യു എന്‍ പ്രമേയങ്ങളില്‍ മുഖംകാട്ടുന്നത്‌ പാശ്ചാത്യ ആധുനികതയുടെ മൂല്യബോധം

  • Posted by Sanveer Ittoli
  • at 10:43 PM -
  • 0 comments
യു എന്‍ പ്രമേയങ്ങളില്‍ മുഖംകാട്ടുന്നത്‌ പാശ്ചാത്യ ആധുനികതയുടെ 
മൂല്യബോധം



മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍
സ്‌ത്രീകള്‍ക്കെതിരിലുള്ള അതിക്രമങ്ങള്‍ ചെറുക്കാന്‍ വേണ്ടി ഐക്യരാഷ്‌ട്ര സഭയുടെ വനിതാസഭ അംഗീകരിച്ച പ്രമേയം മുസ്‌ലിംലോകത്ത്‌ മുറുമുറുപ്പുകള്‍ ഉയര്‍ത്തിയിരിക്കുന്നു. റോമന്‍ കത്തോലിക്കാ വിശ്വാസികളും ഈ പ്രമേയത്തിനെതിരെ രംഗത്തുവരികയുണ്ടായി. മൂല്യാധിഷ്‌ഠിത കുടുംബബന്ധങ്ങളെ തകര്‍ക്കുന്നതും ഉദാരലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതുമാണ്‌ സ്‌ത്രീ സുരക്ഷാ നിയമങ്ങളുടെ മറവില്‍ യു എന്‍ അംഗീകരിച്ചിട്ടുള്ളതെന്ന്‌ വിലയിരുത്തപ്പെടുന്നു.
പ്രമേയത്തെ എതിര്‍ത്ത ഈജിപ്‌ത്‌, ഓരോ രാജ്യത്തിനും അതാതു രാജ്യം പിന്തുടരുന്ന നിയമങ്ങള്‍ക്കും സംസ്‌കാരത്തിനുമനുസരിച്ചുള്ള പ്രമാണം പിന്തുടരാമെന്ന ഭേദഗതി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ അത്‌ അംഗീകരിക്കപ്പെട്ടില്ല. സ്‌ത്രീകള്‍ക്കെതിരെയുള്ള എല്ലാ അതിക്രമങ്ങളെയും സംസ്‌കാരം, മതം, സാമൂഹ്യാവസ്ഥ, ആചാരങ്ങള്‍ തുടങ്ങിയ എല്ലാ പരിഗണനകളും മാറ്റിനിര്‍ത്തി എതിര്‍ക്കണമെന്ന്‌ യു എന്‍ പ്രഖ്യാപനം ആവശ്യപ്പെടുന്നു.
സ്‌ത്രീകള്‍ക്ക്‌ സമൂഹത്തില്‍ മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്നത്‌ ഒരു യാഥാര്‍ഥ്യമാണ്‌. മുഴുവന്‍ രാജ്യങ്ങളിലും പല രൂപത്തില്‍ സ്‌ത്രീകള്‍ക്കുനേരെ കയ്യേറ്റം നടക്കുന്നുണ്ട്‌. ന്യൂഡല്‍ഹിയില്‍ ഈയിടെ ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു കൊലചെയ്‌ത സംഭവം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത്തരം കയ്യേറ്റങ്ങള്‍ക്കു പുറമെ, സമൂഹത്തില്‍ സ്‌ത്രീകള്‍ക്ക്‌ അര്‍ഹമായ പങ്കും പ്രാധാന്യവും നല്‍കപ്പെടുന്നില്ലെന്നതും അനിഷേധ്യമാണ്‌. വികസിത രാജ്യങ്ങളില്‍ സ്‌ത്രീക്ക്‌ ഒരു ഉപഭോഗവസ്‌തുവിന്റെ സ്ഥാനമാണുള്ളതെങ്കില്‍ അവികസിത-ദരിദ്ര രാജ്യങ്ങളില്‍ വീട്ടിനുള്ളില്‍ ജീവിച്ച്‌ ഒടുങ്ങേണ്ട ജന്മമാണ്‌ സ്‌ത്രീ. സ്‌ത്രീയുടെ വ്യക്തിത്വവും അന്തസ്സും അവകാശങ്ങളും സ്വാതന്ത്ര്യവും എവിടെയും തിരസ്‌കരിക്കപ്പെടുന്നു. ഈ അവസ്ഥയ്‌ക്ക്‌ ശാശ്വത പരിഹാരം കാണാന്‍ ലോകവേദികളില്‍ ചര്‍ച്ച നടക്കേണ്ടതും രാജ്യാന്തര പ്രമേയങ്ങള്‍ രൂപപ്പെടുത്തേണ്ടതും അനിവാര്യം തന്നെ.
യു എന്‍ പ്രമേയത്തിന്റെ പ്രസക്തി അംഗീകരിക്കുമ്പോള്‍ പോലും, യു എന്‍ സ്‌ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളെ നിര്‍വചിക്കുന്നതിനുപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ വിമര്‍ശിക്കപ്പെടേണ്ടിയിരിക്കുന്നു. പലപ്പോഴും പാശ്ചാത്യ ആധുനികത തുറന്നുവിടുന്ന ഉദാരവാദമാണ്‌ സ്‌ത്രീ സ്വാതന്ത്ര്യത്തിന്റെയും സ്‌ത്രീകളുടെ അവകാശങ്ങളുടെയുമൊക്കെ മാനദണ്ഡമായി കല്‍പിക്കപ്പെടുന്നത്‌. ഭിന്ന മതങ്ങളെയും സംസ്‌കാരങ്ങളെയും വംശീയതകളെയുമൊക്കെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ രേഖയുടെ അന്തസ്സത്തയ്‌ക്കു നിരക്കുന്നതല്ല, ഈ മാനദണ്ഡം അടിച്ചേല്‌പിക്കുന്ന നയം. വിവിധ രാജ്യങ്ങള്‍ പിന്തുടരുന്ന മതങ്ങള്‍, മതാധിഷ്‌ഠിത നിയമങ്ങള്‍, സംസ്‌കാരങ്ങള്‍, ആചാര സവിശേഷതകള്‍ മുതലായവ ലോകത്തിന്റെ ബഹുസ്വരതയുടെ ഭാഗമാണ്‌. ഏത്‌ തരത്തിലുള്ള രാജ്യന്തര നയങ്ങള്‍ കൈക്കൊള്ളുമ്പോഴും ഈ ബഹുസ്വരതയെ തകര്‍ക്കാതെ സൂക്ഷിക്കാന്‍ യു എന്‍ പോലുള്ള വേദികള്‍ ശ്രദ്ധിക്കേണ്ടതാണ്‌.
വ്യക്തികള്‍ക്ക്‌ ലിംഗസ്വാതന്ത്ര്യവും അവകാശങ്ങളും വകവെച്ചുകൊടുക്കാനും അതിക്രമങ്ങളെ ചെറുക്കാനും രൂപപ്പെടുത്തുന്ന നിയമങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും ബഹുസ്വരതയിലൂന്നിയ ഒരു ഇലാസ്‌തികത ആവശ്യമാണ്‌. ശക്തമായ കുടുംബസംവിധാനം പരമ്പരാഗതമായി നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ അരാജകത്വവും സാമൂഹിക തകര്‍ച്ചയും ക്ഷണിച്ചുവരുത്തുന്ന നിയമങ്ങള്‍ സ്‌ത്രീസുരക്ഷയുടെ പഴുതില്‍ ഇറക്കുമതിചെയ്യാനാണ്‌ ഇപ്പോള്‍ പാസ്സാക്കപ്പെട്ട യു എന്‍ പ്രമേയം ഉപകരിക്കുകയെന്ന വിമര്‍ശനം അവഗണിക്കാവുന്നതല്ല.
ഉദാര ലൈംഗികസ്വാതന്ത്ര്യം നിലനില്‍ക്കുന്ന ലിബറല്‍ സമൂഹങ്ങളിലെ ലിംഗപരമായ കാഴ്‌ചപ്പാടുകളും അതിന്റെ സൃഷ്‌ടിയായ നയങ്ങളും നിയമങ്ങളുമാണ്‌ യു എന്‍ പ്രമേയത്തില്‍ പ്രതിഫലിക്കുന്നത്‌. പ്രായപൂര്‍ത്തിയായ സ്‌ത്രീപുരുഷന്മാര്‍ക്ക്‌ നിരുപാധികമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യം നല്‍കുക വഴി, സംശുദ്ധമായ ദാമ്പത്യ സംസ്‌കാരം ഇല്ലാതാകുകയാവും ഫലം. ഉഭയസമ്മത പ്രകാരം ഇഷ്‌ടംപോലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്‌ ലൈസന്‍സ്‌ നല്‍കുന്നവര്‍ തന്നെ, നിയമാനുസൃതമുള്ള ബഹുഭാര്യാത്വത്തെ എതിര്‍ക്കുന്നുവെന്നത്‌ വിരോധാഭാസമാണ്‌.
വിവാഹം, കുടുംബജീവിതം, പിന്തുടര്‍ച്ചാവകാശം, വിവാഹമോചനം തുടങ്ങിയ വ്യക്തിനിയമങ്ങളില്‍ വിവിധ സമൂഹങ്ങള്‍ സവിശേഷ രീതികള്‍ പിന്തുടരുന്നുണ്ട്‌. മുസ്‌ലിം സമൂഹങ്ങളില്‍ അതിന്‌ കണിശവും കര്‍ക്കശവുമായ വ്യവസ്ഥകളുണ്ട്‌. ഈ നിയമങ്ങള്‍ക്ക്‌ പോറലേല്‍പ്പിക്കാന്‍ മുസ്‌ലിംകള്‍ക്കു നിര്‍വാഹമില്ല. അതുകൊണ്ടുതന്നെ ഈ നിയമങ്ങള്‍ മുഖവിലക്കെടുക്കാതെ, ഇസ്‌ലാമിക നിയമങ്ങളെ സ്‌ത്രീവിരുദ്ധവും അതിക്രമവുമായി വ്യംഗ്യമായി ചിത്രീകരിക്കുന്ന നിലപാടുകള്‍ മുസ്‌ലിംലോകം തള്ളിക്കളയും. ഈജിപ്‌ത്‌ യു എന്നില്‍ നല്‍കിയ സന്ദേശവും മറ്റൊന്നല്ല.
ഐക്യരാഷ്‌ട്ര സഭയുടെയും അതിന്റെ ഉപഘടകങ്ങളുടെയും വിശ്വാസ്യതയ്‌ക്ക്‌ ഊനം തട്ടിക്കുന്നതാണ്‌ വനിതാ പ്രമേയമെന്ന്‌ നിരീക്ഷിക്കപ്പെടുന്നു. പാശ്ചാത്യ സമൂഹത്തിന്റെ സംസ്‌കാരവും കാഴ്‌ചപ്പാടുകളും പരിഷ്‌കൃതവും സമുന്നതവും അതാണ്‌ ലോകത്ത്‌ മേല്‍ക്കൈ നേടേണ്ടതെന്നും വിശ്വസിക്കുകയും ഇതര സംസ്‌കാരങ്ങളും കാഴ്‌ചപ്പാടുകളും അപരിഷ്‌കൃതവും മനുഷ്യത്വഹീനവുമാണെന്ന പുച്ഛം പുലര്‍ത്തുകയും അത്തരം സംസ്‌കാരം പുറന്തള്ളേണ്ടതാണെന്ന്‌ കരുതുകയും ചെയ്യുന്ന പാശ്ചാത്യ ധാര്‍ഷ്‌ട്യത ലോകവേദികള്‍ക്ക്‌ ചേര്‍ന്നതല്ല.
വിവിധ മതസമൂഹങ്ങളില്‍, ഇസ്‌ലാമിക സമൂഹങ്ങളില്‍ അടക്കം-സ്‌ത്രീ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ മനോഭാവം ശക്തമായി നിലനില്‍ക്കുന്നുവെന്നത്‌ മറന്നുകൊണ്ടല്ല ഇത്‌ പറയുന്നത്‌. തീര്‍ച്ചയായും പല മുസ്‌ലിംരാജ്യങ്ങളിലും പുരുഷ മേധാവിത്വം ഇന്നും വേരറ്റിട്ടില്ല. സ്‌ത്രീകള്‍ക്കെതിരെ ശാരീരികവും മാനസികവുമായ പീഡനങ്ങളും അവഗണനയും തുടര്‍ക്കഥയാണിവിടങ്ങളില്‍. എന്നാല്‍, ഈ മനുഷ്യത്വവിരുദ്ധമായ ലിംഗവിവേചനത്തിന്‌ മതമോ ഇസ്‌ലാമിക നിയമമോ അല്ല കാരണക്കാര്‍. മറിച്ച്‌, നിയമത്തിന്റെ ദുര്‍വ്യാഖ്യാനമോ, തെറ്റായ പ്രയോഗമോ ആണ്‌. പ്രാചീനമായ ദുരാചാരങ്ങളും ദുരഭിമാനങ്ങളും ഗോത്ര, വംശാധിഷ്‌ഠിത സാമൂഹിക ബന്ധങ്ങളുമൊക്കെ ഇതില്‍ പങ്കുവഹിക്കുന്നു. മനുഷ്യ നീതിയില്‍ അധിഷ്‌ഠിതമായ ഇസ്‌ലാമിക നിയമങ്ങളെ അതിന്റെ ഉള്ളടക്കം ചോര്‍ന്നുപോകാതെ നടപ്പാക്കുകയാണെങ്കില്‍ ലിംഗ വിവേചനത്തിന്റെ പ്രശ്‌നമുദിക്കുന്നില്ല. എന്നാല്‍ യു എന്നിന്റെ വനിതാ നയത്തില്‍, മതമാണ്‌ കുഴപ്പക്കാരന്‍ എന്ന ഒരു മുന്‍വിധി കലര്‍ന്നിട്ടുണ്ടെന്ന്‌ സംശയിക്കേണ്ടിവരുന്നു.
ജ്ഞാനോദയം ഉണര്‍ത്തിവിട്ട മാനവിക സങ്കല്‍പത്തില്‍ കെട്ടി ഉയര്‍ത്തപ്പെട്ടതാണ്‌ പാശ്ചാത്യ ആധുനികത. മധ്യനൂറ്റാണ്ടില്‍ നടമാടിയ കുരിശു യുദ്ധങ്ങളുടെയും ഇന്‍ക്വിസിഷന്റെയും ലോകമഹായുദ്ധങ്ങളുടെയുമൊക്കെ പശ്ചാത്തലവും സ്വാധീനവും പാശ്ചാത്യ ആധുനികതയുടെ മൂല്യങ്ങളില്‍ വായിച്ചെടുക്കാന്‍ കഴിയും. ജ്ഞാനോദയാനന്തര മാനവികത, ആഗോള തലത്തില്‍ മനുഷ്യ വിമോചനവും സ്വാതന്ത്ര്യവും അവകാശബോധവും വളര്‍ത്തിയെടുക്കുന്നതില്‍ അനല്‍പ്പമായ പങ്കുവഹിച്ചിട്ടുണ്ട്‌. അതേസമയം, പാശ്ചാത്യ ആധുനികതയുടെ ആധാരം കേവലം മനുഷ്യന്‍ എന്ന ഒറ്റ പ്രമേയത്തില്‍ വട്ടം കറങ്ങുന്നതാണെന്ന പരിമിതി കൂടിയുണ്ട്‌. മനുഷ്യനാണ്‌ ലോകത്തിന്റെ അധിപന്‍, മനുഷ്യനാണ്‌ എല്ലാ നേട്ടങ്ങളുടെയും ജാതന്‍, മനുഷ്യനാണ്‌ സകല മൂല്യങ്ങളുടെയും പരമസ്രോതസ്സ്‌ എന്ന അടിസ്ഥാനത്തിലൂന്നിയാണ്‌ മനുഷ്യാവകാശത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച വിളംബരങ്ങളും പ്രമേയങ്ങളും പാശ്ചാത്യ ആധുനികത നിര്‍മിച്ചെടുത്തത്‌.
പ്രപഞ്ചാതീതമായ ഒരു മൂല്യസ്രോതസ്സോ, മനുഷ്യ ബാഹ്യവും യുക്തിക്ക്‌ അപ്രാപ്യവുമായ ജ്ഞാന-നിയമ നിര്‍ധാരണ സാധ്യതയോ പാശ്ചാത്യ ആധുനിക വ്യവഹാരങ്ങളില്‍ പരിഗണനീയമേ അല്ല. അതിനാല്‍ തന്നെ, മതങ്ങളുടെയും വേദങ്ങളുടെയും അടിസ്ഥാനത്തിലുള്ള നിയമങ്ങളും ദൈവപ്രോക്തമായ മൂല്യബോധം എന്ന സങ്കല്‍പവുമെല്ലാം പാശ്ചാത്യ ആധുനികവാദികള്‍ പുച്ഛത്തോടെ തള്ളിക്കളയുന്നു.
ഐക്യരാഷ്‌ട്ര സഭയുടെ അംഗരാഷ്‌ട്രങ്ങളില്‍ ധാരാളം മുസ്‌ലിം രാജ്യങ്ങളുണ്ട്‌. ക്രൈസ്‌തവ, ബുദ്ധ മതങ്ങള്‍ ഔദ്യോഗിക മതമായി അംഗീകരിച്ച രാജ്യങ്ങളുണ്ട്‌. പാശ്ചാത്യമെന്ന പോലെ പൗരസ്‌ത്യ സംസ്‌കാരങ്ങള്‍ പുല്‍കുന്ന ജനവിഭാഗങ്ങളുമുണ്ട്‌. പക്ഷെ, യു എന്‍ നയസമീപനങ്ങളില്‍ മിക്കപ്പോഴും പാശ്ചാത്യമൂല്യങ്ങള്‍ക്കു മാത്രമാണ്‌ മേല്‍ക്കൈയും നിയന്ത്രണസ്ഥാനവുമെന്ന വസ്‌തുത തിരിച്ചറിയപ്പെടണം. ഒരു വശത്ത്‌ ബഹുസ്വരതയ്‌ക്കു വേണ്ടിയും വൈവിധ്യവത്‌കരണത്തിനും വേണ്ടി വാചകമടിക്കുമ്പോഴും മറുവശത്ത്‌ കടുത്ത ഏകാധിപത്യവും പക്ഷപാതവും തുടരുകയാണ്‌ ലോകവേദികള്‍ പോലും. ആഗോളവത്‌കരണവും അതിന്റെ ഉല്‍പന്നമായ നവലിബറല്‍ സംസ്‌കാരവും പാശ്ചാത്യ ആധുനികതയെ മറയില്ലാതെ തന്നെ മഹത്വവത്‌കരിക്കുകയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.
2009-ല്‍ ജി-8 രാഷ്‌ട്രങ്ങളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ ചെയ്‌ത പ്രസംഗത്തില്‍, മാറിയ ആഗോള സാഹചര്യത്തില്‍ അന്താരാഷ്‌ട്ര സംഘടനകളും അവയുടെ പ്രവര്‍ത്തനരീതികളും കാലഹരണപ്പെട്ടുവെന്നും ആഗോള വേദികള്‍ ഉടച്ചുവാര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ ഘടന അതിന്റെ വിശ്വാസ്യതക്കു തന്നെ വെല്ലുവിളി ഉയര്‍ത്തുന്നു എന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട്‌ തട്ടുകളിലായുള്ള അംഗത്വവും അഞ്ച്‌ സ്ഥിരം അംഗങ്ങള്‍ക്ക്‌ വീറ്റോ അധികാരം നല്‍കുന്ന സമ്പ്രദായവും യു എന്നിനെ ഏതാനും ലോകശക്തികളുടെ കളിപ്പാട്ടമാക്കി മാറ്റിയെന്ന വസ്‌തുത അദ്ദേഹം അന്ന്‌ മറയില്ലാതെ പറഞ്ഞു. ഒരു പക്ഷെ, മന്‍മോഹന്‍സിംഗിന്റെ ജീവിതത്തില്‍ നടത്തിയ നിലവാരമുള്ള ഏക പ്രസംഗമായിരുന്നു അത്‌!
2011 സപ്‌തംബറില്‍ നടന്ന യു എന്‍ ജനറല്‍ അസംബ്ലി, അതിന്റെ പാശ്ചാത്യ വിധേയത്വം തുറന്നു പ്രഖ്യാപിച്ചു. യു എന്നില്‍ നിരീക്ഷക പദവി മാത്രമുള്ള ഫലസ്‌തീന്‌ അംഗത്വം നല്‍കാനുള്ള മഹ്‌മൂദ്‌ അബ്ബാസിന്റെ അഭ്യര്‍ഥന നിഷ്‌കരുണം തള്ളിയതില്‍ നാം അതാണ്‌ കണ്ടത്‌. (പിന്നീട്‌ ഫലസ്‌തീന്‌ യു എന്നില്‍ നിരീക്ഷക പദവി നല്‍കപ്പെട്ടു). യു എന്നില്‍ കയറി ഇരിക്കാന്‍ ഇസ്‌റാഈലിന്‌ കസേരയിട്ടുകൊടുത്ത അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും തന്നെയാണ്‌ ഫലസ്‌തീനെ അകറ്റി നിര്‍ത്താന്‍ ചരടുവലിച്ചത്‌.
യു എന്‍ ജനറല്‍ അസംബ്ലിയില്‍ മാത്രമല്ല, രക്ഷാകൗണ്‍സിലിലും മറ്റെല്ലാ സമിതികളിലും ഈ പാശ്ചാത്യദാസ്യം കാണാം. സ്‌ത്രീകളുടെയും കുട്ടികളുടെയും അവകാശത്തെക്കുറിച്ച്‌ നെടുങ്കന്‍ പ്രസ്‌താവനകളിറക്കുന്ന യു എന്‍ പക്ഷേ, ഇറാഖിലെ കൊടുംയാതന തിന്നുന്ന കുട്ടികള്‍ക്കും ഫലസ്‌തീനിലെ അമ്മമാര്‍ക്കും നേരെ കണ്ണടയ്‌ക്കുന്നു! ലോകനീതി വ്യവസ്ഥയെക്കുറിച്ച്‌ എഴുതി സൂക്ഷിച്ച പ്രമേയങ്ങളൊന്നും അമേരിക്ക അഫ്‌ഗാനിയും ഇറാഖിലും യുദ്ധം നടത്തിയ കാലത്ത്‌ ആരും തുറന്നുനോക്കിയില്ല!
ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരായി ലോകസമ്മേളനങ്ങളില്‍ യു എന്‍ പ്രതിനിധികള്‍ ചെയ്യാറുള്ള പ്രസംഗങ്ങള്‍ വെറും പൊയ്‌വാക്കുകളാണെന്ന്‌ തെളിയിച്ച നൂറുകണക്കിന്‌ സംഭവങ്ങള്‍ സമീപകാലത്ത്‌ ചൂണ്ടിക്കാണിക്കാനുണ്ട്‌. അഫ്‌ഗാന്‍, ഇറാഖ്‌ യുദ്ധങ്ങള്‍ക്ക്‌ യു എന്‍ പച്ചക്കൊടി കാട്ടിയത്‌, ഈ യുദ്ധം ജനാധിപത്യവും പരിഷ്‌കരണവും മൊത്തമായി കൊണ്ടുവരാനാണെന്ന അമേരിക്കയുടെ അവകാശവാദം അംഗീകരിച്ചാണെന്നതുതന്നെ വലിയ തമാശ! അള്‍ജീരിയ മുതല്‍ ഫലസ്‌തീന്‍ വരെ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട കക്ഷികളെ, അവര്‍ തങ്ങളുടെ റാന്‍മൂളികളല്ലെന്ന ഒറ്റക്കാരണം കൊണ്ട്‌ താഴെയിറക്കാന്‍ പിന്തുണച്ചതും സദ്ദാം ഹുസൈന്‍ മുതല്‍ ഹുസ്‌നി മുബാറക്‌ വരെയുള്ള ഏകാധിപതികളെ തരംപോലെ ചവച്ചു തുപ്പിയതും ലോകം മറക്കുമോ?
ആവിഷ്‌കാര സ്വാതന്ത്ര്യം സംബന്ധിച്ച യു എന്‍ നിലപാടുകളിലും പാശ്ചാത്യ മുന്‍വിധികള്‍ തെളിഞ്ഞുകാണാം. പല പാശ്ചാത്യ രാജ്യങ്ങളിലും പ്രവാചകനെ നന്ദിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുകയും ഇസ്‌ലാമിനെ അപഹസിക്കുന്ന സിനിമകള്‍ക്കും നോവലുകള്‍ക്കും പ്രകാശനാനുമതി നല്‍കുകയും ചെയ്‌തത്‌ അടുത്തിടെ വിവാദമായതാണ്‌. എന്നാല്‍, അത്‌ ആവിഷ്‌കാര സ്വാതന്ത്ര്യമായാണ്‌ പാശ്ചാത്യ സമൂഹം വിശദീകരിച്ചത്‌. ലോകത്തെ ഒരു ജനവിഭാഗം തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവനും ആദരണീയനുമായി കാണുന്ന മഹാമനീഷിയെ ഇടിച്ചു താഴ്‌ത്തുന്നത്‌ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ പെടുത്തുന്നതില്‍ അനൗചിത്യമുണ്ട്‌.
ഇനി ഉദാരസ്വാതന്ത്ര്യത്തിന്റെ വകയില്‍ അതിനെ ന്യായീകരിച്ചാല്‍, അത്തരം ആവിഷ്‌കരണങ്ങളെ എതിര്‍ക്കാന്‍ മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യം കിട്ടണം. എന്നാല്‍, തെറ്റായ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിമര്‍ശിക്കുന്നവര്‍ക്ക്‌ അതേ അവകാശം വകവെച്ചുകൊടുക്കാതെ അവരെ മതഭ്രാന്തന്മാരും ഭീകരവാദികളുമായി ചിത്രീകരിക്കുകയാണ്‌ പാശ്ചാത്യരീതി. തങ്ങളുടെ ബുദ്ധികൊണ്ടും യുക്തികൊണ്ടും ലോകത്തെയും ജീവിതത്തെയും വിലയിരുത്തുന്നതു മാത്രമേ പുരോഗമനമാകൂ എന്ന ധാരണയാണ്‌ ഇവിടെയൊക്കെ അന്തര്‍ഹിതം. ഈ ധാരണ യു എന്‍ അടക്കമുള്ള ലോകവേദികളുടെയും തലയില്‍ കയറ്റിവെക്കുന്ന പ്രവണത അവസാനിച്ചേ തീരൂ. 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: