്തി ലഭിക്കട്ടെ.'' നാനാതുറകളില്‍ നിന്നും വന്നുചേര്‍ന്ന്‌ അണിനിരന്ന മയ്യിത്തു നമസ്‌കാരത്തില്‍ അവര്‍ ഉപ്പാപ്പയ്‌ക്കുവേണ്ടി പ്രാര്‍ഥിച്ചു: ആമീന്‍.
ഉപ്പാപ്പ എന്നെ ഏറ്റവുമേറെ സ്വാധീനിച്ച വ്യക്തിയായിത്തീര്‍ന്നതിന്‌ ഇനിയും കാരണങ്ങളുണ്ട്‌. ഉപ്പാപ്പയോട്‌ ഏറ്റവുമടുത്ത മൂന്നാം തലമുറക്കാരന്‍ ഞാനായിരുന്നുവെന്ന്‌ വിശ്വസിക്കുന്നു. ഉപ്പാപ്പയുടെ അനുഭവങ്ങള്‍ ഏറ്റവുമേറെ പറഞ്ഞത്‌ എന്നോടാണ്‌. ഉപ്പാപ്പയ്‌ക്ക്‌ വേണ്ടി അനുഭവക്കുറിപ്പെഴുതാന്‍ നിയോഗമുണ്ടായത്‌ എനിക്ക്‌. ഉപ്പാപ്പയുടെ വ്യക്തിത്വത്തിലെ പല ഘടകങ്ങളും ഞാന്‍ ആദരത്തോടെ ഇന്നും താലോലിക്കുന്നു. ദേശീയ ബോധം, മതമൈത്രിയിലടിയൂന്നിയ കാഴ്‌ചപ്പാട്‌, മതപരമായ കാര്യങ്ങളിലെ പുരോഗമനപരത, ലളിതജീവിതം, മിതത്വം, വിനയം തുടങ്ങിയവ ഉപ്പാപ്പയെ എന്നില്‍ എക്കാലത്തും പ്രതിഷ്‌ഠിക്കുന്നതിന്‌ കാരണമായിട്ടുണ്ട്‌. പ്രവര്‍ത്തിക്കാനുള്ള ഉപ്പാപ്പയുടെ മോഹം മരിക്കുന്നതിന്റെ തലേന്നും നിറഞ്ഞുനിന്നിരുന്നു. വിശ്വസിക്കുന്ന മാര്‍ഗങ്ങളില്‍ ഉപ്പാപ്പ ഒടുവിലെ ശ്വാസം വരെ നിലകൊണ്ടു, പ്രവര്‍ത്തിച്ചു. മദ്യവര്‍ജന പ്രസ്ഥാനത്തിന്റെ മുന്‍പന്തിയിലായിരുന്നു ഒടുവില്‍ ഉപ്പാപ്പ പ്രവര്‍ത്തിച്ചിരുന്നത്‌. എണ്‍പത്‌ കഴിഞ്ഞ ഉപ്പാപ്പ ഡല്‍ഹിയിലെ രാജ്‌ഘട്ടില്‍ ഉപവസിക്കാന്‍ പോയത്‌, മദ്യവര്‍ജനാശയത്തോടുള്ള പ്രതിബദ്ധതകൊണ്ടായിരുന്നു. എണ്‍പതുകളില്‍ ഉപ്പാപ്പയുടെ പ്രവര്‍ത്തനം കണ്ട്‌ പലരും അത്ഭുതപ്പെട്ടിരുന്നു. ചിലര്‍ കൂടെ നടക്കുന്നവരെക്കുറിച്ച്‌ അറിഞ്ഞു പരിഹസിക്കുകയും ചെയ്‌തിരുന്നു. ഉപ്പാപ്പയോടൊപ്പം ലഹരിവിരുദ്ധ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ മദ്യപിക്കുകയും പണം തട്ടുകയും ചെയ്യുന്നുവെന്ന ആരോപണം ഞാനൊരിക്കല്‍ ഉപ്പാപ്പയോട്‌ തന്നെ പറഞ്ഞു. ഉപ്പാപ്പയുടെ മറുപടി: ``അതെന്റെ വിഷയമല്ല. ഞാന്‍ പൂര്‍ണമായി ബോധ്യപ്പെട്ട കാര്യം ചെയ്യുന്നു. ലോകത്തുള്ള മദ്യപന്മാരെയൊക്കെ മാറ്റിയെടുക്കാനോ മദ്യപിക്കുന്നത്‌ ഇല്ലാതാക്കാനോ അല്ല. അതാവണമെന്നുമില്ല. ഒരാളെയെങ്കിലും രക്ഷിക്കാനായാല്‍ എന്റെ പ്രവര്‍ത്തനം വെറുതയാവില്ല.''
ഉപ്പാപ്പയുടെ കറകളഞ്ഞ വിശ്വാസ ദാര്‍ഢ്യത എന്നെ വിസ്‌മയിപ്പിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും കീഴ്‌പ്പെട്ട മൂവായിരത്തിലധികം വരുന്ന നിസ്സഹായരുമായി അടുത്തിടപഴകുമ്പോഴും, അവരുടെ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോഴും ഞാന്‍ ഉപ്പാപ്പയെ ഓര്‍ക്കുന്നു: ``ഒരാളെയെങ്കിലും സുബോധാവസ്ഥയിലേക്ക്‌ കൗണ്‍സലിംഗിലൂടെ രക്ഷപ്പെടുത്താനായാല്‍ എന്റെയും പ്രവര്‍ത്തനം വെറുതെയാവില്ല.'' കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കാനും പ്രശ്‌ന പരിഹാരത്തിന്‌ ശാസ്‌ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോഴും ഞാനാശിക്കുന്നു: ഒരാള്‍ക്കെങ്കിലും ഉപകാരമായാല്‍ എന്റെയും പ്രവര്‍ത്തനം സഫലമായി. തീര്‍ച്ച, ഉപ്പാപ്പയാണ്‌ എന്റെ മാര്‍ഗദീപം. 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: