സജനവാസത്തിന്റെ പ്രസക്തി
ഹദീസ്‌പഠനം -
ശംസുദ്ദീന്‍ പാലക്കോട്
`നല്ല കൂട്ടുകാരന്റെ ഉദാഹരണം കസ്‌തൂരി വില്‌പനക്കാരനെപ്പോലെയും ചീത്ത കൂട്ടുകെട്ടുകാരന്റെ ഉദാഹരണം ഉലയില്‍ ഊതുന്ന തട്ടാനെപ്പോലെയുമാകുന്നു. കസ്‌തൂരി വില്‌പനക്കാരനില്‍ നിന്ന് മൂന്നിലൊരു സൗഭാഗ്യം അയാളുടെ സാന്നിധ്യത്തിലെത്തുന്നവര്‍ക്കെല്ലാം അനുഭവിക്കാന്‍ കഴിയും. ഒന്നുകില്‍ അയാള്‍ അല്‌പം സുഗന്ധം നമുക്ക് പുരട്ടിത്തരും. അല്ലെങ്കില്‍ നമുക്കാവശ്യമുള്ള സുഗന്ധം അയാളില്‍ നിന്ന് വില കൊടുത്ത് വാങ്ങാം. അതുമല്ലെങ്കില്‍ ഒരു സുഗന്ധമാസ്വദിച്ച് അയാളുടെ അടുത്തുകൂടെ കടന്നുപോകാം. എന്നാല്‍ ഉലയില്‍ ഊതുന്ന തട്ടാനാകട്ടെ, അയാളുടെ അടുത്തുനിന്ന് ഒരു തീപ്പൊരി പാറി വന്ന് നമ്മുടെ വസ്‌ത്രം കത്തിപ്പോയെന്നു വരാം. അല്ലെങ്കില്‍ (പുകയും വെണ്ണീറും ശ്വസിച്ച്) അയാളുടെ അടുത്തുകൂടെ ദുര്‍ഗന്ധം ഏറ്റുവാങ്ങി കടന്നുപോവാം!'' (അബൂമുസല്‍ അശ്‌അരി നിവേദനം ചെയ്‌ത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസ്)
സാമൂഹ്യ ജീവിതത്തിലെ ബന്ധങ്ങളും സഹവാസങ്ങളും നമ്മുടെ ജീവിതത്തെ എങ്ങനെ ഗുണപരമായും ദുഷ്‌കരമായും സ്വാധീനിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന നബിവചനമാണിത്. ആദര്‍ശബോധത്തോടെ ജീവിക്കാന്‍ ബാധ്യതയുള്ള സത്യവിശ്വാസികള്‍ക്ക് ഈ നബിവചനം ഒട്ടേറെ ദിശാസൂചനകള്‍ നല്‌കുന്നുണ്ട്.
1. സാമൂഹ്യ ജീവിയായ മനുഷ്യന് സാമൂഹ്യബന്ധങ്ങളില്‍ നിന്ന് വേറിട്ട് ഒരു ജീവിതം സാധ്യമല്ല.
2. മനുഷ്യര്‍ അവരുടെ സ്വഭാവ നിലവാരത്തില്‍ വ്യത്യസ്‌ത തരക്കാരാണ്. അതിനാല്‍ ആളുകളുമായി സഹവസിക്കുമ്പോള്‍ ശ്രദ്ധയും ജാഗ്രതയും വേണം.
3. നല്ല മനുഷ്യരുമായി കൂടുതല്‍ സഹവസിക്കുകയും അവരുമായി നല്ല ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് ഗുണപരമായ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാവുമെന്നുറപ്പാണ്.
4. ചീത്ത സ്വഭാവവും സാംസ്‌കാരിക ജീര്‍ണതയും മുഖമുദ്രയാക്കിയവരെ കൂട്ടുകാരാക്കിയാല്‍ അവരുടെ സ്വഭാവവൈകല്യം അറിയാതെയാണെങ്കിലും കൂട്ടുകാരിലേക്ക് സാംക്രമിക്കുകയും സ്വാംശീകരിക്കപ്പെടുകയും ചെയ്യും.
5. സത്യവിശ്വാസികള്‍ സജ്ജന സഹവാസത്തിനാണ് ശ്രമിക്കേണ്ടത്. തന്നെക്കാള്‍ സല്‍ക്കര്‍മനിരതമായ ജീവിതവും സ്വഭാവഗുണവും നിലനിര്‍ത്തുന്നവരുമായി സഹവസിക്കാന്‍ ഒരു വിശ്വാസി ശ്രമിക്കുമ്പോള്‍ തന്റെ ജീവിതത്തില്‍ താന്‍ നിലനിര്‍ത്തിപ്പോരുന്ന നന്മയുടെ ഗ്രാഫ് ഒന്നുകൂടി ഉയരാന്‍ അത് സഹായകമാകും.
6. ദുസ്സ്വഭാവികളുമായാണ് നമ്മുടെ സഹവാസമെങ്കില്‍ നമ്മെ ആളുകള്‍ വിലയിരുത്തുക ദുസ്സ്വഭാവികളായ നമ്മുടെ കൂട്ടുകാരുടെ നിലവാരത്തിലായിരിക്കും. അത് നാം നിലനിര്‍ത്തിപ്പോന്ന ധാര്‍മികമായ ഇമേജ് തകര്‍ക്കാനാണ് സഹായകമാവുക.
എന്നാല്‍ ഒരാളുടെ നന്മയും തിന്മയും നിര്‍ണയിക്കുന്ന മാനദണ്ഡമെന്തായിരിക്കണം? ഒരാള്‍ കൂട്ടുകൂടാന്‍ പറ്റുന്ന വിധം നല്ലവനാണോ അല്ലേ എന്ന് നിര്‍ണയിക്കാനുള്ള മാനദണ്ഡം എന്താണ്? ഒട്ടേറെ ദിവ്യസൂക്തങ്ങളിലൂടെയും നബിവചനങ്ങളിലൂടെയും ഇക്കാര്യം സുഗ്രാഹ്യമാക്കപ്പെട്ടിട്ടുണ്ട്.
മക്കയിലെ പ്രമാണിമാരും പ്രശസ്‌തരുമായ ചിലര്‍ മാന്യനായ മുഹമ്മദ്(സ)യുടെ സഹവാസവും കൂട്ടുകെട്ടും ആഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്‌തിരുന്നു. അക്കാര്യം അവര്‍ പ്രവാചകനെ വ്യംഗ്യമായി സൂചിപ്പിക്കുകയും ചെയ്‌തു. പക്ഷെ, അവര്‍ക്ക് പ്രവാചകന്റെ സദസ്സില്‍ പ്രവാചകന്റെ കൂട്ടുകാരനായി വന്നിരിക്കാന്‍ ഒരു പ്രധാന തടസ്സം പ്രവാചകന്റെ സദസ്സില്‍ എപ്പോഴുമുണ്ടാകുന്ന പാവപ്പെട്ടവരും അടിമകളും അവരുടെ വീക്ഷണത്തില്‍ അപ്രസക്തരുമായ ആദര്‍ശ പ്രതിബദ്ധതയുള്ള സ്വഹാബികളായിരുന്നു. ബിലാല്‍, അമ്മാര്‍, സുഹൈബ് തുടങ്ങിയവര്‍... അവരെ പ്രവാചകന്‍ തന്റെ സദസ്സില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണെങ്കില്‍ ഉന്നതസ്ഥാനീയരായ തങ്ങള്‍ പ്രവാചകന്റെ സദസ്സില്‍ പ്രവാചകന്റെ ശിഷ്യരും കൂട്ടുകാരുമായി വന്നിരിക്കാന്‍ തയ്യാറാണെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍ തന്റെ കൂടെയുള്ള ആദര്‍ശശാലികളായ കൂട്ടുകാരോടൊപ്പം ഉറച്ചുനില്‌ക്കാനും പ്രമാണിത്തമല്ല സഹവാസത്തിന്റെ മാനദണ്ഡമാക്കേണ്ടതെന്നും അല്ലാഹു ഖുര്‍ആനിലൂടെ നിര്‍ദേശിച്ചു. (കഹ്‌ഫ് 28-ാം സൂക്തം).
സജ്ജന സഹവാസം എന്ന കാര്യം പരിഗണിക്കുമ്പോള്‍, സജ്ജനം എന്ന പരിഗണനയുടെ മാനദണ്ഡം എന്ത് എന്ന് വ്യക്തമായ ധാരണയുണ്ടായിരിക്കണം എന്നര്‍ഥം. ദൈവബോധനത്തിലൂന്നിയ ധര്‍മിഷ്‌ഠമായ ജീവിതം എന്നത്രെ ഖുര്‍ആന്‍ (അല്‍കഹ്‌ഫ് 28) സജ്ജനം എന്ന പദത്തിന് നല്‌കുന്ന നിര്‍വചനം.
നല്ലവര്‍ നല്ലവരോട് ചേരട്ടെ എന്നതും ഖുര്‍ആന്‍ വിശ്വാസികളോട് നല്‌കുന്ന ഒരു നിര്‍ദേശമാകുന്നു. ഖുര്‍ആന്‍ സൂറത്തുന്നൂറില്‍ ഇക്കാര്യം സൂചിപ്പിക്കുന്ന സൂക്തങ്ങളുണ്ട്. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ മനുഷ്യര്‍ കാലാകാലങ്ങളില്‍ അവലംബിച്ചു വരുന്ന ചില രീതിശാസ്‌ത്രം വിവരിച്ചശേഷം പ്രവാചകന്‍(സ) ഊന്നിപ്പറഞ്ഞത് ആദര്‍ശബോധത്തിലെ സാമ്യതയാണ് വിവാഹബന്ധങ്ങളില്‍ വിശ്വാസികള്‍ പരിഗണിക്കേണ്ടത് എന്നാണ്. കാരണം സമ്പത്തും സൗന്ദര്യവും തറവാടും ബന്ധങ്ങളുടെയും കൂട്ടുകെട്ടിന്റെയും മാനദണ്ഡങ്ങളായി പരിഗണിക്കുന്നത് അര്‍ഥശൂന്യമാണ് എന്ന സൂചനയാണ് പ്രവാചകന്‍(സ) പകര്‍ന്നു നല്‌കുന്നത്. ഗതകാലത്തും സമകാലത്തും പ്രവാചക വചനങ്ങളിലെ സൂചനകളെ അന്വര്‍ഥമാക്കുന്ന ധാരാളം ഉദാഹരണങ്ങളും നാം കാണുന്നുണ്ടല്ലോ!
നല്ല കൂട്ടുകെട്ടിലൂടെ നല്ല ജീവിത പരിസരം സൃഷ്‌ടിച്ചെടുക്കാന്‍ സാധിക്കുന്നതുപോലെ ചീത്ത കുട്ടൂകെട്ടിലൂടെ ചീത്ത ജീവിതസാഹചര്യങ്ങളിലേക്ക് വഴുതിവീഴുകയും ചെയ്യും. അതിനാല്‍ ബന്ധങ്ങള്‍ തുടങ്ങുമ്പോഴും പുതിയ സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുമ്പോഴും ഇത്തരം മതകീയ തത്വങ്ങള്‍ മതവിശ്വാസികള്‍ സഗൗരവം ഗൗനിക്കേണ്ടതുണ്ട്. വ്യക്തിയെ മനസ്സിലാക്കാനും അവനെ വിലയിരുത്താനും പറ്റിയ ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് അവന്റെ കൂട്ടുകെട്ട് ആരുമായിട്ടാണ് എന്നറിയുകയാണ്. ഇത് സംബന്ധിച്ച് അബൂഹുറയ്‌റ നിവേദനം ചെയ്യുകയും തിര്‍മിദി ഉദ്ധരിക്കുകയും ചെയ്‌ത ഒരു നബിവചന സാരാംശം ഇപ്രകാരമാണ്: ``ഒരു വ്യക്തി വിലയിരുത്തപ്പെടേണ്ടത് അവന്റെ കൂട്ടുകാരന്റെ ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്. അതിനാല്‍ ഓരോരുത്തരും താന്‍ ആരെയാണ് കൂട്ടുകാരനാക്കുന്നതെന്ന് സ്വയം പരിശോധിക്കട്ടെ.''
0 comments: