മുസ്‌ലിംസ്‌ത്രീ എന്ന രണ്ടാം തരം പൗര
- കാക്കനോട്ടം -
എ പി കുഞ്ഞാമു
ജോലിയുടെ ഭാഗമായി കുറച്ചുകാലം മുമ്പ് ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. നല്ല തറവാട്ടില്‍ പിറന്ന കുട്ടി, ഭേദപ്പെട്ട കുടുംബത്തിലേക്ക് വിവാഹവും കഴിച്ചു. പക്ഷേ ഇപ്പോള്‍ ഭര്‍ത്താവുമായി രമ്യതയിലല്ല. അയാള്‍ക്ക് മദ്യപാനംതൊട്ട് പരസ്‌ത്രീഗമനം വരെയുള്ള പല കുഴപ്പങ്ങളും. മാത്രവുമല്ല, ദുരെയെവിടെയോ രഹസ്യമായി വേറെയൊരു വിവാഹം കഴിച്ചിട്ടുമുണ്ട്. ഏറ്റവും വിഷമകരം ആള്‍ ഈ പെണ്‍കുട്ടിയെയും മക്കളെയും തിരിഞ്ഞുനോക്കുന്നില്ല എന്നതാണ്. അവരുടെ മൂത്ത മകള്‍ക്ക് ഒരു വിദ്യാഭ്യാസ വായ്‌പവേണം. രക്ഷിതാവെന്ന നിലയില്‍ പിതാവ് ഒപ്പിട്ടാല്‍ മത്രമേ വായ്‌പ കൊടുക്കാന്‍ സാധിക്കുകയുള്ളൂ. മുസ്‌ലിം വ്യക്തിനിയമമനുസരിച്ച് ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ ഉമ്മയെ രക്ഷിതാവാക്കാന്‍ പറ്റില്ല എന്ന് ബാങ്കുകാര്‍. നട്ടം തിരിയുക മാത്രമായിരുന്നു ഈ യുവതിയുടെ വിധി.
സ്‌ത്രീയുടെ മതം, പുരുഷന്റെ ഹിതം
ഇത്തരം വിധിവിഹിതങ്ങളുടെ ആഘാതങ്ങള്‍ താണ്ടി ജീവിക്കുന്ന നിരവധിപേര്‍ മുസ്‌ലിം സമുദായത്തിലുണ്ട്. ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെട്ടവരും മൊഴി ചൊല്ലപ്പെട്ടവരും പീഡനങ്ങള്‍ അനുഭവിക്കുന്നവരും മറ്റും. മതനിയമങ്ങള്‍ അവര്‍ക്ക് തണലാവുന്നില്ല. മുസ്‌ലിം സമുദായത്തില്‍ എപ്പോഴും അവഗണിക്കപ്പെട്ട മണ്ഡലമാണ് സ്‌ത്രീകളുടേത്. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, സ്‌ത്രീക്ക് ഏറ്റവും കൂടുതല്‍ അന്തസ്സ് നല്‌കുകയും അവള്‍ക്ക് അവകാശങ്ങള്‍ സ്ഥാപിച്ചുകൊടുക്കുകയും ചെയ്‌ത മതമാണ് ഇസ്‌ലാം എന്ന് കാണാം. ജീവനോടെ കുഴിച്ചുമൂടപ്പെടുന്ന അവസ്ഥയില്‍ നിന്നാണല്ലോ സ്വത്തിന് അവകാശമുള്ള സ്ഥിതിയിലേക്കുള്ള സ്‌ത്രീയുടെ പരിണാമം. സ്‌ത്രീക്ക് കര്‍തൃത്വ പദവി വകവെച്ചു നല്‍കിയ മതമാണ് ഇസ്‌ലാം. അതുകൊണ്ടാണ് മക്കാ വിജയവേളയില്‍, പ്രവാചകനോട് ഹിന്ദ് ബിന്‍ത് ഉത്‌ബക്ക് നേരെ നിന്ന് സംസാരിക്കാനും സ്വന്തം കാലുഷ്യങ്ങള്‍ പുറത്തേക്കൊഴുക്കാനും സാധിച്ചത്. ആഇശക്കും ഉമ്മുസല്‍മക്കും വ്യക്തിത്വമുള്ള മനുഷ്യര്‍ എന്ന നിലയില്‍ സ്വയം സ്ഥാപിക്കാനായത്. ഇങ്ങനെ ഉദാഹരണങ്ങള്‍ നിരവധി.
എങ്കിലും ഇസ്‌ലാമിക സമൂഹത്തില്‍ സ്‌ത്രീയുടെ പ്രതീകം ഹാജറാബീവി തന്നെ. സ്ഥലകാലങ്ങള്‍ ഒറ്റപ്പെടുത്തിയ സ്‌ത്രീ, സ്വന്തം കുടുംബത്തിന്റെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ വേണ്ടി നെട്ടോട്ടമോടേണ്ടിവന്ന സ്‌ത്രീ. ലോകത്തെവിടെയും മുസ്‌ലിംസ്‌ത്രീയുടെ പ്രതിരൂപം ഹാജറയാണ്. ഒരിടത്ത് യുദ്ധങ്ങള്‍, വേറൊരിടത്ത് പൗരോഹിത്യവും യാഥാസ്ഥിതികത്വവും, ഇനിയുമൊരിടത്ത് ലോകത്തിന്റെയും മതത്തിന്റെയും നിയമങ്ങള്‍ -ഇവയൊക്കെച്ചേര്‍ന്ന് പ്രയാസങ്ങളുടെ സഫാ-മര്‍വകള്‍ക്കിടയില്‍ എത്തും പിടിയുമില്ലാതെ ഓടിക്കൊണ്ടിരിക്കുകയാണ് മുസ്‌ലിം സ്‌ത്രീകള്‍. അവരിലൊരാളെപ്പറ്റിയാണ് ഞാന്‍ ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചത്. അവര്‍ക്കുവേണ്ടി നാം എന്തു ചെയ്‌തു? ഹാജറയുടെ പ്രയാസങ്ങള്‍ ശമിപ്പിക്കാന്‍ ഒരു നീരുറവയുണ്ടായി. നമ്മുടെ ഹാജറമാര്‍ക്കെവിടെ സംസം ജലപ്രവാഹത്തിന്റെ `കുളിര്‍സ്‌പര്‍ശം'?
കേരളത്തിലെ മുസ്‌ലിം സ്‌ത്രീകളുടെ പൊതുവായ പ്രതീകമാണ് ഹാജറ. ദൈവത്തിന്റെ തുണ മാത്രമേ അവര്‍ക്കുള്ളൂ. മുസ്‌ലിം സ്‌ത്രീ വിദ്യയഭ്യസിക്കരുത് എന്നായിരുന്നു ഒരു കാലത്ത് ഫത്‌വ. 1930 മാര്‍ച്ച് 16-ന് മണ്ണാര്‍ക്കാട് ചേര്‍ന്ന സമസ്‌തയുടെ 4-ാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് കൈക്കൊണ്ട സ്‌ത്രീ വിദ്യാഭ്യാസത്തിന്നെതിരായ ഫത്‌വ ഇതേവരെ പിന്‍വലിക്കപ്പെട്ടിട്ടില്ല. പക്ഷേ സ്‌ത്രീകള്‍ സുഖമായി സ്‌കൂളിലും കോളെജിലും പോവുന്നു. സ്‌ത്രീകള്‍ക്ക് പള്ളിപ്രവേശം ഇനിയും അനുവദിക്കപ്പെട്ടിട്ടില്ല. പക്ഷേ, മിക്ക പള്ളികളുടെയും വാതിലുകള്‍ യാത്രക്കാരായ സ്‌ത്രീകള്‍ക്കുവേണ്ടിയെന്ന പേരില്‍ തുറന്നിടപ്പെട്ടിരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് മതയാഥാസ്ഥിതികതയുടെ തിട്ടൂരങ്ങളില്‍ മാറ്റം വരാതെതന്നെ, അവയെ നിരാകരിക്കാന്‍ സമൂഹം നിര്‍ബന്ധിതമായി എന്നാണ്.
എന്നാല്‍ ഈ രീതിയില്‍ സ്‌ത്രീകള്‍ക്കിടയില്‍ ഉണ്ടാവുന്ന ഉണര്‍വുകള്‍, കേരളീയ സമൂഹത്തില്‍ മുസ്‌ലിം സ്‌ത്രീയെ കര്‍തൃസ്ഥാനത്തില്‍ എത്തിക്കുന്നുണ്ട് എന്ന് പറഞ്ഞുകൂടാ. പൊതുസമൂഹത്തിലും സ്ഥിതി ഏറെക്കുറെ ഇതുതന്നെ. കേരളത്തില്‍ ധാരാളം സ്‌ത്രീകള്‍ തൊഴിലെടുക്കുകയും ഉദ്യോഗം ഭരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് സ്വന്തം ഇച്ഛകള്‍ നടപ്പാക്കാനും സ്വയംതീരുമാനങ്ങള്‍ എടുക്കാനും ത്രാണിയുണ്ട് എന്ന് പറഞ്ഞുകൂടാ. ഭര്‍ത്താവിന്റെയോ പിതാവിന്റെയോ സാമ്പത്തികഭാരം ലഘൂകരിക്കാനുള്ള സഹായഹസ്‌തമായി മാത്രമാണ് നമ്മുടെ നാട്ടില്‍ സ്‌ത്രീകളുടെ ഉദ്യോഗങ്ങള്‍ നിലനില്‌ക്കുന്നത്. അവര്‍ അധ്വാനിച്ചുകൊണ്ടുവരുന്ന പണം കുടുംബബാധ്യതകള്‍ നിറവേറ്റാന്‍ ഉപയോഗിക്കുന്നു. മുസ്‌ലിം സ്‌ത്രീയെ സംബന്ധിച്ചേടത്തോളവും ഇതുതന്നെയാണ് സ്ഥിതി. സ്‌ത്രീയുടെ സ്വന്തം സമ്പാദ്യത്തെക്കുറിച്ചുള്ള ഇസ്‌ലാമിക പരികല്‌പന വ്യത്യസ്‌തമാണെങ്കിലും ഗൃഹനാഥന്റെ പെട്ടിയിലേക്കാണ് ഈ സമ്പാദ്യവും ചെന്നുവീഴുന്നത്. ഇത്തരം പ്രവൃത്തികളിലൂടെ സ്‌ത്രീക്ക് ഇസ്‌ലാം കല്‌പിച്ചു നല്‍കിയ കര്‍തൃസ്ഥാനം, അല്ലെങ്കില്‍ സ്വതന്ത്ര വ്യക്തിത്വം അവരില്‍നിന്നു എടുത്തുമാറ്റുകയാണ് നാം ചെയ്യുന്നത്. ആണിന്റെ തണലില്‍ വളര്‍ച്ച മുരടിച്ചുപോയ ചെടിയായി അവള്‍ മാറുന്നു.
പുര നിറഞ്ഞുനിന്നാല്‍
മുസ്‌ലിം സമൂഹത്തില്‍ വിവാഹം, വിവാഹമോചനം, കുടുംബജീവിതം എന്നീ കാര്യങ്ങളിലെല്ലാം, സ്‌ത്രീയുടെ നേരെ പുലര്‍ത്തുന്ന `അവള്‍ രണ്ടാം തരം പൗര'യാണ് എന്ന ബോധം ഒരു അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്. പുരുഷന്റെ തലയില്‍ വെച്ചുകെട്ടിയ ഭാരമാണ് സ്‌ത്രീ എന്നാണ് സാമാന്യധാരണ. അതുകൊണ്ട് അവള്‍ എഴുത്തു പഠിക്കുന്നതിനെപ്പറ്റിയും പള്ളിയില്‍ പോകുന്നതിനെപ്പറ്റിയും മുഖം മറയ്‌ക്കുന്നതിനെപ്പറ്റിയുമെല്ലാം അനാവശ്യമായ ഉത്‌കണ്‌ഠകള്‍ പുരുഷ കേന്ദ്രീകൃതമായ ലോകം വെച്ചുപുലര്‍ത്തുന്നു. സ്‌ത്രീ സഞ്ചരിക്കുന്നതിനുള്ള അതിരുകളും വേലികളും നിര്‍മിച്ചുകൊടുക്കുന്നതും ഈ ലോകംതന്നെ. അങ്ങനെയാണ് പ്രായപൂര്‍ത്തിയായാല്‍ മറ്റൊരാളുടെ തലയിലേക്ക് ഈ ഭാരം വെച്ചുകൊടുക്കേണ്ടതുണ്ട് എന്ന് അതേവരെ പ്രസ്‌തുത ഭാരം ചുമന്നുനടന്ന പിതാവിനോ സഹോദരനോ തോന്നുന്നത്. പുരനിറഞ്ഞുനില്‌ക്കുന്ന പെണ്ണിനെ കെട്ടിച്ചുവിടണമല്ലോ എന്ന ആധി മൂലമാണ് മുന്‍പിന്‍ നോട്ടമില്ലാതെ വിവാഹബന്ധങ്ങള്‍ക്ക് നാം തുനിഞ്ഞിറങ്ങുന്നത്. സ്‌ത്രീധനം, മൈസൂര്‍ കല്യാണം തുടങ്ങിയ ദുഷിച്ച ഏര്‍പ്പാടുകള്‍ക്ക് ഈ ആധി നിമിത്തമായിത്തീരുന്നു. എങ്ങനെയൊക്കെയോ ഇരന്നും തെണ്ടിയും പണമുണ്ടാക്കി നടത്തിക്കൊടുക്കേണ്ട ഒന്നാണോ വിവാഹം? പെണ്‍കുട്ടി പുര നിറഞ്ഞുനില്‌ക്കുന്നു എന്ന വസ്‌തുതയെ വീട്ടിലൊരു ടൈംബോംബ് വെച്ചിരിക്കുന്നു എന്ന മട്ടിലാണ് പല രക്ഷിതാക്കളും കാണുന്നത്. എപ്പോള്‍ വേണമെങ്കിലും ഈ ബോംബ് പൊട്ടിത്തെറിക്കാം. പ്രസ്‌തുത വിസ്‌ഫോടനമൊഴിവാക്കാനുള്ള തത്രപ്പാടില്‍ മൈസൂര്‍ കല്യാണം പോലെയുള്ള `വഞ്ചനാ നെറ്റ്‌വര്‍ക്കി'ന്റെ ഭാഗമായെത്തുന്ന വരന്മാര്‍ പോലും നമുക്ക് സ്വീകാര്യരാവുന്നു. ഇങ്ങനെ കെട്ടിച്ചയക്കുന്ന പെണ്‍കുട്ടികളുടെ വിധിയെന്താണ് എന്ന് നാം ആലോചിക്കുന്നേയില്ല.
മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മൈസൂര്‍ കല്യാണം ഒരു സാമൂഹ്യരോഗമായി മാറിയിരിക്കുന്നു എന്നാണ് ഈയിടെ ചില പ്രസിദ്ധീകരണങ്ങള്‍ നടത്തിയ സര്‍വേയില്‍ നിന്ന് വെളിവായത്. പെണ്‍കുട്ടികളെ കെട്ടിച്ചയക്കുക എന്ന ബാധ്യത എങ്ങനെയെങ്കിലും പൂര്‍ത്തീകരിക്കുകയാണവര്‍. ശേഷമെന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് സമുദായത്തിലെ മത-രാഷ്‌ട്രീയ-സാമൂഹ്യ-സേവാ പ്രസ്ഥാനങ്ങള്‍ക്ക് നോട്ടമേയില്ല. മൈസൂര്‍ കല്യാണങ്ങളില്‍ മാത്രമല്ല, ഇതര വിവാഹങ്ങളിലും നമ്മുടെ സങ്കല്‌പം ഈ `ബാധ്യതാ ബോധ'ത്തിന് ചുറ്റും കറങ്ങുകയാണ്. ബാധ്യത തീര്‍ക്കാന്‍ വേണ്ടി വിവാഹം കഴിപ്പിച്ചുവിടുന്ന പെണ്‍കുട്ടികളാണ് പരിത്യക്തകളായി ജീവിതത്തിന്റെ പെരുവഴിയില്‍ പൊടുന്നനെ ഒറ്റപ്പെട്ടുപോവുന്നത്.
പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുക എന്നത് ഒരു സാമൂഹ്യ ബാധ്യതയായിപ്പോലും മുസ്‌ലിം സമൂഹം കണക്കാക്കുന്നുണ്ടോ എന്ന് സംശയിക്കണം. സമൂഹ വിവാഹം ഇന്ന് മതസംഘടനകളുടെയും അനാഥാലയങ്ങളുടെയും മഹല്ലുകളുടെയും മറ്റും മുന്‍ഗണനാ വിഷയമായി മാറിയിട്ടുണ്ട്. ഇത്തരത്തില്‍ സമൂഹം മുന്‍കൈ എടുത്ത് ഒരു സല്‍ക്കര്‍മമെന്ന നിലയില്‍ പൂര്‍ത്തീകരിക്കേണ്ട ഒന്നാണോ പെണ്‍കുട്ടികളുടെ വിവാഹം? ഒരര്‍ഥത്തില്‍ സമൂഹവിവാഹത്തില്‍ നാം കാണിക്കുന്ന താല്‌പര്യം ദ്യോതിപ്പിക്കുന്നത് സ്‌ത്രീകള്‍ സ്വതന്ത്ര വ്യക്തിത്വങ്ങളല്ല, അനാവശ്യമായി വെച്ചുകെട്ടിയ ദുര്‍വഹ ഭാരമാണ് എന്ന ചിന്തയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റപ്പെടുത്താനാവുകയില്ല. നാം ചെയ്യുന്നത് സ്‌ത്രീയുടെ സ്വാതന്ത്ര്യം അവളില്‍നിന്ന് എടുത്തുമാറ്റുകയാണ്. സ്വര്‍ണാഭരണങ്ങള്‍, സ്‌ത്രീധനം, ഉദ്യോഗം, സ്വത്ത് തുടങ്ങിയ നിരവധി കുരുക്കുകളില്‍ അകപ്പെടുത്തിയശേഷം, അവളെ മോചിപ്പിക്കാന്‍ സമൂഹം ശ്രമിക്കുന്നു. ഇസ്‌ലാമിക സങ്കല്‌പമനുസരിച്ച് ഇങ്ങനെയൊരു അസ്വാതന്ത്ര്യം സ്‌ത്രീക്ക് ഉണ്ടാവേണ്ടതില്ല. പിതാവിന്റെ ഇഷ്‌ടമനുസരിച്ച് മറ്റൊരാളുടെ ഇണയാവാനും ഭര്‍ത്താവിന്റെ അനിഷ്‌ടത്തിന്റെ പേരില്‍ മൊഴി ചൊല്ലപ്പെടാനുമുള്ള ഉപഭോഗ വസ്‌തുവായി മുസ്‌ലിം സ്‌ത്രീ മാറുന്നുവെങ്കില്‍, അതിനുമതകീയവും സാമൂഹ്യവുമായ കാരണങ്ങള്‍ക്കൊപ്പം മനശ്ശാസ്‌ത്രപരമായ പ്രശ്‌നം കൂടിയുണ്ട്. സ്‌ത്രീയുടെ ഇച്ഛയും അനിച്ഛയും എന്താണെന്ന് പരിവൃതമായ കുടുംബ സംവിധാനങ്ങളില്‍പോലും, മുസ്‌ലിം പശ്ചാത്തലത്തില്‍ പരിഗണിക്കപ്പെടുന്നില്ല.
ദുരിതപര്‍വം സ്ഥിരം
എങ്ങനെയെങ്കിലും ആര്‍ക്കെങ്കിലും കെട്ടിച്ചുവിടണമല്ലോ എന്ന സ്‌ത്രീയെക്കുറിച്ചുള്ള ചിന്തയില്‍ നിന്നാണ് കുടുംബജീവിതത്തില്‍ സ്‌ത്രീ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളും മുളപൊട്ടുന്നത്. എന്‍ജിനീയര്‍, ഡോക്‌ടര്‍ തുടങ്ങിയ പ്രൊഫഷണലുകളിലുള്ള പെണ്‍കുട്ടികളുടെ കാര്യത്തില്‍ പോലും, സൂക്ഷ്‌മവിശകലനത്തില്‍ ഈ ചിന്തയുടെ സാന്നിധ്യമുണ്ട്. ചുരുക്കം ചിലര്‍ മാത്രമേ അതിനെ അതിജയിക്കുന്നുള്ളൂ. എന്തുകൊണ്ടാണ് സമൂഹത്തിന് പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത്രയും ഉത്‌ക്കണ്‌ഠ? അവര്‍ വഴിപിഴച്ചുപോകുമെന്ന പേടിമൂലമോ? അല്ലെങ്കില്‍ നിരാലംബരായിത്തീരുമെന്ന് കരുതിയോ?
സ്വയം നിലനില്‌ക്കാന്‍ ശേഷിയുള്ളവരുടെ കാര്യത്തില്‍ പോലും ഈ ബോധം പ്രവര്‍ത്തിക്കുന്നത് കാണാം. അതേസമയം ആണ്‍കുട്ടികളുടെ കാര്യത്തില്‍ പൊതുവെ ഇങ്ങനെയൊരു ഭീതിയോ ഉത്‌കണ്‌ഠയോ ഇല്ലതാനും. സ്‌ത്രീയുടെ മേല്‍ പുരുഷകേന്ദ്രീകൃത സമൂഹം കെട്ടിവെച്ച അധമ ധാരണകളുടെ ഉദാഹരണമാണിത്. അവരുടെ അതിജീവന ശേഷിയെക്കുറിച്ചും സദാചാരബോധത്തെക്കുറിച്ചുമുള്ള തെറ്റായ ധാരണകളാണ് ഇവ എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍ ആധുനിക സമൂഹത്തില്‍, സ്‌ത്രീകളെക്കുറിച്ച് ഇത്തരം ആശങ്കകളൊന്നും ആവശ്യമില്ലതന്നെ. ഉറച്ചുനിന്നു പൊരുതാന്‍ കെല്‌പുള്ളവരാണവര്‍. അതിനുള്ള വിദ്യാഭ്യാസവും പൊതുബോധവും ലോകപരിചയവും അവര്‍ക്കുണ്ട്. അതറിഞ്ഞു മതി, നമ്മുടെ ഭാഗത്തുനിന്ന് അവര്‍ക്ക് ഇണയും തുണയും കണ്ടെത്തല്‍.
പെണ്‍കുട്ടികള്‍ വീട്ടിനകത്ത് സൂക്ഷിച്ചുവെച്ച ടൈംബോംബുകളാണെന്നും എങ്ങനെയെങ്കിലും അവ നിര്‍വീര്യമാക്കുകയാണ് നമ്മുടെ പ്രഥമ ചുമതലയെന്നുമുളള സമൂഹത്തിന്റെ തോന്നല്‍ സ്‌ത്രീകളെ പല പ്രയാസങ്ങളിലും അകപ്പെടുത്തുന്നുണ്ട്. ഈ തോന്നല്‍ അവരെ അനാരോഗ്യകരമായ കുടുംബബന്ധങ്ങളിലേക്ക് തള്ളിവിടുന്നു. മൈസൂര്‍ കല്യാണത്തിന്റെ അനിവാര്യദുരന്തങ്ങള്‍ ഏറ്റുവാങ്ങാന്‍ അവര്‍ വിധിക്കപ്പെടുന്നു, അവര്‍ സ്‌ത്രീധനത്തിന്റെ ഇരകളായി മാറുന്നു. എല്ലാ അര്‍ഥത്തിലും സ്‌ത്രീകള്‍ പരിത്യക്തകളാവുന്നു. എന്നാല്‍ നാം അവരെ സ്വതന്ത്രവ്യക്തികളെന്ന നിലയില്‍ കണക്കാക്കുകയാണെങ്കിലോ- ചിത്രം അടിമുടി മാറും. എല്ലാ പ്രതികൂലാവസ്ഥകളേയും മറികടന്ന് ദൈവസഹായത്തോടെ ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ സ്വന്തം ജീവിതം കരുപ്പിടിപ്പിച്ച ഹാജറയാണ് അവരുടെ ആദര്‍ശബിംബം. ഒറ്റപ്പെട്ടവള്‍, അനാഥ. ഹാജറാ ബീവിയെ സനാഥത്വത്തിലേക്ക് നയിച്ച ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ നാം നമ്മുടെ സ്‌ത്രീകളെ അനുവദിച്ചാല്‍ മാത്രം മതി, ദുരിതങ്ങളുടെ മാമലകള്‍ പലതും താനേ അലിഞ്ഞുപോവും. അതിന് ഒരു പക്ഷെ മതനിയമങ്ങളെ യഥാര്‍ഥ ഇസ്‌ലാമിക മൂല്യ സങ്കല്‌പങ്ങള്‍ക്കനുസരിച്ച് പുനര്‍നിര്‍ണയിക്കേണ്ടിവരികപോലും ചെയ്‌തേക്കാം. നാമതിന് തയ്യാറാണോ?
0 comments: