`അല്‍അമീന്‍' യോഗ്യരായ അനന്തരാവകാശികളെ തേടുന്നു

  • Posted by Sanveer Ittoli
  • at 9:49 AM -
  • 0 comments
`അല്‍അമീന്‍' യോഗ്യരായ അനന്തരാവകാശികളെ തേടുന്നു

മുഹ്‌സിന്‍ കോട്ടക്കല്‍
``സത്യം തുറന്നുപറയുന്ന പത്രങ്ങള്‍ ഇവിടെ അല്‍പായുസ്സുകളാക്കപ്പെടുന്നു. `നിങ്ങള്‍ക്ക്‌ ദോഷകരമായിത്തീരുമെങ്കില്‍ പോലും സത്യം പറയണം' എന്നാണ്‌ മുഹമ്മദ്‌ നബി അനുശാസിച്ചിട്ടുള്ളത്‌. എന്നാല്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ മലബാറില്‍ പ്രത്യേകിച്ചും പ്രവാചകന്റെ വിശുദ്ധ വചനമനുസരിച്ച്‌ ഒരു പത്രം നടത്തിക്കൊണ്ട്‌ പോവുക അസാധ്യമായിത്തോന്നുന്നു. അഭിപ്രായ പ്രകാശനത്തില്‍ സത്യം ഒളിച്ചുവെക്കുന്നവന്‍ ചെകിടനായ ചെകുത്താനാണെന്നും പ്രവാചക പ്രഭു അരുളിയിട്ടുണ്ട്‌. റസൂല്‍ തിരുമേനിയുടെ പ്രസ്‌തുത വചനം ഗൗരവപൂര്‍വം മനസ്സില്‍ ഉറപ്പിച്ചുകൊണ്ടു തന്നെയാണ്‌ അല്‍അമീന്‍ ഇന്നോളവും നിലനിന്നുപോന്നത്‌. 
പക്ഷേ, അമീനെ ചെകിടനായ ചെകുത്താനാക്കാനാണ്‌ ചില തല്‍പരകക്ഷികള്‍ ശ്രമിക്കുന്നത്‌. ഇത്തരമൊരവസ്ഥ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാവുകയാണെങ്കില്‍ ഭരണാധികാരികളുടെ എത്ര മൂര്‍ച്ചയേറിയ ആയുധത്തിനും സസന്തോഷം സധൈര്യം കഴുത്തുകാണിച്ചുകൊടുക്കുകയല്ലാതെ ഒരൊറ്റ നിമിഷം കൂടുതല്‍ ജീവിക്കാന്‍ അല്‍അമീന്‍ ആഗ്രഹിക്കുന്നില്ല.''
പത്രം വാര്‍ത്തകളുടെ വിനിമയവേദി മാത്രമല്ല; നട്ടെല്ലുള്ള നിലപാടുകളുടെ മൂര്‍ച്ചയുള്ള ജിഹ്വയും കാലത്തിന്റെ സത്യസന്ധമായ അടയാളപ്പെടുത്തലുമാണ്‌. മുകളിലെ ഉദ്ധരണിയിലെന്നപോലെ, അച്ചടിമഷി പുരണ്ട ഓരോ താളിലും തന്റെ ജന്മദൗത്യത്തെ സഫലമാക്കിയിട്ടുണ്ട്‌ അല്‍അമീനെന്ന മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്റെ പത്രം. പത്രമെന്ന അതിസാധാരണ മാധ്യമത്തിന്‌ നൂറ്റാണ്ടുകളുടെ കിതച്ചോട്ടം കൊണ്ടുപോലും ചിലപ്പോള്‍ സാധ്യമാകാത്ത ആഴത്തിലുള്ള കാലടയാളങ്ങളാണ്‌ കേരളചരിത്രത്തിന്റെ ഏറ്റവും ചലനാത്മക കാലഘട്ടത്തില്‍ അല്‍അമീന്‍ പതിപ്പിച്ചിട്ടുള്ളത്‌. ശതകങ്ങള്‍ക്കിപ്പുറം എണ്ണിയാലൊടുങ്ങാത്ത പത്രങ്ങളും പത്രപ്രവര്‍ത്തകരും സാങ്കേതികവിദ്യകളുമുള്ള ഒരുകാലത്ത്‌ നിന്ന്‌ അല്‍അമീന്റെ പ്രോജ്വല ജീവിതത്തെ വിചിന്തനം ചെയ്യുമ്പോള്‍, താണു താണുപോകുന്നത്‌, വര്‍ത്തമാനകാല മാധ്യമങ്ങളുടെ മിഥ്യാഭിമാനം തന്നെയാണ്‌; പത്രധര്‍മമെന്ന പാവം പിടിച്ച വാക്കിന്റെ അസംബന്ധ മാനമാണ്‌.
1920-കളുടെ ആദ്യ വര്‍ഷങ്ങളില്‍ കേരള സമൂഹത്തിന്റെ, വിശിഷ്യാ മുസ്‌ലിം സമുദായത്തിന്റെ ഹൃദയങ്ങളില്‍ വെന്തെരിഞ്ഞ തീയിലാണ്‌ അല്‍അമീന്‍ പിറവികൊള്ളുന്നത്‌. മാപ്പിളയുടെ സമരവീര്യം തെളിയിച്ചുകൊണ്ട്‌ മലബാര്‍ കലാപം അവസാനിച്ചതേയുള്ളൂ. ഖിലാഫത്തിന്റെ നിലനില്‌പിനുവേണ്ടിയുള്ള പടപ്പുറപ്പാടായിരുന്നില്ല അത്‌, വൈദേശികാധിപത്യത്തിന്റെ എച്ചില്‍നക്കി ജീവിക്കാന്‍ ഇനിയും മനസ്സനുവദിക്കാത്ത ദേശസ്‌നേഹികളുടെ, സ്വാതന്ത്ര്യദാഹികളുടെ വിപ്ലവമായിരുന്നു. ബ്രിട്ടീഷ്‌ മലബാറിനെ ആപാദചൂഢം ഇളക്കിക്കൊണ്ട്‌ രണ്ടേരണ്ട്‌ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളേ ഉണ്ടായിട്ടുള്ളൂ. മലബാര്‍ കലാപവും ഉപ്പുസത്യാഗ്രഹവും. സമുദായമെന്ന നിലയ്‌ക്ക്‌ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളില്‍ ഭാഗഭാക്കായത്‌ മലബാറിലെ മുസ്‌ലിംകള്‍ മാത്രമാണ്‌ താനും. എന്നാല്‍ മലബാര്‍ കലാപത്തെ ഭൂരിപക്ഷ പൊതുസമൂഹവും മാധ്യമങ്ങളുമൊക്കെ മാപ്പിളയുടെ വര്‍ഗീയ മനസ്സില്‍ നിന്നുണ്ടായ ചേലാകലാപമായി മുദ്രകുത്തി. മലയാള മനോരമ, യോഗക്ഷേമം, നസ്രാണി ദീപിക, കേരള പത്രിക തുടങ്ങി ബ്രിട്ടീഷുകാര്‍ക്ക്‌ ഓശാന പാടിയ പത്രങ്ങള്‍ മാത്രമല്ല, മലബാറിന്റെ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളെ പ്രതിനിധീകരിച്ചിരുന്ന മാതൃഭൂമി പത്രംവരെ വര്‍ഗീയതയുടെ മഞ്ഞക്കണ്ണോടെ മലബാര്‍ കലാപത്തെ നോക്കിക്കണ്ടു. ദേശീയപത്രം എന്ന നിലക്ക്‌ മാതൃഭൂമിയുടെ പ്രചാരണത്തിനായി പരിശ്രമിച്ചിരുന്ന മുസ്‌ലിം സ്വാതന്ത്ര്യസമര നേതാക്കള്‍ക്ക്‌ കടുത്ത കുറ്റബോധം തോന്നിയിരിക്കണം. ചോരയും നീരും നല്‍കി ദേശത്തിനുവേണ്ടി പോരാടിയവര്‍ക്കുനേരെ തിരിഞ്ഞുള്ള ഈ മുണ്ടുപൊക്കിക്കാട്ടല്‍ കണ്ടു സഹികെട്ടാണ്‌ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ എന്ന കോണ്‍ഗ്രസ്‌ മുന്നണിപ്പോരാളിയും ചങ്ങാതിമാരും ചിരകാല സ്വപ്‌നമായിരുന്ന പത്രത്തിന്‌ തുടക്കം കുറിക്കുന്നത്‌.
ഉന്നത ജോലിയായ ഐ സി എസ്‌ സ്വപ്‌നമുപേക്ഷിച്ച്‌ സ്വാതന്ത്ര്യസമര രംഗത്തേക്കിറങ്ങിച്ചെന്ന സാഹിബിന്‌ ഒരു പത്രത്തിന്‌ ചെയ്യാന്‍ കഴിയുന്ന വിപ്ലവത്തെക്കുറിച്ച്‌ വ്യക്തമായ ധാരണയുണ്ടായിരുന്നു. മൗലാനാ മുഹമ്മദലിയുടെയും മൗലാനാ ആസാദിന്റെയും പത്രങ്ങള്‍ ജീവനുള്ള തെളിവുകളായി മുമ്പിലുണ്ടായിരുന്നു. സ്വാതന്ത്ര്യപോരാട്ടവും സമുദായ പരിഷ്‌കരണവും ഒന്നിച്ചുകൊണ്ടുപോകാനുള്ള ഉചിതമായ ഉപകരണമായി അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ പത്രത്തെ കണ്ടു. ഭൂരിപക്ഷ സമൂഹം മലബാര്‍ കലാപത്തെ സ്വീകരിച്ച രീതികൂടി കണ്ടപ്പോള്‍, അദ്ദേഹം മറ്റൊന്നുമാലോചിച്ചില്ല. മലബാര്‍ കലാപാനന്തരമുണ്ടായ രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിന്‌ശേഷം അല്‍അമീന്‍ എന്ന പത്ര സ്ഥാപനത്തിനുള്ള ശ്രമം തുടങ്ങി. 1923 ഡിസംബറില്‍ സുഹൃത്തുക്കളുമൊന്നിച്ച്‌ അല്‍അമീന്‍ പ്രിന്റിംഗ്‌ ആന്റ്‌ പബ്ലിഷിംഗ്‌ കമ്പനി രജിസ്റ്റര്‍ ചെയ്‌തു. മദ്രാസ്‌, തലശ്ശേരി, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുവാങ്ങിയ പഴയ അച്ചടിയന്ത്രങ്ങളും ടൈപ്‌സെറ്റുകളും കോഴിക്കോട്‌ കോടതി റോഡിലെ വാടക സ്ഥലത്ത്‌ സ്ഥാപിച്ച്‌ അച്ചടി പ്രസ്‌ തയാറാക്കി. 1924-ലെ നബിദിനത്തില്‍ (ഒക്‌ടോബര്‍ 12) അല്‍അമീന്റെ ആദ്യലക്കം പുറത്തിറങ്ങി. കാപട്യമില്ലാത്ത ധീരനിലപാടിന്റെ പത്രത്തിന്‌ തിരുനബിയുടെ അല്‍അമീനെന്നെ (വിശ്വസ്‌തന്‍) വിശേഷണനാമം തികച്ചും അനുയോജ്യമായിരുന്നെന്ന്‌ പിന്നീട്‌ കാലം തെളിയിച്ചു.
അനീതിക്കെതിരെ ഉച്ചൈസ്ഥരം ശബ്‌ദിക്കുക എന്ന ദൗത്യം അതിന്റെ ഉറവിടങ്ങളുടെ വലുപ്പ ചെറുപ്പങ്ങള്‍ പരിഗണിക്കാതെ അല്‍അമീന്‍ നിര്‍വഹിച്ചു. ബ്രിട്ടീഷ്‌ ഭരണകൂടവും അതിന്റെ വെള്ളക്കാരനെന്നോ ഇന്ത്യക്കാരനെന്നോ ഭേദമില്ലാത്ത ഉദ്യോഗസ്ഥവൃന്ദങ്ങളും അല്‍അമീന്റെ താളുകളെ ഭയപ്പെട്ടു. മുസ്‌ലിം സമുദായത്തിനകത്തെ അന്ധവിശ്വാസങ്ങളുടെ അപ്പോസ്‌തലന്മാര്‍ അല്‍അമീന്റെ വാളിനിരയായി. സമൂഹത്തിന്റെ ഏത്‌ മുക്കിലും മൂലയിലുമുള്ള സമാധാന ധ്വംസനങ്ങള്‍ക്കെതിരിലും അല്‍അമീന്‍ ധീരതയുടെ അച്ചുനിരത്തി. മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ എന്ന സ്ഥാപകനെപ്പോലെ പത്രവും ഹ്രസ്വ ജീവിതത്തിനിടയിലും ദൗത്യനിര്‍വഹണത്തിന്റെ ഔന്നത്യം ദര്‍ശിച്ചു.
പ്രസാധനത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ ബ്രിട്ടീഷ്‌ ഭരണകൂടത്തിന്റെ കണ്ണിലെ കരടായിത്തീര്‍ന്നു അല്‍അമീന്‍. സ്വാതന്ത്ര്യസമരത്തിന്റ രണഭൂമിയിലേക്ക്‌ കേരളജനതയെ അണിനിരത്തുകയായിരുന്നല്ലോ അതിന്റെ പ്രധാനലക്ഷ്യം. ഏറെക്കുറെ അതില്‍ വിജയിക്കാനും പത്രത്തിന്‌ കഴിഞ്ഞു. അത്‌ വെള്ളത്തമ്പുരാക്കന്മാരെ ചൊടിപ്പിച്ചു. പക്ഷേ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ രോമാഞ്ച വര്‍ത്തമാനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന്‌ അല്‍അമീന്‍ ഒട്ടും പിറകോട്ട്‌ പോയില്ല. 1930-ലെ സിവില്‍ നിയമലംഘന പ്രസ്ഥാന സമയത്തും നിസ്സഹകരണ പ്രസ്ഥാന സമയത്തുമൊക്കെ ചിറകൊതുക്കി മെരുങ്ങിനിന്ന മറ്റു പത്രഭീരുക്കള്‍ക്കിടയില്‍ ഉയര്‍ന്നുകേട്ട ഒറ്റ ശബ്‌ദമായി അല്‍അമീന്‍ മാറി. ദേശീയതലത്തില്‍ നടക്കുന്ന സമരങ്ങളുടെ ചൂടും ചൂരുമൊക്കെ അത്‌ ജനങ്ങളിലേക്കെത്തിച്ചുകൊണ്ടേയിരുന്നു.
സ്വാതന്ത്ര്യസമര പോരാട്ടമെന്ന ബൃഹദ്‌ ലക്ഷ്യത്തിന്റെ അതേ പ്രാധാന്യത്തോടെ അല്‍അമീന്‍ സമുദായ പരിഷ്‌കരണ ദൗത്യവും നിര്‍വഹിച്ചു. സ്‌ത്രീധന സമ്പ്രദായം, ആര്‍ഭാട വിവാഹം, ഖബ്‌റാരാധന, കൊടികുത്ത്‌ നേര്‍ച്ചകള്‍, കാതുകുത്ത്‌ കല്യാണം, മരുമക്കത്തായ സമ്പ്രദായം തുടങ്ങി മുസ്‌ലിം സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെയും ജീര്‍ണതകളെയും അല്‍അമീന്‍ പൊളിച്ചടുക്കാന്‍ തുടങ്ങി. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ നവോത്ഥാന പരിശ്രമങ്ങളെ അകമഴിഞ്ഞു സഹായിച്ചു. അല്‍അമീന്‍ പ്രസ്സു വഴി വിവിധങ്ങളായ വൈജ്ഞാനിക ഗ്രന്ഥങ്ങളും വായനക്കാരിലേക്കെത്തിച്ചു. പില്‌ക്കാലത്ത്‌ കേരള ചരിത്രത്തില്‍ സ്ഥാനം പിടിച്ച പ്രഗത്ഭരായ ഒരുപിടി എഴുത്തുകാരെ അല്‍അമീന്റെ പണിപ്പുര വാര്‍ത്തെടുത്തു.
ഭാഷാസ്‌നേഹികള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും അല്‍അമീന്‍ ആവോളം ഇടം നല്‍കി. അല്‍അമീന്റെ ആവേശം യുവാക്കള്‍ക്കിടയില്‍ അതിവേഗം പടര്‍ന്നുപിടിച്ചു. വിവിധ സാമൂഹ്യ പ്രശ്‌നങ്ങളില്‍ നടത്തിയ നേരിട്ടുള്ള ഇടപെടലുകള്‍ അതിന്‌ വമ്പിച്ച ജനസമ്മിതി നേടിക്കൊടുത്തു. പന്തീരി പന്ത്രണ്ട്‌ പോലുള്ള കരുത്തുറ്റ മുഖപ്രസംഗങ്ങള്‍ക്കായി ജനങ്ങള്‍ ആര്‍ത്തിയോടെ അല്‍അമീനെ തിരഞ്ഞുചെന്നു. അല്‍അമീന്റെ കൊട്ടു കൊണ്ടവരെല്ലാം അതിനെ നഖശിഖാന്തം എതിര്‍ത്തു. സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ മൂലം 1930-ലും 1939-ലുമൊക്കെ ഇടയ്‌ക്കിടെ പ്രസാധനം നിലച്ചു. ചില മുഖക്കുറിപ്പുകള്‍ സാഹിബിന്‌ ജയില്‍ശിക്ഷ സമ്മാനിച്ചു. അല്‍അമീനെ വഹാബി പത്രമായി കണ്ട മുസ്‌ലിം യാഥാസ്ഥിതികരും വെറുതെയിരുന്നില്ല. ഇതര മതസ്ഥരില്‍ ചിലരും അന്ന്‌ മാതൃഭൂമിയെ നിയന്ത്രിച്ചിരുന്ന വലതുപക്ഷ കോണ്‍ഗ്രസുകാരും അല്‍അമീനെ കാക്കാമാരുടെ മത പത്രമായാണ്‌ വീക്ഷിച്ചത്‌.
തൊഴിലാളി പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചതുകൊണ്ട്‌ മാതൃഭൂമിക്കും സമ്പന്ന വര്‍ഗങ്ങള്‍ക്കും അല്‍അമീന്‍ അപ്രിയമായിരുന്നു. ഇതിന്റെയൊക്കെ ഫലമായി പല കേസുകളിലും പെട്ട്‌ അല്‍അമീനും പത്രാധിപര്‍ക്കും കോടതികള്‍ കയറിയിറങ്ങേണ്ടിവന്നു. പരസ്യങ്ങള്‍ നിഷേധിച്ചും അന്യായമായി പണം ഈടാക്കിയും നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയും അല്‍അമീനെ തളര്‍ത്താന്‍ സര്‍ക്കാര്‍ ആവതും പരിശ്രമിച്ചു. പലപ്പോഴും സാമ്പത്തിക ബാധ്യതകള്‍ പത്രത്തെ പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നു. എന്നിരുന്നാലും പ്രവര്‍ത്തന ധീരതയുടെ വൈശിഷ്‌ട്യം കൊണ്ടും നിലപാടുകളുടെ ആര്‍ജവം കൊണ്ടും അല്‍അമീന്‌ കിടപിടിക്കാന്‍ പോന്നത്‌ പിന്നീട്‌ മലയാളക്കര കണ്ടിട്ടില്ലെന്നതാണ്‌ സത്യം.
അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ അല്‍അമീന്‌ അര നൂറ്റാണ്ടിന്‌ ശേഷം ഇന്ന്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനുഗ്രഹാശിസ്സുകളോടെ അല്‍അമീന്‍ എന്ന പേരില്‍ ഒരു മാസിക പ്രസാധനം ആരംഭിച്ചിട്ടുണ്ട്‌. പുതിയ കാലത്തെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ മുഖപത്രങ്ങളുടെ നിലവാരത്തില്‍, എതിരാളികളെ തെറിവിളിക്കുന്ന ഒരു മാസികക്ക്‌ അല്‍അമീനിന്റെ പൈതൃകം ഒരിക്കലും അവകാശപ്പെടാന്‍ യോഗ്യതയില്ല. അല്‍അമീനോടും അതിന്റെ പിറകിലെ ജീവസാന്നിധ്യങ്ങളായ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനോടും ഇ മൊയ്‌തു മൗലവിയോടും മുസ്‌ലിം സമുദായത്തോടും വലതുപക്ഷ കോണ്‍ഗ്രസ്‌ സ്വീകരിച്ച ചിറ്റമ്മ ഇനിയും തിരുത്തപ്പെട്ടിട്ടില്ല. ദേശീയ മുസ്‌ലിംകളുടെ സമര ജീവിതത്തെ വിദഗ്‌ധമായി മറച്ചുപിടിച്ച അതേ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. 
അതുകൊണ്ടുതന്നെ സാഹിബിന്റെയും അല്‍അമീന്റെയും എക്കാലത്തേയും സഹയാത്രികനായിരുന്ന ഇ മൊയ്‌തു മൗലവിയുടെ മകന്‍ എം റഷീദാണ്‌ അതിന്‌ നാന്ദി കുറിച്ചത്‌ എന്നത്‌ അവിശ്വസനീയമായി തോന്നുന്നു. മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‌ ശേഷം കെ പി സി സി അധ്യക്ഷനായി ഒരു മുസ്‌ലിമിന്‌ ഒരിക്കലും ഇടംനല്‍കാത്ത, താക്കോല്‍ സ്ഥാനങ്ങളിലൊന്നില്‍ പോലും ആര്‍ജവമുള്ള ഒരു മുസ്‌ലിമിനെ ഉയര്‍ത്തിക്കാണിക്കാനില്ലാത്ത ഇന്നത്തെ കോണ്‍ഗ്രസില്‍ നിന്ന്‌ ഇതില്‍പരം ഒരു കൊഞ്ഞനംകുത്തല്‍ ലഭിക്കാനില്ല; അല്‍അമീന്റെ സമുദായത്തിന്‌.
ഇതിലും ഖേദകരമാണ്‌ ഇന്നത്തെ മുസ്‌ലിം പത്രങ്ങളുടെ അവസ്ഥ. ആറാമതൊരു മുസ്‌ലിം ദിനപത്രവും കൂടി വരാനിരിക്കുകയാണ്‌. ഓരോ പത്രവും ഓരോ സംഘടനകളുടെ ജീനാണ്‌ പേറുന്നത്‌. അതുകൊണ്ടുതന്നെ മുസ്‌ലിം സമുദായത്തിന്റെ പൊതുധാര ഉള്‍ക്കൊള്ളുന്ന ഒരു പത്രവും ഇന്നില്ല. സമുദായമെന്ന നിലയില്‍ മുസ്‌ലിമിന്റെ യഥാര്‍ത്ഥ സത്തയെ പ്രതിനിധീകരിക്കുകയും അതേസമയം കേരളസമൂഹത്തെ സത്യസന്ധമായി അഭിമുഖീകരിക്കുകയും ചെയ്യുന്ന ഒരു പത്രത്തിന്റെ സ്ഥാനം അല്‍അമീനു ശേഷം ഒഴിഞ്ഞുകിടക്കുക തന്നെയാണ്‌. ഇന്ന്‌ മുസ്‌ലിം ലേബലുകളിലിറങ്ങുന്ന പത്രങ്ങള്‍ തീര്‍ത്തും ഋജുവായ സംഘടനാ താത്‌പര്യങ്ങളെ മാത്രമാണ്‌ മുന്‍നിര്‍ത്തുന്നത്‌. പത്രപ്രവര്‍ത്തനം ഒരു തൊഴിലും പത്രസ്ഥാപനം ഒരു നല്ല കച്ചവടസംരംഭവുമായ ഇക്കാലത്ത്‌ നിന്ന്‌, ഒരിക്കല്‍ പോലും നിശ്ചയിച്ച ശമ്പളം കൊടുക്കാനില്ലാഞ്ഞിട്ടും തൊഴില്‍ സമരങ്ങളോ തൊഴുത്തില്‍കുത്തുകളോ നടത്താതിരുന്ന പത്രപ്രവര്‍ത്തകരിലേക്കും കുടുംബസ്വത്തുക്കള്‍ പോലും വിറ്റ്‌ പത്രം നടത്തിപ്പോന്ന പത്രമുതലാളിയിലേക്കും ഏറെ ദൂരം തന്നെയുണ്ട്‌.
ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ എങ്ങനെ മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കാമെന്നും സ്വത്വം കൊണ്ട്‌ മുസ്‌ലിമായിരിക്കെ എങ്ങനെ പൊതുസമൂഹത്തിന്റെ പത്രമാകാമെന്നുമാണ്‌ അല്‍അമീനിലൂടെ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ കാണിച്ചുതന്നത്‌. അതുതന്നെയാണ്‌ സ്വദേശാഭിമാനി വഴി വക്കം മൗലവിയും തെളിയിച്ചുതന്നത്‌. ഈ പത്രങ്ങളൊക്കെ മുസ്‌ലിം സമുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തവെതന്നെ ഇന്ത്യന്‍ ദേശീയ വികാരത്തിന്റെ സ്രോതസ്സുകള്‍ കൂടിയായിരുന്നു. മിതത്വവും വൈദഗ്‌ധ്യവും കലര്‍ന്ന ഈ സമീപനം തന്നെയാണ്‌ ഇന്നത്തെ സമുദായ പത്രങ്ങള്‍ക്ക്‌ നഷ്‌ടമാകുന്നത്‌. അവ ഒന്നുകില്‍ മുസ്‌ലിം സത്തയില്ലാത്തതോ അല്ലെങ്കില്‍ ബഹുസ്വരമല്ലാത്തതോ ആയിത്തീരുന്നു. പലപ്പോഴും ബഹുസ്വരമാകാനുള്ള ബദ്ധപ്പാടുകള്‍ക്കിടയിലും സംഘടനാ സങ്കുചിതത്വങ്ങള്‍ക്കിടയിലും മുസ്‌ലിം സമുദായത്തിനോടുള്ള ആഭിമുഖ്യം നഷ്‌ടപ്പെട്ടുപോകുന്നു. 
അല്ലയോ സത്യവിശ്വാസികളേ, നിങ്ങളുടെ ഉറ്റബന്ധുക്കള്‍ക്കോ നിങ്ങള്‍ക്കുതന്നെയോ ദോഷകരമായിരുന്നാല്‍ പോലും നീതി പാലിച്ച്‌ നിങ്ങള്‍ ദൈവത്തില്‍ സാക്ഷ്യം വഹിക്കുന്നവരായിരിപ്പിന്‍?എന്ന്‌ അല്‍അമീനെ പോലെ ദിവസവും പേരിനുതാഴെ ചേര്‍ക്കാന്‍ ത്രാണിയുള്ള, ബഹുസ്വര സമൂഹം രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന ഒരു പത്രം സാധ്യമാക്കാന്‍ ആരുണ്ട്‌ എന്നതത്രെ ശേഷിക്കുന്ന ചോദ്യം.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: